Aksharathalukal

നിനക്കായ്‌ ഈ പ്രണയം (38)

"അത് ശരി.. അപ്പൊ രണ്ടും കൂടി നൈസ് ആയിട്ട് എന്നെ പറ്റിച്ചത് ആണല്ലേ?" തളർന്ന ശബ്ദത്തിലും രഘു ചോദിച്ചു.

ആശുപത്രിയിൽ നിന്ന് വീട്ടിലേക്കു പോകുന്ന വഴി ആണ് അവർ.

"എന്നാലും ആ ഷെൽഫ് എങ്ങനെ?" അവനു സംശയം മാറിയില്ല.

"അതിനാണ് ചൂല്.. അത് ഒരു പക്കി ഷെൽഫ് അല്ലേ? വെറുതെ ഒന്ന് തൊട്ടാൽ ഇളകും.. ഞങ്ങൾ ജനലിലൂടെ ചൂല് ഇട്ട് തട്ടിയതാ.." മായ പറഞ്ഞത് കേട്ട് രഘുവിന്റെ മുഖം വാടി.

"അയ്യോ.. എന്നോട് പിണങ്ങല്ലേ.. ഇതിനു പിന്നിലെ മാസ്റ്റർ മൈന്റ് മുഴുവൻ ദേ ഇതാ.. " മിലിയെ ചൂണ്ടി അവൾ പറഞ്ഞു. "രാത്രി വന്നു രഘുവിനെ പേടിപ്പിക്കാം എന്ന് പറഞ്ഞു വിളിച്ചപ്പോൾ ഞാൻ കൂടെ നിന്നു എന്ന് മാത്രം."

മായ പറഞ്ഞത് കേട്ട് രഘു അത്ഭുതത്തോടെ മിലിയെ നോക്കി.

"മിലി ആളു കാണണ പോലെ അല്ലല്ലോ? പകല് മുഴുവൻ ജാഡയിട്ട് സീരിയസ് ആയി നടക്കും.. രാത്രി ആവുമ്പോ ചൂലും എടുത്തു ഇറങ്ങും മനുഷ്യനെ പേടിപ്പിക്കാൻ."  രഘു പറഞ്ഞത് കേട്ട് മിലിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.

"ഇതൊക്കെ എന്ത്? ഞാൻ ഹൈ സ്കൂളിൽ പഠിക്കണ സമയം.. ഈ മിലിചേച്ചിടെ കുറുമ്പുകൾക്ക് കൂട്ട് നിന്നെന്നു എന്തോരം തല്ലാ ഞാൻ വാങ്ങിയിരിക്കുന്നത് എന്ന് അറിയോ? പിന്നെ.. അച്ഛൻ മരിച്ചതിൽ പിന്നെ.. ഇന്നലെയാണ് ആദ്യമായി എന്റെ പഴയ മിലിചേച്ചിയെ ഞാൻ കാണുന്നത് " ആവേശത്തിൽ പറഞ്ഞു തുടങ്ങി എങ്കിലും അവസാനം ആയപ്പോളേക്കും മായയുടെ കണ്ണു നിറഞ്ഞിരുന്നു.

വീട് എത്തിയപ്പോൾ മായ വണ്ടിയിൽ നിന്നും ഇറങ്ങി ഗേറ്റ് തുറക്കാൻ ആയി പോയി. തനിച്ചായ നിമിഷം രഘു അവളുടെ ചെവിയോട് ചുണ്ട് ചേർത്തു ചോദിച്ചു. "ആ പഴയ മിലിയെ തിരികെ കൊണ്ട് വന്നത് ഞാൻ അല്ലേ? "

അവന്റെ നിശ്വാസം കഴുത്തിൽ തട്ടിയപ്പോൾ മിലി ഒന്ന് ഞെട്ടി തിരിഞ്ഞു.

"അത്.. അത്.. വെറുതെ.. രഘു എന്നെ വട്ടാക്കിയപ്പോൾ.. ഞാൻ വെറുതെ.. " വാക്കുകൾ കിട്ടാതെ അവൾ ബുദ്ധിമുട്ടി.


വണ്ടി പോർച്ചിൽ നിറുത്തി അവൾ അകത്തേക്ക് ഓടി. അവളുടെ മനസിലും അപ്പോൾ ആ ചോദ്യം ആയിരുന്നു. - രഘു അവളെ മാറ്റുന്നുണ്ടോ?

**********************

ബോറടിയുടെ നെല്ലി പലക കണ്ടു ഇരിക്കുകയാണ് മായ. ഹോസ്പിറ്റലിൽ നിന്ന് വന്നപ്പോൾ മുതൽ മിലി മുറിയിൽ കയറി കതക് അടച്ചു ഇരിക്കുകയാണ്. ജോലി തീർക്കാൻ ഉണ്ട് അത്രേ.. അമ്മയാണെങ്കിൽ അടുക്കളയിൽ ആണ്. അങ്ങോട്ട് പോകാതിരിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

മിനിമോൾ എൻട്രൻസ് കോച്ചിങ്നു പോയിരിക്കുകയാണ്. അല്ലെങ്കിൽ അവളെ വെറുപ്പിച്ചു നടക്കാമായിരുന്നു. രഘുവിനോട് പോയി കത്തി അടിച്ചാലോ എന്ന് അവൾ ആലോചിച്ചു. വേണ്ട. ക്ഷീണം കാണും ഉറങ്ങിക്കോട്ടെ.

തൊടിയിലൂടെ ചുമ്മാ കറങ്ങി നടന്നു അവൾ. അപ്പോളാണ് ഫോണിൽ ഒരു ബീപ് അടിച്ചു നോട്ടിഫിക്കേഷൻ വന്നത്.

അവൾ fb തുറന്നു നോക്കി. ഒരു മെസ്സേജ്.

"ഹൈ മായ.. നിരഞ്ജൻ ആണ്.. ഓർക്കുന്നുണ്ടോ?"

നിരഞ്ജനോ? അവൾ അന്തം വിട്ടു. ഒന്നുകൂടി അയച്ച ആളുടെ അക്കൗണ്ട് എടുത്തു നോക്കി. നിരഞ്ജന്റെ വെരിഫിഡ് അക്കൗണ്ട് ആണ്. ശരിക്കും നിരഞ്ജൻ തന്നെ ആയിരിക്കുമോ? അവൾക്ക് സംശയം തോന്നി.

"ആരാ ഇത്?" അവൾ ഒരു റിപ്ലൈ അയച്ചു.

ഉടനെ ഒരു വീഡിയോ കാൾ റിക്വസ്റ്റ് വന്നു. അത് കണ്ടു അവൾ ഒന്ന് പേടിച്ചു. ചുമ്മാ കുറെ സ്പാം ഒക്കെ നടക്കുന്നതാ.. ഇനി കാൾ എടുക്കണ്ട എന്ന് വച്ചാൽ ശരിക്കും നിരഞ്ജൻ ആണെങ്കിലോ?

അവൾ ക്യാമറയിൽ അവളുടെ മുഖം കാണാത്ത രീതിയിൽ പിടിച്ചു കാൾ അറ്റൻഡ് ചെയ്തു.

സ്‌ക്രീനിൽ നിരഞ്ജന്റെ മുഖം കണ്ടു അവളുടെ മുഖത്ത് പുഞ്ചിരി വിടർന്നു.

"ഹേയ്.. മായ.. തന്റെ മുഖം കാണുന്നില്ലല്ലോ?" നിരഞ്ജൻ ചോദിച്ചു.

മായ ആകെ അങ്കലാപ്പിൽ ആയി.. ചുമ്മാ വീട്ടിൽ നടക്കുന്നത് അല്ലേ.. കണ്ണെഴുതിയിട്ടില്ല. പൊട്ടു തൊട്ടിട്ടില്ല. എന്തിന് മുടി പോലും മര്യാദയ്ക്ക്‌ കെട്ടിയിട്ടില്ല. ഈ നിരഞ്ജന്നു പറഞ്ഞിട്ട് വിളിച്ചൂടെ. മുടിയൊന്ന് കോതി ഒതുക്കി അവൾ ക്യാമറ തന്റെ നേരെ തിരിച്ചു.

അവളെ കണ്ടപ്പോൾ നിരഞ്ജന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു.

"ഹേയ്.. ഹായ്.." അവൻ പറഞ്ഞു.

"ഹായ്.. പെട്ടന്ന് വീഡിയോ കാൾ കണ്ടപ്പോൾ ഞാൻ ഒന്ന് പേടിച്ചു. ആരാണ് എന്ന് അറിയില്ലലോ.." അവൾ പറഞ്ഞു.

"ഇപ്പൊ പേടി മാറിയോ?" അവൻ ചോദിച്ചത് കേട്ട് മാറി എന്ന അർത്ഥത്തിൽ അവൾ തലയാട്ടി.

"മിലി ചേച്ചിയെ വിളിക്കണോ?" ചുണ്ടിൽ മാഞ്ഞു തുടങ്ങിയ ചിരി പിടിച്ചു വച്ചുകൊണ്ട് അവൾ ചോദിച്ചു.

"ഏയ്‌.. ഞാൻ മായയെ വിളിച്ചതാ.." അവൻ പറഞ്ഞത് കേട്ട് വീണ്ടും അവളുടെ മുഖം വിടർന്നു.

"എന്നെയോ? എന്തിന്?" അറിയാതെ അവൾ ചോദിച്ചു പോയി.

"ഉം.. അത്.. എന്റെ ഒരു ഫ്രണ്ട്.. മ്യൂസിക് ഡയറക്ടർ ഭൂമി.. അവന്റെ പുതിയ പടത്തിലേക്കു ഫീമയിൽ സിംഗരെ നോക്കുന്നുണ്ട്.. അപ്പൊ ഞാൻ പറഞ്ഞു മായയെ നോക്കാം എന്ന്."

"എന്നെയോ.. ഞാൻ പാടിയാൽ ശരിയാവോ?"

"പിന്നെ.. എന്താ പാടിയാല്?.."

"അത്.. ഞാൻ ഇത് വരെ.."

"തന്റെ ശബ്ദം ഭയങ്കര മാജിക്കൽ ആണെടോ.."

"ശെരിക്കും?"

നിരൻജനോട്‌ കിന്നാരം പറഞ്ഞു തൊടിയിലൂടെ അവൾ നടന്നു.

*************************

മേശയിൽ തലചായ്ച്ചു ഇരിക്കുകയായിരുന്നു മിലി. അവൾ ഓർത്തു. രഘു പറഞ്ഞതിനെ പറ്റി.

"അവൻ പറഞ്ഞത് ശരിയാണ്. അവന്റെ കൂടെ കൂടുമ്പോൾ ഞാൻ ആകെ മാറുന്നു. ചിരിക്കാനും കളിതമാശകൾ പറയാനും.. എന്തിനു ഇനി ഒരിക്കലും ഓർക്കരുത് എന്ന് തീരുമാനിച്ച ഓർമ്മകൾ പിന്നെയും ഒരിക്കൽ കൂടി അയവിറക്കാനും സാധിക്കുന്നു. എന്താ എനിക്ക് പറ്റിയത്?" അവൾ സ്വയം ചോദിച്ചു.

പതിയെ എഴുന്നേറ്റു കണ്ണാടിയുടെ മുന്നിൽ പോയി നിന്നു.

"ഇനി രഘു പറയുന്നത് പോലെ.. ഇതാണോ പ്രണയം? നീ അവനെ പ്രണയിക്കുന്നുണ്ടോ?" അവൾ കണ്ണാടിയിൽ തന്റെ പ്രതിബിംബത്തോട് ചോദിച്ചു.

"മോളേ.. മിലി.." ജാനകിയമ്മ ഡോറിൽ തട്ടി വിളിച്ചത് കേട്ട് മിലി തിരിഞ്ഞു നോക്കി. അവൾ മുഖം ഒന്ന് അമർത്തി തുടച്ചു. പിന്നെ പതിയെ പോയി വാതിൽ തുറന്നു.

" എന്താ അമ്മേ? " അവൾ അമ്മയോട് ചോദിച്ചു.

" മായ എവിടെയാണ്? ഇവിടെ ഒന്നും കാണുന്നില്ലല്ലോ? നിന്റെ കൂടെ ഉണ്ടോ? " അവർ ചോദിച്ചു.

 മിലി ചുറ്റും നോക്കി മുറിയുടെ പുറത്തേക്കിറങ്ങി.

" അവൾ ഇവിടെ ഉണ്ടായിരുന്നല്ലോ.. എവിടെ  പോവാനാ?  മായേ.. " മിലി ഉറക്കെ വിളിച്ചു.

" ഞാൻ കുറെ വിളിച്ചതാ. അവൾ വീട്ടിൽ ഇല്ല. പറയാതെ എങ്ങോട്ടും പോകരുത് എന്ന് ഞാൻ പറഞ്ഞിട്ടുള്ളതാണ്.. ഇങ്ങു വരട്ടെ.. നീ അവളുടെ ഫോണിലേക്ക് ഒന്ന് വിളിച്ചു നോക്കിക്കേ.. " ജാനകിയമ്മ ദേഷ്യത്തോടെ പറഞ്ഞു .

 മിലി മായേ വിളിക്കാനായി ഫോൺ എടുക്കാനായി തിരിഞ്ഞപ്പോൾ ആണ് തൊടിയിലൂടെ ഫോണും പിടിച്ച് കവാത്തു നടത്തുന്നമായയെ അവൾ ശ്രദ്ധിച്ചത്. അവൾ ചിരിച്ചു കൊണ്ട് ജാനകിയമ്മയെ അത് വിളിച്ചു കാണിച്ചു.

" എന്റെ അമ്മ.. അവൾ എങ്ങും പോയിട്ടില്ല.. ദേ നടക്കുന്നു.. ഫ്രണ്ട്സുമായി സംസാരിക്കുകയാണ്.."

 " ഈ പെണ്ണ് ഫുൾടൈം ഫോണിൽ ആണ്.. കഴിഞ്ഞദിവസം ടി വി യിൽ കാണിച്ചിരുന്നു. ഇത് മയക്കുമരുന്ന് പോലെ ഒരു അഡിക്ഷൻ ആണ്. നമ്മൾ കൺട്രോൾ ചെയ്തില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകും. ആദ്യം ഓരോ ടാസ്ക് കൊടുക്കും അത്രേ. പിന്നെ പോയി ആത്മഹത്യ ചെയ്യാൻ പറയും.. " ജാനകിയമ്മ ടെൻഷൻഓടെ പറഞ്ഞു.

"അയ്യോ.. ഇങ്ങനെ കാടുകയറി പോകല്ലേ അമ്മേ.. മായ്ക്ക് അങ്ങനെ പ്രശ്നം ഒന്നുമില്ല.. ആട്ടെ.. അമ്മ എന്തിനാ അവളെ അന്വേഷിച്ചത്?" മിലി ചോദിച്ചു.

" അത് ഞാൻ മറന്നു.. ദേ.. രഘുവിന് ഉള്ള കഞ്ഞിയാണ്.. ഇത് ഒന്ന് അവനു കൊണ്ട് കൊടുക്കാനാ   ഞാൻ അവളെ നോക്കിയത്. നീ ഒന്ന് കൊണ്ട് കൊടുക്കാമോ? മുട്ടിന് ഭയങ്കര വേദന. സ്റ്റെപ്പ് കേറാൻ വയ്യ.. " ജാനകിയമ്മ പറഞ്ഞു.

" ഞാൻ തിരുമ്മി തരണോ? "

"വേണ്ട.. ബെൽറ്റ് ഇട്ടിരിക്കുകയാണ്.. ഓപ്പറേഷൻ മാത്രമേ  ഇനി വഴിയുള്ളൂ എന്ന തോന്നുന്നത്. " ജാനകിയമ്മ ഒരു ദീർഘനിശ്വാസം വിട്ടു.

" നമുക്ക് അടുത്ത ആഴ്ചയിലേക്ക് ഡോക്ടറിന് ഒരു appoinment കൂടി എടുക്കാം.. " എന്നുപറഞ്ഞുകൊണ്ട് മിലി രഘുവിനുള്ള കഞ്ഞിയും എടുത്ത് മുകളിലേക്ക് നടന്നു.

 മരുന്നുകളുടെ തളർച്ചയിൽ ചെറുതായൊന്നു മയങ്ങുകയായിരുന്നു രഘു. മിലി വാതിൽ മെല്ലെ തുറന്നു അകത്തു കയറി. കയ്യിലിരുന്ന കഞ്ഞിയുടെ പാത്രം അവൾ കട്ടിലിന് അരികിലുള്ള ചെറിയ ടേബിളിൽ വച്ചു. പിന്നെ പതിയെ രഘുവിന് അരികിലിരുന്നു. മെല്ലെ അവനെ തട്ടിവിളിച്ചു. 

"രഘു.." 

"ഉം.. " ഉറക്കച്ചടവോടെ അവൻ കണ്ണുകൾ മെല്ലെ തുറന്നു. തൻറെ അരികിലിരിക്കുന്ന മിലിയെ കണ്ടു അവൻറെ കണ്ണുകൾ വിടർന്നു.

"എഴുന്നേൽക്കൂ രഘു.. ഇനി കുറച്ച് കഞ്ഞി കുടിക്കാം.. അതുകഴിഞ്ഞ് മരുന്നു കഴിക്കണം.." അവൾ പറഞ്ഞത് കേട്ട് രഘു മെല്ലെ എഴുന്നേറ്റു ഇരുന്നു. 

അവൾ കഞ്ഞിയുടെ പാത്രം കയ്യിലെടുത്ത് ഇത് ഒരു സ്പൂൺ കഞ്ഞി എടുത്തു ചെറുതായി ഒന്ന് ഊതി അവനു നേരെ നീട്ടി. 

"ഞാൻ എടുത്തു കുടിച്ചോളാം.." ഒരു ചിരിയോടെ അവൻ പറഞ്ഞത് കേട്ട് അവൾ പാത്രം അവൻറെ കയ്യിലേക്ക് കൊടുത്തു. പതിയെ എഴുന്നേൽക്കാൻ ആയി തുടങ്ങിയ അവളെ അവൻ കൈപിടിച്ച് തടഞ്ഞു.

"അല്ലെങ്കിൽ വേണ്ട.. മിലി തന്നെ എടുത്ത് തന്നാൽ മതി." 

ചുണ്ടിൽ ഒരു ചെറിയ ചിരി വിടർത്തി അവൾ അവന് കഞ്ഞി എടുത്തു കൊടുക്കുമ്പോൾ അവൻ അവളുടെ കണ്ണുകളിൽ തന്നെ നോക്കിയിരുന്നു. അവൻ നോക്കി കാണുകയായിരുന്നു. അവളുടെ കണ്ണിൽ തന്നോടുള്ള ഭാവമാറ്റത്തെ.

*****************

സൂപ്പർ മാർക്കറ്റിൽ പച്ചക്കറി സെക്ഷനിൽ നിൽക്കുകയായിരുന്നു മിലി. കുറച്ചു മാറി നിന്നു ആകാശ് അവളെ നോക്കി. കുറച്ചു ദിവസം ആയി ഇങ്ങനെ അവിടെയും ഇവിടെയും ഒളിച്ചു നിന്നു അവളെ ഫോളോ ചെയ്യുന്നു അവൻ. അവളോട് സംസാരിക്കണം എന്ന ആഗ്രഹം മാത്രം എങ്കിലും അവളെ ഫേസ് ചെയ്യാൻ ഒരു മടി.

"ഓക്കേ.. ഇവിടെ നിന്നു ആ വഴി പോകുന്നു. കാണാത്ത പോലെ നടക്കുന്നു. അവളുടെ തൊട്ടടുത്തു എത്തുമ്പോൾ ഒന്ന് തിരിഞ്ഞു നോക്കി ഒന്നും അറിയാത്തപോലെ.. മിലി.. എന്ന് വിളിക്കുന്നു.." അവൻ സ്വയം പറഞ്ഞു ഒന്ന് പ്രാക്ടീസ് ചെയ്തു.

പിന്നെ രണ്ടും കല്പ്പിച്ചു മിലി നിൽക്കുന്ന ഭാഗതെക്ക് നടന്നു. അവൻ അവളുടെ തൊട്ടടുത്തു എത്തിയപ്പോൾ ആണ്.

"ഹായ് മിലി ചേച്ചി..." വിളി കേട്ട് മിലി തിരിഞ്ഞു നോക്കി. തൊട്ടടുത്തുകൂടി കടന്നു പോയ ആകാശിനെ അവൾ കണ്ടില്ല.

"ഹായ് കൃതി.. ഷൈലാമ.. നിങ്ങൾ എന്താ ഇവിടെ? " തന്നെ വിളിച്ച ആൾക്കാരുടെ മുഖം കണ്ടു മിലി ചിരിച്ചുകൊണ്ട് ചോദിച്ചു.

"സൂപ്പര്മാര്ക്കറ്റിൽ എല്ലാവരും എന്തിനാ വരുന്നത്? ഷോപ്പിംഗ്നു.." ചെറിയ ഒരു കേറുവോടെ കൃതി പറഞ്ഞത് കേട്ട് ഷൈലാമ അവളെ കൂർപ്പിച്ചു നോക്കി.

"ഹഹഹ... അതുമനസിലായി.. നിങ്ങൾ ഈ ഭാഗത്തു എന്താ എന്നാ ഞാൻ ചോദിച്ചത്.." മിലി അവളുടെ അഹങ്കാരത്തോടെ ഉള്ള മറുപടി കണ്ടില്ല എന്ന് നടിച്ചുകൊണ്ട് ചോദിച്ചു.

"അത്... ഒന്നും ഇല്ല ചേച്ചി... ഇവിടെ ഒരു ഫ്രണ്ടിനെ കാണാൻ വന്നത് ആണ്... അപ്പൊ കൃതിക്ക് എന്തോ വാങ്ങണം എന്ന് പറഞ്ഞു.. അതാ.." ഷൈലാമ പറഞ്ഞു ഒപ്പിച്ചു.

".ഓഹ്.. ഓക്കേ.." മിലി ഒന്ന് തല കുലുക്കി. "എല്ലാവരും സുഖം ആയി ഇരിക്കുന്നോ?" അവൾ വെറുതെ ചോദിച്ചു.

"ഉം.." ഷൈലാമ തലയാട്ടി

"എന്നാ നടക്കട്ടെ.. എനിക്ക് കുറച്ചു തിരക്കുണ്ട്.. പിന്നെ കാണാം.." കൃതിയുടെ കൂർപ്പിച്ചു ഉള്ള നോട്ടം താങ്ങാൻ വയ്യാതെ മിലി പറഞ്ഞു.

മിലി പതുക്കെ പോകാൻ തുടങ്ങിയപ്പോൾ കൃതി ഷൈലാമയുടെ കൈ പിടിച്ചു തിരിച്ചു.. "ആ.. എനിക്ക് വയ്യ.. നീ ചോദിക്ക്.." ഷൈലാമ അവളോട് വേദന കടിച്ചമർത്തി പറഞ്ഞു.

അതുകണ്ടു മിലി തിരിഞ്ഞു നിന്ന് ചോദിച്ചു. "ഉം..? എന്താ രണ്ടു പേർക്കും ചോദിക്കാൻ ഉള്ളത്?"

"അത്.. അത്..." അവർ ഒന്ന് സംശയിച്ചു.

"എന്തായാലും ചോദിച്ചോ.." മിലി അവരെ സമാധാനിപ്പിച്ചു.

"അത്.. രഘു ഇപ്പൊ പാർട്ടിക്ക് ഒന്നും വരുന്നില്ല.. ഫോൺ വിളിച്ചാലും മിണ്ടുന്നതു കുറവാ.. അത് കൊണ്ടു.." ഷൈലാമ പറഞ്ഞു.

"നിങ്ങളുടെ അല്ലേ കൂട്ടുകാരൻ..? ചോദിക്കാമായിരുന്നില്ലേ.." മിലി ചിരിച്ചുകൊണ്ട് ചോദിച്ചു.

അത് കണ്ടു കൃതിക്കു ദേഷ്യം അടക്കാൻ പറ്റിയില്ല.

 "അതെ.. ഞങ്ങളുടെ കൂട്ടുകാരൻ തന്നെ ആണ്.. അവനെ ഇപ്പൊ മിലി അല്ലേ കൈ വെള്ളയിൽ ഒതുക്കി വച്ചിരിക്കുന്നത്.. ഇതൊന്നും ഞങ്ങൾ സമ്മതിക്കില്ല.. അവൻ എന്റെയാ.. അവന്റെ ദേഹത്തു മറ്റൊരാളുടെ നിഴൽ പോലും വീഴുന്നത് എനിക്ക് ഇഷ്ട്ടം അല്ല.. നിങ്ങൾക്ക് ഒന്നും ഇല്ലെങ്കിലും നിങ്ങളുടെ പ്രായത്തെ എങ്കിലും മാനിച്ചൂടെ..? ഇനി എന്റെ രഘുവിനെ ശല്യപ്പെടുത്തരുത്.."

ഇത്രയും ഒറ്റ വാക്കിൽ പറഞ്ഞു കൃതി ശൈലമയെയും വലിച്ചു തിരിഞ്ഞു നടന്നു. മിലി അവിടെ തന്നെ തറഞ്ഞു നിന്നു.

(തുടരും.... )


നിനക്കായ്‌ ഈ പ്രണയം (39)

നിനക്കായ്‌ ഈ പ്രണയം (39)

4.5
3173

വീട്ടിലേക്കുള്ള വഴിയിൽ മുഴുവൻ മിലി തികച്ചും അസ്വസ്ഥയായിരുന്നു. കൃതിയുടെ വാക്കുകൾ അവളുടെ മനസ്സിൽ വീണ്ടും വീണ്ടും തുളഞ്ഞുകയറി. ശരിയാണ് അവൾ പറയുന്നത് എന്ന് മിലിക്ക് തോന്നി. എത്രയൊക്കെ പുരോഗമനവാദം പറഞ്ഞാലും സമൂഹം ഒരിക്കലും ഇത്തരത്തിലുള്ള ഒരു ബന്ധം അംഗീകരിക്കില്ല. രഘുവിനോട് സ്നേഹത്തോടെ ഇടപഴകാൻ തോന്നിയ നിമിഷങ്ങളെ അവൾ സ്വയം ശപിച്ചു. വീട്ടിൽ ചെന്ന ഉടനെ തന്നെ  രഘുവിനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുവാൻ അവൾ തീരുമാനിച്ചു.  വണ്ടി പാർക്ക് ചെയ്തു അവൾ നേരെ മുകളിലെ അവളുടെ മുറിയിലേക്ക് പോയി. വാതിൽ തുറന്നു കിടക്കുകയായിരുന്നു. "രഘു..." അവനെ മെല്ലെ വിളിച്ചു