❤️ ഈ ഇടനെഞ്ചിൽ ❤️
✍️ Jazyaan 🔥 അഗ്നി 🔥
ഭാഗം : 6
ചിലർ അങ്ങനെയാണ് യാതൊരു മുന്നറിയിപ്പും തരാതെ ജീവിതത്തിലേക്ക് കടന്നു വരും... വന്നത് പോലെ മടങ്ങുകയും ചെയ്യും... പക്ഷെ അവർ നൽകുന്ന ഓർമ്മകൾ അങ്ങനെ മനസ്സിൽ പതിപ്പിച്ചു തന്നിട്ടായിരിക്കും മടക്കമെന്ന് മാത്രം... അതിൽ സന്തോഷം ,സങ്കടം ,ദേഷ്യം ,വെറുപ്പ് അത്ഭുതം ഏതുമാകാം... അവർക്ക് നമുക്കുള്ളിൽ ഒരു സ്ഥാനം എങ്ങനെയും അവർ നേടിയെടുത്തിരിക്കും...
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അന്നത്തെ ദിവസം നഴ്സിംഗ് റൂമിലും ഹോസ്പിറ്റലിൽ മറ്റു പലയിടത്തും ശ്രീജിത്ത് ഡോക്ടറുടെ തിരിച്ചു പോക്ക് ഒരു ചർച്ച വിഷയം തന്നെയായിരുന്നു. അവന്റെ പേരുകൾ ഉച്ചരിക്കുന്ന വേളകളിൽ ഒക്കേയും ധന്യയുടെ പേരും അടക്കം പറച്ചിലുകളിൽ കൂടെ ചേർന്നിരുന്നു.
അന്നത്തെ ദിവസം ധന്യയ്ക്ക് ഹോസ്പിറ്റലിൽ ചിലവഴിക്കാൻ വല്ലാത്തൊരു മനപ്രയാസം തോന്നി... തന്നെ നോക്കുന്ന കണ്ണുകളിലൊക്കെയും അവളെ കുറ്റവാളിയാക്കുന്ന ഭാവമായിരുന്നു. അതുകൊണ്ട് തന്നെ എത്രയും വേഗം ആ അന്തരീക്ഷത്തിൽ നിന്ന് രക്ഷപ്പെട്ടെങ്കിലെന്നു അവൾ ആഗ്രഹിച്ചിരുന്നു.
സമയം അതിവേഗം മുന്നോട്ടു നീങ്ങി... പലചർച്ചകളും കേട്ടെങ്കിലും അതിലൊന്നും അഭിപ്രായം പറയാതെ ധനവും ഒഴിഞ്ഞുമാറി.
" അല്ല ധന്യ ഡോക്ടർ എന്തിനായിരുന്നു തന്നെ വിളിച്ചത്... " സഹപ്രവർത്തകരിൽ ഒരാൾ അവളോട് ചോദിച്ചു.
" അത് യാത്ര പറയാൻ... " ധന്യ മറുപടി നൽകി.
" അതെന്താ നിന്നോട് സ്പെഷ്യലായി ഒരു യാത്രപറച്ചിൽ... " കൂട്ടത്തിൽ കുശുമ്പ് കൂടിയ ഒരാളുടെ വകയായിരുന്നു ആ ചോദ്യം..
" എനിക്കറിയില്ല മൃതു... നിനക്ക് അങ്ങനെ വല്ല സംശയം ഉണ്ടെങ്കിൽ ഡോക്ടർ പോയിട്ടുണ്ടാവില്ല വേഗം ചെന്നു ക്ലിയർ ചെയ്തോ... " ധന്യക്ക് വേണ്ടി നിമ്മി അവൾക്കുള്ള മറുപടി നൽകി.
" അല്ലേലും അവളുടെ നാവ് നീയാണല്ലോ... വെറുതെ കുശലം ചോദിച്ചതിന് നീ ഈ ചാടിക്കടിക്കാൻ വരുന്നത് എന്തിനാ..."
" കുശലം അല്ല കുശുമ്പ്.. നീ വാ ധനു.. നമുക്ക് ഫുഡ് കഴിക്കാം...അല്ലേൽ ഇപ്പൊ അടുത്ത ഡ്യൂട്ടി വരും... " നിമ്മി അവളുടെ കൈപിടിച്ച് ഭക്ഷണം കഴിക്കുന്നിടത്തേക്ക് നടന്നു.
പോകുന്നതിനിടയിൽ ധനുവിന്റെ കയ്യിലിരുന്ന ഫോൺ ബെല്ലടിച്ചു.
" നിന്റെ നന്ദേട്ടൻ വേറെ പണിയൊന്നുമില്ലേ... എപ്പോഴും ഈ ഫോണിലൂടെ ഉള്ള കുറുകൽ... " ധനു വിന്റെ ഫോണിൽ തെളിഞ്ഞ നന്ദേട്ടനെന്ന നമ്പർ കണ്ടു നിമ്മി അവളെ കളിയാക്കി.
അവർക്കിടയിൽ ഇത്തരം കളിയാക്കലുകൾ പൊതുവെ നടക്കുന്നതാണ് , അപ്പോഴെല്ലാം നാണത്തോടെ അവളെ നോക്കുന്ന ധനുവിനെ ഇന്ന് നിമ്മിക്ക് കാണാൻ കഴിഞ്ഞില്ല...
" എന്ത് പറ്റി.. എന്തെങ്കിലും പ്രശ്നം... " അവളുടെ ചോദ്യത്തിന് ഉത്തരം നൽകാതെ ധനു കാൾ അറ്റൻഡ് ചെയ്തു.
" ഞാൻ ഹോസ്പിറ്റലിന് പുറത്തുണ്ട് പെട്ടന്ന് വാ... " ഹലോ പോലും പറയാൻ ഇടം കൊടുക്കാതെ മറുസൈഡിൽ നിന്ന് അവൾക്ക് ആജ്ഞ ലഭിച്ചു. ധനുവിന്റെ മറുപടിക്ക് കാക്കാതെ കാൾ ഡിസ്കണക്ട് ആവുകയും ചെയ്തു.
" ഞാൻ പോകുവാ... മാമിനെ കണ്ടു പറഞ്ഞിട്ട് വേണം പോകാൻ... കാര്യങ്ങൾ ഞാൻ നാളെ വിശദീകരിച്ചു പറയാം." ധനു ദൃതിയിൽ നിമ്മിയോടായി പറഞ്ഞു.
" ഫുഡ് കഴിച്ചിട്ട് പോ പെണ്ണേ... "
"വേണ്ട ... നന്ദേട്ടൻ കാത്തുനിൽക്കുന്നുണ്ട്... പോവാ ബൈ ..." പോകുന്നതിനിടയിൽ അവളോട് പറഞ്ഞു കൈവീശി കാണിച്ചു കൊണ്ട് ധനു മാമിന്റെ റൂമിലേക്ക് ഓടി. അവരെ കണ്ടു ഒരുവട്ടം കൂടി പെർമിഷൻ വാങ്ങി അവൾ ഹോസ്പിറ്റലിൽ നിന്നിറങ്ങി.
" എന്ത് മാത്രം താമസമാണ് ധനു... "
" അത് മാമിനെ കണ്ട് പറയാൻ... "
"മതി ന്യായികരണം നിരത്തി ഇനിയും സമയം കളയണ്ട.. വാ കയറു.. "
പിന്നെ മറുപടിയൊന്നും പറയാതെ ധനു അവനു പിന്നിൽ കയറി.
" എവിടെക്കാ പോകേണ്ടത്... " നന്ദൻ അവളോടായി ചോദിച്ചു.
" അത്... ഇരുന്നു സംസാരിക്കാൻ പറ്റിയ ഒരിടത്തേക്ക്.. "
" ഹ്മ്മ്... ഭക്ഷണം കഴിച്ചോ നീ... "
" ഹ... കഴിച്ചു... " സമയത്തിന് ആഹാരം കഴിക്കാത്തതിന് ശകാരം കേൾക്കേണ്ടെന്ന് കരുതി അവൾ നുണ പറഞ്ഞു.
" നിനക്കൊപ്പം കഴിക്കാമെന്ന് കരുതി കാത്തിരുന്ന ഞാൻ മണ്ടനായി... ഹ ഇനി ഇങ്ങനെ ഒക്കെ പ്രതീക്ഷിച്ചാൽ മതിയല്ലോ.."
പുച്ഛത്തോടെ നന്ദൻ പറഞ്ഞു.
" അത്... നന്ദേട്ടൻ കഴിച്ചില്ലായിരുന്നോ.."
" ഞാൻ കഴിക്കില്ലെന്ന് തന്നല്ലേ പറഞ്ഞത്..." നന്ദൻ സ്വരം കടുപ്പിച്ചു.
ധനു മറുപടി ഒന്നും പറഞ്ഞില്ല... പക്ഷെ അവന്റെ ദേഷ്യം നിറഞ്ഞ ശബ്ദം അവളുടെ കണ്ണുകളെ പെയ്യിച്ചു.
അവളിൽ നിന്ന് മറുപടി ഒന്നും കാണാതെ നന്ദൻ മിററിലൂടെ നോക്കുമ്പോൾ പുറം കൈകൊണ്ടു കണ്ണുനീർ തുടയ്ക്കുന്ന കണ്ണുകൾ തുടക്കുന്ന ധനുവിനെയാണ് കണ്ടത്...
അവളുടെ കണ്ണുനീർ കാണെ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു...വിജയചിരി.. എന്നാൽ തനിക്കുള്ളിൽ അവളുടെ കണ്ണുനീർ നൽകുന്ന വേദന അമ്മയുടെ വാക്കുകളിൽ അടിയുറച്ചു പോയ ഹൃദയം പ്രകടിപ്പിച്ചില്ല... നിശബ്ദം ആ വേദന അവനുള്ളിൽ കെട്ടടങ്ങി അവൻ പോലും തിരിച്ചറിയാതെ... അവനുള്ളിലെ അവളെന്നെ അടങ്ങാത്ത പ്രണയത്തെ അവന്റെ പ്രണയനാടകം മൂടിവെച്ചു....
ഇനി എന്ന് നീ സ്വയം തിരിച്ചറിയും നിന്റെ പ്രണയം... ആ ഹൃദയം മൗനമായ് ആ ചോദ്യം സ്വയം ചോദിച്ചു കൊണ്ടിരുന്നു.
" അയ്യേ... താൻ കരയുവാ.. അത് വിട്ടേക്ക് പെണ്ണെ... " നന്ദൻ പറഞ്ഞു.
" അത്... നന്ദേട്ടാ ഞാൻ... "
" വേണ്ടെടി.. എനിക്കറിയില്ലേ നിന്നെ.. ഞാൻ ചുമ്മാ നിന്നെ ഒന്ന് കളിപ്പിക്കാൻ പറഞ്ഞതല്ലേ... ആ കണ്ണൊക്കെ തുടച്ചു ഉഷാറായിക്കേ.. എന്നിട്ട് പറ എന്താ ഇത്ര ദൃതിയിൽ എന്റെ പെണ്ണിന് എന്നെ കാണണമെന്ന് പറഞ്ഞത്... അത് പറ.. "
" നന്ദേട്ടൻ എവിടെക്കാ പോകുന്നെ... " ആൾപ്പാർപ്പില്ലാത്ത വഴിയിലൂടെയാണ് തങ്ങളുടെ യാത്രയെന്നറിഞ്ഞതും അല്പം പരിഭ്രമത്തോടെ അവൾ ചോദിച്ചു.
" എന്താ എന്റെ കൂടെ വരാൻ ഭയമുണ്ടോ..." അവൻ തമാശയോടെ പറഞ്ഞു.
" ഭയമില്ലെന്ന് പറഞ്ഞാൽ കളവാകുമത്..." ആലോചനയ്ക്ക് പോലും മുതിരാതെ ധനുവിൽ നിന്നും മറുപടിയും വന്നു.
" എന്ത്..." അപ്രതീക്ഷിതമായ അവളുടെ മറുപടിയിൽ അവന്റെ ഡ്രൈവിങ് ഒന്ന് പാളി വണ്ടി ചെറുതായി വെട്ടി... പെട്ടന്ന് തന്നെ ബാലൻസ് ചെയ്തു വണ്ടി നിർത്തി അവൻ ചോദിച്ചു.
" ഞാൻ പറഞ്ഞത് സത്യമാണ്... ജീവിതം എന്നെ പഠിപ്പിച്ചത് ഇതൊക്കെ തന്നെയാണ്... സാധാരണ കാമുകിമാരെ പോലെ ഏട്ടനൊപ്പം എവിടെയും വരാൻ എനിക്ക് ധൈര്യമാണെന്ന് പറയാൻ എന്റെ അനുഭവങ്ങൾ എന്നെ അനുവദിക്കുന്നില്ല... "
" ഹ്മ്മ്... എനിക്ക് മനസ്സിലാകും നിന്നെ... കഴിഞ്ഞതൊക്കെ മറന്നേക്ക്.. നിന്റെ ഓർമകളിൽ പോലും അതൊന്നും വേണ്ട.."
" അമ്മാവൻ ഇപ്പോഴും നമ്മുടെ വിവാഹത്തിന് എതിരാണോ... " ധനു ചോദിച്ചു.
" ഹ്മ്മ്... അതിൽ മാറ്റമൊന്നുമില്ല... അതൊന്നും ഓർത്തു നീ ടെൻഷൻ ആകേണ്ട... എന്ത് വന്നാലും നമ്മുടെ വിവാഹം നടക്കും... എങ്കിൽ പോയാലോ.. ഇവിടെ അടുത്ത ഒരു പാർക്ക് ഉണ്ട് അവിടേക്കാണ്.. ഇത് ഷോർട് കട്ടാ അതാ ഇങ്ങനെ ഉള്ള വഴി... പേടിക്കണ്ട... "
അവൾ മറുപടിയൊന്നും പറഞ്ഞില്ല... ഇരുവരും ആ യാത്ര തുടർന്നു.
തുടരും ..
നമ്മുടെ നന്ദൻ അത്ര വലിയ വില്ലൻ ഒന്നും അല്ലന്നേ... അപ്പൊ അഭിപ്രായം പറയണേ