Aksharathalukal

COUNTDOWN - Part 16

അദ്ധ്യായം – 16

 

               പോലീസ് നടപടി ഭയന്ന് ലിസ്റ്റിൽ ഉൾപ്പെട്ട കുറേയധികം പേർ പോലീസ് സ്റ്റേഷനുകളിലെത്തി എല്ലാമവസാനിപ്പിച്ച് നല്ല വഴിയേ പോകാൻ തയ്യാറായി. അതിലൊരാളായിരുന്നു ബാസ്റ്റിൻ ജോണിൻറെ സംഘാഗമായിരുന്ന നിഷാദ്. സ്റ്റേഷന് മുന്നിൽ വച്ച് അയാൾക്ക് നേരെ അന്നേരമുണ്ടായ കൊലപാതക ശ്രമം, ആ സംഘത്തിലെ ഒരുപാട് രഹസ്യങ്ങളറിയാവുന്ന ആളാണ് നിഷാദെന്ന് പോലീസിനെ ബോദ്ധ്യപ്പെടുത്തി. അതുകൊണ്ട് തന്നെ പോലീസ് അയാളെ ഉമാകല്ല്യാണിക്കും സംഘത്തിനും മുന്നിലെത്തിച്ചു.

 

    വലിയൊരു കുമ്പസാരത്തിന് തയ്യാറായിത്തന്നെയാണ് നിഷാദ് പോയതും. അയാൾക്ക് പറയാനുള്ളത് നടുക്കുന്ന വാർത്തകളായിരുന്നു. അവയുടെ രത്നച്ചുരുക്കം ഇപ്രകാരമായിരുന്നു.

 

            പോലീസിൻറെ ഇൻറലിജൻസ് വിഭാഗം കണ്ടെത്തിയ പോലെ കാശ്മീരിലെ വിഘടനവാദി ഗ്രൂപ്പുകളിലൊന്നിൻറെ നേതാക്കൾ കേരളത്തിൽ തമ്പടിച്ചിരിക്കുന്നു. ബാസ്റ്റിൻ ജോണായിരുന്നു കേരളത്തിൽ അവരുടെ പ്രധാന സഹായി. അതിനുള്ള നിർദ്ദേശങ്ങൾ നൽകിയതും എല്ലാം ആസൂത്രണം ചെയ്തതും ശിവലാൽ ഷെട്ടിയും ഷൺമുഖനും. പക്ഷേ അതിനിടയിൽ നിഖിൽ രാമനിലൂടെ തുടങ്ങിയ കൊലപാതക പരമ്പരയും പിന്നെയുള്ള കിഡ്നാപ്പിംഗും അവരുടെ പ്ലാനിലുള്ളതായിരുന്നില്ല. എന്നിരുന്നാലും നിഖിൽ രാമന് ജയിലിൽ നിന്നിറങ്ങിയത് മുതൽ എല്ലാ സൗകര്യങ്ങളും ചെയ്ത് കൊടുത്ത് ഷൺമുഖനായിരുന്നു.  ശ്യാംമാധവിനെയും മറ്റ് പോലീസുകാരെയും കിഡ്നാപ്പ് ചെയ്യാൻ അവർ നിർബന്ധിതരായതാണ്. കിഡ്നാപ്പ് ചെയ്ത എല്ലാവരേയും അവർ കൊന്നിട്ടില്ല. എന്തെങ്കിലും കാരണവശാൽ തങ്ങൾ പിടിക്കപ്പെട്ടാൽ തടങ്കലിലുള്ള ഐ.പി.എസ്സുകാരുൾപ്പെടെയുള്ള പോലീസുകാരെ വച്ച് വിലപേശി രക്ഷപെടാനാണ് ഇപ്പോഴവരുടെ പദ്ധതി. ഡോ. അൻസിയയും അവരുടെ തടവിലാണ്. വൻതോതിൽ വെടിമരുന്നും സ്ഫോടക വസ്തുക്കളും അവർ സംഭരിച്ചിട്ടുണ്ട്. പിന്നെ കപ്പലിൽ പുറങ്കടലിലെത്തിച്ച ആയുധങ്ങളും സ്ഫോടക വസ്തുക്കളും വേറെയും. തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് വലിയ പ്രശ്നങ്ങൾ സംസ്ഥാനത്തുണ്ടാക്കുയാണ് അവരുടെ ലക്ഷ്യം .അതിലൂടെ സുരക്ഷിതതാവളമാക്കി ഇവിടം മാറ്റിയെടുക്കുകയാണ് പ്ലാൻ.

 

         നിഷാദ് പറഞ്ഞത് ഞെട്ടലോടെയാണ് പോലീസുകാർ കേട്ടിരുന്നത്. അയാളിൽ നിന്നും കേരളത്തിലെ അവരുടെ വിവിധ രഹസ്യകേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് ശേഖരിച്ചു.

 

               ടീം അംഗങ്ങളുമായുള്ള ചെറിയ കൂടിയാലോചനകൾക്ക് ശേഷം ഉമ ഡിജിപിയെയും കൂട്ടി ആഭ്യന്തര മന്ത്രിയെക്കാണാൻ പോയി. അവളുടെ മനസ്സിൽ കൃത്യമായ പദ്ധതി ഉണ്ടായിരുന്നു. അതിനുള്ള അനുവാദം വാങ്ങുന്നതിനായിരുന്നു ആ സന്ദർശനം.

 

 

 

        ഷൺമുഖൻറെ കേരളത്തിലെ താവളത്തിൽ അയാൾ ആകെ അസ്വസ്ഥനായിരുന്നു. എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് അയാൾക്ക് മനസിലാകുന്നുണ്ടായിരുന്നില്ല. എന്തൊക്കെയോ രഹസ്യങ്ങളുമായി കാണാൻ വരുമെന്ന് പറഞ്ഞ ബാസ്റ്റിൻ ജോൺ കൊല്ലപ്പെട്ടു. ഉമാ കല്ല്യാണിയെ കുടുക്കാൻ വിരിച്ച വലക്കണ്ണികൾ പൊട്ടിച്ചെറിഞ്ഞ് അവൾ അനായാസം രക്ഷപെട്ടുപോയി. നഷ്ടപ്പെട്ടത് തൻറെ വിശ്വസ്തരെ, ഇപ്പോ സംസ്ഥാനത്ത് പുതിയ ഗുണ്ടാ നിയമം നടപ്പിലാക്കിയിരിക്കുന്നു. അതിന് കാരണമായി പറഞ്ഞ ഇൻറലിജൻസ് റിപ്പോർട്ടിനെ തനിക്കറിയാവുന്ന സർവ്വ ഗുണ്ടാ ടീമുകളും നിഷേധിച്ചതിനാൽ തന്നെ അതിൻറെ പിന്നിൽ ഷൺമുഖൻ ചതി മണത്തു. പോലീസുകാരെ കിഡ്നാപ്പ് ചെയ്തത് ആരാന്ന് അറിയില്ല. രാവണൻ എന്നൊരു പേരല്ലാതെ ഒന്നും അറിയില്ല.

 

       “അദൃശ്യരായി നിന്ന് കളമൊരുക്കുകയാണവർ, കുരുതിക്കായി ” ഷൺമുഖൻറെ മനസ്സ് അയാളോട് പറഞ്ഞു.

 

          അവർ ആരായാലും അവർക്ക് വേണ്ടത് തന്നെയും കൂടെയാണ്. ശിവലാൽ ഷെട്ടിയെ കൊന്നു. തന്നെ ഇവിടെ വരുത്തി. ശത്രു പ്രബലരാണ്. ശത്രുതയ്ക്കുള്ള കാരണവും പ്രബലമാണ്. പക്ഷേ അതെന്താവും .  ഷൺമുഖൻറെ മനസ്സ് കഴിഞ്ഞ മുപ്പത് കൊല്ലക്കാലത്തെ  കുറ്റകൃത്യങ്ങളുടെ പരമ്പരയിലൂടെ ഒരു വട്ടം പിൻതിരിഞ്ഞ് സഞ്ചരിച്ചു. അവിടെ ഉമ കല്ല്യാണിയെ മാത്രമേ അയാൾക്ക് കണക്ട് ചെയ്യാൻ സാധിച്ചുള്ളു. താൻ കുറ്റകൃത്യങ്ങളുടെ ലോകത്ത് പിച്ചവച്ച് തുടങ്ങിയ കാലത്ത് കല്ല്യാണകൃഷ്ണനെയും കുടുംബത്തേയും അരുംകൊല ചെയ്ത കഥ ഷൺമുഖൻറെ ബോധമണ്ഡലത്തിൽ തെളിഞ്ഞു വന്നു. പക്ഷേ ഈ കളിയിൽ കല്ല്യാണകൃഷ്ണൻറെ മകൾ ഉമയും തന്നെപ്പോലെ കളിക്കാരിയുടെ റോളിലാണ്, കളി നിയന്ത്രിക്കുന്നവരുടെ കയ്യിലെ കളിപ്പാവ മാത്രമാണവൾ. അന്നത്തെ സംഭവത്തെക്കുറിച്ച് ലോകമറിഞ്ഞത് പോലെ തന്നെയാവും ഉമയും അറിഞ്ഞിട്ടുണ്ടാവുക. പിന്നെ പക ഉണ്ടാകേണ്ടത് ഇന്നത്തെ ആഭ്യന്തര മന്ത്രി ദിനകരനാണ്. പക്ഷേ അയാൾക്ക് എന്തെങ്കിലും ചെയ്യണമെങ്കിൽ പണ്ടേ ആകാമായിരുന്നു. പിന്നെ അന്ന് താൻ വെറും ഒരു വാടകക്കൊലയാളി മാത്രമായിരുന്നു താനും. അന്നതിന് നേതൃത്വം വഹിച്ചവർ തന്നെ  എല്ലാം സെറ്റിൽ ചെയ്തതാണ്. പിന്നിൽ വരില്ലെന്ന് ഉറപ്പ് നൽകി പോരുന്നതാണ്. അന്ന് ഷൺമുഖനോ, ശിവലാൽ ഷെട്ടിയോ നേതാക്കന്മാരുമായിരുന്നില്ല. വെറും ഏറാൻമൂളികളായ സംഘാംഗങ്ങൾ മാത്രം. പക്ഷേ രാവണൻറെ പകയുടെ കാരണത്തെക്കുറിച്ചോ അതാരെന്നതിനെക്കുറിച്ചോ ഷൺമുഖന് കൃത്യമായൊരു നിഗമനത്തിലെത്താനായില്ല.

 

          ചതിയുടെ വലക്കണ്ണികൾ ബലവത്താണ്. നിഖിൽരാമൻറെ മരണം, അതന്വേഷിച്ചു വന്ന പോലീസുകാരുടെ തിരോധാനം. ശിവലാൽ ഷെട്ടിയെന്ന കരുത്തനെ ഉമകല്ല്യാണിയുടെ പേര് ഉപയോഗിച്ച് ഒരു പെണ്ണ് കൊന്നു തള്ളിയത്, ഡോ.അൻസിയയെ കടത്തിക്കൊണ്ട് പോയത്, പിൻതുടർന്ന് പോയവരെയെല്ലാം കൊന്ന് തള്ളിയത്, ബാസ്റ്റിൻ ജോണിനെക്കൊന്നത്, ഒടുവിൽ പ്രതിപക്ഷ നേതാവിൻറെ മകനും ചാനൽ എഡിറ്റുറും, ആ മരണമുൾപ്പെടെ ഒരുപാട് കേസുകൾ തങ്ങളുടെ അക്കൗണ്ടിൽ എഴുതപ്പെട്ട് കഴിഞ്ഞിരിക്കുന്നു.  ഇല്ലാത്ത തീവ്രവാദികളെ വരെ ഇതുമായി കൂട്ടിക്കെട്ടുന്നു. ഒടുവിൽ ഗുണ്ടാ ആക്ടിൻറെ ബലത്തിൽ തോക്കുമായി നിൽക്കുന്ന പോലീസുകാർക്ക് മുൻപിൽ പോകാൻ ഭയപ്പെടുന്ന അവസ്ഥയിലേക്ക് ഇവിടുത്തെ കൊടികെട്ടിയ ഗുണ്ടകളെ എത്തിച്ചിരിക്കുന്നു.

 

             പക്ഷേ അങ്ങനെ തോറ്റ് പിന്മാറാൻ ഷൺമുഖനൊരുക്കമല്ലായിരുന്നു. ചതിയുടെ ചക്രവ്യൂഹത്തിനുള്ളിൽ നിന്നുകൊണ്ട് പോരാടാൻ തന്നെ അയാൾ തീരുമാനിച്ചു. അതിനായി സംഘബലം കൂട്ടാനുള്ള അണിയറി നീക്കങ്ങളും തുടങ്ങി. ചക്രവ്യൂഹത്തിലേക്ക് ഓടിച്ച് കയറ്റിയ രാവണനേയും ഉള്ളിൻ തകർക്കാൻ സുസജ്ജരായി നിൽക്കുന്ന ഉമ കല്ല്യാണിയുടെ  പോലീസ് സംഘത്തിനും മേലെ എന്തെങ്കിലും ചെയ്യാനുള്ള കരുനീക്കങ്ങൾ.

 

 

                 അഷ്ടമുടിക്കായലിലെ ദ്വീപിൽ എട്ടംഗ സംഘവും തയ്യാറെടുക്കുകയായിരുന്നു, ഒരു വലിയ യുദ്ധത്തിനായി. കഴിഞ്ഞ കുറേ ദിവസത്തെ അജ്ഞാതവാസം അവരുടെ മുഖത്തെ താടിരോമങ്ങളെ പോലീസ് സർവ്വീസിൽ കയറിയതിന് ശേഷം ആദ്യമായി വളർത്തിയെന്ന് പറഞ്ഞ് മണികർണ്ണിക കളിയാക്കി. സ്വതവേ താടിക്കാരനായ ജെറാൾഡും അവരെ കളിയാക്കുന്നതിൽ കക്ഷി ചേർന്നിരുന്നു. പക്ഷേ തമാശ വളരെ വേഗം ഗൗരവതരമായ ചർച്ചയിലേക്ക് വഴിമാറി.  സതീഷാണ് സംസാരിച്ച് തുടങ്ങിയത്.

 

               നമ്മൾ ഉണ്ടാക്കി അവതരിപ്പിച്ച തിരക്കഥ ക്ലൈമാക്സിലേക്കെത്തുന്നു. ഇതുവരെ എല്ലാം പെർഫെക്ട് ആയിരുന്നു. നിഖിൽ രാമൻ തുടങ്ങി വച്ചു. നമ്മുടെ ലിസ്റ്റിൽ ഉള്ള ചില നെറികെട്ടവന്മാരെ സുന്ദരമായി തിർത്തു തന്നു. അവനല്ലെങ്കിൽ നമ്മൾ തന്നെ അത് ചെയ്തേനെ പക്ഷേ അത് ഇതുപോലെ അനുകൂല സാഹചര്യം നമുക്കൊരുക്കിത്തരില്ലായിരുന്നു.

രമ്യയുടെയും സഞ്ജനയുടെയും ജീവനെടുത്ത പട്ടികയിലെ ഒന്നാമനെയാണ് നമ്മൾ അവസാനത്തേക്ക് മാറ്റി വച്ചിരിക്കുന്നത്. കാരണം കരുത്തനായൊരാൾ എതിർ പക്ഷത്തുണ്ടെങ്കിലേ യുദ്ധത്തിനൊരു ത്രില്ലുള്ളൂ. കാശിനുവേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്തവർ ഈ സമൂഹത്തിൽ ഉള്ളിടത്തോളം കാലം സഞ്ജനയും രമ്യയും കല്ല്യാണ കൃഷ്ണൻ സാറിൻറെ കുടുംബത്തിൻറെ ദുരന്തവും ആവർത്തിക്കപ്പെടും. ഈ മണികർണ്ണികയും അതിൻറെയിരയാണല്ലോ. അവളെ കടിച്ച് കീറിയവരിലെ മുഖ്യ വേട്ടകാരിലൊരാളും കൂട്ടാളിയും,  സാജൻ സ്കറിയയും സിദ്ധാർത്ഥനും, ഷൺമുഖൻറെ അക്കൗണ്ടിൽ ചേർത്ത് മണികർണ്ണികയുടെ കൈകൊണ്ട് തന്നെ നരകത്തിലേക്ക് യാത്രയായില്ലേ. പിന്നെ  ഡി വൈ എസ് പി ഹരീഷ് നമ്മുടെ ഫ്ലാഷ്ബാക്ക് ചികഞ്ഞ് നാല് പേരെ കണ്ടെത്തിക്കഴിഞ്ഞതിൻറെ ത്രില്ലിൽ ഇരിക്കട്ടേ. ബാക്കി നാലുപേരെത്തിരയാൻ ഇനിയൊട്ട് സമയം കിട്ടാനും പോകുന്നില്ല. കാരണം നിഷാദ് പറഞ്ഞ കഥയിൽ ഉമ വീണു കഴിഞ്ഞു. അവൾ അങ്കത്തിനായി സൈന്യത്തെ സജ്ജമാക്കിക്കഴിഞ്ഞു. ആഭ്യന്തര മന്ത്രിയുടെ അനുവാദത്തോടെ. ഹരീഷ് എല്ലാമറിഞ്ഞ് വരുമ്പോഴേക്കും ഈ കഥയും അവസാനിക്കും എല്ലാ നാടകങ്ങളും അവസാനിക്കും. ഇനി ഒരു നിമിഷം പോലും നമുക്ക് പാഴാക്കാനില്ല. ഷൺമുഖൻ എല്ലാ അടവും പയറ്റും ഒപ്പം എന്തിനും തയ്യാറായി വലിയൊരു സംഘവും. മറുവശത്ത് ഉമയുടെ നേതൃത്വത്തിൽ പോലീസും. ഈ രണ്ട് കൂട്ടർക്കുമിടയിൽ പ്രശ്നങ്ങളുണ്ടാക്കി നമ്മുടെ ലിസ്റ്റിലുള്ള ഇരുപക്ഷത്തേയും പ്രധാനികളെ തട്ടണം. ബാക്കി പോലീസുകാർ ഭംഗിയായി ചെയ്തോളും. കാരണം നമ്മൾ കുറച്ചധികം പോലീസുകാരെ കാണാതായിട്ട് ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല അവർക്ക്, രാജൻ ജോണുൾപ്പടെയുള്ളവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് സമ്മാനിച്ച ഭീതി, തങ്ങളും ഏതും നിമിഷവും തട്ടിക്കൊട്ട് പോകപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യാമെന്ന ഭീതി. ഇതൊക്കെ ഇപ്പോൾ സംസ്ഥാന പോലീസിലെ ഭൂരിപക്ഷം പേരെയും വേട്ടയാടപ്പെടുന്നുണ്ട്. അതിനെ അതിജീവിച്ച് സെയ്ഫാകാൻ അവർ അരയും തലയും മുറുക്കി ഇറങ്ങുമെന്ന് ഉറപ്പാണ്. കാരണം ഭയം നല്ലൊരു എനർജി ബൂസ്റ്ററാണ്, അത് മരണഭയമാകുമ്പോൾ ഭീരുക്കൾ പോലും ചിലപ്പോൾ വലിയ ധൈര്യശാലികളാകും. ഇനി  ഈ രണ്ട് കൂട്ടരും പ്രതീക്ഷിക്കാത്തതാണ് നമ്മൾ ചെയ്യേണ്ടത്. പക്ഷേ അതിലൂടെ അവർ തമ്മിലുള്ള യുദ്ധത്തിന് ഇന്ധനം നിറക്കപ്പെടണം. പോലീസുകാർ ഗുണ്ടകളെ ഓടിച്ചിട്ട് കശാപ്പ് ചെയ്യുന്ന അവസ്ഥയുണ്ടാകണം. ഇനിയൊരുത്തനും ഗൂണ്ടാ പ്രവർത്തനവുമായി നാട്ടിലിറങ്ങരുത്. ശ്യാം പത്താം വയസ്സിൽ ഒരു കണ്ടെയിനർ ലോറിക്കുള്ളിൽ സാക്ഷിയായത് പോലൊരു ക്രൂരതയും ഇവിടെ ഇനി അരങ്ങേറരുത്. നമ്മൾ ഇന്ന് ഇവിടം വിടുന്നു. എല്ലാ അറേഞ്ച്മെൻറ്സും ഒക്കെയാണ്. പെർഫെക്ടാണ്. എല്ലാം ശുഭമായി തന്നെ അവസാനിക്കും

 

 

                     അവരെട്ടുപേരും എന്നത്തേയും പോലെ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു. അതിനുമുന്നേ തന്നെ മണികർണ്ണിക ഡോ.അൻസിയയ്ക്ക് ഭക്ഷണം കൊടുത്തിരുന്നു. ഡോ.അൻസിയയുടെ കണ്ണിൽ  തന്നെ തട്ടിക്കൊണ്ട് വന്ന ഗുണ്ടാ സംഘത്തിലകപ്പെട്ടുപോയ പാവം പെണ്ണാണ് അഞ്ജന. തന്നോടൽപം ദയയുള്ള പെൺകുട്ടി. എത്രയും വേഗം ഇവിടെ നിന്ന് രക്ഷപെടാൻ കഴിയുമെന്ന് അഞ്ജന പറഞ്ഞത് വിശ്വസിച്ച് ദിവസങ്ങളെണ്ണിക്കഴിയുകയായിരുന്നു അൻസിയ.

 

                എട്ടംഗ സംഘം ഒരു പട്ടിക തയ്യാറാക്കിയിരുന്നു. മരിക്കേണ്ടവരുടെ പട്ടിക. അതിൽ ഏറ്റവും പ്രമുഖൻ ആഭ്യന്തര മന്ത്രി ദിനകരൻ പാറക്കുന്നേലിൻറെ പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷനും രാജ്യസഭ എം.പി യും ആയ പി ആർ പുരുഷോത്തമനായിരുന്നു. ഗുണ്ടാ സംഘങ്ങളെ വളർത്തി അവരെ വച്ച് കൊല്ലാനും വിലപേശാനുമുള്ള സംസ്കാരം തുടങ്ങി വച്ചവൻ.

അഡ്വ.ശ്രീധരമേനോൻ, നിലവിൽ ബോർഡ് ചെയർമാൻ, ക്രിമിനലായ, ക്രിമിനലുകളുടെ സ്വന്തം വക്കീൽ,

എ സി പി ശരത് സോമസുന്ദരം, ജോലി പോലീസിലെങ്കിലും കൂറ് ചീഞ്ഞ രാഷ്ട്രീയക്കാരോടും ക്രിമിനലുകളോടും മാത്രം.

സി.ഐ ദിനേശൻ, ഗൂണ്ടാ മാഫിയ സംഘങ്ങളുമായുള്ള വഴി വിട്ട ബന്ധത്തെ തുടർന്നുള്ള  സസ്പെൻഷൻ കഴിഞ്ഞ് തിരികെ കയറിയിട്ടേയുള്ളു,

ആർ ഡി എക്സ് ജോൺസൺ,  പേരു പോലെ തന്നെ ബോംബ് എക്സ്പർട്ട് കേരളത്തിലും ദക്ഷിണ കർണ്ണാടകത്തിലും നടന്ന നിരവധി സ്ഫോടനങ്ങളിൽ അവൻറെ കൈ പതിഞ്ഞിട്ടുണ്ട്,

ഡോ.മുത്തു എന്നറിയപ്പെടുന്ന  മുത്തുപാണ്ടി, ബാസ്റ്റിൻ ജോണിൻറെ വലം കൈ, ഇരകളെ കുത്തിക്കീറി കുടൽമാല പുറത്തിടുന്നതാണ് അവൻറെ സ്റ്റൈൽ, ശരിക്കും ഡോക്ടർമാർ സർജറി ചെയ്യുന്ന പോലെ ഒരു മനുഷ്യ ശരീരം കുത്തിക്കീറുന്നവൻ,

സൈമൺ ജോഷ്വാ സംസ്ഥാനത്തെ  ലഹരി മാഫിയയുടെ അറിയപ്പെടാത്ത തലവൻ. മണികർണ്ണികയാണ് ലിസ്റ്റ് വായിച്ചത് .

 

 “അപ്പോ ഈ രാത്രി നമ്മൾ തുടങ്ങുകയാണ് ശരിക്കുള്ള നായാട്ട്. കാടിളക്കി വിരട്ടിയോടിച്ചും കെണി വച്ച് വീഴ്ത്തിയും നരനായാട്ട്. അല്ലേ?

 

ശ്യാമാണ് മണികർണ്ണികയുടെ ചോദ്യത്തിന് മറുപടി നൽകിയത്. “അതേ, പക്ഷേ ഈ നായാട്ടിനൊരു പ്രത്യേകതയുണ്ട്. ഇവിടെ വേട്ടക്കാർ തുടങ്ങി വച്ചു കൊടുക്കും പിന്നെ തമ്മിൽ തല്ലുന്ന അവരുടെ ഇടയിലെ കനലിലേക്ക് അൽപം എണ്ണയൊഴിച്ച് ആളിക്കത്തിച്ചുകൊണ്ടിരിക്കും. അത്രമാത്രം”

 

ശ്യാമിൻറെ ചുണ്ടിലപ്പോൾ ക്രൂരമായൊരു പുഞ്ചിരിയുണ്ടായിരുന്നു. തുടർന്ന് സംസാരിച്ചത് ജെറാൾഡ് സേവ്യറായിരുന്നു.

 

                “അതേ, പോലീസിലെ നിങ്ങളുടെ സഹപ്രവർത്തകർ അത്യധികം ആവേശത്തിലാണ്, പുതിയ നിയമത്തിൻറെ പിൻബലത്തിൽ സിനിമയിലെ സുരേഷ് ഗോപിയെപ്പോലെ തകർത്താടാൻ തയ്യാറാണ്. മറുപക്ഷവും മോശമല്ല. നമ്മൾ ഇത്തരമൊരു യുദ്ധത്തിനുള്ള കളമൊരുക്കാൻ വേണ്ടി കൊല്ലാതെ അവസാനത്തേക്ക് മാറ്റി വച്ച ഷൺമുഖൻറെ നേതൃത്വത്തിൽ സംസ്ഥാനത്തെ ഗൂണ്ടാപ്പടയ്ക്ക് അതിജീവനത്തിൻറെ പോരാട്ടമാണ്.  സംസ്ഥാന വ്യാപകമായി പോലീസ് റെയ്ഡുകൾ തുടങ്ങിക്കഴിഞ്ഞതോടെ സംഘർഷങ്ങളും ആരംഭിച്ചിരിക്കുകയാണ്. ജയിലുകൾ പലതും ഹൗസ്ഫുള്ളായി. പല വമ്പൻമാരും പോലീസിന് മുന്നിൽ ആയുധം വച്ച് കീഴടങ്ങി. അവശേഷിക്കുന്ന ഷൺമുഖൻറെ നേതൃത്വത്തിലുള്ള അപകടകാരികളായ സംഘത്തിന്  പ്ലാൻ ചെയ്ത് ആക്രമിക്കാനോ രക്ഷപെടാനോ അവസരം നൽകാതെ ഈ രാത്രി തന്നെ പോലീസ് വലിയൊരു ആക്ഷൻ നടത്തും, ഒൻപതാമൻ നിഷാദ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ. അത് കൃത്യമായി മനസില്ലാക്കി ഷൺമുഖനും തയ്യാറാകും വലിയ കളികൾക്ക്. നമ്മൾ കണക്കുകൂട്ടിയത് പോലെ വിലപേശാൻ കരുത്തരെ ആരെയെങ്കിലും അവൻ റാഞ്ചും. നമുക്ക് അതൊരു വിഷയമേയല്ല. നമ്മുടെ പ്ലാനുകൾ എവിടെയെങ്കിലും പിഴച്ചാൽ ജീവൻ നഷ്ടപ്പെടും, അങ്ങനെ മരിക്കാൻ വേണ്ടിയല്ല നമ്മൾ ഇറങ്ങി ത്തിരിച്ചത്. ഈ യുദ്ധത്തിൻറെ അവസാനം വിജയികളായി നമ്മൾ ഒത്തുകൂടുമ്പോൾ ഒരാളുടെ പോലും കുറവുണ്ടാകരുത്.”

 

                കിരൺ മാത്യു തുടർന്ന് പദ്ധതി വിശദീകരച്ചു. അന്തിമ യുദ്ധത്തിനുള്ള പദ്ധതി. അത് പക്ഷേ കേവലം ഒരാളുടെ പകയിൽ നിന്നും ജനിച്ച പ്രതികാരം മാത്രമായിരുന്നില്ല. പലരുടെ അനുഭവങ്ങൾ കല്ല്യാണകൃഷ്ണൻ, രമ്യ, സഞ്ജന, മണികർണ്ണിക പേരറിയാത്ത കുറേയേറെപ്പേർ, കാൻസർ പോലെ സംസ്ഥാനത്ത് രാഷ്ട്രീയക്കാരുടെയും പ്രമാണിമാരുടെയും ഒക്കെ തണലിൽ വളർന്ന് പടർന്ന് പന്തലിച്ച ഗുണ്ടാരാജ്. അതിനെതിരേയുള്ള വലിയ യുദ്ധത്തിനുള്ള പദ്ധതിയായിരുന്നു അത്.

 
        ആ രാത്രി അഷ്ടമുടിക്കായലിലെ  ദ്വീപ് ഉപേക്ഷിച്ച് അവിടെ തങ്ങിയതിനുള്ള തെളിവുകളെല്ലാം നശിപ്പിച്ച് എട്ടംഗ സംഘം യാത്ര തിരിച്ചു. സ്പീഡ് ബോട്ടിൽ കണ്ണ് കെട്ടിയ നിലയിലായിരുന്നു അൻസിയയെ കയറ്റിയത്.  അൻസിയയോട് എല്ലാം തുറന്ന് പറയണമെന്ന് കിരണും സതീഷും പലവട്ടം പറഞ്ഞെങ്കിലും ശ്യാമാണ് സമ്മതിക്കാതിരുന്നത്. രഹസ്യങ്ങൾ ഒരുപാട് പേരറിയുന്നത് ശരിയല്ല എന്ന ന്യായമാണ് ശ്യാം അതിനായി പറഞ്ഞത്. ആരും ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല. ബോട്ട് അതിവേഗം പാഞ്ഞു. കായലിൽ മീൻപിടിക്കാനെന്ന വ്യാജേന കിടന്ന ചെറുവള്ളത്തിലുരന്നയാൾ തൻറെ ഫോണിൽ നിന്നും വാട്സാപ്പിൽ ഒരു മെസേജ് അയച്ചു.

 

“അവർ ഇവിടം ഉപേക്ഷിച്ച് പുറപ്പെട്ടു”

 

 ഇരുൾ മൂടിയ ഒരു കടവിൽ ബോട്ട് അടുക്കുമ്പോൾ അവിടെ ഒരു ടെമ്പോ ട്രാവലർ തയ്യാറായിക്കിടപ്പുണ്ടായിരുന്നു. അൻസിയയെ ട്രാവലറിന് പിന്നിലെ സീറ്റിൽ ബന്ധനസ്ഥയാക്കി. ഡ്രൈവിംഗ് സീറ്റിൽ ജെറാൾഡ് കയറി.

 

മറ്റുള്ളവർ ബോട്ടിൽ തിരികെ കയറി അടുത്ത കടവ് ലക്ഷ്യമാക്കി പാഞ്ഞു. അവിടെ  കിരണിനും മുകുന്ദനുമായി തയ്യാറാക്കിയിരുന്നത് ഒരു ഇന്നോവയായിരുന്നു. അതിൽ പ്രമുഖ ബോർഡ് ചെയർമാൻ ശ്രീധര മേനോൻറെ വണ്ടിയുടെ നമ്പരും ബോർഡും വച്ചിരുന്നു. കിരൺ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി.

 

     അടുത്ത തീരത്ത് സതീഷ് ബോസിനും അജിത്തിനും മണികർണ്ണികയ്ക്കുമായി ഒരു ഓൺലൈൻ ടാക്സിയായിരുന്നു അറേഞ്ച് ചെയ്തിരുന്നത്. അതിൽ ഒരു ഫാമിലിയെന്ന പോലെ പിൻസീറ്റിൽ സതീഷും മണികർണ്ണികയും കയറി, ഡ്രൈവിംഗ് സീറ്റിൽ അജിത്തും.       അമാവാസിയുടെ കറുത്ത നിശബ്ദതയിൽ കുതിച്ചു പാഞ്ഞ ബോട്ടിൻറെ എഞ്ചിൻ ഓഫായി. അത് മറ്റൊരു തീരമണഞ്ഞു. അവിടെ ഒരു പഴയ മാരുതി ജിപ്സി കിടപ്പുണ്ടായിരുന്നു. ശ്യാമും അൻവറും തങ്ങൾക്കായി തയ്യാറാക്കിയിരുന്ന ആ വണ്ടിയിൽ കയറി. അതിൽ ആർമിയുടെ സ്റ്റിക്കറുകളും നമ്പർ പ്ലേറ്റുമാണ് പതിച്ചിരുന്നത്.

 

      ഒരോ വണ്ടികളും മുൻനിശ്ചയിച്ച പ്രകാരം തങ്ങളുടെ ലക്ഷ്യത്തിലേക്ക് കുതിച്ചു.

 

 

                   ഈ സമയം ഷൺമുഖൻറെ വലിയ സൈന്യം പണി തുടങ്ങിക്കഴിഞ്ഞിരുന്നു. അന്ന് വൈകുന്നേരത്തിന് മുൻപ് തന്നെ ആഭ്യന്തര മന്ത്രി ദിനകരൻ പാറക്കുന്നേലിൻറെ ഏക മകൻ അഭിറാമിനെ ഷൺമുഖൻറെ സംഘം തട്ടിക്കൊണ്ട് പോയിക്കഴിഞ്ഞിരുന്നു. പോലീസ് തുടങ്ങി വച്ച മിഷൻ നിർത്തിയില്ലെങ്കിൽ കൊന്ന് കളയുമെന്ന ഭീഷണി ഡിജിപി ഓഫീസിലെ മേശപ്പുറത്ത് വിറങ്ങലിച്ച് കിടന്നു.

 

         അഭിറാമിനായി യുവാക്കൾ തെരുവിലിറങ്ങി. ഗുണ്ടാനിയമം പാസായിട്ടും പോലീസ് നിഷ്ക്രിയരാണെന്ന് അവരാക്ഷേപിച്ചു. പോലിസും ഗൂണ്ടകളും രാഷ്ട്രീയക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിൻറെ നേർസാക്ഷ്യമാണ് പ്രതിപക്ഷ നേതാവിൻറെ മകൻ കൊല്ലപ്പെട്ടതും ആഭ്യന്തര മന്ത്രിയുടെ മകൻ തന്നെ കിഡ്നാപ്പ് ചെയ്യപ്പെടുന്ന സാഹചര്യത്തിലെത്തിച്ചതെന്നും അവർ ശക്തമായി അരോപിച്ചു. ഗുണ്ടാ രാജ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള വെറും രാഷ്ട്രീയ നാടകമാണെന്ന് ചാനൽ ഡിബേറ്റിൽ പ്രതിപക്ഷവും ആരോപിച്ചു.  പക്ഷേ പുതിയ നിയമത്തിൻറെ പിൻബലത്തിൽ അന്ന് രാത്രിക്ക് മുൻപ്   ഷൺമുഖൻറെ പേരിൽ ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവ് പുറപ്പെടുവിക്കപ്പെട്ടു.

 

 

 

          ഷൺമുഖൻറെ താവളത്തിൽ കസേരയിൽ ബന്ധിതനായി കിടക്കുമ്പോഴും അഭിറാമിൻറെ കണ്ണുകളിൽ ഭയമില്ലായിരുന്നു.

 

                                                തുടരും........


COUNTDOWN - Part 17

COUNTDOWN - Part 17

4.5
2042

അദ്ധ്യായം – 17   രാത്രി 11 മണി         രാജ്യസഭ എം പി യും ഐ.എസ്.പി യുടെ ദേശീയ അദ്ധ്യക്ഷനുമായ പി ആർ പുരുഷോത്തമൻറെ വസതി. ഒരു രഹസ്യയോഗത്തിനു ശേഷം രണ്ട് വണ്ടികൾ ഗേറ്റ് കടന്ന് പുറത്തേക്ക് പോയി. പുരുഷോത്തമൻ അവരെ യാത്രയാക്കിയ ശേഷം അകത്തേക്ക് കയറാൻ തുടങ്ങിയപ്പോൾ ഫോൺ ബെല്ലടിച്ചു. അയാൾ അവിടെ നിന്നും കോൾ അറ്റൻഡ് ചെയ്തു. പക്ഷേ മറു തലയ്ക്കൽ ഒരു പൊട്ടിച്ചിരിയാണ് കേട്ടത്. ഏറെ പരിചിതമായ ആ ചിരി അയാൾ വേഗം തിരിച്ചറിഞ്ഞു. “ പുരുഷോത്തമാ ..... നീയിപ്പോൾ ഒരു പാട് വളർന്നു. ആ വളർച്ചയിൽ നീ ചെയ്തുകൂട്ടിയ പാപങ്ങളൊക്കെ മണ്ണിട്ട് മൂടിക്കളയാൻ നിനക്ക് കഴിഞ്ഞിട്ടുണ്ട്. പക്ഷ