ഹോസ്പിറ്റലിൽ ബോധമറ്റു വീണ ഭാനു കണ്ണ് തുറക്കുമ്പോൾ ഭവാനി മാത്രമേ അടുത്തുണ്ടായിരുന്നുള്ളൂ.. അപ്പോഴേക്കും രമേശന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ട് പോയിരുന്നു.. ഉണർന്നത് മുതൽ ഒരക്ഷരം പോലും ഭാനു മിണ്ടിയിട്ടില്ല.. കരഞ്ഞിട്ടില്ല.. രമേശന്റെ മൃതദേഹത്തിന് മുൻപിൽ ഇരിക്കുമ്പോഴും അവൾ നിശ്ചലയായിരുന്നു...
സന്ദീപും സന്ധ്യയും എത്തിയിട്ടുണ്ട്.. രമേശന്റെയും അംബികയുടെയും ബന്ധുക്കളൊരുപാട് പേര് വന്നു പോകുന്നുണ്ട്... അംബിക ഉറക്കെ കരയുക തന്നെയാണ്..സന്ധ്യ അമ്മയുടെ അടുത്തിരുന്നു പൊട്ടിക്കരയുന്നുണ്ട്... അതിനടുത്ത് തന്നെ രമണിയും അതേ അവസ്ഥയിലിരിപ്പുണ്ട്.. മാറിയൊരു മൂലയിലിരിക്കുന്ന ഭാനുവിന്റെ അടുത്ത് കരഞ്ഞു കൊണ്ട് ഭവാനിയുമുണ്ട്...
തനിക്കരികിൽ ആരോ വന്നിരുന്ന് തോളിൽ തൊട്ടപ്പോഴാണ് ഭാനുവൊന്ന് മുഖമുയർത്തി നോക്കിയത്..
ശരണ്യയായിരുന്നു അത്.. അവളെ കണ്ടിട്ടും ഭാനു അനങ്ങിയില്ല.. ഭാനുവിന്റെ മുഖം വീണ്ടും താഴ്ന്നു...ശരണ്യക്ക് അവളുടെ ഇരിപ്പ് കണ്ട് പേടിയാവാൻ തുടങ്ങി...
"ഇല്ല ജയാ.. ഒന്നുമറിയില്ല.. പോലീസ് എന്തൊക്കെയോ പറയണുണ്ട്..."
ആരോ ആരോടോ പറഞ്ഞ വാക്കുകൾ ഭാനുവിന്റെ കാതിൽ വന്നു വീണു...
"ജയാ!!!!!"
ആ വാക്കിലവളുടെ ഓർമ്മയെവിടെയോ തങ്ങി നിന്നു...ഒന്ന് കിടുങ്ങി ഭാനു മുഖമുയർത്തി..അവിടെ രമേശനെ നോക്കി നിന്നിരുന്ന ഒരാളിൽ അവളുടെ കണ്ണുകൾ പതിഞ്ഞു...
"ജയദേവൻ വക്കീൽ "
അവളുടെ മനസ്സ് പറഞ്ഞു.. അവൾ അടുത്തിരിക്കുന്ന ശരണ്യയെ നോക്കി...
"എന്താടീ "
ഭാനുവിന്റെ നോട്ടം കണ്ട് ശരണ്യ പുരികം ചുളിച്ചു ചോദിച്ചു....
ഒന്നുമില്ലെന്ന് ഭാനു മെല്ലെ തലയാട്ടി കാണിച്ചു...
തന്റെ മുന്നിൽ നിൽക്കുന്നത് ശരണ്യയുടെ അച്ഛനാണെന്ന് ഭാനുവിന് മനസ്സിലായി...
പക്ഷേ അദ്ദേഹത്തിന്റെ പേര്...
രമേശന്റെ അവസാന വാക്കുകളിൽ അത് പോലെന്തോ അല്ലേ കേട്ടതെന്ന് അവൾ ആലോചിച്ചു... ഒന്നും മനസ്സിലാവുന്നില്ല... ഭാനു തലയ്ക്ക് കൈ കൊടുത്തിരുന്നു... തലയാകെയൊരു പെരുപ്പ് തോന്നിയവൾക്ക്...
രമേശന്റെ ശരീരം ചിതയിലെരിഞ്ഞടങ്ങുമ്പോൾ ജനലഴികൾക്കുള്ളിലൂടെയത് നോക്കി നിന്ന ഭാനുവിന്റെ മനസ്സിലപ്പോൾ അദ്ദേഹത്തിന്റെ അവസാനത്തെ വാക്കുകൾ വീണ്ടും വീണ്ടും അലയടിച്ചുകൊണ്ടിരുന്നു...
എന്താണദ്ദേഹം തന്നോട് പറഞ്ഞത്.. അദ്ദേഹം പൊന്ന് പോലെ പരിപാലിച്ച കുടുംബം ആരാണ് നശിപ്പിക്കാൻ ശ്രമിക്കുന്നത്... അതിൽ ശരണ്യയുടെ അച്ഛന് പങ്കുണ്ടോ...എങ്ങോട്ട് പോകാനാണ് തന്റെ വല്യച്ഛൻ തന്നോട് പറഞ്ഞത്??അവസാനശ്വാസത്തിനു മുൻപ് അദ്ദേഹം പറഞ്ഞ പേരെന്തായിരുന്നു...??
വി.. ശ്.. വ... എന്തായിരിക്കുമത്??
വി.. ശ്.. വ...
വിശ്.. വ..
വിശ്വ... വിശ്വ... ആരാണത്???
തെക്കേ തൊടിയിലെ തീനാളങ്ങൾ പുകച്ചുരുളുകൾ തീർത്ത് ആകാശത്തിലേക്കുയർന്നു പോകവേ നഷ്ടബോധത്തിന്റെ ഭാരം അവളുടെ കണ്ണുകളിൽ നീരുറവ പുറപ്പെടുവിച്ചു... കലങ്ങി മറിയുന്ന മനസ്സ് അവളെ പിടിച്ചുലച്ചു... ഒന്നലറിക്കരയാൻ അവളുടെ മനസ്സ് കൊതിച്ചു.. പക്ഷേ ഒരിറ്റ് കണ്ണുനീർ പോലും ഒഴുകിപ്പോയില്ല... മരവിപ്പ് മാത്രം ബാക്കിയായി...
തോളിലാരുടെയോ കരസ്പർശമറിഞ്ഞ് ഭാനു തിരിഞ്ഞ് നോക്കി... ശരണ്യ....കൂടെ അവളുടെ അമ്മ കമലയുമുണ്ട്...
ഭാനു അവർക്ക് നേരെ തിരിഞ്ഞ് നിന്നു...
തോളിലിരുന്ന ശരണ്യയുടെ കയ്യെടുത്ത് തന്റെ കൈകൾക്കുള്ളിൽ അവൾ പൊതിഞ്ഞ് പിടിച്ചു....
"ഇന്നേ വരെ എന്റെ വല്യച്ഛന്റെ വാക്കുകൾ ഞാൻ അനുസരിക്കാതിരുന്നിട്ടില്ല..അവസാനമായി അദ്ദേഹം എന്നോട് ആവശ്യപ്പെട്ടത് നിങ്ങൾടെ കുടുംബവുമായി ഒരു അടുപ്പവും ഇനി പാടില്ലെന്നാണ്.... അതിന്റെ കാരണമറിയില്ലെനിക്ക്... പക്ഷേ എനിക്കത് അനുസരിച്ചേ പറ്റൂ... നിന്നോടൊരു ദേഷ്യവുമുണ്ടായിട്ടല്ല പെണ്ണേ.. ഞാൻ നിസ്സഹായയാണ്.. നീയിനി എന്നെ കാണാൻ ശ്രമിക്കരുത്... തമ്മിൽ കണ്ടാൽ ഒരു പുഞ്ചിരിക്കപ്പുറം ഒരു സൗഹൃദവും നമുക്കിടയിൽ ഉണ്ടാകില്ല ടീ... എന്നോട് ദേഷ്യം തോന്നരുത്... അങ്ങനെയല്ലാതെ മറിച്ചു ചിന്തിക്കാൻ എനിക്കാവില്ല... അമ്മയെയും കൂട്ടി പൊയ്ക്കോ...ഒരിക്കലും തമ്മിൽ കാണാനുള്ള അവസരം വരാതിരിക്കട്ടെ... "
പറഞ്ഞിട്ട് തിരിഞ്ഞ് പുറത്തേക്ക് നോക്കി നിൽക്കുന്ന ഭാനുവിനെ കണ്ട് നിറകണ്ണുകളോടെ ശരണ്യ അമ്മയെ നോക്കി... അവർ മകളുടെ നെറുകിൽ തലോടി ഒന്ന് നെടുവീർപ്പിട്ടു... പിന്നെ കുറച്ച് മുൻപോട്ട് നീങ്ങി ഭാനുവിന്റെ നെറുകിൽ മെല്ലെ തലോടി... ഭാനുവിന്റെ കണ്ണുകളൊന്ന് പിടച്ചു... എങ്കിലും അവൾ കണ്ണുകൾ താഴ്ത്തിക്കളഞ്ഞു...
"ഞങ്ങൾക്ക് മോള് പറയുന്നത് മനസ്സിലാകും... ജയേട്ടനോടുള്ള ദേഷ്യം കൊണ്ടാകും മോൾടെ വല്യച്ഛൻ അങ്ങനെ പറഞ്ഞത്... ഒരു തെറ്റിദ്ധാരണയുടെ പുറത്തുണ്ടായ ദേഷ്യമാണത്.. ഇനിയത് തിരുത്താനുമാവില്ല.. എല്ലാം അങ്ങനെ തന്നെയിരുന്നോട്ടെ... പക്ഷേ ഒന്ന് മോളെപ്പോഴും ഓർത്ത് വയ്ക്കണം... എന്താവശ്യം വന്നാലും വല്യ കോലോത്തെ പടിപ്പുര മോൾക്ക് വേണ്ടി എന്നും തുറന്ന് കിടക്കും... എപ്പോൾ വേണമെങ്കിലും മോൾക്ക് അവിടേക്ക് വരാം.. ആരും തടയില്ല... ഇപ്പൊ ഞങ്ങളിറങ്ങുന്നു... ഇനിയും തമ്മിൽ കാണാനുള്ള അവസരം ഉണ്ടാകുമെന്നാണ് ഈ അമ്മയുടെ വിശ്വാസം.. അന്ന് ജയേട്ടനെ കുറിച്ച് മോൾടെ വല്യച്ഛന്റെ ഉള്ളിലുണ്ടായിരുന്ന തെറ്റിദ്ധാരണ മോൾക്കെങ്കിലും തിരുത്താൻ കഴിയണേയെന്ന് അമ്മ പ്രാർത്ഥിക്കും.. പോട്ടെ... വാ മോളെ... "
കമല ശരണ്യയുമായി തിരിഞ്ഞ് നടന്നു...
ശരണ്യ നിറഞ്ഞു വരുന്ന കണ്ണുകൾ തുടച്ചു കൊണ്ടിരുന്നു.. കുറച്ചു മുൻപോട്ട് പോയിട്ട് അവൾ തിരികെ ഭാനുവിനടുത്തേക്ക് വന്നു... ഭാനുവിനെ ഇറുക്കെ കെട്ടിപ്പിടിച്ച് അവളുടെ കവിളിൽ അമർത്തി മുത്തിയിട്ട് വിതുമ്പലടക്കിക്കൊണ്ട് ശരണ്യ മുറിയിൽ നിന്നും പുറത്തേക്കോടി...
ഭാനു വിതുമ്പിത്തുടങ്ങിയിരുന്നു... ശരണ്യ പോയെന്ന് മനസ്സിലായതും അവളോടിപ്പോയി വാതിലടച്ചു കുറ്റിയിട്ടു...
പിന്നീടവൾ അലറി വിളിച്ചു കരയുകയായിരുന്നു... മണിക്കൂറുകളോളം അവളാരും കാണാതെ ആ മുറിക്കുള്ളിൽ കരഞ്ഞു തീർത്തു... ഒടുവിലെപ്പോഴോ നേർത്ത ഏങ്ങലടികളോടെ അവളൊരു ഗാഢനിദ്രയിലേക്ക് കൂപ്പു കുത്തി....
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
ദിവസങ്ങൾ കഴിഞ്ഞ് പോകവേ രമേശന്റെ മരണാനന്തര ചടങ്ങുകളൊക്കെ ബന്ധുക്കളുടെ വൻ പങ്കാളിത്തത്തോടെ നടന്നു.. ഊണും ഉറക്കവുമില്ലാതെ ഭാനു വല്യച്ഛന്റെ കർമ്മങ്ങൾക്കായി രാപ്പകൽ ജോലി ചെയ്തു...
എല്ലാം കഴിഞ്ഞ് ആളൊഴിഞ്ഞതോടെ ആ വീട്ടിൽ വീർപ്പുമുട്ടിക്കുന്നൊരു മൂകത നിറഞ്ഞു നിന്നു.. വരാനിരിക്കുന്ന പേമാരിയുടെ തുടക്കമെന്നോണം രമേശന്റെ മരണം ആ തറവാടിന് മുകളിലൊരു ഇരുണ്ട കാർമേഘമായി ഉരുണ്ടു കൂടി നിന്നു...
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
ദിവസങ്ങളും മാസങ്ങളും ഓടിയകന്നു...
ഇതിനിടയിൽ സന്ദീപും സന്ധ്യയും തിരികെപ്പോയി.... ഭാനുവിന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായൊരു ദിവസം ഒരു അഭിനന്ദനവാക്ക് പോലുമില്ലാതെ വളരെ നിസ്സാരമായി കടന്നു പോയി...
മുഴുവൻ വിഷയത്തിനും എ പ്ലസ് നേടി സ്റ്റേറ്റിൽ അഞ്ചാം റാങ്കിനർഹയായ ആ പെൺകുട്ടി തന്റെ വല്യച്ഛന്റെ അഭാവത്തിൽ ഏത് നിമിഷം വേണമെങ്കിലും തന്റെയും അമ്മയുടെയും അഭയസ്ഥാനം കൂടി നഷ്ടപ്പെടുമെന്ന ഭീതിജനകമായ അവസ്ഥയിലൂടെ കടന്നു പോകുകയായിരുന്നു...
ആരോടും ഒന്നും സംസാരിക്കേണ്ട ആവശ്യം പോലുമില്ല അവൾക്ക്.. അല്ലാതെ തന്നെയവൾക്കറിയാം.. ഇത്രയും കാലം ജീവിക്കാൻ പ്രേരിപ്പിച്ച ഒരേയൊരു പ്രതീക്ഷ കൂടി നഷ്ടമായിരിക്കുന്നുവെന്ന്.. വിദ്യാഭ്യാസം തനിക്കിനി ബാലികേറാമലയാണെന്ന്..
അച്ഛന്റെ മരണത്തോടെ തന്റെ ജീവിതത്തെ ബാധിച്ച കൂരിരുൾ ഘനം വച്ചു തുടങ്ങിയത് അവളറിയാൻ തുടങ്ങി.. മുന്നിലേക്ക് പോകാനൊരു നുറുങ്ങു വെട്ടം കൂടിയില്ലാതെ അവൾ നിസ്സഹായയായി പകച്ചു നിന്നു...
ഇരുൾ വകഞ്ഞു മാറ്റി വഴി തെളിക്കാനൊരു പ്രകാശം തന്നിലേക്ക് വരാനിരിക്കുന്നുണ്ടെന്നറിയാതെ....
⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️