Aksharathalukal

COUNTDOWN - Part 13

അദ്ധ്യായം – 13

 ബോധം മറയും മുൻപ് രക്തമൊഴുകിയിറങ്ങിയ കണ്ണുകളിൽ അയാൾ അവസാനം കണ്ട ദൃശ്യം പുറത്തെ വെളിച്ചത്തിലേക്ക് വിജയശ്രീലാളിതയായി ഇറങ്ങിപ്പോകുന്ന ഉമ കല്ല്യാണി ഐ.പി.എസ് ൻറേതായിരുന്നു.

 

കൂടുതലൊന്നും പറയാതെ രത്നവേലിൻറെ കൈകളിൽ കിടന്ന് അയാളും മരണം വരിച്ചു. രത്നവേൽ പകച്ചിരിക്കുകയായിരുന്നു. അയാളുടെ ചുമലിൽ ഒരു കൈ പതിഞ്ഞു. അപ്പോഴാണ് തൻറെ കൂടെ വന്ന രണ്ട് പേരെക്കുറിച്ച് അയാൾ ബോധവാനായത്. അവരപ്പോഴും മുഖംമൂടി ധരിച്ചിട്ടുണ്ടായിരുന്നു. രത്നവേൽ പതിയെ എണീറ്റു.

 

“നിങ്ങൾ ശരിക്കും ആരാണ് ?”

 

രത്നവേൽ മാനസികമായി തകർന്ന് പോയിരുന്നു. ഇത്തരത്തിൽ ഷൺമുഖൻറെ ഗ്യാങ്ങിനൊരു പരാജയം അയാളുടെ പേക്കിനാവുകളിൽ പോലുമില്ലായിരുന്നു.

 

അവർ രണ്ടാളും മുഖത്തണിഞ്ഞിരുന്ന കറുത്ത തുണി മാറ്റി. ശേഷം പോക്കറ്റിൽ നിന്നും ഐ.ഡി കാർഡ് എടുത്ത് നീട്ടി. അതിലെ ഫോട്ടോകൾക്ക് താഴെയുള്ള പേരുകൾ രത്നവേൽ വായിച്ചു.

 

ഡി.വൈ.എസ്.പി ഹരീഷ് രാമകൃഷ്ണൻ.......... സി.ഐ. മനോജ് സെബാസ്റ്റ്യൻ...

 

അത് വായിച്ച് നിവർന്ന് നോക്കിയ രത്നവേലിൻറെ തലയ്ക്ക് അവിടെ തന്നെ കിടന്നിരുന്ന ഇരുമ്പ് ദണ്ഡെടുത്ത് ഹരീഷ് ശക്തിയായി പ്രഹരിച്ചു. ചോര ചിതറിത്തെറിച്ചു. രണ്ട് കൈകളും തലയിലമർത്തിപ്പിടിച്ചുകൊണ്ട് രത്നവേൽ താഴെ വീണു. മനോജ് അയാൾക്കരികിലായി ഇരുന്നു.

 

“ഞങ്ങളെത്തും മുൻപ് ഉമ കാര്യങ്ങൾ നല്ല വെടിപ്പായി ചെയ്ത് തീർത്തു. ഇനി നീയായിട്ടെന്തിനാ ബാക്കി....”

 

ക്രൂരമായ ചിരിയോടെ മനോജ് അത് പറയുമ്പോൾ രത്നവേലിൻറെ കണ്ണുകളിൽ ഭയം നിറഞ്ഞു.

 

“ പക്ഷേ നീ പേടിക്കേണ്ട രത്നവേൽ നിന്നെ ഞങ്ങൾ കൊല്ലുന്നില്ല. നീ ഷൺമുഖനുള്ള അടയാളമാണ്. ഉമ കല്ല്യാണിക്കും ഈ കേരള പോലീസിനും എതിരേ കളിച്ചാൽ ഇതാവും ഒരോരുത്തരുടെയും അനുഭവമെന്ന് ബോദ്ധ്യപ്പെടുത്താനുള്ള അടയാളം. ഷൺമുഖൻ വരുമ്പോൾ പറഞ്ഞേക്ക്, കൂടും കുടുക്കയുമെടുത്ത് തിരിച്ച് പൊക്കോളാൻ.”

 

കാലുയർത്തി അവൻറെ വയറ്റിലൊരു തൊഴി കൂടി കൊടുത്ത ശേഷം അവരിരുവരും തിരിഞ്ഞ് നടന്നു. രത്നവേലിൻറെ ഞരക്കം അവർക്ക് പിന്നിൽ കേൾക്കാമായിരുന്നു.

 

പുറത്ത് ജീപ്പിൽ ബോധമില്ലാതെ ചോരയൊലിപ്പിച്ച് കിടന്നവനെ അവർ രണ്ടാളും ചേർന്ന് വലിച്ച് പുറത്തെടുത്തു. ആ കെട്ടിടത്തിൻറെ പ്രധാന ഡോറിന് വടക്ക് ഭാഗത്തായുള്ള കിണറിന് സമീപത്തേക്ക് കൊണ്ട് വന്ന അയാളെ അവരിരുവരും ചേർന്ന് കിണറ്റിലെ കയറിൽ കെട്ടിത്തൂക്കി. കഴുത്തിൽ കയർ മുറുകിയപ്പോൾ അയാൾ പിടഞ്ഞു. അത് കണ്ട് അവർ തിരിഞ്ഞ് നടന്നു. വണ്ടി സ്റ്റാർട്ട് ചെയ്ത്, ഒരു മുരൾച്ചയോടെ വെട്ടിത്തിരഞ്ഞ് ആ മൺറോഡിൽ പൊടിപറത്തി പാഞ്ഞു.

 

പ്രധാന റോഡിലേക്കെത്തും മുൻപ് കാറിനുള്ളിൽ അവരിരുവരും മുഖത്തോട് മുഖം നോക്കി ഉറക്കെ ചിരിച്ചു. ശേഷം മുഖത്ത് നിന്ന് സിലിക്കൺ മാസ്ക് മാറ്റി. കൈയ്യിലെ ബാഗിൽ അത് ഭദ്രമായി നിക്ഷേപിച്ചു. നഗരത്തിലെ ബാറിന് മുന്നിൽ കാർ പാർക്ക് ചെയ്ത് അവർ തങ്ങളുടെ വണ്ടിയിലേക്ക് കയറി.

 

ആ ബ്ലാക്ക് സ്കോർപ്പിയോ അതിവേഗം പാഞ്ഞു. ഡ്രൈവിംഗ് സീറ്റിൽ എ.സി.പി ശ്യാംമാധവും ഒപ്പം എസ്.പി സതീഷ് ബോസും. അടുത്ത അങ്കം കുറിച്ച സന്തോഷത്തിലായിരുന്നു.

 

******************

        

ഡി.വൈ.എസ്.പി ഹരീഷ് മനസിൽ എന്തൊക്കെയോ കണക്ക് കൂട്ടുകയായിരുന്നു. സി.ഐ.മനോജിനെ എൽപ്പിച്ച കാര്യങ്ങൾ അയാളും നന്ദനയും ചേർന്ന് ഭംഗിയായി ചെയ്തിട്ടുണ്ട്. തൻറെ സംശയങ്ങളെ സാധൂകരിക്കാനുതകുന്ന തെളിവുകൾ തന്നെയാണ് അവർ കണ്ടെത്തിയതും. നടന്ന സംഭവങ്ങളെല്ലാം നിരവധി തവണ കൂട്ടിയും കിഴിച്ചും നോക്കിയിട്ടും ചില കണ്ണികളെ ചേർത്ത് വയ്ക്കാനാകുന്നില്ലയെന്നത് ഹരീഷിനെ നിരാശനാക്കിയിരുന്നു. ടീം ലീഡറായ ഉമാകല്ല്യാണിയെപ്പോലും വിശ്വസിക്കാനാവാത്ത സാഹചര്യമാണ്. പക്ഷേ ടീമിലെ ബാക്കിയെല്ലാവരും വിശ്വസ്തരാണ്. അത് കൊണ്ടാണ് ഇന്നിവിടെ എല്ലാവരെയും വിളിപ്പിച്ചത്, അതും ഉമയോ മറ്റാരുമോ അറിയാതെയുള്ള ഒരു രഹസ്യ സന്ദർശനം. അവരുടെ വരവ് കാത്ത് ഹരീഷ് അക്ഷമനായിരുന്നു. മാഡത്തിനെ അറിയിക്കാതെ തങ്ങൾ നടത്തുന്ന നീക്കത്തെ പറ്റി എന്തെങ്കിലും സൂചന കിട്ടിയാൽ അത് വലിയ പ്രശ്നമാകുമെന്ന് ഹരീഷിനറിയാമായിരുന്നു. തങ്ങൾ സംശയിക്കും പോലെ ഈ രാവണസംഘത്തിൻറെ ഫ്ലാഷ് ബാക്കിലുള്ള ഉമയ്ക്ക് ഇന്നത്തെ അവരുടെ ചെയ്തികളുമായി ബന്ധമില്ലെങ്കിൽ തങ്ങൾ ഈ ചെയ്യുന്നത് വിശ്വാസവഞ്ചനയാകില്ലേ. ആശയസംഘടനം തൻറെ മനസിനെ വല്ലാതെ കീറിമുറിക്കുന്നതായി ഹരീഷിന് അനുഭവപ്പെട്ടു.

 

 

 അവിടേക്ക് ദീപിക ഒഴികെയുള്ള ടീം മെമ്പേഴ്സ് എത്തി.  സുഖവിവരങ്ങൾ അന്വേഷിച്ച സഹപ്രവർത്തകരോട് യെസ് ഐ ആം ഓകെ എന്ന് മാത്രം പറഞ്ഞ് കൊണ്ട് ഹരീഷ് കാര്യത്തിലേക്ക് കടന്നു.

 

“ കഴിഞ്ഞ ദിവസം മനോജ് നിങ്ങളോട് കുറച്ച് കാര്യങ്ങൾ സംസാരിച്ചിരുന്നു എന്ന് ഞാൻ കരുതുന്നു. ഈ ഒരു കേസിൽ നമുക്ക് നമ്മുടെ നിഴലിനെപ്പോലും വിശ്വസിക്കാനാവില്ല. കഴിഞ്ഞ ദിവസം പറഞ്ഞത് പോലെ ഉമ മാഡത്തിന് ശ്യാം സാർ മുതലുള്ള പോലീസുകാരുടെ തിരോധാനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതിൽ അതിശയോക്തിയില്ല. കാരണം ശ്യാം മാധവ്, കിരൺ മാത്യു, സതീഷ് ബോസ്, അൻവർ, അജിത്ത്, മുകുന്ദൻ ഈ പോലീസുകാർക്ക് പൊതുവായുള്ള എല്ലാ സവിശേഷതയും ഉമ കല്ല്യാണി ഐ.പി.എസ് നും ഉണ്ട്. ‘ആരെയും ഭയക്കാത്ത ചങ്കുറപ്പ്, മനസിലുള്ളത് ഏത് കൊമ്പൻറെ മുന്നിലും വെട്ടിത്തുറന്ന് പറയാനുള്ള ധൈര്യം, പിന്നെ ക്രിമിനൽസിനെ കയ്യിൽക്കിട്ടിയാൽ നിർദ്ദയമുള്ള ഭേദ്യം ചെയ്യൽ’. സോ ദെയർ ഈസ് എ ചാൻസ് , നമ്മൾ കരുതുന്നത് പോലെ രാവണൻ എന്നത് ഈ കാണാതായ പോലീസുകാരുൾപ്പെടുന്ന ഒരു പത്തംഗ സംഘമാണെങ്കിൽ അതിലൊരുപക്ഷേ ഉമ കല്ല്യാണി ഐ.പി.എസ് ഉം ഉണ്ടായേക്കാം. സോ വീ ഷുഡ് ഹൈഡ് അവർ ഫൈൻഡിംഗ്സ് ഫ്രം ഹെർ. “

 

 

“ഞങ്ങളത് സാറിനോട് പറയാൻ തുടങ്ങുകയായിരുന്നു. നമ്മൾ ചിന്തിക്കുന്നതിനും അപ്പുറത്താണ് ഉമ മാഡം” മനോജാണ് മറുപടി പറഞ്ഞത്.

 

 

“എന്തായിരിക്കും ഈ രാവണൻറെ അവതാര ലക്ഷ്യം. നന്മയോ ? തിന്മയോ ? സാധാരണ ഈ അവതാരങ്ങൾ പിറവിയെടുക്കുന്നത് ധർമ്മസംസ്ഥാപനത്തിനാണല്ലോ.”

 

പാതി കളിയായും പാതി കാര്യമായുമാണ് റഫീക്ക് ചോദിച്ചത്. അത് കേട്ട ഹരീഷിൻറെ മുഖത്തും ഒരു ഗൂഢസ്മിതമുണ്ടായിരുന്നു.

 

“നന്മയും തിന്മയും .............. അത് കാഴ്ചപ്പാടുകൾക്കനുസരിച്ച് ചിലപ്പോൾ മാറി മറിയും ശിവലാൽ ഷെട്ടിയെ കൊന്നത് നിയമത്തിൻറെ കാഴ്ചപ്പാടിൽ തിന്മയും നീതിയുടെ കാഴ്ചപ്പാടിൽ നന്മയുമാണ്. ഇപ്പോത്തന്നെ ഉമ കല്ല്യാണിയെ ആരോ കിഡ്നാപ്പ് ചെയ്തെന്ന് വാർത്ത് കേട്ടപ്പോൾ നമ്മുടെ കൂട്ടത്തിലുള്ള പലരും മനസിൽ പറഞ്ഞതെന്താണ് , അവൾക്കത് വേണം , അവളുടെ അഹങ്കാരം ശമിക്കാൻ ഇങ്ങനെയെന്തേലും വേണം എന്നല്ലേ.? ആ ചിന്ത നന്മയാണോ? അതോ തിന്മയാണോ? അഹങ്കാരവും ചങ്കൂറ്റവും ഹീറോയിസവും ഒക്കെ ആണിൻറെ മാത്രം കുത്തകയാണെന്ന് വിശ്വസിക്കുന്നത് കൊണ്ടാവില്ലേ ആർക്കും ഉമ കല്ല്യാണിയെന്ന പരുക്കൻ പോലീസുകാരിയെ ഉൾക്കൊള്ളാനാവാത്തത്. സോ ഇവിടെ നന്മയും തിന്മയുമൊക്കെ പടിക്ക് പുറത്ത് നിൽക്കട്ടെ, വീ ഹാവ് ടു ഫൈൻഡ് ഔട്ട് ദ ആക്ഷൻ പ്ലാൻ ഓഫ് രാവണൻ.... എനിവേ ഞാൻ ഒന്ന് രണ്ട് ദിവസത്തിനുള്ളിൽ ഡിസ്ചാർജ്ജ് ആകും. എന്നിട്ട് വേണം നമുക്കൊന്നിച്ചിറങ്ങാൻ, രാവണൻറെ പത്ത് തലകളും കണ്ടെത്താൻ.”

 

അത് പറയുമ്പോൾ ഹരീഷിൻറെ മുഖത്ത് ആത്മവിശ്വാസം പ്രതിഫലിച്ചിരുന്നു. പെട്ടെന്ന് എന്തോ ഓർത്തിട്ടെന്ന പോലെ ഹരീഷ് ചോദിച്ചു.

 

“ ആ പിന്നെ ചോദിക്കാൻ മറന്നു. എന്താണ് മാഡം ഉമ കല്ല്യാണി രക്ഷപെട്ടതിനെക്കുറിച്ചുള്ള ന്യൂസ്”

 

“മാഡത്തിനെ തട്ടിക്കൊണ്ട് പോയ വണ്ടി ആ റിസർവ് വനത്തിൻറെ അതിർത്തിയിലെ ചെറിയ പാലത്തിൽ വച്ച് ബ്രേക്ക് ഡൗണായി. ആ തക്കത്തിൽ അവരുടെ പിടിയിൽ നിന്നും കുതറി മാറി പാലത്തിൽ നിന്നും താഴെ പുഴയിലേക്ക് ചാടി നീന്തി രക്ഷപെട്ടു എന്നാണ് പറഞ്ഞത്. “

 

മനോജ് അത് പറയുമ്പോൾ അയാളുടെ മുഖത്ത് പരിഹാസം നിഴലിച്ചിരുന്നു.

 

“പിടിവലിയുടെ ഭാഗമായുണ്ടായ ചെറിയ പരിക്കുകൾ മാത്രമേ മാഡത്തിനുള്ളൂ. കേമന്മാരായ ഐ.പി.എസ്സുകരുൾപ്പെടെ കുറേയാണുങ്ങളെ നിസ്സാരമായി കടത്തിക്കൊണ്ട് പോയ ക്രിമിനൽ സംഘത്തിൽ നിന്നും അതി സാഹസികമായി രക്ഷപെട്ട ഉമ കല്ല്യാണി ഐ.പി.എസ് ൻറെ വീരകഥകളാണ് ചാനലുകളിൽ നിറയേ..... പക്ഷേ എന്ത് കൊണ്ടാണ് രക്ഷപെടലിനെക്കുറിച്ച് അങ്ങനെയൊരു കള്ളക്കഥ മാഡം പറഞ്ഞതെന്ന് എനിക്ക് മനസിലായില്ല. മാഡം വിളിച്ചതനുസരിച്ച് മനോജ് സാർ മാഡത്തിനെ പിക് ചെയ്യാൻ ചെല്ലുമ്പോൾ ആ നാല് ക്രിമിനൽസും മരിച്ചിരുന്നു, നാല് പേരെ കൊന്നുവെന്ന് പറഞ്ഞാൽ മാഡത്തിനെതിരേ നടപടി വരുമെന്ന് ഭയന്നിട്ടാണോ? അതോ മറ്റെന്തെങ്കിലും കാരണം കൊണ്ടാണോ ?”

 

നന്ദന നടന്ന സംഭവങ്ങൾ വിവരിച്ചപ്പോൾ മനോജ് അതിനോട് തൻറെ നിഗമനങ്ങൾ കൂട്ടിച്ചേർത്തു.

 

“ആരെയെങ്കിലും ഭയന്ന് മാഡം എന്തെങ്കിലും മറച്ച് വയ്ക്കുമെന്ന് വിശ്വസിക്കാനാവില്ല. അതിന് മറ്റെന്തോ കാരണമുണ്ട്. നമുക്കറിയാത്ത, മാഡം തുറന്ന് പറയാത്ത ആ കാരണം തന്നെയാണ് മാഡത്തിനെ രാവണനുമായി ചേർത്ത് നിർത്താൻ എന്നെ പ്രേരിപ്പിക്കുന്നത്. മാളത്തിലൊളിച്ചിരിക്കുന്ന പാമ്പിനെ മാളത്തിന് വെളിയിൽ തീയിട്ട് ആ പുക കയറ്റി പുറത്ത് ചാടിച്ച് തല്ലിക്കൊല്ലുന്നത് കണ്ടിട്ടുണ്ട് നാട്ടിൻ പുറത്ത്. ഇതെല്ലാം ആരെയൊക്കെയോ പുകച്ച് പുറത്ത് ചാടിക്കാനുള്ള കളമൊരുക്കലല്ലേയെന്ന് ഞാൻ ബലമായി സംശയിക്കുന്നു.”

 

“മനോജേ ഞാൻ പറഞ്ഞില്ലേ, രാവണൻറെ ലക്ഷ്യവും അതൊക്കെ തന്നെയാണ്. എന്തായാലും നമ്മുടെ ഫയലിൻറെ കോപ്പി ഒരെണ്ണം എനിക്കിവിടെ വേണം അൺ ഓഫീഷ്യലായി. ഡി.വൈ.എസ്.പി രാജൻ ജോണിൻറെ തിരോധാനം മുതൽ ഉമയുടെ രക്ഷപെടൽ വരെ , ആ യാത്രയിൽ അവർക്കൊപ്പം ഒന്ന് സഞ്ചരിക്കണം. ഇതിൻറെ പിന്നിലെ ദുരൂഹതകളൊക്കെ അഴിക്കണം നമുക്ക്. ”

 

പക്ഷേ അപ്പോൾ റഫീക്കിന് തൻറെ മനസ്സിൽ കുറേ ദിവസ്സമായി നുരഞ്ഞ് പൊന്തിയിരുന്ന സംശയങ്ങൾ ചോദിക്കാതിരിക്കാനായില്ല.

 

“സാറ് മുൻപ് നന്മയെയും തിന്മയെയും കുറിച്ച് പറഞ്ഞല്ലോ, രാവണൻ .... അത് ആരോ ആയിക്കോട്ടെ, പക്ഷേ ആദ്യം കാണാതായ ഡി.വൈ.എസ്.പി രാജൻ ജോൺ, പ്രസാദ്, പീറ്റർ, സുഭാഷ് ഇവർ നാലുപേരും കൊല്ലപ്പെട്ടു എന്നുറപ്പായതാണല്ലോ, അതെല്ലാം ചെയ്തത് നിഖൽ രാമനാണെന്നതും സംശയമില്ലാത്ത കാര്യമാണ്. പക്ഷേ ഇതേ നിഖിൽ രാമനും കൊല്ലപ്പെട്ടു. അതിന് ശേഷം കാണാതായ പോലീസുകാരിൽ ആരുടെയും ഡെഡ്ബോഡി കിട്ടിയിട്ടിട്ടില്ല, നമ്മൾ അന്വേഷിച്ചിടത്തോളം കൊല്ലപ്പെട്ട നിഖിൽ രാമനും മരണപ്പെട്ട നാല് പോലീസുകാരുമായും ബന്ധമുണ്ട്. നിഖിലിന് അവരെ കൊല്ലാൻ തക്കതായ കാരണവുമുണ്ട്. പക്ഷേ അതിൻറെ തുടർച്ചയായി നടന്ന പിന്നീടുള്ള കാണാതാകലുകളിൽ ജെറാൾഡ് സേവ്യറിന് മാത്രമാണ് ഈ നിഖിൽ രാമനുമായി കണക്ഷനുള്ളത്. കാരണം നിഖിലിൻറെ നിരപരാധിത്വത്തെക്കുറിച്ച് അന്ന് സംസാരിച്ച ഒരേയൊരു ജേർണലിസ്റ്റ് അയാളായിരുന്നു. പക്ഷേ ശ്യാം സാറുൾപ്പെടെയുള്ള പോലീസുകാർക്കാർക്കും ഈ നിഖിൽ രാമനുമായി യാതൊരു ബന്ധവുമില്ല. അപ്പോ ഇത് രണ്ടും തീർത്തും വ്യത്യസ്തമായ രണ്ട് കേസുകളല്ലേ. പോലീസുകാരുടെ മരണവും തിരോധാനവും. പരസ്പരം ബന്ധമില്ലാത്ത രണ്ട് കേസുകൾ. “

 

റഫീക്കിന് മറുപടി നൽകാൻ ആവേശത്തോടെ ചാടി വീണത് മനോജായിരുന്നു.

 

“റഫീക്ക് പറഞ്ഞത് കുറച്ച് ശരിയാണ്. കുറച്ച് മാത്രം, പിന്നെ വലിയൊരു തെറ്റും. പോലീസുകാരുടെ മരണവും തിരോധാനവും തമ്മിൽ ബന്ധമില്ലയെന്നതൊഴികേ.”

 

“റഫീക്കേ കാര്യങ്ങളൊക്കെ ഞാൻ വിശദമാക്കിത്തരാം. അതിനു മുന്നേ മറ്റോരു കാര്യം നമ്മുടെ ഈ  അൺ ഒഫീഷ്യൽ മീറ്റിംഗിനെപ്പറ്റി മാഡം അറിഞ്ഞിട്ടില്ലല്ലോ അല്ലേ ?”

 

 ഹരീഷിൻറെ ഉള്ളിലെ ആശങ്ക തെല്ലും ശമിച്ചിരുന്നില്ല. ഹരീഷിന് മാത്രമല്ല ആശങ്കയെല്ലാവർക്കും ഉണ്ടായിരുന്നു.  ഉമ ഇതറിഞ്ഞാൽ എങ്ങനെയാണ് പ്രതികരിക്കുക എന്ന് അവർക്കെല്ലാം നല്ല ധാരണയുണ്ടായിരുന്നു.

 

“ഇല്ല സാർ ഉമ മാഡം ഇന്ന് ചാനലുകാർക്ക് ഇൻറർവ്യൂ കൊടുക്കുന്ന തിരക്കിലാണ്. മാഡത്തിൻറെ മൂവ്മെൻറ് വാച്ച് ചെയ്യാൻ ദീപികയെ ഒപ്പം നിർത്തിയിട്ടുണ്ട്.”

 

വന്ദനയുടെ വാക്കുകൾ ഹരീഷിന് ചെറിയ ആശ്വാസം നൽകി.

 

“ഒകെ. എങ്കിൽ ലെറ്റ്സ് സ്റ്റാർട്ട്. ടൈം ഈസ് വെരി വെരി പ്രെഷ്യസ് ഫോർ അസ്. ഇപ്പോ റഫീക്കിൻറെ  സംശയത്തിൽ നിന്ന് തുടങ്ങാം. റഫീക്ക് പറയുന്നു ഡി.വൈ.എസ്.പി രാജൻ ജോണിൻറേതുൾപ്പെടെയുള്ള നാല് കൊലപാതകങ്ങളും, എ.സി.പി ശ്യാംമാധവ് മുതലിങ്ങോട്ട് 6 പോലീസുകാരെയും ഒരു ജേർണലിസ്റ്റിനെയും കാണാതായ കേസും തമ്മിൽ ബന്ധമില്ലെന്ന്. വാട്ട് യൂ തിങ്ക്? എനി ബഡി എഗ്രീസ് വിത്ത് ഹിം.?”

 

ഹരീഷ് ഉത്തരത്തിനായി ഒരോരുത്തരുടെയും മുഖത്ത് മാറി മാറി നോക്കി. എന്നാൽ ആരും ഒന്നും പറഞ്ഞില്ല. പക്ഷേ ചോദിക്കാതെ അവശേഷിക്കുന്ന സംശയങ്ങൾ അവർക്കുണ്ടെന്ന് അവരുടെ മുഖഭാവം വ്യക്തമാക്കി. കഴിഞ്ഞ ദിവസം മനോജും വന്ദനയും കൊണ്ട് വന്ന ഫയൽ ബെഡിനടിയിൽ നിന്നും ഹരീഷ് കൈയ്യിലെടുത്തു.

 

“ഓക്കെ… ഐ നോ സം ഓഫ് യൂ ഹാവ് ഡൗട്ട്സ് എബൗട്ട് അവർ കേസ്. ബട്ട് റ്റുടേ ഓൾ ഓഫ് യു ഗെറ്റ് ക്ലാരിഫിക്കേഷൻസ് എബൗട്ട് ദിസ് കേസ്. ബട്ട് റിമംബർ. ഇറ്റ്സ് സ്ട്രിക്റ്റ്ലി കോൺഫിഡൻഷ്യൻ, ഒരിക്കലും നമ്മൾ അല്ലാതെ മറ്റൊരാളിനോട് പോലും ഇനി പറയുന്ന കാര്യങ്ങൾ ഡിസ്കസ് ചെയ്യരുത്, സ്വന്തം ജീവിത പങ്കാളിയോട് പോലും.”

 

ഡി.വൈ.എസ്.പി ഹരീഷ് എന്താണ് പറയുന്നതെന്ന് കേൾക്കാൻ അവരെല്ലാം കാത് കൂർപ്പിച്ചു.

 

 തുടരും


COUNTDOWN -Part 14

COUNTDOWN -Part 14

4.6
2048

തൻറെ ചുറ്റിനുമുള്ളവരുടെ ആകാംക്ഷ മനസിലാക്കിയ ഹരീഷ് തനിക്കറിയാവുന്നൊരു പഴയ കഥ പറഞ്ഞു.       "ഇരുപത്തിനാല് വർഷങ്ങൾക്ക് മുൻപ് കേരളത്തിലെ പ്രസിദ്ധമായ ഒരു ബാല മാസിക സ്കൂൾ വിദ്യാർത്ഥികൾക്കായി ഒരു സംസ്ഥാനതല ക്വിസ് മത്സരം നടത്തി. വിജയികളാകുന്ന പത്ത് പേർക്ക് 5 ദിവസത്തെ ടൂർ പാക്കേജായിരുന്നു സമ്മാനം. അതിരപ്പള്ളി, വാഴച്ചാൽ, ഊട്ടി, മൈസൂർ, ഹംപി ഇതൊക്കെയായിരുന്നു ആ പാക്കേജിലെ പ്രധാന സ്ഥലങ്ങൾ. വളരെ മികച്ച നിലവാരത്തിലുള്ള മത്സരമായിരുന്നു. യു.പി , ഹൈ സ്കൂൾ വിഭാഗത്തിൽ വെവ്വേറെ മത്സരമായിരുന്നു. രണ്ട് വിഭാഗങ്ങളിൽ നിന്നും ആദ്യ 5 സ്ഥാനത്തെത്തുന്നവർക്കായിരുന്