Aksharathalukal

രണഭൂവിൽ നിന്നും... (7)

മാസങ്ങൾക്ക് ശേഷം...

ഒരു നാൾ അംബിക ഭാനുവിനെ തേടി അടുക്കളയിലെത്തി.. ദിവസങ്ങളായി തുടരുന്ന അവരുടെ മൗനം ഭാനുവിനെ വല്ലാതെ അതിശയിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്തിരുന്നു...
ഒരു പടിയിറക്കം ഏത് നിമിഷവും അഭിമുഖീകരിക്കേണ്ടി വരുമെന്നവൾക്ക് ഉറപ്പായിരുന്നു.. അങ്ങനെയുണ്ടായാൽ എവിടെ പോകുമെന്നതിനെ കുറിച്ചുള്ള ആശങ്ക അവളുടെ ഉറക്കം പോലും നഷ്ടപ്പെടുത്തിയിരുന്നു...

\"ഭാനു \"
അംബികയുടെ ശബ്ദത്തിൽ പതിവില്ലാത്തൊരു ഗൗരവം ഉണ്ടായിരുന്നു.. തികച്ചും ശാന്തമായൊരു ഭാവം..
\"എന്താ വല്ല്യമ്മേ?\"
ചിലമ്പിയ സ്വരത്തിൽ ഭാനു ചോദിച്ചു..
\"നിനക്ക് ഒരു കല്യാണാലോചന വന്നിട്ടുണ്ട്.. നാളെ പെണ്ണുകാണാൻ ചെക്കനും കൂട്ടരും വരും..ഈ ഡ്രെസ്സിട്ട് മെനയ്ക്ക് ചെല്ലണം അവർക്ക് മുന്നിൽ.. \"

കയ്യിലെ കവർ ഭാനുവിനായി നീട്ടിക്കൊണ്ട് അംബിക ആജ്ഞാസ്വരത്തിൽ പറഞ്ഞു..
ഭാനുവിന് തന്റെ കാൽക്കീഴിലെ മണ്ണൊലിച്ചു പോകുന്നതായി തോന്നി.. തല കറങ്ങുന്നു.. ഒരു ബലത്തിന് അവൾ കിച്ചൺ ടോപ്പിൽ പിടിച്ചു നിന്നു...

\"വല്ല്യമ്മേ.. എനിക്കിപ്പോ ഒരു കല്യാണം വേണ്ട വല്ല്യമ്മേ.. എനിക്ക്.. എനിക്ക് പഠിക്കണം..\"
\"നിന്റെ അച്ഛൻ കൊണ്ട് വച്ചിട്ടുണ്ടോ നിന്നെ പഠിപ്പിക്കാനുള്ളത്!!!\"
അതൊരു ആക്രോശമായിരുന്നു....
ഭാനു ഞെട്ടി പിറകോട്ടല്പം മാറി നിന്നു... അംബികയുടെ മുഖത്ത് പുച്ഛം നിറഞ്ഞു...

\"എവിടെപ്പോയി നിന്റെ തന്റേടവും നാക്കും.. എന്തായിരുന്നു ഒരു ഉശിര്..എവ്ടെ.. ഇപ്പൊ ഒന്നും കാണാനില്ലല്ലോ...
അന്നേ കരുതി വച്ചതാ ഞാൻ നിനക്കുള്ള പണി.. രമേശേട്ടനെ എങ്ങനെ പറഞ്ഞു സമ്മതിപ്പിക്കുമെന്നൊരു സംശയം മാത്രേ ഉണ്ടാരുന്നുള്ളൂ.. ഇനിയിപ്പോ അതും പ്രശ്നമില്ല.. \"

ഭാനു ഞെട്ടി അംബികയെ നോക്കി.. അവൾക്ക് വിശ്വസിക്കാനായില്ല.. അവരെ ജീവന് തുല്യം സ്നേഹിച്ചിരുന്ന തന്റെ വല്യച്ഛന്റെ മരണം പോലും അവർ തനിക്കെതിരെയുള്ള ആയുധമാക്കി മാറ്റാൻ ശ്രമിക്കുന്നുവെന്നത് അവൾക്ക് ഉൾക്കൊള്ളാനായില്ല... അവളുടെ ഉള്ളം എരിഞ്ഞു തുടങ്ങിയിരുന്നു...

\"നിനക്കിനി വേറെ വഴിയില്ല ഭാനു.. നീയീ വിവാഹത്തിന് സമ്മതിച്ചേ തീരൂ... നിന്നെ ഒഴിവാക്കാനാണെങ്കിലും ജാതകമൊക്കെ നോക്കി പൊരുത്തമുള്ള ചെക്കനെ തന്നെയാ ഞാൻ കണ്ട് പിടിച്ചത്..നാട്ടുകാരെ ബോധിപ്പിക്കണ്ടേ..നാളെയൊരു പ്രശ്നം വന്നാ ആരും എന്നെ കുറ്റപ്പെടുത്തരുത്...പോരാത്തതിന് നിന്റെ അച്ഛന്റെ ജോലി തന്നെയാ അവനും..ദാമു കൊണ്ട് വന്ന ആലോചനയായത് കൊണ്ട് കൂടുതലൊന്നും അന്വേഷിക്കാനുമില്ല..\"

ദാമുവിന്റെ പേര് കേട്ടതും ഭാനുവിന് തന്റെ ഭാവി എന്താകുമെന്നതിനെക്കുറിച്ച് ഏകദേശം മനസ്സിലായി കഴിഞ്ഞിരുന്നു...
\"എന്താ നീയൊന്നും പറയാത്തേ... അല്ലെങ്കിൽ എന്നോട് ചാടാൻ നൂറ് നാവായിരുന്നല്ലോ.. എന്തൊരഹങ്കാരമായിരുന്നു നിനക്ക്..അതൊട്ടും കുറക്കണ്ട..എന്തെങ്കിലും പറയ്.. ഞാൻ കേൾക്കട്ടെ...\"
പരിഹാസം നിറഞ്ഞു നിന്ന അംബികയുടെ വാക്കുകൾ കേട്ട് ഭാനുവൊന്ന് പുഞ്ചിരിച്ചു... നിസ്സഹായമായി...

\"എന്തിനാ വല്യമ്മേ ഈ പക? അതിന് മാത്രം എന്ത് തെറ്റാ ഞാൻ നിങ്ങളോട് ചെയ്തത്?\"
വളരെ ദയനീയമായിരുന്നു ആ ചോദ്യം.. എത്ര അടക്കിനിർത്താൻ ശ്രമിച്ചിട്ടും അവളുടെ കണ്ണുകളവളെ ചതിച്ചുകൊണ്ടേയിരുന്നു...

\"പക!!!എന്തിനാണ് പകയെന്നോ... ഉണ്ട്.. കാരണം ഒരുപാടുണ്ട്.. നീയും നിന്റമ്മയും ഈ വീട്ടിൽ വന്നു കയറുന്നത് വരെ ഒരു രാജകുമാരിയേപ്പോലെയാണ് ഞാനിവിടെ ജീവിച്ചത്... പക്ഷേ എന്ന് നിങ്ങളീ വീട്ടിലെത്തിയോ അന്ന് മുതൽ ഞാനീ വീട്ടിലെ വെറുമൊരു മരുമകൾ മാത്രമായി മാറി.. നിന്റെ  അച്ഛമ്മ നിന്റമ്മയെ തലയിലേറ്റി നടന്നു... എന്റെ മക്കളെക്കാൾ അവർ നിന്നെ ലാളിച്ചു... പുറമേയ്ക്ക് കാണിച്ചില്ലെങ്കിലും നിന്റെ അച്ഛച്ഛനും നിന്നെയാണ് കൂടുതൽ സ്നേഹിച്ചത്.. പല സമയത്തും എന്റെ മക്കളെയും എന്നെയും തഴഞ്ഞു നിനക്കും നിന്റമ്മയ്ക്കും അവർ കൂടുതൽ പ്രാധാന്യം നൽകി... അന്ന് വെറുത്തു തുടങ്ങിയതാ നിങ്ങളെ രണ്ടാളെയും...

അച്ഛനും അമ്മയും മരിച്ചപ്പോൾ എനിക്ക് ഒരവസരമാണ് കൈവന്നത്.. നിങ്ങളെ ഒഴിവാക്കാൻ.. പക്ഷേ  എന്റെ ഭർത്താവ് അതിന് വിലങ്ങു തടിയായി. അനിയനോടുള്ള സ്നേഹം കൊണ്ട് നിന്റമ്മയെ അദ്ദേഹം അനിയത്തിയായി കാണാൻ തുടങ്ങി.. ഒരുപക്ഷേ രമണിയെക്കാളും അദ്ദേഹം കരുതൽ നൽകിയത് നിന്റമ്മയ്ക്കാകും..അദ്ദേഹത്തിന്റെ മക്കളെക്കാൾ നിന്നെ അദ്ദേഹം സ്നേഹിച്ചു.. വിശ്വസിച്ചു.. പഠിത്തത്തിൽ ഒന്ന് മോശമായാൽ നിന്നെ ചൂണ്ടിക്കാട്ടി അദ്ദേഹം എന്റെ മക്കളെ ശകാരിച്ചു... വീണ്ടും നിങ്ങൾക്ക് പ്രാധാന്യമേറി വരുന്നത് എനിക്ക് മരണതുല്യമായിരുന്നു...നിങ്ങളോടുള്ള വെറുപ്പ് എനിക്കുള്ളിൽ പകയായി വളർന്നു..

അദ്ദേഹമറിയാതെ നിങ്ങളെ ആ കുടുസ് മുറിയിലേക്ക് മാറ്റുമ്പോഴും ജോലികൾ തന്ന് കഷ്ടപ്പെടുത്തുമ്പോഴും ഒന്നെനിക്കുറപ്പായിരുന്നു...നന്ദികേട് നിങ്ങൾ കാണിക്കില്ലെന്ന്.. ഈ വീട്ടിലൊരു പ്രശ്നമുണ്ടാകാതിരിക്കാൻ നിങ്ങൾ എല്ലാം സഹിക്കുമെന്ന്.. അതായിരുന്നു എന്റെ ധൈര്യവും...

പക്ഷേ ജോലികൾക്കിടയിൽ നീ പഠിത്തത്തിൽ മോശമാകുമെന്ന എന്റെ കണക്കുകൂട്ടൽ തെറ്റിപ്പോയി...അത്‌ മാത്രമോ വലുതാവും തോറും നീയെന്റെ ഭർത്താവിന് മേൽ കൂടുതൽ സ്വാധീനം ചെലുത്താൻ തുടങ്ങി.. നീ കൂടുതൽ തന്റേടിയായി...ആ തന്റേടം എന്റെ മുറിയിൽ കയറി മോഷ്ടിക്കാൻ ശ്രമിച്ചത് വരെയെത്തിയപ്പോൾ എനിക്ക് അറപ്പായി നിന്നോട്...

കൂടുതൽ പഠിക്കാൻ വിട്ടാൽ നീ കൊമ്പത്തെത്തി എന്നോട് പകരം വീട്ടുമെന്ന് ഞാൻ പേടിച്ചു.. അത്‌ കൊണ്ടാണ് പതിനെട്ടു തികഞ്ഞതും നിന്നെ കെട്ടിച്ചു വിടാൻ ഞാൻ നിന്റെ വല്യച്ഛനോട് ആവശ്യപ്പെട്ടത്... അപ്പോഴദ്ദേഹം എന്നെ പരിഹസിക്കുകയാണ് ചെയ്തത്.. റാങ്ക് വാങ്ങാൻ പോകുന്നവളെ ഇപ്പൊ കല്യാണം കഴിപ്പിക്കാൻ പറ്റില്ല പോലും... അന്നെനിക്ക് നിന്നോടുള്ള പക ഇരട്ടിയായി.. പറ്റിയൊരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നു ഞാൻ... അതിപ്പോ വന്നിരിക്കുന്നു.. ദൈവം എന്റെ കൂടെയാടീ...

നിനക്ക് വേണമെങ്കിൽ ഈ വിവാഹം വേണ്ടെന്ന് വയ്ക്കാം... അപ്പോൾ പിന്നെ അമ്മയുമായി ഈ വീടിന്റെ പടിയിറങ്ങാൻ തയ്യാറായിക്കോ.. എങ്ങോട്ട് പോകുമെന്ന് എനിക്കറിയണ്ട... വല്ല പോലീസിലും കേസ് കൊടുക്കാൻ പോയാൽ നിനക്കെതിരെ കേസ് തിരിക്കാൻ എനിക്കാ മോഷണശ്രമം തന്നെ ധാരാളം .. എന്റെ അമ്മാവന്റെ മകനാണ് ഇവിടുത്തെ എസ്‌. ഐ...ഞാൻ പറയുന്നതേ ഏട്ടൻ വിശ്വസിക്കൂ..അതല്ല ഞാൻ പറഞ്ഞത് അനുസരിച്ചാൽ നിന്റമ്മയെങ്കിലും പട്ടിണിയില്ലാതെ കഴിയും...
എന്ത് വേണമെന്ന് നിനക്ക് തീരുമാനിക്കാം..\"

നിർദാക്ഷിണ്യം നിറഞ്ഞ വാക്കുകളോടെ അംബിക കയ്യിലെ കവറവിടെ വച്ച് അടുക്കളയിൽ നിന്നും പാഞ്ഞിറങ്ങിപ്പോയി..കുനിഞ്ഞ് നിലത്തിരുന്നു പോയി ഭാനു.. കണ്ണുകളടച്ചിരിക്കുമ്പോൾ ഭാനുവിന്റെ മനസ്സിലേക്ക് ആറ് മാസം മുൻപുണ്ടായൊരു സംഭവം കടന്നു വന്നു..

\"\"അന്ന് വീട്ടിൽ ഭവാനിയും അവളും മാത്രമേ ഉണ്ടായിരുന്നുള്ളൂ.. അടുക്കളയിലെ ജോലി കഴിഞ്ഞ് മുറിയിലേക്ക് നടക്കുമ്പോഴാണ് അംബികയുടെ മുറിയിൽ നിന്നും എന്തോ ശബ്ദം കേട്ടത്..അംബിക വീട്ടിലില്ലാത്തത് കൊണ്ട് ഭാനുവിന് എന്തോ പന്തികേട് തോന്നി.. ശബ്ദമുണ്ടാക്കാതെ മുറിയിലേക്ക് ചെന്ന് നോക്കുമ്പോൾ കണ്ടത് മേശവരിപ്പിലെന്തോ തിരയുന്ന ദാമുവിനെയാണ്.. ഭാനു നോക്കി നിൽക്കെ തന്നെ വരിപ്പിൽ നിന്നുമൊരു താക്കോലെടുത്ത് രമേശന്റെ അലമാര തുറക്കാൻ തുടങ്ങി ദാമു...ഭാനുവിന്റെ മുഖമിരുണ്ടു ..

\"ഡോ \"
അവളുടെ അലർച്ചയിൽ അയാൾ ഞെട്ടി കയ്യിലിരുന്ന താക്കോൽ താഴെ വീണു... അയാളുടെ മുഖം വിളറി വെളുത്തു പോയി...
\"അ.. അത്‌.. കുഞ്ഞേ.. ഞാൻ.. ഞാൻ.. ഇങ്ങനെ.. വെറുതെ..\"
അയാൾ തപ്പിത്തടയാൻ തുടങ്ങി...

ദേഷ്യം നിറഞ്ഞ മുഖത്തോടെ ഭാനു താഴെ വീണ താക്കോലെടുത്തു കയ്യിൽ പിടിച്ചു..
\"പിന്നെ ഇതെന്താ ഡോ.. താൻ കുറേദിവസായി ഈ ഭാഗത്ത്‌ കിടന്ന് കറങ്ങുന്നത് ഞാൻ കണ്ടാരുന്നു.. ഇതിനായിരുന്നല്ലേ.. നാണമില്ലല്ലോ.. ആവശ്യത്തിൽ കൂടുതൽ അറിഞ്ഞു തരണില്ലേ ഇവിടുള്ളോര്.. എന്നിട്ടും ആർത്തി തീരണില്ലല്ലേ.. കഷ്ടം തന്നെ... \"
ദേഷ്യത്തിൽ പരിഹാസം കലർത്തി ഭാനു അയാളോട് കയർത്തു...

അത്രയും നേരം പരിഭ്രമിച്ചു നിന്ന ദാമുവിന്റെ മട്ട് മാറിയത് പെട്ടെന്നായിരുന്നു..
\"എന്നാലും എന്റെ കുഞ്ഞേ ഇത് വേണ്ടായിരുന്നു.. ഒരു കുറവും വരുത്താണ്ട് നോക്കിയിട്ടും പിന്നേം കട്ടെടുക്കാൻ നോക്കാച്ചാൽ... കഷ്ട്ടിണ്ട് കുഞ്ഞേ... ഇത് കുഞ്ഞിന്റെ വല്യച്ഛനറിഞ്ഞാൽ വല്ല്യ സങ്കടാവും...\"

പെട്ടെന്നുള്ള ദാമുവിന്റെ വാക്കുകൾ കേട്ട് ഭാനു പകച്ചു പോയി...
\"ടീ!!\"
പിറകിൽ നിന്നും അംബികയുടെ അലർച്ച കേട്ടപ്പോഴാണ് ദാമുവിന്റെ ഭാവമാറ്റത്തിന്റെ കാരണം ഭാനുവിന് മനസ്സിലായത്...
ഭാനു പിറകിലേക്ക് തിരിഞ്ഞ് നോക്കിയതും മുഖമടച്ചൊരു അടി കിട്ടിയതും ഒന്നിച്ചായിരുന്നു..നീര് പൊടിഞ്ഞ കണ്ണ് മിഴിഞ്ഞ് ഭാനു അംബികയെ നോക്കുമ്പോഴേക്കും അവർ ഭാനുവിന്റെ കയ്യിലിരുന്ന താക്കോൽ തട്ടിപ്പറിച്ചെടുത്തിരുന്നു...

\"എന്ത്‌ കട്ടെടുക്കാനാ ടീ നീയീ താക്കോലെടുത്തത്? ഇനി എന്ത് വിശ്വസിച്ചാ ഞാൻ പുറത്തേക്ക് പോകുക.. എത്ര കിട്ടിയാലും ആർത്തി തീരില്ലല്ലേ നിനക്ക്... നീയിത്ര മോശക്കാരിയാണെന്ന് ഞാൻ വിചാരിച്ചില്ല.. ഇതൊക്കെ പിടിച്ചു പോലീസിലേൽപ്പിക്കുകയാ വേണ്ടേ.. ഇന്ന് നിന്റെ വല്യച്ഛനിങ്ങു വരട്ടെ.. ശരിയാക്കി തരണുണ്ട് ഞാൻ...\"

ചെയ്യാത്ത കുറ്റം ചാർത്തപ്പെട്ട് അപമാനഭാരം ചുമക്കുമ്പോഴും ഭാനുവിന്റെ ശിരസ്സ് ഉയർന്നു തന്നെ നിന്നു...തെറ്റ് ചെയ്യാത്തിടത്തോളം എവിടെയും ആർക്ക് മുൻപിലും തല കുനിക്കരുതെന്ന് അച്ഛൻ പഠിപ്പിച്ച പാഠം അവൾ അനുസരിച്ചു...ആ നേരം ദാമുവിന്റെ ചുണ്ടിലൂർന്ന പുച്ഛം ഭാനു വ്യക്തമായി കണ്ടു... അംബികയോട് എന്ത് പറഞ്ഞിട്ടും ഫലമില്ലെന്ന് അവൾക്കറിയാമായിരുന്നു... അവർ ദാമുവിനെയേ വിശ്വസിക്കൂ.. അയാൾക്കെതിരെ തന്റെ കയ്യിലാണെങ്കിൽ തെളിവുകളുമില്ല...

\"അയ്യോ.. വേണ്ട മാഡം.. കുഞ്ഞിനൊരു അബദ്ധം പറ്റിയതാകും... ഇത്തവണത്തേക്ക് ക്ഷമിക്ക്...ഇവൾ ഇനിയിങ്ങനെയൊന്നും ചെയ്യാതിരിക്കാൻ ഇവളുടെ മേൽ എന്റെയൊരു കണ്ണ് എപ്പോഴുമുണ്ടാകും.. പോലീസിൽ അറിയിച്ചാൽ ഈ തറവാടിന് ചീത്തപ്പേരാകും... അത് മാത്രല്ല...വെറുതെ സാറിനോടൊക്കെ പറഞ്ഞാൽ അതിന്റെ നാണക്കേട് മാഡത്തിന് തന്നെയാ.. മാഡം ഈ വീട്ടിലെ കാര്യങ്ങളൊന്നും ശ്രദ്ധിക്കുന്നില്ലെന്നേ സാറ് പറയൂ..\"
അംബിക അവസാനം പറഞ്ഞ വാക്കുകൾ കേട്ട് ഞെട്ടി ദാമു പെട്ടെന്ന് പറഞ്ഞു... ഇത്തവണ പുച്ഛം നിറഞ്ഞത് ഭാനുവിന്റെ മുഖത്തായിരുന്നു...

\"മ്മ്..\"
അത്‌ ശരി വച്ച് ഭാനുവിനെ ദഹിപ്പിക്കും പോലെ ഒന്ന് നോക്കി അംബിക മുറിക്ക് പുറത്തേക്ക് പോയി... അവർക്ക് പിന്നാലെ പുറത്തേക്ക് പോകുമ്പോൾ ദാമു ഭാനുവിനെ തറപ്പിച്ചൊന്ന് നോക്കി.. അയാളുടെ ഭാവത്തിൽ പരിഹാസവും പുച്ഛവും പകയുമൊക്കെ കലർന്നിരുന്നു...

അന്നത്തേതിൽ പിന്നെ അംബിക വിലപിടിപ്പുള്ളതൊന്നും മുറിയിൽ സൂക്ഷിക്കാതെയായി.. പലതും ബാങ്ക് ലോക്കറിലും രഹസ്യ അറകളിലുമൊക്കെ സൂക്ഷിച്ചു വച്ചു... രമേശന്റെ അലമാരയുടെ താക്കോൽ എപ്പോഴും തന്റെ സാരിത്തുമ്പിൽ കെട്ടിയായി അംബികയുടെ നടപ്പ്..രമേശനോട് കാര്യം പറയണമെന്ന് കരുതിയെങ്കിലും തിരക്കുകളിൽ പെട്ട് വല്ലപ്പോഴും മാത്രം വീട്ടിൽ വരുന്ന അദ്ദേഹത്തെ ചെറിയ കാര്യങ്ങൾ പറഞ്ഞ് ശല്യപ്പെടുത്തേണ്ടെന്ന് കരുതി ഭാനു മൗനം പാലിച്ചു.. എങ്കിലും എപ്പോഴും അവളുടെ ശ്രദ്ധ ദാമുവിന്റെ മേലുണ്ടായിരുന്നു...

അതോടെ ദാമു ഉദ്ദേശിച്ചതെന്തോ അത് നടത്താൻ കഴിയാതെയായി.. ദാമുവിന് ഭാനുവിനോട് പകയായി... അവളാ വീട്ടിലുള്ളപ്പോൾ താനുദ്ദേശിക്കുന്നതൊന്നും നടക്കില്ലെന്നയാൾക്ക് മനസ്സിലായി...പറ്റിയ അവസരത്തിനായി അയാൾ കാത്തിരുന്നു.. ഓരോന്ന് പറഞ്ഞ് പിരി കയറ്റി അംബികയുടെ ഉള്ളിൽ ഭാനുവിനോടുണ്ടായിരുന്ന ദേഷ്യത്തെ അയാൾ ഊതിപ്പെരുപ്പിച്ചു....\"\"

തന്നെ ഒഴിവാക്കാൻ അംബികയെപ്പോലെ തന്നെ ദാമുവും കാത്തിരിക്കുകയായിരുന്നുവെന്ന് ഭാനുവിന് മനസ്സിലാകാൻ തുടങ്ങി.. അങ്ങനെയെങ്കിൽ തന്നേ ദ്രോഹിക്കാനുള്ള വഴിയാകും ഈ വിവാഹലോചനയെന്ന് ഉറപ്പിക്കാൻ അവൾക്ക് ഒട്ടും ആലോചിക്കേണ്ടി വന്നില്ല....

\"എന്ത് ചെയ്യും?? മുന്നിലൊരു വഴിയും തെളിയുന്നില്ല... ഇവിടുന്നിറങ്ങിയാൽ എവിടേക്ക് പോകും??ആരാണുള്ളത് തന്നെ സഹായിക്കാൻ??\"
ഭാനുവിന്റെ ഉള്ള് കത്തിനീറി...
അവൾ കമലയുടെ വാക്കുകൾ ഓർത്തു...
\"ഇല്ല.. പാടില്ല.. തന്റെ വല്യച്ഛന്റെ മരണത്തിൽ ജയദേവൻ വക്കീലിന് പങ്കുണ്ടോ എന്ന് സംശയിക്കെ അവിടേക്കൊരു സഹായാഭ്യർത്ഥനയുമായി പോകാനാവില്ല തനിക്ക്... വല്യച്ഛന് കൊടുത്ത വാക്ക് തെറ്റിക്കാനുമാകില്ല..\"
അവളുടെ മനസ്സവളെ തിരുത്തി...തലയ്ക്കു കൈ കൊടുത്തിരുന്നു പോയി ഭാനു... മുന്നിലാകെ അന്ധകാരം മാത്രമേ അവൾക്ക് കാണാനുണ്ടായിരുന്നുള്ളൂ... ജീവിതം നിലയില്ലാകയത്തിലേക്ക് വലിച്ചെറിയപ്പെടുകയാണെന്ന് അവൾ നിസ്സഹായതയോടെ മനസ്സിലാക്കി...

ചുവരിന് പിറകിൽ നിന്നും പതിഞ്ഞ ശബ്ദത്തിലെ ഏങ്ങലുകൾ കേൾക്കുമ്പോൾ ഉയർന്ന ഭാനുവിന്റെ മുഖം കടുത്തിരുന്നു...

\"അമ്മയെന്തിനാ ഇങ്ങനെ കരയണേ... ഇത്രയും കാലം കരഞ്ഞിട്ടും കണ്ണീരിനിയും ബാക്കിയുണ്ടോ അമ്മയ്ക്ക്... കരഞ്ഞാലും അലറി വിളിച്ചാലുമൊന്നും ആരുമത് കേൾക്കാൻ പോണില്ല... അമ്മേം കൊണ്ട് തെരുവിലേക്കിറങ്ങില്ല ഞാൻ .. എന്നെ കുറച്ച് നേരം വെറുതെ വിട്.. എന്ത് വേണമെന്ന് ഞാനൊന്ന് ആലോചിക്കട്ടെ... അമ്മ പോയി കിടക്ക്. ചെല്ല്..\"
രൂക്ഷമായിരുന്നു ഭാനുവിന്റെ വാക്കുകൾ..

വായ പൊത്തി കരച്ചിലടക്കിക്കൊണ്ട് ഭവാനി മുറിയിലേക്ക് പോയി.. അതല്ലാതെ മറ്റൊന്നും അവർക്കാകുമായിരുന്നില്ല...
കണ്ണുകളടച്ച് പിന്നിലെ ചുവരിലേക്ക് ചാരിയിരുന്നു ഭാനു... മനസ്സ് തോൽവിയിലേക്ക് ചായുമ്പോഴും അവളുടെ ബുദ്ധി ജയിക്കാനുള്ള വഴി തിരയുകയായിരുന്നു...ജീവിതത്തിൽ ഇപ്പോൾ തോറ്റു മുട്ടുകുത്തിയാൽ പിന്നെയൊരിക്കലും തനിക്ക് ഉയർന്നെഴുന്നേൽക്കാനാവില്ലെന്ന് അവൾക്കുറപ്പായിരുന്നു...

ഒരുപാട് നേരത്തെ ആലോചനകൾക്കൊടുവിൽ അവളുടെ ബുദ്ധിയിലൊരു മുഖം തെളിഞ്ഞു.. അവൾ ഞെട്ടി കണ്ണ് തുറന്നു.. എന്തോ തീരുമാനിച്ചുറപ്പിച്ച് അവൾ എഴുന്നേറ്റ് മുഖം കഴുകി തുടച്ച് മുറിയിലേക്ക് നടന്നു...ഒരു ഷോളെടുത്ത് ചുരിദാറിന് മീതെയിട്ട് പേഴ്സും എടുത്തവൾ പുറത്തേക്ക് നടന്നു...

അവളുടെ ജീവിതം വഴി തിരിച്ചു വിട്ടൊരു ദിവസമായി തീർന്നിരുന്നു അത്‌....

⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️


ഗയ്‌സ്...

സ്റ്റോറി എല്ലാവർക്കും ഇഷ്ടമാകുന്നുണ്ടെന്ന് വിശ്വസിക്കുന്നു..

ഭാനു ഒരു പോരാളിയാണ്.. തോൽവി ഇഷ്ടമില്ലാത്ത പോരാളി...അവൾ ജയിച്ചു കയറുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം...




രണഭൂവിൽ നിന്നും... (8)

രണഭൂവിൽ നിന്നും... (8)

4.8
2504

അതൊരു ഇരുനില വീടാണ്.. കവലയിൽ നിന്നും കുറച്ച് മാറി മെയിൻ റോഡിന് അരികിലുള്ളൊരു വീട്.. ഗേറ്റിനുള്ളിലേക്ക് കടക്കുമ്പോൾ തന്നെ ഭാനു ഒരു ആശങ്കയിലായിരുന്നു... താൻ തേടിയെത്തിയയാൾ അവിടെയില്ലെങ്കിൽ??? ആ ചോദ്യത്തിലുടക്കി നിന്നു അവളുടെ മനസ്സ്... അവളുടെ ഹൃദയം വല്ലാതെ ദുന്ദുഭി മുഴക്കിക്കൊണ്ടിരുന്നു....വിറയലോടെ വിയർത്ത വിരലുകൾ ഷോളിൽ തുടച്ച് അവൾ കോളിങ്ങ് ബെൽ അമർത്തി.. ശരീരമാകെ കുഴയുന്നത് പോലവൾക്ക് അനുഭവപ്പെട്ടു... മാനസികസമ്മർദ്ദം അവളെ അവശയാക്കി... രക്ഷപ്പെടാൻ ആകെയുള്ളൊരു കച്ചിത്തുരുമ്പാണ്... ആ വാതിലിനപ്പുറം താൻ കാണാൻ ആഗ്രഹിക്കുന്നയാൾ ഉണ്ടാകണേയെന്നവൾ സകല ദൈവങ്ങളെയും വ