Aksharathalukal

DELIVERY BOY(last part )

DELIVERY BOY

✍🏻SANDRA C.A#Gulmohar❤️

 

"പിന്നീട് പലപ്പോഴും ആ ചാരനിറ കണ്ണുകൾ എന്നെ പിന്തുടരുന്നതായി ഞാൻ അറിഞ്ഞു...
 

ദേഷ്യക്കാരനായ,നല്ല സ്റ്റെലീഷായ, കാശുക്കാരനായ ഡേവിഡ് സാർ എല്ലാ പെൺക്കുട്ടികളുടെയും ആരാധനാപാത്രമായിരുന്നു...

ആൺക്കുട്ടികൾക്കാകട്ടെ പേടി സ്വപ്നവും...!!

സാറിന്റെ ക്ലാസ് കട്ടാക്കുക,പ്രൊജക്ട് സബ്മിറ്റ് ചെയ്യാതിരിക്കുക എന്നതൊക്കെ ഒരിക്കലും നടക്കാത്ത മനോഹരമായ സ്വപ്നം മാത്രമായിരുന്നു...
 

അദ്ദേഹത്തിന്റെ സബിന് മാത്രം എല്ലാവരും നല്ല മാർക്കും സ്കോർ ചെയ്തിരുന്നു...

ശരിക്കും പറഞ്ഞാൽ ഞങ്ങളുടെ വി.സി.ക്ക് വരെ അയാളോട് പേടി കലർന്നൊരു ബഹുമാനമായിരുന്നു...
 

ക്ലാസ് എടുക്കുന്ന സമയത്തൊഴികെ സദാ ഗൗരവ്വം സ്ഫുരിക്കുന്ന മുഖം..

ഭൂരിഭാഗം സമയവും ലാബിലും ലെെബ്രററിയിലുമായി ചെലവഴിക്കുന്ന അദ്ദേഹം പുറത്ത് നിന്ന് കാണുന്നവർക്ക് ഒരു അദ്ഭൂതമായിരുന്നു..
 

അയാളോട് അഞ്ച് മിനിറ്റ് സംസാരിക്കാൻ ഭയപ്പെടുന്നതിനോടൊപ്പം അത് കൊതിക്കുന്ന ധാരാളം പേരും ഉണ്ടായിരുന്ന സമയത്താണ് ആ കണ്ണുകൾ എന്നെ പിന്തുടരാൻ തുടങ്ങിയത്..
 

ആദ്യമൊക്കെ ഒട്ടൊരു ഭയപ്പാടൊടെയാണ് ഞാൻ അതിനെ കണ്ടതെങ്കിലും മറ്റുളളവരുടെ കണ്ണുകൾ എന്നെ അസൂയയോടെ നോക്കുന്നത് കണ്ടതൊടെ ഞാനും അത് ആസ്വദിക്കാൻ തുടങ്ങി...

 

ഞാൻ നന്നായി പഠിക്കും,എന്റെ അച്ഛന്റെ സ്വപ്നമായിരുന്നു ഞാൻ ഒരു ഡോക്ടറാകുക എന്നത്,അച്ഛന്റെ ആഗ്രഹം നിറവേറ്റൻ ഞാൻ ആർത്തിയോടെയാണ് പഠിച്ചത്...
 

ശരിക്കും എന്റെ വീട് ഒരു സ്വർഗ്ഗമായിരുന്നു...

ഞാനായിരുന്നു അവിടുത്തെ റാണി...

അമ്മയും അച്ഛനും ചേട്ടനുമെല്ലാം എന്റെ ആജ്ഞാനുവർത്തികളായിരുന്നു...
 

ഞാൻ ഒന്നും ആവശ്യപ്പെട്ടില്ലെങ്കിലും എന്റെ ഇഷ്ട്ടങ്ങൾ മാത്രമായിരുന്നു വീട്ടിലെ ശീലങ്ങൾ...!!!
 

അതുക്കൊണ്ട് തന്നെ എന്റെ മനസ്സ് ഞാൻ പലപ്പോഴും അവർക്ക് മൂന്ന് പേർക്കും ഒരു വിഷമവും വരാതിരിക്കാൻ സ്വയം നിയന്ത്രിച്ചിരുന്നു...

അതുക്കൊണ്ട് തന്നെ ഡേവിഡ് സാറിനെ ഞാൻ ഒരിക്കലും എന്റെ ഹൃദയത്തിനുളളിലേക്ക് കയറാൻ അനുവദിച്ചിരുന്നില്ല...
 

പക്ഷേ,..വിധിയെ തടയാൻ പറ്റില്ലലോ..??

ഒരു ദിവസം ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയ ഞാൻ കാണുന്നത് ദേഷ്യം കൊണ്ട് വിറച്ചു നിൽക്കുന്ന അച്ഛനെയും അപമാനിതരായി ഇറങ്ങി പോകുന്ന ഡേവിഡ് സാറിനെയും ആയിരുന്നു,സാറിന്റെ ഒപ്പം ആരെക്കെയോ ഉണ്ടായിരുന്നു...

കാര്യമറിയാതെ പകച്ചു നിൽക്കുന്ന എന്നെ കണ്ടതും അയാളുടെ ഉളളിലെ കൗശലം ഉണർന്നു...
 

സ്കൂട്ടിക്ക് അരികിൽ ഒന്നും മിണ്ടാതെ നിൽക്കുന്ന എന്റെ അടുത്തേക്ക് പാഞ്ഞു വന്ന അയാൾ എന്നെ ഇറുകെ പുണർന്നു...

എന്റെ അച്ഛനും ചേട്ടനും നോക്കി നിൽക്കെ അയാൾ എന്റെ നെറ്റിയിൽ ചുംബിച്ചു,കരഞ്ഞു കൊണ്ട് എന്തൊക്കെയോ പറഞ്ഞുക്കൊണ്ടിരുന്നു...!!
 

അതെല്ലാം വെറും നാട്യങ്ങളായിരുന്നെങ്കിലും കൂടി നിന്നവർക്കൊക്കെ ഞങ്ങൾ തമ്മിൽ എന്തൊ ബന്ധമുണ്ടെന്ന് തോന്നിപ്പിക്കാൻ അയാൾക്ക് സാധിച്ചു...!!

അപ്പോഴേക്കും അതൊക്കെ കണ്ടു ദേഷ്യം പിടിച്ച എന്റെ അച്ഛനും ചേട്ടനും ഒാടി വന്ന് അയാളെ പിടിച്ചു മാറ്റുകയും വഴക്കു പറയുകയും ആ വഴക്ക് പിന്നീട് കയ്യാങ്കളിയിലേക്ക് വരെ എത്തുകയും ചെയ്തു...
 

അപ്പോഴും നടന്നതെന്താണെന്ന് അറിയാതെ പകച്ചു നിൽക്കുകയായിരുന്നു ഞാൻ...

ഒടുവിൽ ആരൊക്കെയോ ചേർന്ന് അവരെ വണ്ടിയിൽ കയറ്റി വിട്ടു,

അയൽക്കാരൊക്കെ കണ്ടതറിഞ്ഞ് അപമാനിതനായ അച്ഛൻ എന്നെ എല്ലാവരുടെയും മുന്നിൽ വെച്ച് തലങ്ങും വിലങ്ങും തല്ലി..
 

ആദ്യമായിട്ടായിരുന്നു  അച്ഛനെന്നെ തല്ലുന്നത്,അതും അത്രയും ആളുകളുടെ മുന്നിൽ വെച്ച്..!!

എനിക്ക് സങ്കടം സഹിക്കാൻ പറ്റുന്നില്ലായിരുന്നു...

അച്ഛനെ ചേട്ടൻ പിടിച്ചു മാറ്റിയപ്പോഴേക്കും അവശയായ എന്നെ അമ്മയും ചേട്ടത്തിയും കൂടി താങ്ങിയെങ്കിലും അവരെ മറി കടന്നു ഒാടി മുറിയിൽ കയറി ഞാൻ വാതിലടച്ചു...
 

ഒന്നു വഴക്ക് പോലും പറയാതെ കെെ വെളളയിൽ എന്നെ കൊണ്ട് നടന്ന അച്ഛൻ അത്രയും പേരുടെ മുന്നിലിട്ട് എന്നെ തല്ലിയതിന്റെ സങ്കടം സഹിക്കവയ്യാതെ ഞാൻ ഒരു അബദ്ധം കാണിച്ചു,

കെെയ്യിലിരുന്ന ക്ലീനിക്കൽ ബ്ലേഡ് കൊണ്ട് ഞാൻ ഞരമ്പ് കട്ട് ചെയ്തു...!!
 

ഭാഗ്യമോ നിർഭാഗ്യമോ തുറന്നിട്ട
ജനൽ വഴി ചേട്ടത്തി അത് കാണുകയും ഉടനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തത് കൊണ്ട് ജീവൻ തിരിച്ചു കിട്ടി..
 

അച്ഛൻ എന്നെ തല്ലിയതിന്റെ വേദനയിൽ ആശൂപത്രിയിൽ കിടക്കുന്ന എന്നെ കാണാൻ അയാളെത്തി...

അയാളുടെ വാക്ചാതുരി വിശ്വസിച്ച എന്റെ വീട്ടുക്കാർ, അയാളെ കിട്ടാത്തതിലുളള നിരാശയിലാണ് എന്റെ ഈ ആത്മഹത്യ ശ്രമമെന്ന് വിശ്വസിച്ചു..

അങ്ങനെ എന്നെ ഡിസ്ചാർജ് ചെയ്യുന്നതിന്റെ പിറ്റേ ദിവസം തന്നെ അയാളുമായുളള എന്റെ നിശ്ചയം ഉറപ്പിച്ചു...
 

എന്നെ വിഷമിപ്പിക്കാതിരിക്കാൻ അയാളൊടൊത്ത് എന്റെ വിവാഹമുറപ്പിച്ചെന്ന് അച്ഛൻ സന്തോഷം അഭിനയിച്ച് പറയുമ്പോൾ ഉളളിന്റെ ഉളളിൽ ഞാൻ നീറുകയായിരുന്നു...!!
 

എന്തുക്കൊണ്ടോ അന്ന് അത് എതിർക്കാനുളള ശക്തി എനിക്ക് ഉണ്ടായില്ല...
 

ഒടുവിൽ എന്റെ വീട്ടുക്കാരെ വെറും പാവകളാക്കി കുരിശുങ്കൽ തറവാട്ടുക്കാർ അവരുടെ ഇടവകയിൽ വെച്ച് എന്റെയും അയാളുടെയും വിവാഹമുറപ്പിച്ചു...
 

കല്യാണത്തിനിടുന്ന ഡ്രസ്സ് തൊട്ട് ഞങ്ങൾ ഏത് വണ്ടിയിൽ വരണമെന്ന് വരെ അവർ പറഞ്ഞതനുസരിച്ചായിരുന്നു ഞങ്ങൾ ഒരുങ്ങിയത്...
 

അവസാനം എന്റെ വിവാഹം ഒരു സ്വപ്നമായി കണ്ട എന്റെ വീട്ടുക്കാർ ചാപ്പലിന്റെ പിറകിൽ വെറും അന്യരെ പോലെ നിന്ന് എന്റെ മിന്നുകെട്ട് കണ്ടു...
 

മറ്റുളളവരുടെ മുന്നിൽ വെച്ച് അവരെ കളിയാക്കിയും കുത്തി പറഞ്ഞും ഡേവിഡ് സാറിന്റെ വീട്ടുക്കാർ അവരെ പരമാവധി നാണം കെടുത്തി..

എന്റെ കല്യാണത്തിന്റെ വകയായ ഒരു പിടി അന്നം പോലും കഴിക്കാൻ അവരെ ഡേവിഡ് സാറിന്റെ വീട്ടുക്കാർ സമ്മതിച്ചില്ല...
 

അന്ന് ഇതെല്ലാം കണ്ട് മൗനമായി കരയാനെ എനിക്ക് കഴിഞ്ഞുളളൂ...
 

അജിത്തിനറിയാമോ..??
 

സ്വന്തം വിവാഹത്തിന്റെ ഭക്ഷണം കണ്ണീരുപ്പ് കൂട്ടിയാ ഞാൻ കഴിച്ചത്...

ഇത്രയൊക്കെ പ്രഹസനം കാണിച്ച് എന്നെ കല്യാണം കഴിച്ച് കുരിശുങ്കൽ വീട്ടിലേക്ക് കയറ്റിയതും നേരെ കൊണ്ട് പോയത് അടുക്കളയിലേക്കായിരുന്നു...
 

ആരെക്കെയോ കഴിച്ച് ബാക്കിയിട്ട എച്ചിൽ പാത്രങ്ങൾ കഴുകാനായിട്ട്...!!
 

ആരും അടുത്തില്ലാതെ വിവാഹവസ്ത്രത്തിൽ ആ എച്ചിൽ പാത്രങ്ങൾ കഴുകിക്കൊണ്ടിരിക്കുമ്പോഴാണ് കെെയ്യിൽ ഒരു കുഞ്ഞുമായി ഒരാൾ മുന്നിലെത്തിയത്...!!!
 

ഡേവിഡ് സാറിന്റെ ചേട്ടന്റെ ഭാര്യ...!!
 

റീന...!!!
 

ആൾ എനിക്ക് നേരെ ഒരു ചെറു ചിരി സമ്മാനിച്ചെങ്കിലും പകരം എനിക്ക് പൊട്ടിക്കരയാനെ സാധിച്ചുളളൂ...!!


 

    💫💫💫💫💫💫💫💫💫💫💫

 

അന്ന് രാത്രിയിൽ ആരും എന്നെ ഭക്ഷണം കഴിക്കാൻ വിളിച്ചതുമില്ല ഡേവിഡ് സാറിന്റെ മുറി വിട്ട് ഞാൻ പുറത്തേക്ക് ഇറങ്ങിയതുമില്ല...!!

 

അന്ന് ഡേവിഡ് സാറും എന്നെ തേടി വന്നില്ല..

അതെനിക്കൊരു ആശ്വാസമായിരുന്നു...!!

 

പക്ഷേ, പിറ്റേന്ന് തന്നെ എന്റെ എല്ലാ വിശ്വാസങ്ങളും തെറ്റിച്ച് അവരെന്നെ നിർബന്ധിതമായി മതം മാറ്റാൻ ശ്രമിച്ചു...
 

ഒരു പെണ്ണിന് ഒറ്റയ്ക്ക് എത്ര നേരം പിടിച്ചു നിൽക്കാൻ സാധിക്കും...???

ഒടുവിൽ നിവർത്തികേട് കൊണ്ട് ഞാൻ എന്റെ ചേട്ടനെ വിളിച്ച് കാര്യം പറഞ്ഞു,
 

ചേട്ടൻ അച്ഛനെയും കൂട്ടി വേഗം തന്നെ പളളിയിലെത്തി...!!
 

അന്ന് അതൊരു വലിയ വഴക്കിലാണ് കലാശിച്ചത്...

കുരിശുങ്കൽ വീട്ടുക്കാരെ ഞങ്ങൾ അപമാനിച്ചെന്ന് പറഞ്ഞു എന്റെ അച്ഛന്റെയും ചേട്ടന്റെയും മുന്നിൽ വെച്ച് അയാൾ എന്നെ ക്രുരമായി മർദ്ദിച്ചു...
 

അത് കണ്ട് പെട്ടെന്ന് അച്ഛന് ദേഹാസ്വസ്ഥ്യം ഉണ്ടായി...

അച്ഛനെ രക്ഷിക്കാൻ ചേട്ടൻ പോയ ആ ഒരു ചെറിയ ഗ്യാപ്പിൽ ആ നീചൻ എന്നെ വലിച്ചിഴച്ച് അയാളുടെ വണ്ടിയിൽ കയറ്റി...
 

സ്വന്തം അച്ഛന് ഒരു വയ്യാഴിക വന്നിട്ട് കൂടി എനിക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല...

വീട്ടിലെത്തി അത് ചോദ്യം ചെയ്ത എന്നെ അയാൾ മൃഗീയമായി തല്ലി ചതിച്ചു...
 

അന്ന് രാത്രി തളർന്നു കിടന്നുറങ്ങുന്ന എന്റെ നേരെ ഭക്ഷണവുമായി വന്നത് റീന ചേച്ചിയായിരുന്നു...
 

അച്ഛന് എന്തുപറ്റിയെന്നറിയാതെ ചങ്കു പൊട്ടി കരയുന്ന എന്നെ റീന ചേച്ചി എങ്ങനെക്കെയോ ആശ്വസിപ്പിച്ചു...!!!

 

        💫💫💫💫💫💫💫💫💫💫


 

പതിയെ പതിയെ ആ വീട്ടിലെ രീതികൾ എനിക്ക് മനസ്സിലായി തുടങ്ങി...

 

ആർക്കും മുഖം തരാതെ ഉമ്മറ കസാരയിൽ ഒതുങ്ങുന്ന അച്ഛൻ...!!

 

എല്ലാവരെയും അടക്കി വാഴുന്ന അമ്മ...!!
 

അമ്മയുടെ താളത്തിനൊത്തു തുളളുന്ന രണ്ട് ആൺ മക്കൾ..!!
 

കെട്ടിച്ച് വിട്ടതാണെങ്കിലും അമ്മയ്ക്കൊപ്പം എന്നെയും റീന ചേച്ചിയെയും ദ്രോഹിക്കാൻ തരം കിട്ടുമ്പോൾ ഒാടി വരുന്ന നാത്തൂൻ...!!
 

പിന്നെ ഉളളത് ഒരു സ്നേഹ കടലായിരുന്നു...

എന്റെ റീന ചേച്ചി...!!
 

ചേച്ചിയ്ക്ക് ബുദ്ധി വളർച്ച അല്പം കുറവാണ്..
 

എങ്കിലും സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പാവമായിരുന്നു ചേച്ചി...!!


 

എനിക്ക് നേരെ കെെയ്യുർത്താനാണ് ഡേവിഡ് സാർ വരുന്നതെങ്കിലും ഡെന്നി ചേട്ടൻ റീന ചേച്ചിയെ മിക്കപ്പോഴും സ്നേഹം കൊണ്ട് പൊതിയുന്നത് ഞാൻ കണ്ടിട്ടുണ്ട്...
 

പക്ഷേ, അതിനും കൂടി അമ്മയും നാത്തൂനും കൂടി അതിനെ ദ്രോഹിക്കുമായിരുന്നു...
 

പഴയ മിലിട്ടറിയായ അച്ഛന് കിട്ടുന്ന ലിക്കർ ക്വോട്ട ചേച്ചിയെ ബലമായി കുടിപ്പിച്ച്,കുടിച്ച് കഴിഞ്ഞ് ചേച്ചി നിലത്ത് കൂടി ഇഴയുന്നതിന്റെയും സ്വന്തം വസ്ത്രം വലിച്ചു കീറുന്നതിന്റെയും വീഡിയോ എടുക്കുകയും ഭക്ഷണ വസ്തുക്കൾ തറയിലിട്ട് കൊടുത്ത് നക്കി തിന്നാൻ പറയുന്നതുമൊക്കെ അവരുടെ സ്ഥിരം വിനോദങ്ങളായിരുന്നു...!!

ചേച്ചിയെ മാത്രമല്ല,സ്വന്തം കൊച്ചു മകനായ കിച്ചു മോനെയും അവർ ഉപദ്രവിക്കുമായിരുന്നു...

മിക്കപ്പോഴും ഈ ക്രൂരതകൾ കണ്ട് ചോദ്യം ചെയ്യുന്ന എന്നെ ഡേവിഡ് സാർ വരുമ്പോൾ അദ്ദേഹത്തെ കൊണ്ട് തല്ലിക്കുന്നതുമായിരുന്നു സ്ഥിരം രീതി..!!
 

കല്യാണം കഴിഞ്ഞതിൽ പിന്നെ ഞാൻ ആ വീടിന്റെ പുറത്ത് ഇറങ്ങിയിട്ടില്ലായിരുന്നു...

         

   💫💫💫💫💫💫💫💫💫💫

 

തല്ലാൻ അല്ലാതെ എന്റെ മുന്നിലേക്ക് വരാത്ത എന്റെ ഭർത്താവിന് എന്തൊക്കെയോ മാനസിക പ്രശ്നങ്ങളുണ്ടെന്ന് പതിയെ എനിക്ക് മനസ്സിലായി...
 

പക്കാ ജെന്റിൽമാനായി പുറത്ത് ജീവിക്കുന്ന അയാൾ വീടിനുളളിൽ ശരിക്കും ഒരു മാനസികരോഗിയായിരുന്നു...
 

ഫെവിക്കോൾ,നെയിൽ പോളിഷ് റീമൂവർ അത്തരത്തിലുളള കെമിക്കൽസ്  കോട്ടണിൽ മുക്കി അതിന്റെ സ്മെൽ മൂക്കിലേക്ക് വലിച്ചു കയറ്റുന്ന അയാൾ പല രാത്രികളിലും എനിക്ക് ഒരു പേടി സ്വപ്നമായിരുന്നു...

ഒരിക്കൽ കിടന്നു ഉറങ്ങിക്കൊണ്ടിരുന്ന എന്റെ തലമുടിയിൽ അയാൾ തീ ഇട്ടു,കത്തിയെരിയുന്ന മുടിയുടെ ദുർഗന്ധം ആസ്വദിക്കുന്ന അയാൾക്ക് അപ്പോൾ ഒരു പിശാചിന്റെ മുഖമായിരുന്നു...!!

ഒഴിഞ്ഞു മാറാൻ ശ്രമിച്ച എന്നെ അയാൾ ബലമായി പിടിച്ച് വെച്ച് എന്റെ മുടി കത്തിച്ചുക്കൊണ്ടിരുന്നു...
 

എങ്ങനെയൊക്കെയോ അയാളിൽ നിന്നും രക്ഷപ്പെട്ട ഞാൻ ബാത്റൂമിൽ കയറി വാതിലടച്ചു ആ രാത്രി പുലരുവോളം അതിനുളളിൽ പേടിയോടെ കഴിഞ്ഞു...!!!
 

അതിൽ പിന്നെ ഞാൻ എന്റെ മുടി തോളിന് താഴേക്ക് വളർത്തിയിട്ടില്ല...!!"
 

ഒരു ചിരിയോടെ ഞാൻ അത് പറയുമ്പോൾ അജിത്ത് ഒരു വേദനയോടെ എന്റെ മുടിയിലേക്ക് നോക്കുന്നത് ഞാൻ കണ്ടു....
 

"അത് കൂടാതെ അയാൾക്ക് കുക്കിങ് ഗ്യാസിന്റെയും പെട്രോളിന്റെയും ഗന്ധവും ആസ്വാദ്യകരമായിരുന്നു...
 

കാരണം ഒരു ദിവസം,ഒരു ഞായാറാഴ്ച്ച...

കോളേജ് ഇല്ലാത്തതിനാൽ അന്ന് ആ മൃഗം വീട്ടിൽ തന്നെ ഉണ്ടായിരുന്നു...

അടുക്കളയിലെ ആവശ്യത്തിന് ഗ്യാരേജിൽ നിന്നും മണ്ണെണ്ണയെടുക്കാൻ പോയപ്പോഴാണ് കെെയ്യിൽ പെട്രോൾ ക്യാനും സിഗരറ്റ് ലാമ്പുമായി അയാൾ ഇരിക്കുന്നത് കണ്ടത്..

 

എന്റെ ഉളളിൽ അപകടം മണത്തു...

എത്രയൊക്കെ ചെയ്താലും അയാളും ഒരു മനുഷ്യനല്ലേ..??

ആ ഒരൊറ്റ ചിന്തയിൽ മാത്രം ഞാൻ അയാളുടെ കെെയ്യിൽ നിന്നും സിഗരറ്റ് ലാമ്പ് പിടിച്ചു വാങ്ങി,അങ്ങനെ ഒരു ചിന്ത ഉണ്ടായിരുന്നെങ്കിലെന്ന് ഇന്ന് ഞാൻ ആശിക്കുന്നു...!!"

 

അജിത്ത് എന്നെ അവിശ്വസനീയോടെ നോക്കിയെങ്കിലും അത് ശ്രദ്ധിക്കാതെ ഒരു ദീർഘ നിശ്വാസത്താളിനപ്പുറം ഞാൻ തുടർന്നു...
 

"ഞാൻ അത് തട്ടി കളഞ്ഞതിന്റെ ദേഷ്യത്തിൽ അയാൾ കെെയ്യിൽ ഇരുന്ന പെട്രോൾ എന്റെ ദേഹത്തേക്ക് ഒഴിച്ചു...
 

അയാൾ എന്ത് ചെയ്യാനും മടിക്കാത്ത ആൾ ആയത് കൊണ്ട് തന്നെ ജീവരക്ഷാർത്ഥം ഞാൻ പുറത്തേക്ക് ഒാടി...!!
 

ഇപ്പോൾ ഒാർക്കുമ്പോൾ ചിരി വരുന്നു,

എന്റെ പിറകെ അയാളും ഉണ്ടായിരുന്നു...

ഈ കാഴ്ച്ച കണ്ടു കൊണ്ടാണ് എന്റെ വീട്ടുക്കാർ വരുന്നത്,

അവരുടെ കാറിലിടിച്ച് ഞാൻ നിലത്തേക്ക് വീണതും പിറകെ വന്ന അയാൾ എന്നെ നിലത്തിട്ട് ചവിട്ടാൻ തുടങ്ങിയിരുന്നു...!!!
 

അന്ന് പളളിയിൽ നിന്നും തിരികെ എത്തിയതിൽ പിന്നെ ഒരിക്കൽ പോലും ഞാൻ എന്റെ വീട്ടിൽ പോകുകയോ അവിടുത്തെ വിവരം അറിയുകയോ ചെയ്തിട്ടില്ല,അല്ലെങ്കിൽ ശരീരവും മനസ്സും നോവുന്നതിനിടയിൽ ഒാർത്തില്ല...

 

എന്നെ അന്വേഷിച്ച് വന്ന അവർ കാണുന്നത് ഈ കാഴ്ച്ചയും...!!
 

ഒരു SI കൂടിയായ ചേട്ടന് ആ കാഴ്ച്ച സഹിക്കാൻ പറ്റുന്നതായിരുന്നില്ല...

ചേട്ടന്റെ കെെ കരുത്തിൽ അയാൾ പത്തി മടക്കി..!!
 

സ്വന്തം ഭർത്താവായിട്ട് കൂടി അയാൾ തല്ലു വാങ്ങുമ്പോൾ ഉളളിന്റെ ഉളളിൽ ഞാൻ സന്തോഷിക്കുകയായിരുന്നു...!!
 

ആ സമയം കൊണ്ട് എവിടെ നിന്നോ ശേഖരിച്ച വെളളം അച്ഛൻ എന്റെ തല വഴി കമഴ്ത്തി...
 

ചേട്ടത്തിയ്ക്ക് വിശേഷം ഉണ്ടെന്ന സന്തോഷം അറിയിക്കാൻ വന്ന അവർക്ക് ഞാൻ അനുഭവിക്കുന്നതൊക്കെ മനസ്സിലായി,
 

അവർ വിളിക്കുന്നതിന് മുന്നെ തന്നെ ഞാൻ അവർക്കൊപ്പം പോകാൻ തയ്യാറായി...!!
 

പക്ഷേ, സ്വയം രക്ഷപ്പെടാനുളള വ്യഗ്രതയിൽ ഒന്നും അറിയാത്ത രണ്ട് പാവങ്ങളെ ഞാൻ മറന്നു പോയിരുന്നു...
 

അതാണ് ഞാൻ എന്റെ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ തെറ്റ്...

 

ആ തെറ്റിന്റെ വ്യാപ്തിയറിയാൻ എനിക്ക് അധിക നേരമൊന്നും കാത്തിരിക്കേണ്ടി വന്നില്ല അതിന് മുൻപ് തന്നെ...!! "
 

മുഴുവൻ പറയാനാകാതെ ഞാൻ പൊട്ടി കരഞ്ഞു...
 

എന്തു ചെയ്യണമെന്നറിയാതെ അജിത്ത് എന്നെ ചേർത്തു പിടിച്ചു ആശ്വസിപ്പിച്ചു...

കരച്ചിലിന്റെ ഇടയിൽ ഞാൻ പതം പറഞ്ഞ വാക്കുകൾ കേട്ട് അജിത്തിന്റെ ഹൃദയമിടിപ്പ് ഉയരുന്നത് കേട്ട് വീണ്ടും എനിക്ക് കരച്ചിൽ പൊട്ടി...

 

"ഞാനാ അജിത്ത്...
 

ഞാൻ അവരെ ഇട്ടിട്ട് പോകാൻ പാടില്ലായിരുന്നു...

പാവം എന്റെ കിച്ചു മോൻ...

അവന്റെ അമ്മ..

കൊല്ലിച്ചതാ അജിത്ത്..

പാമ്പിനെ വിട്ട് കൊല്ലിച്ചതാ എന്റെ റീനേച്ചിയെ...!!"



 

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

 

"റീനേച്ചിയുടെ മരണം എന്നെ വല്ലാതെ തളർത്തി...
 

സമനില പോലും തെറ്റി പോകുമോ എന്ന അവസ്ഥയിലാണ് ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി എന്നെ തേടി വരുന്നത്...!!"
 

ആകാംക്ഷയോടെ എന്നെ നോക്കുന്ന അജിത്തിന്റെ കണ്ണുകളിൽ ഭീതി ഒളിഞ്ഞിരിപ്പില്ലേ എന്ന സംശയത്തിൽ ഞാൻ സംസാരം ഒരിട നിർത്തി,.

ചോദിക്കണോ വേണ്ടായോ എന്ന സംശയത്തിൽ കുഴങ്ങിയെങ്കിലും ചോദിക്കാനുളള ത്വര കാരണം അജിത്ത് പോലും അറിയാതെ നാവിൽ നിന്നും ആ ചോദ്യം ഉതിർന്നു വീണു,

 

"പ്രശസ്തമായ റീനാ കൊലപാതക കേസിനെ പറ്റിയാണോ മേഡം ഈ പറയുന്നത്...??"
 

അജിത്തിന്റെ വാക്കുകളിലെ ജിജ്ഞാസ എന്റെ ഉളളിലെ വേദനകളെ കൂടുതൽ വ്രണപ്പെടുത്തുന്നതായി തോന്നിയതിനാലാവാം കണ്ണടച്ചു തലയാട്ടുമ്പോൾ പീലികൾക്കിടയിലൂടെ രണ്ട് തുളളി മിഴിനീർ താഴേക്ക് ഒലിച്ചിറങ്ങി....

 

മൗനം ഒരു വിങ്ങലായി പരിണമിച്ചുക്കൊണ്ടിരിക്കുകയാണെന്ന ബോധം വന്നതും വീണ്ടും ഒാർമകളിലേക്ക് ചികഞ്ഞിറങ്ങി ഞാൻ...

 

"ഞാനും ഒരു സാധാരണ പെൺക്കുട്ടിയായിരുന്നു...

മാസങ്ങൾ കൊണ്ട് പൊലിഞ്ഞു പോയ ദാമ്പത്യം എന്റെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തി...

ഒരു ഡിപ്രെഷനിലേക്ക് മനസ്സ് വഴുതി മാറിക്കൊണ്ടിരുന്നു..

ഇതിനിടയിലാണ് എന്നെ പൂർണ്ണമായി ഇരുട്ടിലേക്ക് തളളിയിടുന്ന തരത്തിൽ റീനേച്ചിയുടെ മരണം ഒരു കൊലപാതകമാണെന്ന് തെളിയുന്നത്...!!
 

ഒരു പാവം പെണ്ണിനെ കൊന്നത് ഞാനും കൂടിയാണെന്നുളള കുറ്റബോധം എന്റെ മനസ്സിനെ വല്ലാതെ തളർത്തി,
 

അന്ന് ടൗൺ S.I ആയിരുന്ന എന്റെ ചേട്ടന്റെ പിന്തുണയോട് കൂടി റീനേച്ചിയുടെ വീട്ടുക്കാർ കേസ് മുന്നോട്ട് കൊണ്ട് പോയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്,
 

ബുദ്ധിയ്ക്ക് അല്പം മാന്ദ്യതയുണ്ടായിരുന്ന ചേച്ചി നല്ല രീതിയിൽ ജീവിക്കാൻ വേണ്ടി ചേച്ചിയുടെ വീട്ടുക്കാർ നൂറു പവനും പത്ത് ലക്ഷം രൂപയും ഒരു പുത്തൻ കാറും ഡെന്നി ചേട്ടന് സ്ത്രീധനമായി നൽകിയിരുന്നു..

ഇതൊന്നും പോരാതെ മാസാമാസം ചേച്ചിയെ സംരക്ഷിക്കുന്നതിന്റെ കൂലിയെന്നവ്വണം പതിനായിരത്തോളം രൂപ ചേട്ടന്റെ അക്കൗണ്ടിലും നിക്ഷേപിച്ചിരുന്നു...!!
 

ഒരു നടുക്കത്തോടെയാണ് ഇതെല്ലാം ഞാൻ കേട്ടത്,
 

നിഷ്കളങ്കമായി,എത്രയൊക്കെ ദ്രോഹിച്ചാലും വീണ്ടും നിസ്വാർത്ഥമായി സ്നേഹിക്കുന്ന ചേച്ചിയുടെ സ്നേഹത്തിന്റെ തട്ട് താണിരിക്കുമെങ്കിലും ആ കാശിന്റെ കൂറ് എങ്കിലും അവർക്കൊക്കെ ആ പാവത്തോട് കാണിച്ചു കൂടെയെന്നുളള ചോദ്യം എന്നെ വല്ലാതെ വീർപ്പുമുട്ടിച്ചു...
 

ഒരു വീട്ടിലെ രാജകുമാരിയായ ചേച്ചിയെ അവർ ദ്രോഹിച്ചതോക്കെയോർത്ത് എന്റെ ഹൃദയം വിങ്ങി...

എന്റെ ചേട്ടന്റെ കഠിനപ്രയത്നം മൂലം ഡെന്നി ചേട്ടനും അമ്മയ്ക്കും നാത്തൂനും കോടതി ശിക്ഷ വിധിച്ചെങ്കിലും അപ്പോഴും മറഞ്ഞിരിക്കുന്ന ചെകുത്താനായ ഡേവിഡ് സാറിനെതീരെ എന്റെ ചേട്ടന്റെ സപ്പോർട്ട് കൊണ്ട് പോലീസിൽ ഗാർഹീകപീഢനത്തിന് ഞാനും പെറ്റീഷൻ ഫയൽ ചെയ്തു...

കേസ് ഫയൽ ചെയ്തതിന് ശേഷം മാത്രമാണ് എന്റെ അച്ഛൻ രഹസ്യമായി അവർക്ക് നൽകിയ സ്ത്രീധനത്തിന്റെ വിവരം ഞങ്ങൾ അറിയുന്നത്..

സിറ്റിയിൽ 10 സെന്റ് സ്ഥലവും ഒരു ഇരുനില വീടും പോരാതെ 7 ലക്ഷം രൂപയും 70 പവനോളം ആഭരണങ്ങളും കുരിശുങ്കൽ വീട്ടുക്കാർ പലപ്പോഴായി എന്റെ അച്ഛന്റെ പക്കൽ നിന്നും വാങ്ങിയിരുന്നു...
 

സ്വന്തം മക്കളുടെ ഭാവി ഭദ്രമാക്കാൻ രണ്ട് അച്ഛന്മാർ സമ്പാദ്യത്തിന്റെ ഒരു വലിയ പങ്കോളം മരുമക്കൾക്ക് ദാനമായി നൽകിയപ്പോൾ മറുപുറം ദുരിതങ്ങൾ മാത്രമായിരുന്നു ബാക്കി...!!!
 

കേസ് അതിന്റെ വഴിയ്ക്ക് മുന്നോട്ട് പോകുമ്പോഴാണ് പെട്ടെന്ന് എന്റെ അച്ഛന് വയ്യാതെയാകുന്നത്,

തുടർ ചികിത്സയിൽ അച്ഛനൊരു ക്രോണീക് ഹാർട്ട് പേഷ്യന്റാണെന്ന വേദന കൂടി ഞാൻ തിരിച്ചറിഞ്ഞു...
 

സ്വയം പഴിചാരിയും വേദനിപ്പിച്ചും ഞാൻ എന്നോട് തന്നെ പക വീട്ടുന്ന സമയത്താണ് "ഡേവിഡ് ഒരു മാനസിക രോഗിയാണെന്ന്" കോടതി പ്രഖ്യാപിക്കുന്നത്..!!
 

കോടതി മുഖാന്തരം അയാളെ ഒരു മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചുവെന്നറിഞ്ഞതും എന്റെ രക്തം തിളച്ചു,

എന്നോട് ചെയ്തതിനോക്കെ രണ്ട് വാക്ക് എങ്കിലും മുഖത്ത് നോക്കി പറയണമെന്ന എന്റെ ആവശ്യത്തെ പരിഗണിച്ചാണ് ഞാൻ വീണ്ടും അയാളെ കാണാൻ പോകുന്നത്..

വേദനിപ്പിക്കാൻ മാത്രം വിധി എന്നെ വീണ്ടും തോൽപ്പിച്ചു...
 

സ്വന്തം ഉടൽ പോലും ഭ്രാന്തമായി മുറിവേൽപ്പിക്കുന്ന ഒരു അവസ്ഥയിലായിരുന്നു ഞാൻ അയാളെ കാണുന്നത്...!!
 

അതെന്നെ വീണ്ടും തളർത്തി...!!
 

💫💫💫💫💫💫💫💫💫💫💫💫💫



 

"വർഷങ്ങളായി എന്റെ പേഷ്യന്റാണ് ഡേവിഡ്...
 

വളരെ റെയറായ ഒരു Psychotic ആണ് അയാൾ..

കുട്ടിക്കാലത്തെപ്പോഴോ മനസ്സിനേറ്റ ഒരു ഷോക്ക്,

കാലങ്ങളോളം ആ മുറിവിന്റെ വേദനയിൽ സ്വയം മുറിവേറ്റ ഒരാൾ...

അടുപ്പമുളളവർക്ക് പോലും അയാളുടെ ഉളളിലെ രോഗം മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്..

അതുക്കൊണ്ട് തന്നെ എന്റെ അടുത്തെത്തിയപ്പോഴേക്കും വല്ലാതെ വെെകീപ്പോയിരുന്നു..

ശരിക്കും നിസ്സാരമായ ഒരു അസുഖം കാലപ്പഴക്കം കൊണ്ട് ജീവിതരീതി പോലെ തന്നെ പഴകി പോയിരുന്നു,

എങ്കിലും മൂന്ന് മാസത്തെ ട്രീറ്റ്മെന്റ് കൊണ്ട് ആ രോഗം ഒരു വിധം ഭേദപ്പെട്ടു,,

അയാൾ സ്വയം ഒരു രോഗിയാണെന്ന് തിരിച്ചറിഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചു വരുന്ന സമയത്താണ് കുടൂംബത്തിന് നാണേക്കേടാണെന്ന് പേര് പറഞ്ഞു ഡേവിഡിന്റെ അമ്മ ചികിത്സ നിർത്തി അയാളെ കൂട്ടികൊണ്ട് പോകുന്നത്...
 

അയാളുടെ അമ്മ ചികിത്സ നിർത്തിയെങ്കിലും ഇടയ്ക്കൊക്കെ ഡേവിഡ് രഹസ്യമായി എന്നെ കാണാനെത്തിയിരുന്നു...

എന്റെ നിർദ്ദേശപ്രകാരമാണ് അയാൾ ജോലിയ്ക്ക് പോകൂന്നത്,ശരിക്കും അയാളുടെ മനസ്സ് സ്റ്റേബിളല്ല..പക്ഷേ, അക്കാഡമിക് കാര്യങ്ങളിൽ അയാളുടെ തലച്ചോറ് സാധാരണ ഒരു മനുഷ്യനെക്കാൾ രണ്ടിരട്ടി പവർഫുളളാണ്..!!!

ആളുകളോട് അടുത്തിടപഴകാനും സൗഹൃദം സ്ഥാപിക്കാനും അയാൾക്ക് അതിയായ ആഗ്രഹമുണ്ടെങ്കിലും എപ്പോഴെങ്കിലും താൻ കാരണം അവർ ബാധിക്കപ്പെട്ടാലോ എന്ന ചിന്ത ഒന്നു കൊണ്ട് മാത്രമാണ് അയാൾ കോളേജിലും സമൂഹത്തിലും ഗൗരവ്വത്തിന്റെ മൂടുപടം അണിഞ്ഞിരുന്നത്..

പക്ഷേ, അയാളുടെ വീട്ടിൽ അയാൾ ഇതിനെല്ലാം എതിരായി ഒരു വെെൽഡ് ഫ്രീഡം അനുഭവിച്ചിരുന്നു..

ആ ഒരു ഫ്രീഡത്തിന്റെ ലഹരിയിലാണ് ശരിക്കും അയാൾ അയാളായി ജീവിച്ചിരുന്നത്..

ഭ്രാന്തമായി നടക്കാനോ ദേഹോപദ്രവം ചെയ്യുന്നതിനോ ഒന്നും ആരും അയാളെ തടയാനില്ലായിരുന്നു..

എന്തിന് വന്യമായുളള അയാളുടെ ആക്രമാണസക്തിയ്ക്ക് ബലിയാടാകാൻ വേണ്ടി മാത്രം ഒരു പറ്റം മിണ്ടാപ്രാണികളെ അയാൾക്ക് അവിടെ ലഭ്യമാക്കിയിരുന്നു..
 

അതൊരു പക്ഷേ അയാളുടെ വീട്ടുക്കാരുടെ ബുദ്ധിയായിരിക്കാം,ഒരിക്കൽ യാദൃശ്ചികമായി അയാൾ ഈ കാര്യം എന്നോട് പറയുമ്പോൾ എനിക്ക് പോലും ഭീതി തോന്നിയെങ്കിലും അയാളുടെ ഉളളിലെ വന്യമായ ആക്രമണാസക്തിയും ക്രൂരതയും എരിഞ്ഞടങ്ങാനും സമൂഹത്തിൽ സാധാരണമായി ജീവിക്കാനും ഉപകരിച്ചത് ആ മൃഗങ്ങളുടെ ജീവൻ നൽകിയ പ്രതിഫലമായിരുന്നെന്ന് എനിക്ക് തോന്നിയിരുന്നു...!!!
 

പക്ഷേ, അയാൾ ഒരു വിവാഹം കഴിച്ചുവെന്ന കാര്യം എനിക്ക് പോലും അദ്ഭൂതമായിരുന്നു..

അയാൾ ഒരു വെെലന്റ് നേച്ചറാണെങ്കിലും ബോധപൂർവ്വം ആരെയും ഉപദ്രവിക്കാൻ ഒരിക്കലും അയാൾ തയ്യാറായിരുന്നില്ല..

കൂടാതെ പ്രേമം,സ്നേഹം,കാമം ഇത്തരത്തിലുളള മൃദുല വികാരങ്ങൾ അയാളിൽ രൂപപ്പെടുക എന്നത് വളരെ പ്രയാസകരമാണ്..,!!"
 

ഒട്ടൊരു നേരത്തെ നിശ്ശബ്ദയ്ക്ക് ശേഷം ഡോ.റഹീം ബാക്കി തുടരുമ്പോൾ കേട്ടതൊക്കെയും വിശ്വസിക്കാൻ കഴിയാതെ ഇരിക്കുകയായിരൂന്നു ഞാനും അച്ഛനും ചേട്ടനും..!!

 

"I think ഒരു പക്ഷേ, തന്റെ പാടാനുളള കഴിവായിരിക്കാം അയാളെ തന്നിലേക്ക് ആകൃഷ്ട്ടനാക്കിയത്..!!
 

അയാളെ പിടിച്ചു നിർത്താനുളള പ്രകൃതിയുടെ ബാഹ്യമായ ഒരു ഉപകരണമായിരുന്നു സംഗീതം..!!
 

കുട്ടിക്കാലത്ത് പോലും ഏത് വലിയ വഴക്കിലാണെങ്കിലും ഒരു പാട്ട് കേട്ടാൽ അയാൾ ശാന്തനാകുമെന്ന സവിശേഷത അയാളെ പറ്റിയുളള എന്റെ കൗതുകങ്ങളിലൊന്നായിരുന്നു..
 

ഒരു പക്ഷേ, തന്നോടുളള ആ താൽപര്യമായിരിക്കും അയാളുടെ വീട്ടുക്കാർ ഒരു കല്യാണമായി മുതലെടുത്തത്..!!!
 

പരിചയമുളള ഒരാൾക്ക് അയാളുടെ രോഗത്തെ ഈസിയായി മാനിപുലേറ്റ് ചെയ്യാം...!!!

 

പക്ഷേ, കല്യാണം കഴിഞ്ഞതിന് ശേഷമുളള അയാളുടെ പെരുമാറ്റത്തെ പറ്റിയുളള മിത്രയുടെ തുറന്നു പറച്ചിൽ വീണ്ടും എന്നെ കുഴപ്പിക്കുന്നു...
 

അയാൾ എപ്പോഴെങ്കിലും തന്നെ മുറിവേൽപ്പിച്ച്  ആ രക്തത്തിന്റെ ഗന്ധം സ്വയം ആസ്വദിച്ചിരുന്നോ..??"
 

ഡോക്ടറുടെ ചോദ്യത്തിന് നിശ്ശബ്ദമായി തലയാട്ടനെ എനിക്ക് കഴിഞ്ഞുളളൂ...!!

 

"Well മിത്ര,എനിക്ക് തോന്നുന്നത്,മിത്ര കല്യാണം കഴിഞ്ഞ് വീട്ടിലെത്തുന്നതോട് കൂടി ഡേവിഡിന് മൃഗങ്ങളെ ഉപദ്രവിക്കാൻ കിട്ടിയിരിക്കില്ല...
 

ആ frustration ആയിരിക്കണം മിത്രയ്ക്ക് നേരെ ആക്രമണങ്ങളായി ഉരുത്തിരിഞ്ഞത്..!!"
 

നിറകണ്ണുകളോടെ ഞാൻ മിഴികളുയർത്തുമ്പോൾ ഡോക്ടർ വീണ്ടും വാചലനായി...
 

"മിത്രാ,തന്റെ സപ്പോർട്ട് ഉണ്ടെങ്കിൽ ഡേവിഡിനെ പൂർണ്ണമായി നമ്മുക്ക് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരാൻ കഴിയും..!!
 

കാരണം,ഇവിടെ വന്നതിൽ പിന്നെ ആ നാവിൽ നിന്നും അബോധമായണെങ്കിലും വീഴുന്നത് "മിത്ര"  എന്നു മാത്രമാണ്...!!"

 

പ്രതീക്ഷയോടെ ഡോക്ടർ എന്നെ നോക്കി അങ്ങനെ പറഞ്ഞതും ഇനിയൊന്നും കേൾക്കാൻ ശക്തിയില്ലാതെ അച്ഛന്റെ തോളിലേക്ക് ചാരി ഞാൻ വിങ്ങി പൊട്ടി...
 

എന്റെ കരച്ചിലിന്റെ ചീളുകൾ കുത്തി കയറി മുറിവേൽക്കുന്ന ഒരു ഹൃദയം ഉണ്ടെന്ന് തിരിച്ചറിയാതെ...!!!!!



 

☄☄☄☄☄☄☄☄☄☄☄☄☄☄☄☄☄☄☄☄☄☄☄☄☄☄

 

 

 

"അയാളെ അങ്ങനെയൊരു അവസ്ഥയിൽ തനിച്ചാക്കാൻ എനിക്ക് കഴിയില്ലായിരുന്നു...
 

വീട്ടിൽ എതിർപ്പുകൾ ഉയർന്നെങ്കിലും അച്ഛൻ മാത്രം അന്നും എന്റെ തീരുമാനത്തിന് ഒപ്പം നിന്നു...

ഇപ്പോളും ഞാൻ ഓർക്കുന്നുണ്ട് എന്നെ ഹോസ്പിറ്റലിലേക്ക് അയക്കുമ്പോൾ നിറഞ്ഞ കണ്ണുകളോടെ എന്നെ യാത്രയാക്കുന്ന അച്ഛനെ....!!!
 

ഒരുപാട് ഇഷ്ട്ടമായിരുന്നു അച്ഛന് എന്നെ...!!
 

അച്ഛന്റെ ദൗർബല്യമായിരുന്നു ഞാൻ...!! "


 

ഒരിട നിർത്തി അജിത്തിന് വേദന നിറഞ്ഞൊരു ചിരി നൽകി ഞാൻ...

അച്ഛനോടുളള എന്റെ എല്ലാ സ്നേഹബഹുമാനങ്ങളും ആ ചിരിയിൽ നിറഞ്ഞിരുന്നു...!!!
 

"ഡേവിഡ് സാർ എന്ന വ്യക്തി എത്രത്തോളം മാനസ്സികസംഘർഷങ്ങൾ അനുഭവിച്ചിരുന്നുവെന്ന് അദ്ദേഹത്തെ പരിചരിക്കാൻ തുടങ്ങിയപ്പോൾ മുതലാണ് എനിക്ക് തിരിച്ചറിയാൻ സാധിച്ചത്...
 

ചികിത്സയുടെ ആദ്യ ഘട്ടത്തിൽ വല്ലാതെ വയലന്റാകുകയും ചുറ്റുമുളളവരെ ഉപദ്രവിക്കുകയും ചെയ്യുന്ന ഒരു അവസ്ഥയിലായിരുന്നു അയാൾ...!!!

 

രണ്ടാം ഘട്ടം മുതൽ സാറിന്റെ എല്ലാ കാര്യങ്ങളും ഞാൻ സ്വയം ഏറ്റെടുത്തു...

ആദ്യമൊക്കെ സാർ ഉപദ്രവിക്കുമെങ്കിലും പതിയെ പതിയെ  ഞാൻ പറഞ്ഞാൽ സാർ അനുസരിക്കുന്ന നിലയിലേക്കെത്തി....

സാറിന് ഒരു അമ്മയായി, നല്ലൊരു കൂട്ടുക്കാരിയായി ഞാൻ മാറി....

സാർ എന്നോട് ദീർഘനേരം സംസാരിച്ചു തുടങ്ങി, കുട്ടിക്കാലത്തെ വേദനകൾ, ഒറ്റപ്പെടൽ, സാറിന്റെ മനസ്സിൽ ഏൽപ്പിച്ച ആഘാതങ്ങൾ... എല്ലാം ഓരോന്നോരോന്നായി സാർ പറഞ്ഞപ്പോൾ ശരിക്കും സാറിനോട് എനിക്ക് വാത്സല്യമാണ് തോന്നിയത്...
 

എന്നെ പഠിപ്പിച്ച അദ്ധ്യാപകനെന്നതിലുപരി സാറിനെ ഞാൻ അറിയാനും സ്നേഹിക്കാനും തുടങ്ങിയതും അപ്പോൾ മുതലാണ്....!!!!


 

ഏകദേശം ആറു മാസത്തെ തുടർച്ചയായ ചികിത്സ കൊണ്ട് സാർ ജീവിതത്തിലേക്ക് തിരിച്ചു വന്നു...
 

ആരോഗ്യം മെച്ചപ്പെടുത്തുകയും കൺത്തടങ്ങളിലെ കറുപ്പ് മാറുകയും, സദാസമയം ശാന്തനായി കാണപ്പെടുകയും ചെയ്തു...!!

ഇതിനിടയിൽ പലപ്പോഴായി എന്നെ കാണാനെത്തിയ എന്റെ വീട്ടുക്കാർക്കും പതിയെ പതിയെ സാറിനോടുളള സമീപനം മാറി...

എന്റെ വീട്ടിൽ നിന്നും ആശുപത്രിയിലേക്ക് അധികം ദൂരമില്ലാത്തതിനാൽ ഇട സമയങ്ങളിൽ സാറിന് ഇഷ്ട്ടപ്പെട്ട പലഹാരങ്ങളുമായി അമ്മയും അച്ഛനും ചേട്ടത്തിയും കാണാൻ വന്നിരുന്നു, അങ്ങനെ വരുന്ന സമയങ്ങളിൽ അവരോടും ഒരു കൊച്ചു കുട്ടിയെ പോലെ സാർ സംസാരിക്കുമായിരുന്നു, അവർ തിരികെ മടങ്ങുമ്പോൾ അടുത്ത തവണ കൊണ്ടു വരേണ്ട പലഹാരത്തിന്റെ പേര് പിറകിൽ നിന്നും ഉറക്കെ വിളിച്ചു പറയുന്ന സാറിന്റെ രൂപം ഇന്നും എന്റെ കണ്ണുകളിലുണ്ട്...!!!

 

ഒരിക്കൽ ചേട്ടത്തി പ്രെഗ്നെന്റാണെന്ന വിവരം പങ്കു വെക്കുമ്പോൾ കണ്ണു നിറഞ്ഞ സാറിന്റെ രൂപം ഇന്നും മിഴിവോടെ നെഞ്ചിൽ തിളങ്ങി നിൽക്കുന്നു...
 

ചികിത്സയുടെ ഏകദേശം അവസാന ഘട്ടത്തിലാണ് അച്ഛന് സുഖമില്ല എന്നു വിളിച്ചു പറഞ്ഞു ഞാൻ വീട്ടിലേക്കു പോകുന്നത്, അന്ന് എന്നെ കെട്ടിപ്പിടിച്ചു കൊച്ചു കുട്ടികളെ പോലെ സാർ കരഞ്ഞിരുന്നു... !!!
 

എന്റെ പാട്ടും കേൾക്കാതെ ഉറങ്ങാനാകില്ലെന്നു പറഞ്ഞ സാറിനെ എന്റെ അവസ്ഥ മനസ്സിലാക്കിയ സാർ ഉറങ്ങാനുള്ള ഗുളിക നൽകിയിരുന്നു, ശാന്തനായി ഉറങ്ങുന്ന സാറിന്റെ നെറുകയിൽ ചുണ്ട് ചേർത്ത് മൗനമായി യാത്ര പറഞ്ഞിറങ്ങിയപ്പോൾ ഞാൻ അറിഞ്ഞില്ല വരാനിരിക്കുന്ന പ്രതിസന്ധികൾ...!!!!
 

അച്ഛന് എന്തെങ്കിലും അരുതാത്തതു സംഭവിച്ചോ എന്ന ആശങ്കയിൽ വീട്ടിൽ എത്തിയെങ്കിലും ഒന്നും സംഭവിക്കാതെ ആരോഗ്യവനായി ഇരിക്കുന്ന അച്ഛനെ കണ്ടതും എന്നിൽ സംശയത്തിന്റെ നാമ്പുകൾ മുള പൊട്ടി...

ചേട്ടനും വീട്ടിൽ തന്നെ ഉണ്ടായിരുന്നു, വീട്ടിൽ നിന്നും അങ്ങനെയൊരു സന്ദേശം വന്നിട്ടില്ല എന്നു അറിഞ്ഞതും പെട്ടെന്നു ചേട്ടൻ എന്നോട് ഒരു സംശയം പറഞ്ഞു,

ഡേവിഡ് സാറിന്റെ അമ്മയും സഹോദരിയും ജാമ്യത്തിൽ ഇറങ്ങിയിട്ടുണ്ടത്രേ, കേസിൽ ഒന്നാം പ്രതി ആയതിനാൽ സാറിന്റെ ചേട്ടന് മാത്രം ജാമ്യം അനുവദിച്ചില്ല...
 

പെട്ടെന്നു മനസ്സിൽ വല്ലാത്തൊരു ഭീതിയുണർന്നു...

ഉടനെ തന്നെ ഞാനും ചേട്ടനും കൂടി ആശുപത്രിയിലെത്തിയെങ്കിലും അതിന് മുമ്പ് തന്നെ ഡേവിഡ് സാറിനെ അവർ കൊണ്ടു പോയിരുന്നു...    
 

ആകെ തകർന്നു പോയി ഞാൻ..

ഞാൻ മാത്രമല്ല; ആ ആശുപത്രിയിലുളള എല്ലാ സ്റ്റാഫുകളും ആകെ വിഷമിച്ചിരുന്നു..

ഒരുപാട് പേരുടെ കഷ്ട്ടപാടിന്റെ ഫലമായിട്ടായിരുന്നു സാർ തിരികെ ജീവിതത്തിലേക്കെത്തിയത്, ചികിത്സയുടെ അവസാനഘട്ടത്തിൽ വെച്ചു ഇങ്ങനെയൊരു കൊണ്ടു പോക്ക് അവരുടെ എല്ലാ പ്രവൃത്തികളെയും വിഫലമാക്കിയിരുന്നു....!!!

 

അന്നു ഞാൻ എന്തിനെന്നറിയാതെ ഒരുപാട് കരഞ്ഞു, കുഞ്ഞു വേർപ്പെട്ടു പോയ ഒരമ്മയെ പോലെയായിരുന്നു ഞാൻ...

സാർ കഴിച്ചോ ഉറങ്ങിയോ എന്ന ആകുലതകളാൽ ഞാൻ ദിവസങ്ങൾ തള്ളി നീക്കി...
 

ഒടുവിൽ എന്നെയോർത്ത് വേദനിക്കുന്ന അച്ഛനെയോർത്ത് ഞാൻ പതിയെ ആ ഓർമ്മകളെ മറവിയിലേക്ക് തള്ളി വിട്ടു...

 

കുറച്ചു കോംപ്ലീക്കേറ്റഡായിരുന്നു ചേച്ചിയുടെ നില, ഒരു ഡോക്ടറെന്ന നിലയിൽ ചേച്ചിയുടെ എല്ലാ കാര്യങ്ങളും ഞാൻ ഏറ്റെടുത്തു...

പതിയെ പതിയെ ചേച്ചിയിലൂടെയും പിറക്കാനിരിക്കുന്ന കുഞ്ഞിലൂടെയും വീട്ടിൽ കൊച്ചു കൊച്ചു സന്തോഷങ്ങൾ വിരുന്നെത്തി..

വല്ലപ്പോഴും ഒരിക്കൽ കിച്ചു മോനേ കാണാൻ പോകുന്നതൊഴിച്ച് പഴയകാല ഓർമകളെ ഞാൻ മനപൂർവ്വം വിസ്മൃതിയിലാഴ്ത്തി...!!!
 

പതിയെ ഞാൻ ജീവിതത്തോട് പൊരുതി തുടങ്ങി,

നാട്ടിൽ എന്റെ തകർന്നു പോയ ദാമ്പത്യത്തെ കുറിച്ച് നിറം പിടിച്ച പല കഥകൾ ഉണ്ടായെങ്കിലും അതെല്ലാം കേട്ട് ചിരിച്ചു തളളാനുളള ധൈര്യം ഞാൻ ആർജിച്ചു...

ഇനിയും അയാളുടെ താലിയുടെ ഭാരം ചുമക്കാൻ കഴിയാത്തതിനാൽ കോടതി വഴി ഞാൻ ഡിവോഴ്സന് അപേക്ഷിച്ചു...


 

         ☄☄☄☄☄☄☄☄☄☄☄☄☄☄


 

ജൂൺ 9....

 

അയാൾ ഒരു മാനസികരോഗി ആയതിനാൽ വളരെ വേഗം തന്നെ കോടതി കാര്യങ്ങൾ മുന്നോട്ടു പോയിരുന്നൂ... അവസാന ഹിയറിങ് ദിവസം...
 

വളരെ ആത്മവിശ്വാസത്തോടെയാണ് ഞാൻ അന്ന് കോടതിയിലേക്ക് ചെന്നത്...

ചേട്ടൻ അല്പം തിരക്കിലായത് കൊണ്ടു അച്ഛനായിരുന്നു എനിക്ക് കൂട്ടു വന്നത്...

ശരിക്കും അച്ഛനായിരുന്നു എന്റെ ധെെര്യവും...

പക്ഷേ, കോടതി സത്യങ്ങളെക്കാൾ വളച്ചൊടിച്ച നുണകളാണ് കേൾക്കാൻ ഇഷ്ട്ടപ്പെടുന്നത് ഞാൻ അറിഞ്ഞിരുന്നില്ല...

മാനസികരോഗിയായ അയാളെ സ്വത്തിന് വേണ്ടി ഞാൻ നിർബന്ധിച്ചു കല്യാണം കഴിച്ചാതാണെന്നും, അയാളുടെ ഭാര്യയായിരിക്കെ മറ്റു പല പുരുഷന്മാരുമായി ഞാൻ ബന്ധം പുലർത്തിയിരുന്നു എന്നും, രോഗിയായ അയാളെ കൊല്ലാനായി ഒരു ഡോക്ടറുടെ സഹായത്തോടെ ഞാൻ തടവിൽ പാർപ്പിച്ചുവെന്നും എതിർ ഭാഗം വക്കീൽ വിദഗ്ദ്ധമായി കെട്ടിച്ചമച്ച തെളിവുകൾ സഹിതം പറയുമ്പോൾ, അവരിൽ നിന്നും കാശ് വാങ്ങിയ എന്റെ വക്കീൽ ഞാൻ അയാളെ തെറ്റിദ്ധരിപ്പിച്ചതാണെന്നും പറഞ്ഞു നിർബാധം കേസ് ഒഴിഞ്ഞു....!!
 

വഴിപോക്കർ അടക്കം അനേകം പേർ എന്റെ ദുർന്നടപ്പു കണ്ടെന്ന് പറഞ്ഞു സാക്ഷി പറഞ്ഞപ്പോൾ, റീനേച്ചിയുടെ കേസിനെ പറ്റി പോലും പറയാനാകാതെ കണ്ണീരൊഴുക്കാനെ എനിക്ക് കഴിഞ്ഞുള്ളൂ...
 

ഒടുവിൽ ഒന്നും കേൾക്കാനാകാതെ കോടതി മുറിയിൽ ചെവി പൊത്തി ഞാൻ അലറുമ്പോൾ, ഒരു അച്ഛനും മകളെ പറ്റി കേൾക്കാൻ പാടില്ലാത്തത് കേട്ട എന്റെ അച്ഛന്റെ തളർന്ന ഹൃദയം വേദനിച്ചു തുടങ്ങിയിരുന്നു...
 

ഹൃദയം പൊട്ടി അച്ഛൻ കുഴഞ്ഞു വീഴുമ്പോളും ആ ചുണ്ടുകൾ മന്ത്രിച്ചതു
"മോളെ... " എന്നതായിരുന്നു...!!

 

ഒരു ഡോക്ടറായിരുന്നിട്ട് കൂടി സ്വന്തം അച്ഛനെ സഹായിക്കാൻ എനിക്ക് കഴിഞ്ഞില്ല, നിസ്സാഹയയായി കരയാൻ മാത്രമെ എനിക്ക് കഴിഞ്ഞുള്ളൂ,

ഇടയ്ക്ക് എപ്പോഴോ എന്റെ ബോധവും മറഞ്ഞിരുന്നു...!!

ഒടുവിൽ ആരൊക്കെയോ ചേർന്നു അച്ഛനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വെെകീപോയിരുന്നു... "


 

         ☄☄☄☄☄☄☄☄☄☄☄☄☄☄☄☄☄☄
 

"മൂന്നാഴ്ച്ചകളെടുത്തു ഞാൻ ജീവിത്തിലേക്ക് തിരിച്ചു വന്നപ്പോഴേക്കും അച്ഛൻ ഒരു പിടി ചാരമായിരുന്നു.... !!
 

അവസാനമായി ഒന്ന് കാണാൻ കൂടി എനിക്ക് കഴിഞ്ഞില്ല...




 

മാനസികമായി ഞാൻ തളർന്നു പോകാതിരിക്കാൻ വേണ്ടി മാത്രമായി അമ്മയും ചേട്ടനും ചേച്ചിയും അവരുടെ ദുഃഖം മറന്ന് എന്റെ കൂടെ നിന്നു...!!!

 

പതിയെ അച്ഛൻ ഈ ഭൂമിയിൽ ഇല്ല എന്ന സത്യം ഞാനും അംഗീകരിച്ചു...
 

            ☄☄☄☄☄☄☄☄☄☄☄☄☄

 

ദിവസങ്ങൾ കൊഴിഞ്ഞു പോയിക്കൊണ്ടിരുന്നു...


 

വീട്ടിൽ തന്നെ ഇരുന്നാൽ ഞാൻ ഒരു ഡിപ്രഷനിലേക്ക് പോകുമെന്ന ഭയത്താൽ ചേട്ടനാണ് എന്റെ പഴയ കൂട്ടുക്കാർ സംഘടിപ്പിക്കുന്ന ഒരു മെഡിക്കൽ ക്യാമ്പിലേക്ക് എന്നെ നിർബന്ധിച്ചു പറഞ്ഞയച്ചത്...

 

അവരാണ്  കുറച്ചു ദിവസത്തേക്കാണെങ്കിലും വീണ്ടും എന്നെ പഴയത് പോലെ സന്തോഷിപ്പിച്ചത്...
 

അവരുടെ കൂടെ കൂടി ഞാൻ എന്റെ ദുഃഖങ്ങളെല്ലാം മറന്നു...!!
 

അങ്ങനെ മെഡിക്കൽ ക്യാമ്പിന്റെ അവസാന ദിവസം...
 

രാവിലെ മുതൽ മനസ്സിൽ വല്ലാത്തൊരു അസ്വസ്ഥത നിറഞ്ഞിരുന്നെങ്കിലും മനപൂർവ്വം ഞാൻ അത് മറന്നു ജോലിയിൽ ശ്രദ്ധിച്ചു,

അങ്ങനെ ജോലിയിൽ മുഴുകിയിരിക്കുന്ന ആ സമയത്താണ് വീണ്ടും ഞാൻ അയാളെ കാണുന്നത്, അയാളുടെ എല്ലാ പെെശാചികഭാവവും അന്ന് അയാളിൽ നിറഞ്ഞിരുന്നു...!! "
 

ആ കാഴ്ച ഓർക്കാൻ ഇഷ്ട്ടപ്പെടാത്ത പോലെ ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു....



 

☄☄☄☄☄☄☄☄☄☄☄☄☄☄☄☄☄☄☄☄☄☄☄☄


 

"അന്ന് രാവിലെ മുതൽ തന്നെ നെഞ്ചിനുളളിൽ അകാരണമായൊരു ഭയം നിറഞ്ഞിരുന്നു...
 

എന്തിനെന്നു പോലും അറിയാതെ ഞാൻ വെപ്രാളപ്പെട്ടിരുന്നു, ചെയ്യുന്ന കാര്യങ്ങളിലൊന്നും ശ്രദ്ധ കേന്ദ്രീകരിക്കാനാകാതെ ഉച്ച വരെ നിന്നപ്പോൾ കുറച്ചു സമയം റെസ്റ്റെടുക്കാനായി ഞാൻ ബാരക്കിലേക്ക് നടന്നു...
 

കുറച്ചു നേരം ബാരക്കിലെ ഡെസ്ക്കിൽ തല ചായ്ചു കിടന്നു..

പെട്ടെന്നാണ് പുറത്തു നിന്നും ആരുടെയൊക്കെയോ നിലവിളിയും ആക്രോശവുമൊക്കെ ചെവിയിലെത്തിയത്..
 

കാര്യമെന്താണെന്നറിയാൻ ഞാൻ വേഗം പുറത്തേക്കു ഓടി, അവിടെ കണ്ട കാഴ്ച ഞെട്ടിപ്പിക്കുന്നതായിരുന്നു.... ! !!

 

ഒരു തെരുവു നായയെ അടിച്ച അവശനാക്കി റോഡിലൂടെ വലിച്ചിഴയ്ക്കുന്ന ഡേവിഡ് സാർ...!!!
 

വൃത്തിഹീനമായ വസ്ത്രം ധരിച്ചു, താടിയും മുടിയും വളർത്തി ഒരു ഭ്രാന്തനെ പോലെ അയാൾ..
 

ചുറ്റും കൂടിയിരിക്കുന്ന ആളുകൾ അദ്ദേഹത്തിന്റെ നേർക്ക് കല്ലു പെറുക്കിയെറിയുകയും ആക്രോശിക്കുകയും ചെയ്യുന്നു...

കല്ലുകൾ കൊണ്ട് നെറ്റിയിൽ വലിയ മുറിവുണ്ടായിട്ടും സാർ നായയെ വിടാതെ അതിനെ കൂടുതൽ ക്രൂരമായി മുറിവേൽപ്പിച്ചുക്കൊണ്ടിരുന്നു...!!!

ഒരു കാലത്ത് സാർ പഠിപ്പിച്ച വിദ്യാർത്ഥികൾ കൂടി സാറിന് നേരെ തിരിയുന്നത് വീണ്ടും എന്നെ വേദനിപ്പിച്ചു, അതൊരിക്കലും സാർ എന്റെ ഭർത്താവ് ആയിരുന്നതിനാൽ അല്ല, മറിച്ച് ഒരിക്കൽ സാറിലെ രോഗിയെ തിരിച്ചറിഞ്ഞതിനാലായിരുന്നു,.. ! !
 

പിന്നീട് മറ്റൊന്നും ചിന്തിക്കാതെ ഞാൻ സാറിനരികിലേക്ക് ഓടി,

പക്ഷേ, എന്നെ കണ്ടതും സാറിന്റെ ദേഷ്യം പതിന്മടങ്ങായി ഇരട്ടിച്ചു...

അതൂ കണ്ടു പിന്തിരിഞ്ഞോടാൻ ശ്രമിച്ചെങ്കിലും എനിക്കു അനങ്ങാൻ പോലും കഴിഞ്ഞില്ല..

ആ ഒരു നിമിഷം മതിയായിരുന്നു സാറിന് എന്നെ ആക്രമിച്ചു തുടങ്ങാൻ..!!

കെെയ്യിൽ കരുതിയ തടി കഷ്ണം പൊട്ടിതകരുന്നത് വരെ അയാൾ എന്നെ തലങ്ങും വിലങ്ങും തല്ലി, എതിർക്കാൻ വന്നവരെയും ആക്രമിച്ചു..

എന്നിട്ടും ദേഷ്യം അടങ്ങാതെ അയാൾ എന്നെ നിലത്തൂടെ വലിച്ചിഴച്ചു, ചവിട്ടുകയും തലയിൽ കല്ലു കൊണ്ടു ഇടിക്കുകയും ചെയ്തു...

ഇതിനിടയിൽ എപ്പോഴോ എന്റെ ബോധം മറഞ്ഞിരുന്നു, പോലീസ് എത്തിയാണ് എന്നെ രക്ഷപ്പെടുത്തിയതെന്ന് പിന്നീട് അറിഞ്ഞു..

ശരീരമാകെ മുറിവേറ്റ് കുറെ നാൾ ഞാൻ ആശുപത്രിയിൽ കിടന്നു, ഇതിനിടയിൽ എന്നെ ആക്രമിക്കുന്നത് ആരോ ഫോണിൽ പകർത്തിയിരുന്നു, അത് പല തലക്കെട്ടുകൾ ചേർത്തു സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു...

എന്റെ ദൂർനടപ്പ് മൂലം ഭ്രാന്തു പിടിച്ച ഭർത്താവിനെ വെളളപൂശീ എന്നെ സെെബർ ലോകം ആക്രമിച്ചു..

എല്ലാം കൂടി എന്നെ വല്ലാതെ തളർത്തി...
 

പക്ഷേ, അതിനേക്കാളെല്ലാം എന്നെ ഭയപ്പെടുത്തിയത് ആക്രമിക്കുന്നതിനിടയിൽ അയാൾ പറഞ്ഞ വാക്കുകളായിരുന്നു...!!
 

"എന്നെയും എന്റെ കുടുംബത്തെയും അയാൾ ഇല്ലാതാക്കുമെന്ന്!.....!! "

അതൊരു ഭ്രാന്തന്റെ ജൽപ്പനങ്ങളായി എനിക്കു തോന്നിയില്ല, അത്ര വെെകാരീകമായി ആയിരുന്നു അയാൾ അത് പറഞ്ഞത്, അപ്പോൾ അയാളുടെ കണ്ണുകളിൽ പകയെരിഞ്ഞിരുന്നു...!!!

 

പിന്നീട് ഞാൻ അയാളെ ആരെക്കെയോ ചേർന്നു മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയെന്നറിഞ്ഞു...

എങ്കിലും എന്റെ ഭയം ശമിച്ചില്ല..

ഞാൻ കാരണം ഇനി ഒരു ദുരന്തം കൂടി എന്റെ കുടുംബത്തിൽ ഉണ്ടാകാതിരിക്കാൻ ഗൗരിയേട്ടത്തിയുടെ ഒരകന്ന ബന്ധു വഴി ഇങ്ങോട്ടേക്ക് പോന്നു,
 

ഒന്നര വർഷം കഴിഞ്ഞു ഈ അജ്ഞാതവാസം തുടങ്ങിയിട്ട്...

ഇടയ്ക്കൊക്കെ ചേട്ടൻ അവരെയും കൊണ്ടു എന്നെ കാണാൻ വരും, ആ ദിവസങ്ങളിൽ മാത്രമാണ് ഞാൻ ഇപ്പോൾ ജീവിക്കുന്നത്... !!! "

 

ഒരു നെടുവീർപ്പോടെ മിത്ര പറഞ്ഞു നിർത്തുമ്പോൾ ഒരിക്കൽ ആരോ ഷെയർ ചെയ്ത ഒരു വീഡിയോയിൽ ഒരു പെൺകുട്ടിയെ ഒരാൾ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളായിരുന്നു മനസ്സു നിറയെ...

മുഖം വ്യക്തമാക്കാത്ത ആ വീഡിയോയ്ക്ക് പിന്നിൽ ഇത്തരത്തിലൊരു കഥയുണ്ടെന്നറിയാതെ ആ പെൺകുട്ടിയെ പഴിച്ച എന്നോട് തന്നെ എനിക്കു പുച്ഛം തോന്നി...
 

ഇത്തരത്തിൽ ഷെയർ ചെയ്യുന്ന വീഡിയോകളിലൊക്കെ ആരുമറിയാത്ത എത്ര കഥകൾ ഉണ്ടെന്നോർത്ത് ഉളെളാന്നു നീറി......



 

  

       ☄☄☄☄☄☄☄☄☄☄☄☄☄☄☄☄




 

"ഞാൻ ഒരു ക്രോണിക് മെന്റൽ പേഷ്യന്റായിരുന്നു, കുട്ടിക്കാലത്ത് സ്വന്തം ചേട്ടനിൽ നിന്നും തന്നെ നേരിടേണ്ടി വന്ന സെക്ഷ്യൂൽ അബ്യൂസ്..

ആ ഷോക്ക് എന്റെ മാനസികനില തകരാറിലാക്കി...

വേണ്ടത്ര ചികിത്സയോ ശ്രദ്ധയോ കിട്ടിയിരുന്നെങ്കിൽ പണ്ടെ ഞാൻ നോർമലായെനേ, കുടുംബത്തിന്റെ അഭിമാനമോർത്ത് എല്ലാവരും എന്റെയുളളിലെ രോഗത്തെ മൂടി വെച്ചു, ഞാൻ വളരുന്തോറും അതും വളർന്നു..

പിന്നെ നടന്നതൊക്കെ അറിയാമല്ലോ...??
 

ദ്രോഹിച്ചട്ടെയുളളൂ... ഒന്നും മനപൂർവ്വമായിരുന്നില്ല..

പലതും ഓർമയിൽ കൂടിയില്ലായിരുന്നു,

അന്നു തന്നെ ആക്രമിച്ചതിന്റെ പേരിൽ ആരൊക്കെയോ എന്നെ ഇടുക്കിയിലുളള ഒരു മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു,

അവിടെയുളള ഡോക്ടേഴ്സിന്റെ കാരുണ്യം മൂലം ഞാൻ പൂർണ്ണമായും സുഖപ്പെട്ടു...

അവിടെ നിന്നും എന്നെ തിരികെ നാട്ടിലെത്തിച്ചത് തന്റെ ചേട്ടനാ...!! "
 

ഒരു നിമിഷം അയാൾ പറഞ്ഞ വാക്കുകൾ എന്നെ ഞെട്ടിച്ചു,

മനസ്സിലാകത്തത് പോലെ വീണ്ടും ചിന്തിച്ചു... 

 


 

ഞാൻ വീട്ടിൽ അറിയിക്കേണ്ട എന്നു കെഞ്ചി പറഞ്ഞെങ്കിലും എല്ലാം കേട്ടതിന് ശേഷം അജിത്ത് എന്റെ ചേട്ടനെ വിളിച്ചു ഡേവിഡ് സാർ ഇവിടെ എത്തിയ വിവരം അറിയിച്ചു,ചേട്ടനാണ് എന്നോട് അജിത്തിനേയും കണ്ണേട്ടനെയും കുട്ടി ഡേവിഡ് സാറിനെ പോയി കാണാൻ പറഞ്ഞത്, കണ്ണേട്ടനോട് വെറെന്തൊക്കെയോ കൂടി പറഞ്ഞിട്ടാണ് ചേട്ടൻ അന്ന് ഫോൺ വെച്ചത്..

അപ്പോഴും ചേട്ടൻ പറഞ്ഞതിലെ പൊരുൾ തേടുകയായിരുന്നു ഞാൻ...

പക്ഷേ,ഇപ്പോൾ എനിക്ക് എല്ലാം മനസ്സിലായി, എന്റെ ചേട്ടനാണ് ഡേവിഡ് സാറിനെ തിരികെ ജീവിതത്തിലേക്ക് കൊണ്ടു വന്നത്, ഡേവിഡ് സാർ ഇപ്പോൾ നോർമലാണെന്ന് ഉറപ്പുളളത് കൊണ്ടു മാത്രമാണ് ചേട്ടൻ എന്നോട് കാണാൻ ആവശ്യപ്പെട്ടതും..!!

ദൂരെയായിരൂന്നിട്ട് കൂടി എന്റെ കാര്യങ്ങൾ ഇത്രയും ശ്രദ്ധിക്കുന്ന ചേട്ടനിലൂടെ വീണ്ടും ഞാൻ എന്റെ അച്ഛനെ കണ്ടു..!!
 

ആ ചാരത്തണയാൻ എന്റെ ഹൃദയം വെമ്പി...!!!
 

"മാഡം... ആർ യൂ ഒക്കെ..?? "
 

എന്റെ കണ്ണുകൾ നിറഞ്ഞത് കണ്ടിട്ടാവണം അജിത്ത് ചോദിച്ചു,
 

ഒന്നുമില്ലായെന്നർത്ഥത്തിൽ ഞാൻ തലയനക്കി..

അപ്പോഴും എന്നെ ഇമ ചിമ്മാതെ നോക്കുന്ന ഡേവിഡ് സാറിന് ഒരു നനുത്ത പുഞ്ചിരി നൽകി...

 

"ആദ്യമെനിക്ക് മിഥുനേട്ടനെ മനസ്സിലായില്ല..

പതിയെ മിഥുനേട്ടൻ തന്നെയാണ് എനിക്ക് എന്റെ കഥ പറഞ്ഞു തന്നത്.....

എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ആദ്യം കാണാൻ തോന്നിയത് തന്നെയാ..

പക്ഷേ, എന്നെ കണ്ടാൽ താൻ എങ്ങനെ പ്രതികരിക്കുമെന്ന പേടിയിൽ അകന്നു നിന്നു..

പിന്നെ എനിക്ക് നാട്ടിൽ ചെയ്തു തീർക്കാൻ കുറെ കാര്യങ്ങളുണ്ടായിരുന്നു,
 

ആദ്യം തന്റെ അമ്മയോട് മാപ്പ് പറഞ്ഞു, പിന്നെ റീനേച്ചിയുടെ വീട്ടുക്കാരെ കണ്ടു, റീനേച്ചിയുടെ മാതാപിതാക്കൾ ഒറ്റ മകളുടെ മരണം കാരണം വല്ലാതെ തകർന്നു പോയിരുന്നു, അതിനാൽ അവരെ ഞാൻ എന്നോടൊപ്പം കൂട്ടി, എന്റെ വീട്ടിൽ ആകെ ബാക്കിയുണ്ടായിരുന്നത് ഭാര്യയുടെയും മക്കളുടെയും ചെയ്തികളിൽ മനംനൊന്ത് തകർന്നു പോയ അച്ഛൻ മാത്രമായിരുന്നു, കിച്ചു മോനേ കണ്ടതും അച്ഛനും ആശ്വാസമായി...

അവരെയും കൊണ്ടു ഇങ്ങോട്ടേക്ക് വരുമ്പോൾ താൻ ഇവിടെയുളളതായിരുന്നു എന്റെ ധെെര്യം..

പതിയെ ഞങ്ങളും എല്ലാം മറന്നു ഒരു ജീവിതം പടുത്തുയർത്തി...
 

എല്ലാം അറിഞ്ഞു ഒരുവൾ എന്നരികിലേക്ക് വന്നു, ആ കാര്യവും ആദ്യം ഞാൻ പറഞ്ഞത് മിഥുനേട്ടനോടായിരുന്നൂ...

മിഥുനേട്ടന്റെ കൂടെ നിർബന്ധത്തോടെ ക്രിസ്റ്റീന എന്റെ ജീവിതത്തിന്റെ ഭാഗമായി...

അപ്പോഴും തന്നോട് തെറ്റു ചെയ്തല്ലോ എന്നത് എന്നെ വല്ലാതെ അലട്ടി, പക്ഷേ. എന്റെ ഓർമകൾ പോലും നിന്നെ ഭയപ്പെടുത്തുകയാണെന്ന് പതിയെ ഞാൻ തിരിച്ചറിഞ്ഞു...
 

സ്വബോധത്തോടെയല്ലെങ്കിലും തന്നോടാ ചെയ്യ്തതിനോക്കെ മാപ്പ് മിത്രാ...

എന്നോട് ക്ഷമിക്കണം...!!!! "

നിറഞ്ഞൊഴുകിയ കണ്ണുകളാൽ ഡേവിഡ് സാർ അങ്ങനെ പറഞ്ഞതും കിച്ചു മോനടക്കം ഒരു കൂട്ടം ആളുകൾ ദയനീയമായി എന്നെ നോക്കുന്നത് ഞാൻ കണ്ടു, അറിയാതെ ചെയ്തു പോയതിനൊക്കെ പ്രായശ്ചിത്തം ചെയ്ത ആ പാവത്തെ ഇനിയും വേദനിപ്പിക്കരുതെന്ന് തീരുമാനിച്ചു ഞാൻ ഡേവിഡ് സാറിന്റെ കെെകളിൽ എന്റെ കെെകൾ ചേർത്തു മൃദുവായി പുഞ്ചിരിച്ചു...
 

ആ പുഞ്ചിരി ചുറ്റുമുളളവരിലേക്കും പടരുന്നത് സന്തോഷത്തോടെ ഞാൻ അറിഞ്ഞു....




 

   

         ☄☄☄☄☄☄☄☄☄☄☄☄☄☄☄




 

ചേച്ചിയ്ക്ക് വിശേഷമുളളതിനാൽ അമ്മയെ ഒപ്പം കൊണ്ടു പോകാൻ അജിത്തിന് കഴിഞ്ഞില്ലെങ്കിലും അതിന് പകരം ഒരു ലോഡ് സാധനങ്ങളുമായി അഭിലാഷേട്ടൻ വന്നത് അജിത്തിന് ഒരു ധെെര്യമായി...
 

പോകാൻ നേരം അടുക്കുന്തോറും ടെൻഷനടിക്കുന്ന അജിത്തിനെയും അഭിലാഷേട്ടനെയും കണ്ട് എന്റെ ഉളളിലും ഒരു നോവുണർന്നു..
 

കടലനിക്കരെയ്ക്ക് പോകുന്ന ഈ മനുഷ്യനെയോർത്തു  എന്തിനാണ് വേദനിക്കുന്നതെന്നോർത്ത്  ഞാൻ അദ്ഭൂതപ്പെട്ടെങ്കിലും അയാളാണ് എന്റെ ജീവിതത്തിലെ അരാചകത്വത്തിന് അവസാനമിട്ടതെന്നോർത്ത് ഞാൻ ആശ്വസിച്ചു...
 

എങ്കിലും അയാൾ പോകുന്നതോർക്കുമ്പോളോക്കെ നെഞ്ചിനുളളിൽ എന്തോ കൊത്തി വലിക്കുന്നത് ഞാൻ അറിഞ്ഞു...


 

ഒടുവിൽ "പോയീ വരാ മേഡം" എന്ന വാക്കിൽ യാത്ര പറഞ്ഞു എയർപ്പോർട്ടിലെ തിരക്കിൽ അയാൾ മറയുമ്പോൾ ഹൃദയം വിങ്ങി കണ്ണിൽ വെളളം നിറഞ്ഞിരുന്നു...!!!!





 

         ☄☄☄☄☄☄☄☄☄☄☄☄☄☄☄☄☄





 

രണ്ടു വർഷങ്ങൾ വളരെ വേഗം കടന്നു പോയി....
 

ഞാൻ ഒറ്റപ്പാലത്ത് വേരൂറപ്പിച്ചു,

പെെസ വാങ്ങാതെ ചികിത്സിക്കുന്ന കെെപുണ്യമുളള ഡോക്ടറായി അച്ഛന്റെ പേരിനെ കാത്തൂ ഞാൻ...!!

 

ചേട്ടൻ പഴയത് പോലെ തന്നെ തിരക്കുളള ജീവിതം.. ! !!!

 

അമ്മയും ചേച്ചിയും കൂടി പതിയെ കൃഷി തുടങ്ങി, കൂട്ടിന് ഞങ്ങളുടെ കൊച്ചു തുമ്പി കാന്താരിയുമുണ്ട്...!!!
 

പോയീട്ട് രണ്ടു വർഷമായെങ്കിലും അതിൽ പിന്നെ ഒരിക്കലും അജിത്ത് എന്നെ വിളിച്ചിട്ടില്ല... ഞാനും...!!!
 

എങ്കിലും ഗൾഫിലെ ഒരു വലിയ കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥനാണെന്ന് അനിതേച്ചി വിളിക്കുമ്പോൾ പറയും, അനിതേച്ചിയ്ക്കും അഭിലാഷേട്ടനും ഒരു മോൻ ഉണ്ടായി...
 

അവരുടെ ആദി മോൻ...!!!

അവനെ കാണാൻ ഇടയ്ക്ക് ഒരാഴ്ച്ച അജിത്ത് നാട്ടിലെത്തിയെങ്കിലും ഞാൻ അറിഞ്ഞിരുന്നില്ല... അവൻ അറിയിച്ചുമില്ല...
 

അജിത്ത് പോയി അധികം വെെകാതെ തന്നെ അജിത്ത് "അവനായി" മാറിയിരുന്നു..!!

അവന്റെ ആഗ്രഹം പോലെ തന്നെ അവന്റെ കോളനിയിലെ ആളുകൾ ചേർന്നു ഒരു കമ്പനി തുടങ്ങി... !!
 

അവന്റെ കുടുംബത്തോടൊപ്പം തന്നെ ആ കോളനിയിലെ കുടുംബങ്ങളും നന്നായി..!!!

 

എല്ലാം നല്ല രീതിയിൽ പോകുന്നു...

 

ഞാനും....

പക്ഷേ, അടുത്തിടായി എനിക്കും തോന്നുന്നു ജീവിതം ഷെയർ ചെയ്യാൻ ഒരു കൂട്ടു വേണമെന്ന്...
 

വലിയ ചിന്തകൾ ഒന്നുമില്ല... വെറുതെ ഒരു കൂട്ട്...

ഒറ്റയ്ക്കിരിക്കുമ്പോൾ തല ചായ്ക്കാൻ ഒരു തോൾ മാത്രം..!!

അതിനുമപ്പുറം ആഗ്രഹങ്ങളില്ല... ! !


 

പക്ഷേ, അങ്ങനെ ഓർക്കുമ്പോഴോക്കെ മനസ്സിൽ തെളിയുന്നത് അജിത്തിന്റെ മുഖമാണ്...
 

അപ്പോൾ സ്വയം തിരുത്തും..
 

എന്തിനാണ് വെറുതെ...????

"വെറുതെ മോഹിക്കുവാൻ എന്തിനീനി മോഹങ്ങൾ...??? "



 

            ☄☄☄☄☄☄☄☄☄☄☄☄



 

ജൂൺ മാസത്തിലെ ഒരു നനുത്ത മഴയത്ത് ഹോസ്പിറ്റലിലേക്ക് നടക്കുമ്പോഴാണ് ഒരു വണ്ടി കുറുകെ വന്നു നിർത്തിയത്...

 

ആദ്യം ഒന്നു ഭയന്നെങ്കിലും വളരെ വേഗം മറു വശത്ത് കൂടി റോഡ് ക്രോസ് ചെയ്യാൻ ശ്രമിച്ചു,അപ്പോഴാണ് ആ സ്വരം വീണ്ടും കേട്ടത്...


 

"മേഡം...?????? "


 

ഒരു നിമിഷം ശ്വാസം നിലയ്ക്കുന്നത് പോലെ തോന്നി, വെട്ടി തിരിഞ്ഞു നോക്കിയതും പിറകിൽ ഒരു ചിരിയോടെ അജിത്ത്... ! !!!!!!!

 

പെട്ടെന്നു ഇത്രയും നാൾ വിളിക്കാത്തതിലുളള പരിഭവമാണ് തോന്നിയത്, അത് കണ്ണുനീരായി പരിണമിക്കുകയും ചെയ്തു,
 

അതു കണ്ടെന്ന പോലെ അജിത്ത് അരികിലേക്ക് വന്നു ഒരു കുസൃതിയോടെ ചോദിച്ചു,

 

"ആർ യൂ ഒക്കെ മേഡം...?? "


 

ആ നിമിഷം എന്തുക്കൊണ്ടോ എനിക്കും ചിരി പൊട്ടി, തെല്ലു കുസൃതിയോടെ അജിത്തിനെ തലങ്ങും വിലങ്ങും തല്ലാൻ തുടങ്ങി,

അതെല്ലാം നിശ്ശബ്ദം അവൻ ഏറ്റു വാങ്ങി...

അവസാനം എനിക്ക് കെെ വേദനിച്ചു തുടങ്ങി, പെട്ടെന്നു ഒരു നിമിഷം അവൻ എന്റെ കെെകളിൽ പിടുത്തമിട്ടു,
 

എന്റെ കണ്ണുകളിലേക്ക് പ്രണയാർദ്രമായി നോക്കി...
 

ആ നിമിഷം തന്നെ മറുത്തൊരു വാക്കും പറയാതെ ഞാൻ അജിത്തിന്റെ നെഞ്ചിലേക്ക് വീണു, അന്ന് ആദ്യമായി മിടിക്കുന്ന ഹൃദയമുളള കരുത്തുറ്റ കരങ്ങൾ എനിക്ക് സംരക്ഷണം ഒരുക്കി...



 

ഞങ്ങളുടെ പ്രണയത്തിന് മാറ്റു കൂട്ടി ഒരു മഴക്കാലം പെയ്തിറങ്ങി....

 

ഒരിക്കലും അവസാനിക്കാതെ... ❤








 

ശുഭം.. 💕








 

അങ്ങനെ ഒരു കഥ കൂടി തീർന്നു,കുറെ സംഭവങ്ങൾ അറഞ്ചം പുറഞ്ചം മിക്സാക്കി കുളമാക്കിയിട്ടുണ്ട്..😁😆

അവസാന ഭാഗം വളരെ ഡ്രമാറ്റിക്കായി പോയിട്ടുണ്ട്... എന്തുചെയ്യാം ഞാൻ പറഞ്ഞതാ സേതുപതി ചേട്ടൻ സമ്മതിച്ചില്ല... 🙈
 

അപ്പോൾ ഇതുവരെ നിശ്ശബ്ദമായി വായിച്ചവരടക്കം എല്ലാവരും നിർബന്ധമായും അഭിപ്രായം പറഞ്ഞിട്ടു പോകണേ..... ❤