Aksharathalukal

രണഭൂവിൽ നിന്നും... (13)

ഊണ് കഴിക്കുമ്പോഴൊക്കെ ഭാനുവിന്റെ ചിന്ത ജിത്തു തന്റെ വല്യച്ഛനെ കുറിച്ച് ചോദിച്ചതിനെ കുറിച്ചായിരുന്നു...
\"വല്യച്ഛനെ അറിയാതെയെങ്ങനെയാ അദ്ദേഹത്തെപ്പറ്റി അയാൾ ചോദിച്ചത്? എന്നിട്ട് ചോദിച്ചപ്പോ വല്യച്ഛനെ അറിയില്ലാന്നൊരു മറുപടിയും... അതങ്ങ് മാച്ചാകുന്നില്ലല്ലോ...\"
ആത്മഗതത്തിനിടയിൽ പെട്ടെന്ന് ഭാനുവൊന്ന് ഞെട്ടി.. കയ്യിലിരുന്ന ഉരുള പാത്രത്തിലേക്ക് തന്നെ വീണു പോയി...
\"ഇനി ദേവമംഗലത്തുകാരെ ദ്രോഹിക്കാൻ ശ്രമിക്കുന്നവരുമായി ഇയാൾക്ക് വല്ല ബന്ധവുമുണ്ടാകുമോ... അല്ലെങ്കിൽ വല്യച്ഛനുമായി മറ്റെന്തെങ്കിലും ശത്രുതയുള്ള ആളാകുമോ.. അതോ വെറും പരിചയക്കാരനോ..ചിലപ്പോ വല്യമ്മയെയും ഇയാൾക്ക് അറിയുമെങ്കിലോ..ഞാനിവിടെയുള്ളത് ഇയാളിനി വല്യമ്മയോട് പറയുമോ??\"

അനേകം ചോദ്യങ്ങൾ അവളുടെ മനസ്സിലൂടെ കയറിയിറങ്ങിപ്പോയി..
ഒരുവനവിടെ കുറേ നേരമായി തന്റെ പിറുപിറുക്കലും ഭാവഭേദങ്ങളുമൊക്കെ നോക്കി നിൽപ്പുണ്ടെന്ന് അവളറിഞ്ഞില്ല...

\"പ്രിയാ \"
അവന്റെ ശബ്ദത്തിലൊരു വിളി കേട്ടവൾ കണ്ണ് മിഴിഞ്ഞ് കൊണ്ട് മുഖമുയർത്തി നോക്കി... ആ നോട്ടം കണ്ട് വന്ന ചിരിയടക്കാനവൻ പാടുപെട്ടു...

\"എന്താ? \"
അവൻ ഗൗരവത്തിൽ ചോദിച്ചു..
\"എന്ത്? \"
യാന്ത്രികമായി അവൾ തിരിച്ചു ചോദിച്ചു...
അവനൊന്ന് മുന്നോട്ട് നടന്നപ്പോൾ അവൾ പാത്രവുമായി നിലത്ത് നിന്നും ചാടിയെഴുന്നേറ്റ് പുറകിലേക്ക് നീങ്ങി നിന്നു... അവനത് കണ്ട് ചിരിയോടെ അവിടെയുള്ളൊരു സ്റ്റൂൾ വലിച്ചിട്ടിരുന്നു...

ഭാനു ആദ്യമായി കാണുന്ന ആ ചിരിയിലേക്ക് നോക്കി നിന്നു പോയി...
\"ആ ചെറിയ കണ്ണിങ്ങനെ ഉരുട്ടിയാ പൊട്ടിപ്പോകും.. അതെടുത്തുള്ളിലിട്... \"
ചിരിയോടെ അവൻ പറയുമ്പോൾ അവളുടെ കണ്ണ് ഒന്ന് കൂടി മിഴിയുകയാണ് ചെയ്തത്... അത്‌ കണ്ടവൻ ചിരി ഉപേക്ഷിച്ച് ഗൗരവത്തോടെ അവളെ നോക്കി..

കണ്ണുകൾ പിടച്ചുകൊണ്ട് അവൾ നോട്ടം മാറ്റി..
\"എന്റെ പേര്.. ഭാനുപ്രിയാന്നാ..\"
മുഖമുയർത്തിപ്പിടിച്ച് താഴേക്ക് നോക്കിയവൾ പറഞ്ഞു..
\"അതോണ്ട്?\"
അവൻ ഭാവഭേദമില്ലാതെ ചോദിച്ചു..
\"അ.. അല്ല.. എൽ...എല്ലാരും.. എന്നെ ഭാനൂന്നാ വിളിക്കാ..\"
അവൾ വിക്കിത്തുടങ്ങി...
\"അതോണ്ട്? \"
പിന്നെയും ജിത്തുവിനൊരു മാറ്റവുമില്ല...

\"ഏ.. ആ.. ഒന്.. ഒന്നൂല്ല \"
പുരികം വളച്ച് പരിഭ്രമം പൂണ്ട് അവൾ മുഖം വീർപ്പിച്ചു കണ്ണുകൾ താഴ്ത്തി....
ജിത്തുവിന്റെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി അതു കൊണ്ട് തന്നെ അവൾ കണ്ടിരുന്നില്ല...
\"അയാൾടെയൊരു അതോണ്ട് \"
പെണ്ണ് ചുണ്ടിനു താഴെ പിറുപിറുത്തു...
\"എന്തെങ്കിലും പറഞ്ഞോ?\"
അവൻ ചിരി വിടാതെ ചോദിച്ചു...
\"മ്.. മ്..\"
അവളൊന്ന് ഞെട്ടി തലയാട്ടിക്കാണിച്ചു....

\"മ്മ്..നിനക്ക് നിന്റമ്മയെ കാണണ്ടേ? \"
ഗൗരവം വിടാതെ തന്നെയവൻ ചോദിച്ചു...ഭാനു ഞെട്ടി സന്തോഷത്താൽ വിടർന്ന കണ്ണുകളോടെ അവനെ നോക്കി വേണമെന്ന് തലയാട്ടി..സ്കൂളിലാദ്യ ദിവസം കഴിഞ്ഞ് അമ്മയെ കാണാൻ പോകുന്ന കുഞ്ഞിനെപ്പോലെ അത്ര നിഷ്കളങ്കമായിരുന്നു അവളുടെ ചിരി..
ആ ചിരിയിലേക്ക് ഒരു നിമിഷം ജിത്തു നോക്കി നിന്നു പോയി..പിന്നെ പെട്ടെന്ന് തന്നെയവൻ കണ്ണുകൾ വെട്ടിച്ചു...

\"വേഗം വന്നാൽ കൊണ്ട് പോകാം.. അല്ലെങ്കിലിനി ഈയാഴ്ച നടക്കില്ല...\"
തീരെ മയമില്ലാത്ത ഭാഷയിൽ പറഞ്ഞിട്ടവൻ നടന്നു തുടങ്ങി...
\"ഹോ... മുരടൻ...ഇയാൾക്കിത് കുറച്ച് മയത്തിൽ പറഞ്ഞൂടെ...\"
വീണ്ടുമവൾ പിറുപിറുത്തു...

\"അവടെ പിറുപിറുത്തോണ്ട് നിന്നാ ഞാനെന്റെ പാട്ടിനങ്ങു പോകും...\"
അവൻ നടന്നു കൊണ്ട് തന്നെ വിളിച്ചു പറഞ്ഞു...ഭാനു പിന്നെയുമൊന്ന് ഞെട്ടി..
\"ഞാൻ.. ഞാൻ വരുവാ...\"
ഉറക്കെ പറഞ്ഞിട്ട് പാത്രത്തിലെ വറ്റൊക്കെ വേസ്റ്റ് പാത്രത്തിലേക്കിട്ട് പാത്രം കഴുകി വച്ച് പുറത്തെ കുളിമുറിയിലേക്കോടി..ധൃതിയിൽ ദാവണിത്തുമ്പിൽ കൈ തുടച്ച്  അടുക്കളവാതിലടച്ചിട്ട് അവൾ അവന് പിറകെ പാഞ്ഞു...

മുത്തശ്ശിയുടെ മുറിയിലേക്ക് നടക്കുമ്പോൾ ജിത്തു ഓർക്കുകയായിരുന്നു... കുറച്ച് മുൻപ് മാധവനെ വിളിച്ചപ്പോൾ അദ്ദേഹം ഭാനുവിനെ കുറിച്ചു പറഞ്ഞ വാക്കുകൾ...

\"രാമകൃഷ്ണൻ പറഞ്ഞ ചില കാര്യങ്ങളെ എനിക്കുമറിയൂ.. അദ്ദേഹത്തിന്റെ ഭാര്യ ജയട്ടീച്ചറിന്റെ സ്റ്റുഡന്റാണ് ആ കുട്ടി.. അച്ഛൻ ചെറുപ്പത്തിലേ മരിച്ചു പോയത് കൊണ്ട് അമ്മയ്‌ക്കൊപ്പം അവൾ അവളുടെ അച്ഛന്റെ തറവാട്ടിലാണ് താമസിച്ചിരുന്നത്..പഠിക്കാൻ മിടുമിടുക്കി...സ്റ്റേറ്റിൽ അഞ്ചാം റാങ്ക് വാങ്ങിയാ അവൾ കഴിഞ്ഞ വർഷം പ്ലസ് ടു പാസ്സായത്..നന്നായി കവിതകളെഴുതുമവൾ.. പിന്നെ നല്ല സ്വഭാവവും.. അവരുടെ ചിലവുകളൊക്കെ നോക്കിയിരുന്നത് അവളുടെ വല്യച്ഛനായിരുന്നു...പക്ഷേ ആ തറവാട്ടിലവൾ ഒരു വേലക്കാരിയായിട്ടാണ് കഴിഞ്ഞിരുന്നത് ...

അവളുടെ വല്യച്ഛന്റെ ഭാര്യ  നന്നായി ദ്രോഹിച്ചിട്ടുണ്ടാ പാവത്തിനെ ... വല്യച്ഛൻ മരിച്ചതോടെ അവളുടെ തുടർപഠനവും മുടങ്ങി.. പത്തൊൻപത് വയസ്സ് മാത്രമുള്ള അവളെ ആ സ്ത്രീ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കാൻ നോക്കിയപ്പോഴാണ് അവൾ അവളുടെ ടീച്ചറിന്റെ അടുത്ത് സഹായം ചോദിച്ചു ചെന്നത്.. അപ്പോഴാണ് അവളനുഭവിച്ചതൊക്കെ അവർ പോലുമറിയുന്നത്...

അങ്ങനെയാണ് വയ്യാത്ത അമ്മയെയും കൊണ്ട് അവളിവിടെയെത്തിയത്..രാമകൃഷ്ണനെയും ടീച്ചറിനെയും എനിക്ക് വളരെ വർഷങ്ങളായി അറിയാം.. അവരത്രയും നല്ല അഭിപ്രായം പറയുമ്പോൾ അവളെ വിശ്വസിക്കാമെന്ന് തോന്നിയെനിക്ക്... അങ്ങോട്ട് വിട്ടാൽ വിശ്വസിച്ചു നിർത്താൻ പറ്റുകയും ചെയ്യും അവൾക്കൊരു അഭയവുമാകും എന്ന് ഞാൻ കരുതി.. എന്തായാലും അനുമോൾക്ക് അവളെ ഇഷ്ടമായത് നന്നായി... പറ്റുന്നിടത്തോളം അവിടെ നിന്നോട്ടെ... അതൊരു പാവമാണെടോ...ജീവിച്ചു പൊയ്ക്കോട്ടേ...\"

ഓർമ്മകളിൽ ഒരു നെടുവീർപ്പോടെ ജിത്തു മുത്തശ്ശിയുടെ അടുത്തെത്തി... നോക്കുമ്പോൾ മുത്തശ്ശി നല്ല ഉറക്കമാണ്..ശല്യപ്പെടുത്തേണ്ടെന്ന് കരുതി അവൻ പുറത്തേക്ക് പോയി.. ഉറങ്ങുന്ന അനുവിനെയും ഒന്ന് നോക്കി അവൻ ഉമ്മറത്തെത്തുമ്പോൾ അവിടെ ഭാനു ഹാജർ വച്ചിട്ടുണ്ട്... അവളെ ഒന്ന് ഗൗരവത്തിൽ നോക്കി അവൻ വേഗം വാതിലടച്ചു കുറ്റിയിട്ടു..അവന്റെ നോട്ടം കണ്ടപ്പോൾ തലയുയർത്തിപ്പിടിച്ച് അവൾ കണ്ണുകൾ താഴ്ത്തി...

\"ഇയാളിപ്പോ എന്തിനാവോ എന്നെ തുറിച്ചു നോക്കുന്നത്...? \"
അവനെ ഒളികണ്ണിട്ടു നോക്കി വീണ്ടുമവളുടെ ആത്മഗതം....
\"അടുക്കളയടിച്ചില്ലേ?\"
ചോദ്യം വന്നു..
\"ഉവ്വ്..\"
ഉത്തരവും...
അവൻ താക്കോൽ പോക്കറ്റിലേക്കിട്ട് അവളെ ഒന്ന് നോക്കുക കൂടി ചെയ്യാതെ ഗേറ്റ് തുറന്ന് പുറത്തേക്കിറങ്ങി...ഗേറ്റ് കുറ്റിയിട്ടിട്ട് അവന് പിറകെ ഓടേണ്ടി വന്നു ഭാനുവിന്...

അവൻ നല്ല വേഗത്തിലാണ് നടന്നിരുന്നത്... ആ ഇടവഴിക്കപ്പുറം മെയിൻ റോഡ് അവൾക്ക് കാണാമായിരുന്നു.... പക്ഷെ അവൾ കണ്ടത് അവൻ മറ്റൊരു ഇടവഴിയിലേക്ക് കയറുന്നതാണ്.... അതൊരു മണ്ണിട്ട ഊടു വഴിയാണ്...അവനതിലേ നടന്നു തുടങ്ങി...കുറച്ചെത്തിയതും പിറകിൽ ഭാനുവില്ലെന്ന് തോന്നിയവൻ തിരിഞ്ഞു നോക്കി... ആ വഴിയുടെ അറ്റത്തു തന്നെ പരിഭ്രമത്തോടെ ദാവണിത്തുമ്പ് വിരലിൽ ചുറ്റിക്കൊണ്ട് ഭാനു നിൽക്കുന്നുണ്ട്...

അവൻ കുറച്ച് വഴി തിരിച്ചു നടന്നു..
\"നിന്റെ കാലിനെന്തെങ്കിലും പ്രശ്നമുണ്ടോ? \"
പതിവ് ഗൗരവത്തിലുള്ള ചോദ്യം..
\"ഇ.. ഇല്ല \"
പരിഭ്രമത്തോടെയുള്ള ഉത്തരം...
\"പിന്നെ..എന്താ അവിടെ നിന്നത്?\"
ഗൗരവം കടുത്തു...
\"ഇത്.. ഇതേത് വഴിയാ? അതല്ലേ.. മെയിൻ.. റോഡ്... \"
അവൾക്കും പരിഭ്രമം കടുത്തു...

\"അതേ.. അത്‌ തന്നെയാ മെയിൻ റോഡ്.. അതിന്? \"
\"അതിലേ പോകാലോ ഷെൽട്ടർ ഹോമിലേക്ക് \"
അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു...
\"ഞാനേ നിലയും വിലയുമുള്ളയാളാ ... വീട്ടുവേലക്കാരിയുടെ കൂടെ ഞാനൂരു ചുറ്റുന്നത് നാട്ടുകാര് കണ്ടാൽ എനിക്കിത്തിരി കുറച്ചിലുണ്ട്...\"
ദയയില്ലാതെ അവൻ പറയുന്നത് കേട്ട് ഭാനുവിന്റെ ഉള്ളൊന്ന് പിടഞ്ഞു പോയി.. കണ്ണുകളിൽ മിഴിനീർ കിനിഞ്ഞ പാടെ അതവൾ പുറത്തേക് വരാൻ സമ്മതിക്കാതെ പിടിച്ചു നിർത്തി...
\"ശരിയല്ലേ.. വേലക്കാരി തന്നെയാണ്...\"
അവളുടെ മനസ്സവന്റെ വാക്കുകളെ ന്യായീകരിച്ചു...

പക്ഷെ അവളുടെ വിറയ്ക്കുന്ന ചുണ്ടുകളും മാറുന്ന മുഖവും പിടയ്ക്കുന്ന കണ്ണുകളുമൊക്കെ അവളെ തന്നെ നോക്കി നിന്നിരുന്ന അവന്റെ കണ്ണുകളിൽ പതിഞ്ഞു..
ആ വാക്കുകൾ വേണ്ടിയിരുന്നില്ലെന്ന് അവന്റെ മനസ്സാക്ഷി അവനെ കുറ്റപ്പെടുത്തി..
\"നിനക്കെന്റെ കൂടെ വരാൻ പേടിയുണ്ടോ? \"
ഇത്തവണ അവന്റെ ശബ്ദം കുറച്ച് മയപ്പെട്ടിരുന്നു..

അവളൊന്നും മിണ്ടിയില്ല... അതിനുത്തരം അവൾക്കുമറിയില്ലായിരുന്നു..
\"അപ്പൊ നീ ഒരു പരിചയവുമില്ലാത്ത എന്റെ വീട്ടിലേക്ക് എന്ത് ധൈര്യത്തിലാ ജോലിക്ക് വന്നത്? \"
അവൻ കൈകൾ കെട്ടി നിന്നു ചോദിച്ചു..
അവളൊന്ന് കണ്ണുകളുയർത്തിയവനെ നോക്കി...പിന്നെ പെട്ടെന്ന് താഴ്ത്തി..
\"അത്‌.... മാധവൻ സർ.. പറഞ്ഞിരുന്നു..\"
\"എന്ത്?\"
\"അത്‌.. നിങ്ങള് നല്ലയാളാണെന്ന്.. \"
പറഞ്ഞിട്ടവൾ ഇടങ്കണ്ണിട്ട് അവനെ നോക്കി...

ജിത്തുവിന് ചിരി വന്നു പോയിരുന്നു...
\"കൊള്ളാം... അപ്പൊ മാധവൻ സാറിനെ നിനക്ക് നേരത്തെ അറിയുമോ?\"
\"ഇ.. ഇല്ല \"
ഭാനു പുരികം ചുളിച്ചു...
\"പിന്നെ ആ പറഞ്ഞത് ശരിയാണെന്ന് നീയെങ്ങനെ വിശ്വസിച്ചു...? \"
\"ശരിയാണല്ലോ.. അതെങ്ങനെയാ ഞാൻ കണ്ണും പൂട്ടി വിശ്വസിച്ചത്?\"
ഭാനു ആലോചിച്ചു...
\"അത്‌ എന്റെ ടീച്ചറിന്റെ ഭർത്താവിന്റെ ഫ്രണ്ടല്ലേ.. അപ്പൊ പറഞ്ഞത് ശരിയാവും ന്ന് തോന്നി.. \"
\"മ്മ്.. ശരി.. അപ്പൊ എന്നെക്കാണുമ്പോ മുഖം കുനിച്ചിരുന്നതെന്തിനാ?\"
\"ശ്ശോ ഇത് കഴിയുന്നില്ലല്ലോ.. ഇയാള് വക്കീലാണെന്നാ തോന്നണേ... ഉത്തരം പറഞ്ഞ് കഴിയാണേന് മുമ്പേ അടുത്ത ചോദ്യം... \"
പിന്നെയും ഭാനുവിന്റെ ആത്മഗതം...

\"അത്‌ പിന്നെ ആദ്യമൊക്കെ കാണുമ്പോ ഒരു പേടിയുണ്ടായിരുന്നു.. \"
അവൾ ആലോചിച്ച് മറുപടി പറഞ്ഞു...
\"അപ്പൊ ഇപ്പൊ മുഖം കുനിക്കാറില്ലല്ലോ... \"
ഉള്ളിൽ ചിരിച്ചുകൊണ്ട് അവന്റെ അടുത്ത ചോദ്യം...

\"അതെന്നോട് ചെയ്യരുതെന്ന് പറഞ്ഞില്ലേ.. ജോലീന്ന് പറഞ്ഞു വിടുംന്ന് പറഞ്ഞില്ലേ...അതാ.. \"
പറഞ്ഞു വന്നപ്പോ പെണ്ണ് കണ്ണ് താഴ്ത്താതെ അവന്റെ മുഖത്ത് നോക്കി വീറോടെ പറയാൻ തുടങ്ങിയത് അവളറിഞ്ഞില്ലെങ്കിലും അവൻ ശ്രദ്ധിച്ചു...

\"അല്ലാതെ പേടിയില്ലാഞ്ഞിട്ടല്ല.. അല്ലേ?\"
അവന്റെ ശബ്ദവും സൗമ്യമായി...
അവൾ വീണ്ടുമാലോചിച്ചു...
\"അങ്ങനല്ല...ഉണ്ടായിരുന്നു.. ആദ്യമൊക്കെ...
പക്ഷേ ഇപ്പൊ മനസ്സിലാവുന്നുണ്ട് ...\"
ഉത്തരം കിട്ടിയ ആശ്വാസത്തിൽ അവളൊരൊഴുക്കിലങ്ങു പറഞ്ഞു പോയി...

ജിത്തുവിന്റെ കണ്ണുകൾ വിടർന്നു... അവൻ അവൾക്കടുത്തേക്ക് കുറച്ച് കൂടി നടന്നടുത്തു...
\"എന്ത്.. എന്താണ് മനസ്സിലായത്?\"
അവന്റെ ശബ്ദം അടുത്ത് കേട്ടപ്പോഴാണ് അവൻ അടുത്തെത്തിയത് അവളറിഞ്ഞത്... അവളുടെ പരിഭ്രമം വർധിച്ചു...

\"പറയ്... എന്ത് മനസ്സിലായി? \"
അറിയാതെ താണ കണ്ണുകളുയർത്തിയവൾ അവനെയൊന്ന് നോക്കി.. ആ കണ്ണുകളിലെ ആകാംക്ഷ അവളെ അമ്പരപ്പിച്ചു...
\"അ.. അത്‌.. അത്‌ പിന്നെ... കുഴപ്പക്കാരനല്ലെന്ന്.. മനസ്സിലായി... \"
പറഞ്ഞിട്ടവൾ കണ്ണുകൾ താഴ്ത്തി.. അവന്റെ മുഖവും മങ്ങി...അവന്റെ ഹൃദയം മറ്റെന്തോ കേൾക്കാൻ കൊതിച്ചിരുന്നു...

അവൻ തിരിഞ്ഞ് നിന്നു..
\"എന്നാലതങ്ങനെയല്ല. ഞാൻ വല്യ കുഴപ്പക്കാരനാ... നീ വീട്ടിലേക്ക് പൊക്കോ.. ഞാൻ ടൗണിലേക്ക് പോകുവാണ്.. ദാ കീ..\"
ജീൻസിന്റെ പോക്കറ്റിൽ നിന്നും വീടിന്റെ താക്കോലെടുത്തവൻ നീട്ടിപ്പിടിച്ചു...
ഭാനു ഞെട്ടി കണ്ണുകളുയർത്തി അവനെ നോക്കി... അതിൽ നീർ നിറഞ്ഞിരുന്നു...
\"അപ്പൊ എനിക്കെന്റെ അമ്മയെ കാണണ്ടേ? \"
അവൾ കരച്ചിലിന്റെ വക്കിലെത്തിയിരുന്നു...

ജിത്തു കണ്ണുകൾ ഇറുക്കിയടച്ചു തുറന്നൊന്നു നെടുവീർപ്പിട്ടു...
എന്നിട്ട് താക്കോൽ പോക്കറ്റിലേക്കിട്ടു തിരിഞ്ഞു നിന്നു...
\"പ്രിയാ.. എന്നെ നോക്ക് \"
അതവന്റെ ആജ്ഞയായിരുന്നു...
അവൾ കണ്ണുനീർ തുടച്ച് അവനെ നോക്കി..
\"മെയിൻ റോഡ് വഴി പോകാൻ ചില പ്രശ്നങ്ങളുണ്ട്... അത് കൊണ്ടാണീ വഴി പോകുന്നത്..ഇന്നീ വഴിയാണെങ്കിൽ അടുത്തയാഴ്ച വേറൊന്നായിരിക്കും...എന്നെ വിശ്വാസമുണ്ടെങ്കിൽ കൂടെ വരാം.. അല്ലെങ്കിൽ... എനിക്കറിയേണ്ട ആവശ്യമില്ല...\"
ശാന്തമായിരുന്നു അവന്റെ ശബ്ദം...

അവൾ നോക്കി നിൽക്കേ തന്നെ അവൻ  തിരിഞ്ഞു നടന്നു തുടങ്ങി...
\"വരുന്നെങ്കിൽ വാ.. എനിക്ക് വേറെ പണിയുള്ളതാ...\"
അവൻ വിളിച്ചു പറയുന്നുണ്ടായിരുന്നു...
മറ്റൊന്നുമാലോചിക്കാതെ അവന് പിറകെ ഓടുമ്പോൾ അവനെ മാത്രമേ തനിക്ക് വിശ്വസിക്കാനുള്ളുവെന്ന് അവളുടെ മനസ്സും ബുദ്ധിയും തിരിച്ചറിഞ്ഞിരുന്നിരിക്കാം...

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

\"മോളെ!!\"
കരച്ചിലിനിടയിലും ഭാനുവിനെ കെട്ടിപ്പിടിച്ച് ചുംബിച്ചു കൊണ്ട് ഭവാനി ഇടയ്ക്കിടെ വിളിച്ചു കൊണ്ടിരുന്നു...
ഓഫീസിനടുത്തു തന്നെയുള്ള ഒരു വീടിന്റെ വരാന്തയിൽ അവർക്കടുത്ത് ഭവാനിക്കൊപ്പം താമസിക്കുന്ന രണ്ട് വൃദ്ധകളും ഉണ്ടായിരുന്നു... അവരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു... ഒരുപക്ഷേ നഷ്ടപ്പെട്ട് പോയ...അല്ലെങ്കിൽ നഷ്ടപ്പെടുത്തിയ.. അതുമല്ലെങ്കിൽ തങ്ങളെ ഉപേക്ഷിച്ച് പോയ മക്കളെ അവരും ഓർത്തിരിക്കാം...

\"അമ്മയിങ്ങനെ കരയല്ലേ.. ദാ നോക്ക്.. അമ്മേടെ ഫ്രണ്ട്സും കരയുണു..\"
അടുത്തിരിക്കുന്ന രണ്ട് പേരെ ചൂണ്ടിക്കാട്ടി അവൾ അമ്മയോട് പറഞ്ഞു..ഭവാനിയും ആ രണ്ട് അമ്മമാരും ചെറിയൊരു ചിരിയോടെ കണ്ണുകൾ തുടച്ചു...
\"അമ്മയ്ക്കിവിടെ ഇഷ്ടായോ?\"
ഭാനു ചോദിച്ചു..
\"ഉവ്വ്.. ഇവിടെയെനിക്ക് സുഖാ.. ഒക്കെ നല്ല സ്നേഹള്ളോരാ...ഇപ്പൊ മുമ്പത്തെപ്പോലെ വലിവും വരാറില്ല... ഒരു ഡോക്ടറമ്മ വരാറുണ്ട്.. അവരെനിക്ക് യോഗയൊക്കെ പഠിപ്പിച്ചു തന്നു.. അത്‌ ചെയ്തേ പിന്നെയാ വലിവ് കുറഞ്ഞേ..\"

നിറഞ്ഞ ചിരിയോടെ സംസാരിക്കുന്ന അമ്മയെ കണ്ട് കണ്ണ് നിറയുമ്പോൾ ഭാനു രാമകൃഷ്ണനെയും ജയട്ടീച്ചറിനെയും നന്ദിയോടെ ഓർക്കുകയായിരുന്നു..
\"മോൾക്ക് അവിടെ എങ്ങനെയാ.. അവിടുള്ളോരൊക്കെ നല്ലവരാണോ?\"
ഭവാനി ചോദിക്കുമ്പോൾ ഭാനുവിന്റെ മനസ്സിലൂടെ കഴിഞ്ഞ ഒരാഴ്ചത്തെ കാര്യങ്ങൾ ഓടി മറഞ്ഞു പോയി...
\"നല്ല ആൾക്കാരാ അമ്മേ.. എനിക്ക് സങ്കടോന്നൂല്ല അവിടെ.. \"
ഭാനു പറയുമ്പോൾ ഭവാനിക്ക് ഒരുപാട് ആശ്വാസം തോന്നി...

കുറേ സമയം ഭാനു അമ്മയുടെയും കൂടെയുള്ള അമ്മമാരുടെയുമൊക്കെ വിശേഷങ്ങൾ കേട്ടിരുന്നു... മാധവനോട് സംസാരിച്ച് കൊണ്ട് ഓഫീസിന്റെ വരാന്തയിൽ നിന്നിരുന്ന ജിത്തുവിന്റെ കണ്ണുകൾ ഇടയ്ക്കിടെ ചിരിച്ചു കൊണ്ട് സംസാരിക്കുന്ന ഭാനുവിനെ തേടി ചെല്ലുന്നുണ്ടായിരുന്നു...

കുറച്ച് സമയം കഴിഞ്ഞ് മാധവനും ജിത്തുവും തനിക്ക് നേരെ നടന്നു വരുന്നത് കണ്ടിട്ടാണ് ഭാനു എഴുന്നേറ്റ് നിന്നത്.. ഒപ്പം ഭവാനിയും.. ബാക്കി രണ്ടമ്മമാരും...

ഭാനു മാധവനെ നോക്കി പുഞ്ചിരിയോടെ കൈ കൂപ്പി...അദ്ദേഹം തിരിച്ചും...
\"രാമകൃഷ്ണൻ ഇന്നലെ വിളിച്ചിരുന്നു.. തന്നെപ്പറ്റി ചോദിച്ചു.. ഞാൻ കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്.. അടുത്തയാഴ്ച താൻ വരുമ്പോ അദ്ദേഹത്തെ വിളിക്കാൻ പറഞ്ഞിട്ടുണ്ട്.. ടീച്ചറിന് സംസാരിക്കണമെന്ന്... നമുക്ക് അടുത്തയാഴ്ച വിളിക്കാം കേട്ടോ \"
അദ്ദേഹം പറയുന്നത് കേട്ട് സന്തോഷത്തോടെ ഭാനു തലകുലുക്കി...

\"എന്നാൽ ഞാനിറങ്ങാ അങ്കിൾ... \"
\"Ok..\"
മാധവനും ജിത്തുവും പരസ്പരം കൈകൊടുത്തുകൊണ്ട് യാത്ര പറഞ്ഞു... ജിത്തു ഭാനുവിനെ ഒന്ന് നോക്കിയിട്ട് ഗേറ്റിലേക്ക് നടന്നു...

ഭാനു അമ്മയെ ഒന്ന് പുണർന്ന് കവിളിൽ മുത്തി...
\"അമ്മ സന്തോഷായിട്ട് ഇരിക്കണം.. ഞാനടുത്തയാഴ്ച വരാം...മ്മ് \"
ധൃതിയിൽ പറഞ്ഞ് അമ്മമാരെയും മാധവനെയും നോക്കി യാത്ര ചൊല്ലി അവൾ ജിത്തുവിന്റെ പിറകെ ഓടിയകന്നു...

മകളുടെ ആ പ്രയാണം അവൾക്ക് വേണ്ടി അവരാഗ്രഹിച്ചൊരു ജീവിതത്തിലേക്കാണെന്ന് ആ അമ്മയപ്പോൾ അറിഞ്ഞിട്ടുണ്ടാകില്ല....

⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️



രണഭൂവിൽ നിന്നും... (14)

രണഭൂവിൽ നിന്നും... (14)

4.7
2683

പിറ്റേന്ന് ജിത്തു പോയിക്കഴിഞ്ഞപ്പോൾ ഭാനുവിന്റെ ജീവിതം വീണ്ടും പഴയ ദിനചര്യയിലായി... ദിവസങ്ങൾ പോകെ മുത്തശ്ശിയുടെ പെരുമാറ്റത്തിലും വിളിയിലുമൊക്കെയൊരു മയം വന്നിട്ടുണ്ട്...\" പെണ്ണേ \"ന്നുള്ള വിളി മാറി \"ഭാനൂ \"ന്നായിട്ടുണ്ട്... അവളുടെ ഭാഗത്ത്‌ നിന്നും തെറ്റുകൾ വളരെ അപൂർവമായപ്പോൾ മുത്തശ്ശിക്ക് വഴക്ക് പറയാനുള്ള അവസരങ്ങളും അപൂർവമായി... അനുവിനും വലിയ മാറ്റങ്ങളൊന്നുമുണ്ടായില്ല...ശനിയാഴ്ചയാകാൻ അവൾ കാത്തിരുന്നു...അമ്മയെ കാണാൻ...പക്ഷേ അവളെ നിരാശയിലാഴ്ത്തി ജിത്തു വന്നില്ല... അഞ്ജലി പതിവ് പോലെ വന്ന് അനുവിനെ പരിശോധിച്ചിട്ട് പോയി.... ഭാനുവിന് ഒരുപാട് സങ്കടം തോന്നി... നിര