Aksharathalukal

❤️ ഈ ഇടനെഞ്ചിൽ ❤️ - 19

❤️ ഈ ഇടനെഞ്ചിൽ ❤️.

✍️ Jazyaan 🔥 അഗ്നി 🔥

ഭാഗം : 19

   
    പിന്നാലെ ഡൗൺലോഡ് ആയി വന്ന ഫോട്ടോ കണ്ടതും ആദ്യം ഒരു ഞെട്ടലായിരുന്നു. എന്നാൽ അത് ഒരു പുഞ്ചിരിയിലേക്ക് വഴിമാറാൻ അധികം സമയം വേണ്ടി വന്നില്ല.

    അളിയൻ ആൾ കൊള്ളാം  നന്ദൻ മനസ്സിൽ ഓർത്തിരിക്കാം...

          ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

" അവരിതുവരെ എത്തിയില്ലേ അളിയാ... "

" നന്ദൻ ഇന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു, ശാരദ എവിടെ പോയെന്ന് അറിയില്ല.. എന്തായാലും നമ്മൾ ഒന്ന് കരുതിയിരിക്കണം... മോളേ തനിച്ചൊന്നും അയക്കേണ്ട  കൃഷ്ണാ... " ജയൻ ഫോണിലൂടെ പറഞ്ഞു.

   " അവൾ അനുസരിക്കുന്നില്ല... ഇന്ന് ഞാൻ കൊണ്ട് ചെന്നാക്കാമെന്ന് പറഞ്ഞിട്ട് കേട്ടതേയില്ല... പിന്നെ അവസാനം ഞാൻ അജുമോനെ വിളിച്ചു പറഞ്ഞു. അവൻ ആണ് ഇന്ന് കൊണ്ട് ചെന്നാക്കിയത്. "

    " ഹ്മ്മ് അവരുടെ ഭാഗത്തു പ്രതികരണം വളരെ മോശമായിരിക്കും. നമ്മൾ കരുതിയിരിക്കണം.... "

   സംസാരിക്കുന്നതിനിടയിൽ പുറത്തു വന്നു നിന്ന ഓട്ടോയുടെ ശബ്ദം ജയൻ കേട്ടു.

  " ഞാൻ സമയം പോലെ വിളിക്കാം കൃഷ്ണ...   പുറത്തു ആരോ വന്നിട്ടുണ്ട്, നോക്കട്ടെ ആരാണെന്ന്. "

   ഫോൺ കാൾ കട്ട് ചെയ്തു ജയൻ ഉമ്മറത്തേക്കിറങ്ങി. ഓട്ടോയിൽ നിന്ന് ഇറങ്ങുന്ന ശാരദയെയും നന്ദനെയും അയ്യാൾ കണ്ടു. അവർ വന്നിറങ്ങിയ നിമിഷം തന്നെ ജയൻ ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ചു.

    പക്ഷെ ശാരദയും നന്ദനും ഒരക്ഷരം പോലും മിണ്ടാതെ അകത്തേക്ക് കയറി. അവരുടെ മൗനം അയാളിലെ ഭീതി വർധിപ്പിച്ചു. 

   " എവിടുന്നാ രണ്ടാളും... " തന്നെ മറികടന്നു പോകുന്ന ശാരദയോടും നന്ദനോടും ചോദിച്ചു.

    " ഞാൻ കോയമ്പത്തൂർ ലോഡിന് പോയതാണ്..  " നന്ദൻ അതും പറഞ്ഞു മുറിയിലേക്ക് നടന്നു.

    " ഞാൻ വീട് വരെ പോയി... "

        ധാർഷ്ട്യം നിറഞ്ഞൊരു മറുപടി പ്രതീക്ഷിച്ചിരുന്ന ജയൻ ശാരദയുടെ മറുപടിയിൽ തെല്ലൊന്ന് അമ്പരന്നു. അമ്പരപ്പ് മാറി അയാളിൽ പുച്ഛം നിറഞ്ഞു. വിഷം കൂടിയ ഇനമാണ്, അവളിലെ ഓരോ മാറ്റവും ഭയപ്പെടേണ്ടിയിരിക്കുന്നു... ജയൻ സ്വയം പറഞ്ഞു.

          ❤️❤️❤️❤️❤️❤️❤️❤️❤️❤️

     ഇട്ടിരുന്ന ഡ്രസ്സ്‌ പോലും മാറാതെ നന്ദൻ കട്ടിലിലേക്ക് കിടന്നു... അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.  ആ നിമിഷങ്ങളിലൊന്നും അവന്റെ ചിന്തകൾ ധനുവിനെ കുറിച്ച് ആയിരുന്നില്ല...

   ജന്മം കൊണ്ട് തനിക്കച്ഛനല്ല...  പക്ഷെ കർമം കൊണ്ട് അയ്യാൾ മാത്രമായിരുന്നു അച്ഛൻ... അമ്മ പകർന്നു നൽകിയ അറിവുകൾ അയ്യാളെ വെറുക്കാനുള്ള കാരണങ്ങളായി... ജയൻ ഇഷ്ടമല്ലാത്ത കാര്യങ്ങൾ ചെയ്യാനായിരുന്നു തനിക്കു താല്പര്യം... ഓർമകളിൽ അവൻ്റെ ഹൃദയം നീറി.

   
     അച്ഛന്റെ ചുമലിലേറി കവലയിലെ പീടികയിൽ പോയിരുന്ന ബാല്യത്തിന്റെ ഓർമ്മകൾ അവനെ വേദനിപ്പിച്ചു. 

   " വലുതാകേണ്ടിയിരുന്നില്ല... " അവൻ സ്വയം പറഞ്ഞുകൊണ്ടേയിരുന്നു.

       ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

     ശാരദ യാതൊന്നും സംഭവിച്ചിട്ടില്ലെന്നുള്ള രീതിയിൽ തന്നെ പെരുമാറാൻ ശ്രമിച്ചു. പക്ഷെ ജയൻ തനിക്ക് മുന്നിൽ നിന്ന് സംസാരിക്കുന്ന വേളയിൽ ഒക്കേയും ശാരദ തൻ്റെ മനസ്സിന്റെ തകർച്ച സ്വയം തിരിച്ചറിഞ്ഞു.

     
     പൊതുവെ ആ വീട്ടിൽ തമ്മിൽ തമ്മിലുള്ള സംസാരങ്ങൾ കുറഞ്ഞു. ജയൻ അവരിലെ പെരുമാറ്റം അത്ഭുതം ആയിരുന്നു. എങ്കിലും അവരെ ഓരോരുത്തരെയും അയ്യാൾ വ്യക്തമായി നിരീക്ഷിക്കുമായിരുന്നു.

         ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  ദിവസങ്ങൾ ആരെയും കാത്തു നിൽക്കാതെ ഓടിമറഞ്ഞു. നന്ദൻ ആ വീടിനുള്ളിൽ തന്നെ ഒതുങ്ങി കൂടുകയായിരുന്നു. പലവട്ടം ശാരദ അവനെ പുറത്തേക്ക് ഇറങ്ങാൻ നിർബന്ധിച്ചെങ്കിലും അവൻ അതിന് തയ്യാറായില്ല.

       ധനുവിനെ കാണണമെന്നും സംസാരിക്കണമെന്നും ആഗ്രഹം ഉണ്ടായിരുന്നെങ്കിലും... തന്നെ കാണുവാൻ ധനു ആഗ്രഹിക്കുന്നില്ലെന്ന തിരിച്ചറിവിൽ സ്വന്തം ആഗ്രഹം മായ്ച്ചു കളയും.

     യാദർശ്ചികമായാണ് ജയൻ ധനുവിന്റെ വിവാഹവസ്ത്രങ്ങളും ആഭരണങ്ങളും  എടുക്കുന്നതിനെ കുറിച്ചുള്ള സംസാരം നന്ദൻ  കേട്ടത്... ആകെ ഉള്ള സഹോദരി എന്ന ചിന്തവന്നതും അവൾക്കായി എന്തെങ്കിലുമൊക്കെ വാങ്ങി നൽകണമെന്ന് മോഹം അവനുമുണ്ടായിരുന്നു.  താൻ നൽകുന്നത് ഒന്നും അവൾ
സ്വീകരിക്കില്ലെന്നും  അറിയുമായിരുന്നു അവന് .പക്ഷെ എങ്ങനെയും  അവൾക് ഒരു സമ്മാനം നൽകണമെന്ന് നന്ദൻ  തീരുമാനിച്ചു.

      ക്ലോക്കിലെ സമയം നോക്കിയ ശേഷം നന്ദൻ ഡ്രസ്സ്‌ മാറി പുറത്തേക്കിറങ്ങി.

 
    " മോനെ നീ എവിടെക്കാ... ".അവൻ പുറത്തേക്കിറങ്ങുന്നത് കണ്ടു ശാരദ ചോദിച്ചു.

    " അച്ഛൻ എവിടെ അമ്മാ... "

    " പുറത്തേക്കിറങ്ങുന്നത് കണ്ടു... ഞാൻ ചോദിച്ചില്ല... നീ എവിടെക്കാ... "

   " ധനുവിന് എന്തെങ്കിലും വിവാഹ സമ്മാനമായി നൽകണം... നാളെ അവർ ഡ്രസ്സ്‌ എടുക്കാൻ പോകുവല്ലേ...   "

   " നമ്മൾ നൽകിയാൽ അത് സ്വീകരിക്കുമോ  മോനെ... "

   " അത്... ഞാൻ ഒരു വഴി കണ്ടിട്ടുണ്ട്... അതൊക്കെ നടക്കും... അച്ഛൻ വരുമുന്നേ ഞാൻ ഇറങ്ങട്ടെ... "

    " ഹ്മ്മ്... നീ പോകാൻ വരട്ടെ...  ഞാൻ ഇപ്പൊ വരാം ഒരുനിമിഷം... "  ശാരദ അതും പറഞ്ഞു വേഗത്തിൽ  അകത്തേക്ക് പോയി. തിരികെ വരുമ്പോൾ അവരുടെ കയ്യിൽ ഒരു കവറും ഉണ്ടായിരുന്നു.

    " ഇത് എന്താമ്മാ...."

     " അമ്മേടെ വക... " നന്ദൻ അത് തുറന്നു നോക്കി. ഒരു ചെറിയ കാശ്മാലയായിരുന്നു അത്.

    " നീ സ്വർണക്കടയിൽ കയറി മാറ്റി വാങ്ങിയാൽ മതി. ഇതൊക്കെ പഴയ മോഡൽ അല്ലെ...."

   " ഇത് വേണ്ടിയിരുന്നില്ല അമ്മാ... എന്റെ കയ്യിൽ കുറച്ചു ക്യാഷ് ഉണ്ടായിരുന്നു. അതുകൊണ്ട് എന്തെങ്കിലും വാങ്ങിയാൽ മതിയല്ലോ... "

   " അത് സാരമില്ല.. അതുകൂടി വെച്ചോളൂ... അമ്മേടെ ഒരു സന്തോഷം...  അച്ഛൻ വരും മുന്നേ ഇറങ്ങിക്കോ... "

     അമ്മയോട് യാത്ര പറഞ്ഞു നന്ദൻ പുറത്തേക്കിറങ്ങി. അവന്റെ  മനസ്സിനിണങ്ങിയ ഒരു മനോഹര സമ്മാനം ധനുവിനായി വാങ്ങി. കൂട്ടത്തിൽ അജുവിനും വാങ്ങാൻ അവൻ മറന്നില്ല.അമ്മ നൽകിയ മാല അവൻ മാറ്റി വാങ്ങിയില്ല, അത് ഒന്ന് ക്ലീൻ ചെയ്തു വാങ്ങി. കാരണം അത്തരം ട്രഡീഷണൽ ആഭരണങ്ങൾ ധനുവിന്  വളരെ ഇഷ്ടമാണെന്ന് അവനറിയാമായിരുന്നു.

          അവൻ നേരെ പോയത് അവനരികിലേക്ക് ആയിരുന്നു... അജുവിനരുകിലേക്ക്..   ഇത് ധനുവിന്റെ കൈകളിൽ ഏൽപ്പിക്കാൻ അവൻ കണ്ടെത്തിയ മാർഗമായിരുന്നു അജു.

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

       അജു വർക്ക്‌ഷോപ്പിൽ നിന്ന് ജോലി കഴിഞ്ഞിറങ്ങുന്നതും കാത്തുനിന്നു നന്ദൻ.

   " അർജുൻ... " തന്നെ മറികടന്നു പോകുന്ന അജുവിനെ നന്ദൻ വിളിച്ചു.

        നന്ദനെ കണ്ടിരുന്നെങ്കിലും മനപ്പൂർവം മുഖം കൊടുക്കാതെ പോയതായിരുന്നു അജു.

   വിളികേട്ടവൻ തിരിഞ്ഞുനോക്കി... നന്ദൻ അജുവിന് അരികിലേക്ക് നടന്നുവന്നു.

   " ഞാൻ നന്ദൻ... "

    " ഇതിന് മുന്നേ നമ്മൾ കണ്ടിട്ടുണ്ടല്ലോ... പിന്നെ അത്യാവശ്യം നല്ല രീതിയിൽ കേട്ടറിവും ഉണ്ട്.. പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല... എന്തിനാണ് വന്നത് , പോയിട്ട് അല്പം തിരക്കുണ്ടായിരുന്നു."

 
     " എനിക്ക് കുറച്ചു സംസാരിക്കാൻ... "

    " എന്താണാവോ... ദിവ്യ പ്രണയത്തെ കുറിച്ചാണോ... അതോ ഞാൻ കല്യാണത്തിൽ നിന്ന് പിന്മാറണമായിരിക്കണം  എന്തെ  ഭീഷണി ആയിരിക്കുല്ലേ..."  അജു പരിഹാസത്തോടെ ചോദിച്ചു.

    നന്ദൻ മറുപടിയായി ഒന്ന് പുഞ്ചിരിച്ചു. 

   " എനിക്കൊപ്പം ഒന്ന് വരാമോ... കുറച്ചു സംസാരിക്കാൻ ആയിരുന്നു. ചില സത്യങ്ങൾ അറിയിക്കാൻ..  "

   " തന്നോട് എനിക്ക് പുച്ഛം തോന്നുന്നു നന്ദാ...   ഇപ്പൊ താൻ പറഞ്ഞല്ലോ ചില സത്യങ്ങൾ വെളുപ്പെടുത്താമെന്ന്... ഇനി എന്ത് തന്നേ പറഞ്ഞാലും അർജുൻ ഈ വിവാഹത്തിൽ നിന്ന് പിന്മാറില്ല. അതും കൂടാതെ പറയാൻ പോകുന്നത്, ധനു ഒരു അവിഹിത സന്തതി ആണെന്നും ജയച്ചന്റെ മകൾ ആണെന്നുമല്ലേ... അതൊക്കെ എന്നോ അറിഞ്ഞ സത്യങ്ങൾ ആണ്... കൂടുതൽ ഒന്നും പറയാൻ കാണില്ലെന്നറിയാം... ഞാൻ പോകുന്നു... "

   " കുറച്ചു ദിവസം മുന്നേ വരെ നിന്നെ കൊല്ലേണ്ടി വന്നാൽ പോലും ധനുവിനെ മറ്റൊരുത്തൻ വിട്ടുകൊടുക്കില്ലെന്ന വാശി ഉണ്ടായിരുന്നു... പക്ഷെ ഇന്ന് അങ്ങനെ അല്ല അർജുൻ... ആത്മാർത്ഥമായി ഞാനും ആഗ്രഹിക്കുന്നു ഈ വിവാഹം നടക്കാൻ..   കാരണം ഏതൊരു സഹോദരനെ പോലെ ഞാനും എന്റെ പെങ്ങളുടെ ഭാവി നല്ലതായിരിക്കണം,അവൾ സന്തോഷവതിയായിരിക്കണം എന്നൊക്കെ ആഗ്രഹിക്കുന്നു."

   
      നന്ദൻ പറഞ്ഞു പൂർത്തീകരിക്കും മുന്നേ അജു പൊട്ടിച്ചിരിച്ചു പോയിരിക്കുന്നു.

  " കള്ളം പറയുമ്പോൾ കുറച്ചു വിശ്വാസയോഗ്യമായൊന്ന് പറയാമായിരുന്നു." പരിഹാസത്തോടെ നന്ദനോടായി പറഞ്ഞു.

   " ധനു എന്റെ സ്വന്തം പെങ്ങളാണെന്ന് കളവ് പറയേണ്ടുന്ന ആവിശ്യം എനിക്കില്ല അർജുൻ... ചില സത്യങ്ങൾ മറ്റുള്ളവർക്ക് മുന്നിൽ മൂടിവെക്കപ്പെട്ടതാണ്... അറിയാൻ ആഗ്രഹം ഉണ്ടെങ്കിൽ പറയാൻ ഞാൻ തയ്യാറാണ്... ഇത് ചതിയല്ല ആ ഉറപ്പ് ഞാൻ നൽകാം... " അതും പറഞ്ഞു നന്ദൻ ബൈക്കിനരികിലേക്ക് നടന്നു. ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു അജുവിന് അരികിലായി നിർത്തി. എന്തോ ഉൾപ്രേരണ കൊണ്ട് അജു അവൻ പിന്നിലായി കയറി.

    വണ്ടി മുന്നോട്ടു പോകുമ്പോഴും അവർക്കിടയിൽ മൗനമായിരുന്നു... ആൾപ്പാർപ്പില്ലാത്ത ഒരിടം നോക്കി നന്ദൻ വണ്ടി ഒതുക്കി നിർത്തി  അജുവിനോട് ഇറങ്ങാൻ ആവശ്യപ്പെട്ടു.

     " ഭയം തോന്നുന്നുണ്ടോ അർജുൻ... "

    " ഇല്ല... " ഉത്തരം ഉടനെ വന്നു.

   " ഹ്മ്മ്... ഇതാ... " അവൻ ധനുവിനായി വാങ്ങിയ സമ്മാനം അജുവിന്റെ കൈകളിൽ കൊടുത്തു.

   " എന്താ ഇത്... " അത് വാങ്ങാൻ മടിച്ചുകൊണ്ട് അജു ചോദിച്ചു.

 
    " ധനുവിനും തനിക്കും എന്റെ വക കുഞ്ഞോരു വിവാഹസമ്മാനമാണ്.. പിന്നെ അമ്മ ധനുവിന് തന്നൊരു മാലയും... "

    " ഇതിന്റെ ആവിശ്യമില്ല... " അർജുൻ അത് നിരസിച്ചുകൊണ്ട് പറഞ്ഞു.

    " ഇത് ഒന്ന് വാങ്ങിക്കൂ... ഞാൻ പറയുന്ന കാര്യങ്ങൾ കേട്ടശേഷം ഇത് എന്നെ തിരികെ ഏൽപ്പിക്കാൻ  തോന്നുകയാണെങ്കിൽ തിരികെ തന്നേക്ക് ഞാൻ മടക്കി സ്വീകരിച്ചുകൊള്ളാം... "

     നന്ദന്റെ നിർബന്ധത്തിന് വഴങ്ങി അജു അത് സ്വീകരിച്ചു. പിന്നീട് നന്ദൻ പറയാൻ പോകുന്നത് എന്താണെന്നറിയാൻ അക്ഷമയോടെ ഇരുന്നു.

      നന്ദൻ അവനറിഞ്ഞ സത്യങ്ങൾ ഓരോന്നും അർജുനോട് പറഞ്ഞു. ധനു തൻ്റെ സ്വന്തം സഹോദരിയാണെന്ന് പറയുമ്പോൾ അവനിൽ നിന്നും ഉയർന്ന തേങ്ങൽ തന്നെ മതിയായിരുന്നു അവൻ പറയുന്നതൊന്നും കളവല്ലെന്ന് ബോധ്യപ്പെടാൻ.

പവിത്രനെ കുറിച്ച് അറിഞ്ഞതും അജുവിന്റെ രക്തം തിളച്ചു മറിയുകയുയായിരുന്നു. മനുഷ്യൻ എന്ന് പറയാൻ പോലും യോഗ്യതയില്ലാത്ത ജന്മം.. അജു മനസ്സിൽ ചിന്തിച്ചു.

  
    " ഇപ്പൊ അറിഞ്ഞ കാര്യങ്ങൾ നമുക്കിടയിൽ മാത്രം ഒതുങ്ങിയാൽ മതി... ഇങ്ങനൊരു വാർത്ത കേൾക്കുന്ന ഒരാൾക്കും സന്തോഷം നല്കുന്നതല്ലല്ലോ... ആരും അറിയേണ്ട... എന്തുകൊണ്ടോ അർജുൻ അറിഞ്ഞിരിക്കണം എന്ന് തോന്നി... ഒരിക്കലും നിങ്ങളുടെ സന്തോഷകരമായ ജീവിതത്തിലേക്ക് നന്ദൻ കടന്നുവരില്ലെന്നുള്ള ഉറപ്പ് നൽകണമെന്നും... അതുകൊണ്ട് പറഞ്ഞതാണ്... "

    ഒന്നാലോചിച്ചപ്പോൾ നന്ദൻ പറഞ്ഞത് തന്നെയാണ് ശരിയെന്നു അജുവിനും തോന്നി. ആരെയും അറിയിക്കില്ലെന്ന് അവൻ വാക്ക് നൽകി.

   " പിന്നെ ഒരാഗ്രഹം കൂടി ഉണ്ട്... " നന്ദൻ അജുവിനോട് പറഞ്ഞു.

   " എന്താ... "

   "അത്... ആ മാല അമ്മ ഒരുപാട് ആഗ്രഹത്തോടെ തന്നതാണ്... വിവാഹവേഷത്തിൽ ധനു വരുമ്പോൾ അതുകൂടി അണിഞ്ഞു കാണണം എന്നുണ്ട്..."

   " ഞാൻ കൊടുത്തോളാം, എനിക്ക് വേണ്ടപെട്ടോരാൾ തന്ന സമ്മാനം ആണെന്ന് പറയാം... "

   " താങ്ക്സ്... കയറിക്കൊ ഞാൻ വീട്ടിലേക്ക് ആക്കാം... " നന്ദൻ പറഞ്ഞു.

     അർജുൻ ചിരിയോടെ അവന്റെ പിന്നിൽ കയറി. അവർക്കിടയിൽ വലിയ രീതിയിൽ ഒരു സൗഹൃദം ഉടലെടുത്തില്ലെങ്കിൽ കൂടെയും അവരിരുവരും തമ്മിലുള്ള തുറന്ന സംസാരത്തിൽ സന്തോഷിക്കുന്നുണ്ടായിരുന്നു.

       നന്ദൻ അജുവിനെ വീട്ടിലേക്ക് തിരികെ മടങ്ങും വഴി അവൻ്റെ ഫോണിലേക്ക് ഒരു കാൾ വന്നു. വണ്ടിയൊതുക്കി അവൻ ഫോൺ ചെവിയോട് ചേർത്ത് വെച്ചു സംസാരിച്ചു.

   " ഹാലോ... "

   " ഹലോ മോനെ ഞാൻ നകുലൻ ആണ്... "

  " ഹ എന്താ ഏട്ടാ... "

  " മോനെ ചെറിയൊരു പ്രശ്നമുണ്ട്... അതാ മോനെ ഞാൻ വിളിച്ചത്... "

   "  എന്ത് പ്രശ്നം... "

   " മോനെ അത് പവിത്രൻ ധന്യ മോളുടെ കല്യാണക്കാര്യം അറിഞ്ഞു... ശാരദയെ ഫോണിൽ വിളിച്ചിരുന്നു... ഞാനും കൂടി അടുത്ത് ഉള്ളപ്പോഴാണ് അവൻ വിളിച്ചത്... ശാരദയോട് ഒരുപാട് ദേഷ്യപെട്ടു.. അവൻ പറഞ്ഞത് ഒന്നും സഹിക്കാതെ വന്നപ്പോൾ ശാരദയും പൊട്ടിത്തെറിച്ചു. ഞാൻ എന്തായാലും എന്റെ മോനെ അവന്റെ സ്വന്തം സഹോദരിയെക്കൊണ്ട് കെട്ടിക്കില്ലെന്ന് തീർത്തു പറഞ്ഞു. ശാരദ അങ്ങനെ ഒരു കാര്യം വെട്ടിത്തുറന്നു പറഞ്ഞപ്പോൾ പവിത്രൻ ഒന്ന് ഞെട്ടി... പക്ഷെ പിന്നീട് അവൻ അവളെ ഭീഷണിപെടുത്തുകയായിരുന്നു... അവളെ കൊല്ലുമെന്നും ധനുവിനെയും അവന്റെ കിടക്കയിൽ എത്തിക്കുമെന്നൊക്കെ..  "

        നകുലൻ പറയുന്നത് കേൾക്കെ നന്ദനിൽ ദേഷ്യം നിറഞ്ഞു... പവിത്രനെ കൊല്ലാനുള്ള കലി അവനുണ്ടായി.

   " മോനെ... "

   " ഏട്ടൻ ഒന്നും ഓർത്തു പേടിക്കേണ്ട... ഏട്ടനെ അയാൾക്ക് സംശയമില്ല അതുകൊണ്ട് തന്നെ അയ്യാളുടെ ഓരോ നീക്കങ്ങളും എന്നെ അറിയിക്കണം...."

   " അതൊക്കെ ഞാൻ കൃത്യമായി അറിയിച്ചോളാം.... പിന്നെ ധനു കുഞ്ഞിനെ കെട്ടാൻ പോകുന്ന പയ്യനെ അപകടപ്പെടുത്തുമോ എന്ന് ഒരു ഭയം... "

  " അതൊർത്ത് പേടിക്കേണ്ട അവനോടു ഞാൻ കാര്യങ്ങൾ സൂചിപ്പിച്ചോളാം.. കാര്യങ്ങൾ ഒക്കെ ഞാൻ അവനോടു സംസാരിച്ചിരുന്നു... "

  " അത് നന്നായി മോനെ.. പിന്നെ അമ്മയെ ഒന്നു ശ്രദ്ധിച്ചേക്കണേ... "

  " അത് ഞാൻ നോക്കിക്കോളാം... "

    " എങ്കിൽ ശരി മോനെ ഞാൻ പിന്നെ വിളിക്കാം... "

    ഫോൺ വെച്ചിട്ടും നന്ദൻ ആലോചനയോടെയിരുന്നു. പിന്നെ എന്തോ ആലോചിച്ചത് പോലെ നകുലൻ ഫോൺ ചെയ്തു.

   " എന്താ മോനെ.. " പെട്ടന്ന് നന്ദന്റെ കാൾ വന്നതും ഹലോ പോലും പറയാതെ നകുലൻ ചോദിച്ചു.

    " അത് എനിക്കും സത്യങ്ങൾ അറിയാമെന്നു പവിത്രന് അറിയുമോ... "

  " ഇല്ലാ... ശാരദ അവൾക്ക് മാത്രം അറിയൂ എന്ന രീതിയിലാണ് സംസാരിച്ചത് . മോനെ കൂടി ഇതിലേക്ക് വലിച്ചിഴക്കേണ്ടെന്ന് തോന്നിക്കാണും... "

  " അതേതായാലും നന്നായി... പവിത്രനെ പൂട്ടാൻ ഒരു വഴിയുണ്ട് കൂടെ ഉണ്ടാകില്ലേ... "

  " തീർച്ചയായും... "

   " അത് അറിഞ്ഞാൽ മതി... ബാക്കി ഞാൻ വഴിയേ പറയാം.. "

   " ശരി മോനെ... "

        നകുലനുമായുള്ള സംഭാഷണം കഴിഞ്ഞു നന്ദൻ അജുവിനെ വിളിച്ചു കാര്യങ്ങൾ ഒക്കെ വിശദമായി പറഞ്ഞു. അടുത്ത ആഴ്ച വിവാഹം ആയതുകൊണ്ട് ധനു ജോലിയിൽ നിന്ന് ലീവ് ആണെന്ന് പറഞ്ഞെങ്കിലും അവളെ തനിച്ചു എവിടേക്കും അയക്കേണ്ടെന്ന് പറഞ്ഞു. അജുവും അത് സമ്മതിച്ചു. കൂട്ടത്തിൽ അജുവിനോടും ഒന്ന് കരുതിയിരിക്കാൻ നന്ദൻ പറഞ്ഞു.

      പിന്നെ അല്പം പോലും കാത്തു നിൽക്കാതെ നന്ദൻ വീട്ടിലേക്ക് മടങ്ങി.  അവൻ നേരെ പോയത് ശാരദയ്ക്ക് അരികിലേക്കായിരുന്നു.

   " അമ്മാ... " കട്ടിലിൽ കിടക്കുന്ന ശാരദയ്ക്ക് അരികിലിരുന്നുകൊണ്ട് നന്ദൻ വിളിച്ചു.

   " മോനെ നീ എപ്പോ വന്നെടാ... പോയ കാര്യം ഭംഗിയായി നടന്നോ..."

    " പിന്നെ അമ്മേടെ മോൻ പോയാൽ എന്ത് കാര്യമാണ് നടക്കാത്തത്... "

    " അത് എങ്ങനെ... " അവൻ എന്ത് ചെയ്‌തെന്ന് അറിയാനുള്ള ആകാംഷ ശാരദയുടെ വാക്കുകളിൽ നിറഞ്ഞിരുന്നു.

      നന്ദൻ അജുവിനെ കണ്ടു സംസാരിച്ച കാര്യങ്ങൾ ഒക്കെ വിശദമായി അവൻ അമ്മയെ പറഞ്ഞു കേൾപ്പിച്ചു.

    " അത് നന്നായി മോനെ... ആ കാര്യത്തിൽ ആശ്വാസം ആയല്ലോ... "

    " പിന്നെ വേറെന്തെങ്കിലും പ്രശ്നം ഉണ്ടോ അമ്മേ... " പവിത്രന്റെ കാര്യം അമ്മ പറയുമോയെന്നറിയാൻ നന്ദൻ ചോദിച്ചു.

 
    " വേറെന്ത്... നീ വാ അമ്മ ഭക്ഷണം എടുത്തു തരാം... " അതും പറഞ്ഞു ശാരദ എഴുന്നേറ്റു.

   " നകുലേട്ടൻ എന്നെ വിളിച്ചിരുന്നു... " ഗൗരവത്തോടെ നന്ദൻ അമ്മയോട് പറഞ്ഞു.

   " അത്... മോനെ നിന്നേ വെറുതെ ടെൻഷൻ... "

   " ന്യായികരിക്കേണ്ട അമ്മാ... അമ്മയുടെ ജീവൻ മാത്രം അല്ല ധനു കൂടി ഇതിൽ കുടുങ്ങി കിടക്കുവാണ്... അമ്മ എന്നിൽ നിന്ന് മറച്ചുവെച്ചു, നകുലേട്ടൻ കൂടി ഇത് പറഞ്ഞില്ലെങ്കിൽ ഞാൻ ഒന്നും അറിയില്ല.. അങ്ങനെ അമ്മ മറച്ചുവെച്ചത് കൊണ്ട് ധനുവിനോ അവളെ വിവാഹം ചെയ്യാൻ പോകുന്ന പയ്യനോ എന്തെങ്കിലും സംഭവിച്ചാലോ... അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാലോ... എന്താ അമ്മ പവിത്രൻ എത്രമാത്രം ദുഷ്ടൻ ആണെന്ന് തിരിച്ചറിഞ്ഞിട്ടും... "

   " മോനെ അമ്മ അങ്ങനെ ഒന്നും ചിന്തിച്ചില്ല... "

   "ചിന്തിക്കണം അമ്മാ... പണ്ട് കാര്യങ്ങൾ ഒന്നും ചിന്തിക്കാതെ പ്രവർത്തിച്ചത് കൊണ്ടാണ് ഇങ്ങനെ ഒരു അനുഭവം നമുക്ക് ഉണ്ടായത്... അമ്മയെ കുറ്റപ്പെടുത്തുന്നതല്ല... ഞാൻ എന്റെ സങ്കടം കൊണ്ട് പറഞ്ഞു പോയതാ... "

   " മോനെ നീ അമ്മയോട് ക്ഷമിക്ക്... ഇനി അയ്യാൾ വിളിച്ചാലോ സംസാരിച്ചാലോ ഞാൻ ഉറപ്പായും മോനോട് പറയാം... "

   " ഹ്മ്മ്... തൽക്കാലം അമ്മ ഒന്നും ഓർത്തു പേടിക്കേണ്ട. പിന്നെ എനിക്കും സത്യങ്ങൾ അറിയാമെന്നു ഒരിക്കലും പവിത്രൻ അറിയരുത്..."

    " ഇല്ല ഒരിക്കലും അറിയില്ല... " അവൻ അറിഞ്ഞെന്ന കാര്യം പവിത്രൻ അറിയരുതെന്ന് പറഞ്ഞത് എന്തിനെന്നു ചോദിക്കണം എന്നു തോന്നിയെങ്കിലും ശാരദ മനഃപൂർവം ആ ചോദ്യം മൂടിവെച്ചു.

   " അമ്മ ഒന്ന് സൂക്ഷിക്കണം... തനിച്ചു എവിടേക്കും പോകണ്ടാ... ഞാൻ കൂടെ വരാം എവിടെ പോണേലും... "

   " അയ്യാളുടെ കൈകൊണ്ടു അമ്മ മരിക്കുന്നതിൽ ഭയമൊന്നുമില്ല... പക്ഷെ എന്റെ ജീവൻ പോകും മുന്നേ അയ്യാളെ ഞാൻ പരലോകത്തേക്ക് പറഞ്ഞയച്ചിരിക്കും."  ശാരദയുടെ വാക്കുകളിൽ ഒരു നിശ്ചയദാർഢ്യം ഉണ്ടായിരുന്നു.

   " ഹ്മ്മ്... " അമ്മയെ ആ ചിന്തയിൽ നിന്ന് പിന്തിരിപ്പിക്കാൻ അവൻ ശ്രമിച്ചില്ല. മറുപടി ആയി വെറുതെ മൂളി.

   അവരിരുവരും ഭക്ഷണം കഴിക്കാൻ ഒരുമിച്ചു പുറത്തേക്കിറങ്ങി.

           ❤️❤️❤️❤️❤️❤️❤️❤️❤️❤️

   അമ്മയും മകനും ഒരുമിച്ചു ആ മുറിയിൽ നിന്ന് ഇറങ്ങി വരുന്നത് ജയന്റെ മുഖം ഇരുണ്ടു... ശാരദയുടെയും നന്ദന്റെയും അധരങ്ങൾക്ക് കൂട്ടായ ആ ചിരിയും അയാളിൽ ഭയം നിറച്ചു... എന്തോ വലിയ ആപത്തിനുള്ള സൂചനയാണതെന്ന് ജയൻ വിശ്വസിച്ചു...

                        
                                    തുടരും...

   അങ്ങനെ കഥ അവസാനത്തിൽ എത്തി നിൽക്കുകയാണ്... അടുത്ത ഒരു ഭാഗത്തോട് കൂടി അജുവും ധനുവും നന്ദനുമൊക്കെ ബൈ ബൈ പറയും...

    അതുകൊണ്ട് ഇന്നൊരു റിക്വസ്റ്റ് ഉണ്ട്.. വെറുതെ സ്റ്റിക്കർ തന്നുപോകാതെ ഈ കഥ നിങ്ങൾക്ക് ഇഷ്ടമായോ എന്തുകൊണ്ട് ഇത് ഇഷ്ട്ടപെട്ടു എന്നൊക്കെ ഒന്ന് പറയണേ... അഥവാ ഇഷ്ടം ആയില്ലെങ്കിലും അതിനും കാരണം പറയുമെന്ന് പ്രതീക്ഷിക്കുന്നു.

    ഓരോ വായനക്കാരന്റെ അഭിപ്രായം ആണ് എഴുതുന്ന വ്യക്തിയെ തുടർന്ന് എഴുതാൻ കരുത്ത് നൽകുന്നത്. അത് പോസിറ്റീവ് ആണെകിലും നെഗറ്റീവ് ആണെങ്കിലും. ഒരുപോലെ ഞാൻ അക്‌സെപ്റ്റ് ചെയ്യാറുണ്ടെന്ന് തന്നെയാണ് എന്റെ വിശ്വാസം... അപ്പൊ ഇന്ന് നിങ്ങൾ super,അടിപൊളി ഈ വാക്കുകൾ ഒക്കെ മാറ്റി വെച്ച് ഒരു വരിയെങ്കിലും അഭിപ്രായം കുറിക്കുമെന്ന് വിശ്വാസിക്കുന്നു.❤️❤️❤️

  

 

   

 

  


 

  
 

   

   

    

 


❤️ ഈ ഇടനെഞ്ചിൽ ❤️ - 20

❤️ ഈ ഇടനെഞ്ചിൽ ❤️ - 20

4.8
3857

❤️ ഈ ഇടനെഞ്ചിൽ ❤️ ✍️ Jazyaan 🔥 അഗ്നി 🔥 ഭാഗം 20 [ a] അമ്മയും മകനും ഒരുമിച്ചു ആ മുറിയിൽ നിന്ന് ഇറങ്ങി വരുന്നത് ജയന്റെ മുഖം ഇരുണ്ടു... ശാരദയുടെയും നന്ദന്റെയും അധരങ്ങൾക്ക് കൂട്ടായ ആ ചിരിയും അയാളിൽ ഭയം നിറച്ചു... എന്തോ വലിയ ആപത്തിനുള്ള സൂചനയാണതെന്ന് ജയൻ വിശ്വസിച്ചു...      അവർക്കൊപ്പം ജയനും ഭക്ഷണം കഴിക്കാനായിരുന്നു.  പരസ്പരം ഒന്നും സംസാരിക്കാതെ ഭക്ഷണം കഴിച്ചു.   " ധനുന്റെ വിവാഹം ആയതറിഞ്ഞില്ലേ... " ജയൻ ഇരുവരോടുമായി ചോദിച്ചു.    "അറിഞ്ഞു... " ഭക്ഷണത്തിൽ നിന്ന് ശ്രദ്ധമാറ്റാതെ നന്ദൻ മറുപടിയും നൽകി.    " എന്താ നിന്റെ തീരുമാനം...  " ജയൻ ചോദിച്ചു.   &nb