Aksharathalukal

നിന്നിലേക്ക് വീണ്ടും...ഭാഗം 05

പ്രിയ മക്കളെ പഠിപ്പിക്കുന്നതിനിടയിൽ ഞാൻ ചെന്ന് അടുത്ത് ഇരുന്നു. മൂന്ന് പേരും മാറിമാറി എന്നെ നോക്കുന്നുണ്ട്. ആദ്യമായിട്ടാണല്ലോ. 

"പ്രിയ ,നിജോ വന്നിട്ടുണ്ട്. നമുക്ക് ദീപ്തിയെ കാണാൻ ഒന്ന് പോയാലോ?"

"പോകാം. നിജോ ഉടനെ വരുമെന്ന് ഞാൻ വിളിച്ചപ്പോ ദീപ്തി പറഞ്ഞിരുന്നു. പിന്നെ വിളിക്കാൻ പറ്റിയില്ല.എന്നാ പോകുന്നെ ?"

ചെറിയ വിറയൽ ഉണ്ടോ ഇവൾടെ ശബ്ദത്തിന്. എനിക്ക് ശരിക്കും ചിരി വന്നു.

"സൺഡേ പോയാലോ? ഓഫീസും സ്കൂളും ഒന്നും ഇല്ലല്ലോ. മക്കളെയും കൊണ്ടുപോകാം."

"ഉം."

അവളുടെ ശ്രദ്ധ വീണ്ടും മോൻ്റെ ബുക്കിലേക്ക് തിരിഞ്ഞ സമയം ഞാൻ ആ വലംകൈ ചേർത്ത് പിടിച്ചു. ഞെട്ടി തിരിഞ്ഞു എന്നെ നോക്കി.ഞാൻ പക്ഷേ പത്രം നിവർത്തി അതിൽ നോക്കി ഇരുന്നു. അവൾ കൈ വലിക്കുന്നില്ല. പക്ഷേ ആ കൈ വിയർക്കുന്നത് എനിക്കറിയാമായിരുന്നു.ഞാനും പത്രം ഒന്നും വായിച്ചില്ല. വെറുതെ അതിൽ നോക്കിയിരുന്നെന്നല്ലാതെ.

അവിടെ  ഇരിക്കുമ്പോൾ ഞാൻ നഷ്ടബോധത്തോടെ ഓർത്തത് മുഴുവൻ കഴിഞ്ഞ നാളുകളിൽ  ജോലി കഴിഞ്ഞു വന്ന് മൊബൈലിൽ കളഞ്ഞ നിമിഷങ്ങളാണ്. അവർക്കൊപ്പം മുൻപും  ഇങ്ങനെ വന്നു ഇരുന്നിരുന്നെങ്കിൽ . 

കുറച്ചു നേരം കൊണ്ട് തന്നെ മനസ്സിലായി , വെറുതെയല്ല പ്രിയ ചന്ദ്രഹാസം ഇളക്കുന്നത് എന്ന് . ഇളയ സന്തതിയെ പഠിപ്പിക്കണമെങ്കിൽ പഠിച്ച പണി പതിനെട്ടും പയറ്റണം. പ്രിയ ബുക്കിൽ ചൂണ്ടി ഒരു അക്ഷരം പറയുമ്പോൾ അവൾ ഏറ്റു പറയുന്നത് വൈകിട്ട് കണ്ട കാർട്ടൂണിൻ്റെ കഥയാവും. കണ്ടിരിക്കുന്ന എനിക്ക് പോലും തല പെരുത്തു. പ്രിയ ആണെങ്കിൽ ഇടയ്ക്കിടക്ക് എന്നെ നോക്കുന്നുണ്ട്. പൊന്നുമോളുടെ തനി സ്വഭാവം കണ്ടോ  എന്നായിരിക്കും. ഞാൻ വൃത്തിക്ക് ഒന്ന് ഇളിച്ചു കാട്ടി. ദൈവമേ ഈ ഭഗീരഥപ്രയത്നങ്ങൾക്കിടയിലാരുന്നോ ഞാൻ വന്നു അവളെ കുറ്റം പറഞ്ഞു കൊണ്ടിരുന്നത് ? 
...............................................................

നടുക്ക് മക്കളെ രണ്ടു പേരെയും കിടത്തി അവർക്ക് ഇരുവശവും കിടന്ന് ഏറെ നേരം കഴിയുമ്പോഴും എനിക്കറിയാൻ പറ്റുന്നുണ്ട്. മഹിയും ഉറങ്ങിയിട്ടില്ല.എന്നെ പറ്റി ആലോചിക്കുന്നുണ്ടാവുമോ? 
ആ മുഖം കാണണമെന്ന് എനിക്ക് ആഗ്രഹം തോന്നിയെങ്കിലും നോക്കിയില്ല. ഒരു വശത്തേക്ക് ചരിഞ്ഞു കിടന്നു. എങ്കിലും എനിക്കറിയാം മഹിയുടെ കണ്ണുകൾ എൻ്റെ മേലെയാണ്. കുറച്ചു നാളുകളായി പലപ്പോഴും  ആ കണ്ണുകൾ എന്നെ പിന്തുടരാറുണ്ടായിരുന്നു. അന്നൊക്കെ അറിഞ്ഞിട്ടും അറിയാത്ത പോലെ ഞാൻ നടന്നു.ഇന്നും അങ്ങനെ തന്നെ. പക്ഷേ ഇന്ന് എന്നത്തേയും പോലെ വേദനയോ കുറ്റബോധമോ അല്ല , ഒരു തരം സുഖമുള്ള വെപ്രാളമാണ് തോന്നുന്നത്...
...................................................................

വെളുപ്പിന് നല്ല ഉറക്കത്തിൽ കിടക്കുന്ന സമയത്താണ്   മുഖത്ത് എന്തോ ഇഴയുന്നതു പോലെ തോന്നിയത്.  മോൾടെ കൈയോ മുടിയോ ആയിരിക്കുമെന്ന് കരുതി. അവളെ നേരെ കിടത്താൻ വേണ്ടി കണ്ണ് തുറന്നു നോക്കിയപ്പോൾ കണ്ടത് പ്രിയയെ ആയിരുന്നു. എൻ്റെ നെഞ്ചോട് ചേർന്ന് കിടക്കുന്നു. അവളുടെ മുടിയാണ് എൻ്റെ മുഖത്തേക്ക് പാറി വീഴുന്നത്. തിരിഞ്ഞു നോക്കിയപ്പോൾ മക്കൾ രണ്ടു പേരും ഭിത്തിയോട് ചേർന്ന് കിടക്കുന്നു. ഫോണെടുത്തു നോക്കിയപ്പോൾ സമയം അഞ്ചര. സാധാരണ ഈ സമയത്ത് പ്രിയ ഉണരുന്നതാണ്. ഇന്ന് അവധി ആയത് കൊണ്ടാവും. വിളിച്ചുണർത്താൻ തോന്നിയില്ല. മുടി ഒതുക്കി കൊടുത്തപ്പോൾ വീണ്ടും എന്നോട് ചേർന്ന് കിടന്നു. രണ്ടു കൈ കൊണ്ടും തിരിച്ചു ഞാനും ചുറ്റി പിടിച്ചു. നെറ്റിയിൽ ചുംബിച്ചു. അപ്പോൾ അങ്ങനെയാണ് തോന്നിയത്.
പ്രിയ പെട്ടെന്ന് ഞെട്ടി ഉണർന്നു.

ഈശ്വരാ പണി ആകുവോ ? അടി കിട്ടാതിരുന്നാൽ മതിയായിരുന്നു. 

അവൾ തല ഉയർത്തി എന്നെ നോക്കി. ഞാൻ ഒന്നുമറിയാതെ ഉറക്കത്തിൽ നിന്ന് ഉണർന്നപോലെ നോക്കി.
അവളെ ചുറ്റി പിടിച്ച എൻ്റെ കയിലേക്കും മുഖത്തേക്കും മാറി മാറി നോക്കുന്നുണ്ട്. എന്താണെന്ന് ഞാൻ പിരികമുയർത്തി ചോദിച്ചു . ചുമൽകൂച്ചി ഒന്നുമില്ലെന്ന് കാണിച്ചിട്ട് എണീറ്റ് ഓടാൻ ഒരുങ്ങിയവളെ ഞാൻ വീണ്ടും വലിച്ചു കട്ടിലിലേക്കിട്ടു.

" എങ്ങോട്ടാ? ഇന്ന് അവധിയല്ലേ? കുറച്ചു കഴിഞ്ഞ് എഴുന്നേൽക്കാം. "

കുതറി മാറുമെന്നാണ് ഞാൻ കരുതിയത്.  പക്ഷേ അവൾ മിണ്ടാതെ കിടന്നു. ആ നെറുകയിൽ മുഖം ചേർത്ത് ഞാനും ! 

........................................................................

നിജോയുടെ വീട്ടിലേക്കുള്ള യാത്രയിലും നന്ദുവും ശ്രീയും വാ തോരാതെ സംസാരിക്കുന്നുണ്ട്. പ്രിയ ഒക്കെയും മൂളി കേൾക്കുന്നു. സംശയങ്ങൾക്കൊക്കെ മറുപടിയും പറയുന്നുണ്ട്.  എന്നെ നോക്കുന്നേയില്ല. അറിയാതെ നോട്ടം ഇടഞ്ഞാലും പെട്ടെന്ന് പിൻവലിയുന്നു. എനിക്ക് വേണ്ടി മാത്രം ഉള്ള ആ കണ്ണുകളുടെ പിടച്ചിൽ ഞാനും ആസ്വദിക്കുകയായിരുന്നു.

കെട്ടി രണ്ടു പിള്ളേരും ആയി കഴിഞ്ഞാണോ ഈ ഒളിച്ചുകളി എന്നു ഞാൻ  ഓർക്കാതിരുന്നില്ല. എന്നാലും ഇതും ഒരു സുഖമാണ്.

എനിക്കവളോട് എന്തൊക്കെയോ സംസാരിക്കണമെന്ന് ഉണ്ടായിരുന്നു. എങ്കിലും ഇപ്പോ വേണ്ടെന്നു കരുതി.
.......................................................

"നിങ്ങളെന്താടാ ഒന്നും പറയാതെ വന്നത്?"

ചോദ്യം എന്നോടായിരുന്നെങ്കിലും മറുപടി പറഞ്ഞത് പ്രിയയാണ്.

"എന്താ നിജോ ഇവിടേക്ക് വരാൻ മുൻകൂട്ടി അപ്പോയിൻ്റ്മെൻ്റ് എടുക്കണോ?"

"അങ്ങനല്ല പ്രിയ , കുറേ നാളായില്ലെ ഇങ്ങനെ ... അതുകൊണ്ട് ചോദിച്ചതാ ."

പ്രിയ എന്നെ ഒന്ന് നോക്കി. ആ നോട്ടത്തിൻ്റെ അർഥം എനിക്ക് മനസ്സിലാകും. ഞങ്ങൾ ഒന്നിച്ചുള്ള യാത്രകൾ വളരെ വിരളമാണ്. എൻ്റെ ഒപ്പം ഒരു യാത്രയിലും ഞാൻ അവളെ കൂട്ടിയിരുന്നില്ല. ഓഫീസിലെ ഫംഗ്ഷനുകൾക്ക് പോലും. കൊളീഗ്സിൻ്റെ ഒക്കെ പാർട്ടികൾക്ക് ഒരുങ്ങി ഇറങ്ങാൻ താമസിക്കുമെന്ന മുടന്തൻ ന്യായം പറഞ്ഞു ഞാൻ അവളെ ഒഴിവാക്കുമായിരുന്നു. 

ഒരിക്കൽ ഞങ്ങൾ കൊളീഗ്സ് എല്ലാവരും കൂടി ഒരു മൂന്നാർ ട്രിപ്പ് പ്ലാൻ ചെയ്തു. ഒരു പാട് മുന്നൊരുക്കങ്ങൾ ഇല്ലാതെ അന്ന് വൈകിട്ട് തന്നെ പോകാനും തീരുമാനിച്ചു. ഓഫീസിൽ നിന്ന് വന്നിട്ട്  ,പെട്ടെന്ന് ബാഗ് പായ്ക്ക് ചെയ്യ് ,ഒരു ട്രിപ്പുണ്ട് മൂന്നാറിന് , ഇപ്പോ പ്ലാൻ ചെയ്തതാണെന്നേ ഞാൻ പ്രിയയോട് പറഞ്ഞുള്ളൂ. ഞാൻ റെഡി ആയപ്പോഴേക്കും അവൾ ബാഗ് പായ്ക്ക് ചെയ്തിരുന്നു. വണ്ടി എടുക്കാൻ ഒരുങ്ങിയപ്പോഴാണ്  എനിക്കൊപ്പം സാരി ഒക്കെ ഉടുത്ത് ഒരുങ്ങി ഇറങ്ങിയ പ്രിയയെ കാണുന്നത്. ഞാൻ വ്യക്തമായി ഒന്നും പറയാഞ്ഞത് കൊണ്ട് അവളു കരുതിയത് അവളെയും ഒപ്പം കൂട്ടുമെന്നാണ്. സാരമില്ലെന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് എന്നെ യാത്രയാക്കുമ്പോഴും ആ കണ്ണുകൾ നനഞ്ഞിരുന്നു.ഇന്ന് എനിക്ക് അതൊരു വേദനയാണ്. പക്ഷേ അന്ന് അതുകൊണ്ടൊന്നും ട്രിപ്പിന് പോകാതിരിക്കാൻ എനിക്ക് തോന്നിയില്ല. പോകുക തന്നെ ചെയ്തു. മൂന്നാറിൽ എത്തിയപ്പോഴും കണ്ടു ബാഗിൽ രണ്ടു ദിവസത്തേക്കുള്ള പ്രിയയുടെ ഡ്രസ്സ്. ഞങ്ങൾ മാത്രമേ ഉള്ളെന്ന് അറിഞ്ഞിരുന്നെങ്കിൽ അവൾ ഒരുങ്ങില്ലായിരുന്നു. ഞാൻ ട്രിപ്പിന് പോകാതിരിക്കണമെന്നും അവൾ ആഗ്രഹിച്ചിട്ടുണ്ടാകില്ല. പക്ഷേ ബാഗിൽ ആ ഡ്രസ്സ് കണ്ടപ്പോഴെങ്കിലും അവളെ ഒന്നു വിളിച്ചു സാരമില്ല , ഇനിയൊരു ദിവസം നമുക്ക് രണ്ടു പേർക്കും കൂടി വരാമെന്ന് ഞാൻ ഒന്ന് പറഞ്ഞിരുന്നെങ്കിൽ. കൊണ്ടു വന്നില്ലെങ്കിലും വെറുതെ ആ ഒരു വാക്ക് മതിയാകുമായിരുന്നില്ലേ അവൾക്ക് !
.........…................................................

ഒരുപാടു നാളുകൾക്ക് ശേഷമുള്ള ഞങ്ങളുടെ ഒത്തുകൂടൽ എല്ലാവരും കൂടി ശരിക്കും ആഘോഷമാക്കുകയായിരുന്നു. ഡയറ്റ് ചാർട്ട് അനുസരിച്ച് അതു കഴിക്കണം ഇതു കഴിക്കണം എന്നൊക്കെ പറഞ്ഞ് ദീപ്തിയെ സ്നേഹത്തോടെ ശാസിക്കുന്ന നിജോയുടെ അപ്പച്ചനെ കണ്ടപ്പോൾ ഞാനോർത്തത് കല്യാണം കഴിഞ്ഞ് അവരെയും കൂട്ടി കുരിശിങ്കലേക്ക് ചെന്നതാണ്. അവനു വക്കാലത്തു പറയാൻ ചെന്നതിന് എന്റെ മുട്ടുകാലു തല്ലിയൊടിച്ചില്ലെന്നേയുള്ളൂ. അതിനും കൂടി തെറിയഭിഷേകം നടത്തിയ മനുഷ്യനാണത്.  ഈ അച്ഛൻമാരെല്ലാം ഇങ്ങനെയാണോ ? ഇപ്പോഴും അച്ഛന്റെ മുന്നിൽ നിൽക്കുമ്പോൾ എന്റെയും ചേട്ടന്റെയും മുട്ടിടിക്കും. അതേ അച്ഛനോട് പ്രിയയും ചേട്ടത്തിയും വളരെ കൂളായി സംസാരിക്കും, തമാശ പറയും , ഒരുമിച്ചിരുന്ന് സിനിമ കാണും ...

അമ്മച്ചി പിന്നെ അന്നുമിന്നും ഒരു പാവമാണ്. പക്ഷേ അപ്പന്റെ ബലഹീനതയും . കുരിശിങ്കൽ ഈപ്പന്റെ ഇരട്ടക്കുഴൽ തോക്കിന്റെ ട്രിഗർ ആർക്കെങ്കിലും മുന്നിൽ ചലനമറ്റു പോകുമെങ്കിൽ അത് അമ്മച്ചിക്കു മുന്നിൽ മാത്രമാണ്. 
.....................................................

"താങ്ക്സ് നിജോ. ഐ ക്യാൻ ഫീൽ ദ് ഡിഫറൻസ്."

അവൻ ഒന്നും മിണ്ടാതെ എന്നെ നോക്കിയിരുന്നു , ചിരിയോടെ .

"നീ പ്രിയയോട് സംസാരിച്ചോ?"

"ഇല്ല . ഇപ്പോ എന്തോ വെപ്രാളം ആണെടാ അവളെ കാണുമ്പോ . സംസാരിക്കണമെന്നുണ്ട്. പക്ഷേ ധൈര്യം പോരാ."

എന്റെ മുഖത്തെ ചമ്മൽ കണ്ടിട്ടാവണം അവൻ പൊട്ടിച്ചിരിച്ചു , ഉറക്കെ . കൂടെ ഞാനും .
ലോണിൽ  പ്രിയയും ദീപ്തിയും കാര്യമെന്തെന്നറിയാതെ ഞങ്ങളെ നോക്കി നിൽക്കുന്നുണ്ട്. 
ചിരിയോടെ തന്നെ ഞാൻ പ്രിയയെ നോക്കി കണ്ണിറുക്കി. ആ മുഖത്തും ചിരി വിരിയുന്നു ...

" ഡാ , നീ വേറൊരു കാര്യമറിഞ്ഞോ? പണ്ട് അമ്മച്ചി എന്നെ വിളിക്കുമ്പോഴെല്ലാം അപ്പനും അടുത്തുണ്ടായിരുന്നെടാ. അപ്പന്റെ അറിവോടെ തന്നാ അമ്മച്ചി ഞങ്ങളെ വിളിച്ചോണ്ടിരുന്നെ."

അതെനിക്ക് അതിശയമായിരുന്നു.  അപ്പൻ സമ്മതിച്ചോ വിളിക്കാൻ? നിജോ പല തവണ അമ്മച്ചിയെ അവർക്കൊപ്പം വന്നു നിൽക്കാൻ വിളിച്ചിട്ടുണ്ട്. പക്ഷേ അപ്പോഴൊക്കെ ഒരൊറ്റ ഡയലോഗ് ആയിരുന്നു
" നീ പോടാ ചെറുക്കാ. എനിക്കു ജീവനുള്ളിടത്തോളം എന്റിച്ചായനെ വിട്ട് ഞാൻ വരുകേല. അങ്ങേര് നിന്നോട് ക്ഷമിച്ചെന്ന് പറഞ്ഞാൽ അന്ന് ഞങ്ങൾ രണ്ടു പേരും കൂടി വരാം " എന്ന് .

അപ്പന്റെ തോളിൽ ചാരി ആ കണ്ണിലേക്കു നോക്കി നിജോയോടു സംസാരിക്കുന്ന അമ്മച്ചിയെയും അമ്മയുടെയും മോന്റെയും സംസാരം ഗൗരവം നിറഞ്ഞ ചിരിയോടെ കേട്ടിരിക്കുന്ന  അപ്പനേയും ഞാൻ വെറുതെ മനസ്സിൽ സങ്കൽപിച്ചു നോക്കി.

ഈ ഓൾഡ് പാർട്ടീസ് കൊള്ളാലോ. ഈ പ്രായത്തിലും റൊമാൻസ്. അല്ലെങ്കിലും പ്രണയത്തിനെന്തു പ്രായം ?

ഞാൻ വെറുതെ ചിരിച്ചു. കണ്ണുകൾ എന്തോ തേടുന്നുണ്ടായിരുന്നു. അത് എത്തി നിന്നത് ലോണിൽ ദീപ്തിയോടെന്തോ പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന പ്രിയയിലും !

തുടരും...

// സാരംഗി//

© copyright protected


നിന്നിലേക്ക് വീണ്ടും...ഭാഗം 06

നിന്നിലേക്ക് വീണ്ടും...ഭാഗം 06

4.9
3359

ദിവസങ്ങൾ കടന്നു പോകുമ്പോൾ ഞാനും മഹിയും വല്ലാണ്ട് ചെറുപ്പമാകുന്നതു  പോലെ ...... ചെറിയ നോട്ടങ്ങളും സ്പർശനങ്ങളും പോലും എന്നെ മഹിയിലേക്ക് വലിച്ചടുപ്പിക്കുന്നു. ചില ദിവസങ്ങളിൽ എന്നെ മഹി തന്നെ സ്കൂളിൽ കൊണ്ടു വിടാൻ തുടങ്ങി . എന്നിട്ട് ഷോർട്ട് കട്ട് കയറി ഓഫീസിലേക്കു പോകും. വേണ്ടെന്നു പറഞ്ഞാലും നിർബന്ധിച്ചു വിളിച്ചു കൊണ്ടു പോകും . ചിലപ്പോൾ വൈകിട്ട് വിളിക്കാനും വരും. വരുന്ന വഴി എന്തെങ്കിലുമൊക്കെ വാങ്ങിത്തരും . ഒരു ദിവസം അങ്ങനെ ജ്യൂസ് കുടിക്കുന്നതിനിടെയാണ് പുറകിൽ നിന്ന് ടീച്ചറേ എന്ന വിളി വന്നത്. നോക്കിയപ്പോ എന്റെ പിള്ളേരാ . അസൈൻമെന്റ് സബ്മിറ്റ് ചെയ്യാത്തത