Aksharathalukal

വാരണാസി- എം.ടി

 വാരണാസി
************
പച്ചയായ ജീവിതത്തിൻ്റെ യാഥാർത്ഥ്യങ്ങളെ ഭാരതീയ ആത്മീയതയുടെ  കൂട്ടുപിടിച്ച്,   അവതരിപ്പിക്കുകയാണ് 'വാരാണസി'യിൽ എം.ടി. കാലത്തിൻ്റെ ഭിന്നമുഖങ്ങളെ മനുഷ്യരോടടുപ്പിച്ച് തികച്ചും ദാർശനികമായ ഒരവലോകനം ഇതിൽ നടക്കുന്നുണ്ട്.
ജീവിതത്തിന്റെ സർവ്വസുഖങ്ങളും ആസ്വദിച്ചു അവസാനനിമിഷങ്ങളിൽ ഒരു ഗംഗാസ്നാനംകൊണ്ടു മോക്ഷം നേടാമെന്നുള്ള ആഗ്രഹത്തോടെ ജീവിക്കുന്ന ചില സാദാമനുഷ്യരുടെ ആത്മീയതയെ പരോക്ഷമായി പ്രതിസ്ഥാനത്തു നിർത്തി മനുഷ്യന്റെ ഉള്ളറകളിലേക്കുള്ള ഒരു യാത്രയാണ് വാരണാസി എന്ന നോവൽ.
 
ജീവിതത്തിലെ പ്രതിസന്ധികളിൽ നിന്ന് ഒളിച്ചോടി വാരാണസിയിലെത്തുന്ന  സുധാകരൻ എന്ന മലയാളി വർഷങ്ങൾക്കു ശേഷം വീണ്ടും അതേ ബിന്ദുവിൽ എത്തി നിൽക്കുമ്പോൾ,  ശരിയും തെറ്റും വേര്തിരിച്ചറിയാനാവാതെ ചോദ്യചിഹ്നമായി നിൽക്കുന്ന ഭൂതകാലനഷ്ടങ്ങളുടെ ഭാണ്ഡത്തിന്റെ ഭാരം വല്ലാതെ മനസ്സിനെ തപിക്കുന്നുണ്ട്. ഒടുവിൽ തീവ്ര വികാരങ്ങളെ ഗർഭം ധരിക്കുന്ന നിസ്സംഗതയുമായി ആത്മ പിണ്ഡം സമർപ്പിച്ച് മാറ്റൊരു ഇടത്താവളത്തിലേയ്ക്ക് പോകാൻ തയ്യാറെടുക്കുന്നു. വാരാണസിയിൽ സുധാകരൻ ഗംഗയിലൂടെയല്ല,മറിച്ച് കാലത്തിൻ്റെ പക്വതയിൽ തണുത്തുപോയ ഓർമ്മകളിലൂടെയാണ് ആത്മശുദ്ധീകരണം നടത്തുന്നത്. 
 
വായിച്ചു നിർത്തുമ്പോൾ തെറ്റും ശരിയും ഇഴപിരിഞ്ഞ് കിടക്കുന്ന ജീവിതത്തിലേയ്ക്കു പാവനസ്നേഹത്തിൻ്റെ അവാച്യമായ ദർശനം വായനക്കാർക്കു പകർന്നുകൊടുക്കുന്ന വിധം മാന്ത്രികവും കാവ്യാത്മകവുമായ എം.ടിയുടെ ഭാഷ വികസിക്കുന്നുണ്ട്.
 
 
'ലോകത്തിലെ എല്ലാ വസന്തങ്ങളും മഞ്ഞുകാലത്തും ചൂടുകാലത്തും സുഖവാസത്തിനെത്തുന്ന നാട്. മരണത്തിന്റെയും മോക്ഷത്തിന്റെയും മൊത്തക്കച്ചവടക്കാരന്റെ മണ്ണ്. കാലഭൈരവന്റെ കാശി. കാശിക്ക് ചരിത്രത്തെക്കാൾ പഴക്കമുണ്ട്. പാരമ്പര്യങ്ങളെക്കാൾ പഴക്കമുണ്ട്. ഐതിഹ്യങ്ങളെക്കാൾ പഴക്കമുണ്ട്. ഇവയെല്ലാം ചേർത്തു വച്ചാലും അതിനേക്കാളിരട്ടി പഴക്കം തോന്നുന്ന ദേവനഗരി.' മോക്ഷത്തിന്റെ ഇടമെന്ന വിളിപ്പേരുള്ള വാരണസിക്കു ഒളിച്ചോട്ടങ്ങളുടെ നാടെന്നോ, മരണത്തിന്റെ ഇടമെന്നോ  മറ്റോ വിശേഷിപ്പിച്ചാലും തരക്കേടില്ല. കാരണം ജീവിതത്തിലെ പ്രതിസന്ധികളിൽ എങ്ങിനെ അഭിമുഖീകരിക്കണമെന്നു  അറിയാതെ എത്തിപ്പെട്ടവരാണ് ഇവിടെ കൂടുതലും. 
 
സുധാകരന്റെ ജീവിതത്തിലെ ഓരോ യാത്രകളും ഒളിച്ചോട്ടങ്ങൾ ആയിരുന്നു. ജീവിതപ്രതിസന്ധികളിൽ പിടിച്ചു നില്ക്കാനാവാതെ നടത്തിയ യാത്രകൾക്ക് ഒന്നും തന്നെ അവസാനമുണ്ടാവില്ല. ഇങ്ങനെയൊരു ഒളിച്ചോട്ടത്തിന്റെ ഇടയിൽ കണ്ടുമുട്ടുന്ന  വിദേശി സംന്യാസിയുടെ വാക്കുകളിലൂടെ എം ടി അതാണ് പറഞ്ഞു വയ്ക്കുന്നത്.
'ഒരു യാത്രയും അവസാനിക്കുന്നില്ല. എല്ലാ യാത്രകളും തിരിച്ചുവരാൻ വേണ്ടി. ഓർമകളിലൂടെ തിരിച്ചെത്തുന്നത് മുറിവുകളിലേക്കു തന്നെ.' കണക്കെടുപ്പിൽ ബാക്കിയാകുന്നതെന്തെന്ന ചോദ്യമാണ് വാരാണസി ഉയർത്തുന്നത്. എല്ലാം ശിഥിലമായെന്ന തിരിച്ചറിവോ. എല്ലാം ആദ്യം മുതൽ തുടങ്ങാമെന്ന വ്യാമോഹമോ. ഒരവസരം കൂടി ലഭിച്ചിരുന്നെങ്കിൽ എല്ലാം ആദ്യം മുതൽ തുടങ്ങാമെന്ന ആത്മവിശ്വാസമോ. എന്നാൽ ഒരു നദിയും തിരിച്ചൊഴുകുന്നില്ല;  പുണ്യനദിയായ ഗംഗയും അങ്ങിനെ തന്നെ.
 
ഗതകാലത്തിന്റെ ഓർമ്മകളും പേറി സുധാകരൻ വാരാണസിയിൽ എത്തുന്നിടത്താണ് നോവൽ തുടങ്ങുന്നത്. ഗംഗാനദിയുടെ അരികിലൂടെ നടന്നാൽ കാണാം, എപ്പോഴും മൃതദേഹങ്ങൾ കത്തിക്കരിയുന്ന മഹാശ്മശാനം. മണികർണിക. കറുത്ത പുകപടലങ്ങളുയരുന്ന മണികർണികയുടെ ഒതുക്കുകൾ കയറുമ്പോൾ സുധാകരൻ സ്വയം പറഞ്ഞു, ' പതുക്കെ, പതുക്കെ. തുന്നിക്കെട്ടിയ ഹൃദയമാണുള്ളിൽ. ജനിമൃതികൾക്കിടയിലെ പാപസ്നാനങ്ങളേൽപ്പിച്ച മുറിവുകളുണങ്ങിയിട്ടില്ല. ഈയാം പാറ്റകളെ പോലെ പിന്തുടർന്നു പറന്നു വരുന്നുണ്ട് കർമ്മങ്ങൾ. ഭൂതകാലത്തിന്റെ പേടിപ്പെടുത്തുന്ന നിഴലുകളും.'
 
ഒരു തീർത്ഥാടനം കൊണ്ടു പല ജന്മങ്ങളിലെയും പാപങ്ങൾ കഴുകിക്കളഞ്ഞു മോക്ഷം പ്രാപിക്കാൻ എത്തുന്നവരാണ് കാശിയിൽ നിറയെ. നല്ല ജീവിതം കിട്ടാത്തവരാണ് അധികം പേരും. നല്ല മരണം തേടി കാശിയിലെത്തുന്നവർ. ഒളിച്ചോടലുകളും ഒറ്റപ്പെടലുകളും തളർത്തിയ ജീവിതത്തിൽ നിന്നു മുക്തി തേടിയെത്തിയതാണ് സുധാകരനും.  സ്വന്തം കർമങ്ങളുടെ ഫലത്തിൽ നിന്നു രക്ഷപെടാൻ പറ്റിയ സ്ഥലമുണ്ടാകുമോ? സംശയമാണയാൾക്ക്. 
 
കൊത്തിക്കീറുന്ന കഴുകന്മാരുടെ വായിൽ നിന്നു ഗംഗയിലേക്കു വീണു പരിശുദ്ധമായി തീർന്ന വാഹീകന്റെ ആത്മാവിനെപ്പറ്റി സുധാകരനറിയാം. പക്ഷേ ചുടലത്തീ പോലെ ചുട്ടുപൊള്ളിക്കുന്ന ഓർമ്മകളെ ഗംഗയിൽ മുക്കിക്കൊന്നു രക്ഷപെടാൻ കഴിയുമെന്നുറപ്പില്ല. വജ്രസേനൻ കൊന്നു താഴ്ത്തിയ ശ്യാമയെന്ന വേശ്യ യശോധരയായി പുനർജനിച്ച നദിയാണത്. മഹാ പ്രവാഹിയായ ഗംഗ.
 
മറക്കേണ്ടി വന്ന രണ്ടു പ്രണയങ്ങൾ, തന്നെ മറന്നിട്ടു പോയ രണ്ടു പ്രണയങ്ങൾ. സൗദാമിനിയും ഗീതയും മനസ്സിൽ നിന്നു പോയിട്ടില്ല. സുമിതയെയും മൃദുലയെയും മറന്നിട്ടുമില്ല. പ്രേമമൊരു പാപമാണെങ്കിൽ പാപങ്ങൾ കുടിച്ചു തീർക്കാൻ കാലഭൈരവന് ബ്രഹ്മാണ്ഡത്തെക്കാൾ വലിയ വയറുണ്ടാകണമല്ലോ. ഒന്നോർത്താണ് ആധി. എവിടെയെന്നറിയാതെ രണ്ട് ആൺമക്കളുണ്ട്. എന്നാൽ പിതൃ ക്രിയകൾ ചെയ്യാൻ ആരുമില്ല. വഴിയുണ്ട്, ആത്മപിണ്ഡം. ജീവിച്ചിരിക്കെ മരിച്ച ഒരാളായി സുധാകരൻ.
 
മടങ്ങുന്നതിനു മുൻപ് ഒരിക്കൽ കൂടി ദശാശ്വമേധ ഘട്ടത്തിൽ. അകലെ ആരതിയൊഴുക്കിയ മൺചെരാതുകളിൽ ചിലത് ബാക്കി നില്പുണ്ട്. തോണിപ്പള്ളങ്ങളിൽ തട്ടി മറിഞ്ഞ് ചിലതും. ആ വെളിച്ചത്തിലും തന്നിലെ പഴയ ചെറുപ്പക്കാരനെ തിരിച്ചറിയാതെ പോയ സുമിതയോട് തെല്ലും പരിഭവമില്ല സുധാകരന്. ഓർമ്മയും മറവിയും ഇഴചേർന്നതാണു ജീവിതമെന്ന് അയാൾക്കറിയാം. മുക്തിയും മോക്ഷവും ഒരുപക്ഷേ മിഥ്യയെന്നും. വാരണാസിയെന്ന മോക്ഷത്തിന്റെ നാടിന് വെറുമൊരു ഇടത്താവളമെന്നു വിളിച്ചു തിരിച്ചുവരുവുണ്ടാകുമോ എന്നു ഉറപ്പില്ലാത്ത അടുത്ത യാത്രതുടങ്ങുന്നിടത് നോവൽ അവസാനിക്കുന്നു.
 
എം ടിയുടേതായി 2005 ൽ പുറത്തിറങ്ങിയ അവസാനത്തെ നോവൽ ആണ് ഇത്. അതുകൊണ്ട് തന്നെ ജീവിതസായാഹ്നത്തിൽ നിന്നു കൊണ്ടുള്ള ഒരു തിരിഞ്ഞു നോട്ടം ആകാനുമുള്ള സാധ്യതയുണ്ട്. എന്നെങ്കിലുമൊക്കെ നടത്തിയ യാത്രയിൽ മനസ്സിൽ തങ്ങിയതെന്തെങ്കിലുമാവും ഈ നോവലിന് ആധാരം.  ജനിമൃതികൾക്കിടയിലുള്ള വെറുമൊരു ഇടത്താവളം മാത്രമാണ് ഈ ധരയെന്നും, കർമ്മങ്ങളുടെ ഫലത്തിൽ നിന്നും  ഒളിച്ചോടി, പാപത്തിന്റെ കറയൊക്കെ ഗംഗയിൽ ഒഴുക്കിയാലും ആത്മനൊമ്പരത്തിൽ നിന്നുമൊരു വിടുതൽ സാധ്യമാവുമോ എന്നൊരു സംശയം അനുവാചകന്റെ ഹൃദയത്തിൽ   വാരണാസിയെന്ന നോവൽ അവശേഷിപ്പിക്കുന്നുണ്ട്.