Aksharathalukal

രണഭൂവിൽ നിന്നും... (5)

"ഭാനൂ "..

പിറ്റേന്ന് രാത്രി ഉറങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഭാനു.... ഭവാനി മരുന്ന് കഴിച്ചുറങ്ങി കഴിഞ്ഞിരിക്കുന്നു..
അകത്തളത്തിൽ നിന്നും രമേശന്റെ ശബ്ദം കേട്ട് അവൾ പുസ്തകമടച്ച് എഴുന്നേറ്റു....

മുറിയിൽ നിന്നും നേരെ അകത്തളത്തിലേക്ക് പോകാമായിരുന്നിട്ട് കൂടിയവൾ ഇടനാഴി ചുറ്റി മുൻപ് താനും അമ്മയും താമസിച്ചിരുന്ന.. ഇപ്പോൾ അടഞ്ഞു കിടക്കുന്ന മുറിയുടെ മുന്നിലൂടെ അകത്തളത്തിലേക്ക് നടന്നു ചെന്നു....

ഒരേ വീട്ടിൽ ജീവിച്ചിട്ടും ഭാനുവും ഭവാനിയും അടുക്കളപ്പുറത്തുള്ള മുറിയിലേക്ക് മാറ്റപ്പെട്ട വിവരമൊന്നും രമേശൻ വക്കീൽ അറിഞ്ഞിട്ടില്ല... അതിന് കാരണം രണ്ടാണ്... ഭാനുവോ അവളുടെ അമ്മയോ തങ്ങൾക്ക് സംഭവിക്കുന്നതൊന്നും രമേശനോട് പറയില്ല...അതൊക്കെയറിഞ്ഞാൽ അദ്ദേഹത്തിനും അംബികയ്ക്കുമിടയിലൊരു വഴക്കുണ്ടാകുമെന്നവർക്കറിയാം... അതവർ ഒരിക്കലും ആഗ്രഹിക്കില്ല... അതേറ്റവും നന്നായി അറിയാവുന്നതും അംബികയ്ക്ക് തന്നെ..

രണ്ടാമത്തെ കാര്യം.. രമേശനൊരിക്കൽ പോലും ഭാനുവിനെ മുറിയിൽ പോയി കാണാറില്ല...എന്തെങ്കിലും പറയാനുണ്ടെങ്കിൽ അകത്തളത്തിലേക്ക് വിളിപ്പിക്കുകയാണ് പതിവ്... അതും ഏറ്റവും പ്രധാനമായതെന്തെങ്കിലും പറയാനുണ്ടെങ്കിൽ മാത്രം....ഇത്തവണയും അത്‌ പോലെന്തോ പ്രധാനമായ കാര്യം പറയാനാകും അദ്ദേഹം വിളിക്കുകയെന്ന് അവൾക്കറിയാം..അത്‌ കൊണ്ട് അടുത്ത വിളിക്ക് മുൻപ് അവൾ കാലുകൾക്ക് വേഗത കൂട്ടി അദ്ദേഹത്തിനടുത്തെത്തി...

"വല്യച്ഛാ..."
ഭാനു വിളിച്ചപ്പോൾ എന്തോ ആലോചനയിലായിരുന്ന രമേശൻ മുഖമുയർത്തി...
"മോൾക്ക് പരീക്ഷ എങ്ങനെയുണ്ടായിരുന്നു..?"
അദ്ദേഹം ഗൗരവത്തിൽ ചോദിച്ചു..
"നന്നായിരുന്നു വല്യച്ഛാ.. നല്ല പേഴ്സന്റെജ്‌  ഉണ്ടാകും.."
"മ്മ്..."
ഭാനു പതിവില്ലാത്ത അദ്ദേഹത്തിന്റെ ഗൗരവമെന്ത് കൊണ്ടാകുമെന്ന് ചിന്തിക്കാതിരുന്നില്ല...

"വലിയ കോലോത്തുകാരുമായി നിനക്കെങ്ങനെയാ പരിചയം?"
അദ്ദേഹം പെട്ടെന്നാണത് ചോദിച്ചത്...
"അവിടുത്തെ ശരണ്യയും ഞാനും എട്ടാം ക്ലാസ്സ്‌ മുതൽ ഒരേ ക്ലാസ്സിലാണ് പഠിക്കുന്നത്...അവളെന്റെ ബെസ്റ്റ് ഫ്രണ്ടാണ്..ഇടയ്ക്ക് അമ്പലത്തിൽ വച്ച് അവളുടെ അമ്മയോടും സംസാരിച്ചിട്ടുണ്ട്.... പിന്നെ അവളുടെ ഏട്ടൻ ശ്യാം എന്റെ സീനിയറായിരുന്നു..."
"മ്മ്..ശ്യാം നിന്നോടെങ്ങനെയാ?"

" നല്ല ഏട്ടനാ.. നന്നായി പഠിക്കും.. ഇപ്പൊ എൽ.എൽ. ബിക്ക്‌ പഠിക്യാണ്...സ്കൂളിൽ വച്ച് എനിക്കും ശരണ്യക്കും ശ്യാമേട്ടൻ ഡൌട്ട്സ് പറഞ്ഞ് തരാറുണ്ടായിരുന്നു... വായനശാലയിൽ വച്ചും കണ്ടിട്ടുണ്ട്.. എനിക്ക് ചില പുസ്തകങ്ങളെടുക്കാൻ ശ്യാമേട്ടൻ സഹായിച്ചിട്ടുണ്ട്..കഴിഞ്ഞ ദിവസവും വഴിയിൽ വച്ചു കണ്ടിരുന്നു "

മനസ്സിൽ കളങ്കമൊന്നുമില്ലാത്തത് കൊണ്ട് അവൾ ഒന്ന് വിടാതെയെല്ലാം അദ്ദേഹത്തോട് പറഞ്ഞു.. ഒരു തെറ്റിദ്ധാരണ ഒഴിവാക്കാനായി ശ്യാം അവളോട് തന്റെ ഇഷ്ടത്തേക്കുറിച്ച് പറയാൻ ശ്രമിച്ചത് മാത്രമവൾ പറഞ്ഞില്ല....

"മ്മ്..."
ഒന്നമർത്തി മൂളി അദ്ദേഹം കസേരയിൽ നിന്നുമെഴുന്നേറ്റു... ഭാനു അദ്ദേഹത്തെ നോക്കി നിന്നു..
"ഇനിയാ കുടുംബത്തിലെ ആരുമായും ഒരു ബന്ധവും നിനക്കുണ്ടാകാൻ പാടില്ല...എനിക്കിഷ്ടമല്ല അത്‌...കൂടിക്കാഴ്ചകൾ ഒഴിവാക്കി വിടുക... മനസ്സിലായോ? "
ആദ്യമായി തന്നോടൊരു കാര്യം ചെയ്യരുതെന്ന് അദ്ദേഹം പറഞ്ഞതിന്റെ അമ്പരപ്പിലായിരുന്നു ഭാനു... അത് കൂടാതെ തന്നോട് സംസാരിക്കുമ്പോൾ ആദ്യമായി അദ്ദേഹത്തിന്റെ സ്വരത്തിലുണ്ടായിരുന്ന ഗൗരവം അവളെ അസ്വസ്ഥയാക്കി...

"ഇനി.. ഇനി കാണില്ല വല്യച്ഛാ" കാരണമൊന്നുമറിയില്ലെങ്കിലും അവളദ്ദേഹം പറഞ്ഞത് അനുസരിക്കാൻ തയ്യാറായി...അല്ലെങ്കിലും കഴിഞ്ഞ ദിവസത്തെ സംഭവത്തോടെ ഇനിയാ കുടുംബവുമായി അടുപ്പം പാടില്ലെന്ന് അവൾക്ക് സ്വയം തോന്നാൻ തുടങ്ങിയിരുന്നു....

അവൾക്കാകെ സങ്കടം തോന്നിയത് ശരണ്യയെ ഒഴിവാക്കുന്നതിൽ മാത്രമായിരുന്നു... അവളുടെ സങ്കടങ്ങൾ താനൊരു പരിധി വരെ മറന്നു പോകുന്നത് അവൾ കൂടെയുള്ളപ്പോഴാണ്... അവളുടെ കളി തമാശകളിലാണ് ഭാനുവൊന്ന് മനസ്സറിഞ്ഞു ചിരിക്കാറ്... ആ നിമിഷങ്ങളിൽ മാത്രമാണ് താനുമൊരു കുട്ടിയാണെന്ന് അവൾക്ക് തോന്നാറ്....

അവളെയൊന്ന് നോക്കുക കൂടി ചെയ്യാതെ എന്തോ ആലോചനയിൽ മുറിയിലേക്ക് പോകുന്ന രമേശനെ ഭാനു വിങ്ങുന്ന മനസ്സോടെ നോക്കി നിന്നു....

സാധാരണ  സംസാരിച്ചിട്ട് തിരികെ പോകുമ്പോൾ അദ്ദേഹമൊരു പുഞ്ചിരി നൽകുമവൾക്ക്.. നെറുകിലൊരു തലോടലും... അത്‌ രണ്ടും അവളെ സംബന്ധിച്ച് വളരെ അമൂല്യമാണ്... തന്റെ അച്ഛനെ തന്നെയാണ് ആ നിമിഷങ്ങളിലവൾ മുന്നിൽ കാണാറ്..ജീവിക്കാൻ അവളെ പ്രേരിപ്പിക്കുന്ന നിമിഷങ്ങളാണത്... അതും തനിക്ക് നഷ്ടപ്പെടുകയാണോ??
അവളുടെ ഹൃദയം വല്ലാതെ നൊമ്പരപ്പെട്ടു...

ഇതൊക്കെ ഒരു ചുവരിനപ്പുറമുള്ള അംബികയുടെ കണ്ണുകൾ സന്തോഷത്തോടെ വീക്ഷിച്ചു നിന്നിരുന്നു.. ഭാനുവിന്റെ വാടിയ മുഖം അവർക്കൊരു ലഹരി പകർന്നു...അവളോടുള്ള പകയാളുന്ന മനസ്സോടെ അവർ മുറിയിലേക്ക് നടന്നു...

ഭാനുവിന് ഒരുപാട് വിഷമം തോന്നി... അവൾ ഓടുകയായിരുന്നു മുറിയിലേക്ക്..
വാതിലടച്ചു കുറ്റിയിട്ട് നിലത്തെ പായിലേക്ക് വീണതും പിടിച്ചു വച്ച അവളുടെ മിഴിനീർ കുതിച്ചൊഴുകി... കീറി ത്തുന്നി വച്ചൊരാ തലയിണയാണ് അവളുടെ കണ്ണീരിനെയീ കാലമത്രയും ഏറ്റുവാങ്ങി അവളെ കൂടുതൽ കൂടുതൽ മനക്കരുത്തുള്ളവളാക്കിയത്....

കരഞ്ഞു കരഞ്ഞവളൊരു മയക്കത്തിലേക്ക് വീഴുമ്പോഴേക്കും കിഴക്ക് വെള്ള കീറാൻ സൂര്യൻ പുറപ്പെട്ടു കഴിഞ്ഞിരുന്നു....

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

ദിവസങ്ങൾ കഴിഞ്ഞ് പോയി...

ഭാനു അടുക്കളയും വീട്ടു ജോലികളും കിങ്ങിണിപ്പശുവുമൊക്കെയായി കഴിഞ്ഞ് കൂടി.... അതിരാവിലെ ക്ഷേത്രത്തിലേക്ക് പോകുന്നത് മാത്രമായി അവൾക്ക് പുറം ലോകം കാണാനുള്ളൊരു അവസരം... അതവൾ സ്വയം തനിക്ക് കല്പിച്ച നിയന്ത്രണമായിരുന്നു...ശരണ്യയും അമ്മയുമൊക്കെ വൈകുന്നേരങ്ങളിലെ ക്ഷേത്രത്തിൽ പോകൂവെന്നവൾക്ക് അറിയാം...

അമ്മയ്ക്കുള്ള മരുന്നുകൾ കവലയിൽ തന്നെ കിട്ടുമായിരുന്നു... ആ കവല കടന്ന് കുറച്ചധികം പോകണം വലിയകോലോത്തേക്ക്... അത്‌ കൊണ്ട് അവൾ മിക്കവാറും നട്ടുച്ചയ്ക്കാകും പോകുക... ആ നേരത്ത് വെയില് അലർജിയുള്ള ശരണ്യ പുറത്തിറങ്ങില്ലെന്ന് അവൾക്കറിയാം..കൂടാതെ വായനശാലയിലേക്ക് പോലുമവൾ പോകാതെയായി...

ശരണ്യയോ ശ്യാമോ ആയുള്ള കൂടിക്കാഴ്ചയ്ക്കുള്ള അവസരം അവൾ  സ്വയം ഒഴിവാക്കി... എത്ര സങ്കടപ്പെട്ടാലും വല്യച്ഛന്റെ ആജ്ഞ ധിക്കരിക്കില്ലെന്ന് അവൾ ഉറപ്പിച്ചു കഴിഞ്ഞിരുന്നു... ഒരിക്കലൊന്ന് മനസ്സിലുറപ്പിച്ചാൽ അതിൽ നിന്നും അണുവിട വ്യതിചലിക്കില്ലവൾ...അതേത് സാഹചര്യത്തിലായാലും...

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

ഒരു നാൾ കാലത്ത് ഭാനുവുണർന്നത് അംബികയുടെ ഉറക്കെയുള്ള അലറിക്കരച്ചിൽ കേട്ടാണ്...എന്താണെന്നറിയാതെ വെപ്രാളപ്പെട്ടവൾ മുറിക്ക് പുറത്തേക്കോടി....

അകത്തളത്തിലെ സോഫയിൽ തലയ്ക്കു കൈ കൊടുത്തിരുന്നു വാവിട്ടു കരയുന്ന അംബികയെ കണ്ടവൾ ശരിക്കും പകച്ചു നിന്നു പോയി...അവർക്കടുത്ത് തന്നെ രമണിയും നിന്നിരുന്നു... സാരിത്തുമ്പ് കൊണ്ട് വായ പൊത്തിയാണ് അവരുടെ നിൽപ്പ്... കുറച്ച് മാറി ദാമുവുമുണ്ട്... അയാളുടെ മുഖത്ത് സങ്കടമുണ്ടെങ്കിലും അതിന് വലിയ ആത്മാർഥതയൊന്നുമില്ലെന്ന് ഭാനുവിന് മനസ്സിലായി... അവളൊരു നിമിഷം പകച്ചു നിന്നിട്ട് അംബികയുടെ അരികിൽ ചെന്ന് മുട്ട് കുത്തിയിരുന്നു...

"വ.. വല്ല്യമ്മേ... എന്താ.. എന്തിനാ ഇങ്ങനെ കരയണേ? "
പേടിയോടെ അവൾ അംബികയുടെ തോളിൽ കൈ തൊട്ടു...
തൊട്ടടുത്ത നിമിഷം അവളുടെ കൈ ശക്തിയിൽ കുടഞ്ഞെറിഞ്ഞ് അംബിക ചാടിയെഴുന്നേറ്റു!!!!
അതിന്റെ ആഘാതത്തിൽ ഭാനു പിറകിലേക്ക് വേച്ചു വീണു പോയി.. അവളുടെ കണ്ണ് മിഴിഞ്ഞ് പോയി...

"മതിയായോ... സന്തോഷമായോ നിനക്ക്..
ഈ കുടുംബം മുടിച്ച് എന്റെ താലിയറുത്തപ്പോൾ തൃപ്തിയായോ നിനക്ക്..."
അലറിവിളിച്ചു പറയുന്ന അംബികയുടെ വാക്കുകൾ മനസ്സിലായി വന്നപ്പോൾ നിറഞ്ഞൊഴുകി തുടങ്ങിയ കണ്ണുകളുമായി അത്യധികം ഭയത്തോടെ അവളെഴുന്നേറ്റ് നിന്നു...

"വൽ.. വല്യ.. മ്മ.. എന്താ.. പറഞ്ഞേ... എൻ.. എന്റെ വല്യച്ഛൻ.. വല്യച്ഛനെന്താ.. പറ്റിയത്.."
വിറയ്ക്കുകയായിരുന്നു അവളത് ചോദിക്കുമ്പോൾ...

"ഹും... വല്യച്ഛൻ... നീ.. നീ കാരണാ.. നിന്റെയീ നശിച്ച ജന്മം കാരണാ അദ്ദേഹത്തിനിങ്ങനൊക്കെ... ഞാൻ.. ഞാൻ പറഞ്ഞതാ... നിന്റെ ജാതകദോഷം കൊണ്ടാ നിന്റെ അച്ഛനും  അച്ഛച്ഛനും അച്ഛമ്മയും ഒക്കെ പോയതെന്ന്... ഇനിയുമീ കുടുംബത്തിൽ നീ കാരണം ദോഷമുണ്ടാകുമെന്ന് ഞാൻ പറഞ്ഞതാ.. കേട്ടില്ല.
കേട്ടില്ല .... ഇപ്പൊ.. ഇപ്പൊ കണ്ടില്ലേ... പോ.. പോയി നോക്ക്... ഹോസ്പിറ്റലിൽ ഐ.സി. യൂവിൽ കിടപ്പുണ്ട്.. പോയി കണ്ട് സന്തോഷിക്ക്..."

അലറിവിളിച്ചു പറഞ്ഞ് അംബിക മേശപ്പുറത്തു നിന്ന് പേഴ്‌സും മൊബൈലുമെടുത്ത് പുറത്തേക്ക് പാഞ്ഞു.. അവർ കാറിലേക്ക് കയറിയതും പിറകെ ദാമുവും ചെന്ന് കയറി... ആ കാർ ഹോസ്പിറ്റൽ ലക്ഷ്യമാക്കി പാഞ്ഞു പോയി....

നിമിഷങ്ങളുടെ ദൈർഖ്യത്തിൽ കണ്ടതും കേട്ടതുമൊന്നും മനസ്സിലാക്കാൻ കഴിയാതെ തറഞ്ഞു നിൽക്കുകയായിരുന്നു ഭാനു......പെട്ടെന്നെന്തോ ഓർത്തത് പോലെ ഭാനു ഞെട്ടി കണ്ണുകൾ തുടച്ച് രമണിക്ക് നേരെ തിരിഞ്ഞു...

"അമ്മായി... എന്താ വല്യമ്മ പറഞ്ഞേന്റെ അർത്ഥം...വല്യച്ഛൻ.. വല്യച്ഛനെന്താ പറ്റിയത്... ഒന്ന് പറയ്.. പ്ലീസ്..."
രമണിക്ക് ആദ്യമായി ആ പെൺകുട്ടിയോട് സഹതാപം തോന്നി...അവരൊരു നെടുവീർപ്പോടെ പറയാൻ തുടങ്ങി....
"ഏട്ടനിന്നലെ ഒരു കേസുണ്ടായിരുന്നു... പ്രമാദമായൊരു കൊലക്കേസ്... അത്‌ ഏട്ടൻ തോറ്റു.. അപമാനം കൊണ്ടാകും ഏട്ടനിന്നലെ ഏതോ ബാർ ഹോട്ടലിലായിരുന്നു ന്നാ ഗുമസ്തൻ ഗണേശൻ പറയുന്നത്... അയാളെ നിർബന്ധിച്ചു പറഞ്ഞ് വിട്ടെന്ന്... പിന്നെ രാവിലെ പോലീസാണ് അയാളെ വിളിച്ചത്... ഏട്ടൻ വെൽനെസ് ഹോസ്പിറ്റലിലാണെന്ന് പറയാൻ...ബോധമില്ലാത്ത നിലയിൽ കാറിൽ വഴിയിലെവിടെയോ കണ്ടെത്തിയതാണെന്ന്.. ഏട്ടൻ.. ഏട്ടന്... സീരിയസ് ആണെന്ന്...."

അത്രയും പറഞ്ഞതെ രമണി പൊട്ടിക്കരയാൻ തുടങ്ങി...
കേട്ടത് വിശ്വസിക്കാനാകാതെ തളർന്ന് വീണു പോയ ഭാനുവിന്റെ കണ്ണുകൾ നിർത്താതെ ഒഴുകിയിരുന്നു... നിമിഷങ്ങളോളം അവളങ്ങനെയാ വെറും നിലത്ത് കിടന്നു....പിന്നെ ഒരു മാത്രയിൽ ചാടിയെഴുന്നേറ്റ് അകത്തേക്ക് പോയി...മുഖം കഴുകി ഉടുത്തിരുന്ന ദാവണിയും മുടിയും ഒതുക്കി അവൾ ധൃതിയിൽ പുറത്തേക്ക് വന്നു...അവൾക്ക് പിറകെ നിറഞ്ഞ കണ്ണുകളോടെ ഭവാനിയും ഉണ്ടായിരുന്നു...

കസേരയിൽ ഇരുന്നിരുന്ന രമണിയെ ഒന്ന് നോക്കി അവൾ പുറത്തേക്കിറങ്ങി നടന്നു പോയി...

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

ഹോസ്പിറ്റലിൽ ഐ. സി. യൂ വിലേക്ക് നടക്കുമ്പോൾ ഭാനുവൊരു മരവിച്ച അവസ്ഥയിലായിരുന്നു... കൈകാലുകൾ നീങ്ങുന്നുണ്ടെങ്കിലും ഒന്നുമറിയാത്തത് പോലെ.... ലിഫ്റ്റ് ബട്ടൺ പ്രെസ്സ് ചെയ്തിട്ടും ലിഫ്റ്റ് വരാത്തത് കണ്ട് അക്ഷമ പൂണ്ട് അവൾ മൂന്നാം നിലയിലേക്കുള്ള ഗോവണിപ്പടികൾ കയറാൻ തുടങ്ങി....

രണ്ടാമത്തെ നില കഴിഞ്ഞുള്ള വളവ് തിരിഞ്ഞു മുകളിലേക്കുള്ള സ്റ്റെപ്പിൽ കാൽ വച്ചതും എതിരെ വന്നൊരാളുമായി കൂട്ടിയിടിച്ചതും ഒന്നിച്ചായിരുന്നു... അയാളുടെ ദൃഢപേശികളിൽ തട്ടിയവളുടെ കുഞ്ഞ് ശരീരം തെറിച്ചു വീഴാനാഞ്ഞു.. പക്ഷേ അതിനനുവദിക്കാതെ അയാളുടെ നീളമാർന്ന കൈകൾ അവളെ വലിച്ചു ചുറ്റി മുകളിലേക്കുയർത്തി ഒരു പടിയിൽ നിർത്തിക്കൊടുത്തു...

നിമിഷത്തിന്റെ നൂറിലൊരംശത്തിൽ നടന്ന സംഭവം കഴിഞ്ഞൊന്നു നേരെ നിന്ന ഭാനു അയാളെ തിരിഞ്ഞു നോക്കാൻ ശ്രമിച്ചു.. പക്ഷേ അയാളുടെ നിർത്താതെ ബെല്ലടിക്കുന്ന മൊബൈലിലെ ഒരു പെൺകുട്ടിയുടെ ചിരിക്കുന്ന ഫോട്ടോയാണവൾ കണ്ടത്....

"Anu calling "എന്ന വാക്കുകളും...

"Am sorry..."
ഘനഗംഭീരമായ അവന്റെ ശബ്ദം അവളുടെ കാതിൽ വീഴുമ്പോഴേക്കും ആൻസർ ബട്ടൺ പ്രെസ്സ് ചെയ്ത് ചെവിയിൽ വച്ചിട്ടയാൾ ധൃതിയിൽ പടികളിറങ്ങിയോടി....

ചിന്തിച്ച് നിൽക്കാതെ ഭാനുവും പടികൾ വേഗത്തിൽ കയറി മൂന്നാം നിലയിലേക്ക് പോയി....

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

ഐ.സി. യൂ വാതിലിന്റെ പീപ്പ് ഹോളിലൂടെ രമേശനെ തന്നെ നോക്കി നിൽക്കുകയാണ് ഭാനു... കണ്ണുകൾ വറ്റിയിരിക്കുന്നു... ഒരു തരം നിർവികാരത മാത്രമേ ഇപ്പോഴുള്ളൂ...

പിറകിൽ നിന്നും അംബികയുടെ ശകാരവാക്കുകൾ നിലച്ചിട്ടില്ല...കുറേ തവണ ഭാനുവിനെ അവിടെ നിന്നും വലിച്ചു മാറ്റാനും ഉപദ്രവിക്കാനുമൊക്കെ ശ്രമിച്ച് അംബിക പരാജയപ്പെട്ടു പോയി... അവളോളം കരളുറപ്പ് അവർക്കില്ലല്ലോ... ആ കരളുറപ്പ് നൽകുന്ന ബലം ശരീരത്തിനുണ്ടാവുമെന്ന് അവർക്കറിയുകയുമില്ല....

കുറേ നേരം കഴിഞ്ഞപ്പോൾ ഒരു നഴ്സ് പുറത്തേക്ക് വന്നു....
"ആരാ ഭാനു?"
അവർ ചോദിച്ചു... ഭാനുവോടി അവർക്കടുത്തെത്തി...
"ഞാനാ..."
"കുട്ടിയെ കാണണംന്ന് വാശി പിടിക്കുന്നുണ്ട് പേഷ്യന്റ്... വന്നോളൂ "

നഴ്സിനൊപ്പം ഭാനു അകത്തേക്ക് കയറി.. ഉറക്കെ മിടിക്കുന്ന ഹൃദയവുമായി... ആ അവസരത്തിൽ പോലും ഭർത്താവിനോട് ദേഷ്യം തോന്നി അംബികയ്ക്ക്....പല്ല് കടിച്ച് പിടിച്ചവർ കസേരയിലിരുന്നു... അത്‌ കണ്ട് കുറച്ച് മാറിയൊരു പുച്ഛത്തോടെ ദാമുവും നിന്നിരുന്നു...

ബെഡ്‌ഡിൽ ശരീരത്തെ പൊതിഞ്ഞ വയറുകൾക്കിടയിൽ കിടക്കുന്ന രമേശനെ കാൺകെ വീണ്ടും ഭാനുവിന്റെ കണ്ണുകൾ ഒഴുകി തുടങ്ങി.... എങ്കിലുമതവൾ അടക്കിപ്പിടിക്കാൻ ശ്രമിച്ചു...
"അധികം സംസാരിപ്പിക്കണ്ട... മേജർ അറ്റാക്കാണ് ഉണ്ടായത്..."
നഴ്സ് പറഞ്ഞപ്പോൾ ഒന്ന് തലയാട്ടി ഭാനു രമേശനരികിൽ പോയി നിന്നു...

അദ്ദേഹത്തിന്റെ വാടിയ മുഖം കണ്ട് അവളുടെ നെഞ്ച് പൊടിഞ്ഞു..
അവളെ നോക്കി കിടന്നിരുന്ന അദ്ദേഹം കയ്യാട്ടി അവളെ തനിക്കടുത്തേക്ക്‌ വിളിച്ചു..അവൾ അദ്ദേഹത്തിനടുത്തേക്ക് കുനിഞ്ഞു നിന്നു...അദ്ദേഹം ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ക്യാനുലയിട്ട കൈ ഉയർത്തി അവളുടെ നെറുകിൽ മെല്ലെ തലോടി... ഭാനുവിന്റെ കണ്ണുനീരോഴുകി വീണു... ഇന്നോളമുള്ളതിൽ വച്ചേറ്റവും മനോഹരമായാണ് അദ്ദേഹം തന്നെ നോക്കി ചിരിച്ചതെന്ന് അവൾക്ക് തോന്നി...

പെട്ടെന്ന് അദ്ദേഹത്തിന്റെ മുഖം മങ്ങി...
"സൂ.. ക്ഷി.. ക്കണം... നം.. നമ്മുടെ കുടുംബം.....ന.. നശി... ക്കും ...അ.. അവർ.. പു. പുറകിൽ.. ഉണ്ട്.."
ശ്വാസമെടുക്കാൻ ബുദ്ധിമുട്ടി അദ്ദേഹം പറഞ്ഞു...
"ആരാ വല്യച്ഛാ..?"
മനസ്സിലാവാതെ പുരികം ചുളുക്കി ഭാനു ചോദിച്ചു...

"ജ.. ജയ..."
അപ്പോഴേക്കും അദ്ദേഹത്തിന്റെ ശ്വാസഗതി വർധിച്ചു തുടങ്ങിയിരുന്നു...
ഭാനു വല്ലാതെ ഭയന്നു പോയി...
"സിസ്റ്റർ.."
അവൾ ഭയത്തോടെ നഴ്സിംഗ് കാബിനിലേക്ക് നോക്കി വിളിച്ചു..
"മോ.. മോള്..പോ..പോണം...വി.. വിശ്.. വ.."
അദ്ദേഹമെന്തോ അവളെ അറിയിക്കാൻ ശ്രമിച്ചു....അപ്പോഴേക്കും രണ്ടു നഴ്സുമാർ ഓടി വന്നു... ഒരാൾ അദ്ദേഹത്തെ പരിശോധിക്കുമ്പോഴേക്കും മറ്റെയാൾ ഡോക്ടറെ വിളിക്കാനോടി...
നഴ്സിന്റെ ആജ്ഞപ്രകാരം പുറത്തേക്കിറങ്ങുമ്പോൾ ഭാനുവിന് തന്റെ ശ്വാസം നിലയ്ക്കുന്നത് പോലെ തോന്നി.... അദ്ദേഹം പറഞ്ഞ വാക്കുകളുടെ അർത്ഥം തിരയുകയായിരുന്നു അവൾ...

അകത്തേക്ക് ഡോക്ടർ കയറിയതും തിരിച്ചിറങ്ങിയതുമൊന്നും അവളറിഞ്ഞില്ല... അംബികയുടെ നിലവിളി ശബ്ദം കാതിൽ വന്നു വീഴുമ്പോഴേക്കും തിരിച്ചറിവിന്റെ ആഘാതത്തിൽ അവൾ ബോധമറ്റു നിലം പതിച്ചിരുന്നു..

കൂരിരുട്ടിൽ വഴി തേടി അവളുടെ ഉപബോധമനസ്സ് അലയാൻ തുടങ്ങിയിരുന്നു...

⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️

 


രണഭൂവിൽ നിന്നും... (6)

രണഭൂവിൽ നിന്നും... (6)

4.8
2376

ഹോസ്പിറ്റലിൽ ബോധമറ്റു വീണ ഭാനു കണ്ണ് തുറക്കുമ്പോൾ ഭവാനി മാത്രമേ അടുത്തുണ്ടായിരുന്നുള്ളൂ.. അപ്പോഴേക്കും രമേശന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ട് പോയിരുന്നു.. ഉണർന്നത് മുതൽ ഒരക്ഷരം പോലും ഭാനു മിണ്ടിയിട്ടില്ല.. കരഞ്ഞിട്ടില്ല.. രമേശന്റെ മൃതദേഹത്തിന് മുൻപിൽ ഇരിക്കുമ്പോഴും അവൾ നിശ്ചലയായിരുന്നു... സന്ദീപും സന്ധ്യയും എത്തിയിട്ടുണ്ട്.. രമേശന്റെയും അംബികയുടെയും ബന്ധുക്കളൊരുപാട് പേര് വന്നു പോകുന്നുണ്ട്... അംബിക ഉറക്കെ കരയുക തന്നെയാണ്..സന്ധ്യ അമ്മയുടെ അടുത്തിരുന്നു പൊട്ടിക്കരയുന്നുണ്ട്... അതിനടുത്ത് തന്നെ രമണിയും അതേ അവസ്ഥയിലിരിപ്പുണ്ട്.. മാറിയൊരു മൂലയിലിരി