Aksharathalukal

രണഭൂവിൽ നിന്നും... (8)

അതൊരു ഇരുനില വീടാണ്.. കവലയിൽ നിന്നും കുറച്ച് മാറി മെയിൻ റോഡിന് അരികിലുള്ളൊരു വീട്.. ഗേറ്റിനുള്ളിലേക്ക് കടക്കുമ്പോൾ തന്നെ ഭാനു ഒരു ആശങ്കയിലായിരുന്നു... താൻ തേടിയെത്തിയയാൾ അവിടെയില്ലെങ്കിൽ??? ആ ചോദ്യത്തിലുടക്കി നിന്നു അവളുടെ മനസ്സ്... അവളുടെ ഹൃദയം വല്ലാതെ ദുന്ദുഭി മുഴക്കിക്കൊണ്ടിരുന്നു....

വിറയലോടെ വിയർത്ത വിരലുകൾ ഷോളിൽ തുടച്ച് അവൾ കോളിങ്ങ് ബെൽ അമർത്തി.. ശരീരമാകെ കുഴയുന്നത് പോലവൾക്ക് അനുഭവപ്പെട്ടു... മാനസികസമ്മർദ്ദം അവളെ അവശയാക്കി... രക്ഷപ്പെടാൻ ആകെയുള്ളൊരു കച്ചിത്തുരുമ്പാണ്... ആ വാതിലിനപ്പുറം താൻ കാണാൻ ആഗ്രഹിക്കുന്നയാൾ ഉണ്ടാകണേയെന്നവൾ സകല ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിച്ചു കൊണ്ടിരുന്നു...

നിമിഷങ്ങൾക്ക് ശേഷം ആ വാതിൽ തുറക്കപ്പെടുമ്പോൾ അവിടെ തെളിഞ്ഞു വന്ന മുഖം കണ്ടവൾ ഒന്ന് ഉറക്കെ നിശ്വസിച്ച് പോയി!!!കലങ്ങിമറിഞ്ഞ കണ്ണുകളിൽ നിന്നുമൊരു തുള്ളി അടർന്ന് വീണൊഴുകി...

ഷോൾ കൊണ്ട് മുഖം അമർത്തിപ്പിടിച്ച് വിതുമ്പുന്ന ഭാനുവിനെ കണ്ടു പക്ഷേ അവിടെ പ്രത്യക്ഷമായ പ്രായം ചെന്നൊരു സ്ത്രീയുടെ മുഖം ആദ്യം ആശ്ചര്യത്താൽ വിടർന്നു.. പിന്നെ അതിൽ സന്തോഷം നിറഞ്ഞെങ്കിലും ഭാനു വിതുമ്പുന്നത് കണ്ടതോടെ ആ സന്തോഷം മാഞ്ഞു പോയി.... പിന്നീടതിൽ  നിറഞ്ഞത് ആശങ്കയായിരുന്നു...

\"മോളെ.. ഭാനു!!!\"
അവർ ആവലാതിയോടെ വിളിച്ചു...
ആ വിളി കേട്ടതും മുഖം ഷോളിനാൽ തുടച്ച് ഭാനു ചിരിക്കാൻ ശ്രമിച്ചു കൊണ്ട് മുഖമുയർത്തി നോക്കി..അവളുടെ അവശമായ മുഖം കണ്ട് ആ സ്ത്രീ വേഗം അവൾക്കടുത്തേക്ക് ചെന്നു... ഭാനുവിന്റെ ചുമലിൽ കൈ ചേർത്ത് അവർ അവളുടെ കവിളിൽ തലോടി...

\"ഭാനു.. എന്താ മോളെ... എന്താ പറ്റിയത്?\"
അവർ അലിവോടെ ചോദിച്ചു....
\"ടീച്ചർ... എനിക്ക്.. എനിക്കൊരു സഹായം ചെയ്ത് തരാമോ?.. എനിക്ക്.. വേറെ ആരുമില്ലെനിക്ക് തേടിച്ചെല്ലാൻ....\"
\"അതിനെന്താ.. മോള് വന്നതിലെനിക്കെന്ത് സന്തോഷായീന്നോ... എന്ത് പ്രശ്നമാണെങ്കിലും നമുക്ക് സമാധാനത്തോടെ ഇരുന്ന് സംസാരിക്കാം. മോള് അകത്തേക്ക് വാ.. വാ മോളെ.. ഞാനല്ലേ വിളിക്കുന്നത്.. വാ.. \"

മടിച്ചു മടിച്ചാണെങ്കിലും ടീച്ചറിനൊപ്പം അവൾ അകത്തേക്ക് കയറി... ഹാളിലെ സോഫയിൽ അവളെ ഇരുത്തിയിട്ട് അവർ ഡൈനിങ് ടേബിളിൽ നിന്നും ഒരു ഗ്ലാസിൽ കുറച്ച് വെള്ളമൊഴിച്ച് അവൾക്ക് കൊണ്ടു കൊടുത്തു.... ദാഹിച്ചു പരവേശപ്പെട്ടിരുന്ന ഭാനു അത്‌ വാങ്ങി ആർത്തിയോടെ കുടിക്കുന്നത് കണ്ട് ടീച്ചറുടെ കണ്ണ് നനഞ്ഞു പോയി.. അവർക്ക് നെഞ്ചു വിങ്ങി...

വെള്ളം മുഴുവൻ കുടിച്ചിട്ട് ഭാനു അത്‌ മാറ്റി വച്ചു... അവൾക്ക് കുറച്ച് ആശ്വാസം തോന്നി...
\"മോൾക്ക് ചായ ഉണ്ടാക്കട്ടെ? \"
ടീച്ചറുടെ വാത്സല്യത്തോടെയുള്ള ചോദ്യം കേട്ട് ഭാനു വീണ്ടും വിതുമ്പിപ്പോയി... എങ്കിലും സ്വയം നിയന്ത്രിച്ചൊരു ഇളം ചിരിയോടെ അവൾ വേണ്ടെന്ന് തലയാട്ടി...
\"ടീച്ചർ..ഗ്ലാസ്സ്...ഞാൻ.. കഴുകി വയ്ക്കാം... അടുക്കള?
\"ഓ.. പിന്നെ!!എന്റെ കുട്ടീ... നീയവിടിരിക്ക്... എനിക്കും മക്കളുള്ളതല്ലേ... അതുങ്ങള് കെട്ടിച്ച് വിട്ടിട്ടും ഇവിടെ വന്നാ ഒരില എടുത്ത് മാറ്റിയിടില്ല...അപ്പോഴാ ഒരു ചെറിയ ഗ്ലാസ്സ്...\"

ഭാനു ചിരിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു പോയി... അപ്പോഴാണ് ആ ഹാളിന്റെ ഒരു മൂലയിൽ ഒതുക്കി വച്ചിരിക്കുന്ന ട്രോളീ ബാഗുകൾ ഭാനു കണ്ടത്...
\"ടീച്ചർ.... എവിടേക്കെങ്കിലും യാത്ര പോവാണോ?\"
പെട്ടികളിലേക്ക് നോക്കി അവൾ ചോദിക്കുന്നത് കേട്ട് ടീച്ചറും അവിടേക്ക് നോക്കി... പിന്നെ ഭാനുവിനെയും..

\"അതേ മോളെ.. എന്റെ ഇളയ മോൾടെ ഡെലിവറി ഡേറ്റ് അടുത്തു.. അവരങ്ങു ലണ്ടനിലാ...മൂത്തത് ഒരു കുട്ടി കൂടെ ഉള്ളത് കൊണ്ട് ഈ സമയത്ത് മരുമകന് ഒറ്റയ്ക്കാവില്ല... അപ്പൊ ഞങ്ങള് പോകാമെന്നു വച്ചു... നാളെ വെളുപ്പിനാ ഫ്ലൈറ്റ്... ഇന്ന് രാത്രി പുറപ്പെടും...\"

ടീച്ചറുടെ വാക്കുകൾ കേട്ട് അത്‌ വരെ തോന്നിയ ആശ്വാസം ഭാനുവിൽ നിന്നും പടിയിറങ്ങി...അവൾക്കുള്ളിൽ പ്രതീക്ഷയുടെ അവസാന നാളവും അണഞ്ഞു പോയി.... നിരാശ നിറഞ്ഞ മുഖം അവൾ ടീച്ചറിൽ നിന്നുമൊളിപ്പിച്ചു ചിരിക്കാൻ ശ്രമിച്ചു....

\"ജയേ \"
അവിടേക്ക് കടന്നു വന്ന വൃദ്ധനായ ഒരാളെ കണ്ട് ഭാനു എഴുന്നേറ്റു നിന്നു...
\"ഹാ. ആരാത്.. ഭാനുവോ... സർപ്രൈസ് ആണല്ലോ...മോളെന്താ നിൽക്കണേ.. ഇരിക്ക്...\"
നിറഞ്ഞ ചിരിയോടെ അദ്ദേഹം പറയുന്നത് കേട്ട് ഭാനുവിന്റെ കണ്ണുകൾ അതിശയത്താൽ വിടർന്നു.... അത്‌ കണ്ട് അദ്ദേഹമൊന്ന് ചിരിച്ചു...

\"ഞാൻ തന്റെ ടീച്ചറിന്റെ ഹസ്ബൻഡ്..രാമകൃഷ്ണൻ..തന്നെ എനിക്കെങ്ങനെ മനസ്സിലായീന്നാവും മോളിപ്പോ ചിന്തിക്കണത്... തന്റെ ടീച്ചർക്ക് തന്നെ പറ്റി പറയുമ്പോ നൂറ് നാവാ.. എന്റെ ടീച്ചർ ഭാര്യ വേറെ ഒരു സ്റ്റുഡന്റിനെ പറ്റിയും സംസാരിക്കുന്നത് ഞാൻ കേട്ടിട്ടില്ല... സ്കൂൾ ഫോട്ടോയിൽ തന്നെ കാണിച്ചു തന്നിട്ടുമുണ്ട്... പിന്നെ ഇവളുടെ റിട്ടയർമെന്റ് ദിവസം ഇവളെ കുറിച്ചൊരു കവിത എഴുതി പാടിയില്ലേ മോള്.. അന്നിയാൾക്ക് എന്തൊരു സന്തോഷമായിരുന്നൂന്ന് അറിയോ... ആകെക്കൂടെ ഒരു പരാതിയുണ്ടായിരുന്നത് എത്ര വിളിച്ചിട്ടും മോള് ഇവിടേക്ക് വന്നില്ലാന്നുള്ളതാ... ഇപ്പൊ അതും മാറിക്കാണും.. അല്ലേ ഡോ? \"
ഭാനുവിനെ നോക്കി പറഞ്ഞിട്ട് ഭാര്യയെ നോക്കിയൊരു ചിരിയോടെ ചോദിച്ചു കൊണ്ട് അദ്ദേഹം സോഫയിൽ ജയക്ക് അരികിലിരുന്നു...

ജയ പക്ഷേ വാടിയിരിക്കുന്ന ഭാനുവിന്റെ മുഖം അദ്ദേഹത്തിന് കണ്ണുകളാൽ കാട്ടിക്കൊടുത്തു... ഭാനുവിനെ നോക്കിയിട്ട് അദ്ദേഹം ജയയെ നോക്കി കണ്ണ് ചിമ്മിക്കാണിച്ചു..
\"ഞാൻ.. ഞാനെന്നാ ഇറങ്ങിക്കോട്ടെ ടീച്ചർ? \"
ചോദിച്ചിട്ട് ഭാനു മെല്ലെ എഴുന്നേറ്റു...

\"മോളെ...\"
ജയയുടെ വിളി കേട്ട് ഭാനു മുഖമുയർത്തി നോക്കി...
\"വന്നപ്പോ മോള് എന്തോ സഹായം വേണമെന്ന് പറഞ്ഞില്ലേ .. അതിനെപ്പറ്റിയൊന്നും പറഞ്ഞില്ലല്ലോ..\"
രാമകൃഷ്ണന്റെയും ജയയുടെയും കണ്ണുകൾ ഭാനുവിന്റെ പരിഭ്രമം പൂണ്ട മുഖത്തായിരുന്നു...
\"അത്‌.. അതൊന്നുമില്ല ടീച്ചർ.. പിന്നെ.. പിന്നെ പറയാം.. നിങ്ങളുടെ യാത്ര നടക്കട്ടെ... Happy Journey..\"
വിങ്ങുന്ന മനസ്സോടെയെങ്കിലും അവളുടെ ആശംസ ആത്മാർത്ഥമായിരുന്നു...

\"എന്നാൽ ഞാനിറങ്ങട്ടെ..\"
വരുത്തിയ പുഞ്ചിരിയോടെ ഭാനു അവരെ നോക്കിയിട്ട് തിരിഞ്ഞ് നടന്നു...
\"മോളെ ഭാനു \"
ഇത്തവണ വിളിച്ചത് രാമകൃഷ്ണനായിരുന്നു... എന്തെന്ന ചിന്തയോടെ ഭാനു തിരിഞ്ഞ് നോക്കി...
\"മോളിവിടെ വന്നിരിക്ക്... ചോദിക്കട്ടെ..\"
\"അത്‌.. സർ.. ഞാൻ.\"
രാമകൃഷ്ണൻ ഒന്ന് ചിരിച്ചു...
\"സർ അല്ല.. തന്നെ ഞാൻ പഠിപ്പിച്ചിട്ടൊന്നുമില്ലല്ലോ.. ഏ... അങ്കിൾ.. അത്‌ മതി.. തന്റെ അച്ഛനേക്കാൾ പ്രായമില്ലേ എനിക്ക്...വാ മോളെ.. ഇവിടിരിക്ക്...\"

\"അച്ഛൻ \"
ഭാനുവിന്റെ ചുണ്ട് വിറച്ചു.. കണ്ണ് നിറഞ്ഞു... അച്ഛനുണ്ടായിരുന്നെങ്കിൽ!!!!
അവളുടെ നഷ്ടബോധം ഹൃദയം വീണ്ടും വീണ്ടും കീറിമുറിച്ചു...ആ മുറിവിൽ നിന്നും കിനിഞ്ഞിറങ്ങിയ രക്തത്തുള്ളികൾ കണ്ണീരായി നിലം പതിച്ചു....വാർന്നൊഴുകുന്ന കണ്ണുകളുമായി...നിശ്ചലയായി നിൽക്കുന്ന ആ പെൺകുട്ടിയെ കണ്ട് ആ മാതാപിതാക്കളുടെ ഹൃദയം നോവണിഞ്ഞു... രാമകൃഷ്ണൻ ഭാര്യയെ ഒന്ന് നോക്കി... അവർ കാര്യം മനസ്സിലായത് പോലെ ഒന്ന് തലയാട്ടി ഭാനുവിനടുത്തേക്ക് ചെന്നു... ടീച്ചർ തന്റെ കയ്യിൽ പിടിച്ചതോ സോഫയിലിരുത്തിയതോ അവൾ അറിയാത്തത് പോലെയായിരുന്നു...

കവിളിലറിഞ്ഞ ജയയുടെ സ്പർശനത്തിലാണ് ഭാനു മുഖമുയർത്തി നോക്കിയത്...
\"പറയ് മോളെ...നിന്റെ വീട്ടിൽ എന്തൊക്കെയോ  പ്രശ്നങ്ങളുണ്ടെന്ന് എനിക്കറിയാം.. അതെത്ര ചോദിച്ചിട്ടും ഇത് വരെ മോളൊന്നും പറഞ്ഞിട്ടില്ല.. ഇനിയെങ്കിലും പറയ് മോളെ... ഞങ്ങളാലാവുന്നതെന്തും ഞങ്ങൾ ചെയ്യാം.. പറയ് മോളെ...എന്നോട് നീ കാണിച്ച ബഹുമാനവും സ്നേഹവും ആത്മാർത്ഥമായിരുന്നെങ്കിൽ ഇനിയെങ്കിലും എല്ലാം തുറന്നു പറയ്... \"

തന്റെ പ്രിയപ്പെട്ട ടീച്ചറുടെ വാക്കുകൾ അവളെ സ്വബോധത്തിലേക്ക് കൊണ്ട് വരാൻ ഉതകുന്നത് തന്നെയായിരുന്നു..
ഷോളിനാൽ മുഖം തുടച്ചവൾ ഒരു നെടുവീർപ്പോടെ തയ്യാറെടുത്തു... ഇന്നോളം തുറന്ന് കാട്ടിയിട്ടില്ലാത്ത തന്റെ ജീവിതം ആ വൃദ്ധ ദമ്പതികൾക്ക് മുൻപിൽ വരച്ചു കാട്ടാൻ...

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

ഇന്നോളം തന്റെ ജീവിതത്തിലുണ്ടായതെല്ലാം ഭാനു പറഞ്ഞവസാനിപ്പിക്കുമ്പോൾ ആ മുറിയിലാകെ തീവ്രമായ നിശ്ശബ്ദത തളം കെട്ടി നിന്നു...രാമകൃഷ്ണനും ജയയ്ക്കും തങ്ങളുടെ മുൻപിലിരിക്കുന്ന ആ ചെറിയ പെൺകുട്ടി കടന്നു പോയ ദുരവസ്ഥകളെ ക്കുറിച്ചോർക്കും തോറും അമർഷമുള്ളിൽ തിളച്ചു പൊങ്ങി..

കനത്ത നിശ്ശബ്ദതയെ ഭേദിച്ച് ആദ്യം വന്ന വാക്കുകൾ രാമകൃഷ്ണന്റേതായിരുന്നു..
\"മോളെ.. ഇത്.. This is damn domestic violence..ഞാൻ ഹൈക്കോർട്ടിലെ സ്റ്റാഫായിരുന്നു.. ഇത് പോലെ ഒരുപാട് കേസുകൾ കണ്ടിട്ടുണ്ട്.. മോൾക്ക്‌ സമ്മതമാണെങ്കിൽ നമുക്കിത് ലീഗലി നേരിടാം.. എന്റെ ഫ്രണ്ട്‌സ് പലരും അഡ്വക്കേറ്റ്സ് ആണ്.. എന്ത് പറയുന്നു?\"
ഭാനുവിന്റെ മുഖം ശാന്തമായിരുന്നു...

\"വേണ്ട അങ്കിൾ..അങ്ങനെയൊന്നും ആലോചിക്കാൻ കൂടി കഴിയുന്ന അവസ്ഥയിലല്ല ഞാൻ...ഒന്നെനിക്കറിയാം... അവർ ഒരുക്കിയ ചതിക്കുഴിയിൽ വീണ് ജന്മം കളയില്ല ഈ ഭാനു..ഒളിച്ചോടുകയുമില്ല... അതിലും ഭേദം മരണമാണ്!!!അതിനും മടിയില്ലെനിക്ക്.. പക്ഷേ!!അമ്മ!!!

അച്ഛൻ പോയതിൽ പിന്നെ അമ്മേടെ കണ്ണീർ തോർന്നിട്ടില്ല...അമ്മയൊന്ന് ചിരിച്ചു കണ്ടിട്ടില്ല ഞാൻ...അമ്മയെ എത്രയും വേഗമെനിക്ക് സുരക്ഷിതമായോരിടത്തെത്തിക്കണം...മാന്യമായ എന്ത് ജോലിയും ചെയ്യാൻ തയ്യാറാണ് ഞാൻ.. അമ്മയെ വയറു നിറയെ ഭക്ഷണം കഴിച്ച് ഒരു ദിവസമെങ്കിലും കാണണമെനിക്ക്... അവരൊന്ന് മനസ്സ് തുറന്ന് ചിരിച്ചു കാണണമെനിക്ക്.. അത്‌ മാത്രം.. അത്‌ മാത്രമാണെന്റെ ലക്ഷ്യം...

ഞാൻ ടീച്ചറെ തേടി വന്നത് അതിന് വേണ്ടിയാണ്... എന്റെ അമ്മയ്ക്ക് തല ചായ്ക്കാനൊരിടം...ദിവസക്കൂലിയായിട്ടെങ്കിലും എനിക്കൊരു തൊഴിൽ...എന്നെ സഹായിക്കണം..ശല്യപ്പെടുത്തുകയാണെന്നറിയാം.. പക്ഷേ എന്റെ മുൻപിൽ മറ്റൊരു വഴിയുമില്ല...ആരുമില്ലെനിക്ക്!!!\"
കൈകൾ കൂപ്പി വിങ്ങിപ്പൊട്ടി കരയുന്ന ഭാനുവിനെ കാൺകെ ജയക്കും രാമകൃഷ്ണനും വാക്കുകൾ അന്യമായി തീർന്നു....

ഭാനുവിനടുത്തിരിക്കാൻ ജയയോട് മെല്ലെ പറഞ്ഞിട്ട് രാമകൃഷ്ണൻ തന്റെ മൊബൈലുമായി പുറത്തേക്ക് ഇറങ്ങി... ജയ ഭാനുവിനെ തന്റെ നെഞ്ചോരം ചേർത്ത് തഴുകിക്കൊണ്ടിരുന്നു... അവരുടെ മനസ്സിലപ്പോൾ തനിക്കേറെ പ്രിയപ്പെട്ട... പഠനത്തിലും സാഹിത്യരചനയിലും മിടുമിടുക്കിയായ.. ഭാനുപ്രിയയായിരുന്നു... റാങ്ക് ജേതാവായിട്ടും പഠനത്തേക്കുറിച്ചൊന്ന് ഓർക്കുക കൂടി ചെയ്യാൻ കഴിയാത്തത്ര അഗാധമായ ജീവിത സംഘർഷത്തിൽ പെട്ടു പോയ ആ പെൺകുട്ടിയെ എങ്ങനെ സമാധാനിപ്പിക്കണമെന്ന് പോലും അവർക്ക് അറിഞ്ഞു കൂടായിരുന്നു....

അവരുടെ മിഴികൾ തന്റെ ഭർത്താവ് പോയ വഴിയേ നീണ്ടു... തിരികെയെത്തുമ്പോൾ അദ്ദേഹത്തിന് പറയാനുള്ളത് ഭാനുവിനെ ജീവിതവിജയത്തിലേക്ക് കൈ പിടിച്ചു കയറ്റാനുള്ള എന്തെങ്കിലുമൊരു വഴിയാകണേയെന്ന് നിശ്ശബ്ദമായവർ പ്രാർത്ഥിക്കുകയായിരുന്നു....

ആ അധ്യാപികയുടെ... അതിലുപരി മാതാവിന്റെ... മനം നൊന്ത പ്രാർത്ഥന ഫലവത്താകുവാനുള്ള വഴികൾ അപ്പോഴേക്കും രാമകൃഷ്ണന് മുൻപിൽ തെളിഞ്ഞു കഴിഞ്ഞിരുന്നു....

🌅🌅🌅🌅🌅🌅🌅🌅🌅🌅🌅🌅🌅🌅🌅

അങ്ങകലെ ഒരു മുറിക്കുള്ളിൽ ചുവരിൽ തൂക്കിയിരിക്കുന്ന.... മനോഹരമായി ചിരി തൂകി നിൽക്കുന്ന തന്റെ അമ്മയുടെ വലിയ ഛായാ ചിത്രത്തിന് മുൻപിലെ കെടാവിളക്കിലേക്ക് എണ്ണ പകർന്ന് കൊണ്ടവൻ ഒഴുകിയിറങ്ങുന്ന കണ്ണുനീർതുള്ളികളെ വാശിയോടെ തുടച്ചു മാറ്റി....കണ്ണുനീർ അരങ്ങൊഴിഞ്ഞപ്പോൾ അവിടെ അഗ്നിയാളിക്കത്തി!!!!!

\"വിടില്ലമ്മേ... ഒരുത്തനേം വെറുതെ വിടില്ല ഞാൻ... പകരം വീട്ടിയിരിക്കും...ഒരു കോടതിക്കുമവരെ ഞാൻ വിട്ടു കൊടുക്കില്ല...എനിക്കെന്റെ അമ്മയെ നഷ്ടമാക്കിയ... അനുമോളെ ഈ അവസ്ഥയിലാക്കിയ ഓരോരുത്തരുടെയും വധശിക്ഷ എന്റെയീ കൈകൾ കൊണ്ട് ഞാൻ നടപ്പാക്കിയിരിക്കും...അച്ഛൻ അടിയുറച്ചു വിശ്വസിച്ച നിയമവ്യവസ്ഥിതിയെ നോക്കുകുത്തിയാക്കി... അച്ഛൻ തന്നെ പഠിപ്പിച്ചു തന്ന നിയമവഴിയിലൂടെ ഞാനവരുടെ കാലനാകും... അച്ഛന്റെ കുടുംബത്തെ തകർത്തെറിഞ്ഞവർക്കുള്ള ശിക്ഷ അച്ഛനെനിക്ക് നൽകിയ അറിവുകൾ കൊണ്ടു തന്നെ ഞാൻ നടപ്പാക്കും...
അതിന് ശേഷമേ ഞാനിനി അമ്മയ്ക്ക് മുൻപിലെത്തൂ....!!!\"

വെട്ടിത്തിരിഞ്ഞ് കാറ്റിനെക്കാൾ വേഗത്തിലവൻ ആ മുറിയിൽ നിന്നും പുറത്തേക്ക് പാഞ്ഞു.... അന്നേരം വീശിയ ചെറുകാറ്റിൽ ആ അമ്മമുഖത്തിന് മുൻപിലെ കെടാവിളക്ക് ഒന്നാടിയുലഞ്ഞു... പിന്നെ മുൻപത്തേതിലും പ്രഭയോടെ തെളിഞ്ഞു കത്താൻ തുടങ്ങി..!!!

⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️



രണഭൂവിൽ നിന്നും... (9)

രണഭൂവിൽ നിന്നും... (9)

4.8
2490

\"അപ്പൊ.. ഇനി കുട്ടികൾക്കെന്താ സംസാരിക്കാനുള്ളതെന്ന് വച്ചാ ആവട്ടെ ല്ലേ...\"അംബികയും ദാമുവും ചേർന്ന് അരങ്ങിലെത്തിച്ച പെണ്ണുകാണൽ നാടകത്തിലെ സ്ഥിരം ഡയലോഗ് പറഞ്ഞത് ചെറുക്കനെന്ന് പറയപ്പെടുന്ന നാൽപ്പത് വയസ്സോളം പ്രായം ചെന്ന \"കുട്ടി \"യുടെ ഏതോ വകയിലെ അമ്മാവനായിരുന്നു....\"ശരി... ആയിക്കോട്ടെ \"സന്തോഷമോ സങ്കടമോ ഇല്ലാത്ത ശബ്ദത്തിൽ അംബിക അനുവാദം കൊടുത്തെങ്കിലും... ശിരസുയർത്തി മറ്റെവിടേക്കോ നോട്ടമെറിഞ്ഞു നിൽക്കുന്ന ഭാനുവിനെ നോക്കിയ അവരുടെ കണ്ണുകളിൽ ഒരു താക്കീതുണ്ടായിരുന്നു.. നോട്ടം തെറ്റി അവരുടെ കണ്ണുകളിലെ ഭാവം കൃത്യമായി തിരിച്ചറിഞ്ഞ ഭാനുവിന്റെ അപ്പോഴത്തെ മുഖ