Aksharathalukal

നിനക്കായ്‌ ഈ പ്രണയം (46)

രഘു ദേഷ്യത്തോടെ തുണികൾ ബാഗിൽ കുത്തി നിറച്ചു. കണ്ണിൽ നിന്നു പൊടിഞ്ഞ ഒരു തരി കണ്ണുനീർ കവിളത്തു തങ്ങി നിന്നു.

"ഡാ.. രഘു.. ഈ ചാർജർ നിന്റെ ആണോ?" ഒരു ചാർജർ വയർ ഉയർത്തി ചോദിച്ച ശ്യാമിനെ നോക്കി രഘു ഒന്ന് തലയാട്ടി.

ശ്യാം അവന്റെ കയ്യിൽ ഇരുന്ന ബോക്സിലേക്ക് അതും എടുത്തു ഇട്ടു. ബാഗിനുള്ളിലേക്ക് ദേഷ്യത്തിൽ തുണികൾ കയറ്റാൻ ശ്രമിക്കുന്ന രഘുവിനെ അവൻ നോക്കി. തുണികൾ ഒന്നും മടക്കാത്തത് കൊണ്ട് അത്‌ ആ ബാഗിനുള്ളിൽ കയറുന്നില്ലായിരുന്നു. ഇപ്പൊ തന്നെ ലോഹിമാഷിന്റെ അവിടെ നിന്നു പോണം - സാധനങ്ങൾ ഒക്കെ പാക്ക് ചെയ്യാൻ ഹെല്പ് വേണം എന്ന് രഘു വിളിച്ചു പറഞ്ഞത് കേട്ട് വന്നതാണ് ശ്യാം.

വരുന്ന വഴിക്കു മിനിമോളെ കണ്ടപ്പോൾ ആണ് അവിടെ നടന്ന നൂലമാലകൾ ഒക്കെ അവൻ അറിയുന്നത്.

"ഡാ... നീ ഇപ്പോ ആ ബാഗ് കീറും. ഇങ്ങു താ.. ഞാൻ വയ്ക്കാം.." ശ്യാം പറഞ്ഞത് കേട്ട് രഘു ബാഗ് അവന്റെ നേരെ എറിഞ്ഞു.

പിന്നെ ദേഷ്യത്തോടെ കട്ടിലിൽ കയറി ഇരുന്നു.

"അല്ലെങ്കിലും എനിക്കു അറിയാമായിരുന്നു അവസാനം ഇങ്ങനെ ഒക്കെയേ വരൂ എന്ന്. അവൾ ആ ആകാശിനോടും ചെയ്തത് ഇത് തന്നെ ആണ്. അവളുടെ പ്രണയം തുറന്നു പറയണ്ട സമയം ആയപ്പോൾ കുടുംബം വീട്ടുകാർ മണ്ണാങ്കട്ട എന്നൊക്കെ പറഞ്ഞു കൈ മലർത്തി കാണിച്ചു. ദേ.. അത് തന്നെ ഇപ്പോളും ചെയ്തു. അങ്ങനെ അല്ല.. അവൾ എന്നെ ചേർത്തു നിർത്തും എന്ന് വിചാരിച്ച ഞാൻ ആണ് മണ്ടൻ.." രഘു സ്വയം പറയുന്നത് ആണോ തന്നോട് പറയുന്നത് ആണോ എന്ന് മനസിലാവാതെ ശ്യാം നിന്നു.

"എന്താടാ തെണ്ടി.. കണ്ണു തുറിപ്പിച്ചു നോക്കണേ.. നിന്റെ നാക്ക് ഇറങ്ങി പോയോ?" രഘു ശ്യാമിന്റെ നേരെ ചാടി..

"അത്.. ഞാൻ.."

"എന്തോന്ന് അത് ഞാൻ.. ഇവിടെ ഞാൻ ഇത്രയും നേരം ഓരോന്ന് പറഞ്ഞിട്ട് നിനക്കു ഒന്നും പറയാനില്ലേ കോപ്പേ..?" രഘു ചോദിച്ചു.

"അത്.. ഡാ.. നീ ഒന്ന് മിലിയോട് സംസാരിച്ചു നോക്ക്.." ശ്യാം പറഞ്ഞു.

"നിന്നോട്.. നിന്നോട് വായ തുറക്കാൻ ആരാ പറഞ്ഞേ..? അവളോട് ച്ചംചാരിക്കാൻ... എന്റെ പട്ടി പോകും.. എടാ.. എന്റെ കൂടെ വരാൻ ഉള്ളവൾ ആയിരുന്നു എങ്കിൽ അവൾ ആ നിരഞ്ജനെ കെട്ടിക്കോളാം എന്ന് പറയോ? അതും അത്രയും പേരുടെ മുന്നിൽ വച്ചു.."

ശ്യാമിന്റെ മറുപടി ഒന്നും കേൾക്കാതെ ആയപ്പോൾ രഘു തിരിഞ്ഞു നോക്കി. പടി കയറി വരുന്ന മിലിയെ അപ്പോളാണ് അവൻ കണ്ടത്.

"ആ... ദാ.. വന്നല്ലോ.. ജാൻസി റാണി.. അന്ന് എന്ത് വടി വച്ചാടാ നിന്നെ അടിച്ചത്.. ഇന്ന് അവിടെ ഓരോരുത്തർ വേണ്ടാധീനം വിളിച്ചു പറഞ്ഞപ്പോൾ അവളുടെ വടി വട്ടം ഒടിഞ്ഞു പോയി.. ച്ചീ.." രഘു അവളെ നോക്കി പുച്ഛത്തോടെ പറഞ്ഞു.
"രഘു.. അവർ ആരും കാരണം അല്ല.. ഞാൻ ഇന്ന് വരുന്ന വഴി നിന്റെ അമ്മ..." മിലി പറയാൻ തുടങ്ങി.

"നിർത്തിക്കോണം.. ഒരു വാക്ക്.. ഒരു വാക്ക് നീ എന്നോട് മിണ്ടി പോകരുത്.. നീ ആ കൊറഞ്ജനെ കെട്ടി പോയിന്നു വച്ചു വെള്ളമടിച്ചു താടീം വളർത്തി നിരാശകാമുകൻ ആയി ഞാൻ നടക്കും എന്നൊന്നും നീ കരുതണ്ട.. ഹഹഹ.. അല്ലെങ്കിലും ആരു നടക്കും.. നീ വേണ്ടാന്ന് പറഞ്ഞപ്പോൾ തന്നെ ആ ആകാശ് വേറെ ഒരുത്തിയെ പോയി കെട്ടീലെ.. അവൻ.. അവനാണ് ശരിക്കും മിടുക്കൻ.. എനിക്കു ഏതായാലും അവനെ വല്ലാണ്ട് അങ്ങോട്ട് ബോധിച്ചു. നിന്നോടൊക്കെ ഇതല്ല.. ഇതിന്റെ അപ്പുറം ചെയ്യണം.. ഒരു തെറ്റും ഇല്ല.." രഘുവിന്റെ വാക്കുകൾ മിലിയെ വല്ലാതെ കുത്തിനോവിച്ചു.

"കഴിഞ്ഞില്ലെടാ..? തെണ്ടി.." രഘു ശ്യാമിന്റെ നേരെ ആക്രോശിച്ചു.

"കഴിഞ്ഞു.." ശ്യാം പതിയെ ബാഗും ബോക്സും എല്ലാം അടച്ചു.

രഘു പുറത്ത് ഇറങ്ങി നിന്നപ്പോൾ ശ്യാം പതിയെ വാതിൽ എല്ലാം പൂട്ടി ഇറങ്ങി. മിലി ഒന്നും മിണ്ടാതെ അവിടെ തന്നെ നിന്നു. ശ്യാമിന്റെ കാറിൽ സാധനങ്ങൾ എടുത്തു വച്ചു. ശ്യാം കാർ സ്റ്റാർട്ട്‌ ചെയ്തു.

രഘു ബൈക്ക് എടുക്കാൻ തുടങ്ങുമ്പോൾ മിലി അവന്റെ അടുത്ത് വന്നു വീണ്ടും അവനെ വിളിച്ചു. "രഘു.. "

"വേണ്ട മിലി.. നീ ഒന്നും പറയണ്ടായിരുന്നു.. എന്റെ കൂടെ വരണം എന്ന് പോലും ഞാൻ പറയില്ല.. പക്ഷെ അത്രയും പേരുടെ മുന്നിൽ വച്ചു അയ്യാൾ ഞാൻ നിന്നെ കളിപ്പിക്കുകയാണ് എന്ന് പറഞ്ഞപ്പോൾ.. അത്.. അത് മാത്രം ശരിയല്ല എന്ന് ഒന്ന് പറയാമായിരുന്നില്ലേ.. " അത്രമേൽ ആർദ്രമായ് അവൻ പറഞ്ഞത് കേട്ട് മിലിയുടെ കണ്ണു നിറഞ്ഞു.

പിന്നെ ഒരു രൗദ്ര ഭാവം വന്നു നിറഞ്ഞു അവന്റെ മുഖത്ത്. "നീ വേണ്ടാന്ന് വച്ചു ഞാൻ താടിയും വളർത്തി മാനസ മൈന പാടി നടക്കാൻ ഒന്നും പോണില്ല.. തുമ്മിയാൽ തെറിക്കണ മൂക്ക് ആണേൽ അങ്ങ് പോട്ടെന്നു വക്കും ഈ രഘു.. കേട്ടോടി.."

അവളോട് അത് പറഞ്ഞു അവൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു പോയി. രഘു പോകുന്നതും നോക്കി മിലി അവിടെ തന്നെ നിന്നു.

"നിന്റെ കൂടെ വരാൻ എനിക്കു ഇഷ്ടമില്ലാഞ്ഞിട്ട് അല്ല രഘു.. പക്ഷേ.. വിവാഹം എന്ന് പറയുന്നത് രണ്ടു വ്യക്തികൾ മാത്രം ഉള്ള ഉടമ്പടി അല്ല.. രണ്ടു കുടുംബങ്ങളുടെ കൂടിച്ചേരൽ കൂടി ആണ്.. എന്നെ നിന്റെ അമ്മ ഒരിക്കലും സ്വീകരിക്കില്ല എന്ന് അറിഞ്ഞുകൊണ്ട് ഞാൻ നിന്റെ കൈ പിടിച്ചു എങ്ങനെ നിന്റെ വീട്ടിലോട്ടു വരും?" മിലി സ്വയം പരിതപിച്ചു.

****************

രഘുവിന്റെ ബൈക്ക് കാർപോർച്ചിൽ വന്നു നിന്നു. ബൈക്ക് സ്റ്റാൻഡിൽ ഇടാൻ പോലും ശ്രമിക്കാതെ അവൻ ഇറങ്ങി അകത്തേക്ക് കയറി. ബൈക്കിന്റെ കീ അവൻ സെക്യൂരിറ്റിയുടെ നേർക്ക് എറിഞ്ഞു അകത്തേക്ക് നടന്നു. അവന്റെ വരവ് കണ്ട സുമിത്രയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.

"ഓഹ്.. എന്റെ ആന്റി.. ആന്റിയെ സമ്മതിച്ചിരിക്കുന്നു.. ഇന്ന് രഘു വരും എന്ന് പറഞ്ഞു.. വന്നു.." സുമിത്രയേ രണ്ടു കൈകൊണ്ടും വട്ടം പിടിച്ചു കൃതി പറഞ്ഞു. അതുകേട്ടു സുമിത്ര ഒന്ന് പുഞ്ചിരിച്ചു.

"സന്തോഷം ആയില്ലേ മോൾക്ക്..?" അവൾ കൃതിയോട് ചോദിച്ചു.

"ഒരുപാട്.. " കൃതി മറുപടി പറഞ്ഞു.

അപ്പോളേക്കും ശ്യാമിന്റെ കാർ ഗേറ്റ് കടന്നു വന്നു. "വരുന്ന വഴിക്കു റെയിൽവേ ഗേറ്റ് അടച്ചിരുന്നു. രഘു ബൈക്കും കൊണ്ടു ഇങ്ങു പോന്നു.. എത്തീലെ?" സാധനങ്ങൾ ഇറക്കി വച്ചുകൊണ്ട് ശ്യാം സുമിത്രയോട് ചോദിച്ചു.

"ഉം.. എന്താ ഇത്ര പെട്ടന്ന്...?" സുമിത്ര ഒന്നും അറിയാത്ത പോലെ ചോദിച്ചു.


"അറിയില്ല ആന്റി.. ആന്റി തന്നെ ചോദിച്ചു നോക്ക് " അവൻ സുമിത്രയുടെ മുൻപിൽ കള്ളം പറഞ്ഞു. പിന്നെ കൃതിയെ കണ്ണു കൊണ്ട് വിളിച്ചു.

പെട്ടി എടുക്കാൻ സഹായിക്കാൻ എന്നാ വ്യാജേന കൃതി അവന്റെ അടുത്തേക്ക് ചെന്നു.

കാറിന് പിന്നിൽ മറഞ്ഞു നിന്നുകൊണ്ട് പതിഞ്ഞ ശബ്ദത്തിൽ ശ്യാം അവളോട് പറഞ്ഞു. "മിലിയും ആയി ബ്രേക്ക്‌ അപ്പ്‌ ആയി ആണ് വന്നേക്കുന്നത്.. അവൻ ആകെ അപ്സെറ്റ് ആണ്.. നിന്റെ ഒരു കണ്ണു വേണേ.."

അവൻ പറഞ്ഞത് കേട്ട് കൃതി നിഷ്കളങ്കമായി തലയാട്ടി സമ്മതിച്ചു.

"ശ്യാം കേറുന്നില്ല?" സുമിത്ര ചോദിച്ചു.

"ഇല്ല ആന്റി.. ഒരു ഏടാകൂടത്തിൽ നിക്കുമ്പോ ആണ് ഇപ്പൊ വീട് ഒഴിയണം എന്ന് പറഞ്ഞു അവൻ വിളിച്ചത്. അത്യാവശ്യം ആയി അതൊന്നു പോയി ശരിയാക്കണം. ഞാൻ പിന്നെ വരാം.." ശ്യാം യാത്ര പറഞ്ഞു പോയി.

സുമിത്രയും കൃതിയും അകത്തേക്ക് നടന്നു.

"കുട്ടാ.. എന്റെ കണക്കു കൂട്ടലുകൾ ശരിയാണെങ്കിൽ നാളെ മുതൽ രഘു ഓഫീസിൽ പോയി തുടങ്ങും.. അതോടെ അദ്ദേഹത്തിന്റെ പരാതിയും തീരും. പിന്നെ നിങ്ങളുടെ വിവാഹത്തിന് ഒരേ ഒരു തടസം രഘുവിന്റെ സമ്മതം മാത്രം ആയിരിക്കും. അതും നമ്മൾ നേടി എടുക്കും.. അതിനായി നീ ഒരു കാര്യം ചെയ്യണം.." സുമിത്ര കൃതിയോട് പറഞ്ഞു.

"എന്ത് കാര്യം ആന്റി..?"

"വാ.. പറഞ്ഞു തരാം.." സുമിത്ര കൃതിയെയും കൊണ്ട് അകത്തേക്ക് പോയി

****************

"ലില്ലി.. ലോഹിമാഷേ.. നിങ്ങൾ എത്തിയോ? വാ.. വാ.. കേറി വാ.. കല്യാണം ഉറപ്പിച്ച കാര്യം ഒക്കെ അറിഞ്ഞല്ലോ അല്ലേ?" ജാനകിയമ്മ ചിരിച്ച മുഖത്തോടെ ലില്ലിയെയും ലോഹിമാഷിനെയും അകത്തേക്ക് ക്ഷണിച്ചു.

"പിന്നെ.. അത്‌ അറിഞ്ഞോണ്ട് അല്ലേ ഞങ്ങൾ ഇങ്ങോട്ട് പോന്നത്.. കുറച്ചു മുൻപ് എത്തിയെ ഒള്ളൂ.. ഒന്ന് കുളിച്ചു ഇങ്ങോട്ട് പോന്നു.." ലില്ലി പറഞ്ഞു.

"ആ വാ.. കയറി ഇരിക്ക്.. ഞാൻ കഴിക്കാൻ എന്തെങ്കിലും എടുക്കാം.." ജാനകിയമ്മ പറഞ്ഞത് കേട്ട് ലോഹിമാഷ് ഉമ്മറത്തെ കസ്സേരയിൽ ഇരുന്നു.

ലില്ലി ജാനകിയമ്മയോടൊപ്പം അകത്തേക്ക് പോയി.

"എന്നത്തേക്കാ നിശ്ചയം?" ലില്ലി ചോദിച്ചു.

"അതിപ്പോ.. ആലോചന വന്നിട്ട് കുറെ നാളായില്ലേ.. പിന്നെ നിരഞ്ജന് ഏതോ സിനിമയുടെ കാര്യത്തിന് ഫോറിൻ ട്രിപ്പ് പോണമത്രേ. അതുകൊണ്ട് നിശ്ചയം ഒരു ചടങ്ങ് ആയി നടത്തേണ്ട, അധികം വൈകിക്കാതെ നേരെ കല്യാണം അങ്ങ് നടത്താം എന്നാ അവർ പറയുന്നേ.. വരണ മുപ്പത്തിന് ഒരു മൂഹൂർത്തം കണ്ടിട്ടുണ്ട്.." ജാനകിയമ്മ ചായ എടുക്കുന്നതിനിടയിൽ പറഞ്ഞു.

"അതേതായാലും നന്നായി.. പെട്ടന്ന് അങ്ങ് നടക്കട്ടെ.. ഫോറിനിൽ പോകുമ്പോ മിലിയെയും കൊണ്ട് പോകുമായിരിക്കും അല്ലേ?" ലില്ലി ചിരിച്ചുകൊണ്ട് ചോദിച്ചു.

ജാനകിയമ്മ ചിരിച്ചു.

"എല്ലാം എടുത്തു വച്ചു.. ലില്ലി.. നീ മാഷിനെ ഇങ്ങോട്ട് വിളിക്ക്.." ജാനകിയമ്മ പറഞ്ഞത് കേട്ട് ലില്ലി ലോഹിമാഷിനെ അകത്തു ഡെയിനിങ് ടേബിളിന് അടുത്തേക്ക് വിളിച്ചു കൊണ്ട് വന്നു.

കഴിക്കാൻ ഇരുന്നപ്പോൾ മാഷ് ചുറ്റും നോക്കി മിലിക്ക് വേണ്ടി. സാധാരണ ഒരാള് വന്നാൽ അവൾ താഴെ വന്നു സംസാരിക്കാതെ ഇരിക്കാറില്ല.

"മിലി.. ഇവിടെ ഇല്ലേ?" മാഷ് ചോദിച്ചു.

"ഉണ്ട് മാഷേ.. അകത്തു കേറി കതകു അടച്ചിരിക്കാ.. ഈ കല്യാണത്തിന് സമ്മതിക്കണം എന്ന് ഞാൻ ഒന്ന് നിർബന്ധിച്ചു പറഞ്ഞു.. അതിന്റെ കെറുവാ.. അവിടെ ഇരിക്കട്ടെ.. ഇവിടെ ഇങ്ങനെ കല്യാണം കഴിക്കാതെ നിന്നു ജീവിതം ഇല്ലാതാകുന്നുന്നത്തിലും ഭേദം അവൾ ഇപ്പൊ എന്നോട് മിണ്ടാതിരിക്കുന്നത് തന്നെ ആണ്.." ജാനകിയമ്മ കേറുവോടെ പറഞ്ഞു.

"അല്ല.. മായയെയും മിനിമോളെയും ഒന്നും കണ്ടില്ല.." ലില്ലി ചോദിച്ചു..

"മിനി വിശാലേട്ടന്റെ കൂടെ പോയി.. അവിടെ ഏട്ടന്റെ മോളും അവളുടെ പ്രായം ആണല്ലോ.. മായ മുറിയിൽ ഉണ്ട്.. അവൾക്കു ഇത് എന്തിന്റെ ആണ് എന്ന് അറിയില്ല.. അവളുടെ മുഖവും ഒരു കൊട്ടക്ക് ഉണ്ട്.. പിന്നെ അവൾക്കിത് പുത്തരി അല്ലല്ലോ.. വല്ല ഡ്രസ്സ്‌ ശരിയായില്ല എന്നോ മറ്റോ ആയിരിക്കും.. " ജാനകിയമ്മ പറഞ്ഞു.

"നിങ്ങൾ കഴിക്കു.. ഞാൻ മിലിയെ വിളിക്കാം." ജാനകിയമ്മ മിലിയെ വിളിക്കാൻ ആയി മുകളിലേക്കു പോയി.

"ഈ വിവാഹം മിലിക്ക് ഇഷ്ടം അല്ലെന്നു തോന്നുന്നു. " ജാനകിയമ്മ പോയപ്പോൾ ലോഹിമാഷ് ലില്ലിയോട് പറഞ്ഞു.

" അവളുടെ ഇഷ്ടം നോക്കി ഇരുന്നാൽ പറ്റുമോ? അവൾക്കു പ്രായം കൂടി വരല്ലേ.. ഞാൻ ജാനകിയമ്മയുടെ പക്ഷത്താ.. " ലില്ലി പറഞ്ഞു.

അവർ സംസാരിച്ചുകൊണ്ട് ഇരിക്കുമ്പോൾ ജാനകിയമ്മ ഇറങ്ങി വന്നു. പിന്നാലെ മിലിയും. മിലിയെകണ്ടു ലോഹിമാഷിന്റെ നെഞ്ചോന്നു വിങ്ങി.

കണ്ണുകൾ കരഞ്ഞിട്ടാണ് എന്ന് തോന്നുന്നു. ചെറുതായി വീർത്തിട്ടുണ്ട്. കണ്ണിനു താഴെ ഉള്ള കറുപ്പ് രാശി അവൾ ഉറങ്ങാറില്ല എന്ന് എടുത്തു കാണിച്ചു. മുഖത്ത് ഒരു പ്രസാധവും ഇല്ലായിരുന്നു. ഒന്നിലും ഒരു താല്പര്യവും ഇല്ലാത്ത മട്ടിൽ ഗോവണിപടിയിൽ ചാരി അവൾ നിന്നു.

കഴിച്ചു എഴുന്നേറ്റുകൊണ്ട് ലോഹിമാഷ് ലില്ലിയോട് പറഞ്ഞു. "ലില്ലി.. നീ ഇവിടെ ജാനകിയമ്മയോട് സംസാരിച്ചു ഇരിക്ക്. ഞാനും മിലിയും ഒന്ന് നടന്നിട്ട് വരാം "

(തുടരും..)




 


നിനക്കായ് ഈ പ്രണയം (47)

നിനക്കായ് ഈ പ്രണയം (47)

4.4
3152

ലോഹിമാഷും മിലിയും കൂടി നടക്കാൻ ഇറങ്ങിയിട്ട് കുറെ നേരം ആയി. അവളായിട്ട് ഒന്നും പറയില്ല എന്ന് തോന്നിയപ്പോൾ ലോഹിമാഷ് തന്നെ സംസാരിക്കാൻ തുടങ്ങി. "രഘു എന്നെ കാണാൻ വന്നിരുന്നു. കീ എന്നെ ഏൽപ്പിക്കാൻ. കല്യാണത്തിന്റെ വിവരം അവൻ പറഞ്ഞു ആണ് അറിഞ്ഞത്.." ലോഹിമാഷ് മിലിയെ നോക്കികൊണ്ട് പറഞ്ഞു. അവൾ മുഖം ഉയർത്തി നോക്കിയില്ല.. എന്നാലും രഘു എന്താണ് അദ്ദേഹത്തോട് പറഞ്ഞത് എന്ന് അറിയാൻ അവൾക്കു താല്പര്യം തോന്നി. "എന്തിനാ പെട്ടന്ന് മാറുന്നത് എന്ന ചോദ്യത്തിന് വിശാലും ആയി നടന്ന പ്രശ്നത്തിന്റെ കാര്യം പറഞ്ഞു അവൻ.. അവൻ കാരണം ഇവിടുത്തെ പെൺപിള്ളേർക്ക് ഒരു ചീത്തപ്പേര് വരരുത് -