Aksharathalukal

അർജുന്റെ ആരതി 27

 

                       ഭാഗം - 27
             അർജുന്റെ ആരതി

എല്ലാവരുടെയും ശ്രദ്ധ അർജുന്റെ ഉത്തരത്തിലേക്കാണെന്ന് അവന് മനസ്സിലായി.

"ഞാനെന്ത് പറയാനാണ് രുദ്രേട്ടാ, അർജുന്റെ ആരതിയായിട്ടിരിക്കാനാണ് അവൾക്കും എനിക്കുമിഷ്ടം.
ഇതൊരു സഹതാപമല്ല, അവളെയെനിക്ക് ഒരുപാടു ഇഷ്ടമാണ്."

'അർജുന്റെ ആരതി ' അതു പറയുമ്പോൾ അവന്റെ കണ്ണുകളിലെ തിളക്കവും വാക്കുകളിലെ നിശ്ചയധാർദ്യവും കണ്ടുനിന്നവരുടെ ഉള്ളു നിറഞ്ഞു.

ഞങ്ങളുടെ ഇഷ്ടം എന്നും ഒന്നുതന്നെയായിരുന്നു. ഇഷ്ടത്തെ മറച്ചുപിടിക്കേണ്ടി വന്നത്, ഇഷ്ടകൂടുതൽ കൊണ്ട് തന്നെയാണ്‌. ഞങ്ങൾ കാരണം ഇരുവീട്ടുകാർക്കും ഒരു ബുദ്ധിമുട്ട് ഉണ്ടാവരുതെന്ന് ഞാൻ കരുതി. അവളെന്റെയരികിൽ തന്നെയുള്ളതായിരുന്നു ഒരർഥത്തിൽ ഏകതടസ്സം.

അത്രയടുത്ത ബന്ധങ്ങൾ ബുദ്ധിമോശം കൊണ്ട് ഇല്ലാണ്ടാവരുത്.
"പ്രണയത്തിന് ആഴത്തിലൊരു ചിന്ത ഞാൻ നല്കിയത് തെറ്റായി പോയോ?" അവൻ ചോദിച്ചു.

"ഒരിക്കലുമില്ല അർജുൻ പ്രാക്ടിക്കലായി ജീവിതത്തെ കാണുന്നവർ ഇങ്ങനെ ചെയ്യൂ. വികാരത്തിന് മേൽ വിചാരത്തിനു ചിന്ത കൊടുത്തത് എങ്ങനെ തെറ്റാവും അർജുൻ." രുദ്രൻ പറഞ്ഞു.

നേടിയെടുക്കാനും വിട്ടുകൊടുക്കാനും ഒരുപോലെ എന്റെ മനസ്സ് സജ്ജമായിരുന്നു.
ആരതിയവളുടെ ഇഷ്ടം തുറന്നു പറയുന്നത് വരെ, ഇനിയതിനു സാധിക്കില്ലെന്ന് മനസ്സിലായി. ആരതിയില്ലാതെ അർജുനുണ്ടാകില്ല അതുമാത്രമാണ് വൈകിയാണെങ്കിലും ഞാൻ തിരിച്ചറിഞ്ഞ സത്യം, അതുമാത്രമാണെന്റെ ശരി.

കുറേ നാളുകൾക്കു ശേഷം ഞാൻ സന്തോഷം കണ്ടെത്തിയത് അവളുടെയരികിൽ നിന്നാണ്. വിരസത നിറഞ്ഞു നിന്ന എന്റെ ജീവിതത്തിലേക്ക്  ഒരുന്മേഷവുമായി അവളെത്തി. അന്നു മുതലാണ് ഞാനെന്റെ ജീവിതത്തെ വീണ്ടും സ്നേഹിക്കാൻ തുടങ്ങിയത്.

ആശുപത്രിയിലേ ഐ സി യു നാളുകളിൽ , യന്ത്രങ്ങളുടെ മൂളലുകളും ബീപ് ശബ്ദവും മരണം തൊട്ടടുത്ത എവിടെയോ നിൽക്കുന്ന പോലെയായിരുന്നുവെനിക്ക് . എല്ലാ പ്രതീക്ഷയും അസ്തമിച്ച കരച്ചിലുകൾ, മരുന്നുകൾ, കിടക്ക, ശോകം,  സഹതാപം, പുഞ്ചിരി, ഉപദേശത്തിന്റെ നീണ്ട നിര. ഇതിന്റെയൊക്കെയിടയിൽ കിടന്നു ഞാൻ ശരിക്കും ശ്വാസംമുട്ടി മുന്നോട്ടുള്ള ജീവിതവും വെറുത്തു പോയി.

 ഒടുവിലൊരു താത്കാലിക ജോലി കണ്ടെത്തിയത് പോലും എല്ലാകാര്യങ്ങളിൽ നിന്നുമൊരു ഉൾവലിയൽ പോലെയായിരുന്നു. ജോലിക്ക് പോകുന്നു, വരുന്നു, കിടക്കുന്നു. എന്താ പറയുക? ഒരു ഉണർവ്വില്ലാത്ത ജീവിതം. എന്തിനു വേണ്ടി ജീവിക്കുന്നു എന്നറിയാത്ത ജീവിതം. അങ്ങനെയൊക്കെ പോകുന്നതിനിടയിൽ അവിചാരിതമായി ആരതിയെ കണ്ടുമുട്ടിയത്.

ആരതിയെനിക്കൊരു ഡിസ്റ്റർബൻസായിരുന്നു രുദ്രേട്ടാ,  ഓർക്കാൻ സുഖമുള്ളൊരു ഡിസ്റ്റർബൻസ്. ആ ഡിസ്റ്റർബൻസിനെ ഞാൻ വല്ലാണ്ട് ഇഷ്ടപെട്ടു പോയി.

ഞാനൊരു മൗനത്തിലായിരുന്നു, ആരോടെന്നില്ലാത്തൊരു മൗനം. എനിക്കു ആരോടും മിണ്ടാനുമില്ല,  ആരുടേയുമൊന്നും കേൾക്കാനുമില്ല അങ്ങനെ എന്റേതായൊരു ലോകം കെട്ടിപൊക്കി വച്ചിരുന്നു അവിടേക്കാണവൾ ഓടി വന്നത് .

'She breaks my silence '. അവനൊന്നു ചിരിച്ചു.

വെറുതെയിരിക്കുന്ന എന്നെയൊന്നു ഞോണ്ടണം, പിന്നെ ക്ഷമ പറഞ്ഞു പിറകെ നടക്കണം, ഒടുവിൽ ഐ ലവ് യൂ അർജുൻ പറഞ്ഞു എനിക്കരികിൽ നിന്നു പോകണം. 'ഐ ടൂ ലവ് ഹെർ' അത് കേൾക്കാൻ അവളൊരിക്കലും ശ്രമിച്ചിരുന്നില്ല.

"നീയെന്നേ സ്നേഹിച്ചാലുമില്ലെങ്കിലും ഞാൻ നിന്നെ സ്നേഹിക്കും അർജുൻ, എന്നെ ചൊല്ലി ജീവിക്കുന്ന അവളയല്ലാതെ ഞാൻ പിന്നെ ആരെയാണ് ജീവിതത്തിലേക്ക് കൂട്ടേണ്ടത്. "

"എല്ലാമറിഞ്ഞിട്ടും നിനക്കൊന്നു ആലോചിക്കണമെന്ന് പറഞ്ഞിരുന്നുവെങ്കിൽ
ഒരിക്കലും ഞാനവളെ നിനക്കു വിട്ടു തരില്ലായിരുന്നു അർജുൻ." രുദ്രൻ പറഞ്ഞു.

അതിനുത്തരമായി അർജുനൊന്നു നിശ്വസിച്ചു . " ഹാ! എന്ത് ചെയ്യാൻ രുദ്രേട്ടാ, ഞാൻ വന്നു പോയില്ലേ അവളെ സ്വന്തമാക്കാൻ അവളില്ലാതെ എനിക്കു പറ്റില്ല ." തന്റെ സ്വാർഥതയവൻ മറച്ചുവെച്ചില്ല.

"രുദ്രേട്ടനു ഒരു കാര്യമറിയുമോ? നിങ്ങൾ രണ്ടാളും ചേർന്നാൽ
ആരതി ടീച്ചറും രുദ്രൻ സാറുമായി നല്ലൊരു മാതൃക ദമ്പതികളായി ജീവിച്ചേനേ.

അങ്ങനെയൊരു ജീവിതമല്ല ആരതി ആഗ്രഹിക്കുന്നത് . അവൾ സ്വപ്നം കാണുന്ന രാജകുമാരനൊപ്പമാണ് ജീവിക്കാനാഗ്രഹിക്കുന്നത്."

"പ്രണയം എന്താണെന്നു ആരതിക്കറിയില്ല, അവളെന്നെ പരീക്ഷിക്കുകയാണ് അതിലുപരി ആത്മാർഥമായി ആഗ്രഹിക്കുകയാണ്, അവൾ സ്വപ്‌നം കാണുന്ന രാജകുമാരൻ ഞാനായിരിക്കണേന്ന്, രൂപം കൊണ്ടല്ല ഉള്ളുകൊണ്ട്. "

എന്റെ കൂടേയാണെങ്കിൽ "വീ ഹാവ് ടു ലിവ് ലൈഫ് ഔർ ഓൺ വേ. " ഞാനൊരു രാജാവായാൽ അവളെ റാണിയാക്കാം.
ഇരുപത്തിമൂന്നുക്കാരന്റെ ബുദ്ധിയിൽ കവിഞ്ഞു ജീവിതത്തെ കുറിച്ചു എനിക്കൊന്നും ഇപ്പോൾ പറയാൻ പറ്റില്ല.

ഒരു കാര്യം ഞാനുറപ്പുതരാം. "ഒരിക്കലും സ്വയം ശപിച്ചു ഒതുങ്ങി കൂടാൻ ഞാനവളെ അനുവദിക്കില്ല. ഉന്തി തള്ളിയായാലും ഞാനവളെ മുൻനിരയിലെത്തിച്ചിരിക്കും."

അവൾക്കു വിശാലമായൊരു ലോകമുണ്ട്.
എന്താണ് അവളുടെ ലോകമെന്നു അവൾ കണ്ടത്തട്ടെ, അവിടേക്കു കൈപിടിച്ചു ഉയർത്താൻ എനിക്കാവും.

രുദ്രൻ അവന്റെ തോളിൽ തട്ടി അഭിനന്ദിച്ചു.
ഇത്രയും മതി അർജുൻ 'താങ്ക് യൂ സോ മച്ച്'. ഞാനിപ്പോൾ വരാം നിങ്ങൾ സംസാരിച്ചു നിൽക്കു. രുദ്രൻ വണ്ടി പാർക്ക് ചെയ്തിരിക്കുന്നിടത്തേക്ക് പോയി.

നരേന്ദ്രൻ "എന്റെ മോനെപ്പോഴും പറയുമായിരുന്നു
'മൈ ബെസ്റ്റ് ഫ്രണ്ട് ഈസ്‌ മൈ വൈഫ്‌.'
ഒരു നല്ല സുഹൃത്തിന് ഒരു നല്ല ഭാര്യയാകാൻ സാധിക്കും. ഐ ആം ഷുവർ, ആരതി ഈസ്‌ ദി ഫസ്റ്റ് ആൻഡ് ബെസ്റ്റ് ചോയ്സ് ഇൻ ഹിസ് ലൈഫ്."

"അതേ അച്ഛാ, ആകെയൊരു പ്രശ്നമെന്താന്നു വച്ചാൽ അവൾക്കറിയില്ല എന്റെയുള്ളിലേ അവളുടെ സ്ഥാനം. ഒരുപക്ഷേ, ഞാൻ തുറന്നു പറയാത്തതു കൊണ്ടാകാം അവളറിയാത്ത മട്ടു കാണിക്കുന്നത്."

"ഒരിക്കലുമല്ല അർജുൻ, എന്റെ മോൾക്ക്‌ അതു മനസ്സിലാക്കാനുള്ള ബുദ്ധിയില്ല. അവൾക്ക് എല്ലാ കാര്യവും നേരെ പറഞ്ഞാണ് ശീലം. നിനക്ക് ഇഷ്ടമാണെന്നുള്ളത് അവളോട് നീ നേരിട്ട് പറയണം. " വിശ്വനാഥൻ പറഞ്ഞു.

അതുകേട്ടതും അർജുന്റെ മൈൻഡ് പെട്ടെന്ന് ബ്ലാങ്കായി.

"അർജുൻ, ലൈഫിൽ എല്ലാം നേടിയിട്ടു സ്നേഹിച്ച പെണ്ണിനെ സ്വന്തമാക്കാനാർക്കും സാധിച്ചിട്ടില്ല.  അവളെ നേടിയെടുക്കാൻ നീ ശ്രമിക്കുന്നതിനനുസരിച്ചിരിക്കും നിനക്കു അവളോടുള്ള ഇഷ്ടം. അവളൊരിക്കൽ മനസ്സിലാക്കും ആരതി നിനക്കു എന്തുമാത്രം വിലപ്പെട്ടതാണെന്നു. " ഉണ്ണി അങ്കിൾ പറഞ്ഞു.

"ഇനി ആദിലിന്റെയും ആര്യയുടെ വിവാഹം വൈകിക്കേണ്ട. അതിനുശേഷം അർജുനെ ആരതിക്കു കൊടുക്കാം അല്ലേ?" രുദ്രൻ പറഞ്ഞു.

എല്ലാവർക്കും സന്തോഷം ആർക്കുമൊരു എതിരഭിപ്രായമില്ല.

അർജുൻ, ഇത് ആരതിയുടെ മെഡിക്കൽ റിപ്പോർട്ടിന്റെ പകർപ്പാണ്. എന്തെങ്കിലും സംശയമുണ്ടെങ്കിൽ ഡോക്ടർ അൻസാരിയേ വിളിച്ചനേഷിക്കാൻ മടിക്കേണ്ട.

"ഓക്കേ രുദ്രേട്ടാ."

രാത്രിയിൽ യാത്രയില്ല എന്ന് പറഞ്ഞു എല്ലാവരും അവരവരുടെ വീടുകളിലേക്കായി പിരിഞ്ഞു. അർജുനൊപ്പം അവന്റെ അച്ഛനും യാത്ര തുടർന്നു.

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

"ഏട്ടാ "

"ഹാ! രുദ്രാ എല്ലാം ഭംഗിയായി നീ കൈകാര്യം ചെയ്തു ഏട്ടൻ സന്തോഷമായി മോനെ. അവൻ കൊള്ളാം മിടുക്കനാണ്, എനിക്കിഷ്ടപ്പെട്ടു. അണ്ണാറക്കണ്ണൻ തന്നാലായത് പോലെ അവൻ ആരതിയെ നോക്കിക്കോളും. ഒരു കൈയകലെ നിന്നു അവർക്കു ആവശ്യമുള്ളതൊക്കേ ഞാൻ ചെയ്തുകൊടുക്കും." മഹാദേവവൻ പറഞ്ഞു.

"അതെന്താ ഏട്ടാ അവരിൽ നിന്ന് ദൂരെ മാറി നിൽക്കുന്നതു ?" ജയദേവൻ ചോദിച്ചു.

"ഞാനൊരു രാജാവായാൽ അവളെ റാണിയാക്കാന്നു കേട്ടില്ലേ അവൻ പറഞ്ഞത്. എന്നു വെച്ചാൽ, അവളെ പോറ്റാൻ ആരുടെയും ഔദാര്യമവൻ സ്വീകരിക്കില്ല എന്നാണ് അർഥമാക്കിയത്."

" അതാണ് അതിന്റെ കാര്യം, അങ്ങനെതന്നെയാണ്‌ വേണ്ടതും " ജയദേവൻ ശരിവെച്ചു.

" മ്മ്...രുദ്രൻ സാറിനു മിണ്ടാട്ടമൊന്നുമില്ലല്ലോ? എന്താ രുദ്രൻ സാറേ സങ്കടമായോ?"

"ഏയ്‌! ഇല്ല ഏട്ടാ, എന്നാലും ചെറിയൊരു സങ്കടം ഇപ്പോൾ തോന്നുന്നു." രുദ്രൻ ഇത്തിരി ലജ്ജയോടെ പറഞ്ഞു.

"എന്തിനാണ് ചെറിയ സങ്കടം സാറിനെക്കാൾ മുൻപേ ശിഷ്യരുടെ വിവാഹം ഉറപ്പിച്ചതിലാണോ?" ജയദേവൻ ചോദിച്ചു.

"അതു അർജുന്റെ ആരതിയായതിൽ ഒന്നുമല്ല ... എന്നു നല്ലൊരു സുഹൃത്തായി അവളോടൊപ്പം നിൽക്കാൻ സാധിക്കുമൊ എന്നാലോചിച്ചാണ്." അവൻ പറഞ്ഞു.

"രുദ്രൻ സാറിനി അവരുടെയിടയിലേക്കു പോകണ്ട അതായിരിക്കും നല്ലത്. അവരായി അവരുടെ കാര്യങ്ങളായി, അവർ ഇഷ്ടക്കേട് പ്രകടിപ്പിക്കുന്നതിലും മുൻപ് തന്നെ നമ്മൾ ഒഴിഞ്ഞു മാറി നിൽക്കണം അതാണ് ബന്ധങ്ങൾ നിലനിൽക്കാൻ ഏറെ ഗുണകരം. " മഹാദേവൻ പറഞ്ഞു.

"ഞാനിവിടുന്നു കുറച്ചു നാൾ മാറിനിന്നാല്ലോ ഏട്ടാ?"

"അതിന്റെയാവശ്യമില്ല. നിനക്കു പറ്റിയൊരു പെണ്ണിനെ നീ തന്നെ കണ്ടു പിടിക്കണം. എന്നിട്ടവൾക്ക് നല്ല സുഹൃത്താവാൻ നോക്കു."

"അതു നടക്കില്ല ഏട്ടാ, ഞാൻ നിത്യബ്രഹ്‌മചാരിയാകാൻ പോകുവാണ്.
പെണ്ണും പിടയൊന്നും എനിക്കു ശരിയാകില്ല."

ആഹ്! നിന്റെയിഷ്ടം, കുടുംബക്ഷേത്രത്തിലേക്ക്....

"അയ്യോ! വേണ്ട ഏട്ടാ... ആരതിയേ ഏൽപ്പിക്കാം നല്ലൊരു സുഹൃത്തിനെ കണ്ടെത്താൻ."

"അതുകൊള്ളാം, സാർ വന്നു വണ്ടിയെടുക്ക്,
ഈനാംപേച്ചിക്ക് മരപ്പട്ടിയെ പോലെ എവിടേലും കാണും നിനക്ക് പറ്റിയൊരു കൂട്ട്." ജയദേവൻ പറഞ്ഞു.

"ചേട്ടാ,  ചക്കിക്കൊത്തൊരു ചങ്കരൻ ചൊല്ല് അതാക്കാൻ പറ്റുമോ?"

" മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടു പോയി അതാണ് സത്യം. നേരം കുറേയായി വീടെത്താൻ നോക്കാം. അല്ലേ അമ്മ പ്രശ്നമാക്കും. ചങ്കരൻ വണ്ടിയെടുക്ക് " മഹാദേവൻ ചിരിച്ചോണ്ട് പറഞ്ഞു.

ആരതിയുടെ ജീവിതം സുരക്ഷിതമാക്കി എന്ന ചാരുതാർഥ്യത്തിൽ അവർ പുറപ്പെട്ടു.

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

"അർജുൻ."

"എന്താ അച്ഛാ "

"പെട്ടെന്നൊരു വിവാഹം നിനക്കു അംഗീകരിക്കാൻ പ്രയാസം തോന്നിയല്ലേ?"

"വിവാഹമോ! ഉടനെ കാണുമോ? അർജുൻ ഞെട്ടി പോയി.

" ദേവേട്ടൻ പറയുന്ന പോലെ കാര്യങ്ങൾ
നടപ്പിലാക്കും. "

'മഹാദേവൻ 'എന്ന് പറയുന്നാളോട് നിങ്ങൾക്കെല്ലാവർക്കും നന്ദിയും കടപ്പാടുമുണ്ടെന്ന് എനിക്കറിയാം. 'തിരുവായിക്കു എതിർവായില്ല 'എന്ന് പറയുന്ന പോലെ. പക്ഷേ ആയാളാരാണ് ഞങ്ങളുടെ വിവാഹം തീരുമാനിക്കാൻ
അതെനിക്ക് മനസിലാകുന്നില്ല.

അയാളുടെ അനാസ്ഥയും അയാളുടെ മകളും കാരണമാണെന്റെ ആരതിക്ക് ഈ അവസ്ഥ വന്നത്. അവരുടെ മുഖത്തുനോക്കി എനിക്ക് ചോദിക്കണമെന്നുണ്ടായിരുന്നു പിന്നെ അച്ഛന്റെ സൗഹൃദവും കടപ്പാടും ഓർത്താണ് ഞാൻ മിണ്ടാതെ നിന്നത്.

ദിയക്ക് ആരതിയെ നന്നായി അറിയാമായിരുന്നു. അവളെ മുന്നിൽ നിറുത്തി ഒരുപാടു കാര്യങ്ങൾ ചെയ്യാനാകുമെന്നും, ദിയയില്ലാതെ ആരതിയൊന്നും ചെയ്യില്ലെന്നും അവൾക്കറിയാമായിരുന്നു.

സൗഹൃദംനഷ്ടം വരുമോ എന്ന ഭയം കൊണ്ടാകും ആരതി ദിയയുടെ ഇച്ഛയ്ക്കനുസരിച്ചു ഇറങ്ങിതിരിച്ചതും ഈ അപകടത്തിൽ ചെന്നു കയറിയതും. " മരിച്ചു പോയ ഇൻസ്‌പെക്ടർ ധനുഷിന്റെ നിഗമനങ്ങളിലൂടെ എനിക്കങ്ങനെയാണ് തോന്നിയത്.

ആരതിയുടെ ലോകം കൊട്ടിയടച്ചു എല്ലാവരും കൂടി. ഒരു ഡോക്ടറാവാൻ ആഗ്രഹിച്ചവളേ എന്തിന്റെ പേരിലാണ് വഴിതിരിച്ചു വിട്ടത്.  സാഹചര്യം മുതലെടുത്തുകാണും എല്ലാവരും.  നിവർത്തിയില്ലാതെ വന്നപ്പോൾ അവളായി തന്നെ എല്ലാം വേണ്ടെന്നുവെച്ച് കാണും.

ഇട്സ് ക്രൂയൽ ! എഗൈൻസ്റ് ഹെർ അമ്പിഷൻ....

ആരതി എന്തു ചെയ്താലും അർജുൻ അവളെ വിട്ടുപോകില്ല. പഴയതൊക്കെ മറന്നു പുതിയൊരു ലൈഫ് അതാണ് ഞാനാഗ്രഹിക്കുന്നത്. അല്ലാതെ കെട്ടുപാടുകളും ബന്ധങ്ങളൊന്നുമല്ല.

നമ്മളാഗ്രഹിക്കുന്ന പോലെ ജീവിക്കണം ആ ഒരു മെന്റാലിറ്റിയും ജീവിതസാഹചര്യം കൂടി ഒത്തുവന്നാൽ അവളെ വിവാഹം കഴിക്കാൻ ഞാൻ തയ്യാറാണ്. അല്ലാത്തപക്ഷം വലിയൊരു പരീക്ഷണഘട്ടമായിരിക്കും.
ഇതൊക്കെ ആലോചിച്ചു തന്നെയാണോ അയാളൊരു ബാധ്യത തീർക്കൽ അല്ലെങ്കിൽ പ്രായശ്ചിത്തം ചെയ്യാനുദ്ദേശിക്കുന്നത്.

"അർജുൻ, ദേവേട്ടൻ എന്താണെന്നു നിനക്കു സ്വയം ബോധ്യപ്പെടുന്ന ഒരുനാൾ വരും. ആരതിയല്ലേ നിന്നോടോപ്പമുള്ളത്  അങ്ങനെയൊരു ദിവസത്തിന് അധികം കാലതാമസമുണ്ടാകില്ല. ദിയമോളും അദ്ദേഹമൊന്നും ആരതിക്ക് ദോഷം വരുന്നതൊന്നും ചെയ്യില്ല. കാരണം അവർക്കൊന്നും ആരെയും ചൂഷണം ചെയ്യാനോ വേദനിപ്പിക്കാനോ ദ്രോഹിക്കാനോ കഴിയില്ല.
അങ്ങനെയുള്ളവരുമായി ആരതി അടുക്കുമെന്ന് നിനക്കു തോന്നിയിട്ടുണ്ടോ?
സ്നേഹിക്കാനാണ് അവർക്കൊക്കെ ആകെയറിയാവുന്ന കാര്യം."

"ഞാനിനി അതിലെ നെല്ലും പതിരും തേടി ഇറങ്ങുന്നില്ല അച്ഛാ വരുന്നത് വരുന്നിടത്തു വെച്ചു കാണാം.

അമ്മമ്മയുടെ കവടിക്കാരൻ വല്ല പ്രശ്നമുണ്ടാക്കുമോ? കുറെ നാളായിട്ട് അയാളുടെ കവടിയിലാണല്ലോ എന്റെ ജീവിതമിരിക്കുന്നത്."

ശരിയാടാ... നിന്റെയമ്മേ കെട്ടിയന്നു മുതൽ കാണാൻ തുടങ്ങിയതാ ഈ  കവടിനിരത്തൽ.  പ്രശ്നം വയ്ക്കുക കൂടുതൽ പ്രശ്നത്തിലാക്കുക, വേറെ പണിയില്ലല്ലോ അമ്മയ്ക്കും അമ്മമ്മയ്ക്കൊന്നും.

" അച്ഛനും മ്മയും ആദിലും അബൂട്ടനും നിന്റെ കൂടേ കാണും എന്താ പോരെ?

"മതി. വല്ലപ്രശ്നമുണ്ടായാൽ ഞാനവളെയും കൊണ്ട് ഒളിച്ചോടും."

" നീ ഇങ്ങനെയൊന്നുമല്ലല്ലോ അവിടെ പറഞ്ഞത്. "

"അവളുടെ അച്ഛൻ നിൽക്കുമ്പോൾ പറയാൻ പറ്റുമോ?  പെണ്ണിനെ തന്നില്ലെങ്കിൽ ഞാൻ നിങ്ങളുടെ മോളേയും കൊണ്ട് മുങ്ങുമെന്ന്."

ഡാ, കേമാ...എന്നിട്ടെന്തിനാ അർജുൻ നീയിഷ്ടം ആരതിയിൽ നിന്ന് മറച്ചുപിടിക്കുന്നത്.

"വെറുതെയൊരു രസം..." അവനുറക്കേ ചിരിച്ചു.

രസമോ! എന്ത് രസം?

അച്ഛൻ പാടി തരാം, കേട്ടിട്ട് രസമുണ്ടോ എന്ന് പറ.

"ഞാനില്ല ഇല്ല ഇല്ല എന്നൊരു നാട്യം കാണിക്കും

ഇനി കൂടെ പോരു പോരു നീയെന്‍ ഇഷ്ടം ഭാവിക്കും

നീയെന്‍റെ കിനാവ് ഇന്നെന്‍റെ കുറുബെന്നെല്ലാം കൊഞ്ചിക്കും

കൊതി കൂടി കൂടി കൂടിട്ടവളെ കൂടെ നടത്തിക്കും

ഞാന്‍ എല്ലാം എല്ലാം എല്ലാം എന്നൊരു തോന്നല്‍ തോന്നിക്കും

ഞാന്‍ പോരാം പോരാം പോരാം എന്നൊരു പൂത്തിരി കത്തിക്കും

നീ എന്നവളെന്നും നല്ലവളെന്നും പുന്നാരം ചൊല്ലും

അവനവളോട് അവളോട്‌ അവളോടലിയും സ്നേഹ നിലാവാകും."

"ഇതൊക്കെയാണല്ലേ നിന്റെ മനസ്സിലിരിപ്പ്. നീ ആദിലിനെക്കാളും വിളഞ്ഞ വിത്താണ്. നിന്നെ വേണം ആദ്യം കെട്ടിക്കാൻ."

"ഞങ്ങളീ കാര്യത്തിൽ അച്ഛന്റെ മക്കളാണെന്ന് അമ്മ എപ്പോഴും പറയും."

"എന്നെ വെച്ചുനോക്കുമ്പോൾ നീയൊക്കെ ഒന്നുമല്ല കേട്ടോ."

അച്ഛാ....അർജുൻ അതിശയഭാവത്തിൽ വിളിച്ചു.

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

അച്ഛനും മോനും കൂടിയൊരുമിച്ചു കൂട്ടൂക്കാരെ പോലെ വരുന്ന കാഴ്ച്ച കണ്ടു എല്ലാവർക്കും അതിശയം തോന്നി.

"അമ്മേ, അച്ഛന്റെ മുഖത്തെ തെളിച്ചം കണ്ടിട്ടു അച്ഛനിഷ്ടപ്പെട്ട എന്തോന്നു നടന്നിട്ടുണ്ട്."

എല്ലാവരും കൂടിയവരെ വളഞ്ഞു നിന്നു.

"രണ്ടുപേരും ഭയങ്കര സന്തോഷത്തിലാണല്ലോ!
എന്താകാര്യം ഞങ്ങളുടെ അറിയട്ടെ."  ആദിൽ ആകാംഷയോടെ തിരക്കി.

അതേടാ... വല്ലാത്തൊരു മനസുഖം. പ്രാരാബ്ദമൊക്കെ ഒതുങ്ങി, മക്കളൊക്കെ കെട്ടിക്കാറായി. അഹ്! എക്സപ്റ് ദി മൈനർ അബൂട്ടൻ. ഇനി സുഖം! സ്വസ്ഥം എന്നൊരു തോന്നൽ.

"അമ്മയിതുവരെ ഉറങ്ങില്ലേ" അമ്മമ്മയോടായി അച്ഛൻ ചോദിച്ചു.

"അർജുനെ ഇതുവരെ കാണാഞ്ഞു വിഷമിച്ചിരുന്നതാണ് അമ്മ. ചേട്ടന്റെ കൂടേ വരുമെന്ന് പറഞ്ഞിട്ടും ആധികേറി ഇരിപ്പായിരുന്നു ?" ശീതൾ പറഞ്ഞു.

അർജുൻ അവരെ സ്നേഹത്തോടെ ചേർത്ത്പിടിച്ചു.

"കുഞ്ഞന്റെ കഷ്ടകാലമിങ്ങനെ നീണ്ടു കിടക്കുവല്ലേ അതാണെന്റെ മനപ്രയാസം.
പുറത്തു പോയിട്ട് വരുന്നവരെ നെഞ്ചിൽ തീയാണ്." അമ്മമ്മ അർജുന്റെ കൈയിൽ സ്നേഹത്തോടെ തലോടി കൊണ്ട് പറഞ്ഞു.

അർജുന്റെ അച്ഛൻ "നമ്മുടെ അർജുൻ ഒന്നും പറ്റില്ലമ്മേ, അവൻ മക്കളും മക്കളുടെ മക്കളും അതിന്റെ മക്കളുമായി സുഖമായി ജീവിക്കും അത് കാണാൻ അമ്മയും കാണും. അമ്മമ്മയും അർജുനെയും മാറി മാറി അദ്ദേഹം ഉമ്മ വെച്ചു."

"ഫിറ്റ്‌,അച്ഛൻ ഫിറ്റാണ്... ഒരു സംശയവുമില്ല.
വിളിച്ചോണ്ട് പോവമ്മേ അല്ലേ അച്ഛനിന്ന് ചളമാക്കും. " അബൂട്ടൻ വിളിച്ചു കൂവി.

അമ്മ മുഖവും വീർപ്പിച്ചു അച്ഛനെയും കൊണ്ടകത്തേക്ക് പോയി. പോയ പോക്കിലും എന്തൊക്കെയോ സന്തോഷം കൊണ്ട് അദ്ദേഹം വിളിച്ചുപറയുന്നുണ്ടായിരുന്നു.

"ഇനി നീ രക്ഷപ്പെടും അർജുൻ.
പണ്ട് ക്യാമ്പസിൽ പ്രശ്നമുണ്ടായപ്പോൾ
നീയൊരു കാലത്ത് നന്നാകില്ല എന്ന് പറഞ്ഞഅച്ഛനാ നിന്നെയിന്നു മനസ്സ് നിറഞ്ഞ് അനുഗ്രഹിച്ചിരിക്കുന്നത്."

മ്മ്. അവനൊരു ചെറുച്ചിരി നൽകി മുറിയിലേക്ക് പോയി.

"ശീതളേ, ആദിലിന്റെ വിവാഹമുടനെ നടത്തണം. അതിനു വേണ്ടുന്ന ഏർപ്പാടുകളൊക്കെ പെട്ടെന്ന് ചെയ്യണം.
അതുകഴിഞ്ഞ് അർജുന്റെയും ആരതിയുടെയും."

"മ്മ്. ശരി ചേട്ടാ."

"ഇപ്പോൾ ആരെയൊന്നും അറിയിക്കേണ്ട മൂത്തവന്റെ ആദ്യം നടക്കട്ടെ. "

അമ്മയോട് മയത്തിൽ കാര്യമവതരിപ്പിക്കാം.

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

അർജുനവന്റെ മുറിയിലേക്ക് കയറിയതും
ആരതിയുടെ മുഖമവനിൽ നോവുണർത്തി.
ഷെൽഫിലെ ഡയറിയിലിരിക്കുന്ന ഒരു ഫോട്ടോയെടുത്തവൻ നോക്കിനിന്നു.

അർജുനും അവന്റെ ഉറ്റസുഹൃത്ത്‌ വരുണും ഒന്നിച്ചുള്ള ചിത്രമായിരുന്നത്. " ഒരു പെണ്ണ് വന്നു കയറിയാൽ തീരാവുന്ന സൗഹൃദമേ നമുക്കിടയിലുള്ളൂ എന്ന് നീയെപ്പോഴും പറയാറില്ലേ? ഇന്നു ഞാനത് ശരിവയ്ക്കുന്നു.
'പ്രതികാരമല്ല പ്രണയമാണ് എനിക്കിപ്പോൾ വലുത്'. നീയെന്നോട് പൊറുക്കണം.

താനൊരുപാട് വൈകിപോയതോർത്തു അവൻ നിരാശപ്പെട്ടു. "ആരതിക്കൊരു ജീവിതം കൊടുക്കണം. അവൾക്കു വേണ്ടി മാത്രമല്ല എനിക്കും ജീവിക്കണം. അവനുമൊത്തുള്ള വരുണിന്റെ ഫോട്ടോ കീറി കളഞ്ഞു.

ആദിലും അബൂട്ടനും മുറിക്കകത്തേക്ക്   കയറിയതും കണ്ടു, ഒരു മൂലയിൽ നിന്ന് കണ്ണീർ അടക്കാൻ പാട്പെടുന്ന അർജുനെ.

എന്താടാ....

ഏയ്‌ ഒന്നുമില്ല ഏട്ടാ അവനൊഴിഞ്ഞു മാറാൻ നോക്കി.

"ഒന്നുമില്ലാതെയാണോ കണ്ണെല്ലാം ചുവന്നു കിടക്കുന്നത്?"

അവൻ നിന്ന് വിമ്മിഷ്ടപ്പെട്ടു.

അർജുന്റെ നിസ്സഹായത കാണാൻ കഴിയാതെ ഏട്ടൻ അവനെ വാത്സല്യത്തോടെ
കെട്ടിപിടിച്ചു. അവരുടെ അടുത്തേക്ക് ചെന്ന അബൂട്ടനേയും അവർ ചേർത്ത് പിടിച്ചു.
കുറച്ചുസമയം അവരങ്ങനെ തന്നെ നിന്ന് ആശ്വാസം കണ്ടെത്തി.

നടന്നതൊക്കെ അർജുൻ ആദിലിനോടായി പറഞ്ഞു.

"അവൾ ചിരിച്ചു കളിച്ചു നടക്കുമ്പോഴും എന്തോ ഒരു വിഷമം അവളെ വല്ലാണ്ട് അലട്ടിയതായി എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. സ്വപ്നത്തിൽ പോലും കരുതിയില്ല ഇത്രയൊക്കെ അവൾ അനുഭവിച്ചിട്ടുണ്ടാവുമെന്ന്."

"നിനക്കവളേ വേണോ അർജുൻ?"

"ഏട്ടാ..."

" ഇപ്പോൾ തന്നെ നീ പതറി. നാളെ ആരതിയേ കാത്തിരിക്കുന്ന ഒന്നിനു പിറകേ ഒന്നായുള്ള പ്രശ്നങ്ങൾ അവളോടൊപ്പം നേരിടാനുള്ള ചങ്കുറപ്പു എന്റെ മുന്നിൽ നിൽക്കുന്ന ഈ അർജുനില്ല. "

അർജുൻ നെറ്റിയിൽ കൈവെച്ചു നിരാശയോടെ നിന്നു.

"നിന്നുരകണ്ട അർജുൻ, ഇവിടെ നിന്റെ കായികക്ഷമതയും കുശാഗ്രബുദ്ധിയൊന്നുമല്ല വേണ്ടത് അവളുടെ മനസ്സിനു ആശ്വാസമാകാനുള്ള
കഴിവാണ്. അത് നിനക്കുണ്ടെങ്കിൽ മാത്രമേ അവളുടെ കൈയിപിടിക്കാവൂ.

അവൾക്കെന്താ വേണ്ടതെന്നു അവൾ പലപ്രാവശ്യം നിന്നോട് പറഞ്ഞതാണ്."

അതേ ഏട്ടാ, പക്ഷേ എനിക്കറിയില്ലല്ലോ,
അവളുടെ ഭൂതകാലം ഇത്രയും ദുരിതമായിരുന്നുവെന്ന്.

"അറിഞ്ഞാലും നീ മസില് പിടിക്കും അതിൽ നീ ബുദ്ധിമാനാണ്.

നിന്റെ സന്തോഷത്തിനു വേണ്ടി ആരതിയവളുടെ സങ്കടങ്ങളെ സ്വയം നിയന്ത്രിക്കാൻ ശ്രമിക്കും. നാളെയൊരുപക്ഷേ എല്ലാം അറിയുമ്പോൾ അവളാണ് നിന്റെ ജീവിതത്തിൽ വല്യ പ്രശ്നമെന്നു  മനസ്സിലാക്കുമ്പോൾ, അവളെ‍ങ്ങനെ പ്രതികരിക്കുമെന്നു നമ്മുക്ക് പറയാനാകില്ല.

രുദ്രേട്ടനതറിയാമായിരുന്നു, ആരതിയെ പിടിച്ചടക്കാൻ അദ്ദേഹം ശ്രമിക്കാഞ്ഞതും അതുകൊണ്ടാണ്. അവളുടെ അസുഖവിവരം തുറന്നു പറഞ്ഞാൽ ആരതിയൊരു വിവാഹത്തിന് തയ്യാറാകില്ല.
അവളെ ഒളിച്ചുവച്ചാലുള്ള ഭവിഷത്ത് വളരെ വലുതാണ്."

"എനിക്കു ഭ്രാന്തെടുക്കുന്നു." അർജുൻ രോഷം വന്നു.

"എല്ലാം അറിഞ്ഞാൽ അവളൊരിക്കലും ഞാനുമായുള്ള വിവാഹത്തിന് സമ്മതിക്കില്ല. എല്ലാ സന്തോഷവും നഷ്ടപ്പെട്ട് ഒരു മൂലയ്ക്കിരുന്നു ജീവിതം തീർക്കും അല്ലാതെ ഉരുക്ക് വനിതയായി മാറില്ലവൾ. അങ്ങനെയൊരു ആരതിയെ എനിക്കു ഓർക്കാൻ കൂടി സാധിക്കില്ല. ഒരു കുപ്പി വിഷത്തിലായാലും തനിച്ചുവിടില്ല അവളെ.

"അർജുൻ " ആദിലിന്റെ ശബ്ദമുയർന്നു അതിനോടൊപ്പം അവന്റെ വലതുകൈയും അനിയന്റെ മുഖത്തേക്ക് പതിയാനൊരുങ്ങി.

ആത്മഹത്യയാണോ ഇതിനുള്ള പോംവഴി.

അല്ലേട്ടാ, ജീവിക്കാൻ കൊതിക്കുന്ന പെണ്ണിനെ ജീവിപ്പിക്കാനാണ് ഞാൻ ശ്രമിക്കുന്നത്.

ഇത്ര ഇഷ്ടമായിരുന്നുവെങ്കിൽ എന്തിനാണ്‌ നീ പ്രണയം മൂടിവെച്ചത്. നിന്നെ എനിക്കുനന്നായിറിയാം അർജുൻ. അങ്ങനെയൊരു സെന്റി ടൈപല്ല നീ, ഇഷ്ടപ്പെട്ടതൊക്കെ വിട്ട് കൊടുക്കാനുള്ള മനസ്സും നിനക്കില്ല.

മുടന്തൻ ന്യായങ്ങൾ നിരത്തി നീ വെറുതെ ജയിക്കാൻ നിൽക്കണ്ട, ഞാൻ വിശ്വസിക്കില്ല. നീ പറയാൻ മടിക്കുന്നുണ്ടെങ്കിൽ ഒരു കാര്യം എനിക്കുറപ്പാണ് അർജുൻ അത് തെറ്റാണെന്ന് നിനക്കറിയാം. ഞങ്ങൾ ആരും ഒരിക്കലും അംഗീകരിക്കാത്ത എന്തോ ഒന്നാണ് നിന്റെ ഉള്ളിലുള്ളത്."

"പകയായിരുന്നു ഏട്ടാ, എന്റെ സ്വപ്‌നങ്ങൾ നാശമാക്കിയവനോടുള്ള പക. അവനെ തേടികൊണ്ടിരിക്കുവായിരുന്നു. ഒരു വശം ആരതിയോടുള്ള സ്നേഹം മറുവശം എന്റെ ജന്മം പാഴാക്കിയവനോടുള്ള പക.

പകയേക്കാൾ വലുതാണ് ആരതിക്ക് വേണ്ടുന്ന തണൽ. ഞാനെല്ലാം മറന്നു. അലമാരിയിൽ സൂക്ഷിച്ചു വച്ചിരിക്കുന്ന മൂർച്ചയേറിയ കത്തി അവൻ ആദിലിനെ ഏൽപ്പിച്ചു. "

ആ ഒരൊറ്റ നിമിഷം കൊണ്ട് ആദിലിന് തോന്നി ആരതി അർജുനോടൊപ്പം നിൽക്കുന്നതായിരിക്കും തന്റെ അനിയന്റെ ഭാവിജീവിതത്തിന് നല്ലതെന്ന്.

എനിക്കു എന്റെ ആരതിയെ കാണണം ഏട്ടാ.

"ഇപ്പോഴോ."

"മ്മ്. അവൻ തലയാട്ടി"

ആദിലൊന്നു ആലോചിച്ചു. വഴിയുണ്ട്, നീ വാ...
അർജുനെ അനുനയിപ്പിച്ചു കൊണ്ട് പുറത്തേക്ക് നടന്നു.  മറ്റൊരു റൂമിന്റെ മുന്നിലെത്തിയപ്പോൾ ആദിലവനെ പിറകിൽ നിന്ന് തള്ളി ആ റൂമിലാക്കി പുറത്ത് നിന്ന് പൂട്ടിയിട്ടു.

"ഏട്ടാ വാതിൽ തുറക്കാൻ, വാതിൽ തുറക്കാനാണ് പറഞ്ഞത്." അവൻ ഒച്ചയുണ്ടാക്കി.

" തുറക്കില്ല അനിയാ, വെറുതെ ഒച്ചവെച്ചു അച്ഛനെയും അമ്മയെയും അറിയിക്കേണ്ട.
അവർ വന്നു കാര്യം തിരക്കിയാൽ നിനക്ക് മതിൽ ചാടാൻ തോന്നിയ കാര്യം പറയും. "

പിന്നേ, ബാൽക്കണി വഴി സഹസികതയ്ക്ക് മുതിരണ്ട അർജുൻ, കൈയും കാലും ഒടിഞ്ഞു കിടന്നനുഭവം ഓർമ്മയുണ്ടല്ലോ .

ഏട്ടാ, പ്ലീസ്... ഏട്ടാ... അവൻ കെഞ്ചി.

"ഏട്ടനാണ്, അത് നീ മറക്കരുത്. എന്റെ അനിയന്റെ മാത്രമല്ല അനിയത്തിയുടെ കൂടെ നന്മ കാണുന്ന ഒരേട്ടനാ ഞാൻ.

എന്തേലും പിഴവും സംഭവിച്ചാൽ ആ പെൺകൊച്ചു വേണ്ടടാ...

മോൻ ഈശ്വരനേ ധ്യാനിച്ചു ഉറക്കം വരുന്നെങ്കിൽ ഉറങ്ങിക്കോ.

എന്തുവാടാ വായിപൊളിച്ചു നോക്കികൊണ്ടിരിക്കുന്നത്‌ പോയികിടന്നുറങ്ങടാ... ആദിൽ അബൂട്ടൻ നേരെ ഒച്ചവെച്ചു.അവൻ ജീവനും കൊണ്ടോടി വാതിലടച്ചു.

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

അർജുൻ ബാൽക്കണിയിൽ നിന്നു ആരതിയുടെ വീട്ടിലേക്കു നോക്കി നെടുവീർപ്പിട്ട്...

"നീ കാണുമോ തേങ്ങുമെൻ ഉൾക്കടൽ
സഖീ നീയറിയുമോ വിങ്ങുമീ ഗദ്ഗദം
വെറുതെ എന്നാലും ഓർമ്മ വന്നെൻ മിഴി  നനഞ്ഞൂ
മിണ്ടുവാൻ കൊതിയുമായെൻ കരൾ പിടഞ്ഞു
എൻ വാക്കുകൾ വാടി വീണ പൂക്കളായി
മൂകസന്ധ്യയിൽ അന്യനായി മാറി ഞാൻ.
കൂടണഞ്ഞു കതിരുകാണാക്കിളി എവിടെയോ മാഞ്ഞുപോയ് സാന്ത്വനങ്ങൾ 
പാഴ്മണ്ണിലെ ബാഷ്പധാരയാണു ഞാൻ
വിരഹരാത്രി തൻ പാതിരാച്ചിന്തു ഞാൻ
ഒന്നു കേൾക്കൂ ജീവിതം പോയൊരീ....പാഴ്മുളം തണ്ടിലെ നൊമ്പരങ്ങൾ  ...

ആരതിയുടെ വീടിന്റെ താഴത്തെനിലയിലെ ഒരു മുറിയിൽ ലൈറ്റ് കത്തി. ജനലോരം ചേർന്നൊരു നിഴൽ അവനവിടെ കണ്ടു.

" ആരതി " അവന് വല്ലാത്ത സന്തോഷം തോന്നി.

ഉറക്കമില്ലാത്ത സ്വഭാവമുള്ളതു നന്നായി പോയെന്നു എനിക്കു ഇന്നു തോന്നുന്നു ആരതി.

അവൻ മറഞ്ഞു നിന്നവൾ എന്താ ചെയ്യുന്നത് നോക്കിക്കൊണ്ടിരുന്നു.

(തുടരുന്നു )


അർജുന്റെ ആരതി  28

അർജുന്റെ ആരതി 28

4.8
2016

                          ഭാഗം - 28                അർജുന്റെ ആരതി നിനക്ക് ഉറക്കമില്ലാത്ത സ്വഭാവമുള്ളതു നന്നായി പോയെന്നു എനിക്കു ഇന്നു തോന്നുന്നു ആരതി. അവൻ മറഞ്ഞു നിന്നവൾ എന്താ ചെയ്യുന്നത് നോക്കിക്കൊണ്ടിരുന്നു. അവളെന്തൊക്കെയോ എഴുതിപഠിക്കുകയാണ്. അർജുന്റെ റൂമിന്റെ പുറത്തൊരു നിഴലനക്കം....ഡോറിന്റെ അടിയിലൂടെ റൂമിന്റെ താക്കോൽ നീങ്ങി വരുന്നത് അവന്റെ ശ്രദ്ധയിൽപെട്ടു. അവൻ ഓടിചെന്ന് റൂമിന്റെ താക്കോലെടുത്തു തുറന്നു. അർജുന്റെ വളർത്തു നായ ജിമ്മിയായിരുന്നു അത്.. ജിമ്മി..... അർജുൻ അവനെയെടുത്തു ഓമനിച്ചു. നീ ഒത്തിരി ബുദ്ധിമുട്ടിയോ എനിക്കു വേ