രാത്രി നടുമുറ്റത്ത് ഇരിക്കുമ്പോൾ ഞാൻ ഓർത്തു. ഈ വീട് പ്രിയയുടെ ആഗ്രഹത്തിന് അനുസരിച്ച് ഞാൻ ഡിസൈൻ ചെയ്തതാണ്.വിവാഹം കഴിഞ്ഞ സമയത്ത് എൻ്റെ നെഞ്ചിൽ കിടന്നുകൊണ്ട് അവൾ എന്നോട് പറഞ്ഞ ആഗ്രഹമാണത്.
"നമുക്ക് ഒരു വീട് വെക്കണം മഹി. നമ്മുടെ സ്വന്തം വീട്, നമ്മുടെ ലോകം. ഭയങ്കര റൊമാന്റിക് ആയ ഒരു വീട്."
" റൊമാന്റിക് ആയ വീടോ?"
ഞാൻ കളിയാക്കിയെങ്കിലും അവൾ ചിരിയോടെ തന്നെ കിടന്നു. പ്രിയ ശെരിക്കും വീടിനെ അങ്ങനെ മാറ്റുക ആയിരുന്നു.
ഈ വീടിന് ഇത്രത്തോളം ഭംഗി ഉണ്ടായിരുന്നെന്ന് ഞാൻ ഇപ്പോഴാണ് ശ്രദ്ധിക്കുന്നത് - എൻ്റെ സ്വന്തം ആയിരുന്നിട്ടു കൂടി. തൂണുകളിൽ പടർന്നു കയറിയ ശംഘുപുഷ്പവും ജനലോരത്തെ മുല്ലവള്ളികളും ഒക്കെ പ്രിയയുടെ അധ്വാനമാണ്.
വീടിന് വിശാലമായ മുറ്റം വേണമെന്നവൾക്ക് നിർബന്ധമായിരുന്നു. ആ മുറ്റം മുഴുവൻ സുഗന്ധമുള്ള പൂക്കൾ മാത്രം നട്ടുപിടിപ്പിച്ചു. പാരിജാതവും ചെമ്പകവും അങ്ങനെ എന്തൊക്കെയോ .... എല്ലാം കൂടി പൂക്കുമ്പോൾ ആകെപ്പാടെ തല പെരുക്കും. അവൾക്ക് അങ്ങനെയൊന്നുമില്ല.അല്പം വായനാശീലമുള്ളതിൻ്റെ ഭ്രാന്ത് ആണെന്ന് ഞാൻ പണ്ട് കളിയാക്കാറുണ്ടായിരുന്നു. പക്ഷേ ഇന്ന് അങ്ങനെ തോന്നുന്നില്ല.
എന്തൊക്കെയോ ആലോചിച്ചു ഇരിക്കുന്നതിനിടയിൽ പ്രിയ വന്നു അടുത്തിരുന്നു. അവൾ അടുത്തിരുന്നത് അറിഞ്ഞിട്ടും ഞാൻ മിണ്ടിയില്ല. പതിയെ എൻ്റെ തോളിലേക്ക് തല ചായ്ച്ചു കിടന്നു.എൻ്റെ ഇടം കയ്യിലൂടെ ചുറ്റിപ്പിടിച്ചു.
" പ്രിയ ,സോറി ഫോർ എവരിതിങ് ."
അവൾ മുഖമുയർത്തി എന്നെ നോക്കി.
" സോറി ഞാനും പറയണ്ടേ മഹി? ഒറ്റക്കാക്കിയില്ലെ ഞാനും?"
" എന്തിനായിരുന്നു ഒക്കെയും? നിന്നെ ഞാനോ എന്നെ നീയോ മനസ്സിലാക്കാതെ...
പ്രിയ ,നിന്നെ കുറ്റപ്പെടുത്തുകയല്ല. ഞാനൊരു കാര്യം തുറന്നു പറയട്ടെ? ഈ ദൗർബല്യങ്ങൾ , മൃദുല വികാരങ്ങൾ ഒക്കെയും സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാരിലും ഉണ്ട്. ഇമോഷണൽ സപ്പോർട്ട് ആവശ്യമായ സാഹചര്യങ്ങൾ ഒരുപാട് ഉണ്ടായെന്നു വരും . എനിക്കും ഉണ്ടായിട്ടുണ്ട് . അതൊക്കെ പങ്ക് വെക്കാൻ എനിക്ക് നിന്നെ വേണമായിരുന്നു. പക്ഷേ അന്നൊന്നും നീ അതിനു തയാറായിരുന്നില്ല . "
" ഞാൻ.... മനപ്പൂർവം അല്ല മഹി. മക്കൾ , വീട്, സ്കൂൾ ഒക്കെ കൂടി ഒന്നിച്ചു ഹാൻഡിൽ ചെയ്യാൻ ഞാൻ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്. എൻ്റെ മാത്രം ഉത്തരവാദിത്വങ്ങളാക്കി കൈ ഒഴിയാതെ മഹി കൂടി ഇതിലൊക്കെ ഇൻവോൾവ് ആയിരുന്നെങ്കിലെന്ന് ഞാനും ആഗ്രഹിച്ചിട്ടുണ്ട്. ഒന്നിലും സഹായിച്ചില്ലെങ്കിലും എൻ്റെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കുന്നുണ്ട് എന്നൊരു അംഗീകാരം എങ്കിലും.."
ശെരിയാണ്. ഞാൻ എൻ്റെ ഓഫീസ് ജോലികളിലേക്ക് മാത്രം ഒതുങ്ങിയിരുന്നു മിക്കപ്പോഴും. വീടുമായി യാതൊരു ബന്ധവും ഇല്ലാത്ത പോലെ . അതിനിടയിൽ അവളുടെ ബുദ്ധിമുട്ടുകൾ കണ്ടില്ല, കാണാൻ ശ്രമിച്ചുമില്ല .
" പറയാതെ മറ്റൊരാളെ മനസ്സിലാക്കാൻ ആർക്കും കഴിയില്ല പ്രിയ, മനസ്സിലുള്ളത് ഒന്നും നമ്മൾ രണ്ടും പരസ്പരം പറഞ്ഞില്ല. പകരം വേറെ എന്തൊക്കെയോ പറഞ്ഞ് വഴക്കിട്ടു. വെറുതെ രണ്ടു വർഷം പാഴാക്കി.
നീ പലപ്പോഴും എന്നിൽ നിന്റെ അച്ഛനെ കാണാൻ ശ്രമിക്കാറില്ലേ ?
എനിക്കും അങ്ങനെയൊക്കെ തോന്നാറുണ്ട്. ഞാൻ ഡൗൺ ആകുമ്പോഴും ഇൻസെക്യൂർ ആകുമ്പോഴും ഒക്കെ എന്റെ കൂടെ നിൽക്കാൻ നീ ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കാറുണ്ട്. എന്റെ റിയൽ സെൽഫ് നിനക്കറിയാവുന്നതു പോലെ മറ്റാർക്കും അറിയില്ല. എന്റെ അമ്മയ്ക്കു പോലും.
നീ ഇന്നലെ ആ പ്ലാനിൽ എന്നെ ഹെൽപ് ചെയ്തില്ലേ? എനിക്ക് അത് എന്ത് ഇഷ്ടമാണെന്ന് അറിയുമോ ! ഇന്നലെ ചോദിച്ച എല്ലാവരോടും നിൻ്റെ ഐഡിയ ആണെന്ന് തന്നെയാണ് ഞാൻ പറഞ്ഞത്. ശരിയോ തെറ്റോ ആയിക്കോട്ടെ , നിൻ്റെ ഒരു അഭിപ്രായം മതി. പലപ്പോഴും അത് പോലും ഇല്ലാതെ നീ ഒഴിഞ്ഞു മാറിയിട്ടുണ്ട് . ടീച്ചറിൻ്റെ, അമ്മയുടെ ഒന്നും കടമകൾ എനിക്ക് വേണ്ടി മാറ്റി നിർത്തണമെന്നല്ല പറഞ്ഞത്. എങ്കിലും പലപ്പോഴും വല്ലാത്ത ഒറ്റപ്പെടൽ തോന്നും. ആരുമില്ലാത്ത പോലെ."
" ഉവ്വ്. എനിക്ക് ചുറ്റും പിന്നെ ഒരുപാട് പേരുണ്ടല്ലോ. എത്രയോ വെട്ടം എന്നെ ഇവിടെ ഒറ്റക്ക് ഇട്ടിട്ടു അച്ഛനും മക്കളും കൂടി കറങ്ങാൻ പോയേക്കുന്നു മനുഷ്യ ? വരുന്നോന്നെങ്കിലും ചോദിച്ചിട്ടുണ്ടോ?"
അവൾ ചിരിയോടെയാണ് ചോദിച്ചതെങ്കിലും
എന്നെ അത് വല്ലാതെ നോവിച്ചു.
" ഒറ്റയ്ക്കിരിക്കുമ്പോൾ വല്ലാത്ത വേദന തോന്നും മഹി. എന്റെ ലോകമേ നിങ്ങൾ മൂന്നു പേരുമാണ്. പക്ഷേ, നിങ്ങളുടെ ലോകത്ത് നിങ്ങൾ അച്ഛനും മക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ . എനിക്കു മാത്രം പ്രവേശനമില്ലാത്ത ഒരു ലോകം . എത്രയോ വെട്ടം പുറത്തു പോയിട്ടു വരുമ്പോൾ ഞാൻ കൊതിയോടെ കാത്തിരുന്നിട്ടുണ്ടെന്നറിയുമോ എനിക്കെന്തെങ്കിലും വാങ്ങിയിട്ടുണ്ടാകുമെന്നു കരുതി? മൂന്നു പേരുടെയും കൈയിൽ മാറി മാറി നോക്കും.
ഒരു പാട് വിലപിടിച്ചതോ സ്പെഷ്യലോ ഒന്നും വേണ്ട. എന്തെങ്കിലും ... ഒന്നുമുണ്ടാകാറില്ല. ഈ വീട് വിട്ടിറങ്ങിയാൽപ്പിന്നെ എന്നെപ്പറ്റി ആരും ഓർക്കാറേയില്ലെന്നു തോന്നി.
മഹി പറഞ്ഞത് ശരിയാണ്. പലപ്പോഴും മഹിയിലെന്റച്ഛനെ കാണാൻ ഞാൻ ശ്രമിക്കാറുണ്ട്. ശ്രീ മഹിയുടെ നെഞ്ചിൽ കിടക്കുമ്പോൾ , അവളെ ഉമ്മ കൊണ്ടു മൂടുമ്പോൾ , മഹി വാങ്ങിക്കൊടുത്ത ഉടുപ്പുമിട്ട് അവളിതിലേ ഓടി നടക്കുമ്പോൾ , പപ്പ വാങ്ങിത്തന്നതാണെന്ന് വലിയ കാര്യത്തിൽ പറയുമ്പോൾ ........ അപ്പോഴൊക്കെയും ഞാനും ഓർക്കാറുണ്ട് എന്റച്ഛൻ ജീവനോടെ ഉണ്ടായിരുന്നെങ്കിലെന്ന് ."
" സോറി . "
പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു തീരുന്നതിനു മുന്നേ അവളെന്റെ നെഞ്ചിൽ ചാഞ്ഞു.
ഏറെ നേരം ഞാനോ അവളോ മിണ്ടിയില്ല. എനിക്ക് എന്തു പറയണമെന്ന് അറിയില്ലായിരുന്നു.
" നമുക്കിടയിൽ എന്തിനാണ് പ്രിയ മത്സരങ്ങൾ? നീ ഞാനും ഞാൻ നീയും ആയിരിക്കെ എന്തിനാണ് വലുപ്പച്ചെറുപ്പങ്ങൾ? നമുക്ക് ഇങ്ങനെ പ്രേമിച്ച് പ്രേമിച്ച് അങ്ങ് പോകാന്നേ."
അവളെ വരിഞ്ഞു മുറുക്കി ഞാൻ പറയുമ്പോൾ വള കിലുങ്ങും പോലവൾ പൊട്ടിച്ചിരിച്ചു. എങ്കിലും ആ കണ്ണുകൾ നിറഞ്ഞിരുന്നു.
"മഹി , കഴിഞ്ഞ രണ്ടു വർഷം കൊണ്ട് ഞാൻ മനസ്സിലാക്കിയ ഒരു കാര്യം പറയട്ടെ? "
എന്തെന്നറിയാൻ ഞാൻ അവളെത്തന്നെ ഉറ്റു നോക്കി.
" എനിക്ക് മഹിയും മഹിക്കു ഞാനും മാത്രമേ ഉള്ളൂ. "
ആ നിമിഷം എനിക്ക് അവളോട് തോന്നിയത് അതിരുകളില്ലാത്ത പ്രണയമാണ്. എങ്ങനെ പ്രകടിപ്പിക്കണം എന്നറിയാത്ത എന്തൊക്കെയോ വികാരങ്ങൾ. സത്യമാണ്. എനിക്ക് അവളും അവൾക്ക് ഞാനും മാത്രേ ഉള്ളൂ. കുറെ നാളുകളായി ഞാൻ മനസ്സിലിട്ടു കൊണ്ട് നടന്ന തിരിച്ചറിവ്.ഇന്ന് അത് പ്രിയക്കും അറിയാം.ഈ തിരിച്ചറിവാണ് ഞങ്ങളുടെ പ്രണയം. ഒരിക്കലും വിട്ടു പോകാൻ പ്രേരിപ്പിക്കാത്ത എത്ര അകന്നാലും ഒടുക്കം അവളിലേക്ക് തന്നെ എന്നെ തിരികെ എത്തിക്കുന്ന പ്രണയം . എൻ്റെ കൈകൾ അവളിൽ മുറുകും തോറും അതേ ശക്തിയോടെ അവളും എന്നോട് ചേരുന്നു.
" ഞാൻ ഇനിയും വഴക്കൊക്കെ ഇടും കേട്ടോ. ഞാൻ സമാധാന പ്രിയ ആയെന്നൊന്നും കരുതണ്ട. "
മുഖം കൂർപ്പിച്ചു കുസൃതിയോടെ പറയുന്നവളെ ഞാനും അതേ കുസൃതിയോടെ നോക്കി.
" നീ നീ ആയാൽ മതി. വഴക്കിടണമല്ലോ. എന്നാലല്ലേ വീണ്ടും വീണ്ടും ഇണങ്ങാൻ പറ്റൂ. എനിക്ക് സ്നേഹിക്കാനും പിണങ്ങാനും ഇണങ്ങാനും ഒക്കെ നീയല്ലേ ഉള്ളൂ. പക്ഷേ അത് ഇതുവരെ ഉള്ള പോലെ ആകരുതെന്ന് മാത്രം. "
ആ മൂക്കിൻ തുമ്പിൽ ചെറുതായി കടിച്ചു കൊണ്ട് ഞാൻ അത് പറയുമ്പോൾ എന്നെ നോക്കിയ ആ കണ്ണുകൾ നിറയെ പ്രണയമായിരുന്നു. എനിക്ക് മാത്രം സ്വന്തമായ പ്രണയം.
" നീ ഇപ്പോ നൃത്തം ചെയ്യാറില്ലേ ?"
പ്രിയ ഒരു നർത്തകി കൂടിയാണ്. നാലു വയസ്സു മുതൽ പഠിച്ചു തുടങ്ങിയത്. കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ ഞങ്ങൾ മാത്രമുള്ളപ്പോഴൊക്കെ അവളെക്കൊണ്ട് ഞാൻ നൃത്തം ചെയ്യിക്കുമായിരുന്നു. ഇപ്പോ ... ഒരുപാട് വർഷങ്ങളായി.
" ചെയ്യാറുണ്ടല്ലോ. പണ്ടത്തെപ്പോലെ എന്നുമൊന്നുമില്ല. സമയം കിട്ടുമ്പോൾ. ഇയാള് നോക്കാഞ്ഞിട്ടാ കാണാത്തെ."
" ഇപ്പോ ചെയ്യാമോ?"
അവൾ കുറച്ചു നേരം എന്റെ മുഖത്തേക്കു തന്നെ നോക്കിയിരുന്നു. പിന്നെ
എഴുന്നേറ്റ് പോയി ചിലങ്ക എടുത്തുകൊണ്ടു വന്നു.
.................................
കല്ലു പാകിയ നടുമുറ്റത്ത് എനിക്കു വേണ്ടി മാത്രം നൃത്തം ചെയ്യുന്ന എന്റെ പ്രിയ. ഇതിൽ കൂടുതൽ പ്രണയാർദ്രമായ ഒരു ദൃശ്യവും ഇനിയെനിക്കില്ല.
പ്രണയവും വിരഹവും കാമവും ഒരു പോലെ ഇടകലരുന്ന പദം... ആ മുഖത്തു വിരിയുന്ന ഭാവങ്ങളെല്ലാം എനിക്കു വേണ്ടിയാണ് , എനിക്കു വേണ്ടി മാത്രം.
മുമ്പൊരിക്കൽ ഇതുപോലെ നൃത്തം ചെയ്ത് തളർന്ന് നിന്നുകൊണ്ട് അവളിൽ വിരിയുന്ന ഏതു രസമാണെനിക്ക് ഏറ്റവും ഇഷ്ടമെന്ന് അവൾ ചോദിച്ചത് ഓർത്തു ഞാൻ. അന്ന് കുറുമ്പോടെ മറുപടി പറഞ്ഞത് ശൃംഗാരം എന്നാണ്. പക്ഷേ ഇന്ന് .... ആ നവരസങ്ങളും എന്നെ അടിമപ്പെടുത്തുന്നു , ആ പുരികക്കൊടികളുടെ ചലനം പോലും.
കവിളിൽ കൈ ചേർത്ത് എന്നിലേക്ക് അടുപ്പിക്കുന്നതിനിടയിൽ പറഞ്ഞു -
" വിയർപ്പാണ് മഹി.."
ഞാൻ ഒന്നും പറഞ്ഞില്ലെങ്കിലും മറുപടി എന്തായിരിക്കുമെന്ന് അവൾക്ക് ഊഹിക്കാവുന്നതേയുള്ളൂ...
ആ തിരിച്ചറിവിലാണ് ആ കവിളുകൾ ചുവക്കുന്നത് ...
തുടരും ...
ബാലിശമെന്നു തോന്നാവുന്ന ചില ചെറിയ നോട്ടങ്ങൾ ,പുഞ്ചിരികൾ, സ്പർശനങ്ങൾ ...അതിലൊക്കെയും ഒരുപാടു സന്തോഷങ്ങൾ ഒളിഞ്ഞിരിപ്പുണ്ടാവും.
"ഈ ഭാര്യാഭർത്താക്കൻമാർക്കിടയിലെ പ്രണയമൊക്കെ കഥകളിലേ നടക്കൂ... യഥാർഥ ജീവിതത്തിൽ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള തന്ത്രപ്പാടിൽ സ്നേഹമുണ്ടെങ്കിലും അതു പ്രകടിപ്പിക്കാൻ പറ്റിയെന്നു വരില്ല "എന്നാണ് മിക്കവരുടെയും വാദം.
പക്ഷേ, പ്രകടിപ്പിക്കാത്ത സ്നേഹം മനസ്സിലാക്കാൻ എല്ലാവർക്കും കഴിയണമെന്നില്ലല്ലോ. എല്ലാവരും ആഗ്രഹിക്കില്ലേ പ്രണയിക്കാൻ, പ്രണയിക്കപ്പെടാൻ ... കൂടെയുള്ള ആൾക്ക് ആ സ്‌നേഹം പകരാതെ എന്തു നേടിയിട്ടും കാര്യമില്ലെന്നാണ് എന്റെ അഭിപ്രായം. നമ്മൾ ജീവിക്കുന്നത് അവർക്കു വേണ്ടിയാണെന്ന് അവർക്കു കൂടി തോന്നണ്ടേ.. പിന്നെ ഈ പ്രണയമൊക്കെ ഏത് ഇല്ലായ്മയിലും കഷ്ടപ്പാടിലും നടക്കാവുന്ന കാര്യം തന്നെയാണ്. അങ്ങനെയൊരു യഥാർഥ ജീവിതം തന്നെയാണ് ഈ കഥയുടെ പിന്നിലും.
//സാരംഗി//
© copyright protected