ചേട്ടാ ഒരു ഹെൽപ്പ് ചെയ്യുമോ.... അവരുടെ പുറകിൽ നിന്ന് ആരുടേയോ ചോദ്യം കേട്ട് അവർ തിരിഞ്ഞുനോക്കി.... തങ്ങളുടെ അടുത്തുനിൽക്കുന്ന പെൺകുട്ടിയെ കണ്ട് ശിവന്റെ കണ്ണുകൾ വിടർന്നു.....
"ചേട്ടാ എന്റെ ഫോണിലെ ചാർജ് തീർന്നു... ഒരു കോൾ ചെയ്യാൻ നിങ്ങളുടെ ആരുടെയെങ്കിലും ഫോണൊന്നു തരുമോ.... "
അവൾ രണ്ടുപേരേയും മാറിമാറി നോക്കി ചോദിച്ചു...
"ഇവിടെ ഇത്രയും ആളുകൾ ഉണ്ടായിട്ടും ഞങ്ങളുടെ ഫോൺ തന്നെ വേണോ കോൾ ചെയ്യാൻ... "
ആദി ചോദിച്ചു....
"അതല്ല... എനിക്ക് ഇവിടെ ആരേയും അറിയില്ല... "
"ഞങ്ങളെയും നിനക്കറിയില്ലല്ലോ... ഞങ്ങൾക്ക് നിന്നെയും അറിയില്ല... "
ആദി വീണ്ടും പറഞ്ഞു
"നിങ്ങളെ എനിക്കറിയാലോ... ഈ നിൽക്കുന്നത് ശിവനാഥ്... മാണിശ്ശേരി തറവാട്ടിലെ വിശ്വനാഥമേനോന്റേയും ലക്ഷ്മിയുടെയും മകൻ... ഇത് ആദിദേവ്.... മേലേപ്പാട്ട് തറവാട്ടിലെ വാസുദേവന്റേയും മീനാക്ഷിയുടേയും ഒരേയൊരു മകൻ... "
അവൾ പറഞ്ഞതുകേട്ട് ശിവയും ആദിയും മുഖത്തോടു മുഖം നോക്കി... "
"ഇത്രയൊക്കെ ഞങ്ങളെപ്പറ്റി അറിയണമെങ്കിൽ നീയാരാണ്... "
ശിവ ചോദിച്ചു...
അതിന് അവളൊന്നു ചിരിച്ചു... പിന്നെ തിരിഞ്ഞ് അവരെ ശ്രദ്ധിക്കുന്ന കീർത്തിയെ നോക്കി... ശിവനും ആദിയും അവൾ നോക്കുന്നിടത്തേക്ക് നോക്കി.... കുറച്ചപ്പുറത്ത് തങ്ങളെ നോക്കി ചിരിച്ചു നിൽക്കുന്ന കീർത്തിയെ അവരും കണ്ടു... കീർത്തി അവരുടെ അടുത്തേക്ക് വന്നു....
"എന്താണ് രണ്ടുപേരും അന്ധാളിച്ചു നിൽക്കുന്നത്.... ഇവളുടെ സംസാരം കേട്ടിട്ടാണോ... ഇത് എന്റെ കൂട്ടുകാരായാണ്... പേര് മയൂഖ... ഇവൾ ഫോണിനുവേണ്ടി വന്നതൊന്നുമല്ല.... നിങ്ങളെ പരിചയപ്പെടാൻ വന്നതാണ്.... "
അതുകേട്ട് ആദി ചിരിച്ചു...
" പരിചയപ്പെടാൻമാത്രം അത്ര വലിയ സംഭവമൊന്നുമല്ലല്ലോ ഞങ്ങൾ... "
ആദി ചിരി നിർത്താതെ പറഞ്ഞു.... "
"അല്ലെങ്കിലും ആദിയേട്ടൻ വലിയ സംഭവമാണെന്ന് ആരെങ്കിലും പറഞ്ഞോ... ഞാനെന്റെ ഏട്ടന്റെ കാര്യമാണ് പറഞ്ഞത്... "
കീർത്തിയും വിട്ടുകൊടുത്തില്ല
അതുകേട്ട് ആദിയൊന്ന് ചൂളി... പിന്നെ കീർത്തിയുടെ തലക്കൊരു കൊട്ട് കൊടുത്തു.... അതുകണ്ട് മയൂഖ ചിരിച്ചു....
"ഇങ്ങനെയൊരു കൂട്ടുകാരിയെപ്പറ്റി നീ പറഞ്ഞിട്ടില്ലല്ലോ.... ഇതുവരെ വീട്ടിലേക്ക് വന്നതും കണ്ടിട്ടില്ല.... "
ശിവ കീർത്തിയോട് ചോദിച്ചു....
"ആരുപറഞ്ഞു വന്നിട്ടില്ലെന്ന്... എത്രയോ തവണ വന്നിട്ടുണ്ട്.... അച്ഛനുമമ്മക്കും ഇവളെ നന്നായിട്ടറിയാം.... ഏട്ടൻ ഇവൾ വരുന്നത് കാണാൻ എപ്പോഴെങ്കിലും വീട്ടിലൊന്നിരിക്കണം... ഒഴിവുള്ള സമയത്തുപോലും വീട്ടിലിരിക്കില്ലല്ലോ.... ഇവളും ഏട്ടനെ കാണുന്നത് ഇപ്പോഴാണ്..... നേരിട്ട് പരിചയപ്പെടാൻ അവൾക്കൊരു ചമ്മൽ... അപ്പോൾ എന്റെ ബുദ്ധിയിലുദിച്ചതാണ് ഈ ഫോൺ നാടകം... "
കീർത്തി പറഞ്ഞു
"ഭയങ്കര ബുദ്ധിതന്നെയാണ്... വല്ലാതെ വെയിൽ കൊള്ളേണ്ട... അവളുമാരുടെ ഒരു ചീഞ്ഞ ബുദ്ധി.... "
ആദി കിട്ടിയ സന്ദർഭം ഉപയോഗിച്ചു..
"മയൂഖേ... ഇത് പറയുന്നതൊന്നും കാര്യമാക്കേണ്ട... ഇത് ഇങ്ങനെത്തന്നെയാണ്... വേണ്ടാത്ത കാര്യങ്ങൾ പറഞ്ഞ് മറ്റുള്ളവരെ ബോറടുപ്പിക്കും.... ഇനിയുള്ള കാലം ഇതുമുഴുവൻ കേട്ട് ജീവിക്കണമല്ലോ എന്നാണ് എന്റെ വിഷമം... "
"ആടീ... നിനക്കിപ്പോൾ ഞാൻ ബോറനാകും... നീ വരും എന്റെയടുത്തേക്ക്.... അപ്പോൾ കാണിച്ചുതരാം ഞാൻ... "
"കുട്ടിയുടെ വീടെവിടെയാണ്... "
ശിവൻ മയൂഖയോട് ചോദിച്ചു...
"ഇവിടെ അടുത്തുത്തന്നെയാണ്... രണ്ടു വീട് അപ്പുറത്താണ്...കാവുംപുറം എന്നാണ് വീട്ടു പേര്... "
"കാവുംപുറത്തെ ഉണ്ണികൃഷ്ണമേനോന്റെ ആരെങ്കിലുമാണോ... ? "
ശിവൻ ചോദിച്ചു
"മകളാണ്... അച്ഛനെ അറിയുമോ... "
"അറിയാം..."
"എന്നാൽ ശരി നിങ്ങളെ പരിചയപ്പെട്ടതിൽ സന്തോഷമുണ്ട്... പോകുന്നതിനുമുമ്പ് കാണാം... "
മയൂഖ കീർത്തിയേയും വിളിച്ച് കല്യാണവീടിനകത്തേക്ക് നടന്നു.... അവർ പോകുന്നതും നോക്കി ശിവ നിന്നു....
"ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്.... കീർത്തിക്ക് പറ്റിയ കൂട്ട് തന്നെയാണ്.... എങ്ങനെ ഒത്തുകൂടി ഒരുപോലെയുള്ള രണ്ടെണ്ണം.... "
ആദി അതുപറഞ്ഞ് ശിവനെ നോക്കി.... എന്നാൽ മയൂഖ പോകുന്നതും നോക്കി നിൽക്കുകയായിരുന്നു ശിവ... ആദി അവനേയും നടന്നു പോകുന്ന മയൂഖയേയും മാറിമാറി നോക്കി... പിന്നെ അവന്റെ മുഖത്തു ചിരി തെളിഞ്ഞു....
"എന്താടാ മോനേ... പെണ്ണുങ്ങൾ പോകുന്നവഴിയേ നോക്കാത്ത നീ ആ പെൺകുട്ടിയെ കണ്ടപ്പോളൊരു ഇളക്കം... എന്താ... ഒറ്റനോട്ടത്തിൽത്തന്നെ അവൾ നിന്റെ മനസ്സിൽ കൂടിയിരുന്നോ... ഏതായാലും കാണാൻ നല്ല ചന്തമൊക്കെയുണ്ട്... പക്ഷേ സ്വഭാവം നിന്റെ പോരാ... പെങ്ങളെപ്പോലെത്തന്നെയാണ്.... അതുകൊണ്ട് സൂക്ഷിച്ചും കണ്ടും നോക്കിക്കോ... ഇല്ലെങ്കിൽ കല്യാണവീടാണെന്ന് അവൾ നോക്കില്ല... കുറച്ചുനേരത്തെ പരിചയം വച്ച് പറയുകയാണ്... അതൊരു പുലിക്കുട്ടിയാണ്... ഇത്രയും ആളുകളുടെ മുന്നിൽ വച്ച് നാണം കെടേണ്ടാ... "
ആദി പറഞ്ഞു
"കുറച്ചുമുമ്പ് നാണം കെട്ടത് ഞാനല്ലല്ലോ... ആരോടും സമയവും സന്ദർഭവും നോക്കി നിന്റെ അളിഞ്ഞ തമാശ പറയണം.... ഇല്ലെങ്കിൽ ഇങ്ങനെയൊക്കെ നടക്കും....
ഓ... അപ്പോൾ നമ്മളാണ് കുറ്റക്കാരൻ.... പുന്നാരപെങ്ങൾക്ക് സപ്പോർട്ട് നീയും.... അനുഭവിക്കുകതന്നെ അല്ലാതെ എന്തു ചെയ്യാനാണ്.... വിധിയാണപ്പാ അനുഭവിച്ചല്ലേ പറ്റൂ... കെട്ടാൻ പോകുന്ന പെണ്ണായിപ്പോയില്ലേ.... "
ആദിയുടെ സംസാരം കേട്ട് ശിവൻ ചിരിച്ചുപോയി...
നീ ചിരിക്കണ്ടാ... അനുഭവം വരുമ്പോൾ പടിച്ചോളും... അതൊക്കെ പോട്ടെ... ഞാൻചോദിച്ചതിന് നീ ഉത്തരം തന്നില്ല... ആ പോയ പെണ്ണ് നിന്റെ മനസ്സിൽ കൂടുകൂട്ടിയോ... അമ്മാവനോട് പറയട്ടെ മോന് പ്രണയരോഗം വന്നിട്ടുണ്ടെന്ന്... "
"ഒന്നു പോടാ... അത് നല്ലൊരു തറവാട്ടിൽ ജനിച്ചുവളർന്ന കുട്ടിയാണ്... അവളെ ഒന്നു നോക്കിയെന്ന് കരുതി അത് നീ കരുതുംപോലെ പ്രേമവും മണ്ണാംകട്ടയുമൊന്നുമല്ല... അവളുടെ ആ തന്റേടം അതാണ് എന്നെ ആകർഷിച്ചത്... "
"എന്താ തറവാട്ടിൽ പിറന്ന പെൺകുട്ടിയെ പ്രേമിക്കാനും പറ്റില്ലേ... അതുപോലെ നീയും ഒരു പേരുകേട്ട തറവാട്ടിൽ ജനിച്ചവനല്ലേ.... സത്യം പറഞ്ഞോ... നിനക്ക് അവളെ ഇഷ്ടമായില്ലേ... എടാ വേണമെങ്കിൽ നമുക്കൊന്ന് അവളുമായി മുട്ടി നോക്കാം... നമ്മളെ സഹായിക്കാൻ കീർത്തിയുമുണ്ടാകും... എന്താ... അവളുമായി നിനക്ക് മുട്ടിനോക്കണമെന്നുണ്ടോ... നിന്റെകൂടെ ഏതുതരത്തിലുമുള്ള നീക്കവും ഞാൻ തയ്യാറാണ്... പക്ഷേ.. സ്നേഹിക്കുന്നതു ആത്മാർത്ഥമായിട്ടായിരിക്കണം... അതിന്റെ കണ്ണീര് കാണാൻ ഇടനൽകരുത്... "
ആദീ... നീയിപ്പോൾ ആവിശ്യമില്ലാത്തതൊന്നും ആലോചിച്ച് തല പുണ്ണാക്കേണ്ടാ.... എനിക്കിപ്പോൾ പ്രേമിക്കാനും കിന്നരിക്കാനും സമയമില്ല... ഈ വിവാഹമൊന്ന് കഴിഞ്ഞാൽ എനിക്ക് ഇവിടെനിന്നും പോയാൽമതിയെന്നേയുള്ളൂ....
വിവാഹവും സദ്യയും കഴിഞ്ഞ് ശിവനും ആദിയും കീർത്തിയെ വിളിക്കാൻ ചെന്നു... അപ്പോഴാണ് അവൾ മയൂഖയുടെ കൂടെ, പുറത്തേക്ക് വരുന്നത് കണ്ടത്... ശിവനും ആദിയും അവരെക്കണ്ട് അവിടെനിന്നു... വീട്ടുകാരോടും മയൂഖയോടും യാത്രപറഞ്ഞ് അവർ അവിടെനിന്നും വീട്ടിലേക്കു പോന്നു...
"എന്നാലും ഒരുപോലെ സ്വഭാവമുള്ള രണ്ടെണ്ണം ഇങ്ങനെ ഒന്നിച്ചു ചേരുന്നതുതന്നെ അപൂർവ്വമാണ്... എങ്ങനെ സങ്കടിപ്പിച്ചു നിന്റെ അതേ സ്വഭാവമുള്ള ഒരുത്തിയെ... "
കാറിലിരിക്കുമ്പോൾ ആദി ചോദിച്ചു... "
ആദിയേട്ടാ വേണ്ടട്ടോ... അതൊരു പാവംകൊച്ചാണ്... സ്നേഹിക്കാൻ മാത്രമറിയാവുന്നവൾ... അനാവശ്യമായി ഒന്നും അവൾ പറഞ്ഞില്ലല്ലോ... എന്റെ പ്ലാനായിരുന്നു ആ മൊബൈൽ കഥ... അവൾ നിങ്ങളുടെയടുത്ത് നിന്നതുതന്നെ പേടിച്ചിട്ടാണ്... എന്നെപ്പോലെ ആരോടും വല്ലാതെ കയറിയങ്ങ് സംസാരിക്കുന്ന കൂട്ടത്തില്ല... "
കീർത്തി പറഞ്ഞു...
അവളുടെ അപ്പോഴത്തെ നിൽപ്പുകണ്ട് അതെനിക്ക് മനസ്സിലായി.... ആ മുഖത്തു നോക്കിയാലും അറിയാം അവൾക്ക് നല്ല പേടിയുണ്ടെന്നത്... "
ശിവൻ പറഞ്ഞു....
"ഓഹോ... അപ്പോൾ നീയൊക്കെ ശ്രദ്ധിച്ചിരുന്നല്ലേ... അപ്പോൾ നേരത്തെ ഞാൻ പറഞ്ഞ കാര്യത്തിൽ അല്പം കാര്യമില്ലാതില്ല.... "
ആദി ശിവനെ ഒന്നിരുത്തിനോക്കി പറഞ്ഞു...
"ആദി... ഞാൻ അന്നേരം പറഞ്ഞു... വെറുതെ ഇല്ലാക്കഥകൾ മെനയേണ്ടെന്ന്... അവളുടെ അച്ഛനെ എനിക്കു നന്നായി അറിയാം... എന്നേക്കാളും അച്ഛനാണ് അവരെ കൂടുതൽ പരിചയം... "
"എന്നതാണ് പ്രശ്നം.... ഞാനറിയാതെ പാടില്ലാത്തതാണോ..." കീർത്തി ചോദിച്ചു...
"ഒന്നുമില്ല.... ഇവന്റെ തലക്ക് ഓളമില്ലാതെ ഓരോന്ന് പറഞ്ഞുണ്ടാക്കുന്നതാണ്... "
ശിവൻ പറഞ്ഞു
മോനെ ശിവാ..... നീയും ഞാനുമായി എന്റെ വയസ്സിന്റെ ബന്ധമുണ്ട്... നിന്നെ ഞാൻ മനസ്സിലാക്കിയെടുത്തോളം മറ്റാരും മനസ്സിലാക്കിയിട്ടുണ്ടാവില്ല.... നിന്റെ മുഖത്ത് വരുന്ന ഓരോ ഭാവവിത്യാസവും വായിച്ചെടുക്കാൻ എനിക്ക് അധികസമയമൊന്നും വേണ്ട... കളി ബാലനോടാണോ കുട്ടാ... "
"ഒന്നു പോടാ.... നിനക്ക് ഭ്രാന്താണ്.... ഇപ്പോഴേ ചികിത്സിച്ചില്ലെങ്കിൽ ഇവളുടെ ഭാവി പോക്കാണ് മോനേ... "
"അതിനുമാത്രം എന്താണ് നടന്നത്... ഒന്ന് തെളിയിച്ച് പറയുന്നുണ്ടോ..." കീർത്തിക്ക് ക്ഷമ നശിച്ചു....
വേറൊന്നുമല്ല... നിന്റെ കൂട്ടുകാരിയാണ് പ്രശ്നം... അവളെ കണ്ടപ്പോൾത്തന്നെ നിന്റെ ഏട്ടന് അവളെ ബോധിച്ച മട്ടാണ്... നിങ്ങൾ ഞങ്ങളുടെ അടുത്തുനിന്നും പോകുമ്പോൾ അവളെത്തന്നെയായിരുന്നു ഇവന്റെ നോട്ടം മുഴുവൻ... "
ആ... എന്നാൽ നിങ്ങളുടെ കാര്യത്തിൽ ഒരു തീരുമാനമായി... അവളുടെ ഒരു മുറച്ചെറുക്കനുണ്ട്... അവളെ മാത്രമേ വിവാഹം കഴിക്കൂ എന്നു പറഞ്ഞു നടക്കുന്ന ഒരുവൻ... ഒരു പക്കാ ക്രിമിനൽ... അവളെ നോക്കിയതിന് ഒരുത്തന്റെ കാല് വെട്ടിമാറ്റിയവനാണ് അയാൾ... ദേ.. ഞാനൊരു കാര്യം പറഞ്ഞേക്കാം കാലില്ലാത്തവനെ കെട്ടാൻ ഞാനൊരുക്കമല്ല കേട്ടോ... "
കീർത്തി ആദിയെ നോക്കി പറഞ്ഞു...
ഈശ്വരാ... നീ ചെന്നുവീണത് നല്ല ബെസ്റ്റ് സ്ഥാനത്തു തന്നെയാണ്... അല്ലാ അപ്പോൾ അയാൾക്ക് ശിക്ഷയൊന്നും കിട്ടിയില്ലേ.... "
ആദി ചോദിച്ചു
ശിക്ഷ... ഇയാൾക്കെതിരെ ഒരു ചെറു വിരലനക്കാൻ ആർക്കും ദൈര്യമില്ല... അയാൾ ഓരോന്നും ചെയ്യുന്നത് നേരിട്ട് കണ്ടവരുപോലും അയാൾക്കെതിരെ സാക്ഷി പറയില്ല... പറഞ്ഞാൽപ്പിന്നെ ആ ആളുടെ കാര്യം പോക്കാണ്... അവൾക്കും അവളുടെ വീട്ടുകാർക്കും അയാളെ ഇഷ്ടമല്ല... എന്നാലും സ്വന്തം സഹോദരിയുടെ മകനാണല്ലോ എന്നു കരുതി ക്ഷമിച്ചിരിക്കുകയാണ് അവളുടെ അച്ഛൻ... അയാളെ പേടിയാണ് എന്നത് വേറൊരു കാര്യം... "
കീർത്തി പറഞ്ഞു
എന്നാൽ മോനേ എങ്ങാനും വല്ലതും നിന്റെ മനസ്സിൽ കയറിക്കൂടിയിട്ടുണ്ടെങ്കിൽ അത് വേരോടെ പിഴുതെറിഞ്ഞേക്ക്... നിനക്ക് മോഹമില്ലെങ്കിലും എനിക്കുണ്ട് ഇതുപോലെ നല്ലരീതിയിൽ രണ്ടു കാലും കയ്യും ഇതുപോലെ ഇരിക്കണമെന്നത്... അതുകൊണ്ട് മോനത് വിട്ടുകളഞ്ഞേക്ക്...
തുടരും............
✍️ Rajesh Raju
➖➖➖➖➖➖➖➖➖➖➖