"പ്രിയ, എനി ഹെൽപ്?"
ഈശ്വരാ ഞാൻ സ്വപ്നം കാണുവാണോ? എൻ്റെ നോട്ടം കണ്ടിട്ടാവും മഹി എൻ്റെ മുഖത്തിനു നേരെ വിരൽ ഞൊടിച്ചു.
"എന്താ?"
"എന്തെങ്കിലും ഹെൽപ് വേണോ? അരിയാനോ മറ്റോ? "
"നോ, നതിങ്. ഞാൻ ചെയ്തോളാം."
"ഉം".
ചപ്പാത്തി പരത്തുന്നുണ്ടെങ്കിലും എൻ്റെ നോട്ടം മുഴുവൻ മഹിയുടെ മേലെ ആയിരുന്നു. അവിടെ ചായ ഒഴിക്കുകയാണ്.
"നീ ചായ കുടിച്ചോ?"
"ഇല്ല. "
എൻ്റെ ശബ്ദം എവിടെ ദൈവമേ?
കപ്പിൽ ചായ ഒഴിച്ച് മഹി എൻ്റെ നേർക്ക് നീക്കി വെച്ചു. കുറച്ചു നേരം അടുക്കളയിൽ ചുറ്റിപറ്റി നിന്നിട്ട് തിരിച്ചു പോയി.എനിക്കെന്തു ചെയ്യണം പറയണം എന്ന് അറിയാത്തപോലെ. എത്രയോ നാളുകളായി ഇങ്ങനെ അടുത്ത് നിന്ന് സംസാരിച്ചിട്ടു. സംസാരിച്ചാലും കൂടിപ്പോയാൽ ഒന്നോ രണ്ടോ വാക്ക്. അതിനപ്പുറം ഉണ്ടായിട്ടില്ല. മഹി എന്നെ പ്രിയ എന്ന് പേരെടുത്തു വിളിച്ചിട്ട് തന്നെ മാസങ്ങളായി .
........................................
മക്കൾക്കൊപ്പം ഞാനും ഇരുന്നപ്പോൾ പ്രിയയും അടുത്ത് വന്നിരുന്നു. അത് പതിവില്ലാത്തതാണ്. ഒരുപാട് നാളായി ഞങ്ങൾ ഇങ്ങനെ രാവിലെ ഒന്നിച്ചിരുന്ന് ആഹാരം കഴിച്ചിട്ട്.എൻ്റെ ഹൃദയം ഇപ്പോ പൊട്ടുമെന്ന് തോന്നി. എനിക്കിതെന്താ? ഇത് നിൻ്റെ സ്വന്തം ഭാര്യയാണ് മഹി.അവൾ ഒന്ന് അടുത്ത് ഇരുന്നതിന് നീ എന്തിനാ ഇങ്ങനെ ടെൻഷൻ അടിക്കുന്നത്? എൻ്റെ കണ്ണുകളിലെ വെപ്രാളം പ്രിയ കണ്ടാലോ എന്ന് ഭയന്ന് ഞാൻ തല കുമ്പിട്ടു ഇരുന്നു കഴിച്ചു. ഇടയ്ക്ക് ഒന്ന് മുഖം ഉയർത്തിയപ്പോൾ കണ്ടു എന്നെ തന്നെ നോക്കിയിരിക്കുന്ന പ്രിയ. ഞാൻ ചെറുതായി ഒന്ന് ചിരിച്ചു അവളെ നോക്കി. ആ കണ്ണുകൾ നിറയുന്നു.എൻ്റെയും. അതിനു ശേഷമാണ് ആ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞത്.
"പ്രിയ ഞാൻ ഇറങ്ങുന്നു ."
പതിവില്ലാതെ അടുക്കള വാതിലിൽ ചെന്ന് നിന്നു യാത്ര പറയുമ്പോൾ എന്നിൽ വല്ലാത്ത പരവേശം നിറയുന്നു. ഒരു കൗമാരക്കാരനെ പോലെ.
അവൾ തിരിഞ്ഞു എൻ്റെ നേരെ എന്തോ നീട്ടി
"ചോറ് , ഉച്ചയ്ക്കത്തേക്ക്."
ഇതും ഞാനായിട്ട് വേണ്ടെന്ന് പറഞ്ഞതാണ്. ഒരിക്കൽ വഴക്കിനിടയിൽ എനിക്ക് വെച്ച് വിളമ്പുന്ന കണക്ക് പറഞ്ഞപ്പോ. വേണ്ടെന്ന് പറഞ്ഞതോടെ അവളും ആ ശീലം നിർത്തി. പിന്നെ ക്യാൻ്റീനിൽ നിന്നായി ഉച്ചയൂണ്.ഇപ്പൊ ഒരിക്കൽ വേണ്ടെന്ന് വച്ചതൊക്കെയും ഉപേക്ഷിച്ചതൊക്കെയും വീണ്ടും തേടിപ്പിടിക്കുന്നു...
...........................................................
"എന്താണ് പ്രിയ ടീച്ചറെ ? മുഖത്തൊരു വല്ലാത്ത തിളക്കം?"
"മഹി എന്നോട് സംസാരിച്ചു ഷൈനി. എന്നത്തേയും പോലെയല്ല. അടുത്ത് നിന്ന്... എന്നെ നോക്കി ചിരിച്ചു. യാത്ര പറഞ്ഞു."
എൻ്റെ കണ്ണ് നിറയുന്നുണ്ടോ?അറിയില്ല. ഞാൻ ഇത്രയേ ഉള്ളോ? ഇതിലൊക്കെ സന്തോഷം കണ്ടെത്താൻ എനിക്ക് കഴിയുമായിരുന്നോ ?
ഷൈനി എൻ്റെ സ്കൂളിലെ ഫിസിക്സ് അദ്ധ്യാപികയാണ്. പ്രിൻസിപ്പൽ ഇൻ ചാർജ് കൂടിയാണ്. എൻ്റെ എല്ലാ കാര്യങ്ങളും അറിയുന്ന ഒരേ ഒരാൾ.
"നിങ്ങൾ പരസ്പരം സ്നേഹിക്കുന്നുണ്ട് പ്രിയാ. പിന്നെ എന്തിനാണ് ഇങ്ങനെ വേദനിക്കുന്നത് ?ഞാൻ എത്രയോ നാളുകളായി പറയുന്നു നിങ്ങൾ തന്നെ പറഞ്ഞു തീർക്കാൻ ?"
ക്ലാസ്സ് എടുക്കുമ്പോഴും മനസ്സ് നിറയെ മഹിയുടെ ചിരിയാണ്. അപ്പോഴൊക്കെ എൻ്റെ ചൊടിയിലും ചിരി വിരിയുന്നു. ഈശ്വരാ , ഈ പിള്ളേർ എന്ത് വിചാരിക്കും? പഠിപ്പിക്കാൻ വന്ന ടീച്ചർ വെറുതെ ചിരിക്കുന്നു. അതും മാത്‌സ് ടീച്ചർ.
ഇതിച്ചിരി ഓവർ അല്ലേ പ്രിയാ ? നിൻ്റെ ഭർത്താവ് നിന്നെ നോക്കി ഒന്ന് ചിരിച്ചതിനാണോ നീ ഇങ്ങനെ കിളി പോയി നടക്കുന്നത്? എന്നാലും കുറേ നാളിന് ശേഷമല്ലേ ഇങ്ങനൊക്കെ... ഓവർ ആയാലും സാരമില്ല.
"എനിക്കറിയാം ഷൈനി .ഒന്നിനും മഹിയെ മാത്രം കുറ്റം പറയാൻ പറ്റില്ല. ഞാൻ പലപ്പോഴും അമ്മ മാത്രമായി ചുരുങ്ങുന്നുണ്ടായിരുന്നു. മഹി സ്വന്തം ടെൻഷനും വിഷമങ്ങളും ഒക്കെ ഷെയർ ചെയ്യാൻ ആഗ്രഹിക്കുമ്പോൾ എനിക്കതിനൊന്നും പറ്റിയിരുന്നില്ല. ഞാൻ കുറച്ചു കൂടി മഹിയെ മനസ്സിലാക്കാൻ ശ്രമിക്കണമായിരുന്നു.തിരിച്ചറിവ് വൈകിയല്ലേ വരൂ. ഇതൊക്കെ തുറന്നു പറയാൻ അഗ്രഹിച്ചപ്പോൾ ഞങ്ങൾ വല്ലാണ്ട് അകന്നു പോയിരുന്നു. മഹിക്ക് എന്നോട് വെറുപ്പ് ആയിരിക്കുമോ എന്നായിരുന്നു എൻ്റെ പേടി. പക്ഷേ കുറച്ചു നാളുകളായി എനിക്കറിയാം. ആ കണ്ണുകളിൽ ഒരു നഷ്ടബോധം ഉണ്ട്."
"ഒന്നും നഷ്ടപ്പെട്ടിട്ടില്ല പ്രിയ. ഇനിയും ഒന്നിൽ നിന്ന് തുടങ്ങാം.ഇത്രനാളും ഇല്ലാതിരുന്ന ഒരു അണ്ടർസ്റ്റാൻഡിംങും വിട്ടു കൊടുക്കാനും സ്വീകരിക്കാനും ഉള്ള മനസ്സും ഒക്കെ ഇപ്പോ നിനക്കുണ്ട്. മഹേഷേട്ടനും പ്രിപ്പയേർഡ് ആയിട്ടുണ്ടാകും. അതുകൊണ്ട് തന്നെ ഇനി നിങ്ങൾക്ക് ജീവിച്ചു തുടങ്ങാൻ വലിയ ബുദ്ധിമുട്ട് ഉണ്ടാവില്ല. ഇപ്പോഴുള്ള ഈ സ്നേഹം ചെറുതായിട്ട് ഒന്ന് വഴിമാറ്റി വിട്ടു പ്രണയം ആക്കിയാൽ മതി."
ഒരു കണ്ണിറുക്കി പറയുന്നവളെ ഞാൻ അത്ഭുതത്തോടെ നോക്കി. ഈ കമ്പ്യൂട്ടർ യുഗത്തിൽ ക്ലാസ്സിൽ പഠിക്കുന്ന ഒരു പെങ്കൊച്ചിന് ഒരു പ്രേമലേഖനം എഴുതിയതിന് സയൻസിലെ ഒരു കുട്ടിയെ നിർത്തി പൊരിച്ച മുതലാണോ ഈ പറയുന്നത്.
"നീ ഇപ്പോ എന്താ ആലോചിച്ചതെന്ന് എനിക്കറിയാം. ആ ലവ് ലെറ്റർ കേസല്ലേ ? അവർക്ക് പഠിക്കണ്ട പ്രായമല്ലേ . അതുപോലല്ലല്ലോ ഇത്. നഷ്ടപ്പെടുമെന്ന പേടിയില്ലാതെ സ്വന്തം ആണെന്ന അവകാശത്തോടെ പ്രേമിക്കാം."
ശരിയാണ്.എൻ്റെ ഭർത്താവ് . ഈ ലോകത്ത് എൻ്റെ സ്വന്തം എന്ന് പറഞ്ഞു അധികാരത്തോടെ ചേർത്ത് പിടിക്കാൻ എനിക്കുള്ള ഒരേ ഒരാൾ. വേറെ അരും ഉണ്ടാവില്ല. ഞങ്ങൾ ജന്മം നൽകിയ മക്കൾ പോലും ഒരു ഘട്ടം കഴിയുമ്പോ അകന്നു പോകും . അപ്പോഴും ഞങ്ങൾക്ക് ഞങ്ങൾ മാത്രമേ കാണൂ. എൻ്റെ മഹിയല്ലേ , എൻ്റെ മാത്രം. അവനെ ഞാൻ അല്ലാതെ വേറെ ആരു പ്രണയിക്കാൻ..
എനിക്ക് നാണം ഒക്കെ വരുന്നുണ്ട്.ഷൈനി അത് അറിയാതിരിക്കാൻ ഞാൻ പാടുപെട്ടു മുഖത്ത് ഗൗരവം വരുത്തി. പ്രായം വല്ലാണ്ട് കുറയുന്നപോലെ...
" പ്രിയ , സ്നേഹിക്കാൻ കൂടെ ആളുള്ളപ്പോൾ അത് വേണ്ടെന്നു വെക്കരുത്. മഹേഷേട്ടൻ നിന്നെ ഇപ്പോഴും സ്നേഹിക്കുന്നുണ്ടെന്ന പൂർണ ബോധ്യമുള്ളതു കൊണ്ടാണ് നിന്റെ മനസ്സു പോലും ഈ വാശി കാട്ടുന്നത്.
നമ്മൾ ജീവനായി കരുതുന്നവർ നമ്മളെ സ്നേഹിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നില്ലെന്ന തിരിച്ചറിവ് നമ്മളെ വല്ലാതെ തളർത്തും. എല്ലാവർക്കും ആ തളർച്ച അതിജീവിക്കാൻ കഴിയണമെന്നില്ല. പലരും തകർന്നു പോകും.
അങ്ങനെ നോക്കുമ്പോൾ മഹേഷേട്ടൻ നിന്റെ ഭാഗ്യമാണ്. വാശിക്കും ഈഗോയ്ക്കും വേണ്ടി നഷ്ടപ്പെടുത്തരുത്."
എന്റെ കൈയിൽ ഒന്നു അമർത്തി പിടിച്ചിട്ട് മുന്നോട്ടു പോയവളെ ഞാൻ കണ്ണെടുക്കാതെ നോക്കിയിരുന്നു.
ഷൈനി ഒരു ഡിവോഴ്സിയാണ്. ഒരുപാടു സഹിച്ചു അവൾ. എത്രയോ നാൾ അയാളുടെ സംശയരോഗത്തിന്റെ ചുഴിയിൽപ്പെട്ട് ശ്വാസം കിട്ടാതെ അവൾ പിടഞ്ഞു. അയാളും ഒരു അധ്യാപകനായിരുന്നു. അങ്ങനെ പറയാൻ പോലും പാടില്ല. വിവരവും വിവേകവും ഇല്ലാത്ത ഒരുവൻ. ഒപ്പം ജോലി ചെയ്യുന്ന അധ്യാപകരിലും പഠിപ്പിക്കുന്ന മുതിർന്ന ആൺകുട്ടികളിൽ പോലും അവളുടെ കാമുകനെ തിരഞ്ഞു നടന്നവൻ. ദേഹോപദ്രവം ഒരുപാട് അവൾ അനുഭവിച്ചു , രണ്ടു വീട്ടുകാരുടെയും അറിവോടെ . ഇറങ്ങിപ്പോയാൽ വിദ്യാഭ്യാസവും ജോലിയും ഉള്ളതിന്റെ അഹങ്കാരമാണെന്ന് നാട്ടുകാരു പറഞ്ഞാലോ എന്ന പേടിയായിരുന്നു. ഒടുക്കം കുഞ്ഞുങ്ങളെപ്പോലും ഉപദ്രവിക്കാനും അവരുടെ പിതൃത്വം വരെ ചോദ്യം ചെയ്യാനും തുടങ്ങിയപ്പോൾ ഇറങ്ങിയതാണ് അവിടെ നിന്ന് .
വാടകവീടിന്റെ തിണ്ണയിലിരുന്ന് ഒരിക്കൽ ഷൈനി പറഞ്ഞതോർത്തു ഞാൻ.
" ഞാൻ ഓക്കെയാണ് പ്രിയ.
ഇപ്പോ എനിക്കു മനസമാധാനമുണ്ട്. എന്റെ കുഞ്ഞുങ്ങളെയും ചേർത്തു പിടിച്ച് ബാത്റൂമിന്റെ മൂലയിൽ എനിക്കിപ്പോ പതുങ്ങേണ്ടി വരാറില്ല. ശബ്ദം പുറത്തു കേൾക്കാതിരിക്കാൻ അവരുടെ വായിലെന്റെ സാരിയുടെ മുന്താണി തിരുകേണ്ടി വരാറില്ല. എന്റെ അടിവസ്ത്രങ്ങൾ ഇപ്പോൾ ആരും പരിശോധിക്കാറില്ല.
ഒറ്റയ്ക്കായെന്ന ഭയമോ വിഷമമോ ഒന്നും എനിക്കില്ല. കഴിഞ്ഞ ആറു വർഷം എന്റെ കിടപ്പുമുറിയിൽ എന്റെ സ്വന്തം ഭർത്താവ് അടുത്തു വരുമ്പോൾ ഞാൻ ഭയന്ന അത്രയും വരില്ല ഇനി എന്തു സംഭവിച്ചാലും . "
.......................................................................
ഇതിപ്പോൾ കുറെ നേരമായി ഈ നോട്ടം തുടങ്ങിയിട്ട് . എന്തോ വശപ്പിശകാണല്ലോ ദൈവമേ ! സാധാരണ ഞാനാണ് ഇങ്ങനെ മഹിയെ നോക്കിയിരിക്കാറ്. മഹി നോക്കുമ്പോൾ എന്തോ... ശരിക്കും ഞാൻ വിറക്കുന്നുണ്ടോ ?
മഹി ഇരുന്നതിന്റെ നേരെ എതിർവശത്ത് വന്നിരുന്നതാണ് ഞാൻ. അപ്പോഴേക്കും പ്ലേറ്റും എടുത്ത് എന്റെ തൊട്ടടുത്ത് വന്നിരുന്നു. ഇടയ്ക്കിടക്ക് കറിയും വെള്ളവും ഒക്കെ എന്റെ നേർക്കു നീളുന്നുമുണ്ട്.
കഴിച്ചു കഴിഞ്ഞിട്ടും മഹി എഴുന്നേൽക്കുന്നില്ല. എന്നോടെന്തോ പറയാൻ വെമ്പുന്ന പോലെ .
പാത്രം കഴുകുന്നതിനിടയ്ക്ക് അടുക്കളയിൽ വന്നു സ്ലാബിൽ കയറി ഇരുന്നയാളെ ഞാൻ സംശയത്തോടെ പുരികമുയർത്തി നോക്കി.
" കിടക്കുന്നില്ലേ? "
" ആഹ്. നീ കൂടി വന്നിട്ടു കിടക്കാം."
ഇതൊന്നും പത്തിവില്ലാത്തതാണ് .
എൻ്റെ ജോലി കഴിയുന്നത് വരെ മഹിയും ഒപ്പമിരുന്നു . അതിനിടക്ക് സ്ലാബും തുടച്ചിട്ടു .
എന്നോടെന്തോ പറയാനുണ്ടെന്ന് ഉറപ്പാണ്. ആ മുഖം അത് വിളിച്ചു പറയുന്നുണ്ട് . പക്ഷേ എന്താണെന്ന് ചോദിക്കാൻ തോന്നിയില്ല. മഹി ആയി തന്നെ പറയട്ടെ.
തുടരും ...
ഒരു സുഹൃത്തിന് ഒരു കുടുംബം നന്നാക്കാനും തകർക്കാനും കഴിയും എന്നാണ് എന്റെ അഭിപ്രായം. സുഹൃദ് വലയങ്ങളിലെ സംഭാഷണങ്ങൾ ഒരു പരിധി വരെ എങ്കിലും സ്ത്രീകളേയും പുരുഷൻമാരേയും സ്വാധീനിക്കാറുണ്ട്.
// സാരംഗി//
© copyright protected