PART-20
✍️MIRACLE GIRLL
" ഞാൻ രണ്ട് ദിവസത്തിന് ശേഷം ഇറ്റലിയിൽ എത്തും.. ഞാൻ പറഞ്ഞ കാര്യങ്ങൾ ഒന്നും മറക്കണ്ട,, ചാർലി പറഞ്ഞതൊന്നും താൻ നടത്തി തന്നില്ലാന്നുണ്ടെങ്കി തന്റെ ജീവനും കൊണ്ടായിരിക്കും ഞാൻ ഇറ്റലി വിടുന്നത്." അയാൾ അതും പറഞ്ഞു,മറുപടിക്ക് പോലും കാക്കാതെ കോൾ കട്ട് ചെയ്ത്, ഒരു വല്ലാത്ത ചിരിയോടെ അയാൾ ആ കൊച്ചുകുഞ്ഞിന്റെ അറുത്തുമാറ്റപ്പെട്ട കയ്യിലേക്ക് നോക്കി.
അത് കണ്ടതും, അയാളിൽ അടങ്ങിയ ആവേശം വീണ്ടും ഉയർന്നു, അയാൾ ഒരു ആർത്ത ചിരിയോടെ ആ കുഞ്ഞിക്കയ്യും വെട്ടി നുറുക്കി.
*************************
ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ട്, സോഫിയ ഫോണിലേക്ക് നോട്ടം തെറ്റിച്ചു. ബെഞ്ചമിന്റെ കോൾ ആണെന്ന് കണ്ട്, അവർ തന്റടുത്ത് ഇരിക്കുന്ന ഖാലിദിനെ ഒരു നോട്ടം നോക്കി. അയാൾ ലാപ്പിൽ വർക് ചെയ്യുന്ന തിരക്കിലായിരുന്നു, അത് കണ്ട് അവർ ഫോണുമായി പുറത്തേക്കിറങ്ങി, കോൾ അറ്റൻഡ് ചെയ്തു.
" ഹലോ, ബോസ് എന്താ വിളിച്ചേ? " അവർ ഒരു പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.
" എന്തിനാണെന്ന് എല്ലാം ഞാൻ അമീറയോട് മുൻപ് പറഞ്ഞിരുന്നു.. അപ്പോൾ അവൾ ഇനി ഈ പണിക്ക് ഇല്ലെന്നാ പറഞ്ഞെ,, ഒരു കസ്റ്റമർ ഉണ്ട്, അവർ രണ്ട് ദിവസത്തിനുള്ളിൽ എത്തും.. ആ കാര്യത്തെ കുറിച് ഞാൻ അവളോട് സംസാരിച്ചതാണ്.. " അല്പം ദേഷ്യത്തിലാണ് അയാൾ സംസാരിക്കുന്നതെന്ന് അയാളുടെ സ്വരത്തിൽ നിന്നും അവർ മനസ്സിലാക്കിയിരുന്നു.
" അത് പിന്നെ, അവൾക്ക് കുറച്ചു കാലമെങ്കിലും ഇതിൽ നിന്നൊന്ന് ഒഴിഞ്ഞു നിന്നെ പറ്റൂ... കാര്യങ്ങളുടെ പോക്ക് അങ്ങനെയാണ്,, അവളുടെ ഓരോ നീക്കങ്ങളും ശ്രദ്ധിച്ച് കൊണ്ട് ആരൊക്കെയോ അവളുടെ പിന്നാലെ തന്നെയുണ്ട് "
" എങ്കിൽ, ഒരു കാര്യം ചെയ്യ്.. വരുന്ന കസ്റ്റമറിന്റെ കാര്യങ്ങൾ നീ ഡീൽ ചെയ്‌താൽ മതി.. അതാവുമ്പോ അമീറാക്ക് പ്രശ്നം കാണില്ലല്ലോ "
" അത്.. അത് ബോസ്, വേറെയും ഏജന്റ് ഉള്ളതല്ലേ,, അവരെ ആരെയെങ്കിലും ഏല്പിച്ചിരുന്നെങ്കിൽ... " അവർ അല്പം മടിയോടെ പറഞ്ഞു, അത് കേട്ട് അയാളുടെ ചുണ്ടിൽ ഒരു പുച്ഛച്ചിരി വിരിഞ്ഞു.
" നിങ്ങളൊക്കെ ഇപ്പൊ വലിയ പുണ്യാളത്തികൾ ആകാൻ ശ്രമിക്കുവാണെന്ന് തോന്നുന്നല്ലോ.. അപ്പൊ പറഞ്ഞു വരുന്നത്, ഈ കാര്യം നിങ്ങൾക്ക് ഏറ്റെടുക്കാൻ പറ്റില്ല.. എങ്കിൽ വേണ്ട,, ഞാൻ തന്നെ ചെയ്തോളാം.. പക്ഷെ, അത് നിങ്ങൾക്ക് ദോഷം മാത്രേ ചെയ്യൂ.. " അയാളോട് ഭീഷിണി സ്വരത്തോടെ പറഞ്, കോൾ കട്ട് ചെയ്തതും,,, അയാൾ പറഞ്ഞതെല്ലാം ചിന്തിച്ചപ്പോൾ അവർക്കുള്ളിൽ വല്ലാത്തൊരു ഭയം നിറഞ്ഞു.
******************************
അന്നയെ കുറിച്ചുള്ള ഡീറ്റെയിൽസ് കിട്ടുന്നതും കാത്ത്, അവൾ അക്ഷമയായി വെറുതെ റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നോണ്ടിരുന്നു.
പെട്ടെന്ന്, അവളുടെ ഫോൺ റിങ് ചെയ്തതും അവൾ ഓടിച്ചെന്ന് ഫോൺ അറ്റൻഡ് ചെയ്തു.
അന്നയെ കുറിച്ചുള്ള ഡീറ്റെയിൽസ് വാട്സപ്പിലേക്ക് ഷെയർ ചെയ്തിട്ടുണ്ടെന്നു അറിഞ്ഞു അവൾ കോൾ കട്ട് ചെയ്ത് അവളുടെ ഡീറ്റെയിൽസ് തപ്പി പോയി.
അതിൽ വന്നു കിടക്കുന്ന മെസ്സേജുകളിൽ അന്നയുടെ ഫോട്ടോയടക്കം എല്ലാ ഡീറ്റൈൽസും ഉണ്ടായിരിന്നു. അവൾ അത് ഓരോന്നായി വായിക്കാൻ തുടങ്ങി. പെട്ടെന്ന് അവളെ കുറിച് എന്തോ ഒരു കാര്യം അവളുടെ കണ്ണിലുടക്കിയതും, അവൾ അത് വിശ്വസിക്കാൻ കഴിയാതെ വീണ്ടും വീണ്ടും അതിലേക്ക് തന്നെ നോക്കി. അവൾ ഒരു ഷോക്കോടെ കയ്യിൽ ഉണ്ടായിരുന്ന ഫോൺ ടേബിളിലേക്ക് വെച്ച്, ബെഡിൽ തല താഴ്ത്തിയിരുന്നു.
**************************************
" നിനക്ക് മിഷേൽ മെഹറിഷിനെ കുറിച് കൂടുതൽ എന്തെങ്കിലും ഡീറ്റെയിൽസ് കിട്ടിയോ? " കയ്യിലുണ്ടായിരുന്ന മോജിറ്റോ ഒന്ന് സിപ് ചെയ്തുകൊണ്ട് അന്ന കിരണിനെ നോക്കി ചോദിച്ചു.
" അവൾ ഏതോ ഒരു ഗ്യാങ്ങിൽ ഉള്ളതാ.. ഏതിലാണെന്ന് ചോദിച്ചാൽ, എനിക്ക് വലിയ ഐഡിയ ഒന്നുമില്ല.. പിന്നെ എന്റെ ഒരു സംശയം പറയണേൽ, അവൾ കാസ്ട്രാ സ്‌ക്വാഡിൽ ഉള്ളതാവാനാണ് സാധ്യത.. " കിരൺ താടിയൊന്നുഴിഞ്ഞു കൊണ്ട് പറഞ്ഞതും, അവൾ കുറച്ചു നേരം എന്തോ ഓർത്തിട്ട് ഒരു സംശയത്തോടെ അവനെ നോക്കി.
" അതെങ്ങനെയാ നിനക്ക് ഇത്ര കറക്റ്റ് പറയാൻ പറ്റിയെ..? " അവൾ ചോദിച്ചു.
" അത് നിനക്ക് അറിയാൻ പാടില്ലാത്തോണ്ടാ.. ഈ ഇബ്രാഹിം ഖാലിദിന്റെ വൈഫ് സോഫിയ ഖാലിദ്.. അവർ അത്ര നല്ല ആളൊന്നുമല്ല,, നമ്മളെ പോലെയുള്ള ചില ജേർണലിസ്റ്റുകൾക്കെ അവരുടെയൊക്കെ സ്വഭാവം പച്ചക്ക് അറിയൂ.. അവർക്ക് ഈ കാസ്ട്രാ സംഘടനയുമായിട്ട് എന്തൊക്കെയോ ചുറ്റികളിയുണ്ട്,, ഒരു പന്ത്രണ്ട് വർഷം മുൻപേ, സിംഡ്നി ഗ്രൂപ്പിന്റെ സിഈഓ വില്യംസിന്റെ മകൾ കൊല്ലപ്പെട്ടു. അതിന് പിന്നിലും ഇവരാണെന്ന് എല്ലാവർക്കും അറിയാം, പോലീസിനും അറിയാം.. പക്ഷെ, അറസ്റ്റ് ചെയ്യാൻ തെളിവില്ല.. അല്ല, തെളിവുണ്ടാവില്ല.. നമ്മളെ പോലെയുള്ള സാധാരണക്കാർക്ക് ആണല്ലോ ഈ പോലീസും പട്ടാളവും തെളിവുമൊക്കെ.. " അയാൾ ചുറ്റിലുമൊന്ന് കണ്ണോടിച്ച്, ഒരു രഹസ്യം പറയുന്ന പോലെ പറഞ്ഞു.
" ഓഹോ.. അപ്പൊ അതിനിടയിൽ ഇങ്ങനെയും ഒരു കളിയൊക്കെ നടന്നിരുന്നല്ലേ.. " അവൾ എന്തോ ഒന്ന് ചിന്തിച് കൊണ്ട് അയാളെ നോക്കി പറഞ്ഞു. അപ്പോഴാണ്, അന്ന് നൈൽ എബ്രഹാമിന്റെ വീട്ടിൽ വെച്ച് കിട്ടിയ കാസ്ട്രാ സ്‌ക്വാഡിന്റെ ലോഗോയുടെ കാര്യം അവൾ ഓർത്തത്.
" കാസ്ട്രാ സ്‌ക്വാഡ്.. It is a dangerous gang.. " അവൾ എന്തോ ചിന്തിച്ചുകൊണ്ട് പറയുന്നത് കേട്ട്, കിരൺ ഒരു സംശയത്തോടെ അവളെ നോക്കി.
" എന്ത് പറ്റി അന്ന? നീയിതിൽ കൂടുതൽ ഇൻവോൾവ്ഡ് ആവാതിരിക്കുന്നത് ആണ് നല്ലത്.. നീ വിചാരിക്കുന്ന പോലെയല്ല കാര്യങ്ങൾ.. " അവൻ ഒരു മുന്നറിയിപ്പ് പോലെ പറഞ്ഞപ്പോൾ, അവൾ അതിനെ പാടെ അവഗണിക്കുന്നത് പോലെ അവിടെ നിന്നും എഴുന്നേറ്റു.
" ഞാൻ പോവാണ് കിരൺ,, ല്യു എന്നെ വെയിറ്റ് ചെയ്യുന്നുണ്ടാവും.. വീട്ടിൽ ഒറ്റക്കിരുന്നു ബോറടിച്ചു കാണും.. ബൈ "
അവൾ അവനോട് യാത്ര പറഞ്ഞുകൊണ്ട് അവിടെ നിന്നും പോയതും, കിരണിന് അവളുടെ കാര്യത്തിൽ പേടി തോന്നി തുടങ്ങിയിരുന്നു.
*********************************
" ഞാൻ ഈ മാളിൽ കിടന്ന് ചുറ്റാൻ തുടങ്ങിയിട്ട് കുറച്ചു നേരമായി,, നീ എന്നെ കാണണമെന്ന് പറഞ്ഞതോണ്ടാ എന്റെ തിരക്കൊക്കെ ഒഴിവാക്കി ഇങ്ങോട്ട് വന്നത്.. അപ്പൊ നീ എവിടെയാ നിൽക്കുന്നതെന്ന് നിനക്ക് തന്നെ ഒരു ഐഡിയയും ഇല്ല... " അജു ഒരു ഫ്രണ്ടിനെ കാണാനായി ഒരു മാളിലേക്ക് പോയിരുന്നു. എല്ലായിടത്തും തിരഞ്ഞിട്ടും ഫ്രണ്ടിനെ മാത്രം കാണാത്തതോണ്ട് അവൻ ഒരു ചടപ്പോടെ ഫ്രണ്ടിനെ വിളിച്ച് അന്വേഷിച്ചു.
അവൻ ചുറ്റിലും കണ്ണോടിച്ചു കൊണ്ട്, മുൻപോട്ട് നടന്നതും, പെട്ടെന്ന് ആരുടെയോ മേൽ തട്ടി, അവരുടെ കയ്യിൽ ഉണ്ടായിരുന്ന ഡ്രിങ്ക് അവന്റെ ഷർട്ടിലേക്ക് വീണു. അവൻ ഞെട്ടലോടെ മുൻപിലേക്ക് നോക്കിയപ്പോൾ, ഒരു വെപ്രാളത്തോടെ നിൽക്കുന്ന അന്നയെ ആണ് അവൻ കണ്ടത്. അവൾ " സോറി " പറഞ്ഞു മുഖമുയർത്തി നോക്കിയപ്പോഴാണ് അജുവിനെ അവൾ ശ്രദ്ധിച്ചത്. അപ്രതീക്ഷിതമായി, അവനെ കണ്ടപ്പോൾ അവൾ കണ്ണെടുക്കാതെ അവനെ തന്നെ നോക്കി.
" നിങ്ങളായിരുന്നോ? " പെട്ടെന്ന് അവൾ നോട്ടം പിൻവലിച്ചുകൊണ്ട് അവനെ നോക്കി ചോദിച്ചു.
" ഓഹ്.. എന്റെ ഷർട്ട് ചീത്തയാക്കിയിട്ട് ഇതാണോ ചോദിക്കുന്നെ " അവൻ ഒരു വിടർന്ന പുഞ്ചിരിയോടെ അവളെ നോക്കി പറഞ്ഞു.
" മനപ്പൂർവം ചെയ്തതല്ല, ഈ ഷർട്ടിന് എത്രയാണെന്ന് പറഞ്ഞാൽ മതി,, ഞാൻ കാഷ് തന്നോളാം.. "
" അത് ഒന്നും തന്നെ കൊണ്ട് കൂട്ടിയാൽ കൂടില്ലെടോ.. ഞാൻ ചുമ്മ പറഞ്ഞതാ,, " അവൻ വീണ്ടും ഒരു ചിരിയോടെ പറഞ്ഞു, അവിടെ നിന്നും പോകാൻ ഭാവിച്ചതും അവൾ അവന്റെ കയ്യിൽ പിടിച്ചു.
"നിങ്ങൾ അങ്ങനെയങ് പോയാലോ, നിങ്ങൾക്ക് മാത്രേ കാശുള്ളു എന്നാണോ.. ഞങ്ങളും അധ്വാനിച്ച് തന്നെയാ ജീവിക്കുന്നത്.. നിങ്ങടെ ഔദാര്യത്തിന്റെ ആവശ്യം ഒന്നും എനിക്കില്ല." അവന്റെ പറച്ചിൽ ഇഷ്ടപെടാത്തത് പോലെ അവൾ പറഞ്ഞത് കേട്ട്, അവന്റെ മുഖത്തെ ചിരി മാഞ്ഞു.
" സോറി, ഞാൻ അങ്ങനെ ഉദ്ദേശിച്ച് പറഞ്ഞതല്ല.. "
" നിങ്ങൾ എന്തൊക്കെയാണ് ഉദ്ദേശിച്ചത് എന്ന് എനിക്ക് നല്ലോണം അറിയാം.. നിങ്ങടെ ഗേൾഫ്രണ്ടിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ഞാൻ അറിയുന്നുണ്ട്,, എന്താ നിങ്ങൾ പറഞ്ഞത്,, നിങ്ങടെ ഗേൾഫ്രണ്ടിനെ നിങ്ങൾക് വിശ്വാസമാണെന്ന് അല്ലെ.. അല്ലാതെ അവളെ സംരക്ഷിച്ച് പിടിക്കാൻ ശ്രമിക്കുന്നതല്ല.. നിങ്ങൾ ഓർത്തു വെച്ചോ,, അവൾ കൊന്നു കളഞ്ഞ നിരപരാതികൾക്ക് എല്ലാം ഞാൻ നീതി വാങ്ങിച്ച് കൊടുത്തിരിക്കും... അവൾ ഇനി അധിക കാലം ഞെളിഞ്ഞു നടക്കില്ല,, അവളോട് കൂടെ പറഞ്ഞേക്ക് " അവന്റെ മുഖത്തിന് നേരെ ചൂണ്ടുവിരൽ ഉയർത്തികൊണ്ട് അവൾ പറഞ്ഞു. അതിന് അവൻ ഒന്നും മറുപടി പറയാതെ നിൽക്കുന്നത് കണ്ട്, അവളൊന്നു പുച്ഛത്തോടെ ചിരിച്ച്, അവിടെ നിന്നും തിരിഞ്ഞു നടന്നു.
************************************
അമീറയെ അന്വേഷിച്ച് സോഫിയ മുറിയിലേക്ക് ചെന്നപ്പോൾ, അവൾ ലൈറ്റ് എല്ലാം ഓഫ് ചെയ്ത് ബെഡിൽ കമിഴ്ന്നു കിടക്കുകയായിരുന്നു. അവർ ലൈറ്റ് ഓൺ ചെയ്തതും, അവൾ കിടന്നിടത്ത് നിന്ന് തല ചെരിച്ചു അവരെ നോക്കി.
" നീയെന്താ ഇങ്ങനെ കിടക്കുന്നെ? " അവർ അവൾക്കടുത്തായി ഇരുന്നുകൊണ്ട് ചോദിച്ചു.
"ഒന്നുമില്ല " അവൾ അവിടെ കിടന്നുകൊണ്ട് തന്നെ മറുപടി കൊടുത്തു.
" എന്നെ ബോസ് വിളിച്ചിരുന്നു.. ഒരു ഗസ്റ്റ് വരുന്നുണ്ട് എന്ന് പറഞ്ഞു. അത് നിന്നോട് പറഞ്ഞിരുന്നെന്നും, നീയത് നിരസിച്ചെന്നൊക്കെയാ പറഞ്ഞത്. " അവർ പറഞ്ഞത് കേട്ട്, അവൾ അവരെ നോക്കിയൊന്ന് ചിരിചെന്ന് വരുത്തി.
" ഇപ്പൊ അതൊന്നുമല്ല പ്രശ്നം, എനിക്കെന്തോ വല്ലാത്തൊരു പേടി,, അയാൾക്ക് ഇഷ്ടമല്ലാത്തത് ആരെങ്കിലും ചെയ്‌താൽ, അവരെ നാശം കണ്ടിട്ടേ അയാൾ അടങ്ങൂ.. ഫോൺ വെക്കുമ്പോ അയാൾ എന്തോ പറഞ്ഞു.. " അവരുടെയുള്ളിലെ ഭയം തുറന്ന് കാട്ടിക്കൊണ്ട് പറഞ്ഞു. അത് കേട്ട്, അവൾ എഴുന്നേറ്റ് അവർക്ക് നേരെ തിരിഞ്ഞ് ഇരുന്നു.
" നമ്മുടെ നാശമാണോ അയാൾ കാണാൻ പോകുന്നത്.. ഇതിൽ കൂടുതലൊക്കെ എന്ത് നാശം കാണാനാ.. " അവൾ ഒരു പുച്ഛത്തോടെ ചിരി കോട്ടി. അതിന് അവർ ഒന്നും മറുപടി പറഞ്ഞില്ല
പെട്ടെന്ന്, അവളുടെ ഫോണിലെ നോട്ടിഫിക്കേഷൻ ശബ്ധിച്ചതും, അവൾ അത് എടുത്തു നോക്കി.
ഒരു അൺനൗൺ നമ്പറിൽ നിന്നും ഒരു വീഡിയോ വന്നത് കണ്ട്, അവൾ അത് ലോഡ് ആക്കി അത് പ്ലേ ചെയ്തു.
അതിൽ അന്ന് ബെഞ്ചമിനുമായി റെസ്റ്റോറന്റിൽ വെച്ച് സംസാരിച്ച ദൃശ്യങ്ങളായിരുന്നു.
അവൾ ഒരു ഷോക്കിൽ ഇരിക്കുന്നത് കണ്ട്, സോഫിയ കാര്യമെന്തെന്ന് അറിയാനായി അവളുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി.
അജുവിനെ കൊല്ലുന്ന കാര്യത്തെ പറ്റിയുള്ള സംസാരങ്ങൾ എല്ലാം വ്യക്തമായി കേൾക്കുന്നുണ്ടായിരുന്നു അതിൽ. അവർ അമീറയെ നോക്കിയപ്പോൾ അവൾ എന്തോ ചിന്തിക്കുകയായിരുന്നു. പെട്ടെന്ന്, അവൾ അവരുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി അന്നയുടെ ഡീറ്റെയിൽസ് എടുത്ത് നോക്കി. അതിൽ അവളുടെ ഫോൺ നമ്പർ അടക്കം ഉണ്ടായിരുന്നു. അന്നയുടെ നമ്പറിൽ നിന്ന് തന്നെയാണ് ആ വീഡിയോ അയച്ചിരിക്കുന്നതെന്ന് അവൾക്ക് മനസ്സിലായതും, അവൾ ഇന്നേ വരെ അനുഭവിച്ചിട്ടില്ലാത്ത ഒരു പേടി അവളുടെയുള്ളിൽ നിറഞ്ഞു.
അവളുടെ മുഖത്തു നിന്ന് തന്നെ അവളുടെ ടെൻഷൻ സോഫിയക്ക് വായിച്ചെടുക്കാൻ സാധിച്ചു.
***********************************
അമീറയുടെ നമ്പറിലേക്ക് കിരൺ എടുത്ത വീഡിയോ അയച്ചു കൊടുത്തതിന് ശേഷമാണ്,
അന്ന താൻ ചെയ്ത വിഡ്ഢിതത്തെ പറ്റി ചിന്തിച്ചത്.
അപ്പോൾ തന്നെ കിരണിന്റെ കോൾ വന്നതും, അവൾ അത് ചാടിക്കേറി അറ്റൻഡ് ചെയ്തു. മിഷേലിന് വീഡിയോ അയച്ചു കൊടുത്ത കാര്യമെല്ലാം അവൾ അവനോട് പറഞ്ഞു.
" എടി,, മരക്കഴുതേ.. ആ വീഡിയോ അയക്കുമ്പോ ഒരു ഫേക്ക് നമ്പറിൽ നിന്ന് അയക്കാനുള്ള ബുദ്ധി പോലും നിനക്ക് തോന്നിയില്ലേ.. അത് നിന്റെ പേർസണൽ നമ്പറിൽ നിന്ന് തന്നെ അയച്ച് കൊടുത്തിട്ട്, അവർ നിന്നെ എപ്പോ കണ്ടുപിടിച്ചെന്ന് ചോദിച്ചാൽ മതി.. ഇതിപ്പോ നീ മാത്രല്ല.. ഞാനും കൂടെയാ പെടാൻ പോവുന്നെ.. "
" എടാ.. അതെനിക്ക് ഒരു അബദ്ധം പറ്റിയതാ..ഞാൻ അത് അയച്ചതിനു ശേഷമാണ് അതിനെ കുറിച്ച് ചിന്തിച്ചേ.. "
" ഇനീപ്പോ പറഞ്ഞിട്ട് എന്താ കാര്യം, വരാൻ കിടക്കുന്നതൊക്കെ ഒരുമിച്ച് അനുഭവിക്കാം "
" എനിക്ക് ഏതായാലും ആ വക പേടിയൊന്നുമില്ല, എനിക്ക് എല്ലാം ഫേസ് ചെയ്യാനുള്ള ധൈര്യമുണ്ട്.. അവളെ കുറിച് കൂടുതൽ തെളിവുകൾ കിട്ടിക്കോട്ടേ,, അവളുടെ കോട്ട ഞാൻ പൊളിച്ചടുക്കും. "
" നീ എന്താണെന്ന് വെച്ചാൽ ചെയ്യ്... ഞാൻ ഇനി ഈ കാര്യത്തിൽ ഇടപെടില്ല.. എനിക്കിനിയും ജീവിക്കാനുള്ളതാ,, എന്നെ വെറുതെ വിട്ടേക്ക് "
അവൻ പറയുന്നത് കേട്ട്, അവളുടെ ഉള്ളിലെ തീയൊന്ന് ആളിയെങ്കിലും, അവൾ അത് പുറത്ത് കാണിച്ചില്ല.
*************************************
" നീയാ പെണ്ണിന്റെ കാര്യത്തിൽ എന്തേലും ചെയ്യാൻ വിചാരിച്ചിട്ടുണ്ടോ? " സോഫിയ ഒരു രഹസ്യം ചോദിക്കുന്നത് പോലെ അമീറക്കരികിൽ ഇരുന്നു കൊണ്ട് ചോദിച്ചു.
" ഏത് പെണ്ണ്? " അവൾ നെറ്റി ചുളിച്ചുകൊണ്ട് ചോദിച്ചു.
" എടി... അന്ന,, നിനക്ക് ആ വീഡിയോ അയച്ചു തന്ന പെണ്ണ്.. അവളുടെ കാര്യത്തിൽ എന്തേലും ഒരു തീരുമാനം എത്രയും പെട്ടെന്ന് എടുത്തില്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ വഷളാവും.. " സോഫിയ പറഞ്ഞത് കേട്ട്, കുറച്ചു നേരം അവളെന്തോ ചിന്തിച്ചിരുന്നു.
" എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയാം.. മമ്മ ഇതിലൊന്നും ഇടപെടേണ്ട,, അമീറാ ആരാണെന്ന് അറിയാത്തത് കൊണ്ടാണ് അവൾ ഈ വിഡ്ഢിത്തങ്ങൾ ഒക്കെ ചെയ്തു കൂട്ടുന്നത്,, എന്നെ പറ്റി നല്ലോണം അവൾ മനസ്സിലാക്കിയിരുന്നെങ്കിൽ അവൾ ഈ പ്രവൃത്തിക്ക് മുതിരില്ലായിരുന്നു.. " അവൾ ഒരു പുച്ഛചിരിയോടെ പറഞ്ഞു.
***************************************
" ല്യു,, നീ ഫോൺ വെക്ക്..ഞാൻ ഇപ്പൊ എത്തും.. " പിറ്റേദിവസം, അന്ന ഓഫിസിൽ നിന്നും വീട്ടിലേക്ക് ഡ്രൈവ് ചെയ്യുകയായിരുന്നു. ല്യുവിനെ ഷോപ്പിംഗിന് കൊണ്ടുപോവാമെന്ന് ഏറ്റത് കൊണ്ട്, അവൾ ഒരു ക്ഷമയുമില്ലാതെ വിളിച്ചോണ്ടിരുന്നതും, അന്ന ഒരു വിധം സമാധാനിപ്പിച്ച് കോൾ കട്ടാക്കിയ ശേഷം, ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വെച്ചു.
കുറച്ചു ദൂരം പോയപ്പോഴാണ്, റോഡിന്റെ മദ്ധ്യേ നിർത്തിയിട്ടിരിക്കുന്ന ഒരു ബ്ലാക്ക് കാർ അവൾ ശ്രദ്ധിച്ചത്. അത് അവിടെ നിർത്തിയിട്ട കാരണം, അവളുടെ കാറിന് മുൻപോട്ട് പോകാൻ സാധിക്കില്ലായിരുന്നു. അവൾ തുടർച്ചയായി ഹോൺ അടിച്ചിട്ടും, ആ കാർ അവിടെ തന്നെ നിന്നതല്ലാതെ, ഒരു പൊടി പോലും അനങ്ങിയില്ല.
" ഇനി ഇതിന് ഡ്രൈവർ ഇല്ലേ,, " എന്ന് സ്വയം ചോദിച്ചുകൊണ്ട് അവൾ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങാൻ ഭാവിച്ചതും, അപ്പോഴേക്കും ആ ബ്ലാക്ക് കാറിന്റെ ഡോർ തുറന്ന് ഒരു ബ്ലാക്ക് ഹൂടി ധരിച്ച ഒരാൾ ഇറങ്ങി വന്നു. ഹൂടിയുടെ ക്യാപ് തലയിലൂടെ ഇട്ടതുകൊണ്ട് അതാരാണെന്ന് മനസ്സിലായില്ല.
" ഹേയ്,, നിങ്ങൾ ആ കാർ ഒന്നെടുത്തു മാറ്റണം.. ബാക്കിയുള്ളവർക്ക് പോകാൻ ഉള്ളതാ.. " അവൾ അവർക്ക് നേരെ വിളിച്ചു പറഞ്ഞതും, അവർ അതിനൊന്നും മറുപടി പറയാതെ അന്നയുടെ അടുത്തേക്ക് നടന്നു.
ആ വ്യക്തി തന്റടുത്തേക്ക് ആണ് വരുന്നതെന്ന് അറിഞ്ഞു അന്നക്ക് ഒരു ചെറിയ പേടി തോന്നി തുടങ്ങിയിരുന്നു.
അവർ അന്നയുടെ മുൻപിൽ വന്നു നിന്നതും, അവളെ മുഖമുയർത്തി നോക്കി. അപ്പോൾ ക്യാപ്പിനുള്ളിലൂടെ തന്നെ അവരുടെ മുഖം അവൾക്ക് വ്യക്തമായി കാണാൻ സാധിച്ചു.
" മിഷേൽ " അവൾ മൊഴിഞ്ഞു.
തുടരും...