Aksharathalukal

ദ്രാവിഡം

 
    ദ്രാവിഡം    എം. എം. കബീർ   
 
      സ്വന്തം ദേശത്തിന്റെ കഥ !!! അതായിരുന്നു ദ്രാവിഡം. പറഞ്ഞുകേട്ടു പഴകിയ പഴങ്കഥകളിൽ ഒന്നായിരുന്നു പോയാലിപാറയും അലിയാർ തങ്ങൾ ചരിതവും. അതിൽ നിന്നും വേറിട്ടൊരനുഭവമാണ് ദ്രാവിഡം എനിക്ക് മുന്നിൽ തുറന്നുവെച്ചത്.  
 
 
      കേട്ട് കേട്ട് തഴമ്പിച്ച പോയാലി ചരിത്രം  കഥാരൂപത്തിൽ എന്നൊരു മുൻധാരണയോടെ ഞാൻ ആ പുസ്തകം കയ്യിലെടുത്തു... 
" ദ്രാവിഡം "  വെറുതെ  ഒരാവർത്തി ഉരുവിട്ടുനോക്കി. മനസ്സിൽ സ്വയം ചോദിച്ചു 
" പറയുവാൻ ഏറെയുണ്ടോ പോയാലിക്ക്... " 
  " ഹേയ്....  ഇല്ല... " ഉത്തരവും സ്വയം കണ്ടെത്തി ആശ്വസിച്ചു.  
 
     
      കഥയുടെ ആമുഖത്തിൽ നിന്നും മനസ്സിൽ ഉടക്കിയ വരികൾ.... " പോയാലിമലയിലും താഴ്വാരങ്ങളിലുമായി ഉറഞ്ഞുപോയ കഥകളെയും, കെട്ടുകഥകളെയും വാമൊഴി വഴക്കങ്ങളെയും തോറ്റിനിർത്തുവാനാണ്
എം. എം. കബീർ ഈ കഥാഖ്യാനത്തിലൂടെ ശ്രമിക്കുന്നത്. "
 
      
     വീണ്ടും അതേ ചോദ്യം...  മറഞ്ഞിരിക്കുന്ന കെട്ടുകഥകൾ ധാരാളമുണ്ടോ പോയാലിക്ക് പറയുവാൻ...  ആഹാ...  എങ്കിലാതോന്നു വായിച്ചറിയണമല്ലോ?  
 
 
    വർഷങ്ങൾക്ക് മുന്നേയുള്ള പോയാലിയുടെ ദിനരാത്രങ്ങളിലൂടെയുള്ളൊരു സഞ്ചാരമായിരിക്കും ദ്രാവിഡമെന്ന കഥ  പകർന്നു നല്കുകയെന്നൊരു ചിന്തയെ എനിക്കുള്ളിൽ ആ നിമിഷം ഉടലെടുത്തിരുന്നില്ല...  
 
 
     പോയാലിമല : 
 
      " മുളവൂരിന്റെയും പായിപ്രയുടെയും ഇടയിലാണ് പോയാലിമല. ഏകദേശം ഒരു കിലോമീറ്ററോളം ദൈർഘ്യമുണ്ട് നാനൂറോ അഞ്ഞൂറോ അടി പൊക്കം വരുന്ന കകരിംപാറ കെട്ടുകൾക്ക്. മുളവൂരിന്റെയും പായിപ്രയുടെയും ചരിത്രം പരുവപ്പെടുത്തിയതിൽ വലിയ പങ്കുണ്ട്, ഐതിഹ്യങ്ങൾ കെട്ടുപിണഞ്ഞു കിടക്കുന്ന ഈ കൊച്ചു ഹിമാലയത്തിന് "
 
      
    ഇന്നോളം നേരിട്ട് കണ്ടനുഭവിക്കാത്ത പോയാലിമലയുടെ സൗന്ദര്യം കഥക്കുള്ളിലേക്ക് കടക്കും മുന്നേ പകർന്നു നല്കുന്നുണ്ടാ എഴുത്തുകാരൻ. ഓരോ വിശേഷണങ്ങളും തിരശീലയിലെന്നപോലെ കണ്മുന്നിൽ തെളിയും. മനോഹരമാണ്...  അതിമനോഹരം...  
 
    
    ഇന്ന് കാണുന്നതിലും ഇരട്ടി ഭംഗി നിറഞ്ഞ പോയാലിപ്പാറയ്ക്കും പാപ്പാളത്തോടിനും പിന്നിൽ മറഞ്ഞിരിക്കുന്ന നിഗൂഢതകളും ഏറെയുണ്ട്...   
 
 
     മുത്തലിബ്....  ആരാണവൻ...  ഒരു രാത്രികൊണ്ട് പോയാലിവിട്ടുപോയത് എന്തിനായിരിക്കും...  ചോദ്യങ്ങൾ...  തുടക്കത്തിൽ തന്നെ മനസ്സിൽ ഒരായിരം ചോദ്യങ്ങൾ...   മുത്തലിബിനെ അറിയാൻ ആഗ്രഹം ഉള്ളിനുള്ളിൽ പിറവികൊണ്ടു. 
 
 
     " അലിയാര് തങ്ങളുടെ കാൽപ്പാട് പതിഞ്ഞ ഈ മലയിൽ, പിന്നെ പതിഞ്ഞ കാലടയാളം അവളുടെയാ.  അതാ ഞാംമ്പറഞ്ഞ...... അവളിവിടൊക്കെയുണ്ടെന്ന്........"
 
     
      ആരാണവൾ...  ആരുടെ കാൽപ്പാടാണത്...  പിന്നെയും ചോദ്യങ്ങൾ മനസ്സ് നിറച്ചു. കണ്ടെത്തണം.... അറിയണം...  അതേ മനസ്സ് പാകപ്പെട്ടിരിക്കുന്നു...  സഞ്ചരിക്കുക പോയാലി പാറയിലും താഴ്‌വാരങ്ങളിലും... 
തീരുമാനം ഉറച്ചു!!! 
 
 
     രാത്രിയുടെ യാമങ്ങളിൽ, മഴ വർഷിച്ചു കൊണ്ടിരിക്കുന്നു. അതേ അവിടെയാണ് ഞാനിപ്പോൾ ഉള്ളതെന്ന തോന്നൽ ഉണർന്നു. കുഞ്ഞാമിനയുടെ പേറ്റുനോവ് എനിക്ക് മുന്നിൽ തെളിഞ്ഞുവരുന്നു. ഭാര്യയുടെ പ്രസവവേദനയറിയാതെ ഒറ്റാലികുത്തുന്ന കുഞ്ഞായിനെയും കണ്ടു...  ഞാനായിരുന്നുവോ ആ മരമുകളിലിരുന്ന് അവിടമാകമാനം വീക്ഷിച്ചുകൊണ്ടിരുന്ന പാപ്പാളമുത്തി...  ആയിരുന്നിരിക്കാം...   
 
 
   ഒരു രാത്രി...  പല ജീവിതങ്ങൾ മാറിമറിഞ്ഞ രാത്രി, കണ്ടുമുട്ടി അവളെ ഞാൻ. എന്ത് പറഞ്ഞു പരിചയപ്പെടുത്തും നിങ്ങൾക്ക് അവളെ,  താറാകോച്ചോ,  വയറ്റാട്ടി താമരയുടെ മകളെന്നോ,  മച്ചിയായ കോരയുടെ പെമ്പറന്നോരെന്നോ  അതുമല്ലെങ്കിൽ പൈങ്കൻ പെലയോന്റെ മോൾ പാറുക്കുട്ടി വയറ്റാട്ടി പാറു എന്നോ...  എങ്ങനെ പരിചയപെട്ടാലും ഒരാൾ...  പെണ്ണൊരുത്തി....  കഥയുടെ കാമ്പ് തന്നെ അവളിൽ തുടങ്ങി അവളിൽ അവസാനിക്കുന്നതല്ലയോ... 
 
 
      
       കഴുത്തിൽ മിന്നണിയിച്ചവൻ, പച്ച പരമാർത്ഥങ്ങൾ അറിയുന്നോൻ കൂടി മച്ചിയെന്നു പറഞ്ഞൊഴിഞ്ഞപ്പോൾ അവൾ മുൻപിൻ നോക്കാതെ കയറി ആ പോയാലിമല. ചങ്കുപൊട്ടുന്ന വേദനയിൽ അവൾക്കു പിന്നാലെ ഞാനും കയയുന്നുണ്ടായിരുന്നു...  അവളുടെ കാലിന്റെ വേഗവും ധൈര്യവും എന്റെ മനസ്സിന് ഇല്ലായിരുന്നതിനാലാകാം ആ മുള്ളൻപന്നിമടയിൽ ഭയമില്ലാതെ തുണയില്ലാതെ താറകൊച്ചിരുന്നത്...    മാറുപിളർന്നു ചോരകുടിക്കുന്ന യക്ഷിയോ മറുതയോ ഒന്നും അവളെ ഭയപെടുത്തിയില്ല...  തനിച്ചവൾ.... 
 
    ചങ്കൊന്ന് വിങ്ങിയോ? അവളിൽ എവിടെയെങ്കിലും ഞാൻ എന്നെ തിരഞ്ഞുവോ? എങ്ങനെ തിരയാൻ...  ഇരുവട്ടം പൊന്നോമനകൾക്കായി മാറുചുരന്നവൾക്ക് അറിയുമോ മച്ചിതൻ വേദന...  അറിയില്ല, എങ്കിലും കരഞ്ഞു. മുത്തലിതങ്ങളുടെ തുണ അവൾക്കുണ്ടെന്ന് വിശ്വസിച്ചു.  
 
 
     മാറ്റം...  പുതിയ മാറ്റത്തിന്റെ പുലരി. നേരം പുലർന്നു ഹൃദയം കൊണ്ട് പാൽ ചുരത്തി വയറ്റാട്ടി പാറു ഓരമ്മയായി!!!  മരണം കൂട്ടി കൊണ്ടു പോയ കുഞ്ഞാമിനയുടെയും കുഞ്ഞായിൻറെയും ചോരക്കവൾ പോറ്റുമ്മയായി...  അവന്  അവൾ മുത്തലിബ് എന്ന് പേരുവിളിച്ചു....  ജീവിതം വേറൊരു ഗതിയിലേക്ക്... 
 
 
 
        സുഖത്തിലും ദുഃഖത്തിലും  കൂടെ നിന്നവൾ... വാക്കുകൾ കൊണ്ടവളെ മുറിവേൽപ്പിച്ചതോർത്ത് നീറുന്ന കോര, പശ്ചാത്താപം കൊണ്ട് മലകയറി വരുന്നയ്യാൾക്കവൾ ആരുമല്ലാതായി. അവൾ പഴയ വയറ്റാട്ടി പാറുവായി. 
 
  
    തനിച്ചവളെ വിട്ടുപോരാൻ മടിക്കുന്നയ്യാൾക്ക് മുന്നിൽ അവൻ പ്രത്യക്ഷപ്പെടുന്നു. അവളുടെ രക്ഷകൻ " മരക്കാർ...  സഖാവ് മരക്കാർ... "
 
    
     പാറുകുട്ടിയിൽ നിന്നും വീണ്ടുമൊരു വേഷപ്പകർച്ച, പൈങ്കൻ പെലോന്റെ മോൾ വയറ്റാട്ടി പാറു...  അവൾ ജന്നത്തായി. മുത്തലിബിന്റെ ഉമ്മയായി... മരക്കാറിന്റെ  ഭാര്യയായി. പുറംലോകം അങ്ങനെ വിശ്വസിച്ചു. മരക്കാർക്ക് കളഞ്ഞുകിട്ടിയ കുഞ്ഞ്, അതായിരുന്നു മുത്തലിബ്. യാഥാർഥ്യം അവർക്കിരുവർക്കുമിടയിൽ മൂടപ്പെട്ടു. 
 
 
     ജീവിതം...  ഉമ്മയായുള്ള ജീവിതം ആസ്വദിക്കുമ്പോഴും  ഭാര്യ വേഷം അവൾക്കന്യമായിരുന്നു. മരക്കാർ മനസ്സുകൊടുത്ത് സ്നേഹിച്ച പെണ്ണൊരുത്തി, അത് ഓതാനിക്കാക്കയുടെ മകൾ വാഹിദ മാത്രമായിരുന്നു. 
 
 
      വർഷങ്ങൾ കടന്നുപോകുമ്പോൾ ജന്നത്തിൽ  ആഗ്രഹം വർധിച്ചു. സത്യങ്ങൾ തിരിച്ചറിയുന്ന  മുത്തലിബ് തനിച്ചാക്കിയാലും സ്വന്തമെന്നു പറഞ്ഞു ചേർത്ത് നിർത്താൻ ഒരു ചോര, സഹോദരി സ്ഥാനം മാത്രമേ നൽകുന്നുള്ളൂ എന്നറിയാമായിരുന്നിട്ടും അവൾ മരക്കാരോട് ഒരു കുഞ്ഞിനായി യാചിക്കാൻ തീർച്ചപ്പെടുത്തുന്നു. 
 
 
    ആ  രാവ് പുലരുമ്പോൾ വീണ്ടും താഴ്ച്ചയേറിയ ഗർത്തത്തിലേക്ക് ജന്നത്തിന്റെ ജീവിതം എടുത്തെറിയപ്പെടുന്നു. മരണം,  മരക്കാരുടെ മരണം. 
 
 
     ക്ഷണിക്കപ്പെടാതെ വരുന്ന അതിഥിയാണവൻ, പ്രതീക്ഷിക്കാത്ത നേരംനോക്കി കടന്നുവന്ന് ചിരിക്കുന്ന മുഖങ്ങൾ ഇല്ലായ്മ ചെയ്യുന്നവൻ. വിധിയെന്ന വില്ലൻ...  
 
 
       മുത്തലിബിനെ ഓത്തിനിരുത്താൻ അനുവാദം തേടി ഒത്താനിക്കാക്കായ്ക്ക് മുന്നിലെത്തിയ ജന്നത്തിന്റെ ശരീരവടിവുകൾ കണ്ണുകൊണ്ട് അളക്കുന്നതിനിടയിൽ,  മറുപടികളും സമ്മതനുവാദവും ദക്ഷിണയും പറഞ്ഞയാളുടെ കൈകളും അവളുടെ ശരീരം തേടിയെത്തി.എങ്കിലും അവൾ അയാളിൽ നിന്നും വിദഗ്ദ്ധമായി രക്ഷപെടുന്നുണ്ട്.  ഈ കഥകൾ അത്രയും ജന്നത്ത് മരക്കാരിൽ നിന്ന് മറച്ചുപിടിക്കുന്നുവെങ്കിലും, അവളുടെ മിഴികളിൽ നിന്നും അനുഭവിക്കേണ്ടി വന്ന അവസ്ഥയെ അയ്യാൾ മനസ്സിലാക്കിയെടുക്കുന്നു. അതിന് പകരം ചോദിക്കാൻ പുറപ്പെടുന്ന രാത്രി...  മരണം... 
 
 
       മരക്കാർ നടക്കുമ്പോൾ അയാളറിഞ്ഞില്ല, അസ്‌റാഈൽ എന്ന മരണത്തിന്റെ മാലാഖ തന്റെ റൂഹ് തേടി പിന്നാലെ നിഴലായ് വരുന്നത്.  
 
 
    ഓതാനിക്കാക്ക... മരക്കാറിന്റെ  ശത്രു. ആദ്യം  ഉമ്മ,  പിന്നെ വാഹിത അതുകഴിഞ്ഞൊരു മുഖം ജന്നത്ത്...  അയാളോടുള്ള പകയ്ക്ക് ആക്കം കൂട്ടുന്ന മൂന്നുമുഖങ്ങൾ. 
 
 
     കൊല്ലണമെന്നുള്ള ചിന്തയില്ല  പകരം അയ്യാൾ നരകിക്കണം അതായിരുന്നു മരക്കാരുടെ മനസ്സിൽ. പക്ഷെ വിധി മറ്റൊന്ന്. ഓതാനിക്കാക്കയുടെ  കൈകളിൽ എത്തപ്പെട്ട മരക്കാരുടെ ആയുധം അയ്യാളുടെ തന്നെ ജീവൻ അപഹരിക്കുന്നു...  അതും ഒരു വിധി.  
 
 
    മരണം !!!  മരക്കാരുടെ മരണവും പാപ്പാളത്തോട്ടിലെ യക്ഷിയുടെയും മറുതയുടെയും കണക്കുപുസ്തകത്തിൽ ഇടം നേടി. എങ്കിലും ഒളിഞ്ഞും തെളിഞ്ഞും പലരും പറഞ്ഞുകൊണ്ടേയിരുന്നു ' പാപിയല്ലാത്ത മരക്കാരെ പാപ്പാളമുത്തി കൊല്ലില്ല... ഇത് മറ്റാരോ... '   
 
 
    ആഗ്രഹിക്കുന്നതൊക്കെയും അകലേക്ക്‌ മായുന്നു. മരുഭൂമിയിലെ മരീചിക പോലെ അടുത്ത് എത്തുമ്പോഴേക്കും അകലേക്ക്‌ ഒഴുകി മാറുന്നു. ജന്നത്ത്‌  വീണ്ടും തനിച്ച്. 
 
 
     പുറമെ അവൾ മരക്കാരുടെ ബീവിയായിരുന്നു. ഇടയ്ക്ക് എപ്പോഴോ അത് സത്യം തന്നെയെന്നവളും  വിശ്വസിച്ചു തുടങ്ങിയിരുന്നു. എപ്പോഴെങ്കിലും മരക്കാരുടെ മനസ്സും അത് ഉൾക്കൊണ്ടിരിക്കുമോ? വാഹിതയെന്ന നഷ്ടപ്രണയം മറന്നിരിക്കുമോ? 
ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമായി എനിക്കുള്ളിൽ അവശേഷിക്കുന്നു.  
 
 
     ഒരുപക്ഷെ മരക്കാർ മരിച്ചില്ലായിരുന്നുവെങ്കിൽ ജന്നത്തിനുള്ളിൽ അവന്റെ ബീജം പിറവികൊള്ളുമായിരുന്നിരിക്കാം. എന്തുകൊണ്ടോ അങ്ങനെ വിശ്വസിക്കാനാണെനിക്കിഷ്ടം....  അവൾ മച്ചിയല്ലെന്ന് പോയാലിക്കാർ അറിയണമെന്നൊരാഗ്രഹം ബാക്കി.  
 
 
     വീണ്ടും മുന്നോട്ടുള്ള ജീവിതം പരീക്ഷണങ്ങളുടേത് തന്നെയായിരുന്നു അവൾക്ക്. ഒരു രാത്രി അവളെ തേടിയെത്തുന്ന ഒത്താനിക്കാക, കനത്ത മഴയിൽ ഏൽക്കുന്ന മിന്നൽ അയ്യാളെ ഭ്രാന്തനാക്കുന്നു. പുലരുന്ന വേളയിൽ ജന്നത്തിൽ മുത്തലി തങ്ങൾ കയറികൂടുന്നു, മുത്തലിബിന്റെ ജീവിതം സുരക്ഷിതമാക്കുന്നു.  
 
 
     അത് ജന്നത്തിന് പുതുമയുള്ള അനുഭവമായിരുന്നു...  ജന്നത്തിൽ  നിന്നുമവൾ ജിന്നുമ്മയാവുന്നു. ഒരു രാത്രി നൽകിയ മാറ്റം. മറ്റൊരു വേഷപ്പകർച്ച. ചില പകരം വീട്ടലുകളുടെ കാലം. 
 
 
     മരക്കാരുടെ ജീവനെടുത്ത o കടുത്ത ശിക്ഷ അവൾ വിധിക്കുന്നു. അയ്യാളുടെ ചെയ്തികൾക്ക് ഭൂമിയിൽ തന്നെ നരകം കണ്ടയാൾ മരിക്കുന്നു.  
 
 
      അവിടം കൊണ്ടും അവളുടെ ജീവിതം അവസാനിക്കുന്നില്ല. ജിന്നുമ്മയെ ചോദ്യം ചെയ്യാൻ എത്തുന്ന കാരപ്രമാണിമാർ. ചോദ്യങ്ങൾക്ക് ഉത്തരം നല്കാതിരിക്കുന്നവളെ കണ്ടവർ അവളുടെ തോൽവി ഉറപ്പാക്കുന്നു.  
 
  മൗനത്തിനൊടുവിൽ അവൾ സംസാരിക്കുന്നു,  ഉറച്ച ശബ്ദം...  ഉറച്ച വാക്കുകൾ... 
 
     
      " ജന്നത്ത് ചത്തു, കോരമാപ്ളേന്റെ പൊട്ടകിണറ്റിൽ ചാടി ചത്തു. ഇത് വയറ്റാട്ടി പാറു. പൈങ്കൻ പെലോന്റെ മോള്. "
 
 
     അവൾ മറുപടി നൽകി വീണ്ടും പോയാലിമല കയറി. അതേ മുള്ളൻപന്നിമട ലക്ഷ്യംവെച്ചു കാലുകൾ അതിവേഗത്തിൽ ചലിപ്പിച്ചു. മുത്തലി തങ്ങൾ കുതിരപ്പുറത്ത് തുണക്കെത്തുമെന്ന് അമ്മ പറഞ്ഞ കഥയുമോർത്ത് അവൾ മല കയറി.  
 
 
    കനത്ത ഇരുളിൽ തുണക്കവൾ മുത്തലി തങ്ങളെ വിളിച്ചു. വാനിൽ വെള്ളിടിവെട്ടി, വെളിച്ചം മടക്കുള്ളിലെത്തി. അവൾ അകത്തു കയറി. സന്ധ്യയായി, ഇരുട്ടായി, മഴയായി, ഇടിയും മിന്നലും പേക്കാറ്റുമായി.  
 
 
    പുത്തൻ പൊൻകിരണം പോയാലിമലയിൽ  വെളിച്ചം നിറച്ചു, മലകയറി ആളുകൾ മടയ്ക്കു മുന്നിലെത്തി. അകത്തേക്ക് വെളിച്ചം വീശിനോക്കി. അകം ശൂന്യം. മലയിൽ പുതിയ കാൽപ്പാടുകൾ. തങ്ങളുടെത് കൂടാതെ സ്ത്രീയുടെ കാൽപ്പാടുകൾക്ക് സാമ്യമായവ. 
 
 
     അതേ....  അലിയാര് തങ്ങളുടെ കാൽപ്പാട് പതിഞ്ഞ ഈ മലയിൽ, പിന്നെ പതിഞ്ഞ കാലടയാളം അവളുടെയാ.... 
 
 
        വായിച്ചു തീർന്നതും കണ്ണുകൾ നിറഞ്ഞു, ഒരു നിമിഷം കണ്ണടച്ചു. എനിക്കുള്ളിൽ നിന്ന് ആരെല്ലാമോ ഒഴിഞ്ഞു തരും പോലെ. അതേ വയറ്റാട്ടി പാറുവും, മരക്കാറും, മുത്തലിബും, ഇസഹാക്കും, ഓതാനിക്കാകയും സൈദലവി ഉസ്തദും അങ്ങനെ ഓരോരുത്തരായി രംഗം ഒഴിയുന്നതായാണ്.   
 
 
      അവസാനം... അവസാനം പോയാലിമാലയും കാൽപ്പാടുകളും കുതിരകുളമ്പടിയും പാപ്പാളത്തോടും പാപ്പാളമുത്തിയും മാത്രം ബാക്കിയായി.  
 
 
      ഒരു മുത്തശ്ശികഥ കേട്ടപോലെ... മാടനും മറുതയും യക്ഷിയും വസിക്കുന്ന താഴ്‌വാരത്തിൽ മലമുകളിൽ കുതിരപ്പുറത്ത് പറന്നിറങ്ങിയ അലിയാര് തങ്ങളും.  
 
 
       ഒരുപാട് പ്രിയപ്പെട്ട കഥകളിൽ ഒന്നായി ദ്രാവിഡവും ഇടം നേടിയിരിക്കുന്നു. സൗമ്യമായ ഭാഷയിൽ ഒരു ദേശവും ആ ദേശത്തെ വിശ്വാസങ്ങളും നേർമയായി എഴുത്തുകാരൻ പറഞ്ഞുപോകുന്നു. എനിക്കറിയാത്ത പുതുമ നിറഞ്ഞ പോയാലിയിൽ ഇവർക്കൊപ്പം വസിച്ച അനുഭവം ലഭിച്ചിരിക്കുന്നു....  
 
 
 
 
                ✍️  Jazyaan 🔥 അഗ്നി 🔥