ഭാഗം - 25
അർജുന്റെ ആരതി
രുദ്രൻ ആരതിയെയും തോളിലേറ്റി വേച്ചു വേച്ചു വണ്ടിക്കരികിലെത്തി.
കോളേജ് വളപ്പിലുണ്ടായിരുന്ന സുമേഷും പൂജയും ആ കാഴ്ച്ച കണ്ടു നിശ്ചലരായി നിന്നു. അവരോടി അടുക്കുന്നതിനു മുൻപ്
തന്നെ രുദ്രൻ ആശുപത്രി ലക്ഷ്യമാക്കി പാഞ്ഞു.
ആശുപത്രിയിൽ തിരക്കു കുറവുള്ള സമയമായിരുന്നു. ആരതിയെ അത്യാഹിത വിഭാഗത്തിലേക്ക് പെട്ടെന്ന് മാറ്റി. ക്ലോസ് ഒബ്സെർവേഷൻ വേണ്ടി ഡോക്ടറുമാരുടെ സംഘം അവിടെ തടിച്ചുകൂടി. മെഡിക്കൽ ഭാഷയിൽ ചർച്ചകൾ നടക്കുന്നു.
നിയമവശങ്ങളും തുടർന്നുണ്ടാകുന്ന നൂലമാലകളും ഭയന്നു ഈ കേസ് അറ്റൻഡ് ചെയ്യാൻ വിദഗ്ധ ഡോക്ടമാർ പോലും മടിച്ചു. എല്ലാത്തിനുപരി ആരതിയുടെ അവസ്ഥ ദയനീയമായിരുന്നു. ഇതൊക്കെ കണ്ടും കേട്ടും നിസ്സഹായതയോടെ രുദ്രൻ നിന്നു.
അറിയാവുന്ന ദൈവങ്ങളെ വിളിച്ചു പ്രാർഥിച്ചു കൊണ്ടിരുന്ന രുദ്രന്റെ
മുന്നിലേക്ക് കേവലം ഔപചാരികമായ വിവരങ്ങൾ രേഖപ്പെടുത്താനായി റിസപ്ഷനിസ്റ്റ് ഒരു പേപ്പറുമായി വന്നു.
"അതെഴുതു, ഇതെഴുതു ഇവിടെ ഒപ്പിടു അവിടെ ഒപ്പിടു " രുദ്രൻ ദേഷ്യം വന്നു തലഭ്രാന്തെടുത്തു പോയി.
"വേഗം പോലീസിനെ അറിയിക്കുക." ലേഡി ഡോക്ടർ രുദ്രനോട് പറഞ്ഞു.
അപകടത്തെക്കുറിച്ചു അവർ ചില അനേഷണങ്ങൾ നടത്തി. രുദ്രൻ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ഡോക്ടറുടെ ചോദ്യങ്ങൾ. ഒന്നിനും കൃത്യമായി ഉത്തരമറിയാതെ രുദ്രൻ കൈമലർത്തി.
ഡോക്ടറിന്റെ കടുപ്പിച്ച നിലപാടുകൾക്കു തർക്കത്തിന്റെ വശം പോലെ രുദ്രൻ അനുഭവപെട്ടു. ആരതിക്കു ചികിത്സ നിഷേധിക്കപ്പെടുകയാണോ എന്നവൻ ഭയന്നു. സഹികെട്ടവൻ അവർക്കു നേരെ ചീറി.
"ഇതെന്റെ ആശുപത്രിയാണ് അകത്തു കിടക്കുന്നത് എന്റെ ആരതിയും.
എനിക്കു അവളെ വേണം. എന്തേലുമൊക്കെ ഒന്നു ചെയ്യൂ അവരോടായി കൈകൂപ്പി യാചിച്ചു."
നിയന്ത്രണം തെറ്റി നിൽക്കുന്ന രുദ്രന്റെ അടുത്തേക്ക് ഡോക്ടർ അൻസാരി
ഓടിയെത്തി.
അവന്റെ മുൻപിൽ പകച്ചു നിൽക്കുന്ന ഡോക്ടറിനെ അകത്തേക്ക് പോകാൻ കണ്ണുകാണിച്ചു.
രുദ്രാ...
"എന്താ ഇവിടെ നടക്കുന്നത്? എന്താ നിങ്ങൾ ഇവിടെ ചെയ്യുന്നത് ഒരു രോഗിയെ ചികിത്സിക്കുകയല്ലേ ആദ്യം ചെയ്യേണ്ടത്.
പോലീസിനെയറിക്കുന്നതാണോ ഇവിടെ ഇപ്പോൾ അത്യാവശ്യം."
"ഒഫീഷ്യലി അവരെയൊന്നു അറിയിക്കണം രുദ്രാ... നീ പേടിക്കണ്ട ഇതൊക്കെ ഞങ്ങളുടെ ചികിത്സയുടെ ഭാഗമാണു. കണ്ടുനിൽക്കുന്നവർക്ക് ഒന്നും ചെയ്യുന്നില്ല തോന്നും."
ആരതിയുടെ കണ്ടീഷൻ കുറച്ച് സീരിയസാണ് രുദ്രാ... അവളുടെ വേണ്ടപ്പെട്ട ആരെങ്കിലും വന്നിട്ടു നമ്മുക്കു സർജറിക്കു വേണ്ടുന്ന ഒരുക്കങ്ങൾ ചെയ്യണം.
"സർജറി "രുദ്രൻ അന്ധാളിച്ചു.
സ്കാനിംഗ് ചെയ്താലേ മുറിവിന്റെ ആഴം അറിയാൻ സാധിക്കു. ഏതു ആയുധം കൊണ്ടാണ് മുറിവേറ്റതു എന്നൊക്കെ ചോദിച്ചത് ചികിത്സയുടെ ഭാഗമായി തന്നെയാണ്.
" എനിക്കൊന്നും ഓർക്കാനാവുന്നില്ല ഡോക്ടർ. " രുദ്രൻ പറഞ്ഞു.
"ഒരു ഡോക്ടറേ സംബന്ധിച്ച് നൂറിലൊന്നു കേസ് മാത്രമാണിത്. നീ സമാധാനത്തോടെ ഇവിടെയിരിക്കു ഞാൻ ആരതിയെ നോക്കട്ടെ."
ആരതിയുടെ കാലുകളിലെ മുറിവുകളിൽ പഞ്ഞി പൊത്തിവയ്ക്കുകയായിരുന്നു നേഴ്സ്മാർ . സഹതാപത്തിന്റെയും പുച്ഛത്തിന്റെയും നിഴൽമറകൾ അവൾക്കു ചുറ്റുമുണ്ടായിരുന്നു.
ഇടയ്ക്ക് ബോധം വീഴുമ്പോൾ ആരതി എന്തൊക്കെയോ പറഞ്ഞു അലറുന്നുണ്ടായിരുന്നു. ഒരു വാക്ക് പോലും വ്യക്തമാവുന്നില്ല.
"മനസ്സിലായി ആരതി " പേടിക്കണ്ട. ഡോക്ടർ അൻസാരി അവളുടെ ചുമലിൽ തട്ടി കൊണ്ടു പറഞ്ഞു.
'ഡോക്ടറുടെ നിർദേശപ്രകാരം ആരതിയെ സ്കാനിംഗ് കൊണ്ടു പോകാനൊരുങ്ങി .'
വിവരമറിഞ്ഞു ആരതിയുടെ അച്ഛനും അമ്മയയും ആശുപത്രിയിലെത്തി. അറിയാവുന്ന ആശ്വാസവാക്കുകൾ അവർക്കു അധികൃതർ നൽകികൊണ്ടിരിക്കുന്നു. സർജറിക്കുള്ള പേപ്പേഴ്സും അതിനു അടയ്ക്കേണ്ട തുകയും വളരെ സാവധാനത്തിൽ ആശുപത്രിയിലേ
പി.ആർ.ഓ സംസാരിക്കുന്നുണ്ട്.
ആരതിയുടെ അമ്മയും അച്ഛനും പരസ്പരം താങ്ങും തണലുമായി നിന്നു. സംഭവിച്ചതു എന്താണെന്നു അവർ ആരോടും തിരക്കിയില്ല ചുറ്റും നിന്നവരോടു എന്തെങ്കിലുമൊക്കെ പറഞ്ഞു പരിതപിക്കാനും അവർ തുനിഞ്ഞില്ല. അവരുടെ മകളുടെ ജീവിതമവസാനിച്ചുവെന്നു അവർ വിധിയെഴുതി ഒപ്പം അവരുടെ കുടുംബത്തിന്റെ വെളിച്ചവും.
രുദ്രന്റെ മനസ്സു ഇതൊക്കെ കണ്ടു പിടഞ്ഞു പോയി. ഒപ്പം കുറേ മാറ്റങ്ങൾ ഇവിടെ നടപ്പാക്കേണ്ട സമയമടുത്തതായി അവൻ മനസ്സിൽ കണക്കുകൂട്ടി നിന്നു.
തങ്ങളുടെ മുന്നിലൂടെ സ്കാനിംഗ് കൊണ്ടു പോകുന്ന ആരതിയെ നോക്കി അവളുടെ അച്ഛനും അമ്മയും രുദ്രനും നിറകണ്ണുകളോടെ നിന്നു.
കുറച്ചുമുൻപ് വരെ മിടുക്കിയായ കണ്ടവളെ തൊട്ടടുത്ത സമയം മരണത്തിനും ജീവതത്തിനുമിടയിൽ കാണുക എന്നു പറയുന്നതാണ് നിസാരമായ മനുഷ്യജീവിതം എല്ലാവരും ഒരുനിമിഷം അതോർത്തു പോയി.
ആരതിക്കു എന്താ സംഭവിച്ചതെന്നു പുറലോകം അറിയാൻ പാടില്ല എന്നവൻ തീരുമാനിച്ചിരുന്നു.
"എന്താ സംഭവിച്ചതു രുദ്രാ...?" Dr. അൻസാരി
വീണ്ടും ചോദിച്ചു.
"ഐ ആം ടോടല്ലി അപ്സെറ്റ് ഡോക്ടർ എന്നോടൊന്നും ചോദിക്കരുത്, എനിക്കൊന്നും അറിയില്ല. ആരതിക്കു എങ്ങനെയുണ്ട് ഡോക്ടർ? രുദ്രൻ തൊഴുകൈയോടെ നിന്നു."
"റിലാക്സ് രുദ്ര, അവൾക്കൊന്നു സംഭവിക്കില്ല. ആരതി പറയാൻ ശ്രമിച്ചതു ഒരുപക്ഷേ ദിയ കുറിച്ചാണെങ്കിലോ?"
ദിയ... ഈശ്വരാ. ഞാനതു മറന്നു പോയി ഏട്ടൻ എത്തിക്കാണുമോ അവൽക്കരികിൽ ? അവൻ തലമുടിയിൽ ആഞ്ഞുവലിച്ചുകൊണ്ട് വിസിറ്റേർസ് സീറ്റിലിരുന്നു.
ഡോക്ടർ അൻസാരി അവനെ ആശ്വസിപ്പിച്ചു കൂടെയിരുന്നു.
ദിയക്കായി കോളേജു പരിസരം മുഴുവൻ അരിച്ചുപെറുക്കുന്നുണ്ട്. എന്തേലും വിവരം കിട്ടാതിരിക്കില്ല. ക്ഷോഭിച്ചിട്ടു കാര്യമില്ല രുദ്രാ... സംഭവിക്കാനുള്ളതു സംഭവിച്ചു.
കൂടുതൽ അനർത്ഥങ്ങളൊന്നു ഉണ്ടാവാതെയിരിക്കട്ടെ... "ഓഹ് മൈ ഗോഡ്!"
"എന്താ...? രുദ്രൻ ആധിയോടെ ചോദിച്ചു."
കണ്മുന്നിൽ തെളിഞ്ഞു വരുന്ന കാഴ്ച്ച കണ്ടു രുദ്രൻ അൻസാരിയുടെ കൈയിൽ മുറുകെ പിടിച്ചു.
ദിയയുമായി ഒരു സംഘം ആശുപത്രിയിലെത്തിയിരിക്കുന്നു.
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
ഓപ്പറേഷൻ തിയേറ്ററിന്റെ മുന്നിൽ നിസ്സംഗതയോടെ ആരതിയുടെ അച്ഛനും അമ്മയും നിന്നു.
"കൊണ്ടുവന്നപ്പോൾ നാലു ശതമാനം ചാൻസ് ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ സർജറിയുടെ വിജയം അൻപതു ശതമാനം ഞാൻ ഉറപ്പു നൽകുന്നു." ഡോക്ടർ പ്രമീള ആരതിയുടെ അച്ഛനോടായി പറഞ്ഞു.
അദ്ദേഹം ഡോക്ടറോടു നന്ദി പറഞ്ഞു.
"നന്ദി എന്നോടല്ല ഈശ്വരനോടും ആ കുട്ടിയേ തക്കസമയത്ത് എത്തിച്ച രുദ്രനോടും മതി. സ്കാനിംഗ് റിപ്പോർട്ട് മറ്റു ടെസ്റ്റ് റിസൾട്ട്‌സും നമ്മുക്കു അനുകൂലമാണ്. ഇനിയുള്ളതെല്ലാം സർവേശ്വരൻ അർപ്പിക്കുന്നു. നിങ്ങൾ ഈശ്വരനോടു പ്രാർഥിക്കുക സർജറി നല്ല രീതിയിൽ പൂർത്തിയാവാൻ.അതുകഴിഞ്ഞു ബാക്കി നമ്മുക്കു നോക്കാം."
അതേസമയം ദിയയെ ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ടു വന്നു.
ദിയയേ കൂടി മോശമവസ്ഥയിൽ കണ്ടതോടെ എല്ലാവരും പൂർണമായും തകർന്നു. ആര്? ആരെ ആശ്വസിപ്പിക്കും? പഴിക്കും? നെഞ്ചിലൊരാളലും പ്രതീക്ഷയറ്റ നിറകണ്ണുകളുമായി എല്ലാവരും സ്വയം ഒതുങ്ങി നിന്നു.
ഡോക്ടർ പ്രമീള അവളെയും നിസ്സംഗതയോടെ നോക്കി നിന്നു. അവരുടെ മുഖത്തു മിന്നി പായുന്ന ഭാവം സമർദ്ദമാണ്.
'വീ ആർ ട്രെയിൻഡ് ബട്ട് ഹോപ്പ്ലസ്.' അവർ യാതൊരു പ്രതീക്ഷയുമില്ലാതെ അൻസാരിയേ നോക്കി.
" മനുഷ്യശരീരത്തെ ചികിത്സിക്കാൻ വിധിക്കപ്പെട്ടവരാണ് നമ്മൾ. നമ്മുക്കു നമ്മുടെതായ ഫീലിംഗ്സ്, ഇമോഷണൽ സെന്റിമെന്റ്സ്, സ്‌ട്രെസ് ഇതൊക്കെ മാറ്റിവെച്ചു നിർവികാരതയോടെ ഡ്യൂട്ടി ചെയ്യാം. "അൻസാരി അവർക്കു കരുത്തേകി.
പ്രാണനു വേണ്ടി പൊരുതുന്ന ആരതിയെ ഒരു നോക്കു ദിയ കാണിച്ചു.
"ആരതിക്കൊന്നും സംഭവിക്കില്ല ദിയ." അച്ഛൻ അവളെ ആശ്വസിപ്പിച്ചു." അദ്ദേഹം അവളുടെ നെറുകയിൽ ഉമ്മ വെച്ചു.
മകളുടെ രക്തത്തിന്റെ മണം അദ്ദേഹത്തിന്റെ സമനില തെറ്റിക്കുന്നുണ്ടായിരുന്നു. തന്റെ മകൾ ഇനിയില്ല എന്ന സത്യം അദ്ദേഹം മനസ്സിലാക്കി കഴിഞ്ഞു.
ഹൃദയം കല്ലാക്കി ആ മനുഷ്യൻ ഓപ്പറേഷൻ തിയേറ്ററിനു മുന്നിൽ കാത്തു നിന്നു.
അദ്ദേഹത്തിനു ആശ്വാസവാക്കുകൾ നൽകാൻ വന്ന ഡോക്ടറിനെ അദ്ദേഹം തടഞ്ഞു.
"എനിക്കൊന്നും കേൾക്കണ്ട ഡോക്ടർ, എനിക്കു ആരതിയാണ് വേണ്ടതു പൂർണ ആരോഗ്യവതിയായി അവളെയെങ്കിലും എനിക്കു തരണം. രണ്ടു മക്കളിൽ ഒരാളെയെങ്കിലും എനിക്കു തരണം."
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
തൃക്കര പോലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ ധനുഷ് മേനോൻ . നീതിമാനായ പോലീസ് ഉദ്യോഗസ്ഥൻ അദ്ദേഹത്തിനായിരുന്നു അന്വേഷണ ചുമതല.
കുറച്ചു സമയങ്ങൾക്കു മുൻപ്,
ദേവർമഠത്തിലെ മഹാദേവന്റെ മകളെ കാണാനില്ല എന്ന വാർത്തയെത്തി. പോലീസ്, രാഷ്ട്രീയ തലപ്പത്തു നിന്നും അനൌദ്യോഗികമായ അന്വേഷണത്തിനു ഉത്തരവായി. അൽപ്പം മുറിമുറിപ്പു ഉണർന്നെങ്കിലും ഇൻസ്‌പെക്ടർ ധനുഷ്
കർമ്മനിരതനായിറങ്ങി.അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ദിയ തിരഞ്ഞു അന്വേഷണ സംഘം പുറപ്പെട്ടു.
ജീപ്പിലിരുന്നപ്പോഴാണ് ഫാക്സിൽ വന്ന സന്ദേശത്തിലെ രേഖ ചിത്രങ്ങളും പേരുകളും അവൻ ഒന്നൂടെ ശ്രദ്ധിച്ചത്.
ദിയ,ആരതി അവനൊരു നിമിഷം സ്തംഭിച്ചിരുന്നുപോയി. ഇരുവരും അവൻ സുപരിചിതരായിരുന്നു.
വേനലവധികാലമായതു കൊണ്ടു ക്യാമ്പസ് റോഡ് എല്ലായിപ്പോഴും വിജനമായിരുന്നു. വേണ്ടുന്ന തെളിവുകളൊക്കെ പെട്ടെന്നു തന്നെ ലഭിക്കുമെന്ന് അവർ കണക്കുകൂട്ടി. അവർ അവിടെ മുഴുവൻ പരിശോധിച്ചു പക്ഷേ 'ആടു കിടന്നിടത്തു ഒരു പൂട പോലുമില്ല 'എന്നവസ്ഥയിൽ കാര്യങ്ങളെത്തി.
പണി പൂർത്തിയാകാത്ത കെട്ടിട്ടം അലങ്കോലമായിരുന്നുവെങ്കിലും അസാധാരണത്വം ഒന്നും തോന്നിയില്ല.
ഇതൊക്കെ എങ്ങനെ സാധിച്ചു എന്ന സംശയത്തിലായിരുന്നു ധനുഷ്.
പോലീസ് നായയ്ക്കു മണം കിട്ടാത്ത വിധം കെമിക്കൽസ് പൂശിയിരിക്കുന്നു എന്ന നിഗമനത്തിൽ ധനുഷ് എത്തിച്ചേരുമ്പോൾ,
പോലീസ് നായയുടെ സെൻസേഷണൽ എബിലിറ്റിക്കു തടസ്സം സൃഷ്ടിക്കുന്നതു ആത്മാവിന്റെ സാനിധ്യമാണെന്നൊരു വിലയിരുത്തൽ അവിടെ അരങ്ങേറിയതിൽ അവൻ ദേഷ്യം തോന്നി.
"താനൊക്കെയൊരു കുറ്റാന്വേഷകനാണോ അതോ മന്ത്രവാദിയോ? " അവൻ ചൊടിച്ചു.
"ഒരു പോലീസക്കാരനെ പോലെ ചിന്തിക്കടോ, ഒരു അന്വേഷണ ഉദ്യോഗസ്ഥനു തെളിവുകൾ ശേഖരിക്കാനുള്ള നിരീക്ഷണപാടവുമാണ് ആദ്യം വേണ്ടതു, അല്ലാതെ യക്ഷികളെ മണത്തു പിടിക്കുന്ന മന്ത്രവാദമല്ല വേണ്ടതു. കാക്കിയിട്ടിറങ്ങിക്കോളും കുറേയെണ്ണം, അതുപറഞ്ഞവൻ ബൂട്ട്സ് ചവിട്ടി തിരുമ്മി. ഇട്ട യൂണിഫോമിന്റെ മഹിമയെങ്കിലും അല്പം കാണിക്കടോ?"
എവിടെ തുടങ്ങും? എങ്ങനെ തുടങ്ങും എന്നാലോചിച്ചു നിന്നപ്പോൾ, ക്യാമ്പസിന്റെ കൂറ്റൻ മതിലുകൾക്കപ്പറുത്തേക്കുള്ള തിരച്ചിലിനായി അവന്റെ ചിന്തകൾ പോയി.
അടുത്തുള്ള ചെറിയ വനത്തിൽ നിന്നു അസാധാരണമായ മുരൾച്ച കേൾക്കുന്നു. ഇൻസ്‌പെക്ടർ ധനുഷിന്റെ ശ്രദ്ധ അങ്ങോട്ടേക്കായി. സത്യവതിയെ ആവാഹിച്ചു കുടിയിരുത്തിയിരിക്കുന്ന കുന്നിൻ ചെരുവിലേക്കു അവന്റെ നോട്ടമെത്തി.
ദിയ... അവൻ ഉറക്കെ വിളിച്ചു. മറുവശത്തു നിന്നു പ്രതികരണമൊന്നുമുണ്ടായില്ല. പക്ഷേ ഒരു അരണ്ട വെളിച്ചം അവന്റെ കണ്ണിൽപെട്ടു. എന്തോ ഉൾപ്രേരണയാൽ അവൻ അങ്ങോട്ട് നടന്നു നീങ്ങി.
ജംഗിൾ ടോർച്ചുകളുടെ വെളിച്ചം ഇരുൾ വീണ കാട്ടുപാതയിൽ സഹായകരമായിരുന്നില്ല. അതുകൊണ്ട് തന്നെ സാഹസപ്പെട്ട അന്വേഷണമാണവർ
നടത്തുവാനൊരുങ്ങുന്നത്.
ഏമാന്റെ ചുവടുകൾക്ക് പിന്നാലെ വിട്ട കീഴ്ദ്യോഗസ്ഥർക്ക് വയ്യാവേലി പിടിച്ചപോലെ അനുഭവപെട്ടു അവർ രോക്ഷം മറച്ചുവച്ചില്ല അവർ ശബ്ദംതാഴ്‌ത്തി കുശുകുശുക്കൽ തുടങ്ങി.
"ഞാനീ പെണ്ണിനെയും കൂട്ടുക്കാരി കൊച്ചിനെയും പലയിടത്തും വച്ചു അസമയങ്ങളിൽ കണ്ടിട്ടുണ്ട്. വലിയിടത്തെ പെണ്ണിന്റെ ഹുങ്കിനു കൂടേ നടക്കുന്നതിന്റ ട്രോഫിയാണ് മറ്റേവൾക്കു കിട്ടിയതു. കാട്ടുംപുറം അല്ലേ! ഇനി പല്ലും നഖവും മാത്രം നോക്കിയാൽ മതി." കോൺസ്റ്റബിൾ പറഞ്ഞു.
"താനൊന്നു ചിലയ്ക്കാതെ നടക്കു സാറിന്റെ ചെവിയിലെത്തിയാൽ പിന്നെ അതുമതി."
"തനിക്കു എന്തറിയാം ചെറിയ പെണ്ണിന്റെ രക്തമല്ലേ യക്ഷിക്കു ആക്രാന്തം കൂടും എന്നു പറഞ്ഞവൻ പരിഹസിച്ചു."
ആഞ്ഞുവീശിയ കാറ്റും ഇളകിയെ കരിയിലകൂട്ടവും മണ്ണും പറത്തികൊണ്ടേയിരുന്നു.
പോലീസുക്കാരുടെ വായിലും കണ്ണിലും മണ്ണു വീണു. വനകന്യക പണിതുടങ്ങിയെന്നു തോന്നുന്നു. വല്ലാത്ത അന്തരീക്ഷവും അപരിചിതമായ ഒരു തരം കാതടുപ്പിക്കുന്ന ശബ്ദവും കൂടാതെ കൂവലും കുറുകലും കരച്ചിലും പോലീസുക്കാർ നിന്നു വിറച്ചു.
"സാർ, ഇനി അങ്ങോട്ട് പോകണ്ട, ഒന്നാമത് ഇരുട്ട് വീണു തുടങ്ങി ഉൾക്കാട്ടിലൊക്കെ തിരയുക എന്നുവെച്ചാൽ ഫോറസ്റ്റ് ഗാർഡുകളുടെ പിന്തുണയില്ലാതെ നമ്മളെക്കൊണ്ടാവില്ല."
"ആരുടേയും ഉപദേശം കേൾക്കാതെ വെളിച്ചം കണ്ട ഭാഗം ലക്ഷ്യമാക്കി അവൻ നടന്നു."
"നമ്മൾ കഷ്ടപ്പെടേണ്ട കാര്യമൊന്നുമില്ല ആ പെണ്ണിനെ തിരഞ്ഞു ഏതോ വിദഗ്ധ സംഘമെത്തുമെന്നു വൈറലസ് മെസ്സേജുണ്ടായിരുന്നു. അതിനുമുൻപേ അവളെ കണ്ടുപിടിക്കാനുള്ള തത്രപ്പാടിലാണ് ഇൻസ്പെക്ടർ സാർ.
അങ്ങേരുടെ വീരത്വം കാട്ടാൻ ബാക്കിയുള്ളവനെ യക്ഷിക്കു ഭോജിക്കാൻ അവസരമുണ്ടാക്കുവാനായിരിക്കും അങ്ങേരീ കുതിരയോട്ടം നടത്തുന്നത്."
"വല്ലപ്പോഴുമൊക്കെ മേലനങ്ങി പണി ചെയ്യണം. എന്നിട്ടു ശമ്പളം വാങ്ങി ഉരുട്ടി വിഴുങ്ങുമ്പോൾ കിട്ടുന്ന സംതൃപ്തി ഒന്നു അറിയണം. നമ്മുക്ക് മിണ്ടാതെ സാറിനു ഫോളോ ചെയ്യാം. "കൂട്ടത്തിൽ ഒരാൾ മൊഴിഞ്ഞു.
മറ്റുള്ളവർക്ക് ഇരുട്ടിൽ നിന്നു ഇരുട്ടിലേക്കു പായുന്ന ഇൻസ്‌പെക്ടർ എന്ന തോന്നലായിരുന്നു. പക്ഷേ അവനെ പോലെയൊരു ബുദ്ധിശാലിയായ പോലീസ് ഓഫീസർക്കു അതൊരു സൂചനയാണ്.
" അതു ദൈവത്തിന്റെ വെളിച്ചമാണ്."അവനുറച്ചു വിശ്വസിച്ചു.
ഇരുട്ടിനെ വകഞ്ഞുമാറ്റിയുള്ള അവന്റെ വരവിനായി അരണ്ട വെട്ടം കാത്തിരുന്നു,
സത്യവതിയെ ആവാഹിച്ചു
കുടിയിരുത്തിരിക്കുന്ന കാവിലേക്കു നോക്കി കാട്ടുപട്ടികൾ കുരച്ചു കൊണ്ടു നിൽക്കുന്നു. ചരൽ മണലിൽ ഒരിറ്റു പ്രാണൻ ബാക്കിയായി പെൺകുട്ടി കിടക്കുന്നു. അവളുടെ ദേഹത്തേക്കു ചാടിവീഴാനാകാതെ ആ പട്ടികൾ ഭയന്നു കിതയ്ക്കുന്നു. ആ കാഴ്ച്ച കണ്ടവൻ പകച്ചു നിന്നു പോയി.
പിറകിലെ കാൽപെരുമാറ്റം കേട്ടതോടെ അവറ്റകൾ എങ്ങോട്ടോ ഓടി...
വാടി തളർന്നു കിടക്കുന്ന പെൺകുട്ടിയുടെ അടുത്തു ചെന്നു ഒരു നോട്ടം നോക്കിയപ്പോൾ തന്നെ ഇൻസ്പെക്ടർ ധനുഷിന്റെ മുഖം കുനിഞ്ഞു.
അങ്ങു ദൂരെ നിന്നു മഹാദേവനും സംഘവുമെത്തിയതു അവൻ കാണാമായിരുന്നു. പരിഭ്രാന്തിയോടെ മകളുടെ അടുത്തേക്ക് ഓടിയെത്താൻ ശ്രമിക്കുന്ന അദ്ദേഹത്തെ വേദനയോടെ അവൻ നോക്കി നിന്നു.
അവൻ തന്റെ യൂണിഫോമിന്റെ ഷർട്ടൂരി അവളുടെ മുകളിലേക്കു ഇട്ടു കൊടുത്തു.
ദിയാ അവൻ ആർദ്രമായി വിളിച്ചു.
തന്റെ മുന്നിൽ നിൽക്കുന്നവനു കാമത്തിന്റെ കണ്ണുകളാണോ അതോ സംരക്ഷണത്തിന്റെ കണ്ണുകളാണോ എന്നവൾ പ്രയാസപ്പെട്ടു നോക്കുവായിരുന്നു. അവളുടെ കണ്ണുകളിൽ ഭയമില്ല. ഒരിറ്റു ജീവൻ അവൾ വാശിയോടെ പിടിച്ചുനിർത്തുകയാണെന്ന് അവൻ തോന്നി പോയി.
അവളുടെ കണ്ണുകൾ ആരെയോ കാണിച്ചു തരുന്നതായി ധനുഷിനു മനസ്സിലായി . അവൻ ഗണെടുത്തു തലങ്ങും വിലങ്ങും ഷൂട്ട് ചെയ്തു. ആരോ മരിച്ചില്ലകളിലൂടെ രക്ഷപെട്ടിരിക്കുന്നു. അവന്റെ പോലീസ് ബുദ്ധിയിൽ കുറ്റവാളിയിലേക്കുള്ള ആദ്യ കച്ചിത്തുരുമ്പു കിട്ടിയിരിക്കുന്നു.
ദിയയുടെ അടുത്തേക്ക് മഹാദേവൻ ഓടിയെത്തി. ധനുഷ് അദ്ദേഹത്തെ ചേർത്തു പിടിച്ചു.
"നൊ സാർ " അവിടെക്കു പോകരുത്. അവനെ തള്ളിമാറ്റി അദ്ദേഹം അവൾക്കരികിലെത്തി തളർന്നിരുന്നു പോയി.
ഉടുമുണ്ടൂരി അവളെ ഭദ്രമായി പുതപ്പിച്ചു മാറോടണച്ചു പിടിച്ചു. അദ്ദേഹത്തിന്റെ ഓർമ്മകളിൽ രണ്ടു മുഖങ്ങൾ തെളിഞ്ഞു വന്നു. വെളുത്ത തുണിയിൽ പൊതിഞ്ഞു കൈയിൽ വാങ്ങിയ ദിയയുടെ കുഞ്ഞിമുഖവും തൊട്ടുപിറകെ വെള്ളപുതപ്പിച്ച ഭാര്യയുടെ മൃതദേഹവും.
ഇൻസ്‌പെക്ടർ ധനുഷ് അവളെ ഉറ്റുനോക്കി നിന്നു. അവളുടെ കുഞ്ഞുമുഖം നിറയെ നഖക്ഷതങ്ങളേറ്റ പാടുകളായിരുന്നു മൂക്കിൻ തുമ്പിലും ചുണ്ടിലും ചോര ചത്തു നീലിച്ചു കിടക്കുന്ന പാടുകൾ വ്യക്തമായിരുന്നു ആരോ അവളെ ക്രൂരമായി ഉപദ്രവിച്ചു എന്നവൻ മനസ്സിലാക്കി. അതു ആരായാലും അവനിവിടെ വളരെ അടുത്തുതന്നെയുണ്ടെന്നവൻ ഉറപ്പായി.
കാടുമുഴുവൻ അരിച്ചുപെറുക്കാൻ അവൻ തീരുമാനിച്ചു.
"സാർ, എത്രയും വേഗം ദിയ ഹോസ്പിറ്റലിലെത്തിക്കണം അവളുടെ നില മോശമായിക്കൊണ്ടിരിക്കുകയാണ്."
മഹാദേവൻ കണ്ണീർ തുടച്ചു അവളുടെ മുഖത്തേക്ക് ദയനീയമായി നോക്കി. അവളുടെ വിറയ്ക്കുന്ന ചുണ്ടുകൾ എന്തോ പറയാൻ ശ്രമിക്കുന്നു. അദ്ദേഹം അതുകേൾക്കാനായി തന്റെ കാതുകൾ അവളുടെ ചുണ്ടോടടുപ്പിച്ചു.
"ആരു...പതിഞ്ഞസ്വരത്തിൽ അവൾ അച്ഛനോട് ചോദിച്ചു."
ആരതി സുരക്ഷിതയാണ് മോളെ...
അവൾക്കതു മാത്രം അറിഞ്ഞാൽ മതിയായിരുന്നു. നിർവൃതിയോടെ കണ്ണുകളടച്ചു.
അവളെ ആശുപത്രിയിലെത്തിക്കാൻ കൂടേ നിന്നവർ സഹായിക്കാനൊരുങ്ങി.
"വേണ്ടാ.... ആരും തൊടണ്ട എന്റെ കുഞ്ഞിനെ ഞാൻ തന്നെ എടുത്തോള്ളാം."
അവളുടെ ചെവിയിൽ നിന്നുമൊക്കെ രക്തമൊഴുകുന്നുണ്ടായിരുന്നു. ശരീരത്തിനേറ്റ വേദനകളെ അവൾ തോൽപ്പിച്ചുവെന്നു മഹാദേവൻ മനസ്സിലായി. നെഞ്ചോടുചേർത്തു മകളെ പൊതിഞ്ഞു പിടിക്കുമ്പോഴും അദ്ദേഹത്തിന്റെ മനഃസ്‌ഥിതി നിർവചനീയമായിരുന്നു.
അവളെയവർ ആംബുലൻസിൽ കയറ്റി, ഫസ്റ്റ് എയ്ഡ് നൽകി. സൈറൺ മുഴക്കി ആംബുലൻസു പാഞ്ഞു. പിറകെ മറ്റൊരു സംഘവും.
"എനിക്കു ആരുവിനെ....കാണണം അച്ഛാ,"
ശ്വാസമെടുക്കാൻ പ്രയാസപ്പെട്ടവൾ പറഞ്ഞു."
"കാണിക്കാം."
ദിയ, മഹാദേവന്റെ കൈത്തണ്ടയിൽ ഉമ്മവച്ചു.
ഞാ...ൻ മരിച്ചു പോകും അച്ഛാ...
"മോളേ." അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
"ദിയ ആരതിയിലുണ്ടാവും അച്ഛാ... അവളെ മറന്നു പോകല്ലേ.... രക്ഷിക്കണേ അച്ഛാ..
അവർ അവളെ ഉപദ്രവിക്കും."
"അച്ഛനുണ്ട് മോളേ, നിങ്ങൾക്കു രണ്ടാൾക്കും വിഷമിക്കേണ്ട."
കൈയിൽ പൊതിഞ്ഞു പിടിച്ച ചിത്രശലഭം അവൾ അദ്ദേഹത്തെ ഏല്പിച്ചു. ഇരു കണ്ണുകളും ഇറുക്കിയടച്ചു വേദനക്കൊണ്ട് അച്ഛന്റെ കൈകളിൽ മുറുക്കെ പിടിച്ചു. അവളുടെ കണ്ണീരിൽ അദ്ദേഹത്തിന്റെ കൈകൾ കുതിർന്നു. കൂട്ടുക്കാരിക്കു വേണ്ടിയുള്ള അവളുടെ യാചനയാണതു.
"ദിയ അവശതയോടെ വെള്ളം ചോദിച്ചു."
"നൊ സാർ വെള്ളം കൊടുക്കാൻ പാടില്ല."
ആംബുലൻസിലുണ്ടായിരുന്ന ആരോഗ്യംവിദഗ്ധൻ തടഞ്ഞു.
എല്ലാമുണ്ടായിയിട്ടും, ഒരിറ്റു വെള്ളം സ്വന്തം കുഞ്ഞിന് നൽകാനാവാത്ത അവസ്ഥയോർത്തു അദ്ദേഹം ഉരുകിയൊലിച്ചു പോയി. ദേവർമഠത്തിന്റെ പണവും പദവിയുമെല്ലാം അന്നേരത്തെ നിസ്സഹായതയ്ക്കു മുന്നിൽ ഒന്നുമല്ലാതെയായി.
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
ഇരുട്ടത്തു കാടുമുഴുവൻ അരിച്ചുപെറുക്കുക എന്നു പറയുന്നത് സമയനഷ്ടവും കുറ്റവാളികൾക്കു രക്ഷപ്പെടാനുള്ള അവസരവുമാകാം. നാട്ടിലിറങ്ങി തന്നെ അന്വേഷണം തുടരാൻ ധനുഷ് തീരുമാനിച്ചിറങ്ങി.
സംശയത്തിന്റെ നിഴലടിച്ചവരെ യാതൊരു നിയമവശവും നോക്കാതെ അവൻ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു.
അക്കൂട്ടത്തിൽ അപരാധികളുമുണ്ടായിരുന്നു അവർ അതിവിദഗ്ധമായി അവന്റെ കണ്ണിൽ പൊടിയിട്ടെന്നു കരുതി.
തുമ്പും വാലുമില്ലാതെ കേസ് എങ്ങോട്ടോ പോകുന്നുവെന്നു അവൻ പരസ്യമായ ഒരു പ്രഖ്യാപനം നടത്തി. ആരുടേ കണ്ണുകളിലാണ് ആശ്വാസത്തിന്റെ ചെറുതരി വെട്ടം നിഴലിക്കുന്നതെന്നു അവൻ വ്യക്തമായി കണ്ടു.
ആശുപത്രിയിലേ വിവരങ്ങളറിയാൻ അവൻ പുറപ്പെട്ടു.
"എസ്ക്യൂസ് മീ... ആരതി എന്ന പേഷ്യന്റിന്റെ വിവരങ്ങൾ തിരക്കി.
"സോറി സാർ അങ്ങനെയൊരു പേഷ്യന്റിവിടെയില്ല റിസപ്ഷനിലുണ്ടായിരുന്നവർ മറുപടി നൽകി."
അവനൊന്നു ഞെട്ടി.
കേസ് അട്ടിമറിക്കാനുള്ള ശ്രമം അവരുടെ മറുപടിയിൽ നിന്നു തന്നെയവൻ മുൻകൂട്ടി കണ്ടു.
" Dr. അൻസാരി അവിടേക്കു നടന്നു വന്നതു അവൻ കണ്ടതു. അദ്ദേഹം ധനുഷിനു പുഞ്ചിരി നൽകി. "
" ഡോക്ടർ ആരതി ' അവൻ അനേഷിച്ചു.
ആരതിയുടെ സർജറി കഴിഞ്ഞു. ജീവനാപത്തില്ല എന്ന കാര്യത്തിൽ സമാധാനിക്കാൻ ഇനിയും സമയമായിട്ടില്ല . അവളെ വെന്റിലേറ്ററിലേക്കു മാറ്റിയിട്ടുണ്ട്.
(തുടരുന്നു )