Aksharathalukal

രണഭൂവിൽ നിന്നും... (9)

\"അപ്പൊ.. ഇനി കുട്ടികൾക്കെന്താ സംസാരിക്കാനുള്ളതെന്ന് വച്ചാ ആവട്ടെ ല്ലേ...\"
അംബികയും ദാമുവും ചേർന്ന് അരങ്ങിലെത്തിച്ച പെണ്ണുകാണൽ നാടകത്തിലെ സ്ഥിരം ഡയലോഗ് പറഞ്ഞത് ചെറുക്കനെന്ന് പറയപ്പെടുന്ന നാൽപ്പത് വയസ്സോളം പ്രായം ചെന്ന \"കുട്ടി \"യുടെ ഏതോ വകയിലെ അമ്മാവനായിരുന്നു....

\"ശരി... ആയിക്കോട്ടെ \"
സന്തോഷമോ സങ്കടമോ ഇല്ലാത്ത ശബ്ദത്തിൽ അംബിക അനുവാദം കൊടുത്തെങ്കിലും... ശിരസുയർത്തി മറ്റെവിടേക്കോ നോട്ടമെറിഞ്ഞു നിൽക്കുന്ന ഭാനുവിനെ നോക്കിയ അവരുടെ കണ്ണുകളിൽ ഒരു താക്കീതുണ്ടായിരുന്നു.. നോട്ടം തെറ്റി അവരുടെ കണ്ണുകളിലെ ഭാവം കൃത്യമായി തിരിച്ചറിഞ്ഞ ഭാനുവിന്റെ അപ്പോഴത്തെ മുഖഭാവം ഇതെല്ലാം ആധിയോടെ നോക്കി നിന്ന ഭവാനിക്ക് പോലും മനസ്സിലായില്ല....

\"എനിക്കിയാളോട് ഒറ്റയ്ക്കൊന്നും സംസാരിക്കാനില്ല ... പറയാനുള്ളത് നിങ്ങളെല്ലാവരോടുമാണ്....\"
ഉറച്ച ശബ്ദത്തിൽ ഭാനുവിന്റെ വാക്കുകളവിടെ മുഴങ്ങി....അംബിക ഞെട്ടിയെങ്കിലും മൗനം പൂണ്ടു...എല്ലാവരുടെയും നോട്ടം ഭാനുവിന് നേരെയായി...

\"എനിക്ക് ഈ വിവാഹത്തിന് സമ്മതമല്ല... ഞാനത് വല്യമ്മയോട് ആദ്യമേ തന്നെ പറഞ്ഞിരുന്നതുമാണ് അത്‌ കണക്കാക്കാതെയാണ് ഈ പെണ്ണുകാണൽ..വല്ല്യമ്മ വിളിച്ചു വരുത്തിയ അതിഥികളായത് കൊണ്ടു മാത്രമാണ് ഞാനീ നാടകത്തിനു നിന്നു തന്നത്...വരുന്നയാളിനോട് തനിച്ചു സംസാരിക്കണമെന്ന് തന്നെയാണ് ഞാൻ കരുതിയിരുന്നത്.. പക്ഷേ വന്ന നേരം മുതൽ കണ്ണുകൾ കൊണ്ടെന്നെ കൊത്തിവലിക്കുന്ന ഇയാളോടെനിക്കൊന്നും പറയാനില്ല .. അത്‌ കൊണ്ട് എല്ലാവരോടും ഒരുമിച്ചീ കാര്യം പറയുന്നതാവും ഉചിതമെന്ന് തോന്നി...നാടകം കഴിഞ്ഞല്ലോ..ഇനിയെനിക്ക് പോകാല്ലോ അല്ലേ...\"

തന്നെ വഷളത്തരം നിറഞ്ഞ ചിരിയോടെ നോക്കിയിരിക്കുന്ന ചെറുക്കനെ അതിരൂക്ഷമായി നോക്കി ദഹിപ്പിച്ചിട്ട് ബാക്കിയുള്ളവരോടായി പറഞ്ഞ് ഒടുവിൽ അംബികയോട് പരിഹാസത്തോടെ ചോദിച്ചിട്ട് ഭാനു വെട്ടിത്തിരിഞ്ഞകത്തേക്ക് പോയി... ഇതെല്ലാം കേട്ട് അങ്കലാപ്പോടെ ഭാനുവിന്റെ പിറകെ ഭവാനിയും പോയി...എല്ലാം കണ്ടും കേട്ടും മാറി നിന്നിരുന്ന സന്ധ്യ സന്തോഷത്തോടെയാണ് ഭാനു പോയ വഴിയേ നോക്കിയത്... അവളുടെ നോട്ടം അംബികയ്ക്ക് നേരെ തിരിയുമ്പോൾ അതിൽ പരിഹാസം നിറഞ്ഞിരുന്നു....
നടന്നു നീങ്ങുമ്പോൾ പിറകിൽ വന്നവരുടെ ഒച്ചപ്പാടുകളും ദാമുവിന്റെ ന്യായീകരണങ്ങളുമൊക്കെ ഭാനുവിന് കേൾക്കാമായിരുന്നു...

ഭാനു നേരെ പോയത് തന്റെ മുറിയിലേക്കായിരുന്നു...അവിടെയുള്ള തകരപ്പെട്ടി തുറന്ന് തന്റെ  ആകെയുള്ള കുറച്ച് വസ്ത്രങ്ങളും സർട്ടിഫിക്കറ്റുകളും  അത്യാവശ്യം വേണ്ടുന്ന ചിലതുമെടുത്തു പിഞ്ചിക്കീറിയ സ്കൂൾ ബാഗിൽ വച്ചു.. ഭവാനിയുടെ വസ്ത്രങ്ങളും മരുന്നുകളും ഒരു പ്ലാസ്റ്റിക് കവറിലുമാക്കി...

ആ ചെറിയ കട്ടിലിൽ ഇരിക്കുമ്പോൾ ഭാനു തലേന്നത്തെ കാര്യങ്ങൾ ഓർക്കുകയായിരുന്നു...

ഫോൺ ചെയ്ത് അകത്തേക്ക് കയറി വന്ന രാമകൃഷ്ണൻ നേരെ അകത്തേക്കാണ് പോയത്. തിരികെ വരുമ്പോൾ അദ്ദേഹത്തിന്റെ കയ്യിലൊരു എൻവലപ്പ് ഉണ്ടായിരുന്നു..അത്‌ അദ്ദേഹം ഭാനുവിന് നേരെ നീട്ടി..

\"മോളെ.. കണ്ണൂർ സിറ്റിയിൽ കുറച്ച് വക്കീലന്മാർ ചേർന്നു തുടങ്ങിയ പ്രായമായവർക്കുള്ള ഒരു ഷെൽട്ടർ ഹോമുണ്ട്... എന്റെയൊരു സുഹൃത്ത് അതിൽ പാർട്ണർ ആണ്... മോള് അമ്മയെയും കൂട്ടി അവിടെ പോകണം.. ഈ കത്തവിടെ കൊടുത്താൽ മതി ഞാൻ പറഞ്ഞിട്ടുണ്ട്..മോളെ കൂടി അവിടെ താമസിപ്പിക്കാൻ ചില നിയമപ്രശ്നങ്ങളുണ്ട്..തത്കാലം മോൾക്കും അവിടെ തങ്ങാം.. പതിയെയൊരു ജോലി കണ്ടു പിടിക്കാൻ അവിടെയുള്ളവർ സഹായിക്കും...\"

ആ കത്ത് വിറയ്ക്കുന്ന കൈകളാൽ വാങ്ങി കൈകൾക്കുള്ളിൽ പൊതിഞ്ഞ് പിടിച്ചു കൈകൂപ്പിക്കൊണ്ടവൾ നിറഞ്ഞ കണ്ണുകളും വിതുമ്പുന്ന ചുണ്ടുകളുമായി അദ്ദേഹത്തെ നോക്കി... ആ നേരം അവളുടെ മനസ്സിൽ അദ്ദേഹം ദൈവം തന്നെയായിരുന്നു...അവളുടെ കണ്ണുകളിൽ നിറഞ്ഞ ആശ്വാസവും നന്ദിയും അദ്ദേഹത്തിനും തെളിഞ്ഞു കാണാമായിരുന്നു..

അവൾക്കടുത്ത് നിന്നിരുന്ന ജയയ്ക്കും മനസ്സിലൊരു ആശ്വാസം നിറഞ്ഞു.. ഭാനുവിന് മുന്നിലുള്ള ജീവിതമെങ്ങനെയെന്നറിയില്ലെങ്കിലും തത്കാലത്തേക്കെങ്കിലും അവൾക്കൊരു അഭയസ്ഥാനം ലഭിക്കുമെന്നൊരു വിശ്വാസം അവർക്കുണ്ടായി..

കയ്യിലിരുന്ന പണത്തിന്റെ ഒരു നോട്ടു കെട്ട് രാമകൃഷ്ണൻ ബലമായി ഭാനുവിന്റെ കയ്യിലേക്ക് വച്ചു കൊടുത്തത് വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു... ജയയുടെ മുഖം ഭർത്താവിനെക്കുറിച്ചോർത്ത് അഭിമാനപൂർവം വിടർന്നു തെളിഞ്ഞു..

ഞെട്ടിപ്പോയ ഭാനു മുഖമുയർത്തുമ്പോഴേക്കും തിങ്ങി നിന്ന മിഴിനീർ ഒഴുകി വീണിരുന്നു...
\"വേ.. വേണ്ട.. അങ്കിൾ... എൻ... എന്റെ കയ്യിലുണ്ട്...\"
വിക്കിപ്പറയുന്നവളുടെ വാക്കുകൾ രാമകൃഷ്ണനെയും ജയയെയും വല്ലാതെ നൊമ്പരപ്പെടുത്തി....

രാമകൃഷ്ണൻ മെല്ലെ അവളുടെ നെറുകിൽ തലോടി...
\"ഔദാര്യമല്ല മോളെ... കടമായി കണ്ടാൽ മതി... പലിശയില്ലാത്ത കടം ... തനിക്കിത് തിരികെ വീട്ടാനാകുന്ന ദിവസത്തിന് വേണ്ടി ഞാനും തന്റെ ടീച്ചറും പ്രാർത്ഥിക്കും...ആർക്ക് മുൻപിലും തല കുനിക്കാതെ ഇത്രയും കാലം പൊരുതി ജീവിച്ച മോൾക്ക് ഇനിയുമത് സാധിക്കണം.. ചവിട്ടിത്താഴ്ത്താൻ ശ്രമിച്ചവർക്ക് മുൻപിൽ തന്നെ താൻ ജയിച്ചു നിൽക്കണം...ഈ യാത്ര അതിനൊരു തുടക്കമാകട്ടെ...\"

അദ്ദേഹത്തിന്റെ വാക്കുകൾക്ക് മറുപടിയായി നിറഞ്ഞ കണ്ണുകളോടെ ചിരിക്കുമ്പോൾ ഭാനുവിലേക്ക് ആ പോരാളി തിരികെയെത്തിയിരുന്നു...ജയയുടെയും രാമകൃഷ്ണന്റെയും കാൽ തൊട്ടു വണങ്ങി അനുഗ്രഹം വാങ്ങി ആ വീടിന്റെ പടിയിറങ്ങുമ്പോൾ ജീവിതവഴിയിൽ നിറഞ്ഞ കൂരിരുട്ടിലൊരു നുറുങ്ങു വെട്ടം അവളെ തേടിയെത്തിയിരുന്നു....

\"മോളെ!!\"
ഭവാനിയുടെ വിളിയാണ് ഭാനുവിനെ ഓർമ്മകളിൽ നിന്നുമുണർത്തിയത്..
മുഖമുയർത്തുമ്പോൾ അമ്മയുടെ മുഖത്തെ ആധി അവൾക്ക് മനസ്സിലായിരുന്നു...
\"അമ്മ പേടിക്കാതിരിക്ക്‌.. ഒരു വഴി തെളിഞ്ഞത് കൊണ്ട് തന്നെയാണ് ഞാനീ തീരുമാനമെടുത്തത് .. ഇന്ന് കൂടിയേ നമ്മളീ വീട്ടിലുണ്ടാകൂ... ആരൊക്കെ എതിർത്താലും നാളെ വല്ല്യച്ഛന് ശ്രാദ്ധമൂട്ടണം എനിക്ക്.. അത്‌ കഴിഞ്ഞീ പടിയിറങ്ങും നമ്മൾ...\"

ഉറച്ച വാക്കുകളിൽ ഭാനു പറയുമ്പോൾ ആകെ നടുങ്ങി നിൽക്കുകയായിരുന്നു ഭവാനി...
\"എങ്ങോട്ട്.. എങ്ങോട്ട് പോകാനാ മോളെ?\"
വിറച്ചു പോയിരുന്നു അവരുടെ ശബ്ദം..
\"അതൊക്കെയിണ്ട്.. അമ്മ തല്കാലം ഒന്നും അറിയണ്ട..ഇവിടുത്തെ ചുവരുകൾക്ക് പോലും കാതുകളുണ്ട്.....\"
ശാന്തമായ മുഖഭാവത്തോടെ ഭാനു എങ്ങോ നോക്കിയിരുന്നു...

\"ടീ!!!\"
അംബികയുടെ അലർച്ച അവിടെയാകെ മുഴങ്ങി... ഭവാനി ഞെട്ടിപ്പിടഞ്ഞു പുറകിലേക്ക് ഒതുങ്ങി നിന്നു... പക്ഷേ ഭാനുവിന് ഒരു കുലുക്കവുമുണ്ടായില്ല...
അവളാ വരവ് പ്രതീക്ഷിച്ചത് പോലെ ശാന്തയായി തന്നെ കാണപ്പെട്ടു....

ഭാനുവിനെ കയ്യിൽ പിടിച്ചു കട്ടിലിൽ നിന്നും പൊക്കിയെടുത്തു അംബിക... അവരുടെ വലം കൈ തന്റെ ഇടം കവിളിൽ പതിയുന്നതിനു മുൻപേ ഭാനുവിന്റെ ഇടം കൈ അവരെ തടഞ്ഞു നിർത്തി!!!
അംബിക കണ്ണ് മിഴിഞ്ഞ് തറഞ്ഞു നിന്നു പോയി.... അവളുടെ കൈക്കുള്ളിൽ ഞെരിഞ്ഞമരുന്ന തന്റെ കൈ നൊന്തു തുടങ്ങിയപ്പോൾ അംബികയുടെ മുഖം ചുളുങ്ങാൻ തുടങ്ങി...

എങ്കിലും അതികഠിനമായ കോപത്തോടെ ഭാനുവിനെ നോക്കിയ അംബികയ്ക്ക് പക്ഷേ ആ കൊച്ചു പെൺകുട്ടിയുടെ കണ്ണുകളിലെരിഞ്ഞ അഗ്നിയുടെ താപം താങ്ങാനായില്ല... അവർ പതറുന്നത് കണ്ട ഭാനുവിന്റെ ചുണ്ടിൽ പുച്ഛം നിറഞ്ഞു....

\"രണ്ട് ദിവസം മുൻപായിരുന്നെങ്കിൽ ഈ അടി ഞാൻ കൊണ്ടേനെ... ഇത്രയൊക്കെ ദ്രോഹിച്ചിട്ടും എന്റെ വല്യച്ഛന്റെ ഭാര്യയെന്ന ബഹുമാനം ഇന്നോളം ഞാൻ നിങ്ങൾക്ക് തന്നിട്ടുണ്ട്.. പക്ഷേ!!!
നിങ്ങളെ ജീവനായിരുന്ന വല്ല്യച്ഛന്റെ മരണം പോലും വെറുമൊരു ഈഗോയുടെ പേരിൽ എനിക്കെതിരെയുള്ള ആയുധമാക്കി മാറ്റിയെന്ന് നിങ്ങൾ വീരവാദം മുഴക്കിയില്ലേ!!!
ആ നിമിഷം തീർന്നു ആ ബഹുമാനം.. നിങ്ങളിനിയെനിക്കാരുമല്ല.. ആരും.. അത്‌ കൊണ്ട് തന്നെ എന്റെ കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അവകാശവും നിങ്ങൾക്കില്ല....\"
അംബികയുടെ കണ്ണുകളിലേക്ക് രൂക്ഷമായി നോക്കിക്കൊണ്ട് ഭാനു പറഞ്ഞു...

\"ടീ.. എന്ത് കണ്ടിട്ടാ നിനക്കീ അഹങ്കാരം?
ഞാൻ പറഞ്ഞത് നീ അനുസരിക്കും.. അല്ലാതെ ഒരു വഴിയുമില്ല നിനക്ക്...\"
ഭാനുവിന്റെ കൈക്കുള്ളിൽ നിന്നും തന്റെ കൈ ബലമായി വലിച്ചൂരിക്കൊണ്ട് അംബിക പുച്ഛത്തോടെ പറഞ്ഞു...
\"ഹ്..\"
ഭാനു ചിരിച്ചു.. മനോഹരമായി...

\"കൂരിരുട്ടിൽ വഴിയടഞ്ഞു നിൽക്കുന്നവൾക്കൊരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം തന്നെ ധാരാളമാണ് വല്ല്യമ്മേ... അത്‌ കിട്ടിയെന്ന് കൂട്ടിക്കോ... വല്ല്യമ്മ അന്ന് വച്ച നിബന്ധന ഞാൻ പാലിക്കുന്നു... ഈ വിവാഹം എനിക്ക് സമ്മതമല്ല.. പകരം അമ്മയെയും കൊണ്ട് ഞാനീ പടിയിറങ്ങുന്നു... പക്ഷേ ഇന്നല്ല.. നാളെ...
എനിക്കിന്ന് ഒരിക്കലാണ്... നാളെ വല്യച്ഛന്റെ ആണ്ട് ശ്രാദ്ധം ഊട്ടിയിട്ട് ഞാൻ പോകും അമ്മയേം കൂട്ടി ...\"

\"നി..\"
അംബികയെന്തോ പറയാനായി തുടങ്ങിയതും ഭാനു വലം കയ്യുയർത്തിയത് തടഞ്ഞു...
\"വേണ്ടെന്ന് പറയാൻ നിങ്ങൾക്കവകാശമില്ല...ഇത്രയും കാലം ഇവിടെ ചെയ്ത് കൂട്ടിയ ജോലികൾക്കുള്ള പ്രതിഫലമായി കണക്കാക്കിയാ മതി.. തടയാനാണെങ്കിൽ ആവാം ..എന്തെങ്കിലുമൊരു ധൈര്യമില്ലാതെ ഞാനിത്ര ഉറപ്പോടെ ഇത് പറയില്ലെന്ന് ഊഹിക്കാനുള്ള കോമൺ സെൻസ് വല്യമ്മയ്ക്കുണ്ടാകുമെന്നാണെന്റെ വിശ്വാസം... എന്നെ തടയാൻ വല്ല്യമ്മ നോക്കുമ്പോൾ അതിനെ തടയാനുള്ള വഴി എന്റെ പക്കലുമുണ്ടാകുമെന്ന് ചിന്തിച്ചാൽ നിങ്ങൾക്ക് നല്ലത്.നിങ്ങളുടെ അമ്മാവന്റെ മോൻ മാത്രല്ല പോലീസ്.. ഞാനുമൊരു വക്കീലിന്റെ കുടുംബത്തിലല്ലേ വളർന്നത്..കുറച്ച് നിയമമൊക്കെ എനിക്കുമറിയാം.. ഇത്രയും കാലം നിങ്ങളെന്നോട് ചെയ്തതൊക്കെ പുറത്തറിഞ്ഞാൽ!!!ആലോചിച്ച് നോക്ക്....\"

പറഞ്ഞിട്ട് തിരിഞ്ഞ് നോക്കാതെ ഭാനു പുറത്തേക്ക് നടന്നു.. പിറകെ ഒന്ന് മുഖമുയർത്തുക പോലും ചെയ്യാതെ ഭവാനിയും...

അംബിക കോപത്താൽ നിന്ന് കത്തുകയായിരുന്നു..പകയുടെ ഉമീത്തീയിൽ സ്വയമുരുകുമ്പോൾ അവരറിഞ്ഞില്ല... തന്റെ ജീവിതത്തിലെ നല്ല നാളുകളുടെ അസ്തമനമാകും ശത്രുവായി കരുതുന്ന ആ പെൺകുട്ടിയുടെ പടിയിറക്കമെന്ന്....

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨

അതിരാവിലെ തന്നെ കുളിച്ചീറനോടെ ഭാനു ക്ഷേത്രത്തിലെത്തി മുൻകൂട്ടി ഏർപ്പാടാക്കിയത് പ്രകാരം രമേശന് വേണ്ടി ബലികർമ്മങ്ങൾ ചെയ്തു....

പിന്നീട് വീട്ടുമുറ്റത്ത് നടന്ന രമേശന്റെ ബലികർമ്മങ്ങളിലെല്ലാം ഭാനു തികച്ചും മൗനിയായിരുന്നു... രമണിയും അംബികയും സന്ധ്യയും ഭവാനിയുമൊക്കെ കണ്ണുനീർ വാർക്കുമ്പോഴും ഭാനുവിന്റെ കണ്ണുകളിൽ നീർ പൊടിഞ്ഞില്ല.. അവൾ മനസ്സിൽ വല്യച്ഛനോട് മാപ്പിരക്കുകയായിരുന്നു...താൻ കൂടിയുൾപ്പെട്ട ആ കുടുംബത്തിന് മീതെ പടരാൻ തുടങ്ങുന്ന ആപത്തിനെ കുറിച്ച് അദ്ദേഹം അവ്യക്തമായിട്ടെങ്കിലും നൽകിയ മുന്നറിയിപ്പിനെ അവഗണിച്ചു പോകേണ്ടി വരുന്നതിൽ... ഇനിയും തിരിച്ചറിയാത്ത ആ ശത്രുവിനെക്കുറിച്ചറിയാൻ സാധിക്കാത്തതിൽ... ഒപ്പം ഒരു പ്രതിജ്ഞയും..അദ്ദേഹമുറങ്ങുന്ന ഈ മണ്ണിലേക്കൊരു തിരിച്ചു വരവുണ്ടെങ്കിൽ അത്‌ തനിക്കായി അദ്ദേഹമാഗ്രഹിച്ചത് പോലൊരു സ്ഥാനത്ത് താനെത്തിയെങ്കിൽ മാത്രമെന്ന്....

കർമ്മങ്ങൾക്കവസാനം കാർമികന്റെ നിർദേശപ്രകാരം സന്ദീപ് നനഞ്ഞ കയ്യാലെ പിതൃക്കളെ ക്ഷണിക്കാനായി മൂന്ന് വട്ടം തപ്പു കൊട്ടിയെങ്കിലും ബലിക്കാക്കകളൊന്നു പോലും അവിടേക്കെത്തിയില്ല... പിന്നെയും മൂന്ന് വട്ടം കൊട്ടാനായി നിർദേശിക്കപ്പെട്ടതിൻ പ്രകാരം സന്ദീപ് അത്‌ ചെയ്തെങ്കിലും പിതൃക്കൾക്കുള്ള നേദ്യം അനാഥമായി തന്നെ കിടന്നു...

\"വക്കീലദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി കിട്ടിയിട്ടില്ല... അത്‌ മാറ്റാരെയോ... മറ്റെന്തോ പ്രതീക്ഷിക്കുന്നു...\"
കാർമികന്റെ വാക്കുകൾ കേട്ട് അത്‌ വരെ നിശ്ചലയായി നിന്ന ഭാനു മെല്ലെ മുൻപോട്ട് നടന്നു... കരഞ്ഞു കൊണ്ട് മാറി നിന്നിരുന്ന സന്ധ്യയുടെ കയ്യിൽ കൈ ചേർത്തവൾ കാർമികനടുത്തെത്തി...

\"തിരുമേനി... ഞങ്ങൾക്ക് ബലിയിടണം.. വേണ്ടതെന്താച്ചാൽ പറഞ്ഞു തരിക..\"
ഉറച്ച ശബ്ദത്തിൽ പറയുമ്പോൾ അവൾക്കൊരു പതിനെട്ടുകാരിയുടെ ഭാവമായിരുന്നില്ല... പല്ലിറുമ്മിക്കൊണ്ട് അംബിക ഭാനുവിനെ രൂക്ഷമായി നോക്കി നിന്നു.. സന്ദീപിനുള്ളിലും ദേഷ്യം ഇരച്ചു പൊന്തി...എല്ലാം വീക്ഷിച്ചു നിന്നിരുന്ന ദാമുവിന്റെ കണ്ണുകൾ അംബികയുടെയും സന്ദീപിന്റെയും മുഖഭാവങ്ങൾ വക്രച്ചിരിയോടെ ഒപ്പിയെടുത്തു...കാർമികൻ സന്ദേഹത്തോടെ അംബികയെ നോക്കി...

\"അവിടേക്ക് നോക്കണ്ട തിരുമേനി... ഇത് ഞങ്ങൾ പെൺകുട്ടികൾക്ക് കൂടി അവകാശപ്പെട്ടതാണ്... സന്ദീപേട്ടൻ മകനാണെങ്കിൽ ..സന്ധ്യച്ചേച്ചി  വല്യച്ഛന്റെ മകളാണ്... ഞാനും അദ്ദേഹത്തിന്റെ ചോരയാണ്... ആത്മബന്ധം കൊണ്ട് എനിക്കും അദ്ദേഹത്തിന്റെ പുത്രീസ്ഥാനമാണ്... വല്യച്ഛന്റെ ആത്മാവ് ആഗ്രഹിക്കുന്നതും  ഞങ്ങളുടെ കൈ കൊണ്ടൊരു ചോറുരുളയാണ്... മടിക്കാതെ പറഞ്ഞു തരിക.. \"

ഉള്ളിൽ പേരറിയാത്തൊരു ആശ്വാസം നിറയുമ്പോഴും ഭാനുവിന്റെ പക്വമായ വാക്കുകൾ സന്ധ്യയെ അതിശയിപ്പിച്ചു...
പിന്നീടൊരു സംശയഭാവമില്ലാതെ കാർമികൻ പറഞ്ഞു കൊടുത്ത കർമങ്ങളെല്ലാം ആ രണ്ട് പെൺകുട്ടികളും ചെയ്തു.. ഒടുവിൽ അവർ കൈകൾ കൊട്ടി വിളിച്ചു വരുത്തിയ അനേകം ബലിക്കാക്കകൾ മത്സരിച്ചാ ബലിച്ചോറുണ്ണുമ്പോൾ ആ കാർമികന്റെ മുഖത്ത് നിർവൃതി നിറഞ്ഞു... കണ്ണുനീർ നനവോടെ ഭാനുവും സന്ധ്യയും നിർവൃതിയടയുമ്പോൾ മനസ്സിനെ വിഷഭരിതമാക്കിയ വെറുപ്പും വിദ്വേഷവും അംബികയുടെയും സന്ദീപിന്റെയും മാനുഷികതയെ തകർത്തു നാമാവശേഷമാക്കിയിരുന്നു...

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

കർമ്മങ്ങളാവസാനിച്ചു... എല്ലാവരും പലയിടങ്ങളിലേക്ക് പോകുന്നതിനു മുൻപേ ഭാനു ബാഗുമായി അമ്മയെയും കൂട്ടി പൂമുഖത്തെത്തിയിരുന്നു...സന്ധ്യ അങ്കലാപ്പോടെ അത്‌ നോക്കി നിന്നെങ്കിൽ സന്ദീപിനും അംബികയ്ക്കും ദാമുവിനും സന്തോഷമാണ് തോന്നിയത്.. പതിവുള്ള പുച്ഛവും... രമണിയും കാര്യം മനസ്സിലാവാതെ നിൽക്കുകയായിരുന്നു...

ഭാനു ആദ്യമെത്തിയത് സന്ധ്യക്കടുത്താണ്...
\"ചേച്ചി...ഞങ്ങൾ പോകുകയാണ്.. അകലേക്ക്‌.. തിരിച്ചു വരവുണ്ടാകുമോ എന്നറിയില്ല..ചേച്ചിയെ ഇനി കാണുമോ എന്നുമറിയില്ല... മറക്കില്ല... ഉള്ളു നീറിക്കരയുമ്പോൾ എന്റെ കണ്ണീർ ‌ തുടച്ചു മാറ്റിയ ഈ കൈകൾ ഒരിക്കലും മറക്കില്ല...... നല്ലതും ചീത്തയും തിരിച്ചറിവുള്ള ചേച്ചിക്ക് നല്ലൊരു ജീവിതമുണ്ടാകും...ഈ വീട് മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ്... ചേച്ചിയെങ്കിലും രക്ഷപ്പെടണം...പറ്റുമെങ്കിൽ ഇനിയൊരിക്കലും ചേച്ചിയിവിടേക്ക് വരരുത്...\"

തന്റെ കവിളിൽ കൈകൾ ചേർത്ത് സ്നേഹത്തോടെ പറയുന്ന ഭാനുവിന്റെ വാക്കുകൾ പൂർണമായും മനസ്സിലായില്ലെങ്കിലും അവൾ പറഞ്ഞതിൽ കാര്യമുണ്ടാകുമെന്ന് സന്ധ്യക്ക്‌ അറിയാമായിരുന്നു.. അച്ഛനില്ലാത്ത ആ വീട്ടിലേക്കിനി തനിക്കുമൊരു തിരിച്ചു വരവുണ്ടാകില്ലെന്ന് സന്ധ്യയും ആ നിമിഷം തീരുമാനമെടുത്തു...തിരികെ ഭാനുവിന് ചിരിയോടെ നെറ്റിയിലൊരു മുത്തം നൽകുമ്പോൾ അവിടെ അച്ഛനെ അറിഞ്ഞിരുന്നു സന്ധ്യ....

ഒന്നും മനസ്സിലാവാതെ നിൽക്കുന്ന രമണിയെ കണ്ട് ഭാനുവിന് സഹതാപമാണ് തോന്നിയത്...
\"നിങ്ങളോടെനിക്ക് അന്നുമിന്നും സഹതാപം മാത്രമേയുള്ളു...വരുന്നതൊക്കെ സഹിക്കാനുള്ള ശക്തി ഭഗവാൻ നിങ്ങൾക്ക് തരട്ടെ...\"
പറഞ്ഞിട്ട് പിന്നീടവൾ നോക്കിയത് തന്നെ രൂക്ഷമായി നോക്കുന്ന അംബികയേയും സന്ദീപിനെയുമാണ്...

\"വല്യച്ഛൻ പോകുന്നതിനു മുൻപൊരു മുന്നറിയിപ്പ് തന്നു.. ആരോ ഈ കുടുംബം നശിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്ന്... സ്വന്തം നിഴൽ പോലും നിങ്ങളെ ചതിക്കുന്നൊരു നാളുണ്ടാകും.. കരുതിയിരുന്നാൽ രക്ഷപ്പെട്ടേക്കാം...\"
തന്നെ നോക്കിക്കൊണ്ട് ഭാനുവത് പറയുമ്പോൾ ദാമു ഒന്ന് പതറിപ്പോയിരുന്നു...

\"അമ്മേ ഈ കവറും ബാഗുമൊക്കെ ഒന്ന് പരിശോധിച്ചിട്ട് വിട്ടാ മതി രണ്ടെണ്ണത്തിനെയും.. വല്ലതും അടിച്ചു മാറ്റിയിട്ടുണ്ടോന്ന് അറിയില്ലല്ലോ \"
പരിഹാസപൂർണമായ സന്ദീപിന്റെ വാക്കുകൾ!!!
തിരിഞ്ഞു നടക്കാൻ തുടങ്ങിയ ഭാനു ഒന്ന് നിന്നു.. പിന്നെ സന്ദീപിനെ നോക്കി ചിരിച്ചു.. ആ ചിരിയിലൊരു നോവുണ്ടായിരുന്നു...

\"ആവാം.. പരിശോധിക്കാം... പക്ഷേ ഒന്നുമുണ്ടാകില്ല.. കുറേ കീറിപ്പറിഞ്ഞ തുണികൾ മാത്രം... അടിച്ചു മാറ്റി സാമ്പാദിക്കാനാണെങ്കിൽ എനിക്കത് പണ്ടേ ആവാമായിരുന്നു.. ഇന്നേവരെ അർഹതയില്ലാത്ത ഒരു മൊട്ടുസൂചി പോലുമീ ഭാനു ആഗ്രഹിച്ചിട്ടില്ല...\"
\"ഓ..എന്നിട്ടാവും അന്ന് എന്റെ മുറിയിൽ മോഷ്ടിക്കാൻ കയറിയത്..\"
അംബികയുടെ അവസരം..

ഭാനു പുച്ഛത്തോടെ ദാമുവിനെ നോക്കി.. അയാളുടെ മുഖം സ്വയമറിയാതെ താണ് പോയി...
\"ഞാനൊരു കളവും ചെയ്തിട്ടുമില്ല... ചെയ്യാൻ ശ്രമിച്ചിട്ടുമില്ല... ഈ പറഞ്ഞ സംഭവത്തിന്‌ പിന്നിലെ സത്യം എന്നെങ്കിലും നിങ്ങൾക്ക് മനസ്സിലാകും.. അന്ന് പക്ഷേ ഒരുപാട് വൈകിപ്പോയിട്ടുണ്ടാകും... വരട്ടെ..
ഇനിയൊരിക്കലും തമ്മിൽ കാണാൻ ഇട വരാതിരിക്കട്ടെ...\"

എല്ലാവരെയും ഒരിക്കൽ കൂടി നോക്കി ഭാനു ഭവാനിയെ കൈ ചേർത്തു പിടിച്ചാ പടിയിറങ്ങി... പോകും മുൻപ് അകത്തെ പൂജാമുറിയിലേക്കും രമേശന്റെ അസ്തിത്തറയിലേക്കും നോക്കി മൗനമായി പ്രാർത്ഥിച്ചിട്ട് ഭാനു നടന്നു നീങ്ങി...

ജീവിതത്തിന്റെ പുതുവഴിയിലേക്ക്....

⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️



രണഭൂവിൽ നിന്നും... (10)

രണഭൂവിൽ നിന്നും... (10)

4.7
2599

കണ്ണൂർ ടൗണിലെ കെ. എസ്‌. ആർ. ടി. സി ബസ് സ്റ്റാൻഡിലിറങ്ങി ഭാനു ഒരു ഓട്ടോക്കാരന് കയ്യിലുള്ള അഡ്രസ് കാട്ടിക്കൊടുത്തു.. അയാൾക്ക് സ്ഥലമറിയുമെന്ന് പറഞ്ഞത് കൊണ്ട് അവൾ ഭവാനിയുമായി ആ ഓട്ടോയിൽ കയറി പുറപ്പെട്ടു.. ആദ്യമായി കാണുന്ന നഗരക്കാഴ്ചകളിൽ അവളുടെ കണ്ണുകൾ വിടർന്നു... പുതിയ ലോകം അവളെ വരവേറ്റു... അപ്പോഴും കൗതുകം നിറയുന്ന അവളുടെ മനസ്സിലെ ഏറി നിന്ന വികാരം ആശ്വാസം തന്നെയായിരുന്നു.. പടുകുഴിക്കരികിൽ നിന്നും ജീവിതത്തിലേക്ക് പിടിച്ചു കയറിയ ആശ്വാസം....ഓട്ടോ ചെന്നു നിന്നത് ഒരു വലിയ ഗേറ്റിന് മുൻപിലായിരുന്നു... അവിടെയിറങ്ങി ഓട്ടോക്കാരന് കാശ് കൊടുത്ത് അവൾ ഭവാനിയുമായി ഗേറ്റ