Aksharathalukal

മിത്രം

 
 
 
 
പാരിൽ പടർന്നൊരാ കൂരിരുട്ടിൽ 
ഒറ്റക്കൊരഭയാർത്ഥിയായ് ഞാൻ
മോക്ഷമില്ലാ വേദന പേറി
കാതങ്ങൾ നടന്നു തുടങ്ങി
പകലുകൾ അകലെയകലെ ഈ യാത്രയിൽ
ഞാനോ തമസ്സിൽ നഷ്ട സ്വപ്നങ്ങളെ തേടിടുന്നു...
ഇരുളിൻ തീയാളുമ്പോൾ 
പൊള്ളും ചൂടിൽ
സ്മൃതികൾ വേട്ടയാടുന്നു
കൺതടങ്ങൾ നിറയുന്നു
എവിടെയെൻ കിനാക്കൾ?
എവിടെയെൻ സ്മിതം..?
എവിടെ പോയ്‌മറഞ്ഞു..?
 
 
അടർന്ന ബാഷ്പങ്ങളിൽ
കോറിയിട്ട പ്രഹ്നയ പരാജയം.
വിടർന്നു ഇപ്പോൾ 
അന്ത:കരണത്തിലും അന്ധകാരം..
സകലതിനും ഹേതുവായതോ
ആത്മാവിൻ മനോരഥം
 
 
കഴിഞ്ഞ രാവിൽ മിഥ്യയായ്
നീയും കൂടെയുണ്ടായിരുന്നു
ധ്വാന്തമാണ് ചുറ്റിലെങ്കിലും
വാസന്തവും ചന്ദ്രഹാസവും
പൂത്തുലഞ്ഞിരുന്നു...
താരം കറുപ്പിൽ പൊട്ടുക്കുത്തി
താരനാഥൻ മന്ദസ്മേരം തൂകി
മയിലുകൾ ലാസ്യമാടി
മാധവി ആമോദം ഒഴുക്കിയപ്പോൾ
മാരിയും പെയ്തു
ജലകണങ്ങൾ മൂർധാവിൽ 
ചുംബിക്കുമ്പോൾ 
മാരുതൻ നമ്മെ പുണർന്നില്ലേ...?
 
 
ഇന്നാ വിരുന്നുകാരില്ല
അന്യമായ് ഈഹകളും
ഇതരനായ് നീയും
മൂകയായ് ഞാനും
മാറ്റമില്ല തമിസ്രവും
 
 
മിത്രമായ് ആരുമില്ലീ ഭൂമിയിൽ
ഏകയായ് ഞാനുമെൻ വ്യഥകളും
ഘോരമാമീയിരുട്ടിൽ
ഭീതിയാൽ തേങ്ങിടുമ്പോൾ
കൗമുദി സാന്ത്വനമായില്ല
ഋക്ഷങ്ങളും വൃഷ്ടിയും
ദൂരെയൊരു പ്രണയത്തിൻ
കാവലാളായ്
 
കാത്തിരിപ്പൂ വാസരത്തിനായ്
കാലമെത്ര കഴിഞ്ഞാലും
കാന്തി വിധുവിൽ അണയുമെന്ന
വാഞ്ഛയെ തിമിരം മൂടുമ്പോൾ ചൊന്നത്
നിനക്ക് ഞാനില്ലേ..?
എൻ കറുപ്പില്ലേ...?