അവൾ
ചെറുകഥ
Written by Hibon Chacko
©copyright protected
എല്ലാ പെൺകുട്ടികളെയുംപോലെ ഭാഗ്യ-നിർഭാഗ്യങ്ങൾ ഒരുപോലെ തുണച്ചിരുന്നു ചെറുപ്രായത്തിലായിരുന്ന അവളെ. അതിന്റെ ചുവടുപറ്റി വളർന്നുവന്ന അവൾ സിനിമ എന്ന സാമ്രാജ്യത്തിലേക്ക് ചുവടുവെച്ചു. എല്ലാ പെൺകുട്ടികളെയുംപോലെ ആയിരുന്നതിനാൽ ഒരു ‘അധിപ’യുടെ നിലവാരത്തിലേക്കുമാത്രം ചുവടുവെക്കുവാൻ അവൾക്ക് സാധിച്ചിരുന്നില്ല.
അങ്ങനെയിരിക്കെ സ്വഭാവികമെന്നതുപോലെ അവൾക്കൊരു പ്രണയമുണ്ടായി. പ്രണയത്തിലുണ്ടായ വിശ്വാസം അവളെ അധികം വൈകാതെ ചതിച്ചു. എല്ലാവർക്കും സംഭവിക്കുന്നതുപോലെ അവൾക്കും സംഭവിച്ചു- ചതിക്കപ്പെട്ട അവളുടെ വിശ്വാസം മാത്രം ബാക്കിയാക്കപ്പെട്ട്...
നഗ്നമായി ഏവരുടെയുംമുന്നിൽ നാണംകെട്ടുനിന്ന അവളുടെ വിശ്വാസം, താൻ എല്ലാവരെയുംപോലെ ഒരു പെൺകുട്ടിയാകുവാൻപാടില്ലെന്ന വഴിയിലേക്ക് അവളെ നയിച്ചു. മറവിയിൽപ്പെട്ട സാമ്രാജ്യം അവളോർത്തെടുത്തു, അതിലേക്ക് എത്തപ്പെട്ടു.
പുറമെനിന്നും അവളൊരു സാധാരണക്കാരിയായി കാണപ്പെട്ടെങ്കിലും, അവൾക്ക്- അവളൊരു അസാധാരണക്കാരിതന്നെയായിരുന്നു. അവളുടെ വിശ്വാസം നയിച്ച വഴി അവളെ, സാധാരണത്വത്തിൽനിന്നും അകറ്റി അവളാകുന്ന അസാധാരണത്വത്തിലേക്ക് വേഗത്തിൽ നയിച്ചുകൊണ്ടിരുന്നു!
ഒരു ‘അധിപ’യുടെ നിലവാരത്തിലേക്ക് ചുവടുവെച്ച അവൾക്കുമുന്നിൽ വീണ്ടും പ്രണയം നിലകൊള്ളുകയാണ്- അധിപനെ പ്രണയിച്ചാൽ തോൽപ്പിക്കപ്പെടും... സ്വാഭാവികതയ്ക്ക് ഇടംകൊടുത്താൽ തോറ്റുകൊടുക്കേണ്ടിയുംവരും!
പ്രതികാരബുദ്ധിയോടെ നോക്കിനിൽക്കുന്ന പ്രണയത്തെനോക്കി അവളുടെ വിശ്വാസം വിളിച്ചുപറയുന്നു- ഇനി എന്നെ നഗ്നമാക്കുവാനാവില്ല. കാരണം ഞാനൊരു കഥാപാത്രമായി മാറിയിരിക്കുന്നു -നഗ്നയായൊരു അധിപ!
©ഹിബോൺ ചാക്കോ