Aksharathalukal

❤️ ഈ ഇടനെഞ്ചിൽ ❤️ - 16

❤️ ഈ ഇടനെഞ്ചിൽ ❤️

✍️ Jazyaan 🔥 അഗ്നി  🔥

ഭാഗം : 16

     " എന്താടാ അവര് ആണുംപെണ്ണും അല്ലെ. അവര് തമ്മിൽ കെട്ടിയാൽ കുട്ടി ഉണ്ടാവൂലെ. ആ സംശയം നിനക്ക് ഉണ്ടാവൂല,കാരണം എനിക്ക് എന്റെ പെങ്ങളിൽ ജനിച്ചതല്ലേ ധന്യ മോൾ... "   പവിത്രന്റെ സ്വരത്തിൽ പരിഹാസമായിരുന്നു തെളിഞ്ഞു നിന്നത്.

       അത് കേട്ട് പുറത്തു നിന്ന ശാരദയുടെ കാത് കൊട്ടിയടക്കപ്പെട്ടത് പോലെ തോന്നി. ശരീരമാകെ വിയർത്തു അവർ തളർന്നു പോയി...

    " നിന്നോട് പറഞ്ഞിട്ട് എന്ത് കാര്യം നന്നാവില്ലല്ലോ. ഇനി ആ പാവം വിളിച്ചാൽ ഫോണെടുക്ക്... " നകുലൻ പറഞ്ഞു.

   " വോ... ആയിക്കോട്ടെ നീ പോകുന്നേൽ പെട്ടന്ന് വീട് പിടിക്കാൻ നോക്ക്. " കയ്യിലെ മദ്യം വായിലേക്ക് കമിഴ്ത്തി കൊണ്ട് പവിത്രൻ പറഞ്ഞു.

   " എവിടെ നന്നാവാൻ... " സ്വയം പറഞ്ഞു നകുലൻ പുറത്തേക്കിറങ്ങി.

      അവരുടെ സംസാരം പുറത്തു നിന്ന് കേട്ടെങ്കിലും നകുലൻ വരും മുന്നേ അവിടെ നിന്ന് മാറാൻ ശാരദയ്ക്ക് കഴിഞ്ഞില്ല. അവരുടെ മനസ്സും ശരീരവും ഒരുപോലെ തളർന്നിരുന്നു.

   " ശാരദാ... " പുറത്തിറങ്ങിയതും വാതിലിനരുകിലെ ഭിത്തിയിൽ ചാഞ്ഞിരിക്കുന്ന ശാരദയെ കണ്ടതും നകുലൻ വിളിച്ചു.

   വിരലുകൾ ചുണ്ടിന് കുറുകെ വെച്ച് അയ്യാളെ ശാരദ തടഞ്ഞു. നകുലൻ തിരിഞ്ഞു നോക്കി. അവർക്ക് പുറം തിരിഞ്ഞു കസേരയിൽ ഇരിക്കുന്ന പവിത്രൻ തങ്ങളെ കാണാൻ ഇടയില്ലെന്ന് നകുലൻ മനസ്സിലാക്കി. എങ്കിലും അയ്യാൾ പുറത്തേക്കിറങ്ങി വാതിൽ ചാരി.

   " ഇവിടുന്ന് പോകാം... " ശാരദ അയാളോട് പറഞ്ഞു.

   " ഹ..  പിടിക്കണോ... " കൈ ശാരദയ്ക്ക് നേരെ നീട്ടികൊണ്ട് ചോദിച്ചു.

   മറുപടി നൽകാതെ ശാരദ നകുലന്റെ കൈകളിൽ പിടിച്ചു മുന്നോട്ടു നടന്നു. അയ്യാളുടെ ഓട്ടോയിൽ കയറി മുന്നോട്ടു പോകുമ്പോൾ ഇരുവരും മൗനമായിരുന്നു. എന്ത് സംസാരിച്ചു തുടങ്ങണം എന്നറിയാത്ത പോലെ.

  " എവിടേക്ക്... " കുറച്ചു ദൂരം മുന്നോട്ടു പോയതും നകുലൻ ചോദിച്ചു.

     മറുപടി പറയാതെ ശാരദ പൊട്ടിക്കരഞ്ഞു.   താനും പവിത്രനും സംസാരിച്ചത് കേട്ടിട്ടുണ്ടാകുമെന്ന് നകുലൻ ഊഹിച്ചിരുന്നു. ശാരദയെ കരയാൻ അനുവദിച്ചു കൊണ്ട് നകുലൻ വണ്ടി മുന്നോട്ട് ഓടിച്ചു.  അയ്യാൾ ശാരദയുമായി ജയന്റെ വീട്ടിലേക്കായിരുന്നു പോയത്.

     " വീട്ടിലേക്ക് ഇപ്പൊ പോകേണ്ട നകുലേട്ടാ.."

   " പിന്നെ... പിന്നെ എവിടേക്ക് പോകാനാണ്."

    " എനിക്ക് ചിലതൊക്കെ അറിയണം, അതുകഴിഞ്ഞു തീരുമാനിക്കാം എവിടേക്ക് പോകണമെന്ന്.. "

     " അറിയാം നിനക്ക് എന്താ എന്നിൽ നിന്ന് അറിയേണ്ടതെന്ന്... പക്ഷെ ഇന്ന് വേണ്ട, പിന്നെ ഞാൻ പറയാം... "

    " ഇനിയും ഒന്നും അറിയാത്ത വിഡ്ഢിയായി എനിക്ക് കഴിയില്ലേട്ടാ...  എനിക്ക് അറിയണം.. അറിഞ്ഞേ മതിയാകൂ.. "

  നകുലൻ   എന്തോ പറയാൻ വന്നതും ശാരദയുടെ ഫോൺ റിങ് ചെയ്തു. 

     ഒരുവട്ടം റിങ് ചെയ്തു നിന്നു.

    " അത് ആരാണെന്ന് നോക്കാമായിരുന്നില്ലേ... "

   " നകുലേട്ടൻ എന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകു... " ശാരദ പറഞ്ഞു പൂർത്തിയാക്കും മുന്നേ വീണ്ടും ഫോൺ റിങ് ചെയ്തു.

    " ആദ്യം ആ കോൾ എടുത്തു സംസാരിക്ക്.."  നകുലൻ അവളോട്‌ ആവശ്യപ്പെട്ടു.

     ആ മൊബൈൽ റിങ് അരോചകമായി തോന്നിയത് കൊണ്ട് ശാരദ ബാഗിൽ നിന്ന് ഫോണെടുത്ത് നോക്കി.നന്ദനാണ് വിളിക്കുന്നതെന്നറിഞ്ഞു ശാരദ ഫോൺ ചെവിയിലേക്ക് വെച്ചു.

  " നാട്ടിലെ വിവരങ്ങൾ അമ്മയും അറിയാതെ പോയോ..  " കടുത്ത അമർഷം നിറഞ്ഞ നന്ദന്റെ ശബ്ദം ശാരദയുടെ കാതുകളിൽ പതിച്ചു.

   " നീ എവിടെയാണ് നന്ദ... "

   " അമ്മ... ഞാൻ ചോദിച്ചത്... "

   " നീ ഇവുടെയാണെന്നാണ് എന്റെ ചോദ്യം.. " ദേഷ്യത്തിൽ തന്നെ ശാരദ ചോദിച്ചു.

   " അമ്മയ്ക്ക് എന്ത് പറ്റി... അയ്യാൾ എന്തെങ്കിലും... " കാരണമറിയാത്ത അമ്മയുടെ ദേഷ്യത്തിന് പിന്നിലുള്ള കാരണം ആരാഞ്ഞുകൊണ്ട് നന്ദൻ ചോദിച്ചു.

     " ചോദ്യത്തിന് മാത്രം മറുപടി പറ നന്ദാ... "

  " അത് ഞാൻ കോയമ്പത്തൂർ... "

  " നാട്ടിലേക്ക് എപ്പോ എത്തും... "

   " ഉടനെ തിരിക്കും... വൈകുന്നേരം ആകുമ്പോഴേക്കും അവിടെ എത്തും... "

" ഹ്മ്മ്..  നീ പാലപ്പുറത്തേക്ക് ( ശാരദയുടെ വീട് ) വന്നാൽ മതി. "

   " അതിനു അവിടെ ആരുമില്ലല്ലോ ഇപ്പൊ. പിന്നെ എന്തിനാ അവിടേക്ക് വരുന്നത്. എനിക്ക് നാട്ടിൽ എത്തിയിട്ട് കുറച്ചു കാര്യങ്ങൾ... "

    " നാട്ടിൽ വന്നിട്ട് ചെയ്യാനുള്ളതൊക്കേ എന്നെ വന്നു കണ്ടശേഷമാകാം.. അങ്ങനെ മതി. ഉടനെ എത്താൻ നോക്ക്.. " അതീവ ഗൗരവത്തോടെ ശാരദ പറഞ്ഞു.

    " ശരി അമ്മാ..  അമ്മ ഒറ്റയ്ക്ക് ആണോ.. "

  " അല്ല... "

 
   " ആരാണ് കൂടെ... "

   " വരുമ്പോൾ നേരിട്ടറിയാമല്ലോ.. കൂടുതൽ സംസാരം വേണ്ട... പിന്നെ ധനുവിനെ ഇപ്പൊ നീ വിളിക്കാൻ ശ്രമിക്കേണ്ട... "

    " ശരി... ഞാൻ ഉടനെ എത്താം... " നന്ദനിൽ നിന്ന് മറുപടി ലഭിച്ചതും ശാരദ കാൾ കട്ടാക്കി.

   " പാലപ്പുറത്തേക്ക് പോകാനാണോ... "

   " ഹ്മ്മ്... പോകണം... നന്ദൻ കൂടെ വന്നിട്ടാകാം പഴങ്കഥകളുടെ കെട്ടഴിക്കൽ.. "

  " ജയൻ... "

   " ഞാൻ ഫോൺ വിളിച്ചു പറഞ്ഞോളാം...  ഇനി അവിടേക്ക് ഒരിക്കലും മടങ്ങി ചെല്ലില്ലെന്ന് പറഞ്ഞാൽ പോലും തിരക്കി വരില്ല, തിരികെ കൂട്ടില്ല... " ശാരദയുടെ കണ്ഠം ഇടറി.

   " പോകാം... "

   " ഹ്മ്മ്... "

   " നന്ദനെ അറിയിക്കാൻ തന്നെയാണോ തീരുമാനം.. "

   " അവനും അറിയട്ടെ..  താലികെട്ടി കൂടെ കൂട്ടാൻ ആഗ്രഹിക്കുന്നത് സ്വന്തം ചോരയാണെന്ന്... "

   " നന്ദനിലും മുതിർന്നതല്ലേ ധാന്യ... "

  " ഹ്മ്മ് ഒരു വയസ്സ് മുതിർന്നത്. പക്ഷെ ആ സത്യം അറിയുന്നവർ ചുരുക്കം ചിലരല്ലേ നകുലേട്ടാ..  ചതിക്കുകയായിരുന്നില്ലേ അയ്യാൾ.. ഒന്നും ഒന്നും തിരിച്ചറിയാത്ത വിഡ്ഢിയായി പോയല്ലോ ഞാൻ..  "

   നകുലൻ മറുപടി ഒന്നും പറഞ്ഞില്ല... അയ്യാൾ അവളുടെ വീട്ടിലേക്ക് വണ്ടി തിരിച്ചു. കാലങ്ങളായി താൻ സൂക്ഷിച്ചു പോന്ന രഹസ്യം. ചോരത്തിളപ്പുള്ള പ്രായത്തിൽ കൂട്ട് നിന്ന പാപത്തിന്റെ കഥ. ഒരു ഏറ്റുപറച്ചിൽ അയാളും മനസ്സുകൊണ്ട് ആഗ്രഹിച്ചു. കാരണം തനിക്കും വളർന്നു വരുന്നൊരു മകളുണ്ട്, താൻ ചെയ്ത പാപം അവളുടെ തലയ്ക്കു മേൽ ഒരു വാളായി തൂങ്ങരുതെന്ന് ആഗ്രഹിച്ചിരുന്നു.

     അതുകൊണ്ട് അതികം ആലോചിക്കാതെ അയ്യാൾ വണ്ടി അവരുടെ നാട്ടിലേക്ക് പായിച്ചു.

    " ജയനോട് പറഞ്ഞേക്ക്... " നകുലൻ പറഞ്ഞു.

    " ഞാൻ വിളിക്കാം... " അതും പറഞ്ഞു ശാരദ ജയന്റെ നമ്പർ ഫോണിൽ ഡയൽ ചെയ്തു.

         ❤️❤️❤️❤️❤️❤️❤️❤️❤️❤️

   " മനസ്സിൽ വല്ലാത്തോരു ഭാരം ഒഴിഞ്ഞു പോയത് പോലെ... " കയ്യിലിരിക്കുന്ന കള്ള് കുപ്പിയിൽ നിന്ന് അല്പം കുടിച്ചിറക്കികൊണ്ട് ജയൻ പറഞ്ഞു.

    " കല്യാണം ഭംഗിയായി നടക്കും വരെ ഒരു ഭയം ഉണ്ട്.. നന്ദൻ അവൻ അറിഞ്ഞാൽ... "

  " ഭയക്കേണ്ടത് തന്നെ..   രാവിലെ ശാരദ ഒരു പടവെട്ടൽ നടത്തി. പക്ഷെ അജുമോനും വീട്ടുകാർക്കും കാര്യങ്ങൾ അറിവുള്ളത് കൊണ്ട് വലിയ ഭയമൊന്നും എനിക്ക് തോന്നുന്നില്ല. " വീണ്ടും കള്ള് വായിലേക്ക് കമിഴ്ത്താൻ തുടങ്ങുമ്പോളാണ് ജയന്റെ ഫോൺ ബെല്ലടിച്ചത്.

    ശാരദയാണെന്ന് മനസ്സിലായതും ജയൻ കാൾ അറ്റൻഡ് ചെയ്തു.

  " എന്താ..  " ജയൻ ചോദിച്ചു.

  " ഞാൻ ഇന്ന് എന്റെ വീട് വരെ പോകുവാ... നാളെയെ മടങ്ങു. "

  " അറിയിച്ചത് തന്നെ വല്യകാര്യം കുറച്ചു തിരക്കിൽ ആണ് അപ്പൊ ശരി ഗൂഡാലോചന ഒക്കെ കഴിഞ്ഞു വാ... "

    ജയന്റെ സംസാരം കേട്ട് ശാരദയ്ക്ക് സ്വയം പുച്ഛം തോന്നി.

  " ജയൻ എന്ത് പറഞ്ഞു... " നകുലൻ ചോദിച്ചു.

  " ഞാൻ പവിത്രനൊപ്പം ആണെന്ന് കരുതി. "

   " തിരുത്തി പറയാമായിരുന്നില്ലേ... "

   " എന്തിനു... തിരുത്തേണ്ടുന്ന സമയമൊക്കെയും കടന്നു പോയി.."

   മറുപടിയില്ലാതെ നകുലൻ വണ്ടി ഓടിക്കുന്നതിലേക്ക് ശ്രദ്ധ തിരിച്ചു.

      മണിക്കൂറുകൾ നീണ്ടു നിന്ന യാത്ര  അവസാനിച്ചു. ശാരദ ആ ഉപയോഗശൂന്യമായ വീട്ടിലേക്ക് നോക്കി. മുറ്റം മുഴുവൻ കാട് കയറിയിരിക്കുന്നു.

   " ഇവിടെ അടുത്താണ് എന്റെ വീട് നമുക്ക് അവിടേക്ക് പോകാം..  ഇങ്ങനെ കാട് കയറിയിടത്ത് എങ്ങനെ നിൽക്കും.. " നകുലൻ പറഞ്ഞു.

   " വേണ്ട... ഇവിടെ മതി, ഒരുപക്ഷെ ഇനിയങ്ങോട്ട് ഇവിടെ തന്നെയായിരിക്കും..." അതും പറഞ്ഞു ഉടുത്തിരുന്ന സാരി ഒതുക്കിപിടിച്ചു മുന്നിലെ മുട്ടോളം വളർന്ന കാട്ടുപുല്ലു വകഞ്ഞുമാറ്റി ശാരദ മുന്നേ നടന്നു.

   " ഇഴ ജന്തുക്കൾക്കാണും ഞാൻ മുന്നേ പോകാം... " ശാരദയെ തനിക്ക് പിന്നിലേക്ക് നിർത്തി അടുത്ത് കണ്ട വലിയ വടികൊണ്ട് മുന്നോട്ടുള്ള വഴി വെട്ടിത്തെളിച്ചു നകുലൻ മുന്നേ നടന്നു.

   പൊടിപിടിച്ച തിണ്ണയിൽ കൈകൊണ്ടു തട്ടിയ ശേഷം നകുലൻ അരഭിത്തിയിൽ കയറി ഇരുന്നു. ശാരദ പൊട്ടിപൊളിയാറായ മീറ്റർ ബോക്സിന് മുകളിൽ നിന്ന് ചെറുതായി തുരുമ്പ് പിടിച്ചു തുടങ്ങിയ താക്കോലെടുത്ത് തിരിച്ചു വന്നു.

   വാതിൽ താഴിലെ പൊടി ഊതിമാറ്റി താക്കോൽ ഇട്ട് തിരിച്ചു. കാലപ്പഴക്കം കൊണ്ട് തന്നെ താക്കോൽ ഒടിഞ്ഞു പോയിരുന്നു.

   " വർഷങ്ങൾ ഒരുപാട് കഴിഞ്ഞില്ലേ, അതിന്റെ ആയുസ്സ് ഒടുങ്ങിക്കാണും.." ഇരുന്നിടത്ത് നിന്ന് ചാടിയിറങ്ങികൊണ്ട് നകുലൻ പറഞ്ഞു. ശേഷം പതിയെ കുനിഞ്ഞു ഒരു കല്ലെടുത്ത് അയ്യാൾ വാതിൽക്കലേക്ക് നടന്നു. പൂട്ട് പൊളിക്കാൻ അനുവാദത്തിനായി നകുലൻ ശാരദയെ നോക്കി. അവരുടെ സമ്മതം കിട്ടിയതും നകുലൻ പൂട്ട് പൊളിച്ചു. വലിയ ബലം കൊടുക്കാതെ തന്നെ അത് പൊളിഞ്ഞിരുന്നു.

    ശാരദ അകത്തു കയറി. അൽപനേരം എങ്കിലും അവിടെ ചിലവഴിക്കണമെങ്കിൽ നല്ലത് പോലെ ആ വീടിന് അകം വൃത്തിയാക്കണമായിരുന്നു.

   പിന്നാമ്പുറ വാതിൽ തുറന്നു പൊടിപിടിച്ച ചൂലും തൂത്തുവാരിയും തട്ടിക്കുടഞ്ഞു എടുത്തു. അകം വൃത്തിയാക്കാൻ തുടങ്ങി. പുറത്തെ പുല്ല് വടികൊണ്ട് നകുലൻ അടിച്ചു താഴ്ത്തി നടപ്പാത വൃത്തിയാക്കി.

ചുറ്റും അതികം വീട് ഇല്ലാത്തത് കൊണ്ട് തന്നെ ശാരദ നാട്ടിൽ എത്തിയത് ആരും അറിഞ്ഞില്ല.

    ഒരുവിധം അവർ ഇരുവരും ആ വീട് വൃത്തിയാക്കിയെടുത്തു. ജോലികൾക്കിടയിൽ സമയം മുന്നോട്ടു പോയതവർ തിരിച്ചറിഞ്ഞില്ല.

  " കഴിക്കാൻ വല്ലതും വാങ്ങി വരാം ഞാൻ.   " നകുലൻ പറഞ്ഞു.

  " അല്പം കൂടെ കഴിഞ്ഞാൽ നന്ദൻ വരും, അവനോടു വാങ്ങി വരാൻ പറഞ്ഞിട്ടുണ്ട്. "

  " ഹ്മ്മ്... എന്നോട് ഒന്നും ചോദിക്കാൻ ഇല്ല.. "

  " നന്ദൻ കൂടെ വരട്ടെ നകുലേട്ടാ... "

         പിന്നീട് ചോദിക്കാനും പറയാനും ഒന്നുമില്ലാതെ ഇരുവരും മൗനരായി. നന്ദൻ വരുന്നതും കാത്തിരുന്നു.

                                തുടരും...

അപ്പൊ നാളെ നന്ദൻ കൂടെ വന്നിട്ട്  ഒരുമിച്ചു സത്യങ്ങൾ മനസ്സിലാക്കട്ടെ. തെറ്റുകൾ ഉണ്ടോ എന്നറിയില്ല. ഇഷ്ട്ടായാൽ അഭിപ്രായം പറയണേ ❤️❤️

  




 

  

   

 


❤️ ഈ ഇടനെഞ്ചിൽ ❤️ - 17

❤️ ഈ ഇടനെഞ്ചിൽ ❤️ - 17

4.8
2949

❤️ ഈ ഇടനെഞ്ചിൽ ❤️ ✍️ Jazyaan 🔥 അഗ്നി 🔥 ഭാഗം : 17             💔💔💔💔💔💔💔💔 Disclaimer: കഥയുടെ മുന്നോട്ടുള്ള പോക്കിന് അത്രമേൽ ആവശ്യമായത് കൊണ്ടാണ് ഇങ്ങനെ ഒരു രംഗം എഴുതുന്നത്. സ്ത്രീകൾക്ക് മേലുള്ള അതിക്രമങ്ങൾ കുറ്റകരമാണ്. പക്ഷെ ഇത് ഇവിടെ എഴുതാതെ നിവർത്തിയില്ലായിരുന്നു.            💔💔💔💔💔💔💔💔💔💔   "  കഴിക്കാൻ വല്ലതും വാങ്ങി വരാം ഞാൻ. " നകുലൻ പറഞ്ഞു.   " അല്പം കൂടെ കഴിഞ്ഞാൽ നന്ദൻ വരും, അവനോടു വാങ്ങി വരാൻ പറഞ്ഞിട്ടുണ്ട്. "   " ഹ്മ്മ്... എന്നോട് ഒന്നും ചോദിക്കാൻ ഇല്ല.. "   " നന്ദൻ കൂടെ വരട്ടെ നകുലേട്ടാ... "          പിന്