Aksharathalukal

കനലിൻ വഴിയേ രണ്ടാം അദ്ധ്യായം

ഗോകുൽ ജില്ലയ്ക്കു പുറത്തുപോകുന്നത്  ആദ്യമായിട്ടാണ്.  അതിന്റെ ചെറിയ പരിഭ്രാന്തിയുണ്ട്. യാത്രയുടെ പുതുമ ആസ്വദിക്കുന്നതിനുവേണ്ടി, കാഴ്ചകളെല്ലാം അവൻ കണ്ണിലൊപ്പിയെടുത്തു.  

 അവന്റെ  ആസ്വാദനം തടസ്സപ്പെടുത്തികൊണ്ട് മേഘങ്ങൾ മിഴിനീർ പൊഴിച്ചു.  ഏവരോടും വിൻഡോ അടച്ചിടാൻ കണ്ടക്ടർ ആവശ്യപ്പെട്ടു.  ഓരോ സ്റ്റോപ്പ് കഴിയുംതോറും അവൻ വിൻഡോ പാതി തുറന്നുനോക്കും.  എല്ലാവരും വിൻഡോ അടച്ചപ്പോൾ ഇരുട്ടുമുറിയിലിരിക്കുന്ന  അവസ്ഥയായി.  മഴ തോർന്നില്ലെങ്കിൽ  ഉറങ്ങുകയല്ലാതെ മറ്റൊരു വഴിയും അവന്റെ മുന്നിൽ ഇല്ലായിരുന്നു.  പാട്ടുകേൾക്കുന്ന ശീലം പണ്ടേ ഇല്ലാത്തതുകൊണ്ട്,  ഫോണിൽ മരുന്നിന്പോലും ഒരു പാട്ട് ഇല്ല. 

  ഒരാൾ,  ഒരു കാര്യം ചെയ്യുന്നതുകണ്ടാൽ,   അത് ചെയ്തുനോക്കാതെ മലയാളിക്ക് ഇരിപ്പുറയ്ക്കില്ല  എന്നതെത്ര ശരിയാണ്.  ഓരോരുത്തരും മഴ തോർന്നോയെന്നറിയുവാൻ  വിൻഡോയിലൂടെ പുറത്തേക്കു നോക്കുന്നുണ്ടായിരുന്നു.  ഇതിനിടയിൽ ഒരാളുടെ ദേഹത്തിൽ വെള്ളം തെറിക്കുകയും അയാൾ ദേഷ്യത്തിൽ ഒച്ചവയ്ക്കുകയും ചെയ്തു.  അടങ്ങിയിരുന്നില്ലെങ്കിൽ ഇറക്കിവിടുമെന്ന് കണ്ടക്ടർ പറഞ്ഞപ്പോൾ,  അയാൾ ശാന്തനായി.

   മഴയുടെ വാശി പതിയെ കെട്ടടങ്ങി.  എങ്കിലും യാത്രക്കാർ ചിലർ അടങ്ങിയില്ല.  കാരണം,  അവർക്ക് ബാക്കി കിട്ടിയിരുന്നില്ല!   "കയ്യിൽ ഉണ്ടെങ്കിലല്ലേ തരാൻ പറ്റു" എന്ന് കണ്ടക്ടറും "തന്നാലേ ഇറങ്ങു"  എന്ന് യാത്രക്കാരും.  എല്ലാം സർക്കാരിനുവേണ്ടിയാണല്ലോ എന്ന് ആശ്വസിച്ച്,  അവസാനം അവർ ഇറങ്ങുവാൻ തയ്യാറായി.  കുറച്ച്സമയത്തിന് ശേഷം മനസമാധാനം   തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു ഗോകുൽ.

    കോട്ടയം എത്തിയപ്പോൾ, ക്ഷീണിച്ചവശയായ ഒരു പെൺകുട്ടി ആ ബസിൽ കയറി.  ഗോകുൽ ഇരിക്കുന്ന സീറ്റിൽതന്നെ അവളും ഇരുന്നു.  ഗോകുൽ സീറ്റിൽനിന്നും എഴുന്നേൽക്കുവാൻ  ശ്രമിച്ചെങ്കിലും, സാരമില്ലയെന്ന മട്ടിൽ,  അവൾ അവനെ തടഞ്ഞു.

   ചങ്ങനാശ്ശേരിയ്ക്കുളള  ടിക്കറ്റ് എടുത്തതിനുശേഷം, അവൾ തൂവാലകൊണ്ട്, വിയർത്ത മുഖവും കഴുത്തും തുടച്ചു.  കഴുത്തിൽ തപ്പിയപ്പോഴാണ് തന്റെ മാല കാണുവാനില്ലയെന്ന സത്യം അവൾ മനസിലാക്കിയത്!  പരിഭ്രമത്തോടെ ചുറ്റിലും നോക്കുന്നതുകണ്ടപ്പോൾ, ഗോകുൽ അവളോട് കാര്യം എന്തെന്ന് തിരക്കി!  മാല കാണുവാനില്ലെന്ന കാര്യം,  അവൾ അവനോട് പറഞ്ഞു! 

ഗോകുൽ സീറ്റിന്റെ അടിയിൽ നന്നായി നോക്കി.  പതിയെ അവന്റെ ശ്രദ്ധ അവളുടെ ബാഗിൽ പതിപ്പിച്ചു.  ബാഗിന്റെ നേർക്ക് വിരൽ ചൂണ്ടി ഒരു ചിരിയോടെ അവൻ പറഞ്ഞു;  ഇതുതന്നെയല്ലേ കാണാതായ മാല.  ചമ്മലോടെ,  അവൾ ബാഗിന്റെ വലിപ്പിൽ കുരുങ്ങിയ മാല വേർതിരിച്ചെടുത്തു.  അവൾ അൽപ്പം നാണത്തോടെ അവനെ നോക്കി ചിരിച്ചു. 

  ചങ്ങനാശ്ശേരി എത്തിയപ്പോൾ, അവന്റെ നേരെ ഒരു ചിരിയെറിഞ്ഞ്,  അവൾ ബസ്സിൽനിന്നും ഇറങ്ങി. 

അവൻ വീണ്ടും,  അവന്റെ മനസിനെ കാഴ്ചകളിലേക്ക് ക്ഷണിച്ചു.  ഏകദേശം രണ്ടരമണിക്കൂറിനുള്ളിൽ അവൻ കൊല്ലത്തിന്റെ മണ്ണിൽ എത്തി.

ബസ് സ്റ്റാൻഡിൽനിന്നും ഒരു കിലോമീറ്റർ തികച്ചും ഇല്ല കമ്പനിവക റൂമിലേക്ക്.  അവൻ ചിന്നക്കടയിലേക്ക് ഒരു ഓട്ടോ പിടിച്ചു. 

റൂമിലെത്തിയ നേരം, ഏവരും ഭക്ഷണം കഴിക്കുകയായിരുന്നു.  ഗോകുൽ തന്റെ മാനേജരെ പരിചയപ്പെട്ടു. ശ്യാംധർ എന്നാണ് പുള്ളിയുടെ പേര്.  കാസർഗോഡാണ് പുള്ളിയുടെ സ്വദേശം.  മലയാളവും തുളുവും കലർന്ന ഭാഷാ ശൈലിയാണ് പുള്ളിയുടേത്.

    ഏരിയാ മാനേജരും മറ്റ് ബ്രാഞ്ചിലെ മാനേജർമാരും സ്റ്റാഫുകളുംകൂടി ഒരുമിച്ചാണ് താമസം.  കമ്പനി വക രണ്ടു ചെറിയ വീടുകളിലാണ് താമസം.  ഭൂമിശാസ്ത്രം കണ്ടാൽ ചൂല് ഉപയോഗശൂന്യമാണെന്നു  തോന്നും.  സിറ്റൗട്ട് നിറയെ ചെരുപ്പുകളും അതിലെ മണ്ണും;  ഒരു ചവിട്ടി പോലും കാണുവാനായിട്ട് അവിടെയില്ല.

  ഭക്ഷണം എല്ലാവരും ചേർന്നാണ് തയ്യാറാക്കുന്നത്.  തമിഴ്നാട്ടിൽ നിന്നുള്ള രാജേന്തർ, പുളളിയാണ് പ്രധാന കുക്ക്.  ഞായറാഴ്ചകളിൽ ചിക്കനും മീനും ഉണ്ടാവും.  അതിന്റെ ചുക്കാൻ പിടിക്കുന്നത് ജിൻസ് ആണ്.  താൽപ്പര്യമുണ്ടെങ്കിൽ  ഭക്ഷണം ഒരുമിച്ചാവാമെന്ന്,   അവർ ഗോകുലിനോട് പറഞ്ഞു.  അവൻ സമ്മതംമൂളി.

   ഭക്ഷണം കഴിച്ചിട്ടു വരാമെന്നുപറഞ്ഞ് ഗോകുൽ പുറത്തിറങ്ങി.  പുതിയ സ്ഥലമല്ലേ!  ഒന്ന് വെറുതെ കറങ്ങാം അതാണ് ഉദ്ദേശം. 

വിശപ്പുകൊണ്ട് കഴിച്ചു എന്നതല്ലാതെ,  വലിയ രുചിയൊന്നും ഉണ്ടായിരുന്നില്ല.  പോരാത്തതിന് നല്ല കത്തിയും.  നാളെമുതൽ അവരോടൊപ്പം കൂടുന്നതാണ് ആരോഗ്യത്തിനും സാമ്പത്തിക സ്ഥിതിയ്ക്കും നല്ലത് എന്ന് അവൻ ഉള്ളിൽ കുറിച്ചു.

     തിരിച്ച് റൂമിലേക്ക് പോകുന്നവഴി,  ഒരാൾ അവനെ പിന്തുടരുന്നതുപോലെ തോന്നി.  അവൻ നടത്തത്തിന്റെ വേഗത കുറച്ചപ്പോൾ, അയാൾ നിന്നു.  അയാളെ കണ്ടിട്ട് ഒരു തമിഴനെപ്പോലെയുണ്ട്.  വല്ല പോക്കറ്റടിക്കാർ ആവുമോ?  ഉള്ളിൽ ഭയമുണ്ട്,   പരിചയമില്ലാത്ത സ്ഥലവും! 
രണ്ടും കൽപ്പിച്ച്,  അവൻ  അയാളുടെ അടുത്തേക്ക് നടന്നു.

(തുടരും)

                              ************


കനലിൻ വഴിയേ മൂന്നാം അദ്ധ്യായം.

കനലിൻ വഴിയേ മൂന്നാം അദ്ധ്യായം.

5
198

ഗോകുലിന്റെ വരവ് കണ്ട് അയാളൊന്ന് നടുങ്ങി! ഗോകുൽ: "കുറേ നേരമായല്ലോ എന്റെ പിറകെ നടക്കുവാൻ തുടങ്ങിയിട്ട്,    എന്താണ് നിങ്ങൾക്കു വേണ്ടത്?" അയാൾ: "അത്" ഗോകുൽ: "നിങ്ങൾ പരുങ്ങാതെ കാര്യം പറയൂ." അയാൾ: "സാർ... എനിക്ക് ഒരു സഹായം ചെയ്തു തരുമോ?" ഗോകുൽ: "കാര്യമറിയാതെ ഞാൻ എങ്ങനെ മറുപടി പറയും?" അയാൾ: "ആ കാണുന്നതാണ് എന്റെ വീട്.  എനിക്ക് ആക്രി സാധനങ്ങൾ പെറുക്കിവിൽക്കലാണ് പണി.  ഇന്ന് നല്ല മഴയായതുകൊണ്ട് പണിക്കുപോകാൻ കഴിഞ്ഞില്ല.  വീട്ടിൽ,  വൈകീട്ട് കഴിക്കുവാൻ ഒന്നുമില്ലാത്ത അവസ്ഥയാണ്.  ഭാര്യ ഗർഭിണിയായതുകൊണ്ട് പട്ടിണിക്കിടുവാനും  കഴിയ