Aksharathalukal

രണഭൂവിൽ നിന്നും... (10)

കണ്ണൂർ ടൗണിലെ കെ. എസ്‌. ആർ. ടി. സി ബസ് സ്റ്റാൻഡിലിറങ്ങി ഭാനു ഒരു ഓട്ടോക്കാരന് കയ്യിലുള്ള അഡ്രസ് കാട്ടിക്കൊടുത്തു.. അയാൾക്ക് സ്ഥലമറിയുമെന്ന് പറഞ്ഞത് കൊണ്ട് അവൾ ഭവാനിയുമായി ആ ഓട്ടോയിൽ കയറി പുറപ്പെട്ടു.. ആദ്യമായി കാണുന്ന നഗരക്കാഴ്ചകളിൽ അവളുടെ കണ്ണുകൾ വിടർന്നു... പുതിയ ലോകം അവളെ വരവേറ്റു... അപ്പോഴും കൗതുകം നിറയുന്ന അവളുടെ മനസ്സിലെ ഏറി നിന്ന വികാരം ആശ്വാസം തന്നെയായിരുന്നു.. പടുകുഴിക്കരികിൽ നിന്നും ജീവിതത്തിലേക്ക് പിടിച്ചു കയറിയ ആശ്വാസം....

ഓട്ടോ ചെന്നു നിന്നത് ഒരു വലിയ ഗേറ്റിന് മുൻപിലായിരുന്നു... അവിടെയിറങ്ങി ഓട്ടോക്കാരന് കാശ് കൊടുത്ത് അവൾ ഭവാനിയുമായി ഗേറ്റിലേക്ക് നടന്നു... ഗേറ്റിനോട് ചേർന്നു തന്നെയൊരു ചെറിയ മുറിക്കുള്ളിൽ കാവൽക്കാരൻ ഇരുന്നിരുന്നു... ഭാനുവിനെയും ഭവാനിയെയും കണ്ടതും അയാൾ ഇറങ്ങിച്ചെന്ന് കാര്യമന്വേഷിച്ചു... ഭാനുവിന്റെ മറുപടി കേട്ട് അയാൾ ഫോണെടുത്ത് ആരെയോ വിളിച്ചു.. സംസാരിച്ചതിന് ശേഷം അവരെ അയാൾ ഗേറ്റ് തുറന്നകത്തേക്ക് കയറ്റിവിട്ടു...

അകത്തെ കാഴ്ചയിൽ ഭാനുവിന്റെ കണ്ണുകൾ വിടർന്നു... ശരിക്കുമൊരു ഉദ്യാനം തന്നെയായിരുന്നു അവിടം..ചെറിയ വീടുകൾ മാത്രമല്ല അതിന് ചുറ്റും തണൽ വൃക്ഷങ്ങൾക്കും പുഷ്പവാടികൾക്കും നടുവിൽ അങ്ങിങ്ങായി നിറയെ ഇരിപ്പിടങ്ങൾ കാണാം... ടൗണിൽ നിന്നും കുറച്ചധികം ഉള്ളിലേക്കായതിനാൽ അന്തരീക്ഷം ശുദ്ധവായു നിറഞ്ഞു നിന്നിരുന്നു...എങ്ങും കിളികളുടെ കളകൂജനങ്ങൾ നിറഞ്ഞു നിന്നു...മനസ്സിലേക്കൊരു തണുപ്പ് നിറയുന്നത് ഭാനുവിനെപ്പോലെ തന്നെ ഭവാനിയും അനുഭവിച്ചറിഞ്ഞു... കണ്ണിലും മനസ്സിലുമൊരു പ്രകാശം നിറഞ്ഞത് പോലെ...

മുന്നിലെ നടപ്പാതയിലൂടെ അമ്മയുടെ കയ്യും പിടിച്ചവൾ നടന്നു നീങ്ങി.. ഇരിപ്പിടങ്ങളിലിരുന്നു സംസാരിക്കുകയും ചെടികൾക്ക് വെള്ളമൊഴിക്കുകയും വീടുകൾക്ക് മുൻപിലെ വരാന്തയിലിരുന്ന് പൂമാലകൾ കോർക്കുകയുമൊക്കെ ചെയ്യുന്ന വൃദ്ധ ജനങ്ങളിലൂടെ ഭാനുവിന്റെ കണ്ണുകൾ ഓടി നടന്നു...

അവരുടെയൊക്കെ മുഖത്ത് തെളിഞ്ഞു നിന്ന നിറഞ്ഞ ചിരിയും ശാന്തതയും ഭാനുവിനെ ഒരുപാട് സന്തോഷിപ്പിച്ചു...അവളൊരു നിമിഷം തിരിഞ്ഞു തന്റെ അമ്മയുടെ മുഖത്തേക്ക് നോക്കി.. ഭവാനിയും ചുറ്റുമുള്ള കാഴ്ചകളിലൂടെ കണ്ണുകൾ പായിച്ചു കൊണ്ടൊരു ഇളം പുഞ്ചിരിയുമായാണ് നടന്നിരുന്നത്...വർഷങ്ങളായി ഭാനുവിന് അന്യമായ കാഴ്ചയായിരുന്നു ഭവാനിയുടെ ആ പുഞ്ചിരി...

ആ പുഞ്ചിരി തന്റെ ചുണ്ടിലും നിറയവേ ചുറ്റും കാണുന്ന വയോധികരെപ്പോലെ തന്റെ അമ്മയും അവിടെ സന്തോഷവതിയായിരിക്കുമെന്ന് എന്ത് കൊണ്ടോ അവൾക്ക് മനസ്സിലൊരു ഉറപ്പ് തോന്നി.... ഓഫീസ് എന്നെഴുതിയ കെട്ടിടത്തിലേക്കവൾ അനുവാദത്തോടെ കടന്നു ചെന്നു... റിസപ്ഷനിൽ കാര്യം പറയുമ്പോൾ അകത്തെ മുറിയിലേക്ക് പൊയ്ക്കോളാൻ നിർദേശം ലഭിച്ചു...

ഭാനു ആ മുറിക്ക് പുറത്തുള്ള ബോർഡിലെ പേര് വായിച്ചു...
കെ.മാധവൻ
മാനേജിങ് ഡയറക്ടർ

വാതിലിൽ കൊട്ടി അനുവാദം വാങ്ങി ഭാനു അമ്മയോടൊപ്പം അകത്തേക്ക് കയറി...അകത്തെ വലിയ മേശക്ക് പിന്നിലെ കസേരയിൽ മധ്യവയസ്കനായ ഒരു വ്യക്തിയെ അവർ കണ്ടു.. എന്തൊക്കെയോ എഴുത്തുകുത്തുകൾ ചെയ്യുകയാണദ്ദേഹം.. അവർ വന്നതറിഞ്ഞ് അദ്ദേഹം ചെയ്തു കൊണ്ടിരുന്ന ജോലി നിർത്തി കണ്ണട ഒന്ന് കൂടി നേരെ വച്ച് അവരെ നോക്കി...

ഭാനു അദ്ദേഹത്തെ നോക്കി കൈകൾ കൂപ്പി.. അത്‌ കണ്ട് ഭവാനിയും...
അദ്ദേഹവും ഒരു പുഞ്ചിരിയോടെ നമസ്കാരം മടക്കി....
\"ഇരിക്കൂ \"
അദ്ദേഹത്തിന്റെ വാക്കുകളനുസരിച്ച് ഇരുവരും അദ്ദേഹത്തിന് മുന്നിലെ കസേരകളിലിരുന്നു...ഭാനു രാമകൃഷ്ണൻ കൊടുത്ത എൻവലപ്പ് അദ്ദേഹത്തിന് നൽകി.. അദ്ദേഹമത് തുറന്ന് വായിച്ചതിനു ശേഷം ഭാനുവിനെ നോക്കി...

\"ഭാനുപ്രിയ.. അല്ലേ?\"
\"അതേ..\"
\"രാമകൃഷ്ണൻ എന്റെ വളരെയടുത്ത സുഹൃത്താണ്..ജയടീച്ചറിനെയും അറിയാം..അദ്ദേഹം ആദ്യമായിട്ടാണ് ഒരു കാര്യം ആവശ്യപ്പെടുന്നത്.. ടീച്ചറിന്റെ പ്രിയപ്പെട്ട ശിഷ്യയെന്ന് പറയുമ്പോൾ മിടുക്കിയാകുമെന്നറിയാം...\"
ഭാനു ചിരിച്ചു.. മനസ്സ് നിറഞ്ഞ്.. അംഗീകരിക്കപ്പെട്ടതിന്റെ നിറവിൽ.....

\"ഭവാനിയെ ഇവിടെ അക്കോമൊഡേറ്റ് ചെയ്യാൻ ബുദ്ധിമുട്ടൊന്നുമില്ല.. പക്ഷേ കുട്ടിയുടെ കാര്യം ഞാൻ രാമകൃഷ്ണനോട് പറഞ്ഞിരുന്നു...അതിന് ചില നിയമപ്രശ്നങ്ങളുണ്ട്... ഇത് അഡ്വക്കേറ്റ്സ് നടത്തുന്ന ഫേമാണ്.. So.. ഇല്ലീഗലി ഞങ്ങൾക്കൊന്നും ചെയ്യാനാകില്ല... കുട്ടി പ്ലസ് ടു അല്ലേ? \"
\"അതേ..\"
ഏറിയ നെഞ്ചിടിപ്പോടെ മറുപടി പറയുമ്പോഴും അമ്മയെ സുരക്ഷിതമായൊരിടത്ത് എത്തിക്കാനായതിന്റെ ആശ്വാസമുണ്ടായിരുന്നു അവൾക്കുള്ളിൽ...

\"മ്മ്..കുട്ടിക്കൊരു ജോലി വേണം.. എങ്കിൽ ഏതെങ്കിലും വർക്കിംഗ്‌ വിമെൻസ് ഹോസ്റ്റലിൽ താമസം ശരിയാക്കാമായിരുന്നു... പക്ഷേ പ്ലസ് ടു മാത്രമുള്ളയാൾക്ക് ജോലി കിട്ടാൻ അത്ര എളുപ്പമാകില്ല...\"
ഭാനുവിന്റെ ഉള്ളം പിടയ്ക്കാൻ തുടങ്ങി... വീണ്ടും കടുത്ത അനിശ്ചിതത്വം!!!ഭവാനിക്ക് ആധി കയറാൻ തുടങ്ങിയിരുന്നു... മെല്ലെ ശ്വാസം മുട്ടുന്നത് പോലെ തോന്നിയതും അവർ വേഗം കവറിൽ നിന്നും ഇൻഹേലർ എടുത്ത് രണ്ട് പഫ് അടിച്ചു... ഭാനു വേഗം അമ്മയ്ക്ക് നെഞ്ചുഴിഞ്ഞു കൊടുത്തു...

അത്‌ കണ്ട് അദ്ദേഹം വല്ലാതെയായി..
\"അമ്മയ്ക്ക് ആസ്ത്മയുണ്ട്.. ടെൻഷൻ വരുമ്പോൾ വല്ലാതെ കൂടും \"
ഭാനു പറഞ്ഞു...
\"അയ്യോ.. അമ്മ ടെൻഷനാവണ്ട...ഭാനുപ്രിയയ്ക്ക് സ്ഥിരമായി ഇവിടെ നിൽക്കാനാവില്ലെന്നേ ഞാനുദ്ദേശിച്ചുള്ളൂ.. തല്കാലം ഈ കുട്ടിയും അമ്മയ്‌ക്കൊപ്പം നിന്നോട്ടെ.. ഒരു ജോലി കണ്ടു പിടിക്കാൻ ഞാൻ ശ്രമിക്കാം.. ഈ കുട്ടിയെ സുരക്ഷിതമായി എവിടെയെങ്കിലും താമസിപ്പിക്കാനുള്ള ഉത്തരവാദിത്വം രാമകൃഷ്ണൻ എന്നെയാണ് ഏൽപ്പിച്ചിരിക്കുന്നത്... അമ്മ പേടിക്കണ്ട കേട്ടോ...\"

ശരിയെന്ന് ഭവാനി അദ്ദേഹത്തെ നോക്കി തലയനക്കി... അല്പം ആശ്വാസത്തോടെ..
അപ്പോഴാണ് അദ്ദേഹത്തിന്റെ മൊബൈലിൽ ഒരു കോൾ വന്നത്.. മൊബൈൽ സ്‌ക്രീനിൽ തെളിഞ്ഞ പേര് കണ്ട് അദ്ദേഹമൊന്ന് പുഞ്ചിരിച്ചു...
\"Excuse me \"
അവരോട് പറഞ്ഞിട്ട് അദ്ദേഹം കോൾ അറ്റൻഡ് ചെയ്തു സംസാരിക്കാൻ തുടങ്ങി....

\"ജിത്തു.. പറയെടോ.. കുറേ ആയല്ലോ കണ്ടിട്ട്.. \"
അദ്ദേഹം സംസാരിച്ചു തുടങ്ങി...
ഭാനു മെല്ലെ ജനലിലൂടെ പുറത്തേക്ക് മിഴികൾ പായിച്ചു.. അങ്ങകലെ ആകാശനീലിമയിൽ ജ്വലിച്ചു നിൽക്കുന്ന സൂര്യനെ നോക്കിയവളിരുന്നു...ആ സൂര്യന് കീഴെ ഒരു മരുഭൂവിലാണ് താനിപ്പോഴുമെന്ന് തോന്നിയവൾക്ക്... ദിക്കറിയാതെ മരുപ്പച്ച തേടിയലയുന്നൊരു സഞ്ചാരി..
ഉള്ളം ആ വേനൽ വെയിൽ പോലെ കത്തിയുരുകുമ്പോൾ കൺകോണിലെവിടെയോ ഒരു നീരുറവ കിനിഞ്ഞിറങ്ങി....

\"I think your problem is solved.. ഞാൻ വിളിക്കാം തന്നെ.. Ok.. Bye \"
ഭാനുവിലേക്ക് തന്നെ ദൃഷ്ടിയൂന്നി മാധവൻ പറഞ്ഞിട്ട് ഫോൺ കട്ട്‌ ചെയ്തു..
\"ഭാനുപ്രിയ \"
അദ്ദേഹത്തിന്റെ വിളി കേട്ടാണ് അവൾ മുഖം തിരിച്ചു നോക്കിയത്...

\"തനിക്ക് എന്തൊക്കെ ജോലികൾ ചെയ്യാൻ പറ്റും?\"
അദ്ദേഹം ഭാനുവിനോട് ചോദിച്ചു..
\"മാന്യമായ എന്ത് ജോലിയും ചെയ്യാം സർ.. വീട്ടുജോലികൾ ഉൾപ്പെടെ.. മാനം ഭയക്കാതെ കഴിയാനാവുന്നയിടം ആകണമെന്ന് മാത്രം.. \"

അവളുടെ മറുപടി കേട്ട് അദ്ദേഹം ചിരിച്ചു..
\"പ്ലസ് ടുവിന് റാങ്ക് വാങ്ങി പാസ്സായൊരു പെൺകുട്ടിക്ക് വച്ചു നീട്ടാവുന്ന ജോലിയല്ല. എങ്കിലും താനാഗ്രഹിക്കുന്നത് പോലെ സുരക്ഷിതമായൊരു സ്ഥലമായിരിക്കുമത് \"

\"റാങ്കൊന്നും കണക്കാക്കണ്ട സർ.. അതെന്റെ പാസ്റ്റാണ്.. പ്രെസെന്റിലാണ് എനിക്ക് ജീവിക്കേണ്ടത്.. എവിടെയാണ് സർ ജോലി? \"
\"മ്മ്.. ഇവിടെയെടുത്താണ്....
അവിടെ കുട്ടിയെക്കാളും ഒരു അഞ്ചാറ് വയസ്സിനു മുതിർന്നൊരു പെൺകുട്ടിയുണ്ട്..ഒരു ആക്സിഡന്റ് സംഭവിച്ച് കഴിഞ്ഞൊരു വർഷമായിട്ട് കോമയിലാണാ കുട്ടി...അവിടെ പിന്നെയുള്ളതാ കുട്ടിയുടെ മുത്തശ്ശിയാണ്...ആ പെൺകുട്ടിയുടെ കാര്യങ്ങളും പിന്നെ വീട്ടുജോലികളുമൊക്കെ ചെയ്യേണ്ടി വരും... ആ കുട്ടിയുടെ ചേട്ടൻഇടയ്ക്കൊക്കെ വന്നു പോകുകയേ ഉള്ളൂ.. അതും പേടിക്കണ്ട.. അവൻ നല്ലവനാ...

കുട്ടിക്ക് ധൈര്യമായിട്ടാ വീട്ടിൽ താമസിക്കാം.. ഭക്ഷണത്തിന് പുറമേ നല്ലൊരു ശമ്പളവും ഉണ്ടാകും... സമ്മതമാണെങ്കിൽ ഞാനിപ്പോ തന്നെ അവനെ വിളിച്ചു പറയാം... കുട്ടിക്കിപ്പോ തന്നെ ജോലിയിൽ കയറുകയും ചെയ്യാം... എന്ത് പറയുന്നു... \"

മാധവന്റെ ചോദ്യത്തിനുള്ള മറുപടിക്കായി ഭാനു ഒന്നാലോചിച്ചു...
തനിക്ക് മുൻപിലേക്കൊരു ജോലി വച്ചു നീട്ടപ്പെടുകയാണ്.. അതും തനിക്ക് ചെയ്യാനാകുന്നൊരു ജോലി... ഈ ഷെൽട്ടർ ഹോമിൽ നിന്നുമൊരിക്കൽ തനിക്ക് പോയെ തീരൂ... അതൊരു ജോലി കിട്ടിയാൽ തന്നെയേ സാധിക്കൂ... പക്ഷേ പ്ലസ് ടു മാത്രമുള്ള തനിക്ക് മറ്റൊരു ജോലി കിട്ടിയില്ലെങ്കിലോ???
ചിന്തകൾക്കൊടുവിൽ അവളാ തീരുമാനമെടുത്തു... ഇങ്ങോട്ട് തേടി വന്ന ജോലി കളയേണ്ടെന്ന്....
കാലാന്തരത്തിൽ അവളുടെ ജീവിതം അടിമുടി മാറ്റി മറിക്കാൻ പോകുന്നൊരു തീരുമാനമാകുമതെന്ന് അവളപ്പോൾ അറിഞ്ഞതേയില്ല...

\"സമ്മതമാണ് സർ \"
\"മ്മ് \"
മാധവൻ ഒരു കടലാസെടുത്ത് അതിലൊരു അഡ്രസ്സെഴുതി..
\"ദാ.. ഈ വിലാസത്തിൽ ചെന്നാൽ മതി... ഞാനവനെ വിളിച്ചു പറയാം \"
\"ശരി സർ.. Thank you..\"
നിറഞ്ഞ കണ്ണുകളോടെ അവൾ അദ്ദേഹത്തെ നോക്കി കൈ കൂപ്പി... അദ്ദേഹവുമൊന്ന് ചിരിച്ചു...
\"സർ.. അമ്മ... അമ്മയെ..\"
എഴുന്നേറ്റ് നടന്നു തുടങ്ങുമ്പോൾ അവൾ അദ്ദേഹത്തോടെന്തോ പറയാൻ തുനിഞ്ഞു...

അദ്ദേഹം പിന്നെയുമൊന്ന് ചിരിച്ചു...
\"പേടിക്കണ്ട.. ഇയാളുടെ അമ്മയിവിടെ സേഫായിരിക്കും..ഇവിടെയുള്ളവരൊക്കെ ജീവിതത്തിലെ പല സാഹചര്യങ്ങളിൽ ആരോരുമില്ലാതായി തീർന്നവരാണ്... അവരൊക്കെ ഞങ്ങൾക്ക് സഹോദരനും സഹോദരിയും അച്ഛനും അമ്മയുമൊക്കെയാണ്... പക്ഷേ തന്റെ അമ്മ ഭാഗ്യവതിയാണ്... അവർക്ക് തന്നെപ്പോലൊരു മകളുണ്ടല്ലോ...കുട്ടി സമയം കിട്ടുമ്പോഴൊക്കെ അമ്മയെ വന്നു കണ്ടോളൂ...ഇപ്പൊ ധൈര്യമായിട്ട് ചെല്ലൂ...\"

ഒഴുകിയിറങ്ങിയ മിഴിനീർ തുടച്ച് അവളൊന്ന് പുഞ്ചിരിച്ചു.. പിന്നെ അമ്മയെയും കൂട്ടി പുറത്തേക്ക് നടന്നു.. ലേഡി സ്റ്റാഫിൽ ഒരാളെ ഭവാനിയെ ഏൽപ്പിച്ചിട്ട് അവളമ്മയെ കെട്ടിപ്പുണർന്ന് കവിളിലൊരു മുത്തം കൊടുത്തു... ഉള്ളു പൊടിയുമ്പോഴും പക്ഷേ അവൾ കരഞ്ഞില്ല...
\"ഈയൊരു വേർപിരിയൽ നമുക്ക് രണ്ടാൾക്കും സഹിച്ചേ പറ്റൂ.. നമുക്ക് വേറെ വഴിയില്ലെന്നോർക്കണം...അമ്മ മരുന്നൊക്കെ സമയത്തിന് കഴിക്കണം..വെറുതെ ഓരോന്നോർത്തു ടെൻഷനടിച്ച് വലിവ് കൂട്ടരുത്..... ഞാനധികം ദൂരേക്കല്ല പോകുന്നത്.. ഇടയ്ക്കിടയ്ക്ക് വരാം.. ഇവരുടെയൊക്കെയൊപ്പം സന്തോഷമായി കഴിയണം... പോട്ടെ...\"

അത്രയും പറഞ്ഞ് തിരിഞ്ഞ് പടികളിറങ്ങിയ ഭാനുവിന്റെ കണ്ണുകളൊഴുകിത്തുടങ്ങിയതും കാലുകൾക്ക് വേഗത കൂടിയതുമൊന്നിച്ചായിരുന്നു... മാധവൻ നൽകിയ വിലാസം കയ്യിൽ മുറുക്കെപ്പിടിച്ചവൾ ഗേറ്റിന് പുറത്തേക്ക് ഓടി മറഞ്ഞു... ജന്മം കൊടുത്ത നിമിഷം മുതൽ തന്നിൽ നിന്നുമൊരുനാൾ പോലും മാറി നിന്നിട്ടില്ലാത്ത പൊന്നുമകളുടെ മുഖം ഇനിയെന്നാണ് കാണാനാവുന്നതെന്ന് പോലുമറിയാതെ ആ അമ്മയവിടെ തറഞ്ഞു നിന്നു... അവരുടെ കണ്ണുകൾ ധാരയായി ഒഴുകി പുഴ തീർക്കുമ്പോൾ ഗേറ്റിന് പുറത്ത് എങ്ങെനെയെന്നറിയാത്ത ഒരിടത്തേക്ക്... അന്യരായ മനുഷ്യർക്കിടയിലേക്ക് നിലയ്ക്കാത്ത കണ്ണുനീരിനെ വാശിയിൽ തുടച്ചകറ്റി ഭാനു യാത്ര തുടങ്ങിയിരുന്നു..

എത്തിപ്പെടേണ്ടയിടത്തു തന്നെയാണ് താൻ എത്തിച്ചേർന്നു കൊണ്ടിരിക്കുന്നതെന്നറിയാതെ....

⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️



രണഭൂവിൽ നിന്നും...(11)

രണഭൂവിൽ നിന്നും...(11)

4.8
2621

മേൽവിലാസമനുസരിച്ച് ഭാനു എത്തിയത് ഒരു ടെറസ് വീടിന് മുൻപിലാണ്... കാർ പോർച്ചിൽ ഒരു ബൈക്കുണ്ട്..... അവളൊന്ന് പതറി..\"ഒരു മുത്തശ്ശിയും ആ വയ്യാത്ത ചേച്ചിയുമേ ഉള്ളൂന്നല്ലേ ആ സാറ് പറഞ്ഞത്.. ഇനിയീ വീട്ടിലെ ചേട്ടൻ കാണുമോ ഇവിടെ?ശ്ശെടാ അതിനിപ്പോ എന്താ...ആ ചേട്ടൻ കുഴപ്പക്കാരനല്ലെന്നല്ലേ ആ സാറ് പറഞ്ഞത്..\"സ്വയം ചോദ്യവും ഉത്തരവും പറഞ്ഞെങ്കിലും അവൾക്കെന്തോ വല്ലാത്തൊരു ഭയം തോന്നി.... വഷളനായ ഒരാളുടെ മുൻപിൽ പെണ്ണുകാണലെന്നും പറഞ്ഞു പോയി നിന്നപ്പോൾ പോലും തോന്നാത്തൊരു ഭയം...നെഞ്ചിടിപ്പുയർന്നത് വക വയ്ക്കാതെ ദീർഘമായൊന്ന് ശ്വാസം വലിച്ചു വിട്ട്  കയ്യിലെ ബാഗും മാറോടടക്കി അവൾ ഗേറ