Aksharathalukal

രോഗം കുറ്റമല്ല

               

                      ദിവ്യമോളെന്ന രണ്ടു വയസ്സുകാരിയുടെ ജീവിതത്തിൽ 
നിന്നും സന്തോഷവും വർണ്ണങ്ങളും
അകറ്റി നിർത്തിയ ഈ സമൂഹത്തിനു എന്ത് പേര് നൽകിയാലും മതിയാകില്ല. ദിവ്യമോളുടെ നിഷ്കളങ്കമായി തന്നെ നോക്കി ചിരിക്കുന്ന മുഖം കാണുമ്പോൾ
ടെസ്സയുടെ ഉള്ളം നീറുകയാണ്.
അധ്യാപികയും അതിലുപരി
ഒരു അനാഥയുമായിരുന്ന ടെസ്സ
ഓർത്തെടുക്കുകയാണ് ദിവ്യമോൾ
തന്റെ കൈയിൽ എത്തിയ സാഹചര്യത്തെക്കുറിച്ചു.

                   
                  

                  ദിവ്യമോളുടെ അച്ഛന്റെ തെറ്റായ ജീവിതപശ്ചാത്തലത്തിന്റെ
പ്രതിഫലനമെന്നോണമാണ് എയിഡ്സെന്ന മാരകരോഗം
അവളുടെ അമ്മയ്ക്കു ലഭിച്ചതെങ്കിൽ.ഒരു തെറ്റും ചെയ്യാതെ അമ്മയുടെ ഗർഭപാത്രത്തിലൂടെ എത്തിച്ചേർന്നതായിരുന്നു ദിവ്യമോൾക്ക് ഈ മാരകരോഗം.കുഞ്ഞിന് എയിഡ്സ് സ്ഥിരീകരിച്ച നിമിഷം തളർന്നു പോയ ആ അമ്മ സ്വയം ജീവൻ ഒടുക്കുകയാണ് ചെയ്തത്.
അമ്മയുടെ മരണശേഷം വീണ്ടും
വിധി അവളെ പരീക്ഷിച്ചത്
അവളുടെ അച്ഛന്റെ
ഒളിച്ചോട്ടത്തിലൂടെയായിരുന്നു.
പാൽമണം മാറാത്ത വെറും ഇരുപതു ദിവസം മാത്രം പ്രായമുള്ള ആ പിഞ്ചു
കുഞ്ഞിനെ നോക്കാൻ ബന്ധുക്കൾ പോലും തയ്യാറായില്ല.

     
                   സ്റ്റാഫ്മുറിയിലെ ഒരു സുഹൃത്തിന്റെ പതിവ് സംസാരത്തിൽ നിന്നുമാണ് ടെസ്സയ്ക്ക് ദിവ്യമോളെകുറിച്ചു അറിയാൻ സാധിച്ചത്. അങ്ങനെയാണ് ആരുടെയും ആശ്രയവുമില്ലാതെ ഒറ്റയ്ക്കു ജീവിക്കുന്ന ടെസ്സയുടെ
കൈകളിൽ ദിവ്യമോൾ എത്തി ചേർന്നത്.അപ്പോഴേക്കും ഈ
പിഞ്ചുകുഞ്ഞും ഒരു കോമാളിയായി വാർത്തകളിൽ ഇടം നേടി കഴിഞ്ഞിരുന്നു. കുഞ്ഞായ ദിവ്യമോളെയും കൊണ്ട് പുറത്തു പോയിരുന്ന ടെസ്സയ്ക്കു ആദർശങ്ങൾ ഉയർത്തി പിടിക്കുന്ന ഈ സമൂഹത്തിൽ
നിന്നും ലഭിച്ചത് വേദനിപ്പിക്കുന്ന വാക്കുകളും കൂർത്ത നോട്ടങ്ങളും മാത്രമായിരുന്നു. പലപ്പോഴായി
ടെസ്സ എയ്ഡ്സെന്ന മാരകരോഗത്തെക്കുറിച്ചു സമൂഹത്തിൽ ബോധവത്കരണം
നടത്താൻ ശ്രമിച്ചുവെങ്കിലും
ഒന്നും ഫലം കണ്ടില്ല. എയ്ഡ്സ്
പനി പോലെ പകരുന്ന രോഗമല്ലെന്ന് ഒരുപാട് തവണ അവൾ പറഞ്ഞു നോക്കി എന്നാൽ ഒരു ഫലവുമുണ്ടായില്ല.

                     
      

              സമൂഹത്തിൽ ടെസ്സയെയും ദിവ്യമോളെയും മാറ്റി നിർത്തുകയാണ് ചെയ്തത്. അയൽവാസികൾ പോലും തിരിഞ്ഞു നോക്കാതെയായി.എങ്കിലും ടെസ്സ തന്റെ മനഃസാന്നിധ്യം കൈവിട്ടില്ല. അവൾ ആ കുഞ്ഞിനേയും കൊണ്ട് പൊരുതി കൊണ്ടിരുന്നു. ആരോരുമില്ലാത്ത ആ കുഞ്ഞിനു അവൾ അമ്മയാവുകയായിരുന്നു.
ദിവ്യമോളെ സംരക്ഷിച്ചതിന്റെ പേരിൽ തന്നെയും ഈ സമൂഹം അകറ്റി നിറുത്തിയതിനാൽ ടെസ്സ ഒരുറച്ച തീരുമാനം എടുത്തു കഴിഞ്ഞിരുന്നു.

                  

         

          ദിവ്യമോൾ വളരുകയാണ്, ഇനി ഈ നാട്ടിൽ നിന്നാൽ ചിലപ്പോൾ അവളുടെ ഭാവിയെ തന്നെ ബാധിക്കുമെന്ന തോന്നൽ ടെസ്സയിലുണ്ടായി.അങ്ങനെ രണ്ടു ദിവസങ്ങൾക്കു ശേഷം അവർ ഇവിടം വിടുകയാണ്, ഡൽഹിയെന്ന മഹാനഗരത്തിലേയ്ക്കു ദിവ്യമോളുടെ ഇനിയുള്ള ചികിത്സയ്ക്കും പഠനത്തിനും വേണ്ടി മാത്രമായല്ല..... പുത്തൻ
സ്വപ്നങ്ങളുമായി തങ്ങളെ
അറിയാത്ത സമൂഹത്തിലേയ്ക്കു പറിച്ചു നടുകയാണ്...പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും പുതിയൊരു
പുലരിയിലേക്ക് ടെസ്സയും ദിവ്യ
മോളും എത്തിചേരട്ടെയെന്നും
മനസ്സ് കൊണ്ട് പ്രാർത്ഥിക്കാം 🙏🙏🙏

എൻ:ബി :"രോഗം വരുന്നത് ഒരിക്കലും ആരുടേയും കുറ്റമല്ല..... അത് ജീവിതത്തിലെ പ്രതിസന്ധി മാത്രമാണ്.....അപ്പോൾ
കൂടെ നില്കാതെ പഴി പറയുന്നതാണ് ഈ സമൂഹത്തിന്റെ ശാപം "