Aksharathalukal

ഇനിയെത്ര ദൂരം....- ഭാഗം - 1

പോലീസ് ജീപ്പിൽ നിന്നിറങ്ങി, സബ് ജയിലിന്റെ ഗേറ്റിന് അരികിലേക്ക് നടക്കുമ്പോൾ, ഇൻസ്പെക്ടർ ദേവന്റെ മനസ്സ് പ്രക്ഷുബ്ധമായിരുന്നു.

 എന്തിനായിരിക്കും ജയിൽ സൂപ്രണ്ട് തന്നെ അത്യാവശ്യമായി കാണണം എന്ന് പറഞ്ഞത്...

 ഏതെങ്കിലും കേസിന്റെ കാര്യം പറയാനാണെങ്കിൽ അത് ഫോണിലൂടെ പറയാമായിരുന്നു...

 എന്നാൽ ഇതിപ്പോ അത്യാവശ്യമായി തന്നെ കാണണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു.....

 സബ്ജയിലിന്റെ ഗേറ്റ് കടന്ന് ദേവൻ അകത്തേക്ക് നടന്നു.

 ജയിൽ സൂപ്രണ്ടിന്റെ മുറിക്ക് അരികിലെത്തുമ്പോൾ, അദ്ദേഹം അകത്ത് ഉണ്ടായിരുന്നു.

 ദേവനെ കണ്ടതും, ജയിൽ സൂപ്രണ്ട് മാധവന്റെ മുഖത്ത് പുഞ്ചിരി വിടർന്നു.

" ഇരിക്ക്...... "

 മുന്നിൽ കിടന്ന ചെയർ ചൂണ്ടിക്കാണിച്ചുകൊണ്ട് മാധവൻ പറഞ്ഞു.

" സാർ കാണണമെന്ന് പറഞ്ഞത്.... "

 കസേരയിലിരിക്കുന്നതിനിടെ ദേവൻ ചോദിച്ചു.

" എന്താ താൻ ഭയപ്പെട്ടു പോയോ.... "

 മാധവന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.

 " ഫോണിലൂടെ പറയേണ്ട എന്ന് വെച്ചതാണ്... കാരണം നേരിട്ടു പറയുമ്പോഴേ തനിക്ക് അതിന്റെ ഗൗരവം മനസ്സിലാവുകയുള്ളൂ...... "

 മാധവന്റെ വാക്കുകൾ കേട്ടതും ദേവന്റെ നെറ്റിയിൽ ചുളിവുകൾ വീണു.

" താൻ ഭയപ്പെടുകയും ഒന്നും വേണ്ട.... ഇത് ഡിപ്പാർട്ട്മെന്റ് മായി ബന്ധപ്പെട്ട കാര്യമൊന്നുമല്ല..... അതുകൊണ്ടാണ് ഫോൺ സംസാരം പോലും ഒഴിവാക്കാമെന്ന് വെച്ചത്....... "

 മാധവൻ കസേരയിൽ നിന്ന് എഴുന്നേറ്റു.

" താൻ വാ.... നമുക്ക് നടന്ന് സംസാരിക്കാം... "

 ജയിലിന്റെ മുറ്റത്തിലൂടെ രണ്ടുപേരും നടന്നു.

" പല പല കുറ്റങ്ങൾ ചെയ്ത്, പല പല മാനസികാവസ്ഥയിലൂടെ കടന്നുപോകുന്ന കുറേ പേരുടെ താവളം.... അതാണ് ജയിൽ... അതിൽ കുറെ പേർ മനസ്സ് തുറക്കും... ചിലരാകട്ടെ കുറെയേറെ നിഗൂഢതകൾ മനസ്സിൽ കൊണ്ടു നടക്കും.... "

 മാധവന്റെ വാക്കുകൾ കേട്ടതും ദേവൻ ആ മുഖത്തേക്ക് നോക്കി.

 പുറത്ത് വെയിലിന് ചൂട് ഏറി വരുന്നതേയുള്ളൂ.

" ഞാൻ പറഞ്ഞത് തനിക്ക് മനസ്സിലായില്ല അല്ലേ.... "

" സാറ് പറഞ്ഞു വരുന്നത്.... "

 ദേവൻ ചോദിച്ചു.

" ഞാൻ പറയാം.... തനിക്ക് അറിയാമല്ലോ... ഇവിടെ ആൺ തടവുകാർ കൊപ്പം, കുറച്ച് സ്ത്രീ തടവുകാർ കൂടിയുണ്ട്.... അതിൽ ഒരു സ്ത്രീ ഇവിടെ വന്നിട്ട് ഒരു മൂന്നാഴ്ചയോളമേ ആയിട്ടുള്ളൂ..... അവർ രണ്ടുദിവസം മുമ്പ് എന്നെ കാണാൻ ഓഫീസിൽ വന്നു.... "

 ജയിലിന്റെ ഉയർന്ന മതിൽക്കെട്ടിന് അരികിലൂടെ ദേവനും, മാധവനും നടന്നു.

" അവർ എന്നെ കാണാൻ വന്നതിന് പ്രത്യേക ഒരു കാരണവുമുണ്ടായിരുന്നു...... ആ കാരണം താൻ ആയിരുന്നു..... "

 മാധവന്റെ വാക്കുകൾ കേട്ടതും, ദേവന്റെ കാലുകൾ നിശ്ചലമായി.

 ദേവൻ മുഖമുയർത്തി മാധവനെ നോക്കി.

 ആ മുഖത്തെ ആകാംഷയും, കണ്ണുകളിലെ തിളക്കവും മാധവൻ അറിയുന്നുണ്ടായിരുന്നു.

" താൻ ഭയപ്പെടുക ഒന്നും വേണ്ട.... ഞാൻ നേരത്തെ പറഞ്ഞില്ലേ.... ഇത് ഡിപ്പാർട്ട്മെന്റ് മായി ബന്ധപ്പെട്ട കാര്യമൊന്നുമല്ല.... "

" ആരാണ് ആ സ്ത്രീ....? "

 ദേവൻ ആകാംക്ഷയോടെ ചോദിച്ചു.

" പറയാം...... സ്വന്തം ഭർത്താവിനെ വെട്ടിയ കേസിലെ പ്രതിയാ..... അയാള് മരിച്ചില്ല.... ഇപ്പോൾ ആശുപത്രിയിലാണ്...... "

 മാധവൻ പറഞ്ഞു.

" കൊലപ്പെടുത്താൻ ഉണ്ടായ കാരണം..... "

 ദേവൻ ആകാംക്ഷയോടെ ചോദിച്ചു.

" സ്വന്തം മകളെ കയറിപ്പിടിച്ചാൽ ഒരു അമ്മ പിന്നെ എന്തു ചെയ്യണം...... "

 മാധവന്റെ വാക്കുകൾ കേട്ടതും ദേവൻ ഞെട്ടലോടെ ആ മുഖത്തേക്ക് നോക്കി.

" അയാൾ ആശുപത്രിയിൽ നിന്ന് ഇറങ്ങിയാൽ മകളുടെ ഭാവി എന്താകും എന്നാണ് ആ അമ്മയുടെ പേടി..... അവർക്കാണെങ്കിൽ പറയത്തക്ക ആരുമില്ല... ഇയാൾക്ക് ആണെങ്കിൽ, ഇയാളെ പോലെ കുറെ കൂട്ടുകാരും ഉണ്ട്... "

 മാധവൻ പറഞ്ഞു.

" എന്നാൽ പിന്നെ ഇവർക്ക് നിയമത്തിന്റെ വഴി നോക്കിക്കൂടെ..... "

 ദേവൻ ചോദിച്ചു.

 അതുകേട്ടതും മാധവന്റെ ചുണ്ടിൽ പരിഹാസത്തോടെ ഉള്ള പുഞ്ചിരി വിടർന്നു.

" നിയമം ശരിയായിരുന്നെങ്കിൽ, ഇന്ന് ആ മകളെ സംരക്ഷിക്കാൻ ആ അമ്മ കൂടെയുണ്ടാവും ആയിരുന്നില്ലേ.... ചില സമയങ്ങളിൽ നിയമത്തിനും തെറ്റുപറ്റാം..... "

 മാധവൻ ദീർഘനിശ്വാസത്തോടെ പറഞ്ഞു.

" ഇതിൽ ഇപ്പോൾ ഞാനെന്തു ചെയ്യാനാണ്.....? " - ദേവൻ ചോദിച്ചു.

" ഞാൻ ഇതുവരെ പറഞ്ഞത് ആ സ്ത്രീ എന്നോട് പറഞ്ഞ കാര്യങ്ങൾ..... ഇതിനിടയിലാണ് അവർ തന്റെ പേര് പറഞ്ഞത്..... "

" അവർക്ക് എങ്ങനെ എന്നെ അറിയാം..... "

" അതിനെപ്പറ്റി ഞാൻ ചോദിച്ചിരുന്നു.... അതിന് ഒരു മറുപടി നൽകാൻ അവർ തയ്യാറായില്ല... "

 ദേവന്റെ നെറ്റിയിൽ ചുളിവുകൾ വീണു.

" ഞാനിപ്പോൾ എന്താണ് ചെയ്യേണ്ടത്..... "

 ജയിലിന്റെ അരികിലെ തണൽ മരത്തിന് അരികിൽ രണ്ടുപേരും നിന്നു.

" അവർക്ക് പറയാനുള്ളത് തനിക്ക് ഒന്നു കേട്ടു കൂടെ...... "

 ഒരു നിമിഷം അവരുടെ ഇടയിൽ നിശബ്ദത പരന്നു.

" ഇതിൽ ആലോചിക്കാൻ ഒന്നുമില്ല ദേവാ.... നമ്മളൊക്കെ നിയമം കാത്തുസൂക്ഷിക്കേണ്ട വരാണ്... നിസ്സഹായതയോടെ ആരെങ്കിലും സഹായമഭ്യർത്ഥിച്ചാൽ, അതിന് ചെവി കൊടുക്കേണ്ടത് നമ്മുടെ കടമയല്ലേ..... "

 മാധവൻ ചോദിച്ചു.

 അതിനു മറുപടി പോലെ ദേവൻ തലയാട്ടി.

" എങ്കിൽ ഞാൻ അവരെ ഒന്നു വിളിപ്പിക്കട്ടെ... "

" ഇങ്ങോട്ട് വിളിക്കേണ്ട സാർ, നമുക്ക് അവരെ അവിടെ പോയി കാണാം...... "

 ദേവൻ പറഞ്ഞു.

 ദേവൻ, മാധവനൊപ്പം സ്ത്രീകളെ പാർപ്പിച്ചിരിക്കുന്ന, തടവറക്കരികിലേക്ക് നടന്നു.

 ദേവന്റെ മനസ്സിൽ അപ്പോഴും കുറെയേറെ ചോദ്യങ്ങൾ അവശേഷിക്കുക യായിരുന്നു.

 ആരാണ് ആ സ്ത്രീ......?

 അവർ എങ്ങനെ തന്നെ അറിയും...?

 ഈ ഒരവസ്ഥയിൽ താൻ അവർക്കുവേണ്ടി എന്താണ് ചെയ്യേണ്ടത്.....?

 ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങളുമായി, ദേവൻ, മാധവനൊപ്പം മുന്നോട്ടു നടന്നു.



.............................. തുടരും....................................


.

 

 

 


ഇനിയെത്ര ദൂരം...-ഭാഗം 2

ഇനിയെത്ര ദൂരം...-ഭാഗം 2

4.5
1228

       മാധവനൊപ്പം, സ്ത്രീ തടവുകാരെ പാർപ്പിച്ചിരിക്കുന്ന സെല്ലിന് അരികിലേക്ക് നടക്കുമ്പോൾ ദേവന്റെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഉയരുന്നുണ്ടായിരുന്നു.  ആരാണ് ആ സ്ത്രീ.....?  അവരെങ്ങനെ തന്നെ അറിയും...?  ഒരു ഗേറ്റിന് രണ്ടു വശങ്ങളിലായിരുന്നു സ്ത്രീകളെയും പുരുഷന്മാരെയും പാർപ്പിച്ചിരുന്നത്.  ആ ഗേറ്റിന് മുൻവശത്ത് തന്നെ ഒരു പാറാവുകാരൻ നിൽക്കുന്നുണ്ടായിരുന്നു.  മാധവനെ കണ്ടതും ഒരു പുഞ്ചിരിയോടെ ആ പാറാവുകാരൻ ഗേറ്റ് തുറന്നു.  മാധവനൊപ്പം ദേവൻ അകത്തേക്ക് നടന്നു.  സ്ത്രീ തടവുകാരുടെ തടവറക്ക് ചുറ്റും ഒരു നിശബ്ദത തളം കെട്ടി നിൽക്കുന്നത് പോലെ ദേവന്