Aksharathalukal

അദ്ധ്യായം-7


      ആ അസ്ത്രം  വന്ന വഴിയിലേക്ക് തിരിഞ്ഞ് നോക്കിയ ജയരാമൻ കണ്ടു, ആ മുഖം. ആൾത്തിരക്കിൽ നിന്ന് ഒഴിഞ്ഞ് മാറി ഒരു കോണിൽ വന്യമായ ചിരിയോടെ തന്നെ നോക്കി നിൽക്കുന്ന അഘോരി. അതേ ഇതയാൾ തന്നെ, ഹിമാലയത്തിൽ വച്ച് തന്റെ ജീവനെടുക്കാൻ വന്ന ചെന്നായയിൽ നിന്നും രക്ഷിച്ച അതേ അഘോരി. തൊട്ടടുത്ത നിമിഷം തന്റെ പിന്നിൽ വലിയൊരു ചിറകടിയൊച്ച കേട്ട ജയരാമൻ തിരിഞ്ഞു നോക്കി. ഒരു നിമിഷം മുൻപ് അമ്പേറ്റ് പിടത്ത് പൊന്തിയ മത്സ്യത്തെ അമ്പ് സഹിതം റാഞ്ചിയെടുത്ത് പറക്കുന്ന വലിയൊരു പരുന്ത് . അത് ജയരാമന്റെ തലക്ക് മുകളിലൂടെ ചിറകടിച്ചു പറന്ന് പോയി. ദൃഷ്ടിയിൽ നിന്നും മറയുന്നത് വരെ അയാൾ ആ പരുന്തിനെ നോക്കി നിന്നു. അപ്പോഴാണ് അഘോരിയുടെ കാര്യം താൻ മറന്നല്ലോയെന്ന് ജയരാമൻ ഓർത്തത്. അയാളും എവിടെയോ മറഞ്ഞ് പോയിരിക്കുന്നു. ഒരു മികച്ച കൺകെട്ടുകാരനാണ് അയാൾ , ഒരു നിമിഷാർദ്ധം കൊണ്ട് കാണികളുടെ കണ്ണുകളെയും ചിന്തകളെയും കബളിപ്പിച്ച് അദ്ഭുതങ്ങൾ കാട്ടുന്ന മജീഷ്യൻ. ഇന്ന് വൈകിട്ട് നാട്ടിലേക്കുള്ള മടക്കയാത്രക്ക് മുൻപ് ആ അഘോരിയെ ഒരിക്കൽ കൂടി മുഖാമുഖം കാണണമെന്ന് ജയരാമൻ തീരുമാനിച്ചുറപ്പിച്ചു.


        ആ അഘോരി എങ്ങോട്ട് പോയി എന്നറിയാതെ, പരിചിതമല്ലാത്ത വഴികളിലൂടെ ജയരാമൻ ഏറെ ദൂരം നടന്നു . ഒടുവിൽ ഗംഗയുടെ വിജനമായ തീരത്തിലെ പ്ലാസ്റ്റിക് വലിച്ചു കെട്ടിയുണ്ടാക്കിയ ഷെഡിനു മുന്നിൽ എത്തിച്ചേർന്നു.അതിനു പിന്നിൽ ഒരു ശ്മശാനമായിരുന്നു. ഒരു വശത്ത് ചതുപ്പ് നിലവും, അവിടെയൊക്ക് അസ്ഥികൾ ചിതറിക്കിടക്കുന്നത് കാണാമായിരുന്നു. ഷെഡിൻറെ ഉള്ളിൽ ആളനക്കം കേട്ട് കേട്ട് അകത്തേക്ക് എത്തി നോക്കിയ ജയരാമൻ കണ്ടത് അൽപം മുൻപ് മീനിനെയും കൊത്തിപ്പറന്ന ഭീമൻ പരുന്തിനെയാണ്. പിടച്ചിലവസാനിച്ച മത്സ്യം തറയിൽ കിടക്കുന്നുണ്ടായിരുന്നു. അപ്പോഴിത് തന്നെ ആ അഘോരിയുടെ താവളം, ജയരാമൻ അകത്തേക്ക് കയറി, നിവർന്ന് നിൽക്കാനുള്ള ഉയരം ആ ഷെഡിന് ഉണ്ടായിരുന്നില്ല. ഇരിക്കാനിരിപ്പിടങ്ങളൊന്നുമില്ലാത്ത ആ ഷെഡിനുള്ളിൽ ചെറിയൊരു ഹോമകുണ്ഡത്തിൽ കനലെരിയുന്നുണ്ടായിരുന്നു. ആ മുറിയിലാകെ ശവത്തിൻറെ മണമായിരുന്നു. മൂക്കിലേക്ക് തുളഞ്ഞ് കയറുന്ന ആ മണം ജയരാമനെ വല്ലാതെ അസ്വസ്ഥനാക്കി. അവിടെ തറയിലെല്ലാം മാംസം കത്തിയ ചാരം ചിതറിക്കിടക്കുന്നുണ്ടായിരുന്നു. തറയിലിരുന്ന ആ പരുന്ത് തന്നിൽ മാത്രം ദൃഷ്ടിയുറപ്പിച്ചിരിക്കുന്നത് ജയരാമൻ അപ്പോഴാണ് ശ്രദ്ധിച്ചത്. കൂർത്ത ചുണ്ടും, എരിയുന്ന കനൽകട്ട പോലുള്ള കണ്ണുകളുമുള്ള ആ ജീവി ജയരാമനെ വല്ലാതെ ഭയപ്പെടുത്തി. ഏത് നിമിഷവും തനിക്ക് മേലേക്ക് പറന്ന് കയറുമെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള പരുന്തിൻറെ ഇരിപ്പും, ആ മുറിയിലെ അസഹനീയമായ ശവത്തിൻറെ ഗന്ധവും ചേർന്നപ്പോൾ എത്രയും വേഗം അതിന് പുറത്ത് കടന്നാൽ മതിയെന്നായി ജയരാമന്. അയാൾ പതിയെ പിന്നിലേക്ക് നടന്നു, പുറത്തേക്കിറങ്ങാനായി, ദൃഷ്ടി ആ പരുന്തിൽ നിന്നും മാറ്റാതെ.


               ഷെഡിനെ മറികടന്ന് മുന്നോട്ട് പോയാൽ ശ്മശാനമാണുള്ളത്. ഒരു വശത്ത് വിശാലമായ ഗംഗ മറുവശത്ത് മരണക്കയമായ ചതുപ്പ്, പിന്തിരിഞ്ഞ് നടക്കുകയേ നിർവ്വാഹമുള്ളു. അടുത്തെങ്ങും ആരെയും കാണാനുമില്ല. ആ അഘോരി ഒരു മായാവി തന്നെയാണ്. അയാൾ എവിടെയോ പോയി മറഞ്ഞതാണ്. ഇനിയും തീരെ അപ്രതീക്ഷിതമായ സമയത്ത് പ്രത്യക്ഷപ്പെട്ട് അമ്പരപ്പിച്ച് പോകാനായി. ആദ്യം സ്വപ്നത്തിൽ വന്നു, ആക്രമിക്കാൻ വന്ന ചെന്നായ്ക്കളിൽ നിന്നും രക്ഷിച്ചു, രക്താംഗിതനെ എൻറെ മുന്നിലേക്കിട്ടു തന്നു. അന്ന് തുടങ്ങിയതാണ് ജീവിതത്തിൽ ഇന്നേ വരെ അനുഭവിച്ചിട്ടില്ലാത്ത പലതും കാണുവാനും കേൾക്കുവാനും അറിയുവാനും. മരണം തൻറെയൊപ്പം തന്നെയുണ്ട്. ജെസി, ജ്യോൽസ്യൻ ഒടുവിലിപ്പോൾ മുന്നറിയിപ്പ് തന്ന ആ നാഗസന്ന്യാസിയും. മൂന്ന് പേരുടെയും മരണം വ്യത്യസ്ത കാരണങ്ങൾ കൊണ്ടാണെങ്കിലും, അവർ മൂവരും താനുമായി പലതരത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. എനിക്ക് മരണ സൂചന നൽകിയ ജ്യോൽസ്യൻ, അയാൾക്ക് എന്നോട് എന്തൊക്കെയോ പറയാനുണ്ടായിരുന്നു, മരണത്തെ അതിജീവിച്ചു ചെല്ലുമ്പോൾ. പിന്നെ ജെസി, കുറേയധികം കടലാസ് കഷ്ണങ്ങളിൽ ചിതറിക്കിടന്ന രക്താംഗിതൻറെ ആരോ എഴുതിയ കഥ വായിച്ച താനല്ലാത്ത ഒരേയൊരാൾ. അവൾ അവസാനം വായിച്ച കഥാഭാഗവും അവളുടെ മരണവും തമ്മിലുള്ള ബന്ധം, അതൊരു ഉത്തരമില്ലാത്ത സമസ്യയാണ്. ഒടുവിൽ പിന്തിരിഞ്ഞ് പോകാൻ മുന്നറിയിപ്പ് തന്ന നാഗസന്ന്യാസിയും ജീവനോടെ മണ്ണിലടക്കം ചെയ്യപ്പെട്ടിരിക്കുന്നു. ജയരാമൻറെ തലച്ചോറിൽ ചിന്തകൾ തിളച്ചുമറിഞ്ഞു.


             തൻറെ മനസ്സുപോലും നൂലുപൊട്ടിയ പട്ടം പോലെ പറന്ന് നടക്കുകയാണ്. തനിക്ക് പോലും നിയന്ത്രണമില്ലാത്ത തരത്തിൽ മനസ് പെരുമാറുന്നു. ഇതൊരു ഊരാക്കുടുക്കാണ്, ഒരിക്കലും രക്ഷപെടാനാവാത്ത കുടുക്ക്.


         ആ തടിപ്പെട്ടിയിലെ ലോഹത്തകിടിൽ എഴുതിയിരുന്നത് പരിഹാസം നിറഞ്ഞ ഒരു മുന്നറിയിപ്പായിരുന്നു. "ഇതിനപ്പുറം മരണം, ഭീരുവിനെപ്പോലെ പിന്തിരിഞ്ഞോടിക്കോളുവെന്ന്". ഒരേ സമയം പരിഹസിക്കുകയും വെല്ലുവിളിക്കുകയും ചെയ്ത് തന്നെ അവനിലേക്ക് വലിച്ചടിപ്പിക്കുകയാണ് രക്താംഗിതൻ. ഈ ജയരാമനെന്ന എഴുത്തുകാരനിലൂടെ എന്തൊക്കെയാ പദ്ധതികൾ ആരോക്കെയോ ആസൂത്രണം ചെയ്യുകയാണ്. ശരീരത്തിന് വല്ലാത്തൊരു തളർച്ച തോന്നിയ ജയരാമൻ ഗംഗയിലേക്കിറങ്ങി കൈക്കുമ്പിളിൽ ഗംഗാജലമെടുത്ത് മുഖത്തേക്കൊഴിച്ചു. വല്ലാത്ത കുളിർമ്മ, അത് ശരീരത്തിനും മനസിനും പുതിയൊരു ഊർജ്ജം തന്നതായി തോന്നി. അടുത്ത നിമിഷത്തിൽ ജയരാമൻറെ തൊട്ടുമുന്നിലെ വെള്ളം ഉയർന്ന് പൊങ്ങി, തന്നെക്കാൾ ഉയരത്തിലേക്ക് ഹുങ്കാരശബ്ദത്തോടെ പൊങ്ങിവന്ന ജലം കണ്ട് ഭയന്ന അയാൾ പിന്നിലേക്ക് വീണുപോയി.


         തൻറെ കണ്ണിലേക്ക് തെറിച്ചുകയറിയ വെള്ളം കളയാൻ കണ്ണുതിരുമ്മി നോക്കിയ ജയരാമൻ കണ്ടത്. ജലനിരപ്പിനും ഒന്നരയടി മേലെ ഉയർന്ന് നിൽക്കുന്ന അഘോരിയെയാണ്. അൽപനേരം തനിക്ക് ചുറ്റുമുള്ള പ്രകൃതി നിശ്ചലമായതായി ജയരാമന് തോന്നി. ഗംഗാജലത്തിന് മേൽ രൌദ്രഭാവത്തിൽ താണ്ഡവനടനമാടുന്ന മഹാരുദ്രനെപ്പോലെ തോന്നിപ്പിച്ചു, അഘോരിയുടെ രൂപമപ്പോൾ. അയാൾക്ക് പിന്നിൽ വലിയൊരു ജ്യോതിയുണ്ടായിരുന്നു. അഘോരി കരയിലേക്ക് നടന്ന് കയറി, ജയരാമൻ ഒരു യന്ത്രം കണക്കെ പിന്നാലെ ചെന്നു. അയാൾ നേരേ പോയത് ശ്മശാനത്തിലേക്കാണ്. കനലെരിയുന്ന ചിതയിലൂടെ അയാൾ നടന്നു. പിന്നാലെ ചെന്ന ജയരാമനോട് നിൽക്കുവാൻ ആംഗ്യം കാട്ടി. അഘോരി ഒരു കത്തിയമർന്ന ചിതക്കരികിൽ ചെന്നു. പതിയെ അവിടെ മുട്ടുകുത്തിയിരുന്നു. പിന്നെ ആ ചിതയിലെ ചാരം തൻറെ മേലേക്ക് വാരിപ്പൂശി. തലമുതൽ പാദം വരെ ചുടലഭസ്മം പൂശിയെണീറ്റ അഘോരിയെ കണ്ടപ്പോൾ വിളറിവെളുത്ത പ്രേതത്തേപ്പോലെ തോന്നി. അയാളെണീറ്റ് ജയരാമനരികിലേക്ക് വന്നു. ജയരാമനെ തറപ്പിച്ചൊന്ന് നോക്കിയ ശേഷം തൻറെ കൈ ചുണ്ടോട് ചേർത്ത് എന്തോ മന്ത്രിച്ചു. തൊട്ടടുത്ത നിമിഷം അയാൾ ആഞ്ഞ് ഊതിയപ്പോൾ, കയ്യിൽ കരുതിയിരുന്ന ചാരം ജയരാമൻറെ മുഖത്തേക്ക് തെറിച്ചു. പക്ഷേ അപ്പോൾ ജയരാമന് ശവത്തിൻറെ ഗന്ധം അനുഭവപ്പെട്ടില്ല, പകരം ഏതോ സാമ്പ്രാണി കത്തിച്ച മണമാണ് അനുഭവപ്പെട്ടത്. അഘോരി  ആ ഷെഡിനുള്ളിലേക്ക് കയറിപ്പോയി. അടുത്ത നിമിഷം ആ പരുന്ത് പുറത്തേക്ക് പറന്നു വന്നു, ജയരാമൻറെ തലക്കു ചുറ്റും വട്ടമിട്ട് പറന്നു. ഏത് നിമിഷവും  അത് തന്നെ ആക്രമിക്കുമെന്ന് തോന്നിയ ജയരാമൻ വേഗത്തിൽ അകത്തേക്ക് കയറി.


            അകത്ത് ഹോമകുണ്ഡത്തിന് പിന്നിൽ അഘോരി നിലത്തിരിപ്പുണ്ടായിരുന്നു. അപ്പോഴയാളുടെ നെറ്റിയുടെ മദ്ധ്യത്തിൽ രക്തവർണ്ണത്തിലുള്ള വലിയൊരു പൊട്ടുണ്ടായിരുന്നു. ജയരാമനോട് ഇരിക്കാനയാൾ ആംഗ്യം കാട്ടി. ജയരാമൻ നിലത്ത് ചമ്രംപടിഞ്ഞിരുന്നു. അഘോരി ജയരാമൻറെ കണ്ണുകളിലേക്ക് മാത്രമാണ് നോക്കിയിരുന്നത്. അയാളുടെ നെറ്റിയിലെ വലിയ ചുവന്ന പൊട്ടിൽ നിന്നും നോട്ടം മാറ്റുവാൻ ജയരാമന് കഴിഞ്ഞില്ല. ക്രമേണ ആ പൊട്ട് വലിയൊരു ഗർത്തമായി മാറുകയായിരുന്നു. താനതിനുള്ളിലേക്ക് കയറിപ്പോവുകയാണ്. അറ്റമില്ലാത്ത ആ ഗർത്തത്തിൻറെ ഉള്ളിലേക്ക് പോകുന്തോറും തൻറെ ശരീരം ഭാരമില്ലാതാവുന്നത് ജയരാമനറിഞ്ഞു. ജയരാമൻറെ കൺപോളകൾക്ക് ഭാരം വർദ്ധിച്ചു. കണ്ണുതുറന്നിരിക്കുന്നത് വലിയ ആയാസകരമായി തോന്നി. പതിയെ കണ്ണുകളടഞ്ഞു. അന്ധകാരത്തിൻറെ കറുപ്പിന് പകരം കണ്ണിൽ നിറയെ ചോരച്ചുവപ്പായിരുന്നുവെന്ന് മാത്രം.


        അങ്ങനെ എത്രനേരം ഇരുന്നുവെന്ന് ജയരാമനറിയില്ല. ശരീരത്തിലേക്ക് തണുത്തകാറ്റ് അടിച്ചുകയറുന്നു, കാതിലേക്ക് വല്ലാത്തൊരു ഇരമ്പലും, കുലുക്കവും. ജയരാമൻ പതിയെ കണ്ണുതുറന്നു, ചുറ്റിനും നേരിയ വെളിച്ചം മാത്രം.  താൻ അപ്പോൾ  കിടക്കുകയാണെന്നത് ജയരാമനെ അമ്പരപ്പിച്ചു. പതിയെ എണീറ്റപ്പോൾ മുകളിൽ തലയിടിച്ചു. തല തടവിക്കൊണ്ട് പതിയെ എണീറ്റിരുന്നു.    അരണ്ട വെളിച്ചത്തിൽ തൻറെ ചുറ്റിനുമുള്ള മരങ്ങളും നദിയുമൊക്കെ ഓടി മറയുന്നു. ജയരാമന് തൻറെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.  എന്താണിത് ?  ജയരാമൻ ഒന്നുകൂടി കണ്ണ് തിരുമ്മിത്തുറന്നു.


             യാഥാർത്ഥ്യം അംഗീകരിക്കാനാവാതെ ജയരാമൻ തളർന്നിരുന്നു പോയി. താനിപ്പോൾ അതിവേഗത്തിലോടിക്കൊണ്ടിരിക്കുന്ന ഒരു തീവണ്ടിയിലിരിക്കുകയാണ്. എങ്ങനെയിവിടെയെത്തി? ജയരാമൻ തന്നോട് തന്നെ ചോദിച്ചു. തൊട്ടു മുന്നിലെ ബർത്തിൽ ഉമ്മർ കിടന്നുറങ്ങുന്നു. മുകളിലെ ബർത്തുകളിൽ പിള്ളേച്ചനും അച്ചായനും. ജയരാമൻ തൻറെ പോക്കറ്റിൽ നിന്നും മൊബൈൽ ഫോണെടുത്തു. സമയം രാത്രി 12.30 മണി. മൊബൈലിൽ റെയിൽവേ ട്രെയിൻ ബുക്കിംഗ് ആപ്പിൻറെ നോട്ടിഫിക്കേഷൻ " Your Train  Patna - Ernakulam Superfast Express is running Late by 40 Mins". അതേ താനിപ്പോൾ നാട്ടിലേക്കുള്ള മടക്കയാത്രയിലാണ് എന്ന യാഥാർത്ഥ്യം ജയരാമൻ തിരിച്ചറിഞ്ഞു. പക്ഷേ ആ അഘോരിയുടെ മുന്നിൽ നിന്ന് എങ്ങനെ ഇവിടെയെത്തി ? ഇതിനിടയിൽ സംഭവിച്ചതൊക്കെയും തന്റെ സ്മൃതി പഥത്തിൽ നിന്നുമെങ്ങനെ മാഞ്ഞു പോയി? ഉത്തരമില്ലാത്ത ആ രണ്ട് ചോദ്യങ്ങൾ ജയരാമന്റെ മനസിനെ ഇളക്കി മറിച്ചു.


         കൂട്ടുകാർ പറഞ്ഞത് ശരിയാണ്, രക്താംഗിതനെ മനസിൽ നിന്ന് പറിച്ചെറിയുന്നതാണ് നല്ലത്, അല്ലെങ്കിൽ ആപത്താണ്. സംഭ്രമജനകമായ കാര്യങ്ങളാണ് ഓരോ നിമിഷവും നടക്കുന്നത്. രക്താംഗിതന്‍റെ കഥ എഴുതുവാനുള്ള തീരുമാനം ഉപേക്ഷിക്കാം. പുറമേ അങ്ങനെ ചിന്തിക്കുമ്പോഴും ഉള്ളിലിരുന്ന് ആരോ തന്നെ രക്താംഗിതനിലേക്ക് വലിച്ചിടുപ്പിക്കുന്നതായി ജയരാമന് അനുഭവപ്പെട്ടു. കാതിൽ അവ്യക്തമായി അഘോരിയുടെ ശബ്ദം മുഴങ്ങുന്നു.


        വല്ലാത്തൊരു മൂത്രശങ്ക തോന്നിയ ജയരാമൻ എണിറ്റു, ബാത്ത് റൂമിലേക്ക് നടന്നു. എല്ലാവരും ബർത്തുകളിൽ ഉറക്കമാണ്. ബാത്ത് റൂമിൽ നിന്നും പുറത്തിറങ്ങി മുഖം കഴുകിയ ശേഷം ട്രെയിനിന്‍റെ തുറന്ന് കിടക്കുന്ന വാതിലിലേക്ക് ചെന്ന് ജയരാമൻ ഓടിയകലുന്ന പുറം കാഴ്ചകളിലേക്ക് നോക്കി നിന്നു.


           നിലാവിൽ പുതച്ചുകിടക്കുന്ന വിശാലമായ പാടത്തിന്‍റെ ഭംഗി ആസ്വദിക്കുകയായിരുന്നു  ജയരാമൻ. കണ്ണിൽ പച്ചപ്പണിഞ്ഞ മനോഹരമായ നെൽപാടമായിരുന്നുവെങ്കിലും ജയരാമന്‍റെ മനസിൽ ഒരേയൊരു ചിന്ത മാത്രമായിരുന്നു, വായനക്കാരെയും ഒടുവിൽ സൃഷ്ടാവായ എഴുത്തുകാരനെയും ഇല്ലാതാക്കുന്ന രക്താംഗിതൻ. 


    തന്‍റെ ചുമലിൽ തണുത്ത ഒരു കരസ്പർശം തിരിച്ചറിഞ്ഞ് തിരിഞ്ഞ് നോക്കും മുന്നേ അതിവേഗതയിൽ പായുന്ന തീവണ്ടിയിൽ നിന്നും ജയരാമനെ ആരോ പുറത്തേക്ക് ആഞ്ഞു തള്ളിയിട്ടിരുന്നു...

 

 തുടരും...


അദ്ധ്യായം- 8

അദ്ധ്യായം- 8

4.7
681

        "പ്രശസ്ത നോവലിസ്റ്റ് ജയരാമന് അലഹബാദിനടുത്ത് വച്ച് തീവണ്ടിയിൽ നിന്ന് വീണ് പരിക്കേറ്റു. മാനസികാസ്വാസ്ഥ്യമുള്ള ഒരാൾ തീവണ്ടിയിൽ നിന്ന് അദ്ദേഹത്തെ തള്ളിയിടുകയായിരുന്നു. ജയരാമനെ തള്ളിവീഴ്ത്തിയ ശേഷം തീവണ്ടിയിൽ നിന്ന് പുറത്ത് ചാടിയ ഇയാളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല."              എല്ലാ പ്രമുഖ മലയാള പത്രങ്ങളുടെയും മുൻപേജിൽ തന്നെ വാർത്ത സ്ഥാനം പിടിച്ചിട്ടുണ്ട്. തൻറെ വീടിൻറെ സിറ്റൌട്ടിൽ തറയിലിരുന്ന് ചായ കുടിച്ചുകൊണ്ട് ജയരാമൻ പത്രത്താളുകൾ മറിച്ചു. ഒരു പതിനഞ്ച് ദിവസത്തെ യാത്ര, പക്ഷേ അതിന് പതിനഞ്ച് വർഷത്തെ ദൈർഘ്