Aksharathalukal

THE SECRET-22

PART-22

✍️MIRACLE GIRLL

എനിക്കറിയാം ഇതിന് പിന്നിൽ നീ തന്നെയാണെന്ന്..നീ നേരത്തെ എന്നോട് പറഞ്ഞതൊന്നും ഞാൻ മറന്നിട്ടില്ല..നീയെന്നെ കുറിച്ച് എന്താ വിചാരിച്ച് വെച്ചിരിക്കുന്നത്..നിന്നെ പറ്റി ഒന്നും മനസ്സി ലാക്കാതെയാണ് ഇതിന് ഇറങ്ങി തിരിച്ചതെന്നോ..എങ്കിൽ കേട്ടോ, എനിക്ക് നിന്നെ കുറിച്ചും, പിന്നെ നിന്റെ തള്ളയെ കുറിച്ചും നല്ല ബോധം ഉണ്ടായിട്ട് തന്നെയാ ഞാൻ നിന്നെ വെല്ലുവിളിച്ചത്.."  എന്ന് അന്ന പറയുന്നത് കേട്ട്, അവള് പരിധി വിട്ടാണ് സംസാരിക്കുന്നതെന്ന് അമീറക്ക്‌ തോന്നിയതും, അവൾക്ക് അതിന് നല്ല മറുപടി പറയണമെന്ന് ഉണ്ടെങ്കിലും അതിന് തുനിയാതെ അവള് കോൾ കട്ട് ചെയ്തു.

അന്നയെ ആരാണ് അപായപ്പെടുത്താൻ ശ്രമിച്ചതെന്ന ചിന്ത അവളിൽ വന്നതും, അവള് അതിനെ പറ്റി ചിന്തിക്കാൻ തുടങ്ങി. അവളുടെ മനസ്സിൽ ആദ്യമേ വന്ന പേര് ബോസിന്റെ തന്നെയായിരുന്നു. സ്ക്വാഡിന്റെ ഒരു രഹസ്യങ്ങളും പുറത്ത് പോകാതിരിക്കാൻ അയാള് എന്തും ചെയ്യുമെന്ന് അവൾക്ക് അറിയാമായിരുന്നു. ഇതിനോടകം അന്ന തന്നെ ഭീഷണിപ്പെടുത്തുന്ന കാര്യം അയാള് അറിഞ്ഞിരിക്കുമെന്ന് അവള് ഉറപ്പിച്ചു. അന്നയുടെ ഡീടെയിൽസ് കണ്ടുപിടിക്കാൻ സ്ക്വാഡിലെ ഒരുത്തനോട് തന്നെയായിരുന്നു അവള് ആവശ്യപ്പെട്ടത്. 

" നീ ആരോടാ ഇത്രെയും നേരം സംസാരിച്ചിരുന്നത്?" ഓരോന്ന് ചിന്തിക്കുന്നതിനിടയിൽ സോഫിയ അങ്ങോട്ട് വന്നുകൊണ്ട് അങ്ങനെ ചോദിച്ചു.

" അത്.. അന്നയാണ് വിളിച്ചത്" 

" അവളോ, അവള് എന്തിനാ വിളിച്ചത്?" സോഫിയ ഒരു ഷോക്കോടെ ചോദിച്ചത് കേട്ട് അവള് എന്തോ പറയാൻ തുനിഞ്ഞതും, സോഫിയയുടെ കയ്യിലുള്ള ഫോൺ റിംഗ് ചെയ്യുന്നത് കേട്ട് ഇരുവരുടെയും ശ്രദ്ധ ഫോണിലേക്ക് നീണ്ടു.

ഫോണിൽ ബോസ് എന്ന് സ്ക്രീനിൽ തെളിഞ്ഞതും, സോഫിയയുടെ മുഖത്ത് ഒരു ഭയം പ്രകടമായി. അവരുടെ മുഖഭാവത്തിലൂടെ തന്നെ അത് ബെഞ്ചമിൻ ആയിരിക്കുമെന്ന് അമീറക്ക് മനസ്സിലായി.
സോഫിയ എന്ത് ചെയ്യണമെന്ന് അറിയാതെ അമീറയെ നോക്കി.

" മമ്മാ, കോൾ എടുക്ക്‌" അവള് പറഞ്ഞതും, അവർ കോൾ അറ്റൻഡ് ചെയ്തു ചെവിയോടാടുപ്പിച്ച് വെച്ചു.

" ഹലോ" അവർ ഒരു പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

" ഹാ..ഞാൻ വിളിച്ചത് നിന്റെ പുന്നാര മകളോട് ഒന്ന് സംസാരിക്കാനാ...ഫോൺ അവളുടെ കയ്യിൽ കൊടുക്ക്.." അയാള് ഉറച്ച സ്വരത്തിൽ പറഞ്ഞത് കേട്ട്, സോഫിയ അമീറ യെ ഒന്ന് നോക്കി കൊണ്ട് ഫോൺ അവൾക്ക് നേരെ നീട്ടി. 

" ഹലോ, എന്തിനാണ് വിളിച്ചതെന്ന് പറയ്.." അത് കണ്ടറിഞ്ഞ പോലെ അവള് സോഫിയയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങിച്ചു കൊണ്ട് ഒട്ടും പതറാതെ തന്നെ സംസാരിച്ചു തുടങ്ങി.

" അമീറാ..ഞാനും നിന്നെ പോലെ ഒരു രഹസ്യം കണ്ടുപിടിച്ചു.." അയാള് അങ്ങനെ പറഞ്ഞതും, അയാള് പറഞ്ഞ് വരുന്നത് അന്നയെ പറ്റിയാണെന്ന് അവള് ഊഹിച്ചു. 
അന്ന ഇഷലിന്റെ ചേച്ചിയാണെന്ന സത്യം അയാള് തിരിച്ചറിഞെന്ന് അവൾക്ക് ഉറപ്പായിരുന്നു.

" അമീറ,, നീയെന്താ മിണ്ടാതിരിക്കുന്നത്...?? അത് എന്താണെന്ന് നിനക്ക് അറിയണ്ടേ..? " അയാള് പരിഹസിക്കും പോലെ ചോദിച്ചു.

" നിങ്ങൾ എന്ത് കാര്യമാണ് പറയാൻ പോകുന്നതെന്ന് എനിക്ക് നന്നായി അറിയാം.."  
അവള് പറഞ്ഞത് കേട്ട്, അയാള് പൊട്ടി ചിരിച്ചു.

" ശെരിയാ..നിനക്ക് എല്ലാം അറിയാം,, നീ അമീറയാണല്ലോ.. അല്ല,,നിനക്ക് ഒരുപാട് സന്തോഷമായി കാണുമല്ലോ,, അനിയത്തിയുടെ കുടുംബത്തെ കുറിച്ചൊക്കെ അറിയാൻ സാധിച്ചപ്പോൾ..പക്ഷേ, അമീറാ..നിന്റെ അറിവില്ലാതെ ഞാൻ ഒരു കാര്യം ചെയ്തു. ആ പെണ്ണ് ഉണ്ടല്ലോ,, ശ്ശേ..എന്താ അവളുടെ പേര്..അന്ന..അവൾക്ക് ഞാൻ ചെറിയ ഒരു ശിക്ഷ കൊടുത്തു..കാരണം, അവള് ചെയ്ത തെറ്റ് എന്താണെന്ന് നിനക്ക് അറിയാലോ.."  അയാളാണ് അന്നയെ കൊല്ലാൻ ശ്രമിച്ചതെന്ന് അറിഞ്ഞ് അമീറക്ക് ദേഷ്യം നിയന്ത്രിക്കാനായില്ല.

" അപ്പോ എന്റെ ഊഹം ശരിയായിരുന്നല്ലേ... നിങ്ങളാണ് അന്നയെ കൊല്ലാൻ ശ്രമിച്ചത്.. ബോസ്, ഞാൻ ഒരു കാര്യം പറയാം,, സ്‌ക്വാഡിന്റെ ഒരു രഹസ്യങ്ങളും പുറത്ത് പോവില്ല. അതിന്റെ പേരിൽ അവളെ ഒന്നും ചെയ്യരുത്.. പിന്നെ.. ഇത് അമീറ അപേക്ഷിക്കുന്നതല്ല, കല്പനയാണെന്ന് കൂട്ടിക്കോ.. " 
അവൾ ഒരു ഭീഷിണി പോലെ പറയുന്നത് കേട്ട്, സോഫിയ അവളെ ഒരു ഞെട്ടലോടെ നോക്കി.

" ഡീ ****മോളെ നീയാരാടി അത് പറയാൻ... ഇത്രയും കാലം നീ എന്റെ എച്ചില് തിന്നിട്ട് അവളുടെ ഒരു കല്പന.. നിന്നെ അമീറയാക്കിയത് ഞാൻ ആണെന്ന കാര്യം നീ മറക്കണ്ട.. "

" ഞാൻ ഒന്നും മറന്നിട്ടില്ലെടോ.. ആ കാര്യത്തിൽ എനിക്ക് തന്നോട് കടപ്പാട് ഉണ്ട്.. താൻ വെച്ച നീട്ടിയത് മനസമാധാനമുള്ള ഒരു ജീവിതം ആയിരുന്നല്ലോ.. ഇന്ന് എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുന്നുണ്ട്.. അതിനും ഭേദം അന്ന് തനിക്ക് എന്നെ വല്ല കഴുകന്മാർക്കും ഇരയാക്കുന്നതായിരുന്നു..പിന്നെ, ഒരു കാര്യം കൂടെ.. താൻ എന്നോട് ഉള്ള പക ഇഷലിനോടോ അന്നയോടോ തീർക്കാൻ ശ്രമിച്ചാൽ,, അന്ന് എന്റെ മുഖം മൂടി ഞാൻ അഴിക്കും.." 
അവൾ ദേഷ്യം നിയന്ത്രിക്കാനാകാതെ പറഞ്ഞുകൊണ്ട് കോൾ കട്ട്‌ ചെയ്തിട്ട്, അൽപ സമയം മൗനമായി നിന്നു. അത് കണ്ട് സോഫിയ അവളുടെ തോളിലൊന്ന് കൈ വെച്ചതും അവൾ കയ്യിലുണ്ടായിരുന്ന ഫോൺ എങ്ങോട്ടോ എറിഞ്ഞു.

" നിനക്കെന്താ പറ്റിയെ? അയാൾ എന്താ പറഞ്ഞെ? " അവളുടെ പ്രവൃത്തി കണ്ട്, സോഫിയ ചോദിച്ചു കൊണ്ടിരുന്നതും അമീറ പെട്ടെന്ന് അവരെ ഇറുകെ കെട്ടിപിടിച്ചു.

" മമ്മാ.. അയാൾ അന്നയെ കൊല്ലാൻ ശ്രമിച്ചു.. ഞാൻ കാരണം അവരും കൂടെ പ്രശ്നം അനുഭവിക്കാൻ പാടില്ല.. അതെന്ത് ചെയ്തിട്ടായാലും അവരെ ഇതിൽ നിന്നൊക്കെ രക്ഷിച്ചേ പറ്റൂ.. " അവൾ പറഞ്ഞത് കേട്ട് സോഫിയ അവളെ അവരിൽ നിന്നും മാറ്റി നിർത്തി.

" നീയെന്ത് ചെയ്യാനാ പോകുന്നത്? അയാളെ നിനക്ക് ഒന്നും ചെയ്യാൻ പറ്റില്ല.. അയാളെ തടയാനും കഴിയില്ല.. നിനക്ക് അതൊന്നും അറിയാത്തത് അല്ലല്ലോ.. അയാൾ അവരെ എന്തെങ്കിലും ചെയ്യാൻ ഉദ്ദേശിച്ചിട്ടുണ്ടെങ്കി ലോകത്തിന്റെ ഏത് കോണിൽ പോയി ഒളിച്ചാലും അവർ രക്ഷപ്പെടില്ല.. " സോഫിയ ഒരു ഭയത്തോട് കൂടെ തന്നെ അവളോട് പറഞ്ഞു.

" അതൊന്നും എനിക്കറിയില്ല.. അവർ ഈ നാട്ടിൽ തന്നെ നിൽക്കുന്നിടത്തോളം കാലം എനിക്ക് അവരെ രക്ഷിക്കാൻ പറ്റില്ല..  അവർ ഇവിടെ നിന്ന് മാറി നിന്നാൽ എനിക്ക് അയാളുടെ നീക്കങ്ങളെങ്കിലും അറിയാൻ സാധിക്കും... മമ്മ നാളെ പോയി അന്നയെ കാണണം,, അവളോട് ഇവിടെ നിന്ന് കുറച്ചു കാലത്തേക്ക് എങ്കിലും മാറി നില്ക്കാൻ പറയണം.. " അവൾ അവരെ നോക്കി ഒരു പ്രതീക്ഷയോടെ പറഞ്ഞു.


" ഞാനോ,, ഞാൻ പറഞ്ഞാ അവൾ കേൾക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ.. നീ തന്നെയല്ലേ പറഞ്ഞെ അവൾ അങ്ങനെ അത്ര പെട്ടെന്ന് ഒന്നും ആർക്കും വഴങ്ങി കൊടുക്കില്ലാന്ന്"

" അതൊക്കെ ശെരിയാണ്.. ഇതേ കാര്യം ഞാൻ തന്നെ അവളോട് പോയി പറഞ്ഞാലും അവസ്ഥ മമ്മ ആലോചിച്ച് നോക്ക്.. എന്നെ കേൾക്കാൻ പോലും അവൾ കൂട്ടാക്കില്ല.. അതുകൊണ്ടാ ഞാൻ പറഞ്ഞത് മമ്മ അവളോട് പോയി സംസാരിക്കണമെന്ന്.. എനിക്ക് ഇച്ചൂസിന്റെ സേഫ്റ്റി ആണ് പ്രധാനം.. അയാൾ എന്നോടുള്ള ദേഷ്യത്തിന് അവളെ എന്തേലും ചെയ്യോന്ന് ആണ് എന്റെ പേടി.. " അവളുടെ മുഖത്തെ വേവലാതി കണ്ടപ്പോൾ, സോഫിയക്ക് ഒന്നും മറുത്തു പറയാൻ തോന്നിയില്ല.

***********************

അയാളുടെ കയ്യിലേക്ക് കുത്തി കയറിയ ചില്ലിൻ കഷ്ണം അയാൾ ശ്രദ്ധയോടെ എടുത്തു മാറ്റി. അപ്പോൾ അതിലൂടെ രക്തം ഒലിച്ചിറങ്ങി. അയാൾ അതിലേക്ക് തന്നെ പകയോടെ നോക്കി.

" ഒരു കാലത്ത് എന്റെ അടിമയായി നിന്ന നീ, ഇന്ന് എന്നെ ഭരിക്കുന്നു... ഇതിന് ഞാൻ ഒരിക്കലും സമ്മതിക്കില്ല.. ഈ ലോകത്ത് എന്നെക്കാളും വലുതായി ആരും വേണ്ടാ.. പ്രത്യേകിച്ച് നിന്നെ പോലെയൊരു തന്തയില്ലാത്ത പീറ പെണ്ണ്... അമീറാ, ഇനി നീ ഈ ഭൂമിയിൽ ജീവിക്കണോ വേണ്ടയോ എന്ന് ഞാൻ തീരുമാനിക്കും.. " അയാൾ എടുത്തു മാറ്റിയ ചില്ല് അയാളുടെ വിരലുകൾക്കിടയിൽ വെച്ച് ഞെരിച്ചു. അയാളുടെ വിരലുകളിൽ നിന്നും രക്തം പൊടിഞ്ഞു.

" ബോസ്, എനിക്ക് ഒരു അർജെന്റ് കാര്യം പറയാനുണ്ട്.. " ഒരാൾ അങ്ങോട്ടേക്ക് വന്നു കൊണ്ട് വിളിച്ചു പറഞ്ഞതും, ബെഞ്ചമിൻ അയാളുടെ രക്തം പൊടിഞ്ഞ വിരലുകൾ വായിലിട്ടൊന്ന് നുണഞ്ഞുകൊണ്ട് അവരെ നോക്കി.

" ബോസ്, ആ ചാർലി നാളെ രാത്രി എത്തും.. നമുക്ക് ആണെങ്കിൽ പതിനെട്ടിന് താഴെയുള്ള ഒരു കുട്ടിയെ പോലും കിട്ടിയിട്ടില്ല.. എന്തെങ്കിലും എത്രയും പെട്ടെന്ന് തന്നെ ചെയ്യണം.. ആ ചാർളിയെ അത്ര നിസ്സാരക്കാരനായി കാണണ്ട.. " അവർ പറഞ്ഞത് കേട്ട് അയാളുടെ ചുണ്ടിൽ എന്തോ നേടിയത് പോലെ ഒരു ക്രൂരമായ ചിരി വിരിഞ്ഞു.

" പതിനെട്ട് വയസ്സിന് താഴെയുള്ള ഒരു പെൺകുട്ടിയെ എനിക്കറിയാം "

" അത് ഏത് പെൺകുട്ടിയാണ്? " അയാൾ പറഞ്ഞത് കേട്ട്, അവർ ഒരു പ്രതീക്ഷയോടെ അയാളെ നോക്കി ചോദിച്ചു.

അതേസമയം അയാളുടെ ഉള്ളിൽ കത്തി നിന്നത് അമീറയോടുള്ള പകയായിരുന്നു.

" ബോസ്, ആ പെൺകുട്ടി ഏതാണെന്ന് പറയ്.. " അയാൾ വീണ്ടും ചോദിച്ചു.

" എനിക്ക് ബോസിനോട് ഒരു കാര്യം പറയാനുണ്ട് " ആ മുറിയുടെ വാതിലിനടുത്ത് നിന്നുകൊണ്ട് മാർത്ത അയാളോട് പറഞ്ഞു.
അതിന്  അയാളൊന്ന് മൂളിയതും, അവൾ അയാൾക്ക് അടുത്തേക്ക് വന്നു കൊണ്ട് അവിടെ നിന്നിരുന്നവനെ നോക്കി.

" ഈ കാര്യം ബോസിനോടാ എനിക്ക് ചോദിക്കാനുള്ളത് " അവൾ അവരെ നോക്കി കൊണ്ട് അങ്ങനെ പറഞ്ഞതും, അവൻ അവളെ നോക്കിയൊന്ന് പല്ലിരുമ്മി കൊണ്ട് പോകാൻ തുനിഞ്ഞു.

" നീ അവിടെ നിൽക്ക്.. മാർത്തക്ക് എന്താണ് പറയാൻ ഉള്ളത് എന്ന് വെച്ചാ വേഗം പറഞ്ഞിട്ട് പോകാൻ നോക്ക്.. " ബെഞ്ചമിൻ പോകാൻ ഒരുങ്ങിയ അയാളെ തടഞ്ഞു കൊണ്ട് മാർത്തയോട് പറഞ്ഞു. അത് കേട്ട്  അവൻ മാർത്തയെ ഒരു പുച്ഛത്തോടെ നോക്കി. എന്നാൽ, അവൾ അത് കാര്യമാക്കാതെ ബെഞ്ചമിനെ നോക്കി.

" നിങ്ങൾ ഇവിടെ ഇത്രയും നേരം സംസാരിച്ചത് എല്ലാം ഞാൻ കേട്ടു.. ബോസ് ഏത് പെൺകുട്ടിയെ ആണ് കൊണ്ടുവരാൻ ഉദ്ദേശിച്ചിരിക്കുന്നതെന്ന് എനിക്കറിയാം.. അത് വേണ്ട എന്ന് പറയാനാ ഞാൻ വന്നത്.. അമീറയോട് ഉള്ള ദേഷ്യത്തിന് ഇത്രയും വലിയ തെറ്റ് നിങ്ങൾ ചെയ്യരുത് " മാർത്ത ഒട്ടും പതറാതെ തന്നെ അയാളെ നോക്കി കൊണ്ട് പറഞ്ഞു.

" മാർത്താ.. ഞാൻ തെറ്റുകൾ മാത്രമല്ലേ ഇത്രയും കാലം ചെയ്തിട്ടുള്ളു.. ഈ ഒരു തെറ്റ് ചെയ്‌തെന്ന് വെച്ച് എനിക്ക് കുറ്റബോധം ഒന്നും ഉണ്ടാകാൻ പോകുന്നില്ല " അയാൾ അവളെ നോക്കി ശാന്തമായി സംസാരിച്ചത് അവളെ തെല്ലൊന്ന് അത്ഭുതപ്പെടുത്തിയെങ്കിലും അയാൾ പറഞ്ഞത് അവൾക്ക് ഒട്ടും ദഹിച്ചില്ല.

" എങ്കിൽ ഈ തെറ്റ് ചെയ്യാൻ ഞാൻ സമ്മതിക്കില്ല... " അവൾ അയാളുടെ കണ്ണിലേക്കു നോക്കി കൊണ്ട് തന്നെ പറഞ്ഞു. അത് കേട്ടതും അയാൾ ശാന്തമായി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് തന്റടുത്ത് നിൽക്കുന്നവനെ നോക്കി.

" നീ പുറത്തേക്ക് പൊയ്ക്കോ.. " അയാൾ അവനെ നോക്കി കണ്ണുകൊണ്ട് പുറത്തേക്ക് പോകാൻ ആവശ്യപ്പെട്ടതും, അവൻ മാർത്തയെ ഒന്ന് നോക്കി കൊണ്ട് പുറത്തേക്ക് പോയി. ആ സമയം, മാർത്ത അയാളിൽ കണ്ടത് കൊന്നു തിന്നാൻ ഇരയെ ലഭിച്ചവന്റെ ആഹ്ലാദമായിരുന്നു.

*************************

പിറ്റേദിവസം, അന്ന രാവിലെ തന്നെ പുറപ്പെട്ടത് പപ്പയായ സാമുവലിന്റെയും മമ്മയുടെയും കല്ലറയിലേക്ക്‌ ആയിരുന്നു.
അവള് കുറച്ചു സമയം പ്രാർഥിച്ചതിന് ശേഷം പോകാനായി തിരിഞ്ഞതും, പിന്നിൽ നിൽക്കുന്ന സ്ത്രീയെ കണ്ട് ഒരു നിമിഷത്തെ ഞെട്ടലോടെ പിറകിലേക്ക് വേച്ചു.

അത് സോഫിയ ഖാലിദ് ആണെന്ന് തിരിച്ചറിയാൻ അവൾക്ക് അല്പം സമയം വേണ്ടി വന്നു. അവർ എന്തിന് ഇവിടെ വന്നു എന്ന സംശയത്തോടെ അവള് അവരെ തന്നെ നോക്കി.

സോഫിയ ഒരു പുഞ്ചിരിയോടെ അവളെ നോക്കി. അപ്പോഴാണ് ആ കല്ലറ അവർ ശ്രദ്ധിച്ചത്.

" പപ്പയും മമ്മിയും ആയിരിക്കുമല്ലെ?" അവർ ആ കല്ലറയിൽ നിന്നും അവളിലേക്ക് നോട്ടം തെറ്റിച്ചു കൊണ്ട് ചോദിച്ചു.

അവള് അതെയെന്ന അർത്ഥത്തിൽ ഒന്ന് തലയനക്കുക മാത്രമേ ചെയ്തുള്ളൂ.
അപ്പോഴാണ് അവർ അവളുടെ കയ്യിലുള്ള മുറിവ് ശ്രദ്ധിച്ചത്. അവർ അവളുടെ അടുത്തേക്ക് വന്ന് ശ്രദ്ധയോടെ മുറിവ് കെട്ടി വെച്ചതിൽ തൊട്ടു നോക്കി.

" മുറിവ് ഉണങ്ങാറായിട്ടില്ലല്ലോ, ഇപ്പൊ റെസ്റ്റ് എടുക്കണം..എന്തിനാ കുട്ടി ഇപ്പോഴേ ഡ്രൈവ് ചെയ്ത് ഇവിടം വരെ വന്നത്"  അവർ ശാന്തതയോടെ അവളെ നോക്കി ചോദിച്ചു.

" നിങ്ങള് എന്തിനാ വന്നത്?" അന്ന ചോദിച്ചു.

" ഞാൻ നിന്നോട് കുറച്ച് സമയം സംസാരിക്കാനാണ് വന്നത്..ഞാൻ നിന്റെ വീട്ടിൽ പോയിരുന്നു, നിന്റെ അനിയത്തിയാണ് പറഞ്ഞത് നീ ചർച്ചിൽ ഉണ്ടെന്ന്.." 

" എന്താ നിങ്ങൾക്ക് സംസാരിക്കാൻ ഉള്ളത്?" അവള് വലിയ താൽപര്യമില്ലാത്ത മട്ടിൽ ചോദിച്ചു. അത് കേട്ട് സോഫിയ ഒന്ന് ചിരിച്ചു കൊണ്ട് അവളെ നോക്കി.

" നിനക്കറിയോ നിന്റെ പപ്പയും മമ്മയും മിഷേലും തമ്മിൽ ഒരു ബന്ധമുണ്ട്.." അവർ പറഞ്ഞത് കേട്ട്, അന്ന സംശയത്തോടെ അവരെ നോക്കി. 

" നിനക്ക് ഒരു അനിയത്തി ഉണ്ടല്ലോ..അവള് നിന്റെ സ്വന്തം സഹോദരി അല്ലെന്ന് നിനക്ക് അറിയാമോ?" അപ്രതീക്ഷിതമായി അവർ ചോദിച്ചത് കേട്ട്, അന്നക്ക്‌ എന്ത് പറയണമെന്നറിയാതെ വാക്കുകൾ കുരുങ്ങി പോകുന്നത് പോലെ അനുഭവപ്പെട്ടു. 
ല്യൂ തന്റെ സ്വന്തം സഹോദരി അല്ലെന്നും, അവളെ തന്റെ മാതാപിതാക്കൾ ദത്ത് എടുതതാണെന്നും അവൾക്ക് അറിയാമായിരുന്നു. എങ്കിലും അവള് അത് അംഗീകരിക്കാതെ അവളെ സ്വന്തം സഹോധരിയാണെന്ന്‌ ഉറപ്പിച്ചു ചേർത്ത് പിടിച്ചിട്ടെ ഉള്ളൂ അവള്. അത്രമേൽ ഇഷ്ടമാണ് അന്നക്ക് അവളെ. പെട്ടെന്ന് സോഫിയ ചോദിച്ചത് കേട്ട് അവൾക്ക് ദേഷ്യവും സങ്കടവും ഒരുമിച്ച് വന്നു, അവളുടെ ഇരുകണ്ണുകളും ചുവന്നു കലങ്ങിയിരുന്നു.  

" നിങ്ങള് എന്താ ഈ പറയുന്നെ? നിങ്ങളുടെ പിച്ചും പേയും കേൾക്കാൻ എനിക്ക് ഒട്ടും സമയമില്ല.. ഞാൻ പോകാണ്.." അവള് അവളുടെ നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചുകൊണ്ട് പോകാൻ തുനിഞ്ഞതും, സോഫിയ അന്നയുടെ കൈത്തണ്ടയിൽ മുറുകെ പിടിച്ചു. 

" അതിനേക്കാൾ ഒക്കെ വലിയ ഒരു ബന്ധമുണ്ട്, നീയും മിഷേലും തമ്മിൽ.." അവർ വീണ്ടും അവളെ പിടിച്ചു നിർത്തും വിധം പറഞ്ഞത് കേട്ട് അന്ന അവരെ നോക്കിയതും സോഫിയ അവളുടെ കൈകളെ മോചിപ്പിച്ചു.

" നീയിന്നു ജീവനോടെ ഉണ്ടെങ്കിൽ അതിന് കാരണക്കാരി മിഷേലാണ്.. " അവർ വീണ്ടും പറഞ്ഞത് കേട്ട്, അന്നയ്ക്ക് തന്റെ കാതുകളെ വിശ്വസിക്കായായില്ല. താനൊരു സ്വപ്നം കാണുകയാണോ എന്ന് അവൾക്ക് തോന്നിപോയി.

" ഇല്ല.. ഞാനിത് വിശ്വസിക്കില്ല.. അവർ എന്തിനാ എന്റെ ജീവൻ രക്ഷിക്കുന്നെ.. " അവൾ വിശ്വാസം വരാതെ അവരെ നോക്കി ചോദിച്ചു.

" കാരണം ഇഷലാണ്, നിന്റെ അനിയത്തി.. അമീറ അത്രയധികം സ്നേഹിക്കുന്നുണ്ട് അവളെ.. "

" അമീറാ? " അന്ന അവരെ സംശയത്തോടെ നോക്കി.

" യെസ്.. അമീറ.. മിഷേലിന്റെ യഥാർത്ഥ പേര്.." സോഫിയ അത് പറഞ്ഞപ്പോഴാണ്  കിരൺ ഷൂട്ട് ചെയ്ത ആ വീഡിയോയിൽ അയാള് മിഷേലിനെ അമീറ എന്നായിരുന്നു വിളിച്ചിരുന്നത് എന്ന് അവള് ഓർത്തത്.

" നിനക്ക് ഞാൻ പറഞ്ഞ കാര്യങ്ങളെല്ലാം വിശ്വസിക്കാൻ കുറച്ച് ബുദ്ധിമുട്ട് ഉണ്ടാകുമെന്ന കാര്യം എനിക്കറിയാം..എങ്കിലും, ഞാൻ പറയാം.. അമീറ ഒരിക്കലും നിന്റെ ശത്രുവല്ല.." സോഫിയ അവളുടെ തോളിൽ കൈവച്ചു കൊണ്ട് അങ്ങനെ പറഞ്ഞതും അവള് നിർവികാരതയോടെ അവരെ നോക്കി.

അവള് ഒന്ന് മറുപടി പറയാത്തത് കണ്ട്, ഈ കാര്യങ്ങളെല്ലാം അവള് വിശ്വസിച്ച് തുടങ്ങിയെന്ന് സോഫിയക്ക് മനസ്സിലായി.

" ഇനി ഞാൻ പറയാൻ പോകുന്ന കാര്യങൾ നീ ശ്രദ്ധിച്ചു കേൾക്കണം.." സോഫിയ വീണ്ടും ഗൗരവത്തോടെ പറയുന്നത് കേട്ട് അന്ന അവരിലേക്ക് ശ്രദ്ധ തെറ്റിച്ചു.
അവർ പറയുന്ന കാര്യങ്ങളിൽ ഒന്നും ശ്രദ്ധിക്കാൻ അവൾക്ക് കഴിയുന്നുണ്ടായിരുന്നില്ല.. അവളുടെ മനസ്സ് ശൂന്യമായിരുന്നു. ല്യൂ യഥാർത്ഥത്തിൽ അമീറയുടെ സഹോദരി ആണെന്ന സത്യം അംഗീകരിക്കാൻ അവളുടെ മനസ്സ് അനുവദിച്ചില്ല.

" നീ നിന്റെ അനിയത്തിയെയും കൂട്ടി എത്രയും പെട്ടെന്ന് ഈ നാട്ടിൽ നിന്നും മാറി നിൽക്കണം..കാരണം, നിങ്ങൾക്ക് പിന്നാലെ ഒരുപാട് ശത്രുക്കൾ ഉണ്ട്..നിങ്ങള് ഈ നാട്ടിൽ തന്നെ നിൽക്കുകയാണെങ്കിൽ അവർ നിങ്ങളെ വെറുതെ വിടില്ല..അതുകൊണ്ട് എത്രയും പെട്ടെന്ന് നിങ്ങള് എങ്ങോട്ടെങ്കിലും മാറി നിൽക്കണം..ഞാൻ പറയുന്നത് മനസ്സിലാകുന്നുണ്ടല്ലോ അല്ലേ..." സോഫിയ പറഞ്ഞത് കേട്ട് അന്നയുടെ മനസ്സിൽ ഒരുപാട് സംശയങ്ങൾ ഉയർന്നെങ്കിലും അതൊന്നും ചോദിക്കാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല അവള്. അവള് അവർ പറഞ്ഞതിനൊന്നും മറുപടി പറയാതെ അവിടെ നിന്നും പുറത്തേക്ക് പോയി. 

******************************************

" നിന്റെ മുഖത്ത് ഇത്രയും ടെൻഷൻ ഞാനിത് ആദ്യമായാണ് കാണുന്നത്..എല്ലാം സോഫിയാന്റി ശരിയാക്കമെന്ന് പറഞ്ഞല്ലോ.. പിന്നെ നീയെന്തിനാ ഇങ്ങനെ പേടിക്കുന്നത്..നീ ഇറങ്ങ്,, നമുക്ക് ഒരു കോഫി കുടിക്കാം.." അജു അമീറയോടൊപ്പം ഓഫീസിലേക്ക് ഡ്രൈവ് ചെയ്യുന്നതിനിടെ അമീറ ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ട്, അവളെ ഒന്ന് കൂൾ ആക്കണമെന്ന് തോന്നി ഒരു കഫെയുടെ മുൻപിലാണ് അവൻ കാർ നിർത്തിയത്. അവൾക്ക് ഇറങ്ങാൻ വലിയ താൽപര്യമില്ലെങ്കിലും അജു അവളെ കാറിൽ നിന്നും വലിച്ചിറക്കി കൊണ്ട് കഫെയിലേക്ക്‌ നടന്നു.

അവർ ആ കഫേയിലെ ഡോർ തുറന്ന് അകത്തേക്ക് കയറിയപ്പോഴാണ് അമീറ അവർക്ക് നേരെ നടന്നു വരുന്ന ജെന്നിയെ ശ്രദ്ധിച്ചത്. അവളുടെ കൂടെ വേറെ ഒരു പെൺകുട്ടിയുണ്ടായിരുന്നു. അവള് ഒരു സംശയത്തോടെ അവരെ രണ്ട് പേരെയും മാറി മാറി നോക്കി. രണ്ട് പേരും കൈകോർത്ത് പിടിച്ചാണ് നടന്ന് വരുന്നത്.

പെട്ടെന്നാണ് ജെന്നി അമീറയെ ശ്രദ്ധിച്ചത്. അവളെ കണ്ടതും ജെന്നി ഒരു നിമിഷം അവിടെ തന്നെ നിന്നു. പെട്ടെന്ന്, അവള് അമീറയെ നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചു കൊണ്ട് അവൾക്ക് നേരെ നടന്നടുത്തു.

ജെന്നി അമീറയെയും അജുവിനെയും മാറി മാറി നോക്കിക്കൊണ്ട് അമീറയുടെ കൈകളിൽ മുറുകെ പിടിച്ചു.

" നിങ്ങളെന്താ ഇവിടെ?" അവള് നെറ്റി ചുളിച്ചു കൊണ്ട് അമീറയോട് ചോദിച്ചു. 

" ആളുകൾ എന്തിനാ സാധാരണ കഫേയിലെക്ക്‌ വരുന്നത്..കോഫി കുടിക്കാനല്ലെ..എന്തൊക്കെ മണ്ടത്തരങ്ങൾ ആണ് നീയീ ചോദിക്കുന്നത് " ജെന്നി അമീറയോട് ചോദിച്ചതിന് അവളുടെ കൂടെയുള്ള പെൺകുട്ടിയായിരുന്നു മറുപടി പറഞ്ഞത്. അവള് പറഞ്ഞത് കേട്ട് അജുവും അമീറയും ചിരിച്ചുകൊണ്ട് അവളെ നോക്കി. 

" ഇതാരാ ജെന്നി?" ആ പെൺകുട്ടിയെ നോക്കിക്കൊണ്ട് അമീറ ചോദിച്ചത് കേട്ട്, ജെന്നി അവളെ ഒന്ന് നോക്കിയിട്ട് അമീറയെ നോക്കി.

" ഇതെന്റെ ഗേൾഫ്രണ്ട് ആണ്.. ക്രിസ്റ്റീന" ജെന്നി ഒരു ചടപ്പോട് കൂടെ പറഞ്ഞത് കേട്ട്, അമീറ അവളെ തുറിച്ച് നോക്കി. അവള് ജെന്നിയുടെ കൈ പിടിച്ച് വലിച്ചുകൊണ്ട് ഒരു സൈഡിലേക്ക് മാറ്റി നിർത്തി.

" നിനക്ക് എപ്പോഴാടി പുതിയ ഗേൾഫ്രണ്ട് സെറ്റായത്..എന്നിട്ട് നീ എന്നോട് ഇപ്പോഴാണോ പറയുന്നത്.." അവള് ദേഷ്യം നടിച്ചു കൊണ്ട് ചോദിച്ചു.

" അയ്യോ..അങ്ങനല്ല,, ഞാൻ നിന്നോട് പറയാൻ വിച്ചാരിച്ചതാ..ഇവളെ ഞാൻ ഒരു ഡേറ്റിംഗ് ആപ്പിലൂടെയാണ് പരിചയപ്പെട്ടത്, ഇന്നായിരുന്നു ഞങ്ങളുടെ ഫസ്റ്റ് മീറ്റ്..അപ്പോ കാര്യങ്ങളൊക്കെ സെറ്റായ ശേഷം നിന്റെ അടുത്തേക്ക് വരാൻ പ്ലാൻ ചെയ്തതാ... അപ്പോഴാ നിങ്ങളെ ഇവിടെ വെച്ച്..." ജെന്നി ഇളിച്ചുകൊണ്ട് അവളെ നോക്കി പറഞ്ഞതും, അമീറ അവളെ ഒന്നൂടെ തുറിച്ച് നോക്കിക്കൊണ്ട് ക്രിസ്റ്റീനയുടെ അടുത്തേക്ക് ചെന്നു.

" ക്രിസ്റ്റീന.. ഇവൾ എന്നെ പരിചയപ്പെടുത്തി തന്നിട്ടുണ്ടാവില്ല..എന്റെ പേര് അമീറ,,, Her best friend..." 

" Yeah... എനിക്ക് അറിയാം..Her ex-girlfriend..Right?" അമീറ എന്ന പേര് കേട്ട പാടെ അവള് ചോദിച്ചത് കേട്ട്, ഇത്രയും നേരം ഇവരുടെ സംഭാഷണങ്ങൾ എല്ലാം ചിരിച്ചോണ്ട് കേട്ട് നിന്ന അജുവിന്റെ  കിളികളെല്ലാം കൂടും കൂട്ടി പറന്നു പോയി.
അവൻ ഒരു ഞെട്ടലോടെ അമീറയെ തുറിച്ച് നോക്കിയതും, അവള് എന്ത് ചെയ്യണമെന്ന് അറിയാതെ അവനെ നോക്കി പല്ലിളിച്ചു കാണിച്ചു.

ക്രിസ്റ്റീന പറഞ്ഞത് കേട്ട്, ജെന്നി അവളുടെ കയ്യിൽ ഒന്ന് നുള്ളികൊണ്ട് അവളെ തുറിച്ച് നോക്കി.

" Guys..you carry on.. എന്നാ ഞങ്ങൾ ഇറങ്ങട്ടെ.." ജെന്നി അവരെ നോക്കി കൈവീശി കാണിച്ച് ക്രിസ്റ്റീനയുടെ കൈ പിടിച്ച് വലിച്ചോണ്ട് അവിടെ നിന്നും സ്‌കൂട്ടായി.

അമീറ അവർ പോയ വഴിയേ ഒന്ന് നോക്കി കൊണ്ട് അജുവിനെ നോക്കിയതും അവൻ അപ്പോഴും തന്നെ തുറിച്ച് നോക്കുന്നത് കണ്ട് അവള് വീണ്ടും അവനെ നോക്കി പല്ലിളിച്ചു.

" What the Fuck* അവൻ മുഷ്ടി ചുരുട്ടി കൊണ്ട് അവളെ നോക്കി അലറിയതും, അവള് അവന്റെ കയ്യിൽ പിടിച്ച് വലിച്ചുകൊണ്ട് ഒരു ടേബിളിനടുത്തേക്ക്‌ ചെന്നു.

" അജു, ഞാൻ എല്ലാം പറയാം..നീ വിചാരിക്കുന്ന പോലെയല്ല " അവള് അവന്റെ തോളിൽ തടവിക്കൊണ്ട് പറഞ്ഞതും, ഇനി എന്താണ് ഇവൾക്ക് പറയാൻ ഉള്ളതെന്ന മട്ടിൽ അവൻ അവളെ ഒരു നോട്ടം നോക്കി. 

അവർ ഒരു ടേബിളിൽ ഇരുന്ന് രണ്ട് പേർക്കും ഓരോ കോഫി ഓർഡർ ചെയ്ത ശേഷം ജെന്നിയെ കുറിച്ച് പറയാൻ തുടങ്ങി.

എല്ലാം കേട്ട് കഴിഞ്ഞ ശേഷം അവനൊരു ആശ്വാസത്തിൽ നെഞ്ചില് കൈ വെച്ചു.

" ഞാൻ ആ സ്പോട്ടിൽ എന്തൊക്കെയാ ചിന്തിച്ച് കൂട്ടിയതെന്ന് അറിയോ..നീ ശരിക്കും ഒരു ലെസ്ബിയൻ ആണെന്ന് വിചാരിച്ചു." അവൻ താടിക്കും കൈ വെച്ചു കൊണ്ട് പറഞ്ഞു.

" നോ..ഞാൻ ലെസ്ബിയൻ അല്ല..നിനക്ക് ഇനിയും സംശയം ആണോ?" അവള് ചോദിച്ചു.

" ഏയ്.. എനിക്കെന്തു സംശയം..അല്ലെങ്കിലും എന്തിനാ സംശയിക്കുന്നെ,, അന്നത്തെ നൈറ്റ് ഓർത്താൽ പോരെ..നീ ലെസ്ബിയൻ അല്ലാന്ന് നൂറുശതമാനം ഉറപ്പിക്കാം.." അവൻ ഒരു കള്ളച്ചിരിയോടെ പറഞ്ഞത് കേട്ട്, അമീറ അവനെ തുറിച്ചുനോക്കി.

" അല്ലെങ്കിലും, എനിക്ക് ഇടക്കൊക്കെ തോന്നിയിട്ടുണ്ട്..ഈ അമീറക്ക് എങ്ങനെയാ എന്നെ ഇങ്ങനെ സ്നേഹിക്കാൻ പറ്റുന്നതെന്ന്..may be, നീ എനിക്ക് മുൻപ് ആരെയെങ്കിലും സ്നേഹിച്ചിട്ടുണ്ടാകാം.." അവൻ പറഞ്ഞത് കേട്ട് അവള് അതിനെ പറ്റി ചിന്തിച്ചതും, അവളുടെ മനസ്സിലേക്ക് ഓടിയെത്തിയ മുഖം ഓർത്ത് അവളുടെ കണ്ണുകൾ വല്ലാതെ പിടച്ചു. നിമിഷ നേരം കൊണ്ട് അവളിൽ എന്തൊക്കെയോ മാറ്റം സംഭവിച്ചു. 

വർഷങ്ങൾക്ക് ശേഷമാണ്, അയാളെ പറ്റി അവള് ചിന്തിക്കുന്നത്. അജു എന്തിനാണ് അയാളെ പറ്റി ഓർമിപ്പിച്ചത്.. അവള് അവിടെ ഇരുന്നു കൊണ്ട് ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത പഴയ ചില ഓർമകളിലേക്ക് കുതിച്ചു. അത് ഓർക്കും തോറും അവളുടെ ഉള്ളിൽ ആരോടോ ഉള്ള വെറുപ്പ് കുമിഞ്ഞു കൂടി.

" നമുക്ക് പോയാലോ..എനിക്ക് ലേറ്റ് ആകുന്നു.." പെട്ടെന്ന് അജു അങ്ങനെ ചോദിച്ചതും, അവള് യാന്ത്രികമായി തലയാട്ടി കൊണ്ട് അവിടെ നിന്നും എഴുന്നേറ്റു പുറത്തേക്ക് നടന്നു.

കാറിന് അടുത്ത് എത്തിയിട്ടും അമീറ കയറാതെ നിൽക്കുന്നത് കണ്ട് അജു അവളെ നോക്കി.

" വേഗം കയറ്..ലേറ്റ് ആകുന്നു.." അജു അവളെ നോക്കി വിളിച്ചു പറഞ്ഞു.

" നീ പൊയ്ക്കോ അജു..എനിക്ക് ഒരിടം വരെ പോകാനുണ്ട്.." 

" ശരി.. എവിടേക്ക് ആണെന്ന് ഞാൻ ചോദിക്കുന്നില്ല, അത് നീ പറയില്ലല്ലോ..ഞാൻ ഏതായാലും പോവാ... ടേക് കെയർ" അവൻ അവള് ഒന്ന് നോക്കി കൈ വീശി കാണിച്ചിട്ട് കാറിൽ കയറി പോയി.

അവള് അവിടെ നിർത്തിയിട്ടിരുന്ന ഒരു ക്യാബിൽ കയറി ഡ്രൈവർക്ക് പോകാനുള്ള സ്ഥലം പറഞ്ഞ് കൊടുത്ത് വിൻഡോയിൽ തല വെച്ചു കിടന്നു.

അവളുടെ മനസ്സിലൂടെ പഴയ ഓർമകൾ മിന്നി മറഞ്ഞു കൊണ്ടിരുന്നു..

പെട്ടെന്ന് അവളുടെ മനസ്സിലേക്ക് അവന്റെ പേര് ഓടിയെത്തി,, ഗബ്രിയേൽ..

തുടരും...

 


THE SECRET-23

THE SECRET-23

4.7
1408

**THE SECRET**PART-23✍️ MIRACLE GIRLLപെട്ടെന്ന് അവളുടെ മനസ്സിലേക്ക് അവന്റെ പേര് ഓടിയെത്തി,,ഗബ്രിയേൽ..അവള് പോലും അറിയാതെ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു. അവനോടൊപ്പമുള്ള ഓർമകൾ അവളുടെ മനസ്സിനെ വീണ്ടും ഉണർത്തി...//ടാ.. ഗബ്രിയേലെ,, ഞാൻ നിന്നോട് ഒരു കാര്യം ചോദിക്കട്ടെ..\" അവൻ ശ്രദ്ധയോടെ എന്തോ എഴുതുന്നതിനിടയിൽ അമീറ വന്ന് അങ്ങനെ ചോദിച്ചതും, അവൻ അവളെയൊന്ന് തുറിച്ച് നോക്കി കൊണ്ട് വീണ്ടും എഴുതുന്നതിലേക്ക് ശ്രദ്ധ ചെലുത്തി. അത് കാണെ അവളൊരു കുറുമ്പോടെ അവൻ എഴുതിയിരുന്ന പാപ്പെറെടുത്ത് പിറകിലേക്ക് പിടിച്ചു.\" അതിങ് താ.. അമീറാ\" അവൻ അവൾക്ക് നേരെ അലറി.\" നീയെന്താ ഇത്ര കാര്യായിട്ട്‌ എഴുതുന്