Aksharathalukal

COUNTDOWN - Part 12

അദ്ധ്യായം 12


       ഉമയ്ക്ക് പരിചിതമല്ലാത്ത ഗ്രാമപ്രദേശത്തെ പഴയൊരു കെട്ടിടത്തിന് മുന്നിലായിരുന്നു  ആ കാർ നിന്നത്. ഷൺമുഖൻറെ അനുചരന്മാർ കാറിൽ നിന്നും ഉമയെ വലിച്ചിറക്കി കെട്ടിടത്തിനുള്ളിലേക്ക് കൊണ്ടു പോയി. തീർത്തും വിജനമായ ഒരു സ്ഥലമാണെന്നും പരിസരത്തെങ്ങും ആൾക്കാർ താമസമുണ്ടാകാൻ സാദ്ധ്യതയില്ലെന്നും ഉമയ്ക്ക് മനസിലായി. അകത്ത് ഒരു ജനാലയോട് ചേർത്ത് നിർത്തി ഉമയുടെ കൈകൾ അവർ പിന്നിലാക്കി ജനാലക്കമ്പിയിൽ ബന്ധിച്ചു. കുതറിമാറാനുള്ള ഉമയുടെ ശ്രമങ്ങളൊന്നും വിജയിച്ചില്ല.

 

കൂട്ടത്തിലൊരുത്തൻ ഫോണിൽ ഒരു നമ്പർ ഡയൽ ചെയ്തു ആരോടോ സംസാരിച്ചു. സംസാരം പുരോഗമിക്കുന്തോറും അയാളുടെ മുഖത്ത് വല്ലാത്തൊരു സന്തോഷം നിറഞ്ഞു വന്നു. വേഗത്തിൽ ഫോൺ കട്ട് ചെയ്ത അയാൾ കൊതിയോടെ ഉമയെ നോക്കി.

 

“ടാ അണ്ണൻ പതിയേ വരുകയുള്ളു. അത് വരെ നമ്മുക്കെന്താ വേണ്ടതെന്ന് വച്ചാൽ ആയിക്കോളാൻ പറഞ്ഞു. എന്ത് വേണമെങ്കിലും (അത് പറഞ്ഞിട്ട് അയാൾ ഉമയെ അടിമുടി കണ്ണുകൊണ്ടുഴിഞ്ഞ് ഒരു വൃത്തികെട്ട നോട്ടം നോക്കി)  ജീവൻ മാത്രം ബാക്കി വച്ചിരുന്നാൽ മതിയെന്ന്.”

 

 അയാൾ ആർത്ത് ചിരിച്ചപ്പോൾ മറ്റ് മൂന്ന് പേരും അതിനൊപ്പം ചേർന്നു. അവരുടെ കണ്ണുകൾ ഉമയെ കൊത്തിപ്പറിച്ചു. അവർ ഉമയ്ക്കരികിലേക്ക് ചെന്നു.

 

“മാഡം ഉമാ കല്ല്യാണി ഐ.പി.എസ്...... ത്ഫൂ.....”

 

ഒരുത്തൻ അവളുടെ നേർക്ക് കാർക്കിച്ച് തുപ്പി.

 

“ കാലന് കൊടുക്കും മുൻപുള്ള അവസാന നാഴികയിൽ നീ ഞങ്ങളുടെ അടിമയാണ്.... അനുസരിക്കാൻ മാത്രം അനുമതിയുള്ള അടിമ... ഉമ കല്ല്യാണി ഐ.പി.എസ് ൻറെ പോരാട്ടം ഇവിടെ ഈ നാല് ചുവരുകൾക്കുള്ളിൽ അവസാനിക്കാൻ പോകുന്നു. ദേ ആ ഇരിക്കുന്ന കന്നാസ് നിറയേ നിന്നെ കുളിപ്പിക്കാനുള്ള പെട്രോളാണ്. എന്ന് കരുതി ഈ മനം മയക്കുന്ന സൗന്ദര്യത്തെ അങ്ങനെയങ്ങ് കത്തിച്ച് കളയാൻ പറ്റുമോ? അതുകൊണ്ട് ഷൺമുഖൻ ഞങ്ങൾക്ക് അവസരം തന്നിരിക്കുവാ..... ഈ സൗന്ദര്യം ആവോളം നുകരാൻ.... ഹഹഹ ഹഹഹ..... എന്ത് വേണമെങ്കിലും .... ചെയ്തോളാൻ.....”

 

അവർ വീണ്ടും വഷളൻ ചിരി ചിരിച്ചു. അവരുടെ കണ്ണുകളിൽ കാമം കത്തുകയായിരുന്നു.

 

***************

 

സന്ധ്യാസമയം

 

 ബാറിൽ നിന്നും മദ്യപിച്ച് പുറത്തേക്കിറങ്ങിയ ഷൺമുഖൻറെ രണ്ട് അനുചരന്മാർ തങ്ങളുടെ വണ്ടിയിൽ വന്ന് കയറി. ഉമയുടെ വണ്ടി തടഞ്ഞ് ആറുപേരുടെ കൂട്ടത്തിലെ രണ്ട് പേരായിരുന്നു അവർ. വണ്ടി സ്റ്റാർട്ട് ചെയ്ത് കഴിഞ്ഞപ്പോൾ ഇരുവരുടെയും കഴുത്തിൽ പിന്നിൽ ലോഹത്തിൻറെ തണുപ്പ് പടർന്നു. വെട്ടിത്തിരിഞ്ഞ് നോക്കിയ അവർ കണ്ടത് മുഖം മൂടി ധരിച്ച രണ്ട് പേരെയായിരുന്നു. തൻറെ മൂക്കിന് നേരേ മിന്നൽ വേഗത്തിൽ അതിലൊരാളുടെ കൈ നീണ്ട് വന്നതും ഭൂമി കുലുങ്ങുംപോലെ തോന്നി, ഷൺമുഖൻറെ അനുചരന്മാലിലൊരുവൻ രണ്ട് കൈകൊണ്ടും മുഖം പോത്തി. കൈയ്യിലൂടെ തൻറെ മടിയിലേക്ക് ചോരയൊഴുകിപ്പരന്നത് അവൻ തിരിച്ചറിയും മുൻപ് ബോധം മറഞ്ഞ് പോയിരുന്നു. ഇത് കണ്ട് ഡ്രൈവിംഗ് സീറ്റിലിരുന്നവൻ ഭയന്ന് വിറച്ചു.

 

“എന്താടാ നിൻറെ പേര് ?”

 

മുഖംമൂടി ധാരിയുടെ ശബ്ദം തൻറെ കാതുകൾക്കുള്ളിൽ മുഴങ്ങുന്ന പോലെയാണ് അയാൾക്ക് തോന്നിയത്.

 

“വേൽ...... രത്നവേൽ”

 

വളരെ പതിയെ ആണ് അയാൾ പേര് പറഞ്ഞത്.

 

“ഞങ്ങൾക്ക് കാണേണ്ടത് ഉമ കല്ല്യാണി ഐ.പി.എസ് നെയാണ്. എത്രയും വേഗം ഞങ്ങളെ  അവിടെ എത്തിച്ചാൽ നിനക്ക് ജീവൻ തിരിച്ച് കിട്ടും ..... ജീവൻ മാത്രം”

 

മുഖം മൂടിക്കുള്ളിൽ നിന്നും വന്ന ആ ശബ്ദം അയാളെ ഭയപ്പെടുത്തി. അയാളുടെ കാലുകൾ ആക്സിലേറ്ററിനെ ചവിട്ടിമെതിക്കുകയായിരുന്നു. മുന്നിൽ പോയ വാഹനങ്ങളെ വെട്ടിയൊഴിഞ്ഞ്, ആ തിരക്കേറിയ റോഡിലൂടെ മെയ് വഴക്കമുള്ള ഒരു അഭ്യാസിയെപ്പോലെ ആ കാർ കുതിച്ച് പാഞ്ഞു.

 

     പെടിപറത്തി പാഞ്ഞ ആ കാർ പകൽ ഉമയെ കൊണ്ടു വന്ന് ബന്ദിയാക്കിയിട്ട കെട്ടിടത്തിന് മുന്നിൽ വല്ലാത്തൊരു മുരൾച്ചയോടെ വന്ന് നിന്നു.

 

     ഡ്രൈവർ ആ കെട്ടിടത്തിന് നേർക്ക് വിരൽ ചുണ്ടി. മുഖം മൂടി ധരിച്ചിരുന്ന രണ്ട് പേരും പുറത്തിറങ്ങി. ഡ്രൈവറെ വലിച്ച് പുറത്തിറക്കി അയാളെ മുന്നിലേക്ക് തള്ളി വിട്ടു. അയാൾക്ക് പിന്നാലെ അവരും ഉള്ളിലേക്ക് നടന്നു. എന്ത് വന്നാലും നേരിടാൻ തയ്യാറായി തോക്ക് എയിം ചെയ്തായിരുന്നു അവർ മുന്നോട്ട് പോയത്. പക്ഷേ ആ കെട്ടിടത്തിന് ഉള്ളിൽ കയറിയപ്പോൾ കണ്ട കാഴ്ച അക്ഷരാർത്ഥത്തിൽ അവരെ നടുക്കിക്കളഞ്ഞു.

 

മുറിയിൽ ചോര തളം കെട്ടി നിൽക്കുന്നു. ഷൺമുഖൻറെ ബലിഷ്ഠകായരായ നാല് അനുചരന്മാർ തറയിൽ കിടക്കുന്നു. അവരുടെയെല്ലാം ശരീരത്തിൻറെ പലഭാഗത്തായുള്ള മുറിവുകളിലൂടെ ചോരയൊഴുകിപ്പരന്നിരിക്കുന്നു. ആ കാഴ്ച മൂവർക്കും നടുക്കം സമ്മാനിച്ചു. നാല് പേരും മരിച്ചു കിടക്കുകയാണെന്ന് കരുതിയെങ്കിലും ഒരാൾക്ക് ചെറിയ അനക്കമുണ്ടെന്ന് കണ്ട് രത്നവേൽ അയാൾക്കരികിലേക്ക് ചെന്നു, പിന്നാലെ മുഖംമൂടി ധരിച്ചവരും.

 

       അയാൾ വെള്ളത്തിനായി കേഴുകയായിരുന്നു. രത്നവേൽ ചുറ്റും പരതി, അവിടെ ഒരു മേശപ്പുറത്തിരുന്ന മിനറൽ വാട്ടർ കുപ്പി അയാളുടെ കണ്ണിൽപെട്ടു. അയാൾ വേഗം ചെന്ന് അതെടുത്ത് അടപ്പ് തുറന്നു. എന്നിട്ട തറയിലിരുന്ന വീണു കിടന്നവൻറെ തല താങ്ങി മടിയിൽ വച്ചു. പതിയെ കുറച്ച് വെള്ളം അയാളുടെ വായിലേക്ക് ഒഴിച്ചുകൊടുത്തു. വെള്ളം ഉള്ളിലേക്ക് ചെന്നതോടെ അയാൾ വല്ലാത്തൊരു എക്കിൾ ശബ്ദം ഉണ്ടാക്കി.

 

“എന്താ ഇവിടെ സംഭവിച്ചേ ? ആരാ നിങ്ങളെയിങ്ങനെ ?”

 

രത്നവേലിൻറെ കണ്ണുകളിൽ സങ്കടം നിറഞ്ഞിരുന്നു, കൂട്ടാഴികളുടെ മരണം അയാൾക്ക് ഉൾക്കൊള്ളാനാവുമായിരുന്നില്ല. വീണുകിടന്നവൻ ആ സംഭവങ്ങൾ ഒരിക്കൽ കൂടി ഓർത്തതാവാം, അവൻറെ കണ്ണുകളിൽ ഭയം ഇരച്ച് കയറി. ശ്വാസമെടുക്കാനായി വീർപ്പുമുട്ടി. കണ്ണുകൾ പുറത്തേക്ക് തുറിച്ച് വന്നു.

 

“എന്താടാ.... ആരാ ഇതു ചെയ്തതെന്ന് പറ”

 

 രത്നവേൽ ആക്രോശിച്ചു. തൻറെയൊപ്പം വന്നവരെക്കുറിച്ച രത്നവേൽ യഥാർത്ഥത്തിൽ മറന്നുപോയിരുന്നു. അവരിരുവരും ഇതെല്ലാം വീക്ഷിച്ചുകൊണ്ട് അരികിൽ തന്നെ നിൽക്കുകയായിരുന്നു.

 

അയാൾ വിക്കി വിക്കി പറഞ്ഞു. അവിടെ നടന്ന് സംഭവങ്ങളെല്ലാം....... അയാളുടെ വാക്കുകളിലൂടെ രത്നവേലും ആ മുഖംമൂടി ധാരികളും ആ സംഭവങ്ങൾ കൺമുന്നിലെന്ന പോലെ കണ്ടു.

 

***************

 

കാമാർത്തരായി ഉമയ്ക്കരികിലേക്ക് ചെന്ന നാൽവരും അവൾക്കരികിലായി നിലയുറപ്പിച്ചു. അവർ ശരിക്കും കണ്ണുകൾ കൊണ്ട് ഉമയെ ബലാൽസംഗം ചെയ്യുകയായിരുന്നു. അതിലൊരുത്തൻറെ കൈകൾ തൻറെ നെഞ്ചിന് നേരേ നീണ്ടു വന്നപ്പോൾ ഉമ കാലുയർത്തി അവൻറെ അടിവയറ്റിൽ ചവിട്ടി. ബൂട്ടിട്ട കാലുകൊണ്ടുള്ള അവളുടെ ചവിട്ടേറ്റ അയാൾ തറയിലേക്ക് തെറിച്ച് വീണു. അടിവയറ്റിൽ തപ്പിപ്പിടിച്ച് അയാൾ ശ്വാസം കിട്ടാതെ വിമ്മിഷ്ടപ്പെട്ടു. അത് കണ്ട രണ്ടാമൻ തൻറെ കൈ നിവർത്തി ഉമയുടെ ഇരു കരണത്തും മാറി മാറി അടിച്ചു. കുറച്ച് നേരത്തേക്ക് കാതുകളിൽ ഒരു മൂളൽ മാത്രമേ അവൾ കേട്ടുള്ളു. കണ്ണുകളിൽ ഇരുട്ട് കയറുന്ന പോലെ തോന്നിയ അവൾ പലതവണ കണ്ണുകളിറുക്കിയടച്ചു തുറന്നു, തൻറെ ബോധം നഷ്ടപ്പെട്ട് പോകുമെന്ന് അവൾ ഭയന്നു. ഒരുത്തൻ ഉമയുടെ കഴുത്തിന് കുത്തിപ്പിടിച്ചു. ശ്വാസം കിട്ടാതെ അവൾ പിടഞ്ഞു.

 

“കൊന്ന് കളയല്ലേടാ..... അവളുടെ ജീവനെടുക്കാൻ അധികാരം ഷൺമുഖന് മാത്രമാ.... “

 

ഒരുത്തൻ അതും പറഞ്ഞ് അവിടെയിരുന്ന പാത്രത്തിലെ വെള്ളമെടുത്ത് അവളുടെ മുഖത്തേക്കൊഴിച്ചു. ഉമയ്ക്ക് സ്ഥലകാലബോധം തിരിച്ച് കിട്ടി. അവളുടെ മുന്നിൽ അപ്പോഴും തൊഴികൊണ്ട് വീണവൻ വയറിൽ അമർത്തിപ്പിടിച്ചിരിക്കുന്നുണ്ടായിരുന്നു. മറ്റൊരുത്തൻ അവനെ താങ്ങിപ്പിടിച്ച് ഒരു കസേരയിലിരുത്തി. മൂവരും കൂടി അവളെ കടിച്ച് കീറിത്തിന്നാനുള്ള ദേഷ്യത്തിൽ നിൽക്കുകയായിരുന്നു.

 

          ഒരുത്തൻ വന്ന് അവളുടെ മുടിക്ക് കുത്തിപ്പിടിച്ചു. ഉമയ്ക്ക് നന്നായി വേദനിച്ചു. ആ വേദന അവൻ ആസ്വദിക്കുകയായിരുന്നു.

 

“എടി എത്ര നക്ഷത്രം തോളത്തുണ്ടേലും നീ വെറും പെണ്ണാണ്, ആണിൻറെ കൈയ്യിലിങ്ങനെ കിടന്ന് പിടയ്ക്കാൻ മാത്രം വിധിക്കപ്പെട്ട പെണ്ണ്. ആ പിടച്ചിലൊക്കെ ഇന്നവസാനിക്കുവാ. ശിവലാൽ ഷെട്ടിയെ കൊന്ന നിനക്ക് ഏറ്റവും ഭീകരമായ മരണമായിരിക്കും ഷൺമുഖൻ വിധിക്കുക. ഇതൊക്കെ വെറും ട്രയൽ മാത്രമാണ്. നീ ഇനി കരയും ഉറക്കെയുറക്കെക്കരയും....”

 

ഒരുത്തൻ അത് പറഞ്ഞ് തീർക്കും മുൻപ് ഉമയുടെ ശബ്ദം അവിടെ മുഴങ്ങി.

 

“പ് ഫ ചെറ്റേ..... നീയൊക്കയാണോ ആണ്...... നീ പറഞ്ഞല്ലോ വെറും പെണ്ണെന്ന്... വെറും പെണ്ണ്. അതേടാ പെണ്ണ് തന്നെയാ..... എന്താ അത് വല്ല മോശം കാര്യവുമാണോ....... കുറേ മസാല സിനിമകളും കണ്ട് അതിലെ നായകന്മാർ പറയുന്ന ഡയലോഗും ഏറ്റ് പിടിച്ച് ഇറങ്ങിയേക്കുവാണോ.... പെണ്ണിൻറെ കഴിവുകേടുകൾ ബോദ്ധ്യപ്പെടുത്താൻ.... കഷ്ടം. നാല് തടിമാടന്മാർ.............. വലിയ വായിൽ ഗീർവാണത്തിന് കുറവുമില്ല... പക്ഷേ ഈ വെറും പെണ്ണിൻറെ കൈകൾ ബന്ധിക്കാതെ മുന്നിൽ നിന്ന് സംസാരിക്കാൻ ഭയമാണ്..... ആണുങ്ങളാണത്രേ.... പോടാ.....”

 

ഉമയുടെ സംസാരത്തിനുമുന്നിൽ അവരൊന്ന് പതറി. പക്ഷേ വേഗം സമചിത്തത വീണ്ടെടുത്ത ഒരുവൻ അവളുടെ കരണത്ത് അടിച്ചു. കൈകൾ കൊണ്ട് അവളുടെ കവിളുകൾ അമർത്തിപ്പിടിച്ചു.

 

“ ടീ.... പന്ന മോളെ..... അധികം നെഗളിക്കേണ്ട. രക്ഷപ്പെടാനുള്ള സൂത്രപ്പണിയിറക്കുവാണല്ലേ..... ടീ മോളേ നിന്നോട് നീതി പുലർത്തേണ്ട ആവശ്യം ഞങ്ങൾക്കില്ല. കൊല്ലും വരെ വേദനിപ്പിക്കാനാ ഞങ്ങൾക്ക് കിട്ടിയ കൽപന. നീ വേദനിക്കുമ്പോ ഞങ്ങൾക്ക് സുഖം കിട്ടണം. അത് കെട്ടിയിട്ടായാലും അല്ലാതായാലും.”

 

“അതേടാ സുഖിക്കണം.... പക്ഷേ ചങ്കൂറ്റമില്ല... എൻറെ കൈകൾ സ്വതന്ത്രമാക്കിയാൽ നിങ്ങൾ നാല് അതികായന്മാരെയും തോൽപ്പിച്ച് ഞാൻ രക്ഷപെടുമെന്ന് നിങ്ങൾ ഭയക്കുന്നു. അതല്ലേ നീ പറഞ്ഞത് ഇത് രക്ഷപെടാനുള്ള എൻറെ സൂത്രപ്പണിയാണെന്ന്... അതേടാ എനിക്ക് ഉറപ്പുണ്ട് എൻറെ ഈ കൈകൾ സ്വതന്ത്രമായാൽ നിന്നെയൊക്കെ അടിച്ച് തറയിലിട്ട് ഇവിടെ നിന്ന് രക്ഷപെട്ട് പോകാമെന്ന്. കാരണം ഞാൻ പെണ്ണാണ്. ഝാൻസി റാണിയെപ്പോലെ ഫൂലൻ ദേവിയെപ്പോലെ ഒത്തിരിപ്പേരെ ഭയത്തിൻറെ മുൾമുനയിൽ നിർത്തിയ പെൺവർഗ്ഗത്തിലെ പിൻമുറക്കാരി......”

 

ഉമയുടെ സംസാരം കേട്ട് അവന്മാർക്ക് കലി കയറി.

 

“ടീ നീ അധികം സംസാരിക്കേണ്ട. ഇത് അവസാനിക്കും മുമ്പുള്ള വെറും ആളിക്കത്തലാ...”

 

“അതേ ഇത് ആളിക്കത്തൽ തന്നെയാണ്.... പക്ഷേ നിന്നെയൊക്കെ ആ തീയിൽ വെണ്ണിറാക്കാൻ പറ്റുമെന്ന ഉത്തമവിശ്വാസമെനിക്കുണ്ട്. പക്ഷേ നീയൊക്കെ ആണെന്ന മേലങ്കിയിൽ ഊതിപ്പെരുപ്പിച്ച മസിലിൻറെ മറവിൽ മനസിലെ ഭയം ഒളിപ്പിച്ച് വച്ച വെറും ദുർബലന്മാരാണ്... ആണെന്നാൽ അതിൻറെയർത്ഥം കരുത്തും ധൈര്യവുമാണെന്ന മിഥ്യാധാരണയിൽ ജീവിക്കുന്നവർ..... ഞാൻ നിങ്ങളെ വെല്ലുവിളിക്കുകയാണ്...... ധൈര്യമുണ്ടോ എൻറെ കൈകളെ സ്വതന്ത്രമാക്കാൻ...... ആണെന്ന് വീമ്പ് പറയുന്ന നിൻറെയൊക്കെ ആണത്തം ഞാനൊന്ന് കാണട്ടെ, കൈകളിൽ ബന്ധനമില്ലാതെ”

 

“അഴിച്ച് വിടെടാ.... ഈ പുന്നാരമോളെ”

 

കസേരയിലിരുന്നവൻ അത് പറയുമ്പോൾ അയാളുടെ പല്ലുകൾ കുട്ടിയുരുമ്മുന്ന ശബ്ദം അവിടെ മുഴങ്ങി. ഒരുത്തൻ വന്ന് ഉമയെ ബന്ധിച്ചിരുന്ന കയർ ജനലിൽ നിന്നും അഴിച്ച് അവളെ സ്വതന്ത്രയാക്കി. അപ്പോഴേക്കും കസേരയിലിരുന്നവനും എണീറ്റുവന്നു. അവർ നാലുപേരും ഉമയ്ക്ക് ചുറ്റുമായി നിന്നു. ഉമ കൈയ്യിൽ കയറുരഞ്ഞ പാടിൽ പതിയെ തലോടി. അവളുടെ ചുണ്ടിൻറെ കോണിലൊരു ചിരി തെളിഞ്ഞു വന്നു.

 

“എൻറെ വെല്ലുവിളിയിൽ നിൻറെയൊക്കെ ഉള്ളിലെ ദുരഭിമാനം നുരഞ്ഞ് പൊന്തിയത് കൊണ്ട് മാത്രമാണ് ഉള്ളിലെ ഭയം മറച്ച് വെച്ച് ധൈര്യശാലികളാണെന്ന് കാണിക്കാൻ എൻറെ കെട്ടഴിച്ചത്. ബാഡ് ലക്ക്”

 

അത് പറഞ്ഞ് നിർത്തുമ്പോഴേക്കും അവളുറക്കെ ചിരിച്ച് കഴിഞ്ഞിരുന്നു. അതോടൊപ്പം വലത് കാലുയർത്തി മുന്നിൽ നിന്ന ഒരുത്തൻറെ വാരിയെല്ലിന് തൊഴിച്ചു. അവന്മാർ ഒന്ന് പരിഭ്രമിച്ച് പോയി അടുത്ത നമിഷത്തിൽ ഉമ മുന്നോട്ടാഞ്ഞ് മുഷ്ടി ചുരുട്ടി മറ്റൊരുത്തൻറെ നെഞ്ചിൽ കനത്ത പ്രഹരമേൽപ്പിച്ചു. അവർ രണ്ടും ബാലൻസ് തെറ്റി വീണുപോയി . അപ്പോഴേക്കും മറ്റ് രണ്ട് പേരും ചേർന്ന് ഉമയെ പിടിച്ച് നിർത്താൻ ശ്രമിച്ചു. പക്ഷേ ഒരു ചീറ്റപ്പുലിയുടെ വേഗതയിൽ അവരിൽ നിന്നും വെട്ടിയൊഴിഞ്ഞ്, ഒരുത്തൻറെ കഴുത്തിൽ പിടുത്തമിട്ടു. അതേസമയം മറ്റവൻറെ അടിവയറ്റിലേക്ക് ഉമയുടെ ബൂട്ട് തറഞ്ഞ് കയറി. ഈ സമയം ഉമയുടെ കൈകളിൽ ഒരുത്തൻറെ കഴുത്ത് ഞെരിഞ്ഞമരുകയായിരുന്നു. കൈമുട്ട് കൊണ്ട് ഉമ ഊക്കോടെ അവൻറെ മുതികിലിടിച്ചതോടെ അവൻ താഴേക്ക് മൂക്കും കൂത്തി വീണു.

 

നാല് പേരും വീണ് കഴിഞ്ഞപ്പോൾ ഉമ അവിടെയുള്ള മേശമേൽ ചാടിക്കയറി ഇരുന്നു. അവിടെയുണ്ടായിരുന്ന മിനറൽ വാട്ടർ ബോട്ടിൽ തുറന്ന് വെള്ളം കുടിച്ചു. അപ്പോഴെക്കും വീണുകിടന്നവർ ബദ്ധപ്പെട്ട് എണീറ്റ് വന്നു. ഉമ യാതൊരു ധൃതിയുമില്ലാതെ അവിടെ ഒരു കാലിനുമേൽ മറ്റേ കാൽ കയറ്റി വച്ചിരുന്ന് അഴിഞ്ഞ് പോയ ഷൂലേസ് കെട്ടുകയായിരുന്നു.

 

അവന്മാർ വർദ്ധിത വീര്യത്തോടെ അവൾക്ക് നേരേ പാഞ്ഞടുത്തു. ആദ്യം ചവിട്ടുകൊണ്ട് വീണവൻ വന്ന് ഉമയുടെ കഴുത്തിൽ പിടിത്തമിട്ടു. ഷൂലേസിൽ നിന്നും കൈയ്യെടുത്ത ഉമ ആ കൈ ആഞ്ഞ് വീശിയപ്പോൾ അവളുടെ യൂണിഫോമിലേക്ക് ചോര ചീറ്റിത്തെറിക്കുന്നതാണ് അവൻ കണ്ടത്. എന്താണ് സംഭവിച്ചതെന്ന് അവന് മനസിലായില്ല. പക്ഷേ കയ്യിലേക്ക് പടർന്ന വേദന തൻറെ ഞരമ്പ് കട്ടായി പൊട്ടിയ പൈപ്പിൽ നിന്നെന്ന പോലെ രക്തം ചീറ്റിയൊഴുകുന്നതിൻറെയാണെന്ന് തിരിച്ചറിയുമ്പോഴേക്കും ഉമയുടെ കൈവിരലുകൾക്കിടയിലെ ബ്ലേഡ് അവൻറെ കഴുത്തിലെ ഞരമ്പും മുറിച്ച് കഴിഞ്ഞിരുന്നു. മുന്നേ പാഞ്ഞ് ചെന്നവൻ ഒരു ഒച്ച പോലും ഉണ്ടാക്കാതെ വെട്ടിയിട്ട പോലെ വീണത് എങ്ങനെയാണെന്ന് പിന്നാലെയെത്തിയവർക്ക് ആദ്യം മനസിലായില്ല.  അപ്പോഴും ഒരു ഭാവഭേദവുമില്ലാതെ മേശപ്പുറത്തിരിക്കുന്ന ഉമയുടെ കൈയ്യിലെ ബ്ലേഡിൽ നിന്ന് അപ്പോഴും രക്തമൊഴുകുന്നുണ്ടായിരുന്നു. തറയിൽ വീണവന് ചുറ്റും അവൻറെ രക്തം പരന്നൊഴുകി.

 

          ഉമ തൻറെ ബൂട്ടിനുണ്ണിൽ നിന്നും രണ്ടാമതൊരു ബ്ലേഡ് കൂടിയെടുത്തു. രണ്ട് കൈകളിലെ വിരലുകൾക്കിടയിലും ബ്ലേഡുമായി ഉമ താഴെയിറങ്ങി. അവർ മൂവരും കരുതലോടെ നിന്നു. ഉമ അവർക്കരികിലേക്ക് ചുവട് വച്ചപ്പോൾ അവർ അറിയാതെ പിന്നിലേക്ക് ചുവട് വച്ചു. അത് കണ്ട ഉമ ഉച്ചത്തിൽ ചിരിച്ചു.

 

“അൽപം മുമ്പ് വെറും പെണ്ണെന്ന് പുഛിച്ചവരെന്തേ പിന്നോക്കം പോകുന്നു. പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാനാണെന്ന വലിയ നായക ഡയലോഗ് പറയാനാണോ, ഇപ്പോ എവിടെപ്പോയെടാ നിൻറെയൊക്കെ ആണത്തം. ത്ഫൂ.....”

 

ഉമയുടെ പരിഹാസം കേട്ട് കലി മൂത്ത ഒരുത്തൻ അവൾക്ക് നേരെ കുതിച്ച് ചാടി. എന്നാൽ അസാമാന്യ മെയ് വഴക്കത്തോടെ അവനെ വെട്ടിയൊഴിഞ്ഞ അവൾ ക്ഷണനേരം കൊണ്ട് മറ്റ് രണ്ട് പേർക്കും മുന്നിലെത്തി. അങ്ങനെയൊരു നീക്കം അവർ പ്രതീക്ഷിച്ചിരുന്നുമില്ല. ഉമയുടെ നീക്കങ്ങൾ വളരെ വേഗത്തിലായിരുന്നു. അവളുടെ ഇരു കൈകളിലുമിരുന്ന ബ്ലേഡുകൾ അവരന്മാരുടെ മുഖത്ത് അവ്യക്തമായ ഏതോ ചിത്രങ്ങൾ വരച്ചു. പ്രതിരോധിക്കാനുള്ള അവരുടെ എല്ലാ ശ്രമങ്ങളേയും പരാജയപ്പെടുത്തി ഉമയുടെ കൈകളിലെ ബ്ലേഡുകൾ അവന്മാരുടെ ശരീരത്തിലെ പ്രധാന ഞരമ്പുകളെല്ലാം മുറിച്ചു. അപ്പോഴേക്കും പിന്നിലായിപ്പോയവൻ ഉമയുടെ പിന്നിൽ വന്ന് വയറിലൂടി ചുറ്റിപ്പിടിച്ചു. ആ പിടുത്തത്തിൽ അവൾക്ക് ശ്വാസം മുട്ടി. മുമ്പിൽ നിന്ന രണ്ട് പേരും അപ്പോഴേക്കും വീണു കഴിഞ്ഞിരുന്നു.

 

          പിടി വിട്ടാൽ തൻറെ മരണമാണെന്ന് അറിയാമായിരുന്ന അവൻ കൂടുതൽ ഇറുക്കിപ്പിടിച്ചു. ഉമയ്ക്ക് ആ പിടുത്തത്തിൽ നിന്നും രക്ഷപ്പെടാനായില്ല. അവളുടെ കൈയ്യിലുണ്ടായിരുന്ന ബ്ലേഡുകൾ മറ്റവന്മാരുടെ ശരീരത്തിൽ തറഞ്ഞ് കയറി ഒടിഞ്ഞ് നഷ്ടപ്പെട്ടിരുന്നു. ആ പിടിവലിക്കിടയിൽ ബ്ലേഡ് കൊണ്ട് മുറിഞ്ഞ് ഉമയുടെ വിരലുകളിൽ നിന്നും രക്തമൊഴുകുന്നുണ്ടായിരുന്നു.

 

          ഉമ തൻറെ മുടിയിൽ കുത്തിയിരുന്ന സ്ലൈഡ് വലിച്ചൂരി. ആ സ്ലൈഡിൻറെ ഒരറ്റം രണ്ടിഞ്ചോളം നീളമുള്ള കൂർത്ത മുനയുള്ളതായിരുന്നു. സ്വയരക്ഷയ്ക്കുള്ള ഒരു ആയുധമായി ഉപയോഗിക്കാൻ പാകത്തിൽ രൂപ കൽപന ചെയ്ത ഹെയർക്ലിപ്പ്.  അത് തൻറെ വയിറിൽ പിടുത്തമിട്ട കൈകളിൽ കുത്തിയിറക്കി. അവൻ വേദനയോടെ പിടി വിട്ടു. ആ സമയം ധാരാളമായിരുന്നു ഉമയ്ക്ക്. അവൾ വെട്ടിത്തിരിഞ്ഞ് അവനെ ചവിട്ടി താഴെയിട്ടു. അവിടെയുണ്ടായിരുന്ന പഴകിപ്പോഴിഞ്ഞ തകരക്കസേര അവളുടെ കണ്ണിൽപെട്ടു. ഉമ അതെടുത്ത് അതിൻറെ തുരുമ്പിച്ച് പഴകിയ ഒരു കാൽ അവൻറെ കഴുത്തിലേക്ക് വച്ച് കസേരയിൽ കാലമർത്തി. അത് അവൻറെ കഴുത്തിലേക്ക് തറഞ്ഞ് കയറി. അവൻറെ കണ്ണുകൾ പുറത്തേക്ക് തള്ളി വന്നു. അൽപനേരത്തെ പിടച്ചിലിനൊടുവിൽ അവൻ ജീവൻ വെടിഞ്ഞു.

 

          ഉമ തൻറെ ഷർട്ടിൽ പറ്റിയ ചോരക്കറ ബോട്ടിലിലെ വെള്ളമെടുത്ത് കഴുകിത്തുടച്ചു.  മുറിയുടെ മൂലയിലേക്ക് അവന്മാർ ഊരിയെറിഞ്ഞ തൻറെ തൊപ്പിയെടുത്ത് തലയിൽ വച്ച് പുറത്തേക്ക് നടന്നു.

തുടരും...


COUNTDOWN - Part 13

COUNTDOWN - Part 13

4.5
2192

അദ്ധ്യായം – 13  ബോധം മറയും മുൻപ് രക്തമൊഴുകിയിറങ്ങിയ കണ്ണുകളിൽ അയാൾ അവസാനം കണ്ട ദൃശ്യം പുറത്തെ വെളിച്ചത്തിലേക്ക് വിജയശ്രീലാളിതയായി ഇറങ്ങിപ്പോകുന്ന ഉമ കല്ല്യാണി ഐ.പി.എസ് ൻറേതായിരുന്നു.   കൂടുതലൊന്നും പറയാതെ രത്നവേലിൻറെ കൈകളിൽ കിടന്ന് അയാളും മരണം വരിച്ചു. രത്നവേൽ പകച്ചിരിക്കുകയായിരുന്നു. അയാളുടെ ചുമലിൽ ഒരു കൈ പതിഞ്ഞു. അപ്പോഴാണ് തൻറെ കൂടെ വന്ന രണ്ട് പേരെക്കുറിച്ച് അയാൾ ബോധവാനായത്. അവരപ്പോഴും മുഖംമൂടി ധരിച്ചിട്ടുണ്ടായിരുന്നു. രത്നവേൽ പതിയെ എണീറ്റു.   “നിങ്ങൾ ശരിക്കും ആരാണ് ?”   രത്നവേൽ മാനസികമായി തകർന്ന് പോയിരുന്നു. ഇത്തരത്തിൽ ഷൺമുഖൻ