Aksharathalukal

The Revenge Of A Victim - 9

#The_revenge_of_a_victim
 
പാർട്ട് 9
 
 
ആ മെസേജുകൾ വായിച്ച് നോക്കിയ പ്രതാപിന് അഞ്ചനയുടെ മരണ കാരണം ഏകദേശം മനസ്സിലായി...
 
ടെലിഗ്രാം ചാറ്റുകളിൽ നിന്ന് പ്രതാപിന് മനസ്സിലായ കാര്യം എന്തെന്നാൽ, ഈ രണ്ട് നമ്പറുകളിലും നടന്നിരിക്കുന്ന ചാറ്റുകൾ രണ്ട് പ്രണയിതാക്കളുടെ സംസാരങ്ങൾ ആയിരുന്നു. 
 
ആ സംസാരങ്ങളിൽ നിന്നും പ്രതാപും ടീമും പ്രണയ നൈരാശ്യം മൂലമുള്ള ഒരു ആത്മഹത്യ എന്ന ഒരു നിഗമനത്തിലേക്ക്  എത്തി.
 
പാലക്കാട് കഞ്ചിക്കോട് ടവറിൽ കൂടുതൽ സമയം ആക്റ്റീവ് ആകുന്ന സിം കാർഡ് അഞ്ചനയുടെ കാമുകൻ എന്ന് കരുതുന്ന ഒരാളുടെ ആയിരിക്കണം. ഈ ആളെ കണ്ടെത്തുക എന്നതാണ് അടുത്ത സ്റ്റെപ്പ്.
 
കിട്ടിയ നമ്പറുകളുടെ ഡീറ്റൈൽസ് എടുത്തതിന് ശേഷം ബാക്കി കാര്യങ്ങൾ കൂടി അന്വേഷിച്ചു കേസ് അവസാനിപ്പിക്കാം എന്ന തീരുമാനത്തിൽ  മീറ്റിംഗ് അവസാനിപ്പിച്ചു.
 
പിറ്റേദിവസം വൈകുന്നേരം അവർ വീണ്ടും മീറ്റിംഗ് കൂടി.
 
"ടീം, നമ്മുടെ കേസന്വേഷണം, ഏകദേശം അതിന്റെ എൻഡിൽ ആണ്. ആ കുട്ടി ആത്മഹത്യ ചെയ്തത് തന്നെയാണെന്നാണ് നിഗമനം. അതിനെ സപ്പോർട്ട് ചെയ്യുന്ന കുറച്ച് തെളിവുകൾ കൂടി നമുക്ക് കണ്ടെത്താൻ കഴിഞ്ഞാൽ നമുക്ക് ഈ അന്വേഷണം അവസാനിപ്പിക്കാൻ കഴിയും. അതേപോലെ അഞ്ചനയുടെ കാമുകനെയും കണ്ടെത്തേണ്ടതുണ്ട്. അവൾ എന്ത് കൊണ്ട് ആത്മഹത്യ ചെയ്തു എന്നത് അവന് പറയാൻ കഴിയും. അവൻ പ്രണയം നടിച്ച് അവളെ വഞ്ചിച്ചത് ആണെങ്കിൽ അവനെതിരെ ആത്മഹത്യ പ്രേരണക്ക് കേസ് ചാർജ്ജ് ചെയ്ത് നമുക്ക് ഈ കേസ് അവസാനിപ്പിക്കാം. നിങ്ങൾക്ക് എന്ത് തോന്നുന്നു? "
 
"സർ, അഞ്ചനയുടെ അച്ഛന്റെ  പേരിലുള്ള സിം കാർഡിലെ കഴിഞ്ഞ മൂന്ന് മാസത്തെ കോൾ ലിസ്റ്റുകളിലെ എല്ലാ നമ്പറുകളിലേക്കും ഞാൻ വിളിച്ച് വെരിഫിക്കേഷൻ നടത്തിയിരുന്നു."
 
"ഓകെ, എന്താണ് സജീവ് ഫൈൻഡിങ്‌സ് ? "
 
"സർ, അതിൽ ഒരു നമ്പറിൽ നിന്ന് വന്നിരിക്കുന്ന കോളുകളിൽ മിക്ക കോളുകളും അറ്റൻഡ് ചെയ്തിട്ടില്ല. ഇനി അറ്റൻഡ് ചെയ്തിരിക്കുന്ന കോളുകൾ എല്ലാം തന്നെ ഒന്നോ രണ്ടോ സെക്കന്റുകൾ മാത്രമേ  സംസാരിച്ചിട്ടുള്ളൂ."
 
"അത് ആരാണെന്ന് ഫൈൻഡ് ചെയ്തില്ലേ ? "
 
"ഇല്ല സർ, ആ നമ്പറിലേക്ക് ഞാൻ വിളിച്ചിരുന്നു. അത് സ്വിച്ച് ഓഫ് ആണ്"
 
"കുറച്ചു കഴിഞ്ഞോ നാളെയോ ഒന്നുകൂടി ആ നമ്പറിലേക്ക് ട്രൈ ചെയ്തു നോക്ക്. കിട്ടിയില്ലെങ്കിൽ നമുക്ക് അഡ്രസ്സ് എടുക്കാം"
 
"ഓകെ സർ"
 
"ബാക്കി നമ്പറുകളുടെ സ്റ്റാറ്റസ് എന്താണ് ? "
 
"സർ. ഒരുപാട് കോളുകൾ ഒന്നും തന്നെ ആ നമ്പറിൽ ഉണ്ടായിരുന്നില്ല. ദിവസം 3, 4 കോളുകൾ. അതും മിക്കവാറും എല്ലാ കോളുകളും ഫ്രണ്ട്സ് അല്ലെങ്കിൽ റിലേറ്റിവ്‌സ്. പിന്നെ അവരുടെ കോളേജുമായി ബന്ധപ്പെട്ട കുറച്ച്  കോളുകളും"
 
"ഓകെ ഫൈൻ, വേറെ എന്തെങ്കിലും അപ്‌ഡേറ്റ്‌സ്?"
 
"സർ, മറ്റൊരു പ്രധാനപ്പെട്ട കാര്യം എന്നത്, അഞ്ചന മരണപ്പെടുന്നതിന് മുൻപ്, അഞ്ചനയുടെ രണ്ട് കൂട്ടുകാരികളുടെയും നമ്പറിലേക്ക് വിളിച്ചിരുന്നു. പക്ഷെ അവർ കോൾ അറ്റൻഡ് ചെയ്തിട്ടില്ല"
 
"അവരോട് ഇങ്ങനെ ഒരു കോൾ വന്നതിനെ കുറിച്ച് അന്വേഷിച്ചില്ലേ"
 
"യെസ് സർ. അവർ പറഞ്ഞത് ആ സമയത്ത് നല്ല ഉറക്കത്തിൽ ആയിരുന്നത് കൊണ്ട് അവരുടെ ഫോൺ റിങ്ങ് ചെയതത് അവർ അറിഞ്ഞിരുന്നില്ല എന്നാണ്. പിന്നെ അവരെ ചോദ്യം ചെയ്യാനായി വിളിപ്പിക്കുമ്പോൾ കുറച്ചു കൂടി വിശദമായി ചോദിക്കാം എന്നു കരുതി."
 
"ഓകെ ഫൈൻ, എന്തായി അനസ് തന്നെ ഏൽപ്പിച്ചത്"
 
"സർ, അഞ്ചന മരിക്കുന്ന ദിവസം, ആ ടവറിൽ ആക്റ്റീവ് ആയിരുന്ന എല്ലാ നമ്പറുകളിലേക്കും വിളിച്ചിരുന്നു. പല നമ്പറുകളും സ്വിച്ച് ഓഫ് ആണ്."
 
"അധികം നമ്പറുകൾ ഉണ്ടോ സ്വിച്ച് ഓഫ് ആയിട്ടുള്ളത് ? "
 
"ഇല്ല സർ, വളരെ കുറച്ചു മാത്രമേ ഉള്ളു."
 
"അത് ചിലപ്പോ രാത്രികളിൽ മാത്രം ഓൺ ആകുന്ന നമ്പറുകൾ ആയിരിക്കും"
 
പ്രതാപ് ചിരിച്ചു കൊണ്ട് പറഞ്ഞു.
 
"എന്തായി, അഞ്ചനയുടെ ഫ്രണ്ട്സിന്റെ നമ്പറുകൾ കിട്ടിയോ അനീഷ്? "
 
"സർ, അഞ്ചനയുടെ അച്ഛൻ ആ നമ്പറുകൾ അയച്ചു തന്നിട്ടുണ്ട്. അവരെ വിളിക്കാം സർ"
 
"എന്താണ് അനീഷ് ഇത്ര ലേറ്റ് ആക്കുന്നത്? "
 
"സർ, 15 മിനിറ്റ് മുൻപാണ് അയാൾ അത് അയച്ചു തന്നത്. അതും പലതവണ വിളിച്ചിട്ടാണ് അയച്ചത്. ഈ മീറ്റിങ്ങ് കഴിഞ്ഞ ഉടനെ ഞാൻ വിളിക്കാം സർ. പറ്റിയാൽ ഇന്ന് വൈകീട്ടോ അല്ലെങ്കിൽ നാളെയോ അവരെ സ്റ്റേഷനിലേക്ക് വിളിപ്പിക്കാം"
 
"ഗുഡ്. എന്തായി അഞ്ചനയുടെ ലാപ്പ്ടോപ്പ്. എത്തിച്ചോ അവർ അത്? "
 
"ഇല്ല സർ. നാളെയോ മറ്റന്നാളോ അഞ്ചനയുടെ റൂം മേറ്റ് ആരോ അവിടെ നിന്ന് നാട്ടിലേക്ക് വരുന്നുണ്ട്. അവർ കൊണ്ട് വരും എന്നാണ് പറഞ്ഞത്"
 
"ഓകെ. നമുക്ക് അഞ്ചനയുടെ വീട്ടുകാരെ ഒന്ന് കാണണം. അഞ്ചനയുടെ പ്രണയത്തെ കുറിച്ച് അവർക്ക് എന്തെങ്കിലും അറിവുണ്ടോ എന്ന് അന്വേഷിക്കണം"
 
"സർ. എന്നാണ് നമുക്ക് പോകേണ്ടത് ? "
 
"നമ്മൾ രണ്ട് ബാച്ച് ആയി തിരിഞ്ഞ്, ഒരു ബാച്ച് ഇവിടെ അഞ്ചനയുടെ ഫ്രണ്ട്സിന്റെ അടുക്കൽ നിന്ന് ഡീറ്റൈൽസ് എടുക്കുന്ന അതേ സമയം തന്നെ അഞ്ചനയുടെ ഫാമിലിയുടെ അടുത്ത് നിന്നും ഡീറ്റൈൽസ് എടുക്കണം. അല്ലെങ്കിൽ, അഞ്ചനയുടെ അച്ഛന് ഈ മരണത്തിൽ എന്തെങ്കിലും പങ്കുണ്ടെങ്കിൽ അവർ അത് മറച്ചു വെക്കാൻ സാധ്യതയുണ്ട്."
 
"അല്ല സർ, അയാൾ ഇതിൽ എന്താണ് മറച്ചു വെക്കാൻ ഉള്ളത് ? "
 
"എടോ, ഈ അഞ്ചന സ്നേഹിച്ചത് ഏതെങ്കിലും പാവപ്പെട്ട പയ്യൻ ആണെങ്കിൽ, അയാൾ അവരുടെ പ്രണയത്തെ എതിർത്തത് കൊണ്ട് അവർ ആത്മഹത്യ ചെയ്തത് ആണെങ്കിലോ ? "
 
"പക്ഷെ സർ, അയാൾ നമുക്ക് തന്ന മൊഴി പ്രകാരം, മകളുടെ എല്ലാ ആഗ്രഹങ്ങളും നടത്തി കൊടുക്കുന്ന, മകളെ ജീവനേക്കാൾ ഏറെ സ്നേഹിക്കുന്ന സ്നേഹനിധിയായ ഒരച്ഛൻ അല്ലെ. അയാൾ പ്രണയത്തെ എതിർക്കും എന്ന് തോന്നുന്നുണ്ടോ? "
 
"അനീഷേ, മക്കളോട് എത്ര സ്നേഹമുള്ള മാതാപിതാക്കളും, അവരുടെ ഏത് ആഗ്രഹങ്ങൾ നടപ്പിലാക്കി കൊടുക്കുന്നവർ ആണെങ്കിലും, മക്കളുടെ ഭാവി സുരക്ഷിതമല്ലെന്ന് തോന്നുന്ന ഒരു പ്രണയത്തെയും പ്രോത്സാഹിപ്പിക്കില്ല. അല്ലെങ്കിൽ ആ വിവാഹം നടത്തി കൊടുക്കില്ല. പിന്നെ സ്റ്റാറ്റസ്, പണം, പ്രശസ്തി, അഭിമാനം അങ്ങനെ കുറെ കാര്യങ്ങളും ഉണ്ടാകും. കുറച്ചു പേരെങ്കിലും മക്കളുടെ ആഗ്രഹമെന്ന നിലയിലും, അവർ സന്തോഷമായിരിക്കും എന്ന വിചാരത്തിലും, വിവാഹങ്ങൾ നടത്തി കൊടുക്കുന്നവരും ഉണ്ട്. ഈ പറയുന്ന അഞ്ചനയുടെ വീട്ടുകാർ, അങ്ങനെ എന്തെങ്കിലും കാരണം കൊണ്ട്  ഈ പ്രണയത്തെ എതിർത്തിരുന്നു എങ്കിലോ?  അത് കൊണ്ട് ആത്മഹത്യ ചെയ്തത് ആണെങ്കിലോ?. അതും നമുക്ക് അറിയേണ്ടത് അല്ലെ.."
 
"യെസ് സർ."
 
"എന്തായി അനീഷ്, അഞ്ചന ആ ദിവസം പോയ സ്ഥലങ്ങളിലെ സി സി ടീവി  ഫൂട്ടേജ്. എടുത്തിരുന്നോ എല്ലാം? "
 
"സർ, ലുലു മാൾ, അതേപോലെ ചെറായി ബീച്ച്. രണ്ട് സ്ഥലത്തെയും എടുത്തിരുന്നു."
 
"ഈ രണ്ട് സ്ഥലത്തെയും വിഷ്വൽസിൽ അഞ്ചന ഒറ്റക്ക് ആണോ ? "
 
"യെസ് സർ.  7.45 ഓടെയാണ് അഞ്ചനയുടെ വാഹനം ലുലു മാളിന്റെ ഗേറ്റിലെ ആദ്യ ക്യാമറയിൽ വരുന്നത്. അവിടുന്ന് തുടർച്ചായി അവർ ലുലു മാളിൽ ഉണ്ട്. ഹൈപ്പർ മാർക്കറ്റ്, കഫ്റ്റീരിയ, തുടങ്ങി മാളിനകത്തെല്ലാം, അവർ ചുമ്മാ കറങ്ങി നടക്കുകയായിരുന്നു. പലപ്പോഴും, ചിരിച്ച് വളരെ സന്തോഷത്തോടെ ഫോണിൽ സംസാരിച്ചു കൊണ്ടാണ് നടന്നിരുന്നത്. 9.30 യോടെ സിനിമക്ക് കേറിയ അഞ്ചന, സിനിമ കഴിഞ്ഞ് 12 മണിയോടെ അവിടെ നിന്ന് ഇറങ്ങുന്നു. തിയ്യറ്ററിൽ സിനിമ കണ്ടു കൊണ്ടിരുന്നപ്പോഴും, അവർക്ക് കോളുകൾ വരികയോ, അല്ലെങ്കിൽ അവർ ആരെയൊക്കെയോ വിളിക്കുകയോ ചെയ്തിട്ടുണ്ട്. മാളിൽ നിന്ന് 12 മണിക്ക് ഇറങ്ങിയ ശേഷം, അവിടെ നിന്ന് ചെറായി ബീച്ച് വരെ ഡ്രൈവ് ചെയ്യാൻ എടുക്കുന്ന ഏകദേശം 1 മണിക്കൂർ കഴിഞ്ഞ് അവരുടെ വാഹനം, ചെറായി ബീച്ചിന്റെ ഫ്രണ്ടിലുള്ള കാമറയിൽ പതിഞ്ഞിട്ടുണ്ട്. പക്ഷെ, ചെറായി ബീച്ചിൽ അവർ വാഹനത്തിൽ നിന്ന് ഇറങ്ങിയിട്ടില്ല"
 
"അതെങ്ങനെ ഉറപ്പിച്ചു പറയാൻ കഴിയും? "
 
"സർ, അതിനുശേഷം അവിടെയുള്ള ഒരു കാമറയിലും അഞ്ചനയുടെ രൂപം ഇല്ല സർ"
 
"പാർക്കിങ്ങിൽ കാമറ ഇല്ലേ. അത് പരിശോധിച്ചില്ലേ. അതിൽ അവർ ഇറങ്ങുന്നുണ്ടോ? "
 
"സർ, ആ ഭാഗത്തുള്ള കാമറ വർക്കിങ് അല്ല സർ"
 
"ഓകെ , ഫൈൻ. കാമറ വിഷ്വൽസ് പ്രകാരം രാത്രി 1 വരെ ഹാപ്പി ആയിരുന്ന അഞ്ചന 3 മണിക്ക് എന്തിന് ആത്മഹത്യ ചെയ്തു. ഇതാണ് നമ്മൾ കണ്ടെത്തേണ്ടത് ? "
 
"ഓകെ  സർ."
 
"അനസ്, അഞ്ചന ലുലു മാളിൽ ഉണ്ടായിരുന്ന സമയത്ത് അവർക്ക് വന്നിരുന്ന കോളുകൾ ആരുടേതാണെന്ന് നോക്കിയിരുന്നോ?"
 
"യെസ് സർ. അഞ്ചനയുടെ അച്ഛന്റെ പേരിലുള്ള സിമ്മിൽ അവർക്ക് ആ സമയം കോളുകൾ ഒന്നും  തന്നെ വന്നിട്ടില്ല. പക്ഷെ, അഞ്ചനയുടെ പേരിലുള്ള സിമ്മിൽ കോളുകൾ വന്നിട്ടുണ്ട്."
 
"അത് അഞ്ചനയുടെ കാമുകൻ എന്ന് നമ്മൾ സംശയിക്കുന്ന ആളുടെ കോളുകൾ അല്ലെ. ആ സിം കാർഡുകളിൽ, അവർ തമ്മിലുളള കോളുകൾ മാത്രമല്ലേ ഉള്ളത്? "
 
"അതേ സർ"
 
"ഓകെ  ഫൈൻ. ഈ രണ്ട് നമ്പറുകളും അഞ്ചന മരിക്കുന്ന ദിവസം, രാത്രി ഒരേ സമയം, അഞ്ചന മരിച്ച ലൊക്കേഷനിൽ വന്നിട്ടുണ്ട്. ദാറ്റ് മീൻസ്, അവർ അന്ന് രാത്രി നേരിൽ കണ്ടിട്ടുണ്ട്. അവർ കണ്ടതിന് ശേഷമാണ്, അഞ്ചന മരിക്കുന്നത്. അഞ്ചന ആത്മഹത്യ ചെയ്യാൻ രണ്ട് കാരണങ്ങൾ ആണ് എനിക്ക് തോന്നുന്നത്. രണ്ടും ഞാൻ പറയാം. അതിന് ശേഷം, നിങ്ങളുടെ ഫൈൻഡിങ്‌സ് കൂടി പറയുക.
 
1. അഞ്ചനയുടെ വീട്ടുകാർ വിവാഹത്തിന് സമ്മതിക്കുന്നില്ല എന്നത് കൊണ്ട്, ആ പയ്യൻ വിവാഹത്തിൽ നിന്ന് പിന്മാറിയിട്ടുണ്ടാകും. അത് താങ്ങാൻ പറ്റാത്തത് കൊണ്ടായിരിക്കാം.
2. ആ പയ്യൻ എന്തെങ്കിലും കാരണം കൊണ്ട്, അഞ്ചനയെ വേണ്ടെന്ന് വെച്ചത് കൊണ്ടും ആയിരിക്കാം.
 
നിങ്ങൾക്ക് എന്ത് തോന്നുന്നു? "
 
"സർ, ഒരുപക്ഷേ, ആ പയ്യൻ എന്തെങ്കിലും രീതിയിൽ ആ പെണ്കുട്ടിയെ ബ്ലാക്ക് മെയിൽ ചെയ്തത് കൊണ്ടാണെങ്കിലോ? "
 
"മനസിലായില്ല സജീവ്"
 
"സർ, ഉദാഹരണത്തിന്, അഞ്ചനയുടെ ഏതെങ്കിലും തരത്തിലുള്ള ഫോട്ടോകളോ, വീഡിയോകളോ ആ പയ്യന്റെ കയ്യിൽ ഉണ്ടെന്ന് കരുതുക. ഈ പയ്യൻ, അതുവെച്ച് അഞ്ചനയോട് അവൻ പൈസയോ, അല്ലെങ്കിൽ വേറെ എന്തെങ്കിലുമോ ആവശ്യപ്പെടുന്നു. അത് നൽകിയില്ലെങ്കിൽ ആ വീഡിയോ, അല്ലെങ്കിൽ ഫോട്ടോ പബ്ലിഷ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയത് കൊണ്ട് അവർ ആത്മഹത്യ ചെയ്തത് ആണെങ്കിലോ? "
 
"സർ, സജീവ് പറഞ്ഞതിൽ കാര്യമുണ്ടെന്ന് എനിക്കും തോന്നുന്നുണ്ട്."
 
"അനീഷ്, സജീവ്, ഒരുപക്ഷേ അങ്ങിനെയും സംഭവിക്കാം. എന്താണ് യഥാർത്ഥ കാരണമെന്ന് ആ പയ്യനെ കണ്ടെത്തിയാൽ മാത്രമേ അറിയാൻ കഴിയൂ. അവന്റെ പിറകെ നമ്മൾ ഉണ്ടെന്നത് അറിയാതെ അവൻ നടക്കട്ടെ. നമ്മൾ അവനെ വിളിക്കാനോ, ഏതെങ്കിലും രീതിയിൽ കോണ്ടാക്ട് ചെയ്യാനോ ശ്രമിച്ചാൽ, ഒരുപക്ഷേ അവൻ രക്ഷപ്പെടാൻ സാധ്യതയുണ്ട്. അത് കൊണ്ട് അവനെ ഇപ്പോൾ കോണ്ടാക്ട് ചെയ്യേണ്ടതില്ല. അവനെ കോണ്ടാക്ട് ചെയ്യുന്നതിന് മുമ്പ്, അഞ്ചനയുടെ കൂട്ടുകാരെയും, അവരുടെ വീട്ടുകാരെയും ചോദ്യം ചെയ്യണം"
 
"സർ, സജീവ് സർ പറഞ്ഞതിനോട് എനിക്ക് തോന്നുന്നത്, അങ്ങനെ ഒന്ന് സംഭവിച്ചാൽ ആ പെണ്കുട്ടി, സ്വാഭാവികമായും, ഇത്രയും പിടിപാടുകൾ ഉള്ള അച്ഛനോട് പറഞ്ഞ് ആ പ്രോബ്ലം ഒഴിവാക്കാൻ ആയിരിക്കും ശ്രമിക്കുക. പിന്നെ, മറ്റൊന്ന്, അഞ്ചനയുടെ അന്നത്തെ സി സി ടീവി  ഫൂട്ടേജുകൾ അനുസരിച്ച് ആ കുട്ടി വളരെ സന്തോഷത്തിൽ ആയിരുന്നു. അത് കൊണ്ട് അങ്ങനെ സംഭവിക്കാൻ സാധ്യത ഇല്ല"
 
"തന്റെ കാമുകൻ അല്ലെങ്കിൽ താൻ സ്നേഹിക്കുന്ന ഒരാൾ വളരെ നാളുകൾക്ക് ശേഷം തന്നെ  കാണാൻ വരുന്നു എന്നറിഞ്ഞാൽ ഏതൊരു പെണ്കുട്ടിയും സ്വാഭാവികമായും സന്തോഷത്തിൽ ആയിരിക്കും. ഒരുപക്ഷേ, സജീവ് പറഞ്ഞതാണ് സംഭവിച്ചിട്ടുള്ളതെങ്കിൽ, അവൻ ഇവിടെ വന്നതിന് ശേഷം ആയിരിക്കും, ഈ കാര്യം അഞ്ചനയോട് പറഞ്ഞിട്ടുണ്ടാകുക. എന്താണെങ്കിലും ആ പയ്യനെ കയ്യിൽ കിട്ടിയാൽ നമുക്ക് ഇതിൽ തീരുമാനം ഉണ്ടാക്കാൻ കഴിയും"
 
"സർ, വേറെയും ഒന്ന് രണ്ട് സംശയങ്ങൾ ഉണ്ട്. ആ പയ്യൻ ഇങ്ങനെ ചെയ്തത് ആണെങ്കിൽ, അവരുടെ ഫോണുകൾ എങ്ങനെയാണ്, അഞ്ചനയുടെ മരണത്തിന് ശേഷം, പുല്ലൂറ്റ് ടവറിൽ വെച്ച് സ്വിച്ച് ഓഫ് ആകുന്നത്. മാത്രമല്ല, അവൾ മരിച്ചത് അറിയാതെ ആയിരിക്കും അവൻ ഇവിടെ നിന്ന് പോയിട്ടുണ്ടാവുക. പിന്നീട് അഞ്ചന ഉപയോഗിച്ചിരുന്ന ഫോണിൽ ഇതുവരെയും അവരെ കോണ്ടാക്റ്റ് ചെയ്യാനും കഴിഞ്ഞിട്ടുണ്ടാകില്ല. സ്വാഭാവികമായും, ആ പയ്യൻ അവരെ അന്വേഷിക്കേണ്ടത് അല്ലെ?. അതുപോലെ, ആ സിം കാർഡുകൾ ആ പയ്യൻ സ്വിച്ചോഫ് ചെയ്തത് ആണെങ്കിൽ, അഞ്ചനയുടെ സിം എങ്ങനെ അവന്റെ കയ്യിൽ എത്തി. തന്നെ വഞ്ചിച്ച അല്ലെങ്കിൽ ചതിച്ച ഒരാളുടെ കയ്യിൽ തന്റെ പേരിലുള്ള സിം കാർഡുകളോ, ഫോണോ കൊടുക്കുമെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടല്ലേ സർ"
 
"അനസ്, പറഞ്ഞതെല്ലാം വാലീഡ് പോയിന്റുകൾ ആണ്. അഞ്ചന മരിച്ചത് അവൻ അറിഞ്ഞില്ലെന്ന് പറയാൻ കഴിയില്ല. കാരണം പിറ്റേദിവസം ഇറങ്ങിയ പത്രങ്ങളിൽ അഞ്ചനയുടെ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്വാഭാവികമായും അവൻ ഇത് അറിഞ്ഞിട്ടുണ്ടാകും. തത്കാലം അവനെ നമുക്ക് പെൻഡിങ്ങിൽ നിർത്താം. നമുക്ക് അഞ്ചനയുടെ വീട്ടുകാരെയും, കൂട്ടുകാരെയും ചോദ്യം ചെയ്യാം. അനീഷ്, അഞ്ചനയുടെ കൂട്ടുകാർ വരുന്ന അതേ സമയത്ത് തന്നെ, ഞാൻ നേരത്തെ പറഞ്ഞത് പോലെ അവരുടെ വീട്ടുകാരെയും ചോദ്യം ചെയ്യാൻ, ശ്രദ്ധിക്കണം"
 
"ഷുവർ സർ"
 
"സജീവേ, നേരത്തെ പറഞ്ഞ നമ്പറിലേക്ക് വിളിച്ചു നോക്കി കിട്ടിയില്ലെങ്കിൽ എനിക്ക് തരണം. നമുക്ക് സൈബറിൽ ചെക്ക് ചെയ്യാം"
 
"ഞാൻ ഒന്നുകൂടി വിളിച്ചതിന് ശേഷം, സാറിന് അപ്‌ഡേറ്റ് ചെയ്യാം"
 
"ഓകെ . അനീഷ്, അഞ്ചനയുടെ കൂട്ടുകാരെയും, അവരുടെ വീട്ടിലുള്ളവരെയും ചോദ്യം ചെയ്യാനുള്ള കാര്യങ്ങൾ തയ്യാർ ചെയ്തതിന് ശേഷം എന്നെ അപ്‌ഡേറ്റ് ചെയ്യുക. അധികം വൈകരുത്. നമുക്ക് ഇനി അതിന് ശേഷം ഒന്നുകൂടി ഇരിക്കാം"
 
"സർ"
 
അവർ മൂന്ന് പേരും, പ്രതാപിനെ സല്യൂട്ട് ചെയ്തതിന് ശേഷം പുറത്തേക്ക് പോയി.
 
രാത്രിയിൽ പ്രതാപ് വീട്ടിൽ ഇരുന്ന സമയത്ത് സജീവിന്റെ കോൾ വന്നു.
 
സജീവ് വിളിച്ചത്, നേരത്തെ പറഞ്ഞിരുന്ന നമ്പർ ഇപ്പോഴും സ്വിച്ചോഫ് തന്നെയാണ്. അതിൽ കോണ്ടാക്ട് ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്നറിയിക്കാൻ വേണ്ടിയാണ്. 
 
പ്രതാപ് ഉടനെ ആ നമ്പർ സൈബറിലെ അഷ്റഫിന് കൊടുത്ത് അതിന്റെ ഡീറ്റൈൽസ് എടുപ്പിച്ചു. 
 
ആ നമ്പറിന്റെ അഡ്രസ്സ് പാലക്കാട് കഞ്ചിക്കോടുള്ള ഒരു സുബ്രഹ്മണ്യത്തിന്റെ പേരിൽ ആണ്.
 
സിം ഇപ്പോഴും വർക്കിങ് ആണ്. പക്ഷെ ഇന്നലെ രാത്രി മുതൽ നമ്പർ സ്വിച്ചോഫ് ആണ്. 
 
കഞ്ചിക്കോട് അഡ്രസ്സ് ആയത് കൊണ്ട്, ആ സിം അഞ്ചനയുടെ കാമുകൻ എന്ന പയ്യന്റെ സിം ആയിരിക്കുമെന്ന നിഗമനത്തിൽ പ്രതാപ് എത്തി.
 
പിറ്റേദിവസം വൈകുന്നേരത്തോടെ, അഞ്ചനയുടെ കൂട്ടുകാരുടെയും, അവരുടെ ഫാമിലിയെയും ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പുകൾ ഒരുക്കി. അഞ്ചനയുടെ കൂട്ടുകാരികൾക്ക് കൊടുങ്ങല്ലൂർ വരാനുള്ള ബുദ്ധിമുട്ട് കൊണ്ട് അഞ്ചനയുടെ വീടിന് അടുത്തുള്ള ഗവണ്മെന്റ് ഗസ്റ്റ് ഹൗസിലും, അഞ്ചനയുടെ വീട്ടുകാരെ അഞ്ചനയുടെ വീട്ടിലും ചോദ്യം ചെയ്യാനാണ് തീരുമാനം.
 
വൈകുന്നേരം 4 മണിയോടെ, പ്രതാപും അനസും ഒരു ടീമായും, അനീഷും സജീവനും മറ്റൊരു ടീമായും അവരെ ചോദ്യം ചെയ്യാൻ തുടങ്ങി.
 
അനീഷും സജീവനും അഞ്ചനയുടെ വീട്ടുകാരെയും, പ്രതാപും സജീവനും അഞ്ചനയുടെയും കൂട്ടുകാരെയുമാണ് ചോദ്യം ചെയ്യുന്നത്.
 
അവരെ കാണാൻ പോകുന്നതിന് മുൻപായി, അവർ നാല് പേരും കൂടി, അവരോട് ചോദിക്കാനുള്ള ചോദ്യങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കി
 
1. അഞ്ചനയുടെ പ്രണയം അവർക്ക് അറിയാമായിരുന്നോ.
2. അഞ്ചനയുടെ സ്വഭാവത്തിൽ ഈ അടുത്ത കാലത്തായി എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടോ
3. അഞ്ചനയുടെ വിദ്യാഭ്യാസം.
4. അഞ്ചന ആത്മഹത്യ ചെയ്യാനുള്ള എന്തെങ്കിലും കാരണങ്ങൾ ഉള്ളതായി അറിയാമോ
5. അഞ്ചനയുടെ നേരത്തെയുള്ള സ്വഭാവ വിശേഷങ്ങൾ. പ്രത്യേകിച്ച്, പെട്ടെന്ന് ദേഷ്യം വരുന്ന അല്ലെങ്കിൽ വാശിയുള്ള ആൾ ആയിരുന്നോ.
 
ഇത്രയും ചോദ്യങ്ങൾ ആണ് അഞ്ചനയുടെ കൂട്ടുകാരികളോടും, അതോടൊപ്പം വീട്ടുകാരോടും ചോദിക്കാനായി തയ്യാറാക്കിയത്.
 
കൃത്യം നാല് മണിക്ക് ഗവണ്മെന്റ് ഗസ്റ്റ് ഹൗസിലും, അഞ്ചനയുടെ വീട്ടിലുമായി നടന്ന ചോദ്യം ചെയ്യൽ, വൈകുന്നേരം ആറ് മണിയോടെ അവസാനിച്ചു.
 
ചോദ്യം ചെയ്യൽ കഴിഞ്ഞതിന് ശേഷം, അവരുടെ ഓരോരുത്തരുടെയും മൊഴികൾ പേപ്പറിൽ എഴുതി, അവരവരുടെ ഒപ്പും വാങ്ങിയ ശേഷം, ഇനിയും എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ സ്റ്റേഷനിലേക്ക് വിളിപ്പിയ്ക്കുമെന്നും, അവർ എത്തിച്ചേരണമെന്നും നിർദ്ദേശം നൽകിയ ശേഷം, അവർ തിരികെ സ്റ്റേഷനിലേക്ക് മടങ്ങി.
 
രാത്രി 8 മണിയോടെ പ്രതാപും ടീം അംഗങ്ങളും വീണ്ടും മീറ്റിംങ്ങ് ചേർന്ന് അവരുടെ മൊഴികളെ സൂക്ഷമമായി പരിശോധിച്ചു.
 
ആ മൊഴികളിൽ, ചില കാര്യങ്ങളിൽ അഞ്ചനയുടെ കൂട്ടുകാരികൾ പറഞ്ഞ മൊഴികളും വീട്ടുകാരുടെ മൊഴികളും തമ്മിൽ ചില സ്ഥലങ്ങളിൽ വൈരുദ്ധ്യം കണ്ടെത്തി.....
 
ശ്ശോ വീണ്ടും തുടരുമല്ലോ....
 
 
അടുത്ത പാർട്ട്, എന്നാണ് പോസ്റ്റ് ചെയ്യാൻ കഴിയുക എന്ന് പറയാൻ കഴിയില്ല, കാരണം ജോലിയുടേതായ തിരക്കുകളിൽ ആണ്, കൂടെ കഴിഞ്ഞ തവണ പറഞ്ഞ തലവേദനയും. എങ്കിലും, എത്രയും പെട്ടെന്ന് (മാക്സിമം ഒരാഴ്ച) പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം.
 
 
വായനക്കാരുടെ_ശ്രദ്ധക്ക്:
 
◆ ഈ കഥയുടെ ഇതുവരെയുള്ള ഭാഗങ്ങളെ കുറിച്ചുള്ള നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങൾ അറിയിക്കുക. സൂപ്പർ, പൊളി,  വെയ്റ്റിംഗ് എന്നിവ അല്ലാതെ, നിങ്ങളുടെ മനസ്സിൽ ഈ കഥയെ കുറിച്ച് തോന്നുന്ന രണ്ട് വാക്ക് പറയാൻ ശ്രമിക്കുമല്ലോ.
 
◆ വിമർശനങ്ങളും തിരുത്തലുകളും അഭിപ്രായങ്ങളും, കമന്റിൽ പറയുമല്ലോ.
 
◆ കഥയിൽ വരുന്ന തെറ്റുകളും തിരുത്തലുകളും വായനക്കാർ പറഞ്ഞു തന്നാൽ ആരോഗ്യകരമായ വിമർശനങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന് പറയട്ടെ.
 
◆ The revenge of a victim എന്ന ഈ കഥയിൽ പറഞ്ഞിരിക്കുന്ന കഥാപാത്രങ്ങളുടെ പേരുകൾക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരുമായും യാതൊരു ബന്ധവുമില്ല. എല്ലാം എഴുത്തുകാരന്റെ ഭാവനയിൽ തെളിഞ്ഞത് മാത്രമാണ്.
 
◆ സ്ഥലപേരുകൾ എല്ലാം കഥക്ക് വേണ്ടി മാത്രം ഉപയോഗിച്ചിരിക്കുന്നതാണ്. യഥാർഥ സ്ഥലങ്ങളുമായി യാതൊരു ബന്ധവുമില്ല. ഈ കഥ എഴുത്തുകാരൻ എന്ന നിലയിൽ എന്റെ ഭവന മാത്രമാണ്...
 
 
മുറു കൊടുങ്ങല്ലൂർ.
 

The Revenge Of A Victim - 10

The Revenge Of A Victim - 10

4.4
2898

*#The_revenge_of_a_victim*   പാർട്ട് 10.    അഞ്ചനയുടെ കൂട്ടുകാരികളുടെയും   വീട്ടുകാരുടെയും  മൊഴികൾ തമ്മിൽ ചില സ്ഥലങ്ങളിൽ വൈരുദ്ധ്യം കണ്ടെത്തി....     പ്രധാനമായും, വൈരുദ്ധ്യം കണ്ടത്, അഞ്ചനയുടെ വിദ്യാഭ്യാസ കാര്യത്തിൽ ആണ്.    അഞ്ചന മലപ്പുറത്ത് ഒരു കോളേജിൽ പ്ലസ് ടൂ ക്ലാസ്സിൽ പഠിച്ചിരുന്നത് വീട്ടുകാരുടെ മൊഴികളിൽ ഉണ്ടായിരുന്നില്ല.   പ്രതാപ് ഉടനെ അഞ്ചനയുടെ അച്ഛനെ വിളിച്ച് ഈ കാര്യം അന്വേഷിച്ചു.   പ്രതാപിനോട് അഞ്ചനയുടെ അച്ഛൻ പറഞ്ഞ മറുപടി,   ആ കോളേജിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടായിരുന്നത് കൊണ്ട് അവൾക്ക് അവിടെ പഠിക്കാൻ താത്പര്യമില്ലായിരുന്നു. അ