"നിൽക്ക്... ആ വണ്ടി അവിടെ വച്ചിട്ട് പോയാൽ മതി... ഇത് നിന്റെ തന്തയുടെ പണം കൊണ്ട് വാങ്ങിച്ചതല്ല... ഞാൻ ഇതുപോലെ ഉണ്ടാക്കിയ പണം കൊണ്ട് വാങ്ങിച്ചതാണ്... ഇനിയത് നിനക്കുപയോഗിക്കാൻ യോഗ്യതയില്ല... "
മഹേഷ് ബുള്ളറ്റ് ഓഫ് ചെയ്ത് ചാവിയൂരി മാലിനി യുടെ കാൽക്കലേക്ക് എറിഞ്ഞു... പിന്നെ തിരിഞ്ഞു നടന്നു...
എല്ലാം കണ്ട് ഒന്നും ചെയ്യാൻ കഴിയാതെ ഒരുപ്രതിമകണക്കേ ഇരിക്കുകയായിരുന്നു ഗോവിന്ദൻ...
അടുത്തദിവസം രാവിലെ അരവിന്ദൻ പറമ്പിൽ പശുവിനെ പുല്ല് തീറ്റിക്കുകയായിരുന്നു... നളിനി പാല് അളന്ന് കോവിലകത്തേക്കുള്ള പാല് നന്ദനയുടെ കയ്യിൽ കൊടുത്തു... അതുമായി അവൾ പോകുവാൻ തുടങ്ങുമ്പോഴാണ് കോണിംങ്ബെൽ അടിച്ചത്...
"ദേവികയായിരിക്കും... അല്ലാതെ ഈ നേരത്ത് ആരാണ് വരുന്നത്... കൂടെ ചിലപ്പോൾ ആര്യയും കാണും... ഇന്നലെ അവൾ വരുമെന്ന് പറഞ്ഞിരുന്നു... "
നന്ദന പറഞ്ഞു...
"നീയൊന്ന് പോയി നോക്ക്... അവരാണെങ്കിൽ പാല് അവർ കൊണ്ടുപൊയ്ക്കോളും... "
നളിനി പറഞ്ഞു... നന്ദന ഉമ്മറത്തേക്ക് നടന്നു... അവൾ ചെന്ന് വാതിൽ തുറന്നു... മുറ്റത്ത് ഒരു ബേഗുമായി നിൽക്കുന്ന മദ്യവയസ്കനെ കണ്ട് അവൾ ഒരു നിമിഷം നിന്നു... അവൾ തിരിഞ്ഞ് നളിനിയെ വിളിച്ചു... നളിനി അവിടേക്ക് വന്നു... മുറ്റത്തു നിൽക്കുന്ന ആളെ അവർ കണ്ടു... സൂക്ഷിച്ചുനോക്കിയപ്പോൾ അവരറിഞ്ഞു അതാരാണെന്ന്...
"ഗോവിന്ദേട്ടൻ... "
നളിനിയുടെ നാവിൽനിന്നും ആ പേര് വീണു... ഒന്നും മനസ്സില്ലാതെ നന്ദന നളിനിയെ നോക്കി...
"ഗോവിന്ദേട്ടാ... എന്താ ഗോവിന്ദേട്ടാ ഇത്ര രാവിലെ... ഗോവിന്ദേട്ടൻ കയറിയിരിക്ക്... മോളെ ഇതാരാണെന്ന് മനസ്സിലായോ... മോളുടെ വല്ല്യച്ഛനാണ്... മോള് ചെന്ന് അച്ഛനെ വിളിച്ചുവാ... "
അവർ പറഞ്ഞു... "
നന്ദന വിശ്വാസം വരാതെ ഗോവിന്ദേട്ടൻ നോക്കി... പിന്നെ പാൽ നളിനിയുടെ കയ്യിൽ കൊടുത്ത് പറമ്പിലേക്ക് നടന്നു... പശു പുല്ലുതിന്നുന്നതും നോക്കി നിൽക്കുകയായിരുന്നു അരവിന്ദൻ...
"അച്ഛാ... വല്ല്യച്ഛൻ വന്നിട്ടുണ്ട്... "
"വല്ല്യച്ഛനോ... ഏത് വല്ല്യച്ഛൻ... "
"ഗോവിന്ദൻ വല്ല്യച്ഛൻ... "
അതുകേട്ട് അരവിന്ദനൊന്ന് ഞെട്ടി... അയാൾ പശുവിനെ കെട്ടി വീട്ടിലേക്ക് ധൃതിയിൽ നടന്നു... അയാൾ ചെല്ലുമ്പോൾ ഹാളിൽ ഇരിക്കുകയായിരുന്നു ഗോവിന്ദൻ...
"ഏട്ടനെന്താ ഒരുമുന്നറിയിപ്പുമില്ലാതെ ഇത്ര രാവിലെ... "
ഞാൻ ഒരു വഴിക്കിറങ്ങിയതാണ്... അപ്പോഴാണ് നിങ്ങളെ ഓർത്തത്... ഒന്നു കാണണമെന്നു തോന്നി... "
ഗോവിന്ദൻ പറഞ്ഞു...
"പത്തു പതിനെട്ട് വർഷമായിട്ട് തോന്നാതിരുന്നത് ഇപ്പോൾ തോന്നാൻ കാരണം... ഓ മോൻ പറഞ്ഞുവിട്ടതായിരിക്കും... പുതിയ എന്തെങ്കിലും സൂത്രവുമായിട്ടല്ലേ... "
"നിങ്ങൾ എന്തൊക്കെയാണ് പറയുന്നത് മനുഷ്യാ... "
നളിനി ചോദിച്ചു...
"അവൻ ചോദിക്കട്ടെ... അത് കേൾക്കാനുള്ള ബാധ്യത എനിക്കുണ്ട്... അത്രമാത്രം ഞാൻ മൂലം അനുഭവിച്ചവനാണവൻ... എന്നെ ആരും പറഞ്ഞയച്ചിട്ട് വന്നതൊന്നുമല്ല... അല്ലെങ്കിൽത്തന്നെ ചാവാനായ ഞാൻ എന്ത് തന്ത്രം ഉപയോഗിക്കാനാണ്... "
"പിന്നെ ഇപ്പോൾ വന്നതിന്റെ ഉദ്ദേശം... "
"ഞാനൊരു യാത്ര പോവുകയാണ്... ഇനിയൊരു മടങ്ങിവരവ് ഉണ്ടാകുമെന്ന് തോന്നുന്നില്ല... അതിനുമുമ്പ് നിന്നോട് ചെയ്ത തെറ്റുകൾക്ക് മാപ്പ് പറയണമെന്ന് തോന്നി... ഒരു മാപ്പുകൊണ്ട് തീരുന്നതൊന്നുമല്ല ഞാൻ നിന്നോട് ചെയ്തത്... എന്നാലും എന്റെയൊരു ആശ്വാസത്തിന്നും വേണ്ടി... "
"എങ്ങോട്ടാണ് ഈ യാത്ര... "
"അറിയില്ല... എന്നാലും കാശിയിലും രാമേശ്വരത്തും പോകണമെന്നുണ്ട്... അവിടെയെത്തുമോ എന്നറിയില്ല... എന്നാലും പോവുകയാണ്... ഇനിയൊരു മടക്കയാത്ര ഉണ്ടാവില്ല.... "
"അതെന്താ ഇപ്പോൾ ഇങ്ങനെയൊരു തീരുമാനം... ഭാര്യയും മകനുമായി സന്തോഷത്തോടെ കഴിയുന്ന വീടുപേക്ഷിച്ച് പോകുവാനുള്ള കാരണം"
"വീട്... അതൊരു വീടാണോ... പിന്നെ ഭാര്യ... എന്റെ ജീവിതം തന്നെ ഇങ്ങനെയാക്കിയത് അവരാണ്... അവളുടെ താളത്തിനനുസരിച്ച് തുള്ളി എല്ലാവരേയും ചതിക്കേണ്ടിവന്നു ഇപ്പോൾ... അതിൽ സ്വന്തം കൂടപ്പിറപ്പ് നിന്നേയും.. അതിനുള്ള ശിക്ഷയാണ് ഇപ്പോൾ ഞാനനുഭവിക്കുന്നത്...
"ഏട്ടൻ പറയുന്നത് എനിക്ക് മനസ്സിലായില്ല... "
"മനസ്സിലാക്കാൻ ഒന്നുമില്ല.. ആയകാലത്തെപ്പോലെ ചോരയും നീരുമൊന്നും ഇപ്പോഴെനിക്കില്ലല്ലോ... ഇന്ന് ഞാൻ ആ വീട്ടിലൊരു അതികപ്പറ്റാണ്... മാലിനിടെ വീടാണല്ലോ അത് അപ്പോൾ അവളുടെ ചൊൽപ്പടിക്ക് നിൽക്കണമല്ലോ... അല്ല മുമ്പും അതു പോലെയായിരുന്നു... ഇഷ്ടപ്പെട്ട പെണ്ണിനെ വിളിച്ചിറക്കി കൊണ്ടുവന്നപ്പോൾ ഓർത്തില്ല അവളുടെ അന്തസ്സിനു പറ്റിയവനല്ല ഞാനെന്ന്... ഇപ്പോൾ പുതിയൊരു ബിസിനസ്സ് തുടങ്ങിയിട്ടുണ്ടവൾ... വൃഭിചാരം... ലാളിച്ചുവളർത്തിയ മകന്റെ സ്വഭാവഗുണംകൊണ്ട് നാട്ടുകാർ തലയിൽവച്ചുകൊടുത്ത ഒരു പിഴച്ചവളുണ്ടല്ലോ വീട്ടിൽ... അവളെ വച്ചാണ് ഇപ്പോഴത്തെ ബിസ്സിനസ്... കൂടാതെ കുറേയെണ്ണത്തിനേയും കൂടെകൂട്ടിയിട്ടുണ്ട്... ഇന്നലെ മഹേഷ് ഇത് നേരിട്ട് കണ്ടു... അതിൽപ്പിന്നെ വീട്ടിൽ സംസാരമുണ്ടായി... അവൻ അവിടെനിന്നും ഇറങ്ങിപ്പോയി... "
ഗോവിന്ദൻ എല്ലാ കാര്യവും അവരോട് പറഞ്ഞു... എല്ലാം കേട്ട് തരിച്ചിരിക്കുകയായിരുന്നു എല്ലാവരും...
"എന്നിട്ട് എല്ലാം കണ്ട് നാടുവിടുവാൻ തീരുമാനിച്ചല്ലേ ഈ വയസായ സമയത്ത്... "
"ഇതൊരു നാടുവിടലല്ല... അറിഞ്ഞും അറിയാതെയും ചെയ്തുപോയ എല്ലാ തെറ്റുകളും ഏറ്റുപറഞ്ഞ് ഭഗവാന്റെ കാൽക്കൽ ഇനിയുള്ള കാലം കഴിഞ്ഞുകൂടണം... "
"ഞാനൊരു കാര്യം പറഞ്ഞാൽ ഏട്ടൻ അനുസരിക്കോ... ഇനിയുള്ള കാലം ഏട്ടൻ എവിടേയും പോകേണ്ട... എന്റെ കൂടെ താമസിച്ചാൽ മതി.."
"അതു വേണ്ട... ഇനി ആരേയും ബുദ്ധിമുട്ടിക്കാനും ദ്രോഹിക്കാനും ഞാനില്ല... അവസാനമായി നിങ്ങളെ കാണണമെന്ന് തോന്നി... അതാണ് വന്നത്... എനിക്ക് ഒരു ഗ്ലാസ് വെള്ളംമാത്രം കിട്ടിയാൽ മതി... "
"ഏട്ടനൊന്നും പറയേണ്ട... ചെറുപ്പത്തിൽ ഏട്ടൻ പറയുന്നത് അനുസരിച്ച് ജീവിച്ചവനാണ് ഞാൻ.. ഇന്ന് ഞാൻ പറയുന്നത് ഏട്ടൻ കേട്ടാൽ മതി... ഏട്ടൻ എവിടേക്കും പോകുന്നില്ല... നളിനീ ഏട്ടന്റെ കയ്യിലെ ബേഗ് വാങ്ങിച്ച് മുറിയിൽ കൊണ്ടുപോയി വക്ക്... എന്നിട്ട് എനിക്കും ഏട്ടനും ചായയും കടിയും എടുത്തു വക്ക്... നന്ദനമോളെ നീ ആ പാല് കോലോത്ത് കൊണ്ടുപോയി കൊടുത്തുവാ... ഏട്ടനിവളെ വളരെ ചെറുപ്പത്തിൽ കണ്ടതല്ലേ... ഇവളുടെ വിവാഹം മുടക്കാനാണ് അന്ന് മഹേഷ് വന്നത്... എന്നാൽ ഇപ്പോൾ ദൈവം എന്റെ കൂടെയാണ്... അതുകൊണ്ടാണല്ലോ... എന്തുചെയ്തിട്ടും അത് മുടങ്ങാതിരുന്നതും എന്റെ പഴയ ഏട്ടനെ എനിക്ക് തിരിച്ചു കിട്ടിയതും... "
"നിന്റെ മോളുടെ വിവാഹമോ... അത് ഞാനറിഞ്ഞില്ലല്ലോ... ആരും എന്നോട് പറഞ്ഞതുമില്ല... "
"ആ അങ്ങനെയൊന്നുണ്ടായി... ഏട്ടനോട് പറയാൻ പറ്റിയ സാഹചര്യമല്ലല്ലോ ഉണ്ടായിരുന്നത്... നളിനിയുടെ വല്ല്യച്ഛന്റെ അക്രമംമൂലം നാടുവിട്ട കോലോത്തെ നാരായണേട്ടന്റെ മകനാണ് വിവാഹം ചെയ്യുന്നത്... അവരിപ്പോൾ കോലോത്ത് തിരിച്ചെത്തിയിട്ടുണ്ട്...
"ആ അതു നന്നായി... വേണ്ടപ്പെട്ടവരുടെ അടുത്തേക്കുതന്നെയാണല്ലോ പറഞ്ഞയക്കുന്നത്... "
"അതാണു സമാധാനം... ഏട്ടൻ അകത്തുപോയി ഡ്രസ്സ് മാറ്റിവാ... നമ്മുക്ക് ചായകുടിക്കാം... ഏട്ടൻ ഇതുവരേയും ഒന്നും കഴിച്ചില്ലെന്നറിയാം..."
"ചായകുടിക്കാം... പക്ഷേ എനിക്ക് പോണം... എന്നെക്കൊണ്ട് ഇനിയാർക്കും ഒരു ബുദ്ധിമുട്ടുണ്ടാകരുത്... മറ്റുള്ളവരുടെ ശാപം ഇനിയെനിക്ക് താങ്ങാൻ വയ്യ... "
"ആ ബുദ്ധിമുട്ട് ഞങ്ങൾസഹിച്ചോളാം... പിന്നെ ശാപം... ഇവിടെയുള്ള ആരുടേയും ശാപം ഏട്ടനുണ്ടാവില്ല... ഏട്ടൻ ഒരിക്കലും ഞങ്ങൾക്കൊരു ഭാരവുമാകില്ല... "
"ഇത്രയൊക്കെ ചെയ്തിട്ടും നിങ്ങൾക്ക് എങ്ങനെയാണ് എന്നോട് ഇതുപോലെ കരുണ കാട്ടാൻ തോന്നുന്നത്... ഗൾഫിലുള്ള നല്ലൊരു ജോലിയാണ് ഞാൻ കാരണം ഇല്ലാതായത്... അതുമൂലം നീ സംഭാതിച്ചതത്രയും നഷ്ടപ്പെട്ടു... എന്റെ മകൻ കാരണം നമ്മുടെ പെങ്ങൾ ആത്മഹത്യ ചെയ്തു... നിങ്ങൾക്ക് നാട്ടിൽ നിന്നും പോകേണ്ടിവന്നു... ഇത്രയൊക്കെ ചെയ്തിട്ടും എന്തിനാണ് എന്നോട് സിംപതി കാണിക്കുന്നത്... മാത്രമല്ല ഞാനിവിടെ താമസിച്ചാൽ അവർ നിങ്ങളേയും ദ്രോഹിക്കും..."
"എല്ലാം കഴിഞ്ഞ കാര്യമല്ലേ... അതിനൊക്കെയുള്ളത് ഏട്ടൻ അനുഭവിച്ചില്ലേ... എല്ലാം വിധിയാണെന്ന് കരുതിയാൽ മതി... ഇപ്പോൾ ഏട്ടൻ ഒരിടത്തും പേകുന്നില്ല... ഇനിയുള്ള കാലം എന്റെ കൂടെ ജീവിച്ചാൽ മതി... അവർ ദ്രോഹിക്കുമ്പോഴല്ലേ അപ്പോൾ അതിനൊരു വഴിയുണ്ടാകും... അതോർത്ത് ഏട്ടൻ വിഷമിക്കേണ്ട... "
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
"വീട്ടിൽനിന്നും ഇറങ്ങിപ്പോയ മഹേഷ് രാജേന്ദ്രന്റെ കമ്പിനിയിൽ അവന്റെയൊപ്പമായിരുന്നു കഴിഞ്ഞ രാത്രി കഴിച്ചുകൂട്ടിയത്... രാവിലെ എഴുന്നേറ്റ് പുറത്തെ മരത്തിന് ചുവട്ടിൽ എന്തോ ആലോചിച്ച് ഇരിക്കുകയായിരുന്നു അവൻ... ആ സമയത്താണ് ഉറക്കമെഴുന്നേറ്റ രാജേന്ദ്രൻ മഹേഷിനടുത്തേക്ക് വന്നത്...
"എന്താണ് മഹേഷേ ആലോചിക്കുന്നത്... "
"ഒന്നുമില്ല... ഞാൻ എന്റെ കാര്യമാണ് ആലോചിക്കുന്നത്... ഏതൊരു കൊലകൊമ്പനും ഒരുനാൾ പത്തിമടക്കേണ്ടിവരുമെന്ന് കേട്ടിട്ടില്ലേ... അത് സത്യമാണ്... ഇത്രയുംകാലം ഞാൻ ആരേയും പേടിക്കാതെ തോന്നിയതുപോലെ നടക്കുകയായിരുന്നു... അതും എന്റെ ഇഷ്ടത്തിനനുസരിച്ച്... അതിനിടയിൽ പണമുണ്ടാക്കാനായി പല വൃത്തികെട്ട മാർഗ്ഗവും സ്വീകരിച്ചു... പണം കൊണ്ട് എല്ലാം നേടാമെന്നായിരുന്നു എന്റെ കണക്കുകൂട്ടൽ... എന്നാലിപ്പോൾ ഉണ്ടായിരുന്ന ഏക മാർഗ്ഗവും നിലച്ചു... ആ തള്ള ഇത്തരത്തിലുണ്ടാക്കിയ പണമാണ് എനിക്ക് തന്നിരുന്നതെന്ന് എനിക്കറിയില്ലായിരുന്നു... അറിഞ്ഞിരുന്നെങ്കിൽ അത് ഞാൻ വാങ്ങിക്കില്ലായിരുന്നു... ഒരുകണക്കിന് ഞാനും ഇതുപോലെയാണല്ലോ നടന്നിരുന്നത്... ഒരുപാട് പെണ്ണുങ്ങളുടെ ശാപം എന്റെ തലയിൽ വന്നുവീണിട്ടുണ്ട്... എന്തിന് എന്റെ അപ്പച്ചിയുടെ ആത്മാവു പോലും എന്നോട് പൊറുക്കില്ല... അതുകൊണ്ടാകും ഇന്ന് ഒന്നുമില്ലാത്തവനായി ഞാൻ മാറിയത്... ആരോടും പത്തുപൈസ ചോദിക്കാനില്ല... ചോദിച്ചിട്ട് കാര്യമില്ല... ആരും തരില്ല... ഇനിയെന്തു ചെയ്യുമെന്ന് ആലോചിച്ച് നിൽക്കുകയായിരുന്നു ഞാൻ... "
"മഹേഷേ ഒരുകണക്കിന് നമ്മൾ രണ്ടുപേരും ഒരുപോലെയാണ്... ഇന്നലെ വരെ ഒരു നേരത്തെ അന്നത്തിന് വകയില്ലാതെ നിൽക്കുകയായിരുന്നു... നീ സഹായിച്ചതുകൊണ്ടാണ് എനിക്ക് ഇന്നലെ കമ്പനിയുടെ വിൽപ്പനയുടെ കാര്യത്തിൽ ഒരു തീരുമാനമായത്... ഒരു ലക്ഷം അഡ്വാൻസും കിട്ടി... നീ ചെയ്തുതന്ന ഉപകാരം മറക്കുന്നവനല്ല ഞാൻ... നീയൊരു ആപത്തിൽ പെട്ടാൽ സഹായിച്ചില്ലെങ്കിൽ ഞാൻ നിന്റെ കൂട്ടുകാരനാണെന്ന് പറയുന്നതിൽ എന്താണ് കാര്യം... നിനക്ക് ഞാൻ ഇന്നലെ കിട്ടിയതിൽ പകുതി തരാം... അതു വച്ച് എന്തെങ്കിലും ചെയ്യ്... "
"അതു വേണ്ട രാജേന്ദ്രാ... നിന്റെ കഷ്ടപ്പാട് എനിക്കറിയാം... അതറിഞ്ഞ് ഞാൻ നിന്നോട് പണം വാങ്ങിച്ചാൽ ദൈവം എന്നോട് പൊറുക്കില്ല... "
"അതോർത്ത് നീ വിഷമിക്കേണ്ട... ഏറിവന്നാൽ രണ്ടാഴ്ച അതിനുള്ളിൽ കമ്പനിയുടെ രജിസ്ട്രേഷൻ നടക്കും... ഇപ്പോൾ നിനക്കാണ് എന്റെ സഹായം വേണ്ടത്... ഇന്നലെ കിട്ടിയ ഉടനെ ബാങ്കിലിട്ടതുകൊണ്ട് ചിലവായില്ല... നീ പെട്ടന്ന് റഡിയായി വാ... അപ്പോഴേക്കും ഞാനുമൊന്ന് ഫ്രഷാവട്ടെ... അതും പറഞ്ഞ് രാജേന്ദ്രൻ പല്ലുതേച്ചുകൊണ്ട് പൈപ്പിനടുത്തേക്ക് നടന്നു..
"എടാ പൊന്നു മോനേ... നീ എന്നോടാണോ കളി... ഇപ്പോൾ കിട്ടിയതിന്റെ പകുതി... അതുകഴിഞ്ഞാൽ ഇനി കിട്ടാനുള്ളത് മുഴുവനും... ഇതുംകൂടി കൈക്കലാക്കിയിട്ടേ എനിക്ക് വിശ്രമമുള്ളൂ... "
മഹേഷ് രാജേന്ദ്രൻ പോകുന്നതും നോക്കി മനസ്സിൽ പറഞ്ഞു...
തുടരും..........
✍️ Rajesh Raju
➖➖➖➖➖➖➖➖➖➖➖