മാധവനൊപ്പം, സ്ത്രീ തടവുകാരെ പാർപ്പിച്ചിരിക്കുന്ന സെല്ലിന് അരികിലേക്ക് നടക്കുമ്പോൾ ദേവന്റെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഉയരുന്നുണ്ടായിരുന്നു.
ആരാണ് ആ സ്ത്രീ.....?
അവരെങ്ങനെ തന്നെ അറിയും...?
ഒരു ഗേറ്റിന് രണ്ടു വശങ്ങളിലായിരുന്നു സ്ത്രീകളെയും പുരുഷന്മാരെയും പാർപ്പിച്ചിരുന്നത്.
ആ ഗേറ്റിന് മുൻവശത്ത് തന്നെ ഒരു പാറാവുകാരൻ നിൽക്കുന്നുണ്ടായിരുന്നു.
മാധവനെ കണ്ടതും ഒരു പുഞ്ചിരിയോടെ ആ പാറാവുകാരൻ ഗേറ്റ് തുറന്നു.
മാധവനൊപ്പം ദേവൻ അകത്തേക്ക് നടന്നു.
സ്ത്രീ തടവുകാരുടെ തടവറക്ക് ചുറ്റും ഒരു നിശബ്ദത തളം കെട്ടി നിൽക്കുന്നത് പോലെ ദേവന് തോന്നി.
ശരിയാണ്... മുറ്റത്തെ തോട്ടത്തിൽ ജോലി ചെയ്തുകൊണ്ടിരുന്ന സ്ത്രീകൾ എല്ലാം തന്നെ അവരവരുടെ ജോലിയിൽ മുഴുകി ഇരിക്കുകയായിരുന്നു.
എപ്പോഴും പുകഞ്ഞു കൊണ്ടിരിക്കുന്ന ഒരു കനലാണ് അവരുടെ മനസ്സെന്ന് ദേവന് തോന്നി.... കാരണം അവരുടെ മുഖം തന്നെ അത് വിളിച്ചോതുന്നുണ്ടായിരുന്നു.....
തങ്ങൾ ഉൾപ്പെട്ട, പുറംലോകത്തെ ബന്ധങ്ങളെ കുറിച്ചുള്ള ഓർമ്മകളാണ് അവരെ അലട്ടുന്നത് എന്ന് ദേവനു തോന്നി....
" ദേവൻ ഇവിടെ നിൽക്ക് ഞാൻ പോയി അവരെ കൂട്ടിക്കൊണ്ടു വരാം...... "
ഇതു പറഞ്ഞിട്ട് മാധവൻ മുന്നോട്ടു നടന്നു.
മാധവൻ നടന്നുനീങ്ങുന്നത് ദേവൻ നോക്കിനിന്നു.
ആ മനസ്സിൽ വീണ്ടും ചോദ്യങ്ങൾ ഉയരാൻ തുടങ്ങി....
ദേവൻ ചുറ്റുപാടും ഒന്ന് വീക്ഷിച്ചു.
പ്രഷുബ്ധമായ മനസ്സുമായി നിൽക്കുമ്പോൾ മാധവൻ ഒപ്പം അകലെനിന്ന് നടന്നുവരുന്ന ഒരു സ്ത്രീ രൂപത്തിൽ ദേവന്റെ കണ്ണുകൾ തറച്ചു.
അടുത്തെത്തും തോറും പരിചയമില്ലാത്ത ഒരു മുഖം....
കുലീനത നിറഞ്ഞ മുഖഭാവം....
തന്റെ മുന്നിൽ അവർ നിൽക്കുമ്പോൾ, അവരുടെ കണ്ണുകളിലെ ക്ഷീണിത ഭാവം ദേവൻ കാണുന്നുണ്ടായിരുന്നു.
" ദേവാ..... ഇവരെ കുറിച്ചാണ് ഞാൻ പറഞ്ഞത്...... ഇനി നിങ്ങൾ തമ്മിൽ സംസാരിക്ക്.... "
ഇതു പറഞ്ഞിട്ട് മാധവൻ ഗേറ്റിനു പുറത്തേക്ക് നടന്നു.
മാധവൻ കൺമുന്നിൽ നിന്നും മറഞ്ഞതും ദേവൻ ആ സ്ത്രീയുടെ മുഖത്തേക്ക് നോക്കി.
" സാറിന് എന്നെ മനസ്സിലായോ..? "
ദേവൻ എന്തോ ചോദിക്കാൻ ചുണ്ടനക്കുന്നതിന് മുൻപേ ആ സ്ത്രീ ദേവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു.
" ഇല്ല..... "
ദേവൻ മറുപടി പറഞ്ഞു.
" ഓർമ്മയിൽ തങ്ങി നിൽക്കാൻ മാത്രം എന്റെ മുഖം സാറിന് പരിചയം ഉണ്ടാകാൻ വഴിയില്ല...... എന്നാലും സാറിന്റെ ജീവിതത്തിന്റെ ഒരു അദ്ധ്യായത്തിൽ ഞാനും ഒരു കഥാപാത്രമായിരുന്നു..... "
അവർ താഴ്ന്ന സ്വരത്തിൽ പറഞ്ഞു.
ദേവന്റെ നെറ്റിയിൽ ചുളിവുകൾ വീണു.
" സാറിന്റെ കോളേജ് ജീവിതം സെന്റ് തോമസ് കോളേജിൽ ആയിരുന്നില്ലേ...? "
" അതെ... "
ദേവൻ മറുപടി പറഞ്ഞു.
" ആ കോളേജ് ജീവിതത്തിനിടയ്ക്ക് ഇതുപോലൊരു മുഖം സാറിന് ഓർത്തെടുക്കാൻ സാധിക്കുന്നുണ്ടോ..? "
പക്ഷേ എത്ര ആലോചിച്ചിട്ടും ദേവന് ആ മുഖം ഓർമയിൽ തെളിഞ്ഞു വരുന്നില്ല.
" ഇല്ല എനിക്ക് ഓർത്തെടുക്കാൻ സാധിക്കുന്നില്ല.... "
ദേവന്റെ മറുപടി കേട്ടതും അവർ ദേവന്റെ കണ്ണുകളിലേക്ക് നോക്കി.
" സാർ ഓർക്കുന്നുണ്ടാകും..... കോളേജിൽ നിന്ന് ടൂറിന് മൂന്നാറിൽ പോയത്.... അവിടെ നിന്ന് തിരികെ വരുന്ന വഴി പൂപ്പാറ യിലുള്ള ഒരു എസ്റ്റേറ്റ് ബംഗ്ലാവിൽ തങ്ങിയത് സാർ ഓർക്കുന്നുണ്ടോ..?.. "
ദേവന്റെ ഓർമ്മയിൽ എന്തൊക്കെയോ തെളിഞ്ഞുവന്നു തുടങ്ങി.
ദേവന്റെ കണ്ണുകൾ വിടർന്നു.
" കോളേജിലെ സ്റ്റുഡന്റ് ആയിരുന്ന ഒരു അനിത തോമസിന്റെ ബംഗ്ലാവിൽ അല്ലേ... "
ഓർമ്മകളിൽ നിന്ന് എന്തൊക്കെയോ ചികഞ്ഞെടുത്തു കൊണ്ട് ദേവൻ പറഞ്ഞു.
ആ സ്ത്രീയുടെ കണ്ണുകൾ വിടരുന്നത് ദേവൻ കണ്ടു.
" സാർ പറഞ്ഞത് ശരിയാണ്..... ഒരു അനിതാ തോമസ്.... ആ അനിത തോമസ് ആണ് ഇപ്പോൾ സാറിന്റെ മുന്നിൽ നിൽക്കുന്നത്.... "
ദേവൻ വിശ്വസിക്കാനാവാതെ ആ മുഖത്തേക്ക് നോക്കി.
" എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.... തനിക്ക് ഇത് എന്തുപറ്റി.... "
" ചിലപ്പോൾ ജീവിതം ഇങ്ങനെയാണ്..... എല്ലാ സൗഭാഗ്യങ്ങളിൽ നിന്നും താഴേക്ക് ഒരു പതനം..... പിന്നെ ആധിയുടെ തീനാളത്തിൽ എരിഞ്ഞടങ്ങാൻ ഒരു വിധി..... "
അനിതയുടെ കണ്ണുകൾ നിറയുന്നത് ദേവൻ കണ്ടു.
" എനിക്കൊന്നും മനസ്സിലാകുന്നില്ല..... അതുമല്ലെങ്കിൽ തനിക്ക് ഇങ്ങനെ ഒരു വേഷം..... തന്റെ വിവാഹം കഴിഞ്ഞില്ലേ..... "
ദേവന്റെ ചോദ്യത്തിന് മറുപടി പോലെ ആ കണ്ണുകളിൽ നിന്ന് കണ്ണീർ മുത്തുകൾ അടർന്നുവീണു.
ഒരു നിമിഷത്തെ നിശബ്ദതയ്ക്കു ശേഷം അനിതയുടെ ചുണ്ടുകൾ ചലിച്ചു.
" വിവാഹം..... അവിടെയാണ് എനിക്ക് കാലിടറിയത്..... ജീവിതത്തിലെ മോഹങ്ങളെല്ലാം ഒരു താലി ചരടുകൊണ്ട് ബന്ധിക്കപ്പെട്ട നിമിഷം... കുറെയേറെ സഹിച്ചു.... പിന്നെ എന്റെ ഏക ആശ്രയം എന്റെ മകളായിരുന്നു..... അവൾക്കു വേണ്ടിയാണ് ഞാൻ ജീവിച്ചത്.... ഇന്നും ജീവിക്കുന്നതും.... "
അനിത വിതുമ്പലോടെ പറഞ്ഞു.
" താൻ എങ്ങനെ ഇതിനുള്ളിൽ വന്നു..... "
ദേവൻ ആകാംക്ഷയോടെ ചോദിച്ചു.
അനിത പൊടിഞ്ഞിറങ്ങിയ കണ്ണുനീർത്തുള്ളികൾ തുടച്ചുകൊണ്ട് ദേവനെ നോക്കി.
" വിവാഹത്തോടെയാണ് എന്റെ ജീവിതം ആകെ മാറി മറിഞ്ഞത്..... പണത്തിനു വേണ്ടി എന്തും ചെയ്തുകൂട്ടുന്ന ഒരാളെ ഭർത്താവായി കിട്ടിയപ്പോൾ, സാവധാനം മനസ്സിലായി.... ജീവിതം പരാജയത്തിന്റെ ഒരു പടുകുഴിയിലേക്ക് വീണുപോയി കൊണ്ടിരിക്കുകയാണെന്ന്....... "
അനിത കണ്ണുകൾ തുടച്ചു.
" തന്റെ ഭർത്താവ്...... " - ദേവൻ ചോദിച്ചു.
" മരിച്ചോ.... അതോ ഇപ്പോൾ ജീവിച്ചിരിക്കുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല...... "
അനിതാ പരിഹാസത്തോടെ പറഞ്ഞു.
" താൻ പറയുന്നതൊന്നും എനിക്ക് മനസ്സിലാകുന്നില്ല..... "
" അയാളെ വെട്ടിയിട്ടാണ് ഞാനിന്ന് ഇതിന്റെ ഉള്ളിൽ കിടക്കുന്നത്...... കൊല്ലാൻ വേണ്ടി തന്നെയാണ് വെട്ടിയത്..... പക്ഷേ അയാൾ ചത്തില്ല..... "
ദേവൻ ഒരു ഞെട്ടലോടെ ആ മുഖത്തേക്ക് നോക്കി.
അവളുടെ മുഖത്തെ ഭാവമാറ്റം വളരെ ക്രൂരമായിരുന്നു.
" എന്തിനാണ് താൻ ഇത് ചെയ്തത്...... " - ദേവൻ ചോദിച്ചു.
" എന്റെ ജീവിതമോ അയാൾ നശിപ്പിച്ചു.... പക്ഷേ സ്വന്തം രക്തത്തിൽ പിറന്ന മകളെ നശിപ്പിക്കാൻ ശ്രമിച്ചാൽ ഞാൻ എന്തു ചെയ്യണം...... കൊല്ലാൻ തന്നെയാണ് ഞാനവനെ വെട്ടിയത്..... പക്ഷേ എന്തോ ഭാഗ്യം കൊണ്ട് അവൻ രക്ഷപ്പെട്ടു.... "
അനിതാ കിതപ്പോടെ ദേവനെ നോക്കി.
ദേവൻ ഒന്നും വിശ്വസിക്കാനാവാതെ നിൽക്കുകയായിരുന്നു.
പക നിറഞ്ഞ മുഖത്ത് സാവധാനം വേദനയുടെ താളം നിറയുന്നത് ദേവൻ കണ്ടു.
" എന്റെ മകൾ..... അയാൾ ആശുപത്രിയിൽ നിന്ന് വന്നാൽ അയാളും അയാളുടെ കൂട്ടാളികളും ചേർന്ന് അവളെ നശിപ്പിക്കും..."
ആ വാക്കുകൾക്ക് അവസാനം അതൊരു പൊട്ടിക്കരച്ചിൽ അവസാനിച്ചു.
ദേവൻ വല്ലാത്തൊരു അവസ്ഥയിലായി പോയി.
" ഞാൻ അവിടെ ഉണ്ടായിരുന്നെങ്കിൽ ഒരു നിഴൽ പോലെ ഞാൻ അവളെ പിന്തുടർന്നു സംരക്ഷിച്ചേ നെ..... ഇതിപ്പോൾ എന്റെ മോള്..... ആ മോൾക്ക് ഒരു സഹായത്തിന് വേണ്ടിയാണ് ഞാൻ സാറിനെ കാണണമെന്ന് പറഞ്ഞത്...... "
പൊടിഞ്ഞുതുടങ്ങിയ കണ്ണുനീർത്തുള്ളികൾ തുടച്ച് അനിത ദേവനെ നോക്കി.
" ഇത്രയും നാളുകൾക്കുശേഷം താൻ എങ്ങനെ എന്നെ തിരിച്ചറിഞ്ഞു..... "- ദേവൻ ആകാംക്ഷയോടെ ചോദിച്ചു.
" എന്നെ കോടതിയിൽ ഹാജരാക്കുമ്പോൾ ഒരു നിഴൽ വെട്ടം പോലെ സാറിനെ ഞാൻ കോടതിവരാന്തയിൽ കണ്ടിരുന്നു.... അങ്ങനെയാണ് ഞാൻ മാധവൻ സാറിനോട് സാറിനെക്കുറിച്ച് അന്വേഷിച്ചത്...... "
ദേവന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.
" തന്റെ ഈ സാർ എന്നുള്ള വിളി വേണ്ട..... തന്റെ വായിൽ നിന്ന് അത് കേൾക്കുമ്പോൾ എന്തോ പോലെ..... പറയൂ.... ഞാൻ തനിക്ക് വേണ്ടി എന്താണ് ചെയ്യേണ്ടത്.... " - ദേവൻ ചോദിച്ചു.
" അയാൾ ആശുപത്രിയിൽ നിന്ന് വരുന്നതിനു മുന്നേ എന്റെ മകളെ സുരക്ഷിതമായ ഒരു സ്ഥലത്ത് എത്തിക്കണം....."
ദേവൻ ഒന്നും മനസ്സിലാവാതെ അനിതയെ നോക്കി.
" ഏതു സുരക്ഷിത സ്ഥാനം...? " - ദേവൻ ചോദിച്ചു.
" പൂപ്പാറ യിലുള്ള എസ്റ്റേറ്റ് ബംഗ്ലാവിൽ...... " - അനിത പറഞ്ഞു.
" മകൾ അവിടെ സുരക്ഷിത ആയിരിക്കും എന്ന് അനിതയ്ക്ക് ഉറപ്പുണ്ടോ..... അതിലും നല്ലത് നമുക്ക് നിയമത്തിന്റെ വഴി തേടുന്നതല്ലേ.....? "
" അവൾ അവിടെ എത്തിപ്പെട്ടാൽ തീർച്ചയായും സുരക്ഷിത ആയിരിക്കും.... പിന്നെ ദേവൻ രണ്ടാമത് പറഞ്ഞ നിയമം..... ആ നിയമമാണ് എന്നെ ഇവിടെ കൊണ്ടെത്തിച്ചത്..... സത്യം കേൾക്കാൻ മനസ്സില്ലാത്ത ഒരു നിയമത്തിന്റെ മുന്നിൽ നീതിയുടെ വാതിൽ എന്നും കൊട്ടിയടക്കപ്പെട്ടിരിക്കും..... "
അനിത പറഞ്ഞു.
" പൂപ്പാറ യിലുള്ള ബംഗ്ലാവിൽ ഇപ്പോൾ ആരൊക്കെയാണ് ഉള്ളത്..... "
ദേവൻ ചോദിച്ചു.
" അച്ഛനും, അമ്മയും കുറച്ചു ജോലിക്കാരും... പിന്നെ തോട്ടത്തിൽ ജോലിചെയ്യുന്ന കുറച്ച് തമിഴന്മാരും ഉണ്ട്.... ഇത്രയും സംരക്ഷണവലയം മതി എന്റെ മോള് സുരക്ഷിതമായിരിക്കാൻ...... അച്ഛന് പ്രായമായിരിക്കുന്നു.... ഇവിടെ വന്ന് ഒരു യുദ്ധം ജയിക്കാനുള്ള ആരോഗ്യം ഇന്ന് അച്ഛനില്ല.... "
ഇതുപറയുമ്പോൾ അനിതയുടെ മുഖത്തെ പ്രകാശം ദേവൻ കാണുന്നുണ്ടായിരുന്നു.
എന്തെങ്കിലും പറഞ്ഞ് ഒഴിയാൻ ആവാത്ത അവസ്ഥ.....
ഇതെവിടെ നിന്ന് തുടങ്ങും....
നിയമപരമായി ഇതിനെ നേരിടണമെങ്കിൽ അതിന് ഡിപ്പാർട്ട്മെന്റിന്റെ സഹായം വേണം.....
അതല്ല വ്യക്തിപരമായിട്ടാണെങ്കിൽ താൻ ഒറ്റയ്ക്ക് മതി......
അങ്ങനെ വരുമ്പോൾ കടമ്പകൾ ഏറെയാണ്.....
ദേവൻ, അനിതയുടെ മുഖത്തേയ്ക്ക് നോക്കി.
" ഞാൻ ശ്രമിക്കാം..... കാരണം ഞാനൊരു നിയമപാലകൻ ആണ്...... അതിലുപരി ഒരച്ഛനും... ഒരു മകളുടെ വേദന എനിക്ക് മനസ്സിലാകും..... പിന്നെ താൻ എന്റെ പഴയ സഹപാഠി അല്ലേ..... "
ദേവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
എന്നാൽ അനിതയുടെ മുഖത്ത് അപ്പോഴും എന്തൊക്കെയോ സംഭവിക്കാൻ പോകുന്നു എന്ന ഭയമായിരുന്നു.
" ഇത് മറ്റാരെങ്കിലും അറിഞ്ഞു അയാളുടെ കാതുകളിൽ എത്തിയാൽ തന്റെ മോളെ അയാൾ...... "
അനിത അത് പൂർത്തിയാക്കാതെ ദേവനെ നോക്കി.
" അനിത ധൈര്യമായിരുന്നു കൊള്ളൂ.... ഞാനും താനും അല്ലാതെ ഇത് ആരും അറിയില്ല.... ആരുമറിയാതെ, ഏതു പ്രതിസന്ധിയെയും മറികടന്ന് ആണെങ്കിലും തന്റെ മകൾ ലക്ഷ്യസ്ഥാനത്ത് എത്തിയിട്ടുണ്ടാവും...... ഇത് ഒരച്ഛൻ തരുന്ന ഉറപ്പാണ്.... അതുകഴിഞ്ഞാൽ തന്റെ ഭർത്താവിനെ നീതിപീഠത്തിനുമുന്നിൽ എത്തിച്ചിരിക്കും.... ഇത് ഒരു നിയമപാലകൻ തരുന്ന ഉറപ്പും..... "
ആ വാക്കുകളുടെ ദൃഢത അനിത അറിയുന്നുണ്ടായിരുന്നു.
" നന്ദിയുണ്ട് ദേവാ.... ഒരു സഹപാഠി ആയിട്ടല്ല ഞാനിപ്പോൾ ദേവനെ കാണുന്നത്... എന്റെ കൂടപ്പിറപ്പായി ട്ടാണ്..... "
അനിത നന്ദിയോടെ ഇരുകൈകളും കൂപ്പി.
ദേവൻ, അനിതയെ ആശ്വസിപ്പിച്ച് പറഞ്ഞയച്ചു.
തിരിഞ്ഞു നടക്കുമ്പോൾ ദേവൻ ഒരു തീരുമാനം എടുത്തിരുന്നു.
ഈ ദൗത്യം ഒറ്റയ്ക്ക് തന്നെ പൂർത്തിയാക്കുക......
ജീവിതത്തിനും, മരണത്തിനുമിടയിൽ കഴിയുന്ന ഒരു അമ്മയ്ക്കും, മകൾക്കും അഭയസ്ഥാനം ഒരുക്കുക....
ദേവന്റെ കാലുകൾക്ക് വേഗതയേറി.
................................. തുടരും............................