"ഇലയുടെ ജന്മം"
മണ്ണിൽ വേരൂന്നിയ മരത്തിൻ്റെ ബലത്തിൽ ഒരു ഞെട്ടിൽ ഇളകിയാടുന്ന ഇലകൾ പോലെയാണ് നാം.
പഴുത്ത ഇലകൾ ഓരോന്നായി ഞെട്ടറ്റു അടർന്നു വീഴുമ്പോഴും അവൾ അറിഞ്ഞു കാണില്ല തൻ്റെ നിറവും മാറിത്തുടങ്ങിയെന്ന്...
ഒരു മഴ...
ഒരു കാറ്റ്...
കുളിരണിയിച്ചും താലോലമാട്ടിയും കടന്നു പോയപ്പോൾ ഒരു നാൾ തന്നെ പിഴുതെറിയാനും അവയ്ക്കാകും എന്ന് അവൾ ഒരിക്കലും കരുതി കാണില്ല.
ഇന്നിതാ ഞെട്ടറ്റ് താഴെക്ക് പതിക്കുമ്പോൾ ഒരു ഭൂതകാലം പോലെ എല്ലാം കണ്ണിൽ നിന്നും മാഞ്ഞു മാഞ്ഞു പോകുന്ന പോലെ.
മുകുളങ്ങൾ...
അത് വീണ്ടും ഇതൾ വിരിയുന്നു.
വീണ്ടും തളിരിടുന്ന ഇലച്ചാർത്തുകൾ...
അവയെല്ലാം മാനം നോക്കി മാനത്തോളം വളരാൻ മത്സരിക്കുമ്പോൾ തൻ്റെ പതനത്തിൽ സഹതപിക്കാൻ പോലും ആരും ഇല്ല.
ഒടുവിൽ ആ കരിയിലക്കൂട്ടങ്ങൾ ക്കിടയിലേക്ക് വന്നു പതിക്കുമ്പോൾ അവൾ തിരിച്ചറിയുന്നു ...
തന്നിൽ ഇനിയും മാറ്റങ്ങൾ ഒരു പാട് ഒരു പാട് ഉണ്ടെന്ന്.
മണ്ണിൻ്റെ മാറു ചുരന്ന് ജീവൻ നേടിയവൾ വീണ്ടും മണ്ണിലേക്ക് മടങ്ങുന്നു.
ഇനിയൊന്നു ജീർണ്ണിക്കണം.ഈ മണ്ണിലലിഞ്ഞ് വളമായി മാറണം.
പുതു ജീവൻ്റെ ഉയിർത്തെഴുന്നേൽപ്പിനായി സ്വയം അലിഞ്ഞലിഞ്ഞ് ഇല്ലാതെ ആവണം.
രസിഗ