Aksharathalukal

കനലിൻ വഴിയേ

ഗോപി ഡ്രൈവറായി ജോലിനോക്കുവാൻ തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും   ഇതുവരെ ഒരു കാർ സ്വന്തമാക്കുവാൻ കഴിഞ്ഞിട്ടില്ല.  അയാൾക്ക് സ്വന്തമെന്ന് പറയുവാൻ ഒരു മകൻ മാത്രമേയുള്ളു.  അവൻ ബിരുദ വിദ്യാർത്ഥിയാണ്. ഭാര്യയില്ലാതെ ജീവിക്കാൻ തുടങ്ങിയിട്ട് വർഷം പത്തുക്കഴിഞ്ഞു.

രണ്ടു ദിവസമായിട്ട് ഓട്ടം തീരെയില്ല.  വെറുതെ ടാക്സിസ്റ്റാൻഡിൽക്കിടന്ന് ചിതല് പിടിക്കണ്ടായെന്നു കരുതി, അയാൾ കാറിൽനിന്നും പുറത്തിറങ്ങി. അൽപ്പമകലെയായി ഒരു ആൾക്കൂട്ടം അയാൾ കണ്ടു!  കാര്യമെന്തെന്നു തിരക്കുവാൻ അയാൾ  അവിടേയ്ക്കുനീങ്ങി.

രക്തത്തിൽക്കുളിച്ച് ഒരാളവിടെ വീണുക്കിടക്കുന്നത് അയാൾ കണ്ടു!   കൂട്ടത്തിൽ നിന്നവർ പിറുപിറുത്തതല്ലാതെ അയാളെ ആശുപത്രിയിൽ കൊണ്ടുപോകുവാൻ തയ്യാറായില്ല. റോഡ് മുറിച്ചുകടക്കുമ്പോൾ അയാളെ മറ്റൊരു വാഹനം ഇടിച്ച് വീഴ്ത്തിയതാണ്. അയാൾക്കെന്തെങ്കിലും കുഴപ്പം പറ്റിയോയെന്ന് ചോദിച്ചറിയുവാനുള്ള  സന്മനസ്സ് അവർ കാണിച്ചതുമില്ല.

ഗോപി അയാളെ  കൈകൊണ്ട് കോരിയെടുത്ത് കാറിലേക്ക് നടന്നു.  രണ്ടുപേർ അയാളെ പിൻതുടർന്നു. അവർ ശരവേഗത്തിൽ അവിടെനിന്നും ആശുപത്രിയിലേക്ക് തിരിച്ചു. അയാളുടെ ഫോണിൽ നിന്നും,    വീട്ടിലെ നമ്പർ തിരഞ്ഞുപിടിച്ച്,  വിവരമറിയിക്കുകയും ചെയ്തു. അറിഞ്ഞപാടെ അയാളുടെ ആൾക്കാർ ആശുപത്രിയിൽ എത്തിച്ചേർന്നു. അതിനുശേഷം ഗോപി അവിടെനിന്നും വീട്ടിലേക്ക് തിരിച്ചു.

വരുംവഴിയിൽ ഗോപിയ്ക്ക് ശാരീരികബുദ്ധിമുട്ട് അനുഭവപ്പെട്ടു.  നെഞ്ച് പൊളിയുന്ന തരത്തിലുള്ള വേദന!  ശരീരം വിയർത്തൊലിക്കുവാൻ  തുടങ്ങി.  അയാൾ,  കാർ റോഡിന്റെ അരികിലേക്ക് ചേർത്തുനിറുത്തി.  ദാഹംകൊണ്ട് വല്ലാത്ത പരവേശം, അവന്റെ നാവ് കുഴയുവാൻ തുടങ്ങി.  കണ്ണുകൾ പതിയെ മുകളിലേക്ക്നോക്കി, പിന്നീട് പതിയെ അടഞ്ഞു.

നേരം വൈകിയിട്ടും അച്ഛൻ വീട്ടിലെത്താതെയായപ്പോൾ, ഗോകുൽ ഫോണിലേക്ക് വിളിച്ചു.  ബെല്ലടിക്കുന്നുണ്ടെങ്കിലും മറുപടി കേൾക്കാതെയായപ്പോൾ അവൻ പരിഭ്രമിച്ചു!  വകയിലുളള ഒരു ബന്ധുവിനേയുംകൂട്ടി അവൻ അച്ഛനെ അന്വേക്ഷിച്ചിറങ്ങി. 

പോകുന്ന വഴിയിൽ,  അച്ഛനോടിക്കുന്ന  വാഹനം അവനു  കാണുവാൻ കഴിഞ്ഞു. ഒരു വശത്ത് നിർത്തിയിട്ടിരിക്കുന്ന കാറിന്റെ അകത്ത്, മയങ്ങുന്ന അച്ഛനെ അവന് കാണുവാനും  കഴിഞ്ഞു.  ഡോറിൽ തട്ടിവിളിച്ചെങ്കിലും അയാളൊന്നുമറിഞ്ഞില്ല.  ഗോകുൽ പിന്നെയൊന്നും നോക്കിയില്ല... ഒരു കല്ലെടുത്ത് ലോക്ക് തല്ലിപൊട്ടിച്ചു.  ഡോർതുറക്കുന്ന വേളയിൽ ഗോപി പുറത്തേക്ക് വീഴുവാനായിത്തുടങ്ങി. താഴെയെത്തും മുൻപുത്തന്നെ ഗോകുൽ അയാളെ താങ്ങിപ്പിടിച്ചു. അച്ഛന്റെ കയ്യിൽ പിടിച്ചപ്പോൾ അവൻ പേടിച്ചു!  പൾസ് കുറഞ്ഞുപോയിരിക്കുന്നു... ശരീരം തണുപ്പ് വിഴുങ്ങികൊണ്ടിരിക്കുകയാണ്.  കൂടെയുണ്ടായിരുന്ന രഘു ഉടനെത്തന്നെ കാർ സ്റ്റാർട്ടുചെയ്ത് ആശുപത്രിയിലേക്ക് കുതിച്ചു.

അത്യാഹിത വിഭാഗത്തിലേക്ക് വേഗത്തിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല! 

"എല്ലാം കഴിഞ്ഞിട്ട് സമയം കുറച്ചായി!  അൽപ്പനേരം മുൻപ് എത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ;  ഒരു പക്ഷേ ജീവൻ  രക്ഷിക്കാൻ സാധിക്കുമായിരുന്നു!" ഡോക്ടറുടെ വാക്കുകൾ കേട്ടപ്പോൾ അവന്റെ ഹൃദയമിടിപ്പ് കൂടുവാൻത്തുടങ്ങി.

എന്തുചെയ്യുമെന്നറിയാതെ ഗോകുൽ നിസ്സഹായനായി നിന്നു. രഘു അവന്റെ കയ്യിൽ മുറുകെ പിടിച്ചു.  ബന്ധുക്കളെന്നു  പറയുവാൻമാത്രം അവന് ആരുമില്ല. അമ്മ പോയതിനുശേഷം,  അമ്മയുടെ വീട്ടുകാർ തിരിഞ്ഞുനോക്കാറില്ല.  ആകെയുള്ളത് നാട്ടുകാർ മാത്രം. അതുകൊണ്ട് പിറ്റേന്നു രാവിലെത്തന്നെ കർമ്മങ്ങളെല്ലാം തീർത്തു.

അർത്ഥമില്ലാത്ത ഒരുപാട് ദിവസങ്ങൾ  അവൻ കണ്ടു! അങ്ങനെയിരിക്കെ ഡിഗ്രി റിസൽട്ട് വന്നു.  വല്ല്യ തരക്കേടില്ലാതെ ഗോകുൽ പാസ്സായി. 

"ഇപ്പോൾ അവൻ അനുഭവിക്കുന്ന ഏകാന്തതയ്ക്ക് ഒരു മാറ്റം വരണമെങ്കിൽ,  തൽക്കാലം അവിടെനിന്നും മാറുന്നതാണ് നല്ലതെന്ന്" സുഹൃത്തുക്കളും നാട്ടുകാരും ഒരുപോലെ പറഞ്ഞു.  ഇഷ്ടമില്ലെങ്കിൽകൂടി,  അവൻ അവരുടെ വാക്കുകൾ അനുസരിച്ചു.

കയ്യിലുള്ള ബിരുദ സർട്ടിഫിക്കറ്റ് വച്ച് , അവൻ നഗരത്തിലെ ഒരു ധനകാര്യ സ്ഥാപനത്തിൽ ജോലിക്ക് അപേക്ഷിച്ചു.  ഒരു മാസത്തെ കാത്തിരിപ്പിന് ശേഷം,  അവന് കമ്പനിയിൽ പ്രവേശിക്കുവാനുളള അനുമതി നൽകികൊണ്ടുളള ഓർഡർ ലഭിച്ചു. 

തുടക്കം അടുത്തുളള നഗരത്തിൽത്തന്നെയായിരുന്നു.  അവിടെനിന്നും കുറച്ചു സുഹൃത്തുക്കളെ അവനു കിട്ടുകയും ചെയ്തു.  ഓഫീസിൽ അവന് യാതൊരു മടുപ്പും തോന്നിയിരുന്നില്ല.  പക്ഷേ,  വീട്ടിലെത്തുമ്പോൾ വലിയ ഏകാന്തതയായിരുന്നു.  ഒരു അനുഗ്രഹമെന്നപോലെ അവനു മറ്റൊരു സ്ഥലത്തേക്ക് മാറ്റം കിട്ടി.  എത്രയുംവേഗം ജോയിൻ ചെയ്യണമെന്നതിനാൽ,     ഉടൻതന്നെ അവൻ യാത്ര തിരിച്ചു.  ഒരു മാറ്റത്തിന് വേണ്ടിയുള്ള യാത്ര,  കൊല്ലം ലക്ഷ്യമാക്കി അവൻ പുറപ്പെട്ടു.

(തുടരും)
                        
                         **************


കനലിൻ വഴിയേ രണ്ടാം അദ്ധ്യായം

കനലിൻ വഴിയേ രണ്ടാം അദ്ധ്യായം

4.7
283

ഗോകുൽ ജില്ലയ്ക്കു പുറത്തുപോകുന്നത്  ആദ്യമായിട്ടാണ്.  അതിന്റെ ചെറിയ പരിഭ്രാന്തിയുണ്ട്. യാത്രയുടെ പുതുമ ആസ്വദിക്കുന്നതിനുവേണ്ടി, കാഴ്ചകളെല്ലാം അവൻ കണ്ണിലൊപ്പിയെടുത്തു.    അവന്റെ  ആസ്വാദനം തടസ്സപ്പെടുത്തികൊണ്ട് മേഘങ്ങൾ മിഴിനീർ പൊഴിച്ചു.  ഏവരോടും വിൻഡോ അടച്ചിടാൻ കണ്ടക്ടർ ആവശ്യപ്പെട്ടു.  ഓരോ സ്റ്റോപ്പ് കഴിയുംതോറും അവൻ വിൻഡോ പാതി തുറന്നുനോക്കും.  എല്ലാവരും വിൻഡോ അടച്ചപ്പോൾ ഇരുട്ടുമുറിയിലിരിക്കുന്ന  അവസ്ഥയായി.  മഴ തോർന്നില്ലെങ്കിൽ  ഉറങ്ങുകയല്ലാതെ മറ്റൊരു വഴിയും അവന്റെ മുന്നിൽ ഇല്ലായിരുന്നു.  പാട്ടുകേൾക്കുന