❤️ ഈ ഇടനെഞ്ചിൽ ❤️
✍️ Jazyann 🔥 അഗ്നി 🔥
ഭാഗം : 7
" ഹ്മ്മ്... അതിൽ മാറ്റമൊന്നുമില്ല... അതൊന്നും ഓർത്തു നീ ടെൻഷൻ ആകേണ്ട... എന്ത് വന്നാലും നമ്മുടെ വിവാഹം നടക്കും... എങ്കിൽ പോയാലോ.. ഇവിടെ അടുത്ത ഒരു പാർക്ക് ഉണ്ട് അവിടേക്കാണ്.. ഇത് ഷോർട് കട്ടാ അതാ ഇങ്ങനെ ഉള്ള വഴി... പേടിക്കണ്ട... "
അവൾ മറുപടിയൊന്നും പറഞ്ഞില്ല... ഇരുവരും ആ യാത്ര തുടർന്നു.
തിരക്ക് കുറഞ്ഞ നഗരത്തിൽ നിന്നും ഉള്ളിലേക്ക് കയറിയുള്ള ഒരു പാർക്കിലാണ് നന്ദൻ വണ്ടി കൊണ്ട് നിർത്തിയത്. ഉച്ച സമയം ആയതുകൊണ്ട് പൊതുവെ ആളുകൾ കുറവാണ്... അങ്ങിങ്ങായി കുറച്ചു കപ്പിൾസ് അവരുടെ സ്വകാര്യ സംസാരത്തിലാണ്... ചുറ്റുമുള്ളവർ പരസ്പരം ഒന്ന് നോക്കുന്നുകൂടിയില്ല.
" വാ... അകത്തേക്കു കയറാം... " അത്രയും പറഞ്ഞു നന്ദൻ അവൾക്ക് മുന്നിലായി നടന്നു. അവളും മറുത്തൊന്നും പറയാതെ അവനെ അനുഗമിച്ചു.
" എന്താ തിടുക്കപ്പെട്ട് കാണണമെന്ന് പറഞ്ഞത്..." നന്ദൻ അല്പം മാറി പുൽ തകിടിലേക്ക് ഇരുന്നുകൊണ്ട് ചോദിച്ചു. ചോദ്യത്തിനൊപ്പം തനിക്കരികിലായി അവളോട് ഇരിക്കാൻ അവൻ ആവശ്യപ്പെട്ടു.
ധരിച്ചിരുന്ന ചുരിദാറിന്റെ ഷാൾ ഒതുക്കി അവളും അവനരികിലേക്ക് ഇരുന്നു.
" ഹ്മ്മ് ഇനി പറ... " അവൾ ഇരുന്നതും വീണ്ടും നന്ദൻ ചോദ്യം ആവർത്തിച്ചു.
അവനെ കാണണം സംസാരിക്കണം എന്ന് ഇന്നലെ തീരുമാനമെടുത്ത നിമിഷം മുതലുള്ള ആശയക്കുഴപ്പത്തിൽ തന്നെയാണ് ധനു ഇപ്പോഴും... എങ്ങനെ പറഞ്ഞു തുടങ്ങണം.. എന്ത് പറയണം എന്ന് അവൾക്ക് യാതൊരു നിശ്ചയവും ഇല്ലായിരുന്നു അവൾക്.
അവൾ പറയുന്നത് എന്തെന്ന് കേൾക്കാൻ നന്ദൻ അക്ഷമനാണെന്ന് മനസ്സിലായതും ഒരു ദീർഘനിശ്വാസമെടുത്തവൾ പറഞ്ഞു തുടങ്ങി.
" നന്ദേട്ടൻ ഇന്നലെ പറഞ്ഞ കാര്യങ്ങൾ ഞാൻ നന്നായി ആലോചിച്ചു, എനിക്ക് ഈ ജോലി എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് ഞാൻ നന്ദേട്ടനെ പറഞ്ഞു ബോധ്യപ്പെടുത്തേണ്ടുന്ന ഒരു അവസരം വരുമെന്ന് ഇന്നലെ വരെ എന്റെ ചിന്തകളിൽ പോലുമില്ലായിരുന്നു... പക്ഷെ ഇന്നലെ... " പറഞ്ഞു വന്നത് അവൾ അല്പം ഒന്ന് നിർത്തി.
ധനു സംസാരിക്കുന്ന സമയമത്രയും നന്ദന്റെ മുഖത്ത് നോക്കിയതേയില്ല... കാരണം അവൾക്ക് നന്നേ ബോധ്യമുണ്ടായിരുന്നു ഒരിക്കലും ഇതൊന്നും അവന് നേർക്ക് നേരെ നിന്ന് സംസാരിക്കാൻ തനിക്ക് കഴിയില്ലെന്ന്.
അവൾ പറയുന്നത് കേൾക്കാനായി കാത്തിരുന്ന നന്ദന് അവളുടെ സംസാരം തീരെ ഇഷ്ട്ടപെട്ടില്ല... തനിക്കെതിരായി, തന്റെ വാക്കുകൾക്ക് എതിരായി അവൾ സംസാരിക്കുന്നത് പോയിട്ട് ചിന്തിക്കുന്നത് പോലും അവനിൽ ദേഷ്യം നിറയ്ക്കുന്ന കാര്യങ്ങളായിരുന്നു.
ഇപ്പൊൾ തന്റെ കോപം പ്രകടിപ്പിച്ചാൽ അവളിലും എതിർക്കാനുള്ള വാശി ഇരട്ടിക്കുമെന്ന അവന്റെ കൂർമ്മ ബുദ്ധി അവനിൽ ഉണർന്നത് കൊണ്ടവൻ മൗനം പാലിച്ചു... അവളുടെ വാക്കുകൾക്ക് ചെവികൊടുത്തു.
" അമ്മായി പലപ്പോഴും എന്റെ ജോലിയെ കുറിച്ചും അത് ഉപേക്ഷിക്കുന്നതിനെക്കുറിച്ചും സംസാരിച്ചപ്പോഴൊക്കെ എനിക്ക് താങ്ങായി എനിക്കൊപ്പം നന്ദേട്ടൻ നിന്നിട്ടുണ്ട്.. പിന്നെ ഇതെന്തു പറ്റി... ഒരു ഡോക്ടറുടെ പ്രൊപോസൽ വരുമ്പോഴേക്കും നമ്മുടെ പ്രണയം മറന്നു അതിനോട് ചായ്‌വ് തോന്നുന്ന തരംതാഴ്ന്ന പ്രവർത്തി ഏട്ടനും എന്നിൽ നിന്ന് പ്രതീക്ഷിച്ചോ... " ശബ്ദം ഇടറാൻ തുടങ്ങിയെങ്കിലും ബോധപൂർവം അവൾ അത് മറച്ചുവെച്ചു... അവസാന ചോദ്യം അവൾ ധൈര്യത്തോടെ അവന്റെ മുഖത്ത് നോക്കി തന്നെ ചോദിച്ചു.
ആ ചോദ്യം നന്ദന്റെ ഹൃദയത്തെ കീറിമുറിച്ചു... സാധാരണ അങ്ങനൊരു ചോദ്യം അവനിൽ ഉള്ള ദേഷ്യം അധികരിപ്പിക്കേണ്ടതാണ്... എന്നാൽ അവനുള്ളില്ലേ കാപട്യമില്ലാത്ത പ്രണയം ആ ചോദ്യം വേദന നിറച്ചു... ആ ചോദ്യം ഒരുവട്ടം കൂടി അവൾ ആവർത്തിക്കരുതെന്ന തോന്നലിൽ അവന്റെ കരങ്ങൾ അവളുടെ അധരത്തെ ബന്ധിച്ചു.
പക്ഷെ ഇന്നലെ താനനുഭവിച്ച മാനസിക സംഘർഷങ്ങൾ ഓർമയിൽ തെളിഞ്ഞതും അവന്റെ കൈകൾ അവൾ അടർത്തി മാറ്റി. ഇനിയും ഏറെ പറയാൻ ഉണ്ടെന്നപ്പോലെ..
" നന്ദേട്ടൻ ഞാൻ ശ്രീജിത്ത് ഡോക്ടർ ഉള്ള ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്നതാണ് പ്രശ്നമെങ്കിൽ, ഇന്ന് ആ പ്രശ്നത്തിനുള്ള പരിഹാരമായി... ഡോക്ടർ തിരികെ ബാംഗ്ലൂർക്ക് പോയി... ആ ഹോസ്പിറ്റൽ ആണ് പ്രശ്നമെങ്കിൽ, നന്ദേട്ടൻ തന്നെ മറ്റൊരു ഹോസ്പിറ്റലിൽ ജോലി റെഡിയാക്കി തരൂ... അടുത്ത നിമിഷം ഞാൻ ഇവിടുത്തെ ജോലി ഉപേക്ഷിക്കാം... ജോലി ശരിയാക്കാം എന്നത് വാക്കാലുള്ള പറച്ചിലില്ല.. ജോലി റെഡി ആയെന്ന് ബോധ്യം വന്നാൽ മാത്രം ഞാൻ ആ ഹോസ്പിറ്റൽ ഉപേക്ഷിക്കാം... ഇനി ജോലിയാണ് പ്രശ്നമെങ്കിൽ... " അവൾ പാതിയിൽ പറഞ്ഞവസാനിപ്പിച്ചു.
അവളുടെ ആദ്യ ചോദ്യത്തിൽ പതറിയിരുന്ന നന്ദൻ അവളുടെ അവസാന വാചകം അവനുള്ളിലെ താനെന്ന ഭാവം ഉയർത്തെഴുന്നേല്പിച്ചു.
" ജോലിയാണ് പ്രശ്നമെങ്കിൽ... എന്തെ പൂർത്തിയാക്കാതെ പോയത്... " ദേഷ്യം അണപ്പണുകൾക്കിടയിൽ കടിച്ചമർത്താൻ ശ്രമിച്ചുകൊണ്ട് നന്ദൻ മുരണ്ടു.
ധനുവിന്റെ നോട്ടം വീണ്ടും അവനിൽ നിന്നുമാറി.
അവൾ തന്നിൽ നിന്നും മുഖം തിരിച്ചതും അവനിലെ കോപം വർധിച്ചു.
" പറയ്... ബാക്കി കൂടി എനിക്ക് അറിയണം... ഇത്രയും പറഞ്ഞ നീ അതുകൂടി പറയാൻ എന്തിന് മടിക്കണം... "
" വീട്ടുകാർ പറഞ്ഞു വെച്ചതിൽ നിന്നും എനിക്ക് മറിച്ചു ചിന്തിക്കേണ്ടി വരും..." അവനെ പറഞ്ഞു മുഴുമിപ്പിക്കാൻ സമ്മതിക്കാതെ അവൾ പറഞ്ഞു.
അവളിൽ നിന്നും അങ്ങനെ ഒരു മറുപടി ആയിരുന്നില്ല നന്ദൻ പ്രതീക്ഷിച്ചത്... അതുകൊണ്ട് തന്നെ തെല്ല് നേരം അവൻ നിശബ്ദനായി... മനസ്സിൽ അവളോട് ദേഷ്യം കൂടി, അവളുടെ മുഖത്ത് ആഞ്ഞടിക്കാൻ അവന്റെ കൈകൾ തരിക്കുകയായിരുന്നു. അവൻ കണ്ണുകൾ ഇറുക്കിയടച്ചു നിന്നു. അതേ അവനിലെ കുറുക്കൻ ഉണർന്നു.
" ധനു... മോളേ നീ... " ശബ്ദം ഇടറി അവൻ വിളിച്ചു.
അവന്റെ ഇടറിയ ശബ്ദം അവളിൽ നോവുണർത്തി അവൻ നേരെ തിരിഞ്ഞവൾ നോക്കി... കലങ്ങിയ കണ്ണുകളിൽ അവളുടെ മിഴികളും ഉടക്കി.
" നന്ദേട്ടാ ഞാൻ... " അവൾ ന്യായികരിക്കാൻ തുടങ്ങും മുന്നേ അവനിലെ അഭിനേതാവ് ഉണർന്നിരുന്നു.
" എന്നെ... വേണ്ടെന്ന് പറയല്ലെടി... എന്റെ ജീവനും ജീവിതവും എല്ലാം നീയാണ്... നീ ഇല്ലായ്മയിൽ എന്റെ ഹൃദയമിടിപ്പ് പോലും നിലച്ചു പോയേക്കാം... തനിച്ചാക്കല്ലെടി മോളേ... എനിക്ക് നീ മതി... നീ മാത്രം..." പലപ്പോഴും വാക്കുകൾ മുറിഞ്ഞു പോയി
അവന്റെ വേദന അവളെയും സങ്കടപ്പെടുത്തി.അവനെ ചേർത്ത് പിടിക്കാനായി അവളുടെ കൈകൾ ഉയർന്നു.
" ഞാൻ... ഞാൻ അമ്മയോട് സംസാരിച്ചോളാം...നിന്റെ ആഗ്രഹം പോലെ നീ ജോലി തുടർന്നോ... അമ്മയ്ക്ക് ദേഷ്യം ആ ശ്രീജിത്തിന്റെ കാര്യം അറിഞ്ഞത് മുതലാണ്.. ആ പ്രശ്നം ഇന്ന് തീർന്നില്ലേ... അതുകൊണ്ട് നീ ജോലിക്ക് പോകുന്നതിൽ അമ്മയ്ക്ക് എതിർപ്പൊന്നും കാണില്ല മോളേ.. നീ ഇപ്പോ പറഞ്ഞത് പോലെ ഇനി പറയല്ലെടി... എന്നെക്കൊണ്ട് കേട്ടിരിക്കാൻ കഴിയില്ല.. നിന്നെ നഷ്ട്ടപെടുന്നത് ചിന്തിക്കാൻ കൂടി കഴിയില്ല... " അവളുടെ കൈകൾ കൂട്ടിപിടിച്ചവൻ മുഖം അവളുടെ കൈകളിലേക്ക് ചേർത്തു... അവന്റെ കണ്ണുനീർ അവളുടെ കൈകളെ പൊള്ളിച്ചു..
" നന്ദേട്ടാ ഞാൻ... എന്നോട് ക്ഷമിക്കു ഏട്ടാ.. ഇന്നലെ അമ്മായി പറഞ്ഞതിനെ ചൊല്ലി അമ്മയുമായി വഴക്കായി.. ഒപ്പം നന്ദേട്ടന്റെ അവഗണയും വല്ലാത്ത ഒരു അവസ്ഥയിൽ ആയിപോയി... അതാ ഞാൻ ... " നന്ദനെ പുണർന്നു കൊണ്ടവൾ പറഞ്ഞു.
തന്റെ ഉദ്ദേശം ലക്ഷ്യം കണ്ടതിൽ നന്ദന്റെ ചുണ്ടിൽ വിജയചിരി തെളിഞ്ഞു... അടുത്ത നിമിഷം അത് പുച്ഛത്തിലേക്ക് വഴിമാറുകയും ചെയ്തു...
ഇതൊന്നുമറിയാതെ ധനു തന്റെ വാക്കുകളാൽ അവന്റെ ഹൃദയം മുറിവേൽപ്പിക്കേണ്ടി വന്നതിൽ വ്യസനിക്കുകയായിരുന്നു. സ്വയം തന്റെ പ്രവർത്തികളെ അവൾ പഴിച്ചു കൊണ്ടേയിരുന്നു...
❤️❤️❤️❤️❤️❤️❤️❤️❤️❤️
ദൂരെ നിന്നെങ്കിലും വ്യക്തമായി ആ കാഴ്ച കണ്ടതും ഹൃദയത്തിൽ മൂർച്ചയേറിയ ആയുധം തറഞ്ഞത് പോലെ തോന്നിയവൻ... വർഷങ്ങളുടെ പഴക്കമില്ലെങ്കിലും അവനുള്ളിൽ ചുരുങ്ങിയ ദിനകൊണ്ടവൾ പറിച്ചു മാറ്റപ്പെടാൻ കഴിയാത്ത ഒരിടം നേടിയിരുന്നു...
പരസ്പരം പുണർന്നു നിൽക്കുന്നവരെ കാണുമ്പോൾ, ആസ്വദിച്ചു തുടങ്ങും മുന്നേ നഷ്ടമാകുന്ന പ്രണയം അവൻ തിരിച്ചറിഞ്ഞു... അവന്റെ കണ്ണുകളും നിറഞ്ഞു...
" അജു... വാടാ വണ്ടി ദാ ഇതാണ്... നീ അവിടെ എന്തെടുക്കുവാ..." കൂട്ടുകാരന്റെ വിളി അവനെ ആ കാഴ്ചയിൽ നിന്നും തിരികെ കൊണ്ടുവന്നു.
" ദാ... വരുന്നു... " ഒന്നുകൂടി അവരെ നോക്കി അവൻ തിരിച്ചു നടന്നു.. തന്നിലേക്ക് ഇനി ഒരിക്കലും തന്റെ പ്രണയം വന്നണയില്ലെന്ന ചിന്തയിൽ.
" എന്തുവായിരുന്നു അവിടെ പരിപാടി... അല്ല നിന്റെ കണ്ണെന്താ നിറഞ്ഞിരിക്കുന്നെ..."
" അത് കണ്ണിൽ എന്തോ പോയതാ... നീ വേഗം വണ്ടി നോക്ക്.. വള്ളിയാവാതെ പെട്ടന്ന് പണി തീർത്തു സ്കൂട്ട് ആകാം..." അതും പറഞ്ഞുകൊണ്ടവൻ വണ്ടിയുടെ ബോണറ്റ് തുറന്നു അതിലേക്ക് ശ്രദ്ധ തിരിച്ചു... എങ്കിലും അല്പം മുന്നേ കണ്ട ദൃശ്യം അവന്റെ മനസ്സിനെ അസ്വസ്ഥമാക്കികൊണ്ടേയിരുന്നു.
തുടരും...
പാവം നന്ദൻ ഇടയ്ക്ക് അന്യൻ ചരക്റ്റർ വരുമെന്ന് ഉള്ളു അത് അവൻ അറിഞ്ഞോണ്ട് വരുന്നത് അല്ലന്നേ 😁😁😁
അപ്പൊ നന്ദനേം ധനുനേം കെട്ടിക്കാലെ... ഡോക്ടർ ബാൻഗ്ലൂർക്ക് തിരിച്ചു പോയി.. അജുന്റെ പ്രണയം വിടരും മുന്നേ കൊഴിഞ്ഞില്ലേ... ധനുന് ഇപ്പൊ നന്ദൻ മാത്രല്ലേ ഉള്ളു... അപ്പൊ ഉടനെ അവരുടെ കെട്ടുനടത്താം എന്താ നിങ്ങളുടെ അഭിപ്രായം... അതറിയാൻ നോം ഇവിടെ കാത്തിരിക്കുവാ 😁😁😁