Aksharathalukal

ലേഖനം - വായനശാല

 

 

 


 വായനയുടെ ലോകത്ത്, വായനശാലയുടെ പങ്ക് വളരെ വലുതാണ്.

 കാലത്തിന്റെ കടന്നു പോക്കിൽ അതിനെല്ലാം മാറ്റം വന്നിരിക്കുന്നു.

 പണ്ട്, സന്ധ്യയാകുമ്പോൾ വായനശാലയിൽ ഒത്തുകൂടി, ഓരോരോ ചർച്ചയിലും മുഴുകി, അവസാനം ഒരു പിടി പുസ്തകങ്ങളുമായി വീട്ടിലേക്ക് മടങ്ങിയെത്തുമ്പോൾ, വായനയുടെ ഒരു ലോകം തുറക്കുകയായി.....

 പുസ്തകങ്ങളുടെ വായന നമ്മെ കൊണ്ടെത്തിക്കുക മറ്റൊരു ലോകത്താണ്....

 ഇവിടെ ഇപ്പോൾ വായനയും, വായനശാലകളും എല്ലാം അപ്രത്യക്ഷമായി തുടങ്ങിയിരിക്കുന്നു.

 നല്ലതു തേടി, വായനശാലയുടെ തട്ടു കളിലൂടെ, കൈ പരതി നടന്ന ഒരു ബാല്യം....

 അങ്ങനെ വായിച്ചു കൂട്ടിയ ഒരുപിടി നല്ല പുസ്തകങ്ങൾ......

 എം. ടി യെയും, മുകുന്ദനെയും, വൈക്കത്തെ യും, സി. രാധാകൃഷ്ണനെയും ഒക്കെ ഇഷ്ടപ്പെട്ട് അവസാനം രാജലക്ഷ്മി എന്ന അനുഗ്രഹീത എഴുത്തുകാരിയിലൂടെ സാഹിത്യം എന്തെന്ന് പഠിച്ചു.

 എംടിയുടെ നാലുകെട്ടും, അസുരവിത്തും, എം. മുകുന്ദന്റെ മയ്യഴി പുഴയുടെ തീരത്തും, വൈക്കത്തിന്റെ വേണാട്ടമ്മയും, സി. രാധാകൃഷ്ണന്റെ മുൻപേ പറക്കുന്ന പക്ഷികളും, ഒറ്റയടിപാത യും, രാജലക്ഷ്മിയുടെ ഒരു വഴിയും കുറെ നിഴലുകളും, ഞാനെന്ന ഭാവവും.......

 അങ്ങനെ എത്രയെത്ര കഥകൾ.....

 ഇവയൊക്കെ ഏകാന്തതയുടെ ലോകത്ത് ഒരു കുളിർ മഴയായിരുന്നു.

 എം. മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവൽ മയ്യഴിയുടെ കഥയാണ്.

 അൽഫോൻസാച്ചൻ എന്ന വ്യക്തി, ഫ്രാൻസിനെക്കാൾ ഉപരി മയ്യഴി യെ സ്നേഹിക്കുന്നു.

 ആ മയ്യഴി വിട്ടുപോകാൻ അയാൾക്ക് സാധിക്കുന്നില്ല.

 ആരെന്തു പറഞ്ഞാലും ചിരിയിൽ അത് സ്വീകരിക്കുന്ന ആ മനുഷ്യൻ അവസാനം നഷ്ടങ്ങളുടെ ലോകത്തേക്ക് പറന്നുയരുക യാണ്......

 കഞ്ചാവ് പുക അകത്തുചെന്നാൽ, ഒരു വലിയ വാവലി നെ പോലെ ആകാശത്തിൽ തങ്ങിനിന്ന് തന്റെ സൃഷ്ടിയായ മയ്യഴിയെ ദർശിക്കുന്ന അൽഫോൻസാച്ചൻ.......

 ആ ജാലവിദ്യക്കാരനെ എപ്പോഴും കുറ്റം പറയുന്ന മഗ്ഗി മദാമ്മ.....

 പതിമൂന്നാം വയസ്സിൽ അന്യന്റെ ഗർഭം ചുമക്കേണ്ടി വന്ന മഗ്ഗിയുടെ മകൾ എൽസി.....

 തന്റെ ദുഃഖങ്ങൾ മാറ്റിവെച്ച് മയ്യഴിയുടെ ഓരോ വ്യക്തിയുടെയും ക്ഷേമത്തിനുവേണ്ടി രാവ് തോരാതെ പണിയെടുക്കുകയും, അവസാനം ഓരോരുത്തരായി അയാളെ ഉപേക്ഷിക്കുകയും ചെയ്യുമ്പോൾ, എല്ലാം സ്വന്തം മനസ്സിൽ സൂക്ഷിക്കുകയും ചെയ്യുന്ന കുമാരൻ വൈശ്യർ.....

 തന്റെ രണ്ടുമക്കളെയും നല്ല നിലയിൽ ആകണം എന്ന് വിചാരിച്ച് പണമെല്ലാം ചെലവാക്കി പഠിപ്പിച്ചുവെങ്കിലും, അതെല്ലാം വൃഥാവിൽ ആക്കുന്ന കുമാരൻ വൈശ്യരുടെ രണ്ടു മക്കൾ.... ശശിയും, ശിവനും.....

 ഫ്രഞ്ചുകാർ മയ്യഴി വിട്ടുപോയതിൽ ദുഃഖിക്കുന്ന മയ്യഴിയിലെ കുറെ വേറെ മനുഷ്യർ......

 ഇവരൊക്കെയാണ് ഈ കഥയിലെ കഥാപാത്രങ്ങൾ.....

 എം. മുകുന്ദന്റെ നോവലുകളിൽ  ഏറ്റവും പ്രിയപ്പെട്ടത് മയ്യഴിപ്പുഴയുടെ തീരങ്ങളിലും, ദൈവത്തിന്റെ വികൃതികളും ആണ്....

 മയ്യഴിയെ, അടുത്തറിയാൻ ഈ രണ്ട് നോവലുകളും ഏറെ സഹായിക്കുന്നു.

 ദൈവത്തിന്റെ വികൃതികളിൽ, എല്ലാം പെട്ടെന്ന് കെട്ടടങ്ങി എന്ന്, തോന്നുന്നുണ്ടെങ്കിലും, നോവലിലെ അവസാനഭാഗത്ത്  ഒരു പുതിയ പ്രഭാതം മുകുന്ദൻ വരച്ചുകാട്ടുന്നുണ്ട്......

 നോവലിലെ അവസാന വാക്കുകൾ തന്നെ അതിനു ഉദാഹരണം.....

" കുമാരൻ വൈശ്യരുടെയും, അൽഫോൻസാച്ചന്റെയും, അവരുടെ മക്കളുടെയും കഥ അവസാനിച്ചിരിക്കാം..... പക്ഷേ മറ്റൊരു കഥ ഇവിടെ തുടങ്ങുകയാണ്..... എൽ സി യുടെയും, ശശിയുടെയും, രോഹിണി യുടെയും...... അങ്ങനെ ഒരു പുതിയ തലമുറയുടെ.....

 ഈ നോവൽ നാം വായിക്കുമ്പോൾ, അതിലെ ഓരോ കഥാപാത്രങ്ങളെയും നമ്മൾ സ്നേഹിക്കുന്നത് പോലെ തന്നെ, മയ്യഴി യെയും അറിയാതെ ഇഷ്ടപ്പെട്ടു പോകും....

 അത്രമാത്രം മനോഹരമായിട്ടാണ് മുകുന്ദൻ മയ്യഴിയെ അതിൽ ചിത്രീകരിച്ചിരിക്കുന്നത്.

 ഈ നോവലിലെ ഓരോ കഥാപാത്രങ്ങൾക്കൊപ്പം തന്നെ, മയ്യഴി ക്കും, അതിന്റെതായ പ്രാധാന്യമുണ്ട്......

 തന്റെ ജന്മനാടായ മയ്യഴിയുടെ, സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതുന്ന ദാസന്റെ കഥതന്നെ അതിനുദാഹരണമാണ്.


 എം. ടി  വാസുദേവൻ നായർ.....

 മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ.

1996 ലെ ജ്ഞാനപീഠം അവാർഡ് ജേതാവ്...

 ദുഃഖവും, സ്നേഹവും, സന്തോഷവും നിറഞ്ഞുനിൽക്കുന്ന, മനുഷ്യജീവിതത്തിന്റെ അകത്തളങ്ങളിലേക്ക് കടന്നുചെല്ലാൻ ഈ കഥാകൃത്ത് പരമാവധി ശ്രമിക്കാറുണ്ട്....

 അദ്ദേഹത്തിന്റെ കഥകൾ തന്നെ അതിന് ഉദാഹരണമാണ്.

 പള്ളിവാളും, കാൽചിലമ്പും, ( ഇത് പിന്നീട്        ' നിർമ്മാല്യം ' എന്ന പേരിൽ സിനിമയായി )
 ഓപ്പോൾ, ഇരുട്ടിന്റെ ആത്മാവ്, അക്കൽദാമയിൽ പൂക്കൾ വിടരുമ്പോൾ, കുട്ടിയേടത്തി, സ്നേഹത്തിന്റെ മുഖങ്ങൾ, വിത്തുകൾ, നുറുങ്ങുന്ന ശൃംഖലകൾ.....

 അങ്ങനെ എത്രയെത്ര കഥകൾ മലയാളിയുടെ നോവായി മാറിയിരിക്കുന്നു.


 നാലുകെട്ടിൻ അകത്തളങ്ങളിലെ, സ്നേഹവും കണ്ണീരും നൊമ്പരങ്ങളും എല്ലാം മലയാളി തൊട്ടറിഞ്ഞത് എം ടിയുടെ കഥകളിലൂടെ ആണ്.


 വേറിട്ട രീതിയായിരുന്നു എംടിയുടെ കഥകളിൽ മുഴുവൻ.

 അതിന് ഏറ്റവും നല്ല ഉദാഹരണമാണ്
' അക്കൽദാമയിൽ പൂക്കൾ വിടരുമ്പോൾ' എന്ന കഥ.

 യൂദാസിന്റെ പുതിയ മുഖം..... അതാണ് അക്കൽദാമയിൽ പൂക്കൾ വിടരുമ്പോൾ എന്ന ഈ കഥ.

 യേശുവും, യൂദാസും തമ്മിൽ കണ്ടുമുട്ടുന്നു.

 യൂദാസിനെ ഈ ലോകത്തിന്റെ മായകൾ യേശു കാണിച്ചു കൊടുക്കുന്നു.

 പണ്ടെങ്ങോ താൻ ചെയ്ത തെറ്റിന്റെ ഫലം ഇന്നും തുടർന്നു പോകുന്നത് യൂദാസ് കാണുന്നു.

 മനുഷ്യമനസ്സ്...... അത് അളക്കുന്ന ദൈവത്തിന്റെ ശക്തിയെ എം. ടി  നമുക്ക് കാണിച്ചു തരുന്നു.

'വിത്തുകളി 'ലെ ഉണ്ണി,  ' ഇരുട്ടിന്റെ ആത്മാവിലെ ' വേലായുധൻ,
' സ്നേഹത്തിന്റെ മുഖങ്ങളിലെ ' അനിയൻ,
' മൂടുപടത്തിലെ ' ബാബു, ' കരിയിലകൾ മൂടിയ വഴിത്താരയിലെ ' രാഘവൻ,
' പള്ളിവാളും കാൽ ചിലമ്പും കളിലെ ' വെളിച്ചപ്പാട്, ' നുറുങ്ങുന്ന ശൃംഖലകളി'ലെ ശേഖരൻ...... അങ്ങിനെ എത്രയെത്ര കഥാപാത്രങ്ങൾ........

 മനസ്സിന്റെ അഗാധതയിൽ, അബോധാവസ്ഥയിലുള്ള ഓർമ്മകളെ, താളത്തിനൊത്ത് പുനർജ്ജീവിപ്പിക്കാൻ, എംടിക്ക് മാത്രമേ സാധിക്കൂ.

 അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെല്ലാം നൂറുശതമാനവും തന്റെ മുന്നിലൂടെ കടന്നു പോയവർ തന്നെയായിരുന്നു.
 അതുകൊണ്ടുതന്നെ ആ കഥകൾക്കെല്ലാം, ജീവിതത്തിന്റെ സുഗന്ധവും, മണ്ണിന്റെ മണവും ഉണ്ടായിരുന്നു.

 അദ്ദേഹത്തിന്റെ വാക്കുകൾ തന്നെ അതിന് ഉദാഹരണമാണ്.

" കൂടല്ലൂർ എന്ന എന്റെ ചെറിയ ലോകത്തിനോട് ഞാൻ മാറി നിൽക്കാൻ ആകാത്തവിധം ബന്ധപ്പെട്ടിരിക്കുന്നു..... അതിന്റെ നാലതിരുകൾക്ക് അപ്പുറത്ത് കടക്കില്ല എന്ന് നിർബന്ധം ഉണ്ടോ എന്ന് ചോദിക്കാം...... ഇല്ല..... വ്യത്യസ്തമായ ഭൂഭാഗങ്ങൾ തേടി ഞാൻ അലയാറുണ്ട്...... പലപ്പോഴും...... പക്ഷേ വീണ്ടും വീണ്ടും ഞാൻ ഇവിടേക്ക് തിരിച്ചു വരുന്നു..... ഇതൊരു പരിമിതി ആവാം.... പക്ഷേ അറിയാത്ത അത്ഭുതങ്ങളെ ഗർഭത്തിൽ വഹിക്കുന്ന മഹാസമുദ്രങ്ങളെക്കാൾ, അറിയുന്ന എന്റെ നിളാനദി യെ ആണ് എനിക്കിഷ്ടം...."


 രാജലക്ഷ്മി......

 അധികം പുസ്തകങ്ങൾ ഒന്നും എഴുതിയിട്ടില്ല എങ്കിലും, മൂന്നോ നാലോ കഥകൾ കൊണ്ട് മലയാളിയുടെ മനസ്സിൽ ഇടം നേടിയ അനുഗ്രഹീത എഴുത്തുകാരി....

 ചെറുപ്രായത്തിൽ തന്നെ, ആത്മഹത്യയിലൂടെ മരണത്തെ പുൽകുമ്പോൾ, മലയാളിക്ക് എന്നും ഓർത്തുവയ്ക്കാൻ, ഒരു നല്ല കഥ ആ എഴുത്തുകാരിയിൽ നിന്ന് പിറവികൊണ്ടു......

 അതായിരുന്നു..... ഒരു വഴിയും കുറെ നിഴലുകളും....


 മനോഹരമായിരുന്നു ആ നോവൽ.....

 പേജുകൾ മറിക്കും തോറും, ആകാംക്ഷ യിലൂടെ വായനക്കാരനെ കൊണ്ടുപോകാൻ ആ എഴുത്തുകാരിക്ക് തന്റെ അവതരണത്തിലൂടെ കഴിഞ്ഞു.

 ഈ നോവൽ പലയാവർത്തി വായിച്ചിരിക്കുന്നു......

 എന്താണ് ഈ നോവൽ മനസ്സിനെ ഇത്രയേറെ സ്വാധീനിക്കാൻ കാരണം....

 ഉത്തരമുണ്ട്....
 ഇതിന്റെ അവതരണരീതി തന്നെ....

 ഇതിന്റെ കഥ മറ്റൊരാളോട് പറയുമ്പോൾ, ഇതിൽ എന്തെങ്കിലും ഉള്ളതായി നമുക്ക് തോന്നുകയില്ല...... മറിച്ച് രാജലക്ഷ്മി എഴുതിയ വരികളിലൂടെ കണ്ണോടിച്ചാൽ, ഒരു ഗ്രാമത്തിന്റെ ആത്മാവും അവിടത്തെ കുറെ മനുഷ്യരുടെ മോഹങ്ങളും വേദനകളും ഒക്കെ നമുക്ക് മനസ്സിലാക്കാം......

 ആ എഴുത്തുകാരി ജീവിച്ചിരുന്നെങ്കിൽ, മലയാളസാഹിത്യത്തിന് ഒരുപിടി നല്ല പുസ്തകങ്ങൾ സമ്മാനിച്ചെനേ...

 ഏകാന്തത ഇഷ്ടപ്പെട്ട്, അവസാനം ഏകാന്തമായ ഒരു ലോകത്തേക്ക്, തനിച്ച് യാത്രയായ രാജലക്ഷ്മി എന്ന അനുഗ്രഹീത എഴുത്തുകാരിക്ക് ഒരുപിടി ഓർമപ്പൂക്കൾ....

 ചന്തുമേനോൻ ' ഇന്ദുലേഖ ' യിൽ തുടങ്ങിയ സാഹിത്യം ഇന്ന് എത്തിനിൽക്കുന്നത് എവിടെയാണ്.

 ശുദ്ധ സാഹിത്യത്തിൽ നിന്ന്, ഒരുകാലത്ത് പൈങ്കിളി സാഹിത്യത്തിലേക്ക് വഴുതിവീണു.

 എന്നാൽ ഇന്ന് അതിന്റെ അവസ്ഥയോ....?

 മലയാളിക്ക് വായനാശീലം നഷ്ടപ്പെട്ടിരിക്കുന്നു.

 എന്നിരുന്നാലും, ഇന്നും വായനയെ ഇഷ്ടപ്പെടുന്ന കുറെ പേരുണ്ട്.....

 ജീവിതഗന്ധിയായ കഥകൾ ആണ് നമുക്ക് ആവശ്യം....

 അക്ഷരങ്ങൾ ഉറങ്ങിക്കിടക്കുന്ന വീടായ, വായനശാലകളിലൂടെ ആ കഥകൾ നമ്മളിലേക്ക് എത്തട്ടെ....

 എം ടി, പറയുന്നതുപോലെ,

" താളകേടുകളുടെ, തിരകളും ചുഴികളും കൊണ്ട് അസ്വസ്ഥമാണ് ജീവിതം.... താളകേടുകളുടെ, താളത്മകതയിൽ എത്തിച്ചേരാനുള്ള ഒരു സാഹസിക യാത്രയാണ് സാഹിത്യകാരൻ നടത്തുന്നത്.... പൂർണ്ണതയാണ് ലക്ഷ്യം....... "

 ആ പൂർണതയ്ക്ക് വേണ്ടി നമുക്ക് കാത്തിരിക്കാം....


............................ ശുഭം...................................