Aksharathalukal

ഭാഗം 3

\" ഇളിച്ചോണ്ട് നിൽക്കാണ്ട് വേഗം ഒന്ന് വരുന്നുണ്ടോ? \" ദീപുവിന്റെ ശാസന സ്വരത്തിലുള്ള സംസാരം കേട്ട് അത്രേം നേരം അച്ചുവിന്റ മുഖത്തുണ്ടായിരുന്ന നാണത്തിന്റെ പൊൻവെളിച്ചം അസ്തമിച്ചു അവിടെ ഒരു കരിനിഴൽ പടർന്നു.
ദീപ്തിയെ അവൾ ദയനീയമായി നോക്കി. അവളുടെ മുഖഭാവം കണ്ടുകൊണ്ടാകാം ദീപ്‌തി ഇങ്ങനെ പ്രതികരിച്ചു.
\" ടാ ഇത് നിന്റെ ഭാര്യയാണ് കുറച്ചുകൂടെ സ്നേഹത്തിൽ ഒക്കെ സംസാരിക്കാം \"
ഇത് കേട്ട് ദീപുവിന്റെ മുഖം ഒന്ന് കൂടെ വീർത്തു. അവൻ ഒന്നും പറയാതെ കാറിന്റെ അരികിലേക്ക് വേഗം നടന്നു. അതൊരുതരം രക്ഷപെടലാണെന്നു ദീപ്തിക്കും അച്ചുവിനും അറിയാമായിരുന്നു.
ദീപ്തി അച്ചുവിനേം കൂട്ടി കാറിനരികിലെത്തി. അപ്പോഴാണ് സുമ അങ്ങോട്ടേക്ക് ധൃതി പിടിച്ചെത്തിയത്.
\" മോളെ ദീപ്തി നീ ഇങ്ങട് ഒന്ന് വന്നേ \"
\" ദാ വരുന്നമ്മേ, അച്ചു അച്ചു കാറിലേക്ക് കയറിക്കോ ഞാൻ ദാ വരുന്നു \" ദീപ്തി കാറിന്റെ ഫ്രണ്ട് ഡോർ തുറന്നു കൊടുത്തു. അച്ചു ഒന്ന് മടിച്ചെങ്കിലും അതൊന്നും പുറത്തു കാണിക്കാതെ കാറിനകത്തു കയറി. ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന ദീപു സ്റ്റീറിങ് അമക്കിയും നെറ്റി ചുളിച്ചുമൊക്കെ അവളോടുള്ള അമർഷം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു.

അകത്തെത്തിയ ദീപ്തിയെ കാത്തു അമ്മ മാറി നിൽപുണ്ടായിരുന്നു.
\" ന്താ അമ്മേ വിളിച്ചേ.. അമ്മേം അച്ഛനും വരുന്നില്ലേ? \"
\" ഉണ്ട് \" സുമ പറഞ്ഞു
\" എന്നാൽ വേഗം വാ അവര് വെയിറ്റ് ചെയുന്നു \"
\" ടി പൊട്ടിക്കാളി അവരൊറ്റക്ക് പോകട്ടെ.. നീ ന്തിനാ ആ കൂടെ പോകുന്നേ? നമുക്ക് പിന്നാലെ പോകാം, ഇത് പറയാനാ ഞാൻ നിന്നെ വിളിച്ചേ \" സുമ ഒരു കള്ള ചിരി പാസ്സാക്കികൊണ്ട് പറഞ്ഞു.
ഇത് കേട്ട് ദീപ്തി അമളി പറ്റിയ പോലെ നെറ്റിയിൽ കൈ വെച്ചു.
\" ശോ ഞാൻ അതങ്ങു മറന്നു .. ങ്കിൽ ഞാൻ അവരെ പറഞ്ഞു വീട്ടിട്ടു വരാം \"
*********
ദീപ്തി പുറത്ത് കാറിനരിലേക്ക് വന്നു.
\" ദീപു നിങ്ങളു വിട്ടോ ഞങ്ങൾ പിന്നാലെ അങ്ങ് എത്തികോളാം \"
ഇത് കേട്ട് ദീപു നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു.
\" അതെന്താ ചേച്ചി? \"
\" അമ്മക്ക് റെഡി ആകാൻ താമസം ഉണ്ടത്രെ \" ദീപ്തിയുടെ കള്ളം ദീപുവിന് പിടികിട്ടി എന്നു തോന്നുന്നു. അവൻ ലാഘവത്തോടെ പറഞ്ഞു.
\" അതിനെന്താ അമ്മ വരുന്നത് വരെ ഞാൻ വെയിറ്റ് ചെയ്യാം \"
അയ്യോ പെട്ടല്ലോ എന്ന അർത്ഥത്തിൽ ദീപ്തി നിന്നു.കുരുട്ടു ബുദ്ധിക്കു ഒട്ടും പിന്നിൽ അല്ലല്ലോ പെണ്ണുങ്ങൾ. എങ്ങനെ വീണാലും നാലു കാലിൽ നിന്നോളും. ഇവിടെ ദീപ്തിയും അതാവർത്തിച്ചു.
\" ദീപു ചിലപ്പോൾ സുധിയേട്ടനും വരും.. സുധിയേട്ടൻ വരാതെ പോകാൻ അമ്മക്കൊരു ബുദ്ധിമുട്ട് അതാ.. നിങ്ങളോടു പോകാൻ പറഞ്ഞത്.. നിങ്ങൾ പൊയ്ക്കോ.. നിങ്ങൾ ആദ്യം എത്തേണ്ടവരല്ലേ \"
ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്നു മനസിലാക്കി ദീപു കാർ സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ടെടുത്തു.
ദീപ്തി അച്ചുവിനെ നോക്കി ഒന്ന് കണ്ണിറുക്കികൊണ്ട് അകത്തേക്ക് പോയി.

********
പാർട്ടി നടക്കുന്ന ഹോട്ടലിന്റെ പാർക്കിംഗ് ഏരിയയിൽ ദീപു കാർ നിർത്തി.
അച്ചുവിനോട് ഇറങ്ങിക്കോളാൻ അവൻ ആംഗ്യ ഭാഷയിൽ കാണിച്ചു.
ഒന്ന് മടിച്ചു നിന്നിട്ടു അവൾ പുറത്തേക്കിറങ്ങി. അത്രയും വലിയ ഹോട്ടൽ കണ്ടു അവൾ അമ്പരുന്നു നിന്നു. അവളുടെ ആ നിൽപ്പു കണ്ടു ദീപു അവളെ പുച്ഛത്തോടെ ഒന്ന് നോക്കി. കാർ ലോക്ക് ചെയ്തു ദീപു മുൻപെ നടന്നു അച്ചു വഴിയറിയാത്ത ഒരു കൊച്ചു കുട്ടി കണക്കെ അവനെ അനുഗമിച്ചു. അപ്പോഴേക്കും അങ്ങ് അകലയിൽനിന്ന് അഭി വേഗത്തിൽ അവർക്കരികിലേക്ക് വരുന്നത് ദീപുവിന്റെ ശ്രദ്ധയിൽപെട്ടു. അവൻ അച്ചുവിനോട് പറഞ്ഞു.
\" ആ വരുന്നവനാണ് അഭി എന്ന അഭിജിത്ത്, എന്റെ ബെസ്റ്റ് ഫ്രണ്ടാ.. എന്റെ കമ്പനിയിൽ തന്ന ജോലിയും.. ഇപ്പോൾ നടക്കാൻ പോകുന്ന പാർട്ടിയുടെ സൂത്രധാരനും ഇവനാ.. ഒരു പണിയുമില്ലാതെ വെറുതെ \" ദീപു പറഞ്ഞതൊന്നും അച്ചു കാര്യമാക്കതെ മുന്നോട്ടു നടന്നു.

\" അതെ ഒന്ന് നിന്നെ \" മുന്നോട്ടു നടന്നു നീങ്ങിയ അച്ചുവിനെ ദീപു പിന്നിൽ നിന്നു വിളിച്ചു. അവൾ നടത്തം നിർത്തി തിരിഞ്ഞു നിന്നു.
ദീപു അവൽക്കരികിലേക്ക് വന്നു.
\" ദേ ഞാൻ ഒരു കാര്യം പറഞ്ഞേക്കാം ഇവിടെ ഈ പാർട്ടിക്ക് വരുന്ന എന്റെ ഫ്രഡ്സ് ഒക്കെ ഹൈ ടീമ്സാ.. ഫുൾ ഇംഗ്ലീഷ് ഒക്കെ ആകും.. നിന്നോട് അവരെന്തേലും ചോദിച്ചാൽ മാത്രം ആൻസർ പറഞ്ഞാൽ മതി.. അല്ലാണ്ട് വാ തുറന്നു നിന്റെ കുഗ്രാമത്തിലെ സംസ്കാരം കാണിക്കരുത് \" അവന്റെ താക്കീത് അവൾ ചെവികൊണ്ടു അല്ലാതെ വേറെ മാർഗം അവൾക്കു മുൻപിൽ തുറന്നിട്ടില്ലല്ലോ.അപ്പോഴേക്കും അഭി അവർക്കരികിൽ എത്തിരുന്നു.
അഭിയെ കണ്ട മാത്രയിൽ ദീപു അഭിനയം തുടങ്ങി.
\" അച്ചു ദാ ഇവനാണ് അഭി.. അഭിജിത്ത് എന്റെ ഉറ്റ സുഹൃത്ത്.. നമ്മടെ കമ്പനിൽ തന്ന വർക്ക്‌ ചെയ്യുന്നേ.. ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ ഇവനെ പറ്റി? \"
ദീപുവിന്റെ അഭിനയം കണ്ടു കണ്ണ് തള്ളി നിന്ന അച്ചു അവന്റെ അഭിനയത്തെ പിൻതാങ്ങി. അഭിയെ അറിയാം എന്ന രീതിയിൽ തലയാട്ടി.
\" രണ്ടു പേരും ഇങ്ങനെ നിൽക്കാതെ അകത്തേക്ക് വാ \" അഭി അവരെ അകത്തേക്ക് വിളിച്ചു. അപ്പോഴാണ് ഡ്രീസയുടെ വരവ്.. ഡ്രീസ ദീപുവിന്റെയും അഭിയുടെയും സുഹൃത്താണ്.തികച്ചും പച്ച പരിഷ്ക്കാരിയാണ് അവൾ എങ്കിലും മനസ് ഒരു തനി നാട്ടുമ്പുറത്തുകാരിയുടെയാണ്.
\" ഹായ് അച്ചു, ഞാൻ ഡ്രീസ ഇവന്മാരുടെ ഫ്രണ്ടാ \" ഇങ്ങനെ പറഞ്ഞു കൊണ്ട് അവൾ ഓടി വന്നു അച്ചുവിന്റെ കൈയിൽ പിടിച്ചു. അച്ചു നേരിയ ചമ്മലോടെ അവളെ നോക്കി പുഞ്ചിരിച്ചു.
\" ഡ്രീസ നീ അച്ചുവിനെ അകത്തേക്ക് കൊണ്ട് പൊക്കോ ഞങ്ങൾ ദാ വന്നേക്കാം \" ദീപു ഡ്രീസയോട് പറഞ്ഞു.
\" വേഗം വന്നേക്കണേ മോനെ.. പരിചയമില്ലാത്ത ഞങളുടെ കൂടെ ഇരുന്ന് അച്ചു സങ്കടപ്പെടും \" അവൾ കുസൃതി ചിരിയോടെ പറഞ്ഞു. ദീപുവിന് അതത്ര സുഖിച്ചില്ലേലും മുഖത്തൊരു ചിരി കഷ്ടപ്പെട്ട് വരുത്തി അഭിയുടെ നേരെ മുഖം തിരിച്ചു നിന്നു.

ഡ്രീസ അച്ചുവിനെയും കൂട്ടി അകത്തേക്ക് പോകുന്നത് വരെ അവർ ആ നിൽപ്പു നിന്നു.

\" ടാ നിന്റെ അഭിനയം കൊള്ളാം.. ഓസ്കാർ എപ്പോൾ കിട്ടിയെന്നു ചോദിച്ചാൽ മതി \" അഭിയുടെ വാക്കുകൾ കേട്ട് ദീപു ആകെ ഒന്ന് ചമ്മിയാ മുഖത്തോടെ അവനെ നോക്കി.
\" ടാ എന്ത് നല്ല കൊച്ചാടാ അത്.. ഒരു പച്ച പാവം, കാണാനും കൊള്ളാം പിന്നെന്താ നിനക്ക്? \"
അഭി ദേഷ്യത്തോടെ ദീപുവിനോട് ചോദിച്ചു.
ദീപു ഒരു പുച്ഛത്തോടെ അവനെ നോക്കി പറഞ്ഞു.
\" അവൾ പാവവും, സുന്ദരിയുമൊക്കെ ആയിരിക്കും.. പക്ഷെ എന്റെ മനസ്സിൽ അവൾ ഇതൊന്നുമല്ല.. ഒരിക്കലും ഞാൻ അംഗീകരിക്കാനും പോകുന്നില്ല, എന്റെ മനസ്സിൽ എന്താണെന്നു നിനക്ക് അറിയാമല്ലോ പിന്നെ ഇങ്ങനൊരു സംസാരത്തിന്റെ ആവശ്യമില്ല \" ഒരു ശാസനം എന്നോണം ദീപു പറഞ്ഞു.
അഭി നെറ്റി ചുളിച്ചുകൊണ്ട് പറഞ്ഞു.
\" ഹോ നിന്റെയൊക്കെ ഒരു കാര്യം.. നിന്നോട് എന്ത് പറഞ്ഞാലും തലയിൽ കയറില്ല.. അഹ് ഇനി ഇവിടെ നിൽക്കണ്ട അകത്തേക്ക് വാ എല്ലാവരും തിരക്കുന്നുണ്ടാകും \"
അഭി ദീപുവിനേം കൂട്ടി അകത്തേക്ക് പോയി. അവർ അവിടെ എത്തിയപ്പോൾ അച്ചു എല്ലാവർക്കും നടുവിൽ ഇരിക്കുകയായിരുന്നു. അവളുടെ മുഖത്ത് എന്തെന്നില്ലാത്ത ഒരു സന്തോഷം കാണാമായിരുന്നു. അപ്പോഴേക്കും വാസുദേവനും കുടുംബവും എത്തിയിരുന്നു.എല്ലാവരും ചേർന്ന് ദീപുവിനേം അച്ചുവിനേം സ്റ്റേജിലെ സെറ്റിയിൽ ഇരുത്തി. പിന്നെ ഓരോരുത്തരുടേം പരിചയപ്പെടിലും ഫോട്ടോ എടുക്കലും ആകെ ബഹളം.ദീപുവിന് ഇതെല്ലാം ആരോചകമായി തോന്നി. പലരും \" ദീപു യൂ ആർ സൊ ലക്കി ടു ഹാവ് സച് എ ഗുഡ് വൈഫ്‌ \" എന്നു പ്രശംസിക്കുന്നത് പല ആവർത്തി അവന്റെ കർണ്ണങ്ങളിലൂടെ കയറി ഇറങ്ങി പൊയ്ക്കൊണ്ടിരുന്നു.

**********
പാർട്ടി കഴിഞ്ഞു വളരെ വൈകിയാണ് എല്ലാവരും ദീപലയത്തിലേക്കു തിരിച്ചെത്തിയത്. അപ്പോഴേക്കും അച്ചു വല്ലാണ്ട് ക്ഷീണിച്ചിരുന്നു. ഡ്രസ്സ്‌ ഒക്കെ മാറി ഫ്രഷ് ആയി വന്നപ്പോഴേക്കും ദീപു മുറിയിൽ ഉണ്ടായിരുന്നു. അവളെ കണ്ട മാത്രയിൽ തന്നെ അവൻ ദേഷ്യത്തോടെ മുറി വിട്ടു പുറത്തേക്കു പോയി. ആ അവഗണന ഒരിക്കൽ പരിഗണന ആകും എന്ന പ്രതീക്ഷ ഉള്ളത് കൊണ്ടാകാം അവൾ അത് വല്യ കാര്യമാക്കാതെ കട്ടിലിൽ അവൾക്കു അവൻ കല്പിച്ചു നൽകിയ സ്ഥലത്തു ചുരുണ്ടു കൂടി.

***********
ദീപു ബാൽക്കണിയിലെ കസേരയിൽ വന്നിരുന്നു. അയാളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. കണ്ണ് തുടച്ചു കൊണ്ട് അവൻ ഫോൺ ലോക്ക് മാറ്റി ഗാലറി എടുത്തു. അതിൽ ഡൗൺലോഡ്സിൽ ഒരു ഫോട്ടോ അവൻ ഓപ്പൺ ചെയ്തു. സുന്ദരിയായ ഒരു പെൺകുട്ടിയുടെ ഫോട്ടോ ആയിരുന്നു അത്. അവൻ ആ ഫോട്ടോയിൽ തലോടി കൊണ്ട് പറഞ്ഞു 
\" മാളു നിന്നെ അല്ലാണ്ട് മറ്റാരെയും എനിക്ക് സ്നേഹിക്കാൻ പറ്റില്ല ഈ ജന്മം.. നീ ഇല്ലാണ്ട് എനിക്ക് ജീവിക്കാനും പറ്റുന്നില്ല മാളു .. നിനക്കും എന്നെ ഇഷ്ടമാണെന്നു എനിക്കറിയാം.. ഒരു ദിവസം എന്റെ ഇഷ്ടം ഞാൻ തുറന്നു പറയും..ആ ദിവസത്തിനായി ഞാൻ കാത്തിരിക്കുവാണ്... \"
ഇത്രയും പറഞ്ഞു അവൻ ആ ഫോട്ടോയിൽ ചുംബിച്ചു .പിന്നെ എന്തോ ആലോചിച്ചു ഉറപ്പിച്ച പോലെ  എണീറ്റു അകത്തേക്ക് നടന്നു.

തുടരും.
  


ഭാഗം 4

ഭാഗം 4

4.4
2890

മാസം ഒന്ന് കഴിഞ്ഞു.മാളുവിനോട് എങ്ങനെയെങ്കിലും തന്റെ ഇഷ്ടം പറയണം എന്നു ആഗ്രഹിച്ചു അവളെ തന്നെ മനസ്സിൽ ആരാധിക്കുന്ന ദീപുവും,ദീപുവിന്റെ സ്നേഹം തനിക്കു എന്നെങ്കിലും കിട്ടുമെന്ന പ്രതീക്ഷയോടെ അച്ചുവും ദിവസങ്ങൾ എണ്ണി മുന്നോട്ട് പോയി. അച്ചുവിന്റെ വീട്ടിലേക്കു വിരുന്നിനു പോകാൻ പോലും ദീപു കൂട്ടാക്കിയില്ല.  ജോലി തിരക്കാണെന്ന പച്ചക്കള്ളം പറയേണ്ടി വന്നതിൽ വാസുദേവനും തെല്ലു വിഷമം ഇല്ലാതിരുന്നില്ല. ദീപുവിന്റെ വീട്ടിലേക്കു വരാൻ ഇരുന്ന അച്ചുവിന്റെ അമ്മയെയും ചെറിയച്ഛനേം തടഞ്ഞതും വാസുദേവൻ തന്നെയായിരുന്നു. ദീപുവിനേം അച്ചുവിനേം അവന്റെ തിരക്ക് മാറുമ്പോൾ അങ