Aksharathalukal

രണഭൂവിൽ നിന്നും...(1)

"ഭാനൂ.. മോളെ... എവിടെയാ കുട്ടീ നീയ്..മോളെ..."

ഉറക്കെ വിളിച്ച് കൊണ്ട് ഭവാനി അടുക്കളപ്പുറത്തു നിന്നുമിറങ്ങി തൊടിയിലെ വാഴത്തോപ്പിലൂടെ നടക്കാൻ തുടങ്ങി...

നന്നേ മെലിഞ്ഞ രൂപമാണ് ഭവാനിക്ക്.. പ്രായം നാൽപ്പത്തിയേഴെങ്കിലും  ക്ഷീണിച്ചൊട്ടി ചുളിവുകൾ വീണ മുഖവും നരച്ച് എണ്ണമയം തീരെയില്ലാതെ പാറിക്കിടക്കുന്ന മുടിയും അവർക്ക് പ്രായം അറുപതിനുമപ്പുറം തോന്നിപ്പിക്കുന്നു....

നേരം വെളുത്തു വരുന്നേയുള്ളൂ... അന്ധകാരം വകഞ്ഞു മാറ്റി സൂര്യഭഗവാൻ പ്രകാശം പരത്തി തുടങ്ങിയതേയുള്ളൂ..മകരമാസത്തിലെ പുലർകാല മഞ്ഞ് ആ അന്തരീക്ഷത്തെ തണുപ്പാൽ മൂടിയിരിക്കുന്നു....

"ശ്ശോ.. ഈ കുട്ടിയിത് എവിടെയാണോ എന്തോ..?
ആത്മഗതത്തോടെ ഭവാനി മുന്നോട്ട് നടന്നു..
"മോളെ.. മോളെ..."
"ആ.. അമ്മേ.. ഞാനിവിടെ തൊഴുത്തിലുണ്ട് .. "
ഒരു പെൺകുട്ടിയുടെ സ്വരം തൊഴുത്തിന്റെ ഭാഗത്ത് നിന്നുമുയർന്നു കേട്ടു... ഭവാനി അവിടേക്ക് നടന്നു....

"നീയീ നേരത്തിതെന്താ ചെയ്യണേ കുട്ട്യേ?"
ക്ഷീണമാർന്ന സ്വരത്തിൽ ശ്വാസം മുട്ടി വലിച്ച് കൊണ്ട് ഭവാനി ചോദിച്ചു...
അത്‌ കണ്ട് പശുവിനെ കറന്നുകൊണ്ടിരുന്ന ആ പെൺകുട്ടി പാൽപാത്രം മാറ്റി വച്ച് കിങ്ങിണിപ്പശുവിന്റെ അകിടിൻ ചുവട്ടിലേക്ക് അവളുടെ കിടാവിനെ നിർത്തി കൊടുത്തു....എന്നിട്ട് ഭവാനിയുടെ നേരെ തിരിഞ്ഞു....

പതിനേഴ് വയസ്സ് പ്രായമുണ്ടാ പെൺകുട്ടിക്ക്... എടുത്തു പറയത്തക്ക സവിശേഷതകളൊന്നുമില്ലാത്ത ഒരു സാധാരണ പെൺകുട്ടി... ഇരുനിറത്തിലും  അല്പം വെളുത്തിട്ടാണ്... ഭവാനിയുടെ അതേ ഛായയിൽ മെലിഞ്ഞ് പൊക്കം കുറവാണ് അവൾക്ക്...മുതുകിന്റെ പകുതിയോളം വരുന്ന മുടി മെടഞ്ഞു മുൻപോട്ടിട്ടുണ്ട്... ദാവണിയാണ് വേഷം... അതും പഴക്കമേറി നരച്ചു തുടങ്ങിയ ഒന്ന്...കണ്ണുകൾക്ക് ചുറ്റും ചെറുതായി ഇരുണ്ട വലയമുണ്ട്...പക്ഷേ അവളുടെ കണ്ണുകൾക്ക് വല്ലാത്തൊരു മൂർച്ചയുണ്ടായിരുന്നു... 

"അമ്മയിപ്പോ എന്തിനാ ഇങ്ങട് വന്നേ? "
ലേശം ദേഷ്യത്തിലവൾ ഭവാനിയോട് ചോദിച്ചു...
"പി..ന്നെ വരാതെയാ..എണീ...റ്റപ്പോ നി..ന്നെ കണ്..ണ്ടില്ല... അടുക്കളേല് നോ..ക്കീപ്പോ അവടേമില്ല...ഇത്രേം നേര...ത്തേ നീ..യിവിടു...ണ്ടാവുംന്ന് ഞാ...നറി...ഞ്ഞോ..."
ശ്വാസം കിട്ടാതെ ആഞ്ഞു വലിച്ച് കൊണ്ട്  ഭവാനി പറഞ്ഞൊപ്പിച്ചു...

"ശ്ശോ... ന്റമ്മേ ഇങ്ങട് നടക്കാ.. ഇങ്ങനെ മുട്ടി വലിച്ച് ന്നേക്കൂടി പേടിപ്പിക്കല്ലേ..."
ഇരുണ്ട മുഖത്തോടെ അല്പം പരിഭ്രമത്തോടെ പാൽപാത്രം ഒരു കയ്യിലെടുത്ത്..ദാവണിയുടെ പാവാട എടുത്ത് കുത്തി... അമ്മയുടെ കയ്യിൽ പിടിച്ചവൾ വീട്ടിലേക്കു നടന്നു...
അവൾ നടന്നു തുടങ്ങിയതും കിങ്ങിണിപ്പശു പുറകിൽ നിന്നും ചിണുങ്ങുന്നുണ്ടായിരുന്നു....

"ആ.. ആ... നിനക്കിള്ളത് പോയി വന്നിട്ട് തരാം കിങ്ങിണിയേ.. ഇങ്ങനെ സോപ്പിടണ്ട... ആദ്യം ഇവിടുള്ളോർക്ക് കാലത്ത് വയറ്റിലേക്കെത്തിക്കാൻ എന്തേലുമുണ്ടാക്കട്ടെ.... ഇപ്പൊ ഓരോന്നായി എണീറ്റ് വന്ന് തുടങ്ങും...."
പോണ പോക്കിന് കിങ്ങിണിയോടവൾ വിളിച്ച് പറഞ്ഞു...പാല് അടുക്കളയിൽ കൊണ്ട് വച്ച് അവൾ ശ്വാസമെടുക്കാൻ കഴിയാതെ പരവേശപ്പെടുന്ന അമ്മയെയും കൊണ്ട് മുറിയിലേക്ക് പോയി...

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

ഈ പെൺകുട്ടിയാണ് നമ്മുടെ നായിക..
ഭാനുപ്രിയ... ഭാനുവെന്നാണ് എല്ലാവരും അവളെ വിളിക്കുക....ഭാനുവിന് അമ്മ മാത്രമേയുള്ളൂ.. ഭവാനി... അവളുടെ അച്ഛൻ രാജൻ മരിച്ചിട്ട് ഏഴു വർഷമായി...

കോഴിക്കോട്ടെ പേര് കേട്ടൊരു തറവാട്ടിലെ മൂന്ന് മക്കളിൽ ഇളയവനായിരുന്നു രാജൻ ... പഠിക്കാൻ മോശമായിരുന്ന രാജൻ പത്താം തരം തോറ്റതോടെ ആ നാട്ടിലെ പ്രമാണിയായിരുന്ന അയാളുടെ അച്ഛൻ പദ്മനാഭ മേനോന്റെ കണ്ണിലയാൾ കരടായി..നിരന്തരം തന്നെ മറ്റുള്ളവർക്ക് മുൻപിൽ തരം താഴ്ത്തി സംസാരിക്കുന്ന അച്ഛനോട് അതോടെ അയാൾക്ക് വെറുപ്പുമായി...വീട് വിട്ടിറങ്ങിയ അയാൾ കിട്ടുന്ന ജോലികളൊക്കെ ചെയ്യാൻ തുടങ്ങി... ആ നാട്ടിൽ തന്നെയൊരു വാടകവീടെടുത്തു താമസമാക്കി...ഒടുവിൽ ഡ്രൈവിംഗ് പഠിച്ചെടുത്ത് ഓട്ടോറിക്ഷാ ഡ്രൈവറായി....

തറവാട്ടിൽ രാജന്റെ ജ്യേഷ്ഠനും വക്കീലുമായ രമേശനും അമ്മ കമലത്തിനും മാത്രമേ അയാളോട്  സ്നേഹമുണ്ടായിരുന്നുള്ളൂ...പക്ഷേ പദ്മനാഭ മേനോന് മുന്നിൽ ചെന്നെന്തെങ്കിലും പറയാൻ കൂടി അവർക്കൊന്നും ധൈര്യമില്ലായിരുന്നു..
രമേശനും രാജനും ഒരു പെങ്ങളുണ്ടായിരുന്നു.... രമണി...

വർഷങ്ങൾ ചിലത് കഴിഞ്ഞു പോയി..
ആദ്യം രമണിയുടെയും രണ്ട് വർഷത്തിന് ശേഷം രമേശന്റെയും വിവാഹം അത്യാടമ്പരപൂർവ്വം കഴിഞ്ഞു..സഹോദരങ്ങളുടെ വിവാഹത്തിന് പോലും പൊകഞ്ഞ കൊള്ളിയായ രാജന് ക്ഷണമുണ്ടായിരുന്നില്ല... എങ്കിലും രാജന്റെ മനസ്സിലെന്നും സഹോദരങ്ങൾക്ക് വേണ്ടിയുള്ള പ്രാർത്ഥനകളുണ്ടായിരുന്നു....

അഞ്ച് വർഷങ്ങൾ കഴിഞ്ഞ് രാജൻ ഓട്ടോറിക്ഷ ഡ്രൈവറും സുഹൃത്തുമായിരുന്ന ദിവാകരന്റെ മകൾ ഭവാനിയെ വിവാഹം കഴിച്ചു....അപ്പോഴേക്കും രമേശനും ഭാര്യ അംബികയ്ക്കും ഒരു  മകനും ഒരു മകളും ജനിച്ചിരുന്നു...രമണിയെ ഭർത്താവ് ഉപേക്ഷിച്ചതോടെ അവർ തറവാട്ടിൽ വന്നു നിൽപ്പായി.. അവർക്ക് കുട്ടികളുണ്ടായിരുന്നില്ല.... അംബികയ്ക്ക് അതത്ര രസിച്ചില്ലെങ്കിലും കമലത്തിനെ ഭയന്ന് അവരത് പുറമേയ്ക്ക് പ്രകടിപ്പിച്ചില്ല... എങ്കിലും തരം കിട്ടുമ്പോഴെല്ലാം അവർ രമണിയെക്കൊണ്ട് വീട്ടു ജോലികൾ നിർബന്ധിച്ച് ചെയ്യിക്കുമായിരുന്നു..

അങ്ങനെയിരിക്കെയാണ് ഒരിക്കൽ നഗരത്തിൽ വച്ച് പദ്മനാഭ മേനോന്റെ കാർ ഒരു അപകടത്തിൽ പെടുന്നത്... അന്നാരും സഹായിക്കാനില്ലാതെ ചോരയിൽ കുളിച്ച് കിടന്ന അയാളെ കണ്ടത് ദിവാകരനായിരുന്നു.... മറ്റ് രണ്ട് ഓട്ടോക്കാരുടെ സഹായത്തോടെ പദ്മനാഭ മേനോനെ ദിവാകരൻ ആശുപത്രിയിലെത്തിച്ചു...ദിവാകരനിൽ നിന്നും വിവരമറിഞ്ഞ രാജൻ ഓടിയെത്തി... ആവശ്യമായതെല്ലാം ചെയ്തു... ജോലിയുടെ തിരക്കുകളിലായിരുന്ന രമേശന് പകരം രാജൻ രാപ്പകൽ അച്ഛന് കാവലിരുന്നു... ഒടുവിൽ ദിവസങ്ങൾക്കു ശേഷം പദ്മനാഭ മേനോൻ ജീവിതത്തിലേക്ക് മടങ്ങിയെത്തി..

പദ്മനാഭ മേനോൻ ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയതും രാജൻ മാറ്റങ്ങളേതുമില്ലാതെ തന്റെ ജീവിതവുമായി മുൻപോട്ട് പോയി..പക്ഷേ അന്ന് മുതൽ പദ്മനാഭ മേനോന് രാജനോട് ചെയ്ത് പോയ തെറ്റുകളോർത്ത് കുറ്റബോധം തോന്നാൻ തുടങ്ങി...

വർഷങ്ങൾ കടന്നു പോകെ ഭവാനി ഒരു പെൺകുഞ്ഞിന് ജന്മം നൽകി... ഭാനുപ്രിയ എന്നവൾക്ക് അവർ നാമകരണം ചെയ്തു .... ഭാനു എന്നവർ അവളെ വിളിച്ചു...ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കടന്നു പോയി....ഭാനുവിന് നാല് വയസ്സുള്ളപ്പോൾ ദിവാകരനും ഏഴു വയസ്സുള്ളപ്പോൾ ദിവാകരന്റെ ഭാര്യ മാലതിയും പ്രായാധിക്യം മൂലം മരണപ്പെട്ടു...

പിന്നെയും മൂന്ന് വർഷങ്ങൾക്ക് ശേഷം ഭാനുവിന് പത്തു വയസ്സുള്ളപ്പോൾ ഹൃദയാഘാതത്തിന്റെ രൂപത്തിൽ വിധി രാജനെ തട്ടിയെടുത്തതോടെ ഭവാനിയും ഭാനുവും തീർത്തും ഒറ്റപ്പെട്ടു.... രാജന്റെ മരണവാർത്ത പദ്മനാഭ മേനോനെ വല്ലാതെ തളർത്തി... ജീവിച്ചിരിക്കെ രാജന് വേണ്ടി ഒന്നും ചെയ്യാനായില്ലെന്നുള്ള കുറ്റബോധത്താൽ അയാൾ നീറിപ്പുകഞ്ഞു....

ഒരിക്കൽ തന്നെയാപത്തിൽ നിന്നും രക്ഷിച്ച ദിവാകരന്റെ മകളോടുള്ള മമതയും രാജന്റെ ഭാര്യയോടും കുഞ്ഞിനോടുമുള്ള കടമയും മുൻനിർത്തി പദ്മനാഭ മേനോൻ ഭവാനിയെയും ഭാനുവിനെയും തറവാട്ടിലേക്ക് വിളിച്ചു കൊണ്ടു വന്നു... കമലവും രമേശനും അവരെ അത്യധികം സന്തോഷത്തോടെ സ്വീകരിച്ചെങ്കിലും അംബികയ്ക്കും രമണിക്കുമത് തീരെ ഇഷ്ടപ്പെട്ടില്ല....

രാജന്റെ വേർപാട് നൽകിയ നോവിലും ഒരമ്മയായി ചേർത്തു നിർത്തിയ കമലത്തിന്റെ തണലിൽ ഭവാനിയും ഭാനുവും അല്ലലില്ലാതെ ജീവിച്ചു പോന്നു... ഭവാനിയ്ക്ക് ആസ്ത്മയുടെ ബുദ്ധിമുട്ടുണ്ടായിരുന്നത് കൊണ്ട് കമലം അവരെക്കൊണ്ട് ജോലികളൊന്നും ചെയ്യിച്ചിരുന്നില്ല... അതൊന്നും അംബികയ്ക്കും രമണിയ്ക്കും തീരെ ഇഷ്ടപ്പെട്ടില്ല....

രമേശന്റെ മകൻ സന്ദീപ് നല്ല വെളുത്തു സുന്ദരനായിരുന്നു... അവന് ഭാനുവിനെ തീരെ ഇഷ്ടമല്ലായിരുന്നു... നിറം കുറവായതിന്റെ പേരിൽ അവനെപ്പോഴും അവളെ കുത്തിനോവിക്കുമായിരുന്നു...എന്നാൽ സന്ദീപിന്റെ അനുജത്തി സന്ധ്യക്ക് ഭാനുവിനെ വലിയ ഇഷ്ടമായിരുന്നു.. സന്ദീപ് ഓരോന്ന് പറഞ്ഞു വേദനിപ്പിക്കുമ്പോൾ മാറിയിരുന്ന് കരയുന്ന ഭാനുവിനെ നല്ല വാക്കുകൾ പറഞ്ഞ് ആശ്വസിപ്പിക്കാൻ എന്നും സന്ധ്യയുണ്ടായിരുന്നു....

പതിയെ പതിയെ ആ സാഹചര്യവുമായി ഭാനുവും പൊരുത്തപ്പെട്ടു... കുത്തുവാക്കുകൾ കൊണ്ടു മുറിവേൽപ്പിക്കുന്ന അംബികയേയും രമണിയെയും സന്ദീപിനെയുമൊക്കെ അവൾ നിർവികാരതയോടെ കേട്ടു നിൽക്കാൻ തുടങ്ങി..പുറമേയ്ക്ക് പ്രകടിപ്പിച്ചില്ലെങ്കിലും പദ്മനാഭ മേനോന് ഉള്ളിൽ തന്നോട് സ്നേഹമുണ്ടെന്ന് അവൾക്കറിയാമായിരുന്നു...അത്‌ കൊണ്ടു തന്നെ കമലത്തിനോട് ഓരോന്ന് ചോദിച്ചു മനസ്സിലാക്കി അദ്ദേഹത്തിന് പല സമയത്തും സഹായങ്ങൾ ചെയ്തു കൊടുത്തിരുന്നു അവൾ ....ഭവാനിക്ക് ഇടയ്ക്കിടെ വയ്യാതെ വരുന്നത് കൊണ്ട് ആ ചെറിയ പ്രായത്തിൽ തന്നെ വീട്ടുജോലിയടക്കമുള്ള പല കാര്യങ്ങളും അവൾ കണ്ടു പഠിച്ചു ചെയ്യുകയും ചെയ്തിരുന്നു....

പിന്നെയും വർഷങ്ങൾ കടന്ന് പോകവേ ആദ്യം കമലവും പിന്നീട് പദ്മനാഭ മേനോനും പ്രായാധിക്യം മൂലം ഇഹലോകവാസം വെടിഞ്ഞു.... അതോടെ പക്ഷേ കഷ്ടകാലം ആരംഭിച്ചത് ഭവാനിക്കും ഭാനുവിനുമാണ്.... തറവാടിന്റെ ഭരണം ഏതാണ്ട് പൂർണമായും അംബികയുടെ കൈകളിലായി... അവരുടെ ഏറാൻ മൂളിയായ രമണി സ്വന്തം ജോലി കുറയ്ക്കാനായി അതൊക്കെ ഭവാനിയുടെയും ഭാനുവിന്റെയും തലയിലിടാൻ തുടങ്ങി....

ആ വലിയ തറവാടിന്റെ അടുക്കളയോട് ചേർന്നൊരു കുടുസു മുറിയിലേക്കായി ആ അമ്മയുടെയും മകളുടെയും താമസം...പൊട്ടിപ്പൊളിഞ്ഞ ചുവരുകളുള്ള നീളത്തിലുള്ളൊരു മുറി... അതിൽ ഒരാൾക്ക് കിടക്കാനാവുന്ന വളരെ ചെറിയൊരു കട്ടിലുണ്ട്.. അതിന് പിറകിലൊരു പഴയ കസേരയും.. തുണികളടുക്കി വയ്ക്കാൻ പഴയൊരു തകരപ്പെട്ടിയും.....

അമ്മയെ കൊണ്ടാവില്ലെന്നറിയുന്ന ഭാനു ജോലികളൊക്കെ ഏറ്റെടുത്തു ചെയ്യാൻ തുടങ്ങി.... നന്നായി പഠിക്കുന്ന കുട്ടിയായത് കൊണ്ട് അവളുടെ പഠിത്തം മുടക്കാൻ അംബികയ്ക്കും രമണിയ്ക്കുമായില്ല... എങ്കിലും ഭവാനിയെയും ഭാനുവിനെയും എത്രത്തോളം കഷ്ടപ്പെടുത്താമോ അത്രത്തോളം അവർ കഷ്ടപ്പെടുത്തി... ജോലിയുടെ തിരക്കിൽ നിലം തൊടാതെ ഓടിക്കൊണ്ടിരുന്ന രമേശനിതൊന്നും അറിഞ്ഞില്ല..എങ്കിലും മാസാമാസം ഒരു തുക അവർക്കായി അയാൾ ഭാര്യയെ ഏൽപ്പിച്ചു പോന്നു... ആ തുകയുടെ പകുതി പോലും ഭാനുവിനോ ഭവാനിക്കോ കിട്ടിയിരുന്നില്ലെന്നത് നോവാർന്ന ഒരു സത്യം മാത്രം.....

ഭാനുവിനാകെ ഒരു ആശ്വാസമായിരുന്ന സന്ധ്യയും ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോയി... അവൾക്കാകെയൊരു ആശ്വാസം സന്ദീപ് ബാംഗ്ലൂർ ജോലി കിട്ടി പോയതായിരുന്നു....
ഇടയ്ക്ക് ലീവിന് വരുമ്പോഴും തന്നെ പുച്ഛത്തോടെ നോക്കി വാക്കുകൾ കൊണ്ടു മുറിവേൽപ്പിക്കുന്ന തന്റെ ജ്യേഷ്ഠനെ നൊമ്പരം കിനിയുന്ന ഹൃദയവുമായി നിർവികാരമായ മുഖത്തോടെ നോക്കി നിൽക്കാനേ ഭാനുവിന് സാധിക്കുമായിരുന്നുള്ളൂ... എങ്കിൽ പോലും ഒരിക്കലും അവർക്കാർക്കും മുൻപിൽ നിന്ന് കരയില്ലെന്നവൾ ഉറച്ചൊരു തീരുമാനമെടുത്തിരുന്നു...ചവിട്ടി താഴ്ത്താൻ ശ്രമിക്കുന്നവർക്ക് മുൻപിൽ അന്തസ്സോടെ തലയുയർത്തി നിൽക്കാൻ അവളെ ആരും പഠിപ്പിക്കേണ്ടതില്ല... അതവളുടെ രക്തത്തിലലിഞ്ഞു ചേർന്നതാണ്....

ഇപ്പോൾ അവൾ പ്ലസ് ടുവിന് പഠിക്കുകയാണ്... വെളുപ്പിനെ എഴുന്നേറ്റ് വീട്ടിലെ ജോലികളൊക്കെ തീർത്തിട്ടാണവൾ സ്കൂളിലേക്ക് പോകുക...

ഇത് ഭാനുവിന്റെ കഥയാണ്....
അവളുടെ മനക്കരുത്തിന്റെ...
അവളുടെ പോരാട്ടങ്ങളുടെ....
അവളുടെ അതിജീവനങ്ങളുടെ...
നിനയാത്ത നേരത്ത് അവളെ തേടിയെത്തിയ പ്രണയത്തിന്റെ....

ഇത് കഥയല്ല... ജീവിതമാണ്....

⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️

 


രണഭൂവിൽ നിന്നും.. (2)

രണഭൂവിൽ നിന്നും.. (2)

4.7
2912

"ഭാനൂ.. ടീ ഭാനൂ..." അലറിക്കൊണ്ട് തന്നെ വിളിക്കുന്ന ശബ്ദം കേട്ട് കറിയിളക്കിക്കൊണ്ടിരുന്ന ഭാനു തവി പാത്രത്തിലേക്കിട്ട് വലം കൈപ്പത്തി കൊണ്ട് നെറ്റിയിലടിച്ചു... "ആ.. തുടങ്ങിയല്ലോ വിളി... ഇനിയും വരാനുണ്ട്.. ഒക്കെത്തിനും കൂടി ഒന്നിച്ച് വിളി കേൾക്കാം..." ആത്മഗതം പറഞ്ഞിട്ട് അവൾ കറിയിളക്കി പാത്രം അടുപ്പിൽ നിന്നുമിറക്കി വച്ചു... പിന്നെയൊരു ചീനച്ചട്ടി അടുപ്പിലേക്ക് വച്ച് ചൂടാക്കി വെളിച്ചെണ്ണയിൽ കടുക് വറുത്തെടുത്ത് കറിയിലേക്ക് ഒഴിക്കാൻ തുടങ്ങി... "ടീ.. ഭാനൂ..." തൊട്ട് പിറകിൽ നിന്നും ഉച്ചത്തിലുള്ള ആ വിളി കേട്ട് ഭാനുവിന്റെ കയ്യിൽ നിന്നും ചീനച്ചട്ടി അല്പം വഴ