Aksharathalukal

നിനക്കായ്‌ ഈ പ്രണയം (33)

വൈകുന്നേരം സ്കൂളിൽ നിന്ന് വല്ലാതെ തളർന്നാണ് മിലി എത്തിയത്. മുൻവശത്തെ വാതിൽ തുറന്നു കിടക്കുന്നത് കണ്ടു അവൾ ജാനകിയമ്മയെ ഉറക്കെ വിളിച്ചുകൊണ്ടു അകത്തേക്ക് കയറി..

"അമ്മാ.. അമ്മാ.. " അകത്തു നിന്നു ഒരനക്കവും കേൾക്കാതായപ്പോൾ അവൾ അത്ഭുതപ്പെട്ടു.

"എല്ലാരും വീടും തുറന്നിട്ട്‌ എവിടെ പോയി.. " ചെറിയൊരു ദേഷ്യത്തോടെ അവൾ തല തീരുമ്മി..

"സർകീട്ട് പോയിക്കാ.. തല വേദനയും കൊണ്ട് വന്നാൽ ഒരു ചായ ഇട്ടു തരാൻ കൂടി ഇവിടെ ഒരാൾ ഇല്ല." ദേഷ്യത്തോടെ അലമാരയിൽ നിന്നു ഒരു പാരസെറ്റാമോൾ എടുത്തു വായിലിട്ടു കുറച്ചു വെള്ളവും കുടിച്ചു.

കണ്ണടച്ചു തല മുകളിലേക്ക് ആക്കി മുൻവശത്തെ സോഫയിൽ ഇരുന്നു.

"ഉം.. മായ... താങ്ക്സ്.. നല്ല സുഖമുണ്ട്.." നെറ്റിയുടെ ഇരു വശങ്ങളും ചേർത്തു അമർത്തി ഒരു തിരുമ്മു കിട്ടിയപ്പോൾ മിലിക്ക് ചെറിയൊരു ആശ്വാസം തോന്നി.

വിരലുകൾനെറ്റിയിൽ നിന്നു തലയിലേക്ക് എത്തിയപ്പോൾ അവൾ അത് ആസ്വദിച്ചു.

"മോളെ.. നിനക്കു ഇത്രയും നന്നായി മസാജ് ചെയ്യാൻ അറിയും എന്ന് ചേച്ചിക്ക് അറിയില്ലായിരുന്നു. ഇത് അറിഞ്ഞിരുന്നെങ്കിൽ നിന്നെ മ്യൂസിക് പഠിപ്പിക്കാൻ വിട്ട നേരത്ത് ചേച്ചി നിന്നെ വല്ല ആയുർവേദ ഡോക്ടർ ആക്കിയേനെ. " മിലിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.

മസാജ് പെട്ടന്ന് നിന്നപ്പോൾ മിലി അവളുടെ കയ്യിൽ പിടിച്ചു. "നിർത്തല്ലേ.. നല്ല സുഖ..." പാതി പറഞ്ഞപ്പോൾ ആണ് മായയുടെ ചെറിയ കൈകൾക്ക് പകരം താൻ പിടിച്ചിരിക്കുന്നത് ബലിഷ്ടം ആയ കൈകളിൽ ആണ് എന്ന് അവൾ തിരിച്ചറിഞ്ഞത്.

ഞെട്ടിത്തരിച്ചു തിരിഞ്ഞു നോക്കിയ അവൾ പിന്നിൽ രഘുവിനെ കണ്ടു ചാടി എഴുന്നേറ്റു.

"രഘു.. നീ എന്താ ഇവിടെ?" അവൾ നെറ്റി ചുളിച്ചു ചോദിച്ചു.

"അത് ശരി.. ഇത്രയും നേരം എന്റെ മസാജ് എൻജോയ് ചെയ്തിട്ട് ആണോ ഈ ചോദിക്കുന്നത്?" അവൻ കളിയായി ചോദിച്ചു.

"ഞാൻ മായ ആണെന്ന് ആണ് കരുതിയത്. അല്ലാതെ എനിക്ക് നിന്നെ കാണുന്നത് പോലും ഇഷ്ടമല്ല.. ഇറങ്ങി പോ ഇവിടന്ന്."

"എന്തിനു? ഞാൻ എന്തിന് പോണം? എന്നെ കാണുന്നത് മിലിക്ക് എന്താ ഇഷ്ടക്കേട്?" അവനും ഗൗരവം കലർത്തി ചോദിച്ചു.

"ആവശ്യം ഇല്ലാത്തതൊക്കെ വിളിച്ചു പറഞ്ഞിട്ട്.. ഞാൻ നിന്നെ ഇഷ്ടപ്പെടും എന്ന് കരുതിയോ നീ..?" അവൾ ചൊടിച്ചു.

"അതെ.. അങ്ങനെ തന്നെയാ ഞാൻ കരുതിയത്.."

"എങ്ങനെ തോന്നീ നിനക്കിത്?" ഇത്തവണ അവളുടെ ചോദ്യത്തിൽ ഒരു ദയനീയത കലർന്നിരുന്നു.

"അതിന് എന്താ ഇത്ര തെറ്റ്‌? നിന്നെ ആർക്കാണ് ഇഷ്ടം ആവാത്തത് മിലി? സ്മാർട്ട്‌ ആണ്.. സുന്ദരി ആണ്... കെയറിങ് ആണ്.. അത് കൊണ്ട് എനിക്ക് നിന്നെ ഇഷ്ടപ്പെട്ടു.. അതിനെന്താ?" മുഖത്തു ചെറു ചിരിയോടെ അവൻ പറഞ്ഞപ്പോൾ അവൾക്ക് കാണാമായിരുന്നു ആ വാക്കുകളിലെ പ്രണയം.

"രഘു.. ഇത് കുട്ടിക്കളി അല്ല.. നിനക്ക് ബോധം വച്ചിട്ടില്ല.." മിലി നിരാശയോടെ പറഞ്ഞു.

"ഞാൻ കുട്ടിയും അല്ല.. കളിക്കുകയും അല്ല.. ഞാൻ വളരെ സീരിയസ് ആണ് മിലി.. പിന്നെ ഞാൻ നിന്നെപ്പോലെ ഒരു പേടിത്തൊണ്ടി അല്ല.. അത്രേ ഒള്ളൂ.."

"പേടിയോ? എനിക്ക് എന്ത്‌ പേടി? ആരെങ്കിലും കേട്ടാൽ നിന്നെ നോക്കിയേ എല്ലാരും ചിരിക്കോള്ളു.."

"അതെ.. അത്‌ തന്നെ ആണ് ഞാനും പറഞ്ഞത്.. നിനക്കു പേടിയാണ്... മറ്റുള്ളവർ എന്ത്‌ പറയും എന്ന്.. ആ പേടി കാരണം ആണ് എന്നോടുള്ള സ്നേഹം നീ മറയ്ക്കാൻ ശ്രമിക്കുന്നത്.." അവൻ പറഞ്ഞപ്പോൾ മിലി ചെറുതായി ഒന്ന് പതറി.

"നിനക്കു പ്രാന്താണ്.." മിലി പറഞ്ഞു.

"അതെ മിലി.. നീ എന്നാൽ എനിക്ക് പ്രാന്താണ്.."

"പ്ലീസ്.. പ്ലീസ് രഘു.. ഇവടെ നിന്നു ഒന്ന് പോയി തരാമോ?" അവൾ പുറത്തേക്ക് കൈ ചൂണ്ടി പറഞ്ഞു.

"ഞാൻ പോകില്ല മിലി.. നിന്റെ അടുത്ത് തന്നെ കാണും.. എപ്പോഴും.. " അത് പറയുമ്പോൾ അവൻ അവളുടെ അടുത്തേക്ക് ചേർന്നു വന്നു.

ഒരു ഭയപ്പാടോടെ മിലി പിന്നിലേക്ക് മാറി.. പക്ഷെ രഘു അവളുടെ അടുത്തോട്ടു വന്നു അവളുടെ രണ്ടു കൈത്തണ്ടയിലും ശക്തിയായി പിടിച്ചു അവളെ തന്റെ അഭിമുഖം ആയി നിർത്തി.

"നീ എന്നെ ഇഷ്ട്ടം ആണെന്ന് പറയും.. ഞാൻ നിന്റെ എല്ലാം ആണെന്ന് പറയും.. നീ വിശ്വസിക്കുന്നുണ്ടാവില്ല. പക്ഷേ എനിക്കറിയാം നീ എന്നെ സ്നേഹിക്കുന്നുണ്ട് എന്ന്. അത് നിന്നെക്കൊണ്ട് ഞാൻ പറയിക്കും.. അത് വരെ എനിക്കിനി റസ്റ്റ്‌ ഇല്ല മിലി.. ഇത് എന്റെ വാക്കാണ്.. ഈ രഘുവിന്റെ വാക്കു..." അവളുടെ കണ്ണുകളിൽ നോക്കി രഘു പറഞ്ഞു.

മിലി ആകെ ഒരു ഷോക്കിൽ ആയിരുന്നു. പുറത്ത് കാൽ പെരുമാറ്റം കേട്ടപ്പോൾ രഘു അവളെ വിട്ട് രണ്ടു അടി പുറകോട്ടു മാറി നിന്നു.

ജാനകിയമ്മ നേരെ രഘുവിനോട് ചോദിച്ചു. "എന്റെ രഘു.. നീ മിലിയെ വിളിച്ചു ഇപ്പൊ വരാം നു പറഞ്ഞു പോന്നിട്ട് ഇവിടെ വർത്തമാനം പറഞ്ഞു നിൽക്കാണോ? അവിടെ ലില്ലിക്ക് ടെൻഷൻ അടിച്ചു ഹാർട്ട് അറ്റാക്ക് വരണ അവസ്ഥയാ.. "

"എന്താ അമ്മേ കാര്യം?" മിലി ചോദിച്ചു.

"ആ.. അപ്പൊ ഇവൻ പറഞ്ഞില്ലേ? മിലിടെ ഇച്ചായന്മാർ ഒക്കെ വന്നേക്കുന്നു.. പിണക്കം തീർക്കാൻ.. അവളുടെ മൂത്ത മരുമോന്റെ കല്യാണം ആണത്രേ.. അതിനു മധുരം വക്കാൻ അമ്മായി വേണം എന്ന് അവൻ തറപ്പിച്ചു പറഞ്ഞു.. എല്ലാവരും ഉണ്ട്.. എത്ര കാലമായി ആ പാവം കാത്തിരിക്കുന്നു.."  ജാനകിയമ്മ പറഞ്ഞത് കേട്ട് മിലിക്കും ഒരുപാട് സന്തോഷം തോന്നി. അവൾക്കറിയാം ലില്ലി ഒരുപാട് കാലമായി ഇങ്ങനെ ഒരു സന്ദർഭം കാത്തിരിക്കുന്നു എന്ന്.

"പിള്ളേർ രണ്ടും അവിടെ ഉണ്ട്.. ലോഹിമാഷ് എന്തൊക്കെ പലഹാരങ്ങൾ ആണെന്നോ വാങ്ങി കൊണ്ട് വന്നിരിക്കുന്നത്.. ഇറച്ചിയും മീനും ഒക്കെ കൊണ്ട് വന്നിട്ടുണ്ട്.. നിക്ക് അതിന്റെ മണം പിടിക്കില്ല എന്ന് നിനക്ക് അറിയാലോ.. കൊറേ കാലമായി ഉണ്ടാക്കാത്തത് കൊണ്ട് ലില്ലിക്കും ഒരു പേടി.. അല്ല.. നാത്തൂൻമാർ ഒക്കെ ഉള്ളതല്ലേ.. അതിന്റെ ടെൻഷൻ ആണ്.. നീ ഡ്രസ്സ്‌ മാറി ചെന്ന് ഒന്ന് സഹായിക്കു " ജാനകിയമ്മ മിലിയോട് പറഞ്ഞത് കേട്ട് അവൾ തലകുലുക്കി.

"ആ പിന്നെ മിലി.. അവിടെ നിറച്ചു ആൾക്കാർ അല്ലേ.. അവരൊക്കെ നാളെ കഴിഞ്ഞേ പൊക്കൊളു എന്നാ പറഞ്ഞേ.. എല്ലാവർക്കും കിടക്കാൻ സഥലം ഇല്ലല്ലോ അവിടെ.. അതോണ്ട് ഞാൻ രഘുനോട് രണ്ടു ദിവസം ഇവിടെ നിക്കാം എന്ന് പറഞ്ഞു.."

"ഇവിടെയോ?" ജാനകിയമ്മ പറഞ്ഞത് കേട്ട് മിലിയുടെ കണ്ണു തള്ളിയെങ്കിലും രഘുവിന്റെ മുഖത്ത് കള്ളച്ചിരി ആയിരുന്നു.

" ആ.. ഇവിടെ.. രഘുവിന് നിന്റെ മുറിയിൽ കിടക്കാമല്ലോ.. " ജാനകിയമ്മ പറഞ്ഞു.

" അതിനെന്താ മിലി? എന്നായാലും നമ്മൾ ഒന്നിച്ച് കിടക്കാൻ ഉള്ളതല്ലേ.. നമുക്കത് ഇപ്പോഴേ തുടങ്ങിയേക്കാം.. " അവൻ ഒരു കുറുമ്പോടെ മിലിക്ക് മാത്രം കേൾക്കാനായി പറഞ്ഞു.

 മിലി അവനെ ഒന്നു കൂർപ്പിച്ചു നോക്കി ജാനകിയമ്മയുടെ പുറകെ പോയി.

" അമ്മ.. അതെങ്ങനെ ശരിയാവും..? നമ്മൾ പെണ്ണുങ്ങൾ മാത്രം താമസിക്കുന്ന വീട്ടിൽ.. അത് ശരിയാവില്ല.. " അവൾ പറഞ്ഞു.

" എന്റെ മിലി..വേറെ ആരും അല്ലല്ലോ? നമ്മുടെ രഘു അല്ലേ.. " ജാനകിയമ്മ ഒഴുക്കനേ  പറഞ്ഞു.

"അതെ.. വേറെ ആരും അല്ലല്ലോ? മിലിടെ സ്വന്തം രഘു അല്ലേ?" അവളുടെ കാതിൽ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു രഘു ജാനകിയമ്മയുടെ അടുത്തേക്ക് നടന്നു.

"അമ്മേ.. ഞാൻ ഇവിടെ താമസിക്കുന്നത് മിലിക്ക് ഇഷ്ടം ഇല്ലെങ്കിൽ.. ഞാൻ വല്ല ഹോട്ടലിലും റൂം എടുത്തോളാം.." മുഖത്ത് നിഷ്കളങ്കത വാരി തൂകി അവൻ പറയുന്നത് കേട്ട് ജാനകിയമ്മ ചിരിച്ചു.

"ആരാ നിന്നെ ഇഷ്ടല്ലാനു പറഞ്ഞത്? അതൊക്കെ അവൾ ചുമ്മാ പറയുന്നതല്ലേ.. മോൻ അതൊന്നും കാര്യമായി എടുക്കേണ്ട.." ജാനകിയമ്മ പറയുന്നത് കേട്ട് അവന്റെ ചുണ്ടിൽ കള്ളച്ചിരി പടർന്നു.

അവൻ മിലിയെ നോക്കി ഞാൻ പറഞ്ഞില്ലേ എന്ന ഭാവത്തിൽ പുരികം പൊക്കി കാണിച്ചു.

ജാനകിയമ്മയോട് ഇനി പറഞ്ഞിട്ട് കാര്യമില്ല എന്ന് മനസിലാക്കി മിലി മുഖം വീർപ്പിച്ചു ലില്ലിയുടെ അടുത്തേക്ക് പോയി. രഘുവിനെ വീട്ടിൽ നിർത്താൻ പറ്റില്ല എന്ന് പറയണം എന്ന് കരുതി ആണ് അവൾ അങ്ങോട്ട് ചെന്നത്. അവിടെ ലില്ലിയുടെ സന്തോഷം കണ്ടപ്പോൾ അവൾക്ക് ഒന്നും പറയാൻ പറ്റിയില്ല.

ലില്ലിയെ സഹായിക്കുമ്പോളും മിലി വളരെ ആസ്വസ്ഥയായിരുന്നു. അവളെ ആസ്വസ്തമാക്കിയത് അവൻ തന്നെ ആണ്. അവൾ പറഞ്ഞു പണികൾ ചെയ്യുമ്പോൾ അവളെ തന്നെ വീക്ഷിച്ചു കൊണ്ട് നടക്കും.. കറിക്കരിയുമ്പോൾ വെറുതെ അടുത്തുകൂടി വന്നു ഒരു ക്യാരറ്റ് എടുത്തു കടിച്ചു അവളെ വല്ലാത്തൊരു നോട്ടം നോക്കി പോയി അവൻ.

അവൾ കറികൾ മേശപ്പുറത്തേക്ക് എടുത്തു വയ്ക്കുമ്പോൾ അവളെ സഹായിക്കാൻ എന്നപോലെ അടുത്ത് വന്നു അവളുടെ വിരലുകളെ തഴുകി പാത്രങ്ങൾ വാങ്ങിക്കൊണ്ടു പോയി. അവൾ പാത്രം കഴുകിക്കൊണ്ടിരിക്കുമ്പോൾ മുഖത്തേക്ക് വന്ന മുടിയിഴകളെ ചെവികൾക്കുപിന്നിൽ ഒതുക്കി വച്ചു മെല്ലെ അവളുടെ കവിളുകളെ തഴുകി പോയി.

മിലി ആണെങ്കിൽ വല്ലാത്തൊരു ടെൻഷനോട് കൂടി ആണ് അവന്റെ കുറുമ്പുകളെ കണ്ടത്. പണികൾ തീർത്തു എല്ലാവരും വാർത്തമാനത്തിന്റെ തിരക്കിലേക്ക് തിരിഞ്ഞപ്പോൾ മിലി വീട്ടിലേക്കു നടന്നു.

നടക്കുന്ന വഴി അവൾ സ്വയം പറഞ്ഞു.. "ഈ രഘുവിന്റെ കാര്യം.. ആരെങ്കിലും കണ്ടിരുന്നെങ്കിൽ എന്തായേനെ.. ഈ പയ്യൻ ഇത് എന്ത് ഭാവിച്ചാ.. "

അവൾ അകത്തെ മുറിയിലേക്ക് പോയി. രഘുവിനു കിടക്കാനായി ബെഡ്ഷീറ്റു എല്ലാം മാറ്റി വിരിച്ചു. അവൾക്ക് അത്യാവശ്യമുള്ള സാധനങ്ങൾ ഒക്കെ ഒരു കവറിൽ ആക്കി മുറിയിൽ നിന്നു ഇറങ്ങാൻ തുടങ്ങുമ്പോൾ രഘു വാതിൽക്കൽ നിന്നു അവളെ തടഞ്ഞു.

"രഘു.. മാറി നില്ക്കു.. "

"എനിക്ക് സംസാരിക്കണം.. "

"എനിക്ക് നിന്നോട് ഒന്നും സംസാരിക്കാൻ ഇല്ല.. " മിലി പുറത്തേക്കു ഇറങ്ങാൻ ശ്രമിച്ചു.

രഘു അവളെ തടഞ്ഞുകൊണ്ട് പറഞ്ഞു. " ഞാൻ നിന്നോട് ഇന്നൊരു കാര്യം പറഞ്ഞു.. നീ അതിനെക്കുറിച് ചിന്തിച്ചോ എന്ന് പറഞ്ഞിട്ട് പൊക്കൊളു.. "

"എനിക്ക് ഒന്നും ചിന്തിക്കാൻ ഇല്ല.." അവൾ പറഞ്ഞു.

"ഓക്കേ.. വേണ്ട.. എന്നാൽ ചിന്തിക്കേണ്ട.. നമുക്ക് ഇവിടെ ഇങ്ങനെ കണ്ണും കണ്ണും നോക്കി നിൽക്കാം.. " അവളോട്‌ ഒന്ന് ചേർന്നു നിന്ന് അവൻ പറഞ്ഞപ്പോൾ അവൾക്കു ഒരു പകപ്പ് തോന്നി. അവൾ അവനെ തള്ളിമാറ്റി താഴേക്കു പോയപ്പോൾ അവന്റെ ചുണ്ടിൽ പിന്നെയും ആ കള്ളച്ചിരി വന്നിരുന്നു..

(തുടരും..)

 


നിനക്കായ്‌ ഈ പ്രണയം (34)

നിനക്കായ്‌ ഈ പ്രണയം (34)

4.5
3214

മിലി പതിവുപോലെ അടുക്കളയിലെ പണികൾ ഒതുക്കുകയായിരുന്നു. വേറെ ആരും ഉണർന്നിട്ടില്ല. അവൾ മുകളിലെ മുറിയിലേക്ക് ഒന്ന് എത്തിച്ചു നോക്കി. "ഭാഗ്യം.. രഘു ഉണർന്നിട്ടില്ല.. ഉണർന്നിരുന്നെങ്കിൽ ഇങ്ങനെ എന്തെങ്കിലും ഒക്കെ പറഞ്ഞു മനുഷ്യനെ വട്ടാക്കിയേനെ." അവൾ തന്നോട് തന്നെ പറഞ്ഞു. അപ്പോഴാണ് അവളുടെ ഫോൺ ബെല്ലേടിച്ചത്. "ഗോപി സർ ആണല്ലോ.." സ്വയം പറഞ്ഞു അവൾ ഫോൺ ചെവിയോട് ചേർത്തു. ഗോപി അവരുടെ സ്കൂളിലെ വൈസ് പ്രിൻസിപ്പൽ ആണ്. "ഹലോ മാഷേ.. എന്താ ഇത്ര രാവിലെ?" അവൾ ചോദിച്ചു. "ഓഹ്.. ആ പേപ്പർസ് എന്റെ കയ്യിൽ ഉണ്ട്.." ചായക്ക് വച്ച വെള്ളത്തിന്റെ ഗ്യാസ് ഓഫ് ചെയ്തുകൊണ്ടു അവൾ പറഞ്ഞു. "ഇന്ന് തന്നെ വേണോ?"