Aksharathalukal

ഓർമ്മപ്പെടുത്തലുകൾ

ഫോണിൽ നെറ്റ് ബാലൻസ് തീർന്നിരുന്നു.
വെറുതെ കൈ തട്ടി ഗാലറി തുറന്നു.

അല്ലെങ്കിലും മിക്കവാറും ഫോണിൽ ബാലൻസ് കഴിയുമ്പോഴാണ് അങ്ങനെ ഒരു ആപ്പ് ഉള്ളതായി തന്നെ ഓർക്കുന്നത്.

പെട്ടന്നാണ് ഒരു ഫോൾഡർ ശ്രദ്ധയിൽ പെട്ടത്.

പഴയ കുറച്ചു ചിത്രങ്ങൾ...

   നമ്മുടെയൊക്കെ ചെറുപ്പത്തിൽ കളർ ചിത്രങ്ങൾ വരുന്നതേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളും ഉണ്ട്.

    ഇന്നത്തെ ക്യാമറയുടെ ക്ലാരിറ്റി ഇല്ലെങ്കിലും അവയെല്ലാം എന്നോ നഷ്ടപ്പെട്ടുപോയ അവസരങ്ങളിലേക്ക് വീണ്ടും ഓർമ്മപ്പെടുത്തലുകൾ ആയി അവശേഷിക്കുന്നു.

   

ഫോണുകൾ പ്രാബല്യമല്ലായിരുന്ന ബാല്യം.


  

വീഡിയോ ഗെയിമുകളോ, മറ്റു മാധ്യമങ്ങളോ അന്യമായിരുന്നു അന്ന്.


   

നമ്മുക്ക് സംസാരിക്കാൻ ചുറ്റുപാടുകൾ തന്നെ ധാരാളം ആയിരുന്നു.


 

എന്തിനേറെ, വഴിയിലെ പുല്ലുകൾ പോലും നമ്മുടെ വാക്കുകൾക്ക് കേൾവിക്കാരായി.

 

ഒഴുകുന്ന പുഴയും, പറവകളും, ചെറിയ ഉറുമ്പ് പോലും നമ്മുടെ കയ്യിൽ നിന്നും രക്ഷപെടാറില്ലായിരുന്നു.

 

സ്കൂളിൽ എത്തിയാൽ പിന്നെ വൈകുന്നേരം ആകാനുള്ള കാത്തിരിപ്പായിരുന്നു.

 

ദേശീയ ഗാനത്തിനായി കാത്തിരിക്കും.

 

അതിനു മണിയടിച്ചാൽ പിന്നെ എഴുന്നേറ്റു അറ്റൻഷൻ ആയി നേരെ നോക്കി നിൽക്കും. വരികളുടെ അർത്ഥം അന്ന് അറിയില്ലായിരുന്നുവെങ്കിലും എന്തോ ആ ഗാനത്തോട് ഒരു പ്രത്യേക ബഹുമാനമാണ്.

എന്നോ വിദ്യാലയത്തിൽ നിന്നും കിട്ടിയ ദേശസ്നേഹം

. ബാല്യത്തിൽ പകർന്നു കിട്ടിയ നൈർമല്യമായ ചില മൂല്യങ്ങൾ.

പിന്നീട് കൂട്ടമണിയ്ക്ക് ഓട്ടമാണ്. അവസാനിക്കുന്നത് അടുക്കളയിൽ.

എന്തേലും കിട്ടുന്നത് തിന്നിട്ടു വേഷം മാറി കളിസ്ഥലത്തേയ്ക്ക്‌.

 

സന്ധ്യയോടെ അത് നിർത്തി, ക്ഷീണിച്ച് വരുമ്പോ അമ്മയുടെ വക പലഹാരം, ചോറ്...

പേരിന് ബുക്ക്‌ തുറന്നിട്ട്‌ അടുത്ത കലാപരിപാടികൾ...

 

അവധി ദിനങ്ങൾ പാടത്തും പറമ്പിലും മീൻപിടിച്ചു പുഴയിലും  നീന്തിതുടിച്ചു അനശ്വരമാക്കിയ കാലം.

 

ഒരൊറ്റ ചിത്രത്തിന് ഇത്രയേറെ ഓർമ്മകൾ...

 

ഇന്ന്, ഇവയെല്ലാം നഷ്ടമായതോ, നഷ്ടപ്പെടുത്തിയതോ ആയ ഒരു വിഭാഗം ജനങ്ങൾ...

 

സാങ്കേതികത അത്രയേറെ സംഭാവനകൾ നൽകുമ്പോഴും മറ്റൊരു വഴിയിലൂടെ എന്തെല്ലാമോ നഷ്ടപ്പെടുകയും ചെയ്യുന്നു...