Aksharathalukal

അളകസിദ്ധാർത്ഥ ❤️ - 2

അളകാസിദ്ധാർത്ഥ ❤️


Part 02


✍️Dev❤️



അവനെ ആദ്യമായി കാണുന്നത് സാറിന്റെ കൂടെ ബുക്ക്‌ റെഫർ ചെയ്യാനായി ലൈബ്രറിയിൽ ചെല്ലുമ്പോഴാണ്. ഡെസ്കിലിരുന്നു കാര്യമായി എന്തോ എഴുതുന്ന ഒരാളെ കണ്ടത്. ശ്രദ്ധിക്കാൻ കാരണം അവന്റെ ചെമ്പൻ നിറത്തിലുള്ള തിങ്ങി നിറഞ്ഞ മുടിയിഴകൾ ആണ്. അത് മുഖം മറച്ചു മുൻപോട്ട് ചാഞ്ഞ് കിടക്കുന്നു.


പിന്നീട് ഒരിക്കൽ പോലും അവനെ ഞാൻ കണ്ടില്ല. ദിവസങ്ങൾ കടന്ന് പോകുംതോറും അവനെ പതിയെ ഞാൻ മറന്ന് തുടങ്ങി. എന്നാൽ അപ്രതീക്ഷിതമായി ഏട്ടന്റെ കൂടെ ഞാൻ അവനെ കണ്ടു. അവനെ തിരിച്ചറിയാൻ ആ മുടിയിഴകൾ തന്നെ ധാരാളമാണ്. തിങ്ങി നിറഞ്ഞവ അവന്റെ ഒരു കണ്ണിനെ മറച്ച് മുഖത്തേക്ക് നീണ്ട് കിടക്കുന്നു.

 കൈകൾ പോക്കറ്റിലേക്ക് ആഴ്ത്തി ഏട്ടൻ പറയുന്നതിന് ഒരു നോട്ടമല്ലാതെ ഒരു മറുപടിപോലും കൊടുക്കാതെ നിൽക്കുന്ന അവനെ കണ്ടപ്പോൾ ആദ്യമെനിക്ക് ദേഷ്യമാണ് തോന്നിയത്. അവസാനം എന്തോ ഒരു വാക്ക് മറുപടി കൊടുത്തവൻ തിരിഞ്ഞ് പോയി.


അവനോട് സംസാരിച്ച തിരിഞ്ഞ ഏട്ടൻ എന്നെ കണ്ട്. ഞങ്ങൾ സംസാരിക്കുന്നതിന്റെ കൂട്ടത്തിൽ അറിഞ്ഞു. ഏട്ടൻറെ അതെ ക്ലാസ്സിലുള്ള ആളാണെന്ന്. ആരോടും അടുപ്പമില്ലാത്ത, ഒരു നോക്ക് കൊണ്ട് മാത്രം സംസാരിക്കുന്നവൻ. ആകെ മിണ്ടുന്നത് ഒന്നോ രണ്ടോ വാക്കുകൾ അതും അത്യാവശ്യമെന്ന് തോന്നുന്ന സമയങ്ങളിൽ. എന്നാൽ ആരെയും വെറുപ്പിക്കാതെ പതിഞ്ഞ സ്വരത്തിൽ മാത്രം സംസാരിക്കുന്നവൻ.


പേര് ചോദിച്ചപ്പോൾ ഏട്ടനെന്നെ ഒന്ന് സൂക്ഷിച്ചു നോക്കി.

" വല്ല പണിയും കൊടുക്കാനാണോ എന്ന് ചോദിച്ചു. അല്ലെന്ന് ആയിരുന്നു എന്റെ മറുപടി. ഏട്ടനത് മുഴുവനായി വിശ്വസിച്ചില്ലെങ്കിലും ഒരു മൂളലോടെ 
പറഞ്ഞു.

" ധ്രുവ് സിദ്ധാർത്ഥ " ധ്രുവ് എന്നാണ് വിളിക്കുന്നത്.

" ധ്രുവ്... " ഉള്ളിലൊരു പുഞ്ചിരിയോടെ ഞാൻ മന്ത്രിച് ഞാൻ തിരിഞ്ഞു നടന്നു. ആരോടും തോന്നാത്തൊരു കൗതുകം, ഇഷ്ടം... എന്തോ ഒന്ന് എന്നെ അവനിലേക്ക് അടുപ്പിക്കുന്നുണ്ട് എന്താണത്.. അറിയില്ല. ചോദ്യവും ഉത്തരവും ഞാൻ തന്നെ കണ്ടെത്തി.


 അന്ന് മുതൽ പിറകെ കൂടിയതാണ്. ഏട്ടൻ പറഞ്ഞതെല്ലാം ശരിയാണ്. ആരോടും മിണ്ടില്ല. എന്നാൽ ചില പെൺകുട്ടികളുടെയെങ്കിലും ആരാധ്യ പുരുഷനാണ്.

 അത് എന്നിൽ ചെറുതല്ലാത്തൊരു കുശുമ്പ് ഉണ്ടാക്കി.


++++++

അന്നൊരു ഓണം സെലിബ്രേഷൻ ആണ്. ആദ്യമായി അറിഞ്ഞോ അറിയാതെയോ അടുത്ത് വന്ന് നിന്ന നിമിഷം. ഹൃദയം പൊട്ടി പുറത്തുവരുമോ എന്ന് ഞാൻ ഭയന്നു.

 അന്ന് ഞാൻ കണ്ടു എന്നും പോക്കറ്റിൽ ഒളിപ്പിക്കുന്ന ആ കൈ. പരിപാടികൾ നടന്നുകൊണ്ടിരിക്കുകയാണ്. ആ കണ്ണുകൾ അവടെ എന്ന് ഉറപ്പിച്ചു. എന്റെ ഹൃദയത്തെ നിയന്ത്രിച്ച് വിറക്കുന്ന കൈകളോടെ ആ വിരലിൽ ഒന്ന് സ്പർശിച്ചു.

 അവനെ സ്പർശിച്ച നിമിഷം എന്റെ ഹൃദയം നിന്നതുപോലെ. ശരീരത്തിലൂടെ മിന്നൽ പാഞ്ഞതുപോലെ തോന്നി.

ഞെട്ടൽ മാറിയ നിമിഷം മുഖത്തേക്ക് ഞാൻ നോക്കി. യാതൊരു ഭാവവ്യത്യാസങ്ങളുമില്ലാതെ നിൽക്കുന്നു. എന്റെ സ്പർശനം അറിഞ്ഞിട്ടില്ലെന്ന ഭാവം.


 പിന്നെയും അനുസരണയില്ലാത്ത എന്റെ കണ്ണുകൾ അവനിലേക്ക് തന്നെ സഞ്ചാരിച്ചുകൊണ്ടിരുന്നു.

മുഖത്തിന്റെ ഒരു വശം മറഞ്ഞു കിടക്കുന്ന ആ മുടിയിഴകളെ തലോടാൻ എന്റെ കൈകൾ കൊതിച്ചു.

വെട്ടിനിർത്തിയിരിക്കുന്നത് പോലെയുള്ള പുരികങ്ങൾ, കുറ്റിരോമങ്ങൾ നിറഞ്ഞ കവിളുകൾ..കുഞ്ഞികണ്ണുകളും.

ആ കണ്ണുകൾ എന്റെ ഉപബോധമനസ്സിൽ ആരെയോ ഓർമിപ്പിച്ചു.


++++++

 എന്റെ നീരിക്ഷണം കൂടിപ്പോയതിനാലാവണം കണ്ണെടുത്ത് എന്റെ നേരെ നോക്കി. പെട്ടെന്നുള്ള നോട്ടത്തിൽ എനിക്ക് എന്റെ കണ്ണുകൾ അവനിൽ നിന്നും പറിച്ചെടുക്കാൻ കഴിഞ്ഞില്ല.. പക്ഷെ എന്നെ ഒന്ന് നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല.


എന്നാൽ ആ നോട്ടത്തിൽ ഒരു സ്വപ്നനാടകയെ പോലെ ഞാൻ നടന്നു. സ്വബോധം തിരിച്ചു വന്ന നിമിഷം ഞാൻ അവനെ തേടി. പക്ഷെ കണ്ടില്ല. കോളേജ് മുഴുവൻ അരിച്ചുപെറുക്കിയിട്ടും കണ്ടില്ല. അവസാനശ്രമമെന്ന പോലെ പാർക്കിങ്ങിലേക്ക് ഞാൻ നടന്നു.

പാർക്കിങ്ങിലെ മരത്തിന് ചുവട്ടിൽ നിൽക്കുന്നു. ആരോ കൂടെ ഉണ്ട്. സംസാരിക്കുന്ന ആളുടെ മുഖം കാണുന്നില്ല. ആരോടാണ് സംസാരിക്കുന്നതെന്ന് അറിയില്ല...

പെട്ടെന്ന് ആണ് അയാൾ അവന് നേരെ തിരിഞ്ഞത് അപ്പോഴാണ് ഞാൻ അയാളെ കാണുന്നത്.

" ഇത്... ഇത്... മനു അങ്കിൾ അല്ലെ... ആദിയുടെ അപ്പ... അങ്കിളെന്താ ഇവടെ.. അതും ധ്രുവിനോട്...??? " എന്നിൽ ചോദ്യങ്ങൾ കുമിഞ്ഞ് കൂടി.

 എന്തൊക്കെയോ പറഞ്ഞവസാനം അങ്കിൾ ധ്രുവിനെ കെട്ടിപിടിച്ചു. എന്നാൽ തിരിച്ചു യാതൊരു ഭാവവ്യത്യസങ്ങളുമില്ലാതെ പോക്കറ്റിൽ നിന്നും കൈകൾ പോലും എടുക്കാതെ പ്രതിമ പോലെ നിന്നതേ ഉള്ളു.


പെട്ടെന്ന് ആണ് എന്റെ തോളിലൊരു കൈ വന്ന് പതിഞ്ഞത്. ഞെട്ടി തിരിഞ്ഞ് ആളെ കണ്ടതും എന്നിൽ നിന്നൊരു നിശ്വാസം പുറത്തേക്ക് വന്നു.

" നീയായിരുന്നോ... പേടിച്ചുപോയല്ലോ ആദി.. "

" നീയെന്താ ഇവടെ നിൽക്കുന്നെ... സത്യം പറ എന്താ ഇവടെ പരുപാടി. " ആദി എന്നോട് ചോദിച്ചു.

" ഏയ്‌ ഒന്നുമില്ല... " കണ്ടത് പറയണോ വേണ്ടയോ എന്ന സംശയത്തിൽ ഞാൻ പറഞ്ഞു.

" എന്ന നീ വാ.. " അവൻ എന്റെ കൈയിൽ പിടിച്ച് വലിച്ചു.

അപ്പോഴേക്കും അങ്കിൾ അവടുന്ന് പോയിരുന്നു. ധ്രുവ് അവിടെ തന്നെ നിൽപ്പുണ്ടായിരുന്നു.

ആദിയും അവനെ കണ്ടു.

" ഇവനെന്താ ഇവടെ നിൽക്കുന്നെ... " സ്വയം പറഞ്ഞു ആദി അവനരുകിലേക്ക് നടക്കാൻ തുനിഞ്ഞതും ഞാൻ അവനെ പിടിച്ച് നിർത്തി.

" എന്താടി... "

" അങ്കിൾ വന്ന് ധ്രുവിനോട് സംസാരിക്കുന്നത് കണ്ടു. "

" ആര്... " സംശയഭാവത്തിൽ അവനെന്നോട് ചോദിച്ചു.

" മനു അങ്കിൾ.. "

" അപ്പയോ.. അപ്പയെന്തിനാ വന്നത്....?? ഞാൻ അവനോട് ചോദിച്ചിട്ട് വരാം നീ ഇവടെ നിൽക്ക്.. " എന്നെ തിരിച്ചു ഒന്നും പറയാൻ സമ്മതിക്കാതെ അവൻ ധ്രുവിനടുത്തേക്ക് ഓടി.

അവൻ പോകുന്നത് ഞാൻ നോക്കി നിന്നു. പിന്നീട് എന്തോ ഓർത്തത് പോലെ തിരിഞ്ഞ് നടന്നു.

+++++++++


ആദി ഓടി ധ്രുവിന്റെ മുന്നിൽ ചെന്ന് നിന്നു.

ധ്രുവ് തന്റെ സ്ഥിരം ഭാവത്തിൽ അവനെ ഒന്ന് നോക്കി എന്നിട്ട് മുന്നോട്ട് നടക്കാൻ തുനിഞ്ഞു.

ആദി തന്റെ കൈകൊണ്ട് അവനെ തടഞ്ഞ് കിതച്ചുകൊണ്ട് ചോദിച്ചു.

" അപ്പ.... അപ്പ എന്തിനാ വന്നേ...?? "

 മറുപടിയായി ധ്രുവ് അവനെ തല ചെരിച്ചൊന്ന് നോക്കി.

ആദിയത് പ്രതീക്ഷിച്ചിരുന്നു.


" അപ്പ... എന്തെങ്കിലും പറഞ്ഞോ.. നീ... നീ... വീട്ടിലേക്ക് വരുന്നുണ്ടോ... ഇപ്രാവിശ്യമെങ്കിലും... " പ്രതീക്ഷയോടെ ആദി അവനെ നോക്കി ചോദിച്ചു.

ആദിയെ ഒന്ന് നോക്കി ഇല്ലെന്നഭാവത്തിൽ തലവെട്ടിച്ചു. ആദിയുടെ മറുപടി കേൾക്കാൻ നിൽകാതെ അവനെ മറികടന്ന് ധ്രുവ് പോയി.


നിരാശയോടെ ആദി തലകുനിച്ചു. ഒരു നെടുവീർപ്പോടെ ധ്രുവ് പോകുന്നത് നോക്കിയവൻ നിന്നു. പിന്നെ തിരിഞ്ഞ് നടന്നു.


നടന്ന് നീങ്ങിയ ധ്രുവ് ഒന്ന് നിന്നു ആദിയെ തല തിരിച്ചൊന്നു നോക്കി.

തലകുനിച്ച് പോകുന്ന അവനെ കണ്ട് ധ്രുവ് തിരിഞ്ഞു നടന്നു.


+++++

 സങ്കടപ്പെട്ട് വരുന്ന ആദിയെ കണ്ട് ഞാൻ ഒന്ന് പകച്ചിരുന്നു. എന്റെ അടുത്ത് വന്നിരുന്നതല്ലാതെ ഒരക്ഷരമവൻ സംസാരിച്ചില്ല.

ഒരു സമയം മിണ്ടാതെ ഇരിക്കുന്നവനല്ല. ഞാൻ അവന്റെ തോളിൽ കൈ വച്ചു.

" ആദി ആർ യൂ ഓക്കേ?? " ഞാൻ ചോദിച്ചപ്പോൾ കുനിഞ്ഞിരുന്ന തല ഉയർത്തി അവൻ എന്നെ നോക്കി.

ആ കണ്ണുകൾ കലങ്ങിയിരിക്കുന്നു.

എന്തുപറ്റിയെന്ന് എനിക്ക് ചോദിക്കണമെന്ന് ഉണ്ടായിരുന്നു പക്ഷെ.. ഞാൻ ചോദിച്ചില്ല. ഞാൻ അറിയേണ്ടത് ആണെങ്കിൽ അവൻ ആയിട്ട് അത് എന്നോട് പറയുമെന്ന വിശ്വാസം എനിക്കുണ്ട്. അതാണ് പതിവും.


അതുകൊണ്ട് തന്നെ ഞങ്ങൾക്കിടയിൽ പതിവില്ലതൊരു മൗനം വന്ന് നിറഞ്ഞു.


+++++++

വൈകിട്ട് വീട്ടിലേക്ക് പോകാൻ ബാഗും എടുത്ത് പുറത്തേക്കിറങ്ങിയപ്പോൾ ആദി ആരെയോ നോക്കി നിൽക്കുന്നത് പോലെ എനിക്ക് തോന്നി. അടുത്തേക്ക് ചെന്ന് നോക്കിയപ്പോൾ ധ്രുവ് പോകുന്നത് നോക്കി ആദി നിൽക്കുന്നു.


അവന്റെ ആ നിൽപ്പിൽ എനിക്കെന്തോ പന്തികേട് തോന്നിയെങ്കിലും ഞാൻ ചോദിച്ചില്ല.

തിരിച്ചുള്ള യാത്രയിൽ ഞങ്ങൾ ഒരുമിച്ചാണ്. രാവിലെ എന്റെ അപ്പ കൊണ്ടുവന് വിടും വൈകിട്ട് ആദിയുടെ കൂടെ. അവന് ലൈസൻസ് കിട്ടിയത് മുതലുള്ള ശീലം ആണ്.

ഞാനും അവനും ഏഴാം ക്ലാസ്സ്‌ മുതലുള്ള സൗഹൃദം ആണ്. എന്തും തുറന്ന് പറയാവുന്ന കൂട്ട്. പക്ഷെ ധ്രുവിന്റെ കാര്യം മാത്രമവനോട് ഞാൻ ഒളിച്ചുവെച്ചു. എന്തിനെന്ന് ചോദിച്ചാൽ അറിയില്ല. അതിനൊരു ഉത്തരം എന്റെ കയ്യിലില്ല.


വൈകിട്ടത്തെ ആ യാത്രയിലും അവൻ മൗനത്തെ കൂട്ടുപിടിച്ചിരുന്നു. അവന്റെ മൂഡ് മാറ്റാൻ എന്നോണം ഞാൻ നിർബന്ധിച്ച് അവനെ കോഫി ഷോപ്പിൽ കയറ്റി.

കോഫി കുടിച്ചുകൊണ്ടിരുന്നപ്പോൾ ഇത്രയും നേരമുണ്ടായിരുന്ന മൗനത്തെ ഉടച്ചുകൊണ്ട് അവൻ പറഞ്ഞു.

" നിന്നോട് ഞാൻ മറച്ച് വെച്ചൊരു കാര്യമുണ്ട്. ഞാൻ അല്ല ഞങ്ങൾ.. ഞങ്ങളെന്നാൽ ഞാനും, ജോ അച്ചായനും, അച്ചുവും.. "


അവനത് പറഞ്ഞ് നിർത്തിയപ്പോൾ ഞാൻ സംശയത്തോടെ നോക്കി.

ഞാൻ പറഞ്ഞ് വന്നത് ധ്രുവിനെ കുറിച്ചാണ്. അപ്പ എന്തിനാ ധ്രുവിനെ കാണാൻ വന്നതെന്തിനാണെന്ന് നീ ചോദിച്ചില്ലേ "??

" ഉം... " ഞാൻ മൂളി. എന്റെ ഉള്ളിൽ ഒരുപാട് ഉത്തരമില്ലാതെ ചോദ്യങ്ങൾ രൂപപ്പെടുന്നുണ്ടായിരുന്നു. ഞാൻ ആദിയ്ക്ക് നേരെ ആകാംഷയോടെ
നോക്കി .

" കാരണം.... " അവനൊന്ന് നിശ്വസിച്ചു... പറയാൻ ബുദ്ധിമുട്ടുന്നത് പോലെ.

" കാരണം.. അവൻ... അവനെന്റെ സഹോദരൻ ആണ്. "


കാത്തിരിക്കുക......

❤️ ആദ്യത്തെ part ന് തന്നെ സ്നേഹത്തിനും സപ്പോർട്ടിനും നന്ദി ❤️


©Dev❤️