Aksharathalukal

ഈ ദിനത്തിൽ....!!

 
 
ദേവിക്ക് ,
 
നഷ്ടപ്പെട്ടുപോയ ഋതുക്കൾ തിരിച്ചു വരില്ലെന്നറിയാം ,വരാൻ പോകുന്നവ 
നമുക്കുവേണ്ടി കാത്തിരിക്കില്ല എന്നതും .നമുക്കായി വിടർന്നിരുന്ന   പൂവുകളും അവയിൽ നിറഞ്ഞിരുന്ന  മഞ്ഞുതുള്ളിയും നമ്മുടെ വീഥികളിൽ കൊഴിഞ്ഞു വീണിരുന്ന  ഇലകളും എല്ലാം ഋതുക്കൾ നമുക്കായി കാത്തുവച്ചിരുന്ന പ്രണയ സമ്മാനങ്ങളായി ഞാൻ  കരുതി യിരുന്നു . 
 
പുഷ്പിക്കാൻ തുടങ്ങുന്ന കോളാമ്പിപ്പൂക്കളുമായി കൂട്ടുകൂടിയാണ് നീ വരുന്ന ഇട്ടലിലെ മുൾവേലിക്കരികിൽ ഞാൻ കാത്തിരുന്നത് .എല്ലാം തളിർക്കുന്ന വസന്തത്തിൽ ,പുതു നാമ്പുകൾ വിടരുന്ന കാവിനരികിലെ മുൾവേലികൾ കൊണ്ടെന്റെ കുപ്പായക്കൈ കീറിയതല്ലാതെ നിന്നിലേക്കെത്താൻ ആയില്ല ...
 
ഗ്രീഷ്മം വിരഹത്തിന്റേതായിരുന്നു .സൈക്കിളിൽ റോന്തുചുറ്റി നിന്റെ നാലുകെട്ടിനരികിലൂടെ എത്രയോ തവണ കറങ്ങിയിരുന്നു .
ചില ദിവസങ്ങളിൽ വൈക്കോൽ കൂനയ്ക്കരികിലും ,മറ്റു ചിലപ്പോൾ കിണറ്റിൻ കരയിലും നിന്നെ അകലെ നിന്ന് കണ്ടു ഞാൻ നിർവൃതിയിലാണ്ടു .വെയിലേറ്റു കരുവാളിച്ച മുഖത്ത് ദിനവും മൂന്നോ നാലോ തവണ കുട്ടിക്കൂറ പൗഡറിട്ടതിന് ചേച്ചിയുടെ കയ്യിൽ നിന്നും തല്ലുമേടിച്ചു...
വർഷം പെയ്തിറങ്ങിയപ്പോൾ നനഞ്ഞൊട്ടി ഓടി  സ്‌കൂൾ വരാന്തയിൽ കയറി മുഖമുയർത്തുമ്പോൾ കണ്ടത് നിന്നെയായിരുന്നു .ചിരിക്കാൻ പോലും ആവാതെ തലതാഴ്ത്തി ഞാൻ ക്ലാസ്സുമുറിയിലേക്കു നടക്കുമ്പോൾ എന്തിനോ ഹൃദയം പട പടാ മിടിക്കുന്നുണ്ടായിരുന്നു .തിരിഞ്ഞു നോക്കണമെന്നും ചിരിക്കണമെന്നും മറ്റെന്തിനോക്കെയോ മനം കൊതിച്ചെങ്കിലും മൂന്നാമത്തെ ബെഞ്ചിൽ വരാന്തയോട് ചേർന്നുള്ള ഇരിപ്പിടം സ്വന്തമാക്കി വെറുതെ ഇരുന്നു ...മഴ തോർന്നിട്ടുണ്ടായിരുന്നില്ല അപ്പോഴും....അകവും പുറവും നനഞ്ഞൊട്ടി  ഞാനിരുന്നു 
 
ശരദ് കാലവും ഹേമന്തവും ശിശിരവും കടന്നുപോയി .പൂവിനു ചുറ്റും എത്രയോ പൂമ്പാറ്റകൾ വട്ടമിട്ടു പറന്നു .ഇലപൊഴിച്ചു നഗ്ന മേനി കാട്ടി
തരു ലതാദികൾ ആലസ്യത്തിലമർന്നു .നീ നടന്ന വഴികളിലൂടെ, കൊഴിഞ്ഞ ഇലകൾ പാദങ്ങളാലമർത്താതെ ഞാനും നടന്നു ...
ആൽത്തറക്കിപ്പുറമുള്ള പൂമരച്ചുവടാകെ  ചെഞ്ചായം  പുരണ്ടു കിടന്നിരുന്നു... നീ പതിയെ തിരിഞ്ഞു നോക്കിയതും ആല്തറച്ചുവട്ടിൽ നിന്നതും കണ്ടു ഞാൻ അറിയാതെ ഞെട്ടി .പിന്നീടുള്ള ഓരോ ചുവടും എനിക്കോരോ യുഗങ്ങളായിരുന്നു .ചോര നിറമുള്ള പൂക്കൾ നമുക്കിടയിലേക്കു പെയ്തുകൊണ്ടിരുന്നു അപ്പോൾ .നിന്നോട് പറയാൻ എത്രയോ തവണ മനസ്സിൽ ഉരുവിട്ടിരുന്ന വാക്കുകൾ തൊണ്ടയിൽ കുരുങ്ങി നിന്നു. കണ്ണുകൾ നിന്റെ മുഖത്തിന് നേരെ ഉയർത്താൻ ശ്രമിച്ചെങ്കിലും ഞാൻ അശക്തനായിരുന്നു .നിന്നെ കടന്നുപോകുമ്പോൾ അവിടമാകെ പൂക്കളുടെ ഗന്ധമായിരുന്നു .
നീ കൈകൾ രണ്ടും പുസ്തകങ്ങളിൽ തെരുപ്പിടിപ്പിച്ചിരിക്കുന്നതും നിന്റെ കൈകൾ ചെറുതായി വിറക്കുന്നതും ആണ് എന്റെ ബലഹീനമായ കണ്ണുകൾ എനിക്ക് നൽകിയ കാഴ്ച .
 സർപ്പകാവിനെ ചുറ്റി നീ നടന്നുപോകുമ്പോൾ നിന്റെ പാവാടത്തുമ്പുകൾ മുള്ളുകളിലുടക്കി നിന്നിരുന്നു .പിന്നെ നീ തിരിഞ്ഞു നോക്കാതെ നടന്നകലുകയായിരുന്നു . ..
ഋതുക്കൾ വീണ്ടും ഓടിയണയുകയും ഓടിയൊളിക്കുകയും ചെയ്യുന്നു .
ഞാൻ ഓടിക്കയറിയ സ്‌കൂൾ വരാന്തയും നിന്നെ ഒളിഞ്ഞിരുന്നു കണ്ടിരുന്ന സ്‌കൂളിലെ മുത്തശ്ശി മാവും ഇന്നില്ല .നിന്റെ നാലുകെട്ടും വൈക്കോൽ കൂനയും പുത്തൻ മണിമാളികകൾക്കു വഴിമാറി .
നീ എനിക്കായി (?) കാത്തു നിന്ന ആലിൻചുവട് ഇടിഞ്ഞു പൊളിഞ്ഞിരിക്കുന്നു .ചെഞ്ചായം നമുക്കിടയിൽ വീശിയ പൂമരം വികസനത്തിന്റെ കോടാലിക്കൈകൾക്കിരയായി .കുട്ടികൾ ആരും ഈ വഴി വരാതെയായി .ഞാനും എന്റെ  പ്രണയവും മാത്രം ഇപ്പോഴും എന്തോ കൊതിച്ചുകൊണ്ടു നീ നടന്നകന്നു പോയ സർപ്പക്കാവിനെ നോക്കി ഇരിക്കാറുണ്ട് .
ഈ ശിശിരവും കടന്നുപോകും... നിന്റെ പാദങ്ങൾ എന്നിൽ നിന്നകന്നു പോയ  വഴിത്താരകളിൽ ഒരു പക്ഷെ അടുത്ത ശിശിരം വരെ ഞാനുണ്ടാവുമോ എന്നറിയില്ല .പക്ഷെ ഞാനെന്റെ പുഞ്ചിരി ഇവിടെ വച്ചിട്ടുപോകും ..നീ തിരിഞ്ഞു നോക്കുമ്പോൾ കാണാനായി മാത്രം ..
  
 
എന്ന്,