❤️ ഈ ഇടനെഞ്ചിൽ ❤️
✍️ Jazyaan 🔥 അഗ്നി 🔥
ഭാഗം : 12
" നന്നായി ആലോചിക്കൂ... ഇന്നുകളിൽ ജീവിക്കു നാളകളെ കുറിച്ച് ആശങ്ക വേണ്ടെന്നു പറയാൻ എളുപ്പമാണ്... പക്ഷെ ഭാവി മുൻനിർത്തി തന്നെ നല്ലൊരു തീരുമാനം എടുക്കണം ... അച്ഛന്റെ കുട്ടിക്ക് നല്ല തീരുമാനം എടുക്കാൻ കഴിയണമെന്ന് അച്ഛൻ ആഗ്രഹിക്കുന്നു... ആലോചിക്കൂ... ശാന്തമായി ഉറങ്ങു. നല്ലത് വരട്ടെ... " അയ്യാൾ ധനുവിന്റെ നെറുകയിൽ മുത്തി തിരികെ നടന്നു.
വീണ്ടും അവൾ ആശയക്കുഴപ്പത്തിലായി. താൻ എന്ത് തീരുമാനമെടുത്താലും അച്ഛൻ തനിക്കൊപ്പം ഉണ്ടാകും. എടുക്കുന്ന തീരുമാനം അത് അവളെ തളർത്തികൊണ്ടിരുന്നു. നന്ദൻ അവളുടെ പ്രണയമാണ്... നഷ്ട്ടപെടുത്താൻ ആകുമോ തനിക്ക്... കണ്ണുകളടച്ചവൾ ദീർഘമായി നിശ്വസിച്ചു.
ബാഗിൽ നിന്ന് ഫോണെടുത്ത് അവൾ സമയം നോക്കി. പത്തര കഴിഞ്ഞിരിക്കുന്നു. കയ്യിലിരിക്കുന്ന ഫോണിൽ ഡയൽ ചെയ്തുവെച്ച നമ്പറിലേക്കും ചുവരിലേ ക്ലോക്കിലേക്കും അവൾ മാറി മാറി നോക്കി. സാവധാനത്തിൽ കാൾ ബട്ടണിൽ തൊടുമ്പോൾ ധനുവിന്റെ കൈകൾ വിറച്ചു. ഒരുവട്ടം കൂടി മനസ്സിൽ ചോദിച്ചു എന്തിനു വേണ്ടിയാണ് താൻ ഇങ്ങനെ ഒരു കാൾ ഈ സമയം ചെയ്യുന്നത്. അതിനവൾക്ക് ഉത്തരം ലഭിച്ചില്ല.
❤️❤️❤️❤️❤️❤️❤️❤️❤️❤️
വായിച്ചുകൊണ്ടിരുന്ന ബുക്ക് മടക്കി കണ്ണുകൾ അടച്ചവൻ കസേരയിലേക്ക് ചാരിയിരുന്നു. അരികിൽ ഇരിക്കുന്ന ഫോണിന്റെ ശബ്ദം ഉറക്കം തേടിയെത്തിയ കണ്ണുകളെ അലോസരപ്പെടുത്തി.
കൈയെത്തിച്ചവൻ കാൾ അറ്റൻഡ് ചെയ്തു ഫോൺ ചെവിയോട് ചേർത്തു
" ഹലോ... " അവൻ പറഞ്ഞു.
" ഹ... ഹലോ... " ആലോചനയിൽ നിന്ന് ഞെട്ടിയുണർന്നത് പോലെ മറുപുറത്ത് നിന്ന് മറുപടിയും ലഭിച്ചു.
പരിചിതമായ ആ സ്ത്രീ ശബ്ദം ആരാണ്.. ചോദ്യം വാക്കുകളായി പുറത്തേക്ക് വരും മുന്നേ ഉത്തരം ലഭിച്ചിരുന്നു.
" ഡോക്ടർ... ഞാൻ ധന്യയാണ്... "
ആ പേര് കേട്ടതും ശ്രീജിത്ത് തെല്ലൊന്ന് അമ്പരന്നു. അവൻ ഫോൺ ചെവിയിൽ നിന്നെടുത്ത് സമയം നോക്കി.
" ഡോക്ടർ... " ധനുവിന്റെ വിളിയാണ് വീണ്ടും അവനെ ചിന്തകളിൽ നിന്ന് ഉണർത്തിയത്.
" ഹ... ധന്യ... എന്താടോ... "
" അത് ഡോക്ടർ പോയശേഷം ഒന്ന് വിളിക്കാൻ കഴിഞ്ഞില്ലല്ലോ... അതാണ്... "
" ഈ സമയത്തോ... "
" അത്... ഞാൻ... ഡോക്ടർക്ക് ബുദ്ധിമുട്ടായോ.. " അവൾ അല്പം മടിയോടെ ചോദിച്ചു.
" ഹേയ് അങ്ങനെ ഒന്നുമില്ല... പെട്ടന്ന് ഈ സമയം താൻ വിളിച്ചപ്പോൾ എന്താണെന്ന് ഓർത്തു. സത്യം താൻ വെറുതെ വിളിച്ചത് തന്നെയല്ലേ... "
" അത്.. ഡോക്ടർ... നാട്ടിൽ എന്തൊക്കെ വിശേഷം... "
" ഇവിടെ എന്ത് വിശേഷം.. ജോലി വീട് അതൊക്കെ തന്നെ.. ഹ പിന്നെ ഇന്ന് ചെറിയൊരു വിശേഷം ഉണ്ടായിരുന്നു.. ഒരു പെണ്ണ്കാണൽ... "
" ആഹ... ഇതാണോ ചെറിയ വിശേഷം... "
" കൂടെ വർക്ക് ചെയ്യുന്ന ഡോക്ടർ ആടോ.. അമ്മയുടെ സെലെക്ഷൻ... അമ്മയ്ക്ക് ഒക്കെ അറിയുന്ന കുട്ടിയാ... എന്നാണേലും ഒരു കല്യാണം വേണം. അപ്പൊ പിന്നെ വീട്ടുകാരുടെ ഇഷ്ടം പോലെ നടക്കട്ടെ എന്ന് വെച്ച്.. ഒരുപാട് സന്തോഷം തോന്നുന്നു. താൻ ഒരിക്കലും എന്നെ വിളിക്കില്ലെന്നാ കരുതിയത് . നമ്പർ തരുമ്പോഴും പ്രതീക്ഷ ഇല്ലായിരുന്നു... ബട്ട് നൗ ആം ഹാപ്പി... താങ്ക്സ് ധന്യ... ഓർത്തു വിളിച്ചതിൽ... ഒരുമിച്ചു വർക് ചെയ്തിരുന്ന സമയത്തു പോലും താൻ എന്നോട് ഇത്ര സംസാരിച്ചിരിക്കില്ല.. ഒരു സന്തോഷമായിട്ടോ.. " ശ്രീജിത്തിന്റെ സന്തോഷം അവന്റെ വാക്കുകളിൽ പ്രകടമായിരുന്നു.
ശ്രീജിത്തിന്റെ വാക്കുകൾ കേട്ട് ധനുവിലും ഞെട്ടലായിരുന്നു. ഇന്നുവരെ ജോലി സംബന്ധമായ കാര്യങ്ങൾ മാത്രമേ അവൾ ഡോക്ടറോട് സംസാരിച്ചിട്ടുള്ളു.. പക്ഷെ ഇന്ന് ആദ്യമായി താൻ ഒരു ആശയക്കുഴപ്പത്തിൽ എത്തിയപ്പോൾ സഹായം ചോദിക്കാൻ ആദ്യം മുന്നിൽ തെളിഞ്ഞ മുഖം ഡോക്ടറുടേത് ആണ്.
രണ്ടാമത് ഒരു ആലോചനയ്ക്ക് മുതിരാതെ ശ്രീജിത്തിനെ വിളിച്ചത്.
" ഹലോ... ധന്യ... "
" ഹ.... ഡോക്ടർ... "
" ഞാൻ വിചാരിച്ചു എന്റെ കത്തി സംസാരം കേട്ട് താൻ കാൾ കട്ട് ചെയ്തു പോയെന്ന്.."
മറുപടി പറയാതെ അവളൊന്ന് ചിരിച്ചു.
" ധന്യ.. "
" ഹ ഡോക്ടർ... "
" താൻ ശരിക്കും വെറുതെ വിളിച്ചതാണോ... "
" ..... " മൗനമായിരുന്നു അവളിലെ മറുപടി.
" എന്താണെങ്കിലും എന്നോട് പറയാം ധന്യ... "
" ഡോക്ടറോട് ഞാൻ ഒരു ചോദ്യം ചോദിച്ചാൽ മറുപടി നൽകുമോ.. "
" എന്താടോ ഇത്രനേരം ഇല്ലാത്തോരു ഫോർമാലിറ്റി... "
" ...... "
" ഹേയ്... താൻ ചോദിക്കേടോ... "
" അത്... ഡോക്ടർക്ക് എന്നെ ഇഷ്ടമാണെന്ന് പറഞ്ഞില്ലേ... അ... അത് ഡോക്ടർക്ക് വെറും നേരമ്പോക്കായിരുന്നോ... "
" ധന്യ... താൻ... താൻ എന്താടോ അങ്ങനെ ചോദിച്ചത്. ഇപ്പൊ ഇങ്ങനൊരു ചോദ്യം... "
" ഡോക്ടർ... തെറ്റായിട്ടൊന്നും ചിന്തിക്കല്ലേ.. അല്ല പെട്ടന്ന്.. ഇത്ര പെട്ടന്ന് നമുക്ക് സ്നേഹിച്ചൊരാളെ മറന്നു മറ്റൊരാളെ അക്‌സെപ്റ്റ് ചെയ്യാൻ കഴിയുമോ... "
മറുപടിയായി ശ്രീ ഒന്ന് ചിരിച്ചു. എന്നിട്ട് അവൻ സംസാരിക്കാൻ തുടങ്ങി.
" ധന്യ... തന്നെ എനിക്ക് ഒരുപാട് ഇഷ്ട്ടമായിരുന്നു... ഈ പറയുന്നത് വെറുംവാക്കല്ല... തന്നെ എനിക്ക് സ്വന്തമാക്കാൻ സാധിക്കില്ലെന്നുള്ള തിരിച്ചറിവ് വന്നതിൽ പിന്നെയാണ് ഞാൻ അവിടുന്ന് മടങ്ങിയത്... ഒരുപക്ഷെ എന്റെ കൂടെ ആണെങ്കിൽ ധന്യ ഒരുപാട് ലൈഫിൽ സ്ട്രഗിൾ ചെയ്യേണ്ടി വരും... ഇപ്പൊ തന്നെ ഒരുപാട് കഷ്ടപ്പാടിലാണ് താൻ... അത് ഇനിയും കൂട്ടേണ്ടെന്ന് കരുതി. ഇപ്പൊ താൻ ചിന്തിക്കുന്നത് എന്തിനു പിന്നെ തന്നോട് ഇഷ്ടം പറഞ്ഞെന്ന് ആയിരിക്കും.. കൂടെ കൂട്ടാൻ തന്നെയായിരുന്നു തീരുമാനം.. പക്ഷെ തനിക്ക് മറ്റൊരാളോട് ഇഷ്ടം ഉണ്ടെന്ന് തിരിച്ചറിയാൻ വൈകി. പിന്നെ അതുമായി പൊരുത്തപെടാൻ ശ്രമിച്ചു. അന്ന് എന്നെ കാണാൻ വന്നപ്പോൾ പറഞ്ഞില്ലേ എന്റെ യഥാർത്ഥ പ്രണയം എന്നെ തേടി വരുമെന്ന്... തന്നിലേക്ക് ഒരിക്കലും അടുക്കാൻ കഴിയില്ലെന്ന് അന്ന് പൂർണ്ണമായും ഞാൻ തിരിച്ചറിഞ്ഞു. പിന്നെ മറ്റൊരാളെ അംഗീകരിക്കാൻ മനസ് പാകപ്പെട്ടത്... ജീവിതം അല്ലെ, അത് നമ്മെ നയിക്കുന്നത് പലവഴികളിൽ ആയിരിക്കും... ഇത്ര നാളും ജീവിച്ചതും അറിഞ്ഞതുമൊന്നുമായിരിക്കില്ല നമുക്ക് ദൈവം കാത്തുവെച്ചത്. അവൻ വിധിച്ചതേ നമുക്ക് ലഭിക്കു... അങ്ങനെ വിശ്വസിക്കാൻ ഞാൻ എന്നെ തന്നെ പഠിപ്പിച്ചു."
ധനു അവൻ പറഞ്ഞത് അത്രയും കേട്ടിരുന്നു.. തന്നെ കേൾക്കാൻ ഏറ്റവും യോഗ്യൻ ഡോക്ടർ ആണെന്നവൾ തിരിച്ചറിഞ്ഞു. മറുത്തോന്നു ചിന്തിക്കാതെ അവളുടെ മനസ്സിലെ ഭാരങ്ങൾ അവൾ ഡോക്ടർക്ക് മുന്നിൽ ഇറക്കിവെച്ചു...
നന്ദനോടുള്ള പ്രണയവും നന്ദനിൽ നിന്ന് അവൾക്കേൽക്കേണ്ടി വന്ന അപമാനവുമെല്ലാം.
" ധന്യ... " ശ്രീ അവളെ വിളിച്ചു.
" ഹ്മ്മ്... "
" ജീവിതമാണ്. മുന്നോട്ടു പോകുമ്പോൾ അത് മനോഹരമായി തുടരണമെന്നേ നാം ഓരോരുത്തരും ആഗ്രഹിക്കു... അതിനു ഇപ്പോൾ താനെടുക്കുന്ന തീരുമാനം ശരിയായിരിക്കണം. നന്ദനിൽ ഇനി വലിയ മാറ്റങ്ങൾ ഒന്നും വരുമെന്ന പ്രതീക്ഷ എനിക്ക് തോന്നുന്നില്ല... തന്നോടുള്ള സ്നേഹത്തിന്മേൽ നിന്ന് വരുന്ന ഓവർ കേറിങ്ങും പൊസ്സസ്സീവ്നെസ്സും ആണെന്ന് പറഞ്ഞു ആശ്വസിക്കാൻ ഇപ്പൊ ധന്യക്ക് കഴിഞ്ഞേക്കും... മുന്നോട്ടുള്ള ജീവിതത്തിൽ ഇത് കൂടുകയല്ലാതെ കുറയാൻ സാധ്യത പൊതുവെ കുറവാണ്... അങ്ങനെയായാൽ ഇന്ന് ചിന്തിക്കുന്ന അതേ രീതിയിൽ ധന്യക്ക് അത് നന്ദന്റെ പ്രണയമാണെന്ന് പറഞ്ഞു ന്യായികരിക്കാൻ സാധിച്ചെന്നു വരില്ല.. ജീവിതം ദുഷ്കരമാകില്ലേ.. മാറ്റി ചിന്തിക്കാൻ ഇപ്പോഴും സമയമുണ്ട്. അതിനെല്ലാം മുന്നേ നീ നന്ദനോട് മനസ്സ് തുറന്നു സംസാരിക്കണം. കേൾക്കാൻ തയ്യാറായില്ലെങ്കിൽ കൂടി നീ പറഞ്ഞുകൊണ്ടേയിരിക്കണം. ആദ്യം പരസ്പരം നിങ്ങൾ സംസാരിക്ക്. തീർച്ചയായും നല്ലൊരു തീരുമാനം എടുക്കാൻ സാധിക്കും. ഒത്തിരി നന്മകളുള്ള കുട്ടിയാടോ താൻ, ദൈവം നല്ലത് മാത്രമേ വരുത്തൂ... "
" ശ്രീ മോനെ അവർക്ക് ഈ ആലോചനയിൽ എതിർപ്പൊന്നുമില്ല. നമുക്ക് ഇതങ്ങു തീരുമാനിച്ചാലോ. " ഫോണിലൂടെ ഡോക്ടറുടെ അമ്മയുടെ ശബ്ദം കൂടി ധനു കെട്ടു.
" അമ്മ തീരുമാനിച്ചോളൂ... " ശ്രീയിൽ നിന്നു മറുപടിയും.
" ശരി ഡോക്ടർ... കല്യാണം പറയണേ. "
" ഉറപ്പായും... ഇനിയും ഇടയ്ക്കിടയ്ക്ക് ഇതുപോലുള്ള വിളികൾ പ്രതീക്ഷിച്ചോട്ടെ നല്ലൊരു സുഹൃത്തായി. "
" തീർച്ചയായും... " മറുപടിയോടൊപ്പം അവൾ കാൾ കട്ടാക്കി.
മനസ്സിൽ ഒരാശ്വാസം തോന്നുന്നു... അച്ഛൻ പറഞ്ഞത് പോലെ ശാന്തമായൊരു ഉറക്കം അവളും ആഗ്രഹിച്ചിരുന്നു.
❤️❤️❤️❤️❤️❤️❤️❤️❤️
" എന്തെ ഈ ഇടയായി എന്നെ കാണാൻ വല്ലാത്ത തിടുക്കമാണല്ലോ. പെട്ടന്ന് താലികെട്ടി കൂട്ടട്ടെ കൂടെ." അവൾക്കരികിലായി തീരത്ത് ഇരുന്നുകൊണ്ട് നന്ദൻ ചോദിച്ചു.
" ശരിക്കും നന്ദേട്ടൻ എന്നെ പ്രണയിക്കുന്നുണ്ടോ... " ധനു അസ്തമയ സൂര്യനിൽ മിഴികളൂന്നി കൊണ്ട് നന്ദനോട് ചോദിച്ചു.
അപ്രതീക്ഷിതമായ ചോദ്യത്തിൽ അവനൊന്നു പതറി.
" എന്തെ എന്റെ സ്നേഹത്തിൽ നിനക്ക് വിശ്വാസമില്ലേ. ഞാനും എന്റെ പ്രണയവും മടുപ്പായോ.. " പതർച്ച മറച്ചുപിടിച്ചവൻ ചോദിച്ചു.
" ഞാൻ നന്ദേട്ടനിൽ നിന്നും അറിയാൻ ആഗ്രഹിക്കുന്നതും ഇതേ ചോദ്യത്തിനുള്ള ഉത്തരമാണ്. എന്റെ പ്രണയം മടുത്തു തുടങ്ങിയോ... " മറുപടിയല്ല മറുചോദ്യമായിരുന്നു ധനുവിൽ നിന്ന്.
നന്ദനിൽ ദേഷ്യം നിറക്കാൻ കഴിവുള്ള ചോദ്യം.
തുടരും...
വിചാരിക്കുന്നത് പോലെ എഴുതാൻ കഴിയുന്നില്ല. വല്ലാത്ത മടിയാണ് തോന്നുന്നത്. കാരണം എന്നോ തീരേണ്ടുന്ന സ്റ്റോറി ഞാൻ എഴുതി ലാഗ് ആക്കുന്നത് പോലെ.. ഡെയിലി സ്റ്റോറി തരണമെന്നുണ്ട്.. പക്ഷെ എഴുതാൻ കഴിയുന്നില്ല.
ഒരുപാട് ദീർഘിപ്പിക്കാതെ നിർത്താം. ❤️❤️❤️
ഈ പാർട്ട് നന്നായോ എന്നറിയില്ല. പിന്നെ നായകൻ അത് എന്റെ മനസ്സിൽ അജുവാണ്. ശ്രീയേക്കാളും ധനുവിന് അവളുടെ അവസ്ഥ മനസ്സിലാക്കി ചേർത്ത് നിർത്താൻ കഴിയുക അവളെ പോലെ തന്നെ ഒരു സാധാരണകാരൻ ആയിരിക്കും എന്ന് തോന്നുന്നു.
അപ്പൊ ഇഷ്ട്ടായാൽ ഒരു വരിയെങ്കിലും കുറിക്കു..
അർജുൻ (അജു )
ധന്യ ( ധനു )
Dr. ശ്രീജിത്ത് ( ശ്രീ ) എന്തോ എനിക്ക് ഭയങ്കര ഇഷ്ട്ടാ ഈ പുള്ളിനെ
നന്ദൻ
ഇവരൊക്കെയാണ് എന്റെ മനസ്സിലെ characters.. suggestion വല്ലതും ഉണ്ടേൽ കമന്റ് ഇൽ പറഞ്ഞോളൂ ❤️❤️❤️