Aksharathalukal

രണഭൂവിൽ നിന്നും...(11)

മേൽവിലാസമനുസരിച്ച് ഭാനു എത്തിയത് ഒരു ടെറസ് വീടിന് മുൻപിലാണ്... കാർ പോർച്ചിൽ ഒരു ബൈക്കുണ്ട്..... അവളൊന്ന് പതറി..

\"ഒരു മുത്തശ്ശിയും ആ വയ്യാത്ത ചേച്ചിയുമേ ഉള്ളൂന്നല്ലേ ആ സാറ് പറഞ്ഞത്.. ഇനിയീ വീട്ടിലെ ചേട്ടൻ കാണുമോ ഇവിടെ?ശ്ശെടാ അതിനിപ്പോ എന്താ...ആ ചേട്ടൻ കുഴപ്പക്കാരനല്ലെന്നല്ലേ ആ സാറ് പറഞ്ഞത്..\"
സ്വയം ചോദ്യവും ഉത്തരവും പറഞ്ഞെങ്കിലും അവൾക്കെന്തോ വല്ലാത്തൊരു ഭയം തോന്നി.... വഷളനായ ഒരാളുടെ മുൻപിൽ പെണ്ണുകാണലെന്നും പറഞ്ഞു പോയി നിന്നപ്പോൾ പോലും തോന്നാത്തൊരു ഭയം...

നെഞ്ചിടിപ്പുയർന്നത് വക വയ്ക്കാതെ ദീർഘമായൊന്ന് ശ്വാസം വലിച്ചു വിട്ട്  കയ്യിലെ ബാഗും മാറോടടക്കി അവൾ ഗേറ്റ് തുറന്ന് അകത്തേക്ക് കയറി ഗേറ്റ് അടച്ചു കുറ്റിയിട്ടു... രണ്ട് മൂന്ന് തവണ കോളിങ് ബെല്ലടിച്ചു കുറേ നേരം കാത്തു നിന്നപ്പോഴാണ് വാതിൽ തുറക്കപ്പെട്ടത്... മുന്നിൽ കണ്ടത് എൺപത് വയസ്സോളം പ്രായം ചെന്നൊരു മുത്തശ്ശിയെയാണ്...വെഞ്ചാമരം പോലെ വെളുത്ത മുടിയും തേജസ്സ് വഴിയുന്ന വെളുത്ത മുഖവുമായൊരു മുത്തശ്ശി...അവൾക്ക് പെട്ടെന്ന് തന്റെ അച്ഛമ്മയെ ഓർമ്മ വന്നു....

\"ആരാ? \"
വിറയ്ക്കുന്ന ശബ്ദത്തിൽ അവർ ഭാനുവിനെ അടിമുടി നോക്കി ചോദിച്ചു..
\"ഞാൻ.. ഞാൻ ഭാനുപ്രിയ... ഇവിടുത്തെ ചേച്ചിയെ നോക്കാൻ..\"
പരിഭ്രമം തോന്നിയിട്ടും ഭാനു പറഞ്ഞൊപ്പിച്ചു...

\"എന്താ പറഞ്ഞേ... നോക്കാനോ.. ആരെ...മാധവൻ പറഞ്ഞു വിട്ടതാണോ കുട്ടിയെ?\"
അവർ മുഷിപ്പോടെ ചോദിച്ചു..
\"അതേ..\"
അവൾ പതിഞ്ഞു പറഞ്ഞു...
\"എന്താ.. ആണെന്നോ.. അല്ലെന്നോ.. എന്താണെങ്കിലും ഉറക്കെ പറഞ്ഞൂടെ \"
അവരുടെ ഒച്ച പൊന്തി...ഭാനു ഞെട്ടിയവരെ നോക്കി..പിന്നെയാലോചിച്ചു.. പ്രായമുള്ള ആളല്ലേ.. ചിലപ്പോ ചെവി കേൾക്കില്ലായിരിക്കും...

അവൾ ചിന്തിച്ച് നിൽക്കുന്ന നേരത്ത് അവർ പെട്ടെന്നെന്തോ ഓർത്തത് പോലെ തന്റെ ചെവിക്ക് പിന്നിൽ നിന്നും ഹിയറിങ് എയ്ഡ് എടുത്ത് ചെവിക്കുള്ളിലേക്ക് തിരുകി...
എന്നാൽ പിന്നെ കുറച്ചുറക്കെ പറഞ്ഞേക്കാമെന്ന് കരുതി പാവം ഭാനു അലറിപ്പൊളിച്ചു...
\"അതേ മുത്തശ്ശി!!!\"

ഇത്തവണ ഞെട്ടി കതകിൽ പിടിച്ചു പോയത് ആ വൃദ്ധയാണ്...
\"ഹോ.. ചെവി പൊട്ടിയല്ലോ പെണ്ണേ...പതുക്കെ പറഞ്ഞൂടെ നിനക്ക്...\"
ഉണ്ടക്കണ്ണുരുട്ടി അവർ കലി തുള്ളി....
\"ങേ!!!\"
ഭാനു അന്തം വിട്ടു നിന്നു.. അപ്പോഴാണ് അവരുടെ ചെവിക്കുള്ളിലെ ഹിയറിങ്ങ് എയ്ഡ് അവൾ കാണുന്നത്...
\"സബാഷ്!!!!എന്റെ കാര്യം തീരുമാനമായല്ലോ ന്റെ ഭഗവാനെ \"
അവൾ മുകളിലേക്ക് നോക്കി ആത്മഗതിച്ചു....

\"ആരാ മുത്തശ്ശി?\"
അകത്ത് നിന്നും അശരീരി പോലൊരു പുരുഷസ്വരം !!!!
ആ ശബ്ദവീചികൾ ഭാനുവിന്റെ ചെവിക്കുള്ളിലൂടെ കയറി ഹൃദയത്തിനുള്ളിലൊരു പ്രകമ്പനം സൃഷ്ടിച്ചു കടന്നു പോയി... ഒളിച്ചു മാറിയൊരാ പരിഭ്രമം അവളിൽ വീണ്ടുമുണർന്നു....

മുത്തശ്ശി ഭാനുവിനെ നോക്കിപ്പേടിപ്പിക്കുന്ന തിരക്കിലാ ചോദ്യം കേട്ടില്ലെന്ന് തോന്നുന്നു... വീണ്ടും അതേ സ്വരത്തിൽ അതേ ചോദ്യം ആവർത്തിച്ചു.. 
\"ആ.. അത്‌.. മാധവൻ പറഞ്ഞു വിട്ട പെണ്ണാ ജിത്തുമോനെ \"
അനിഷ്ടത്തോടെ അവർ മറുപടിയും പറഞ്ഞു....

പിന്നീട് നിമിഷങ്ങളോളം തികഞ്ഞ നിശ്ശബ്ദതയായിരുന്നു...ഭാനുവിന് സ്വന്തം ശ്വാസം മാത്രമേ കേൾക്കാനായുള്ളു... ആ നിമിഷങ്ങളിൽ തനിക്ക് മുൻപിലേക്ക് വന്നേക്കാവുന്ന ആ രൂപത്തെക്കുറിച്ചുള്ള ചിന്ത അവളുടെ ഭയവും പരിഭ്രമവും വർധിപ്പിക്കുമ്പോൾ ഇടിമുഴക്കം പോലെ സ്വന്തം നെഞ്ചിടിപ്പ് കൂടി അവൾക്ക് കാതിൽ കേട്ടു കൊണ്ടിരുന്നു...

ഷോളിന്റെ തുമ്പുയർത്തിയവൾ നെറ്റിയിലൂടെ ഒഴുകിയിറങ്ങിയ വിയർപ്പിനെ തുടച്ചു മാറ്റി.... തന്നിലേക്ക് നീളുന്ന മറ്റൊരു ജോഡി കണ്ണുകളുണ്ടെന്നറിഞ്ഞതും അവൾ മെല്ലെ മുഖമുയർത്തി നോക്കി...

ആദ്യം കണ്ണിൽ പതിഞ്ഞതാ പുരുഷന്റെ വലതു പുരികത്തിനു മുകളിലായുള്ള ആഴത്തിലുള്ളൊരു മുറിവിന്റെ പാടാണ്... പിന്നെയാ കട്ടിയാർന്ന പുരികങ്ങൾ.. പിന്നെ അവന്റെ കണ്ണുകൾ!!!!തീ പോലെ ജ്വലിക്കുന്നവ... ആ അഗ്നിക്ക് പിറകിലൊരു കടലുള്ളത് പോലെ തോന്നിയവൾക്ക്...

കണ്ണിൽ കണ്ണിൽ നോക്കി നിൽക്കുന്ന രണ്ട് പേരെ കണ്ട് ഇടയിൽ നിന്നിരുന്ന മുത്തശ്ശിയുടെ പുരികം വളഞ്ഞു...
\"ആ.. ജിത്തു... ഇതാണാ പെണ്ണ്... എന്താ പ്രിയയോ .. അങ്ങനെന്തോ...
എടീ പെണ്ണെ നിന്റെ വീടെവിടെയാ..?\"
ഇരുവർക്കുമിടയിലെ നോട്ടത്തിന്റെ പാലം മുറിച്ചിട്ടു ആ വൃദ്ധ...

ഒന്ന് പതറി നോട്ടം മാറ്റിക്കളഞ്ഞു ഇരുവരും...
\"കോഴിക്കോടാണ് വീട്...\"
മുത്തശ്ശിയുടെ ചോദ്യത്തിന് ഭാനു ഉത്തരം പറഞ്ഞു...
ജിത്തുവൊന്ന് ഞെട്ടി അവളെ നോക്കി...
ഇത്രയും നേരമാലോചിച്ച കാര്യത്തിന് അവനൊരു ഉത്തരം കിട്ടി... അവളെ എവിടെയോ കണ്ടിട്ടുള്ളത് പോലെ തോന്നിയിരുന്നു അവന്. ഒരുപക്ഷെ കോഴിക്കോട് വച്ചാകുമെന്ന് അവനു തോന്നി...

\"കാര്യങ്ങളൊക്കെ മാധവനങ്കിൾ പറഞ്ഞിട്ടില്ലേ? \"
\"ഉവ്വ് \"
മുഖമുയർത്താതെ തന്നെയവൾ അവന് മറുപടി നൽകി ....
\"മ്മ്.. കരുതുന്നതിനേക്കാൾ ബുദ്ധിമുട്ടുള്ള ജോലിയാണ്...ബെഡ് റിഡണായ കുട്ടിയാണ്...എപ്പോഴും വൃത്തി യായിരിക്കണം അവളുടെ ശരീരം.. അല്ലെങ്കിൽ ഇൻഫെക്ഷനാകും .. അവൾ മാത്രമല്ല.. ഈ വീടും എപ്പോഴും വൃത്തിയായിരിക്കണം.. പിന്നെ ഭക്ഷണവും മറ്റ് വീട്ടുജോലികളും ചെയ്യണം ..\"
അവന്റെ കടുപ്പമുള്ള വാക്കുകൾ....
\"മ്മ് \"
ഭാനു തലയാട്ടി..

\"തലയാട്ടിയാൽ പോരാ... ഇടയ്ക്ക് വച്ച് ഇട്ടിട്ടു പോകാൻ പറ്റില്ല.. ഇതിന് മുൻപുണ്ടായിരുന്ന സ്ത്രീ പോകുന്നുവെന്ന് ഒരു മുന്നറിയിപ്പുമില്ലാതെ ഇന്ന് രാവിലെയാ പറയുന്നത്... അങ്ങനെയാവരുത്... ഒരാഴ്ച മുത്തശ്ശി നോക്കും..മുത്തശ്ശിക്കിഷ്ടപ്പെട്ടാൽ നിനക്കിവിടെ തുടരാം.. പക്ഷേ അതിന് മുൻപൊരു ബോണ്ട്‌ സൈൻ ചെയ്തു തരണം.. രണ്ട് വർഷത്തേക്കുള്ള ബോണ്ട്‌... അത്‌ കഴിയാതെ ഈ ജോലി വിട്ട് നിനക്ക് പോകാൻ പറ്റില്ല... സമ്മതമാണെങ്കിൽ ഇന്ന് തൊട്ട് ജോലി തുടങ്ങാം.... \"

മയമേതുമില്ലാതെ അവൻ നിയമാവലി നിരത്തി...
\"സമ്മതം \"
ഭാനുവിന് ആലോചിക്കാനൊന്നുമുണ്ടായിരുന്നില്ല....

\"മറ്റൊന്ന് കൂടി.. നിന്റെയമ്മ ഷെൽട്ടർ ഹോമിലാണെന്ന് അങ്കിൾ പറഞ്ഞു... ആഴ്ചയിലൊരിക്കൽ ഞാൻ വരുമ്പോൾ എനിക്കൊപ്പം നിനക്ക് അമ്മയെ കാണാൻ പോകാം..എനിക്കൊപ്പം തന്നെ തിരികെ വരാം..അതല്ലാതെ പുറത്തെവിടെയും പോകാനുള്ള അനുവാദമുണ്ടാകില്ല... ആവശ്യത്തിനുള്ള സാധനങ്ങൾ ഇവിടെയെത്തിച്ചു തരാൻ ആളുണ്ട്.. അതെങ്ങിനെയാണെന്ന് മുത്തശ്ശിക്കറിയാം.. എന്തെങ്കിലും വേണമെങ്കിൽ മുത്തശ്ശിയോട് പറഞ്ഞാൽ മതി...\"
\"മ്മ് \"
അവൾ വീണ്ടും തലയാട്ടി...

\"പിന്നെയൊന്ന് കൂടി...\"
\"ഓ.. ഇത് കഴിഞ്ഞില്ലേ \"എന്ന ആത്മഗതത്തോടെ ഭാനു മുഖമുയർത്താതെ തന്നെ നിന്നു...
\"അങ്കിളിന്റെ ഉറപ്പിന്മേലാണ് ജോലി തരുന്നത്... കളവോ ചതിയോ ചെയ്യാമെന്നൊരു ചിന്ത പോലും വരരുത്.. വന്നാൽ...നിന്നെ അഴിയെണ്ണിക്കാൻ എനിക്കൊരു പോലീസിന്റെ ആവശ്യം പോലും വരില്ല....\"

ചങ്കിലെ മുറിവിൽ വീണ്ടും കത്തി കൊണ്ട് വരഞ്ഞത് പോലെ ഭാനുവിനെയവന്റെ പരുഷമായ വാക്കുകൾ നോവിച്ചു കടന്നു പോയി... മുഖമുയർത്താഞ്ഞത് കൊണ്ട് അവളുടെ കണ്ണിൽ ഉറഞ്ഞു കൂടിയ കണ്ണുനീർ ആരും കണ്ടതുമില്ല....

\"പിന്നെയീ തലകുനിച്ചുള്ള നിൽപ്പ് കള്ളത്തരത്തിന്റെ ലക്ഷണമാണ്.. തെറ്റ് ചെയ്യാത്തൊരാൾ തലയുയർത്തിപ്പിടിച്ചു തന്നെ നിൽക്കണം!!!!!\"

അവന്റെ വാക്കുകളിൽ അവളൊന്ന് ഞെട്ടി... തന്റെ അച്ഛൻ പറയാറുള്ളത് പോലൊന്നാണ് അവനിപ്പോൾ പറഞ്ഞത്...അവളുടെ കണ്ണുനീർ മണ്ണിലേക്കിറ്റു വീണു..

\"മ്മ്..\"
നിയമാവലി അവസാനിച്ചത് കൊണ്ടാകാം ഒന്നിരുത്തി മൂളി അവൻ അകത്തേക്ക് കയറിപ്പോയി.. അത്‌ വരെ തല കുനിച്ചു നിന്ന ഭാനു മെല്ലെ ഇടങ്കണ്ണിട്ടു നോക്കി അവൻ പോയെന്ന് ഉറപ്പ് വരുത്തിയ ശേഷം തലയുയർത്തിയിട്ട് ഒന്ന് നെടുവീർപ്പിട്ടു....

നേരെ നോക്കിയതാകട്ടെ തന്നെ തുറിച്ചു നോക്കി നിൽക്കുന്ന മുത്തശ്ശിയെയും.. അവളൊന്ന് ചിരിക്കാൻ ശ്രമിച്ചെങ്കിലും അതൊരു വളിച്ച ചിരിയായിപ്പോയി..
\"അടുക്കളപ്പുറത്തൊരു ബാത്റൂമുണ്ട്... കുളിച്ച് ശുദ്ധിയായിട്ട് അകത്ത് കേറിയാൽ മതി..\"

തന്റെ നിയമാവലിയിലെ ആദ്യത്തെ പോയിന്റ് പ്രസ്താവിച്ചിട്ട് മുത്തശ്ശി അകത്ത് കയറി വാതിലടച്ചു.. ഇതിന് മുൻപവിടെ ജോലിക്ക് നിന്നിരുന്നയാൾ രായ്ക്ക് രായ്മാനം ഓടിപ്പോയതെന്തു കൊണ്ടാകുമെന്ന് ഭാനുവിന് ഏതാണ്ട് മനസ്സിലായി തുടങ്ങി... എരിതീയിൽ നിന്നും വറചട്ടിയിലേക്കാണോ തന്റെ യാത്രയെന്നവൾ ഒരു നിമിഷം ആലോചിക്കാതിരുന്നില്ല.. പക്ഷേ ഇനിയും ഒളിച്ചോടാൻ തനിക്കാവില്ലെന്ന ബോധ്യം അവൾക്കുണ്ടായിരുന്നു... വരുന്നതെന്തും നേരിട്ടേ തീരൂ..

നിശ്ചയദാർഢ്യത്തോടെ അവൾ ആ വീടിന്റെ പിൻവശത്തേക്ക് നടന്നു...അവിടെ കണ്ട ബാത്‌റൂമിനു പുറത്ത് ബാഗ് വച്ചിട്ട് അതിൽ നിന്നും ഒരു ദാവണിയും തോർത്തുമെടുത്തവൾ കുളിക്കാൻ കയറി...ബാത്‌റൂമിനുള്ളിലെ അലക്കു കല്ലിൽ തന്നെ ഉടുത്തിരുന്ന വസ്ത്രങ്ങളലക്കി പുറത്തെ അഴയിലവൾ വിരിച്ചിട്ടു... മുടി കൈ കൊണ്ട് കോതി കുളിപ്പിന്നലെടുത്തു വിരിച്ചിട്ടിട്ട് കൈ പുറത്തെ പൈപ്പിൽ നന്നായി കഴുകിയവൾ അടുക്കളവാതിലിനു മുൻപിൽ ചെന്നു നിന്നു...

മെല്ലെ തള്ളി നോക്കിയെങ്കിലും അത്‌ കുറ്റിയിട്ടിരുന്നു.. അവൾ മെല്ലെയതിൽ കൊട്ടി... കുറച്ച് സമയം കഴിഞ്ഞതും ആരോ വന്നു വാതിൽ തുറന്നു... മുത്തശ്ശിയാകുമെന്ന് കരുതി ഭാനു മുഖമുയർത്തി അവിടേക്ക് നോക്കി... പക്ഷേ അവിടെ കണ്ടത് മുത്തശ്ശിയെയായിരുന്നില്ല... ജിത്തുവിനെയായിരുന്നു... വീണ്ടുമാ കണ്ണുകൾ അവളെ പരിഭ്രമത്തിലാഴ്ത്തുമ്പോൾ അവളുടെ മുഖം താനേ കുനിഞ്ഞു പോയി...

അവന്റെ ചുണ്ടിന്റെ കോണിലൊരു പുഞ്ചിരി ഉണർന്നു...
\"ഇങ്ങനെ തൂക്കിയിട്ടാൽ കഴുത്തൊടിഞ്ഞു പോകും...\"
പറഞ്ഞു കൊണ്ടവൻ തിരിഞ്ഞകത്തേക്ക് നടക്കാൻ തുടങ്ങി... അറിയാതെ തന്നെ ഭാനു മുഖമുയർത്തിപ്പോയി....
\"വല്യ തമാശക്കാരനാണെന്നാ വിചാരം \"
അവൾ പിറുപിറുത്തു കൊണ്ട് അവന് പിറകെ അകത്തേക്ക് കയറി വാതിലടച്ചു...

തിരിഞ്ഞതും തൊട്ട് മുൻപിലതാ അവന്റെ കണ്ണുകൾ!!!
അവളൊന്ന് ഞെട്ടി പിറകിലേക്കാഞ്ഞ് കതകിൽ ചെന്നിടിച്ചു നിന്നു... പരിഭ്രമത്താൽ അവളുടെ കണ്ണുകൾ പിടഞ്ഞു കൊണ്ടേയിരുന്നു...
\"ഞാൻ തമാശ പറയാറില്ല.... എന്റെ അനിയത്തിയെ നോക്കാൻ വന്നവൾ ആരോഗ്യമുള്ളവളായിരിക്കണം... അതാണ് പറഞ്ഞത്... പിന്നെ ഇനിയിങ്ങനെ മുഖം കുനിക്കുന്നത് കണ്ടാൽ അടുത്ത നിമിഷം നീയീ വീടിന് പുറത്താകും... ഓർത്തോ...\"

രൂക്ഷമായി.. അതിപരുഷമായി അവൻ അവളോട് പറഞ്ഞു...പിന്നെ തിരിഞ്ഞ് നടന്നകത്തേക്ക് പോയി... മനസ്സ് വിങ്ങിയെങ്കിലും അവളത് കാര്യമാക്കിയതേയില്ല...ഒരു കണക്കിനത് നന്നായെന്ന് തോന്നിയവൾക്ക്... തനിക്ക് മുഖം കുനിക്കുന്നതല്ല.. ഉയർത്തിപ്പിടിക്കുന്നതാണ് ശീലം... പക്ഷേ ഇപ്പോഴവിടുന്ന് ചാടിത്തുള്ളി പോയവനെ കാണുമ്പോൾ മാത്രമെന്തെ തന്റെ മുഖം പിടിച്ചു താഴ്ത്തുന്നത് പോലെ കുനിഞ്ഞു പോകുന്നുവെന്നവൾ അതിശയിച്ചു..

നിന്നിടത്തു നിന്നവൾ അടുക്കളയാകെയൊന്ന് നോക്കി...ഉച്ചയൂണ് കഴിഞ്ഞുള്ള അവശേഷിപ്പുകൾ സ്ലാബിന് മുകളിലും എച്ചിൽ പാത്രങ്ങൾ സിങ്കിലും കിടപ്പുണ്ട്...ദാവണിത്തുമ്പ് എളിയിലേക്ക് എടുത്തു കുത്തി അവൾ ഓരോന്നായി വൃത്തിയാക്കാൻ തുടങ്ങി...

കുറച്ച് സമയത്തിന് ശേഷം ഉച്ചയുറക്കമൊക്കെ കഴിഞ്ഞ് മുത്തശ്ശി അടുക്കളയിലെത്തുമ്പോഴേക്കും അവളവിടെയൊക്കെ വൃത്തിയാക്കി കഴിഞ്ഞിരുന്നു..ചുണ്ടിലൊരു ചിരി വിരിഞ്ഞെങ്കിലും മുത്തശ്ശിയത് വിദഗ്ദമായി ഒളിപ്പിച്ചു...

\"ആ.. നീയിതൊക്കെ വൃത്തിയാക്കിയല്ലേ.. നന്നായി.. ഞാനത് പറയണമെന്ന് വിചാരിച്ചാ വന്നത്...\"
അവർ പറഞ്ഞത് കേട്ട് ഭാനു ചെറുതായി പുഞ്ചിരിച്ചു...
\"നീ വല്ലതും കഴിച്ചതാണോ?\"
കഠിനമായ വിശപ്പിനാൽ വയറു കത്തിക്കാളി നിൽക്കുകയായിരുന്ന ഭാനുവിനാ ചോദ്യം തന്നെ അമൃതായി...
\"ഇല്ല.. അവൾ സത്യം പറഞ്ഞു...\"
\"ആ.. അവിടെ ചോറും കറികളുമൊക്കെയുണ്ട്... എടുത്ത് കഴിക്ക്.. എന്നിട്ട് രാത്രിക്കുള്ളത് ഉണ്ടാക്ക്.. ജിത്തു ഇപ്പൊ പോകും.. നമുക്ക് രണ്ടാൾക്കും കുറച്ച് കഞ്ഞിയും ചമ്മന്തിയും ഉണ്ടാക്കിയാൽ മതി...\"

\"ഹാവൂ.. അയാള് പോവുംന്ന്.. സമാധാനം!!!\"
മനസ്സിൽ പറഞ്ഞിട്ട് അവൾ നെടുവീർപ്പിട്ടു...
\"അപ്പൊ.. ആ ചേച്ചിക്ക്...?\"
പെട്ടെന്ന് തന്നെ അവൾ ചോദിച്ചു...
മുത്തശ്ശിയുടെ മനസ്സൊന്നുലഞ്ഞു..

\"മറ്റേ പെണ്ണ് അനുമോൾടെ ഇന്നത്തെ കാര്യങ്ങളൊക്കെ ചെയ്തിട്ടാ പോയത്...ഇനി നാളെ രാവിലെ ചെയ്താ മതി.. നീ വേഗം ചോറുണ്ടിട്ട് ജോലി നോക്ക്..\"
മുത്തശ്ശി ഉത്തരവിട്ടു...

\"മുത്തശ്ശീ.. ഞാനിറങ്ങാ..\"
മുറ്റത്ത് നിന്ന് അശരീരി വന്നു..
ആ വൃദ്ധ മെല്ലെ പിടിച്ചു പിടിച്ച് നടന്നവിടേക്ക് പോകുന്നത് ഭാനു നോക്കി നിന്നു...
\"ഇയാൾക്ക് അതിവിടെ വന്നു പറഞ്ഞിട്ട് പൊയ്ക്കൂടെ.. പാവം ഈ മുത്തശ്ശിയെ ഇങ്ങനെ നടത്തിക്കണോ... \"
ജിത്തുവിനെ മനസ്സിൽ ചീത്ത വിളിച്ചിട്ട് അടുക്കളപ്പുറത്തെ ചെറിയ ജാലകത്തിലൂടെ അവൾ ഉമ്മറത്തേക്ക് എത്തി നോക്കി... അവിടെ ഗേറ്റ് കടന്ന് പുറത്തേക്ക് നടന്നു പോകുന്ന ജിത്തുവിനെ കണ്ട് അവൾ അതിശയിച്ചു...
\"പോർച്ചിലാ വണ്ടി കിടക്കുന്നത് ഭംഗിക്കാണോ...ആ.. അയാളെങ്ങനെ പോയാ എനിക്കെന്താ \"
ആത്മഗതം കഴിഞ്ഞ് തലയിൽ സ്വയമൊരു കൊട്ടും കൊട്ടി ഭാനു ഒരു പാത്രമെടുത്ത് കുറച്ച് ചോറും കറിയും എടുത്ത് കഴിക്കാനായി അടുക്കളത്തിണ്ണയിൽ ചെന്നിരുന്നു...

ആദ്യത്തെ ഉരുള ചോറു വായിലെത്തും മുൻപേ അവൾക്ക് അമ്മയെ ഓർമ്മ വന്നു..ഉരുള എടുത്ത കൈ താണു... അമ്മ വല്ലതും കഴിച്ചു കാണുമോ? അറിയാനൊരു മാർഗവുമില്ല... അടുത്തയാഴ്ച ജിത്തു വരുന്നത് വരെ കാത്തിരിക്കണം... കണ്ണീരൊഴുകാൻ തുടങ്ങുമ്പോഴേക്കും അവളത് തുടച്ചു മാറ്റി... അന്നത്തിനു മുൻപിലൊരിക്കലും കരയില്ലവൾ.. അച്ഛൻ പഠിപ്പിച്ചു കൊടുത്ത മറ്റൊരു പാഠം...
മനസ്സ് കല്ലാക്കി വിശപ്പിന്റെ വിളിക്ക് മുൻപിൽ കീഴടങ്ങി അവൾ ചോറുണ്ണാൻ തുടങ്ങി...

എങ്ങോട്ടോ പായുന്ന ആ ബസ്സിലിരിക്കുമ്പോൾ ജിത്തുവിന്റെ മനസ്സിൽ ഭാനുവായിരുന്നു... അവളുടെ കുഞ്ഞ് മുഖത്തെ തിളങ്ങുന്ന കണ്ണുകളായിരുന്നു... തന്റെ കണ്ണുകൾ നേരിടാനാകാതെ അവളൊളിപ്പിച്ച ആ നക്ഷത്രക്കണ്ണുകളിലെ കടലാഴമായിരുന്നു.....

ആദ്യമായി അവൻ സ്വയം കല്ലാക്കി മാറ്റിയ അവന്റെ ഹൃദയത്തിലെവിടെയോ   ഒരു പെൺകുട്ടിയുടെ നിഷ്കളങ്കത ഒരു നീരുറവ സൃഷ്ടിച്ചു കഴിഞ്ഞിരുന്നു... ആ നീരുറവ വളർന്നൊരു തിരമാലയായി ആ കല്ലിനെ ഒരിക്കൽ തച്ചുടയ്ക്കുമെന്ന് അവനപ്പോൾ അറിഞ്ഞതേയില്ല....

അന്ന് രാത്രി കനക്കുമ്പോൾ രണ്ടിടങ്ങളിൽ അന്തിയുറങ്ങിയ ഭാനുവും ജിത്തുവും ദിവസങ്ങൾക്കു ശേഷം ആദ്യമായി ഗാഢനിദ്രയിൽ പെട്ടു...
സ്വപ്‌നങ്ങൾ പോലുമില്ലാത്ത ശാന്തമായ സുഖനിദ്ര.. 

⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️



രണഭൂവിൽ നിന്നും... (12)

രണഭൂവിൽ നിന്നും... (12)

4.7
2692

പിറ്റേന്ന് രാവിലെ മുത്തശ്ശിക്കൊപ്പം ഒരു മുറിക്കുള്ളിലേക്ക് നടക്കുകയാണ് ഭാനു...അത്‌ അനുവിന്റെ മുറിയാകുമെന്ന് അവളൂഹിച്ചു... അകത്തെത്തുമ്പോൾ മൂക്കിലാദ്യം അനുഭവപ്പെട്ടത് ഡെറ്റോളിന്റെ മണമാണ്... ആശുപത്രിയുടെ മനം മടുപ്പിക്കുന്ന മണം...ജനലരികിൽ കട്ടിലിലൊരു പെൺകുട്ടി കിടപ്പുണ്ട്.. സുന്ദരിയായൊരു പെൺകുട്ടി.. അവൾക്കാ മുത്തശ്ശിയുടെ ഛായയാണെന്ന് തോന്നി ഭാനുവിന്...മൂക്കിൽ ഒരു ട്യൂബിട്ടിട്ടുണ്ട്..കട്ടിലിനരികിലെ ഒരു സ്റ്റാൻഡിൽ തൂക്കിയിരിക്കുന്ന ഒരു ദ്രാവകം നിറച്ച ബോട്ടിലിലേക്ക് ആ ട്യൂബിന്റെ മറ്റേ അറ്റം ഘടിപ്പിച്ചിട്ടുണ്ട്...കണ്ണടച്ചു കിടക്കുകയായിരുന്ന അവൾ അരി