Aksharathalukal

രണഭൂവിൽ നിന്നും... (15)

അന്ന് രാത്രി ഒരു ഏഴു മണിയായിക്കാണും... അനുവിന്റെ കാര്യങ്ങളൊക്കെ ചെയ്തു കൊടുത്ത് രാത്രിക്കുള്ള ഭക്ഷണമുണ്ടാക്കാൻ ഒരുങ്ങുകയാണ് ഭാനു...അപ്പോഴാണ് മുത്തശ്ശി മൊബൈൽ അവൾക്ക് നേരെ നീട്ടുന്നത്... ഭാനു സംശയത്തോടെ മുഖമുയർത്തി നോക്കി....
\"ജിത്തുവാ.. നിന്നോടെന്തോ പറയണമെന്ന് \"
അനിഷ്ടത്തോടെ മുത്തശ്ശി അവളോട് പറഞ്ഞു...ഭാനുവിനാ അനിഷ്ടം മനസ്സിലാവുകയും ചെയ്തു...

അവൾ കൈ നീട്ടി ആ ഫോൺ വാങ്ങി ചെവിയോട് ചേർത്തു... ഇത്തവണ മുൻപത്തെയത്ര പരിഭ്രമം അവൾക്ക് തോന്നിയില്ല....
\"ഹലോ...\"
അവൾ തുടക്കമിട്ടു..
\"പ്രിയാ..\"
അവന്റെ ശബ്ദത്തിൽ പതിവില്ലാത്ത നേർമത...
\"മ്മ് \"
അവൾ പതിവ് പോലെ മൂളി..

\"ഞാൻ പറയുന്നത് ശ്രദ്ധിച്ച് കേൾക്കണം.. നിങ്ങൾ മൂന്ന് പേരുടെയും ഡ്രെസ്സും അത്യാവശ്യം വേണ്ട സാധനങ്ങളും മാത്രമെടുത്തു വയ്ക്ക്.. മുത്തശ്ശിയുടെയും അനുവിന്റെയും മരുന്നുകളും... അവിടെയിപ്പോ ഒരു ആംബുലൻസും കൂടെ അഞ്‌ജലിയും എത്തും... അഞ്ജലി ചില കാര്യങ്ങൾ ചെയ്തു തരും...എത്രയും വേഗം ആ വീട്ടിൽ നിന്നും നിങ്ങൾ പോകണം... അപകടം പുറകിലുണ്ട്....\"

ഭാനു അമ്പരന്നു നിന്നു പോയി..
\"പോകാനോ.. എവിടേക്ക്..?.\"
\"മാംഗ്ലൂർ \"
അവന്റെയുത്തരം കേട്ട് ഭാനു ശരിക്കും ഞെട്ടിയിരുന്നു...
\"മാംഗ്ളൂരോ ... അത്‌.. അത്‌ ഒരുപാട് ദൂരെയല്ലേ?\"
\"അതേ... ഇപ്പൊ അതേ വഴിയുള്ളൂ... അവിടെ നിങ്ങൾക്ക് ഒരു താമസസ്ഥലം ഏർപ്പാടാക്കിയിട്ടുണ്ട്... അവിടെ അവർ നിങ്ങളെയെത്തിച്ചു തരും.. പേടിക്കണ്ട ആംബുലൻസ് ഡ്രൈവർ അഞ്‌ജലിക്ക് അറിയുന്നയാളാണ്...\"

\"സർ.. സർ.. അപ്പൊ.. അപ്പൊ.. എന്റമ്മ...\"
ഭാനുവിന്റെ ചുണ്ടുകൾ വിതുമ്പിപ്പോയി...
കുറച്ചു നിമിഷങ്ങൾ ജിത്തുവിന്റെ ഭാഗം മൗനമായിരുന്നു...ആ സമയം കൊണ്ട് ഭാനു ഏതാണ്ട് കരച്ചിലോളം എത്തിയിരുന്നു...
\"പ്രിയാ.. Please listen to me... I am helpless.. ഇപ്പൊ എനിക്ക് അങ്ങോട്ട്‌ വരാനാവുന്ന അവസ്ഥയിലല്ല ഉള്ളത്...  അനുവിനെ നോക്കാൻ നിനക്കെ പറ്റൂ..ഇപ്പൊ മുത്തശ്ശിയെയും അനുവിനെയും വിശ്വസിച്ചേൽപ്പിക്കാൻ എനിക്ക് നീ മാത്രമേയുള്ളൂ...അറിയാം നിന്റെ നിസ്സഹായത ഞാൻ എന്റെ സ്വാർത്ഥതയ്ക്ക് വേണ്ടി ചൂഷണം ചെയ്യുകയാണ്... എനിക്ക് വേറെ വഴിയില്ല.. ഈ പ്രശ്നങ്ങളൊക്കെയൊന്ന് ഒതുങ്ങിയാൽ നിന്റെ അമ്മയെ ഞാൻ നിന്റെയടുത്തെത്തിക്കും.....I promise..\"

ഭാനു ഒന്നും പറഞ്ഞില്ല.. എന്ത് തീരുമാനമെടുക്കണമെന്ന ചിന്തയിലായിരുന്നു അവൾ... അവൻ പറഞ്ഞതനുസരിച്ച് തന്റെ അമ്മയിൽ നിന്നും ദൂരേക്ക് പോകണോ.??.. അതോ  ഒരു ആപത്ഘട്ടത്തിൽ ആ മുത്തശ്ശിയെയും അനുവിനെയും ഉപേക്ഷിച്ച് സ്വന്തം കാര്യം മാത്രം നോക്കി അമ്മയുടെ അടുത്തേക്ക് പോകണോ...??. അവളുടെ മനസ്സിലൊരു പിടിവലി നടക്കുകയായിരുന്നു... അപ്പുറത്തൊരുവൻ തന്റെ കുടുംബത്തെ മരണമുഖത്തു നിന്നും എങ്ങനെയെങ്കിലും രക്ഷിച്ചെടുക്കാനുള്ള തത്രപ്പാടിലായിരുന്നു....

\"പ്രിയാ.. എന്താ. ഒന്നും.. പറയാത്തത്... ഒരുപാട് സമയമില്ല... എന്തെങ്കിലും പറയ്.. Please....\"
അവൻ നിന്നുരുകുകയായിരുന്നു....
എന്നിട്ടും ഭാനുവിന്റെ ഭാഗത്ത്‌ നിന്നുമൊരു അനക്കവുമുണ്ടായില്ല...
ജിത്തു കണ്ണടച്ചു കൊണ്ട് ഒന്ന് നെടുവീർപ്പിട്ടു..കണ്ണുകളിൽ നിന്നും രണ്ട് കണം മിഴിനീരിറങ്ങി പെയ്തു വീണു...

\"അപകടം പിന്തുടരുന്ന ഒരു കുടുംബത്തോടൊപ്പം നിൽക്കാൻ പ്രാണഭയമുള്ള ഒരാളും തയ്യാറാകില്ല... ഞാനത് മനസ്സിലാക്കേണ്ടതായിരുന്നു...
Am sorry... Ok... മുത്തശ്ശിയെയും അനുവിനെയും ആംബുലൻസിൽ കയറ്റി വിട്ടിട്ട് നീ ഷെൽട്ടർ ഹോമിലേക്ക് പൊയ്ക്കോ... ഈ ദിവസം വരെയുള്ള ശമ്പളം മുത്തശ്ശിയോട് തരാൻ പറയാം.. നീ ഫോൺ മുത്തശ്ശിക്ക് കൊടുക്ക്... \"
അവന്റെ ശബ്ദം കടുത്തു...

\"അതിന് ഞാൻ അവരുടെ കൂടെ പോവില്ലെന്ന് പറഞ്ഞില്ലല്ലോ....\"
പെട്ടെന്ന് ഭാനു പറഞ്ഞു... അപ്പുറം നിരാശ മാറി ഒരുവന്റെ മുഖം തെളിഞ്ഞത് അവളറിഞ്ഞില്ല...മരുഭൂവിൽ പെയ്ത മഴ പോലെ അവന്റെ ഉള്ളം കുളിർന്നു....

\"ഓ.. ഓക്കേ... മുത്തശ്ശിയുടെ ഫോൺ അവിടെ തന്നെ ഉപേക്ഷിക്കണം.. അഞ്ജലി പുതിയൊരു സിമ്മിട്ട ഫോൺ തരും.. ഞാനുമിനി മറ്റൊരു ഫോണിലെ മറ്റൊരു നമ്പറിൽ നിന്നുമാകും നിന്നെ വിളിക്കുക.... വേഗം... എല്ലാമെടുത്തു വച്ച് തയ്യാറായി ഇരിക്ക്...\"
അവൻ വെപ്രാളത്തോടെ പറഞ്ഞു...
\"ശരി....\"
\"പ്രിയാ \"
അവൻ പെട്ടെന്ന് വിളിച്ചു...
\"മ്മ് \"
\"Thank you \"
അവളൊന്ന് പുഞ്ചിരിച്ചിട്ട് ഫോൺ കട്ട്‌ ചെയ്തു...

മനസ്സിലെ വാഗ്വാദങ്ങൾക്കൊടുവിൽ അവളൊരു തീരുമാനമെടുത്തിരുന്നു ... ആവശ്യ ഘട്ടത്തിൽ ഒരു ജോലിയും അഭയസ്ഥാനവും മൂന്ന് നേരം അന്നവും തന്നവരോട് നന്ദികേട് കാട്ടില്ലെന്ന്... അച്ഛൻ പഠിപ്പിച്ചു കൊടുത്ത പാഠങ്ങൾ അനുസരിക്കുന്ന അവൾക്ക് അങ്ങനെ മാത്രമേ ചിന്തിക്കാനാകുമായിരുന്നുള്ളൂ...

സമയം പാഴാക്കാതെ അവൾ മുത്തശ്ശിയോട് കാര്യം പറഞ്ഞിട്ട് മുത്തശ്ശിയുടെയും അനുവിന്റെയും തന്റെയും സാധനങ്ങൾ മൂന്ന് ബാഗുകളിലാക്കി വച്ചു... അപ്പോഴേക്കും ആംബുലൻസ് എത്തിയിരുന്നു.. പിറകെ ഒരു കാറിൽ അഞ്‌ജലിയും... ആംബുലൻസ് ഡ്രൈവറും സഹായിയും ഇറങ്ങി അഞ്ജലിയുടെ നിർദേശപ്രകാരം അനുവിനെ സ്ട്രച്ചറിൽ എടുത്ത് ആംബുലൻസിലേക്ക് കയറ്റി...അനുവിന് വേണ്ടുന്ന മരുന്നും മറ്റും അഞ്ജലി തന്നെ കണക്ട് ചെയ്തു കൊടുത്തു.....

അഞ്ജലി ഒരു മൊബൈൽ ഭാനുവിനെ ഏൽപ്പിച്ചു...
\"ജിത്തു പറഞ്ഞില്ലേ.. ഇനിയിത് ഉപയോഗിച്ചാൽ മതി... കുട്ടിക്കിത് ഉപയോഗിക്കാനറിയുമോ?\"
\"മുത്തശ്ശി ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്.. കുറച്ചൊക്കെ അറിയാം.\"
\"ശരി... ബാക്കി പതുക്കെ പഠിച്ചാൽ മതി...ഇനി വൈകണ്ട.. വേഗം പൊയ്ക്കോ \"
\"ശരി...\"
ഭാനുവും അഞ്‌ജലിയും കൂടി വേഗം മുത്തശ്ശിയെ ആംബുലൻസിലേക്ക് കയറ്റി... പിറകെ ഭാനുവും കയറിയിരുന്നു... മുത്തശ്ശി ആകെ ക്ഷീണിതയായിരുന്നു....ഇനിയും തുടരുന്ന പലായനങ്ങൾ ആ വൃദ്ധയെ തളർത്തിത്തുടങ്ങിയിരുന്നു...

ആംബുലൻസിന്റെ വാതിലടച്ചിട്ട് അഞ്ജലി ഡ്രൈവറുടെ അടുത്തെത്തി...
\"പറഞ്ഞതൊക്കെ ഓർമയുണ്ടല്ലോ.. ആരും.. Even.. എന്റെ പപ്പ പോലും അറിയരുത്... ഇവരെ സേഫായി സ്ഥലത്തെത്തിക്കണം...\"
\"ഇല്ല മാഡം.. ആരുമറിയില്ല. മാഡം എനിക്ക് ചെയ്തു തന്ന ഉപകാരം ഒരിക്കലും ഞാൻ മറക്കില്ല... \"
\"മ്മ്..\"

ആംബുലൻസ് അവിടെ നിന്നും പുറപ്പെട്ടതും അഞ്ജലി ആശ്വാസത്തോടെ നെടുവീർപ്പിട്ടു... വേഗം വീടിന്റെ വാതിലടച്ചു പൂട്ടിയിട്ട് അവളാ താക്കോലുമായി കാറിൽ കയറി ഓടിച്ചു പോയി....

അന്ന് രാവിലെ ഭാനു നട്ടൊരു ചെമ്പകതൈ ശക്തമായി വീശിയ കാറ്റിലൊന്നുലഞ്ഞു വേരറ്റ് പോകാൻ തുനിഞ്ഞു... പക്ഷേ തല കുനിയും മുൻപ് മറ്റൊരു കാറ്റിലാ കിളുന്ത് സസ്യം തലയുയർത്തിപ്പിടിച്ചു നേരെ നിന്നു... അപ്പോഴേക്കും ആ വേരുറപ്പിക്കാനെന്നത് പോലെ പെയ്ത ശക്തമായ മഴയിൽ മണ്ണൊലിച്ചാ 
ചെടിയുടെ കടയ്ക്കൽ കുമിഞ്ഞു കൂടി....

ആംബുലൻസ് മുന്നോട്ട് മുന്നോട്ട് കാതങ്ങൾ പിന്നിടുമ്പോൾ മുത്തശ്ശിക്കും ഭാനുവിനും നെഞ്ച് വിങ്ങുന്നുണ്ടായിരുന്നു... മുത്തശ്ശിയുടെ മനസ്സിൽ നഷ്ടപ്പെട്ടു പോയ പ്രിയപ്പെട്ടവരായിരുന്നെങ്കിൽ ഭാനുവിനുള്ളിൽ വഴിക്കണ്ണുമായി തന്നെയൊരു നോക്ക് കാണാൻ കൊതിച്ചിരിക്കുന്ന തന്റെ അമ്മയുടെ മുഖമായിരുന്നു..

ഒന്നനങ്ങാൻ പോലുമാകാതെ കണ്ണുകൾ വട്ടം ചുറ്റി അനു തന്റെ പരിഭ്രമം അറിയിക്കുമ്പോൾ... ഭാനു അവളുടെ കവിളിൽ മെല്ലെ തലോടിക്കൊണ്ട് അവളെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു...
\"പേടിക്കണ്ട ചേച്ചി... ചേച്ചീടെ ഏട്ടൻ പറഞ്ഞ സ്ഥലത്തേക്കാ നമ്മൾ പോകുന്നത്.. പഴയ വീട്ടിൽ കുറേ ദിവസമായില്ലേ... ചേച്ചിക്ക് ബോറടിച്ചിട്ടുണ്ടാകുമെന്ന് തോന്നിക്കാണും ചേച്ചീടെ ഏട്ടന്.... ഉറങ്ങിക്കോ ട്ടോ.. അവിടെയെത്തുമ്പോ ഞാൻ വിളിക്കാം....\"

ഭാനുവിന്റെ മുഖത്തെ ചിരിയിലേക്ക് നോക്കി അവളെ കേട്ട് കിടന്ന അനുവിന്റെ ചുണ്ടൊന്നനങ്ങി... വിതുമ്പുന്നത് പോലെ.... പതിയെ കണ്ണുകളടച്ച അനുവിന്റെ കണ്ണുനീർ ഇരു വശത്തു കൂടിയും ഒഴുകിയിറങ്ങിയപ്പോൾ ഭാനുവത് ഷോൾ കൊണ്ട് തുടച്ചു നീക്കി...
ഇതെല്ലാം കണ്ടിരിക്കുന്ന മുത്തശ്ശി തീർത്തും നിർവികാരയായിരുന്നു....

സന്തോഷം മാത്രം നിറഞ്ഞ് നിന്ന ജീവിതത്തിന്റെ നല്ല നാളുകൾ ഒരിക്കലുമിനി മടങ്ങി വരില്ലേയെന്ന് സ്വയം ചോദിക്കുകയായിരുന്നിരിക്കാം അവർ....

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

എങ്ങോ ഒരു വീട്ടിലെ മുറിയിൽ ആ ഇരുമ്പ് കൈകളാൽ അയാളുടെ മുഖം പൊളിഞ്ഞിരുന്നു...

\"ഛേ!!!!ഒരു പീറപ്പെണ്ണ് നിന്നെ വിഡ്ഢിയാക്കി അവരുമായി കടന്ന് കളഞ്ഞെന്ന് പറയാൻ നാണമില്ലേ നിനക്ക്.. നിന്നെയൊക്കെ ഈ പണിയേൽപ്പിച്ച എന്നെ പറഞ്ഞാൽ മതി... എന്റെ മുന്നിൽ നിന്ന് മാറിപ്പോ.. അല്ലെങ്കിൽ നീയാകും ആദ്യം തീരുക......\"
അയാൾ കോപം കൊണ്ട് വിറച്ചു....

\"സർ.. ഈ ഒരു തവണത്തേക്ക് മാപ്പാക്കണം... അവരെവിടെപ്പോയി ഒളിച്ചാലും ഞാൻ കണ്ട് പിടിച്ചിരിക്കും... ഇനി രണ്ടല്ല.. മൂന്ന് ശവങ്ങളും കൊണ്ടേ ഞാൻ തിരിച്ചു വരൂ...ആ പെണ്ണിനും ഇനിയധികം ആയുസ്സുണ്ടാകില്ല..ഒരവസരം കൂടി എനിക്ക് തരണം....\"

\"ഒരാഴ്ച... ഒരാഴ്ചക്കുള്ളിൽ അവരെയെനിക്ക് കിട്ടണം... എന്നാലേ മാളത്തിനുള്ളിൽ നിന്നുമവൻ പുറത്ത് ചാടു..\"
\"ശരി സർ.. കിട്ടിയിരിക്കും.. വാടാ...\"
തന്റെ ഗുണ്ടാ സംഘത്തോടൊപ്പം പുറത്തേക്ക് നടക്കുമ്പോൾ അയാളുടെ മുൻപിൽ തെളിഞ്ഞത് ഭാനുവിന്റെ മുഖമായിരുന്നു... അവളെ പച്ചക്ക് കത്തിക്കാനുള്ള പകയുണ്ടായിരുന്നു അയാളുടെ കണ്ണുകളിൽ...

\"ഡാ .. ഞാനീ പണി വിടുവാ...വല്ല കൂലിപ്പണിക്കും പോകാം.. എനിക്കേ രണ്ട് ചെറിയ മക്കളുള്ളതാ...ജീവൻ പോകാതെ നോക്കണ്ടേ.. \"
ആ ഗുണ്ടാസംഘത്തിലെ ഒരുവൻ മറ്റവനോട് സ്വകാര്യം പറഞ്ഞു...
\"അതെന്താടാ നീയങ്ങനെ പറഞ്ഞത്...?\"

\"പിന്നല്ലാതെ.. ഇവരീ കളിക്കുന്നതേ തീക്കളിയാ...\"
\"അതെന്താ? \"
\"നേരത്തേ പറഞ്ഞില്ലേ ഒരുത്തൻ മാളത്തിൽ പോയൊളിച്ചെന്ന്.. അതാരാന്നാ? \"
\"ആരാ..?\"
\"വിശ്വ...ഫേമസ് ക്രിമിനൽ ലോയർ അഡ്വക്കേറ്റ് വിശ്വജിത്ത് നമ്പ്യാർ....\"
ആ പേര് കേട്ട് മറ്റേയാൾ ഒന്ന് നിന്നു പോയി...

\"ഞാൻ കണ്ടിട്ടുണ്ട് അങ്ങേര് കോർട്ടിൽ വാദിക്കുന്നത്.. ഹോ... ആലോചിക്കുമ്പോ തന്നെ പേടി തോന്നുന്നു ... അന്ന് ഒരു കൊലക്കേസിലെ പ്രതിഭാഗം വക്കീലായിരുന്ന അയാള് വാദിച്ചു കഴിഞ്ഞപ്പോ വാദി പ്രതിയായി... പിന്നെയാ അറിയുന്നേ വാദി തന്നെയാണ് ശരിക്കുള്ള കൊലയാളിയെന്ന്...അതൊരു ഒന്നൊന്നര മുതലാണ് മച്ചാനേ \"
അവൻ നെടുവീർപ്പിട്ടു....

\"ഇത്ര പുലിയായിട്ടാണോ അയാള് പേടിച്ചൊളിച്ചത്..? \"
\"അതിന് പേടിച്ചൊളിച്ചതാണെന്ന് നിനക്കെന്താ ഉറപ്പ്?നീയിപ്പോ വന്നല്ലേയുള്ളൂ.. നിനക്കറിയാൻ വഴിയില്ല..ഒരു മാസം മുമ്പ് നമ്മുടെ ബോസ്സും ആ സാറും കൂടെ വെട്ടിക്കൂട്ടിയിട്ട മുതലാ...അതീന്ന് രക്ഷപ്പെട്ടവൻ ഒളിവിൽ പോയി സ്വന്തം കുടുംബത്തെ രായ്ക്ക് രായ്മാനം നാട് കടത്തിയെങ്കിൽ ഇനി സൂക്ഷിക്കണ്ടത് ഇവരൊക്കെ തന്നെയാ... ഏത് നിമിഷം വേണമെങ്കിലും അവൻ തിരിച്ചെത്തും.. അന്നിവരുടെയൊക്കെ തലയും കൊണ്ടേ അവൻ പോകൂ... കാരണം ഇവരൊക്കെ കൂടി കൊല്ലാൻ നോക്കുന്നത് അവന്റെ കുടുംബത്തെയാ... നീയും വേണെങ്കിൽ രക്ഷപ്പെട്ടോ...ഞാനില്ല ഇനിയീ പണിക്ക്.... \"

അവൻ കൂട്ടുകാരനോട് സലാം പറഞ്ഞ് ജീവനും കൊണ്ട് രക്ഷപ്പെട്ടു....

അയാൾ പറഞ്ഞത് ശരിയായിരുന്നു...
കയ്യിലെയും കാലിലെയും തലയിലെയുമൊക്കെ തുന്നലുകളുണങ്ങുന്നതിലും വേഗത്തിൽ അവന്റെ ബുദ്ധി പായുന്നുണ്ടായിരുന്നു... സന്തോഷവും സ്നേഹവും മാത്രം നിറഞ്ഞ തന്റെ കുടുംബത്തെ പിച്ചിച്ചീന്തിയെറിഞ്ഞവർക്കുള്ള തൂക്കുകയർ സ്വന്തം കൈകളാൽ നെയ്തെടുക്കാൻ...

ഇരയെ പിടിക്കാൻ പുലി പതുങ്ങും പോലെ....

⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️



രണഭൂവിൽ നിന്നും... (16)

രണഭൂവിൽ നിന്നും... (16)

4.7
2520

നന്നേ വെളുപ്പിനാണ് ആംബുലൻസ് എവിടെയോ ഒരിടത്ത് നിന്നത്.. ഡ്രൈവറും സഹായിയും ഇറങ്ങി ഒന്ന് മൂരി നിവർന്നു.... അടുത്തൊരു ചായക്കടയുണ്ട്... അവിടെ നിന്നും ഓരോ ചായ കുടിച്ചിട്ട് ഭാനുവിനും മുത്തശ്ശിക്കുമുള്ളത് അവർ വാങ്ങി കൊണ്ട് കൊടുത്തു... ചാരിയിരുന്നു മയങ്ങിപ്പോയ മുത്തശ്ശിയെ വിളിച്ചുണർത്തി ഭാനു ചായ കൊടുത്തു.... അവളൊരു പോള കണ്ണടച്ചിരുന്നില്ല...എങ്ങോട്ടെന്നറിയാതെ ആരെന്നറിയാത്തവർക്കൊപ്പമുള്ള ആ യാത്രയിൽ സ്വസ്ഥമായി ഇരിക്കാൻ കൂടി അവൾക്ക് കഴിഞ്ഞിരുന്നില്ല....വീണ്ടും യാത്ര തുടർന്ന ആ ആംബുലൻസ് പിന്നെയെത്തി നിന്നത് ഒരു വീടിന്റെ മുൻപിലാണ്... പുറകിലെ വാതിൽ തുറന്നതും ഡ്രൈവർ