Aksharathalukal

രണഭൂവിൽ നിന്നും... (23)

\"ഏ.. ഏട്ടാ!!!\"
ഭാനുവിന്റെ കണ്ണുകൾ തുറിച്ചു... ശബ്ദവും ശരീരവും വിറച്ചു..

\"അതേ ഭാനു... അവൻ തകർന്നടിഞ്ഞു പോയ ദിവസമായിരുന്നു അത്‌...\"
കണ്ണുകൾ തുടച്ച് ചിരാഗ് പുറകിലേക്ക് ചാരിയിരുന്നു... ആ ഓർമ്മകളിൽ പോലും അവൻ തളർന്നു പോകുന്നുണ്ടായിരുന്നു....

\"രാവിലെ രമേശൻ വക്കീലിന്റെ വിളി വരാതായപ്പോൾ അദ്ദേഹത്തെ അങ്ങോട്ട് വിളിക്കാനായിട്ടാണ് ജിത്തു ഫോണെടുത്തത്...വിളിച്ചിട്ടും കാര്യമുണ്ടായിരുന്നില്ല.. അവനും കിച്ചുവും കൂടി ദേവമംഗലത്തേക്ക് വരാൻ ഇറങ്ങി ലോബിയിലെത്തിയപ്പോഴാണ് അവിടെയുള്ള ടിവിയിൽ അദ്ദേഹത്തെ കുറിച്ചുള്ള വാർത്ത കാണുന്നത്... ഹൃദയാഘാതത്തെ തുടർന്ന് അത്യാസന്നനിലയിൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന്... വീണ്ടും അവന്റെ ഉള്ളം സംഘർഷമനുഭവിച്ച നിമിഷങ്ങൾ...
ഹോസ്പിറ്റലിലേക്കവർ കുതിച്ചു ചെന്നു...

കിച്ചു കാറിൽ തന്നെയിരുന്നു... ജിത്തു അകത്തേക്കും പോയി... കാറിലിരിക്കുമ്പോൾ കിച്ചു എന്നെ വിളിച്ചെല്ലാം പറഞ്ഞു...കുറേ സമയം കഴിഞ്ഞിട്ടാണ് ജിത്തു മടങ്ങിയെത്തിയത്... അവനാകെ പരിഭ്രമത്തിലായിരുന്നു.... കിച്ചു പലതും ചോദിച്ചെങ്കിലും അവനൊന്നും പറഞ്ഞില്ല... കിച്ചുവിനോട് എത്രയും വേഗം കൊല്ലത്തെ വീട്ടിലെത്തണമെന്ന് മാത്രം പറഞ്ഞ് കൊണ്ടിരുന്നു... ജിത്തുവിന്റെ അവസ്ഥ കണ്ട് അവൻ കൂടുതലൊന്നും ചോദിച്ചതുമില്ല... ജിത്തു വീണ്ടുമൊരു ഭ്രാന്തിലൂടെ കടന്നു പോകുകയായിരുന്നു ആ സമയത്തെന്ന് കിച്ചു പിന്നീടെന്നോട് പറഞ്ഞു....അവൻ അവന്റെ അച്ഛനെയും അമ്മയെയും ലോകിയുടെ അച്ഛനമ്മമാരെയും മാറി മാറി വിളിച്ചു കൊണ്ടിരുന്നു... ഒരുപാട് തവണ... തലയ്ക്കു കൈ കൊടുത്ത് കുനിയുകയും നിവരുകയുമൊക്കെ ചെയ്തു കൊണ്ടിരുന്നു... പ്രഷർ സഹിക്കാനാകാതെയാകണം ജിത്തു ഇടയ്ക്ക് രണ്ട് തവണ വഴിയിൽ ഛർദിക്കുകയും ചെയ്‌തെന്ന്...

വീട്ടിലെത്തി കാർ നിർത്തിയതും അവനിറങ്ങി ഓടി അകത്തേക്ക്... കാർ പാർക്ക്‌ ചെയ്ത് കിച്ചു ലോക്ക് ചെയ്യുമ്പോഴേക്കും അകത്ത് നിന്നുമൊരു അലർച്ച കേട്ടു.. ജിത്തുവിന്റെ.. കിച്ചു ഓടി അകത്തേക്ക്... അവിടെ ചെല്ലുമ്പോൾ കാണുന്ന കാഴ്ച!!!
അത്‌ പറയുമ്പോൾ കിച്ചുവിന് ശബ്ദം പോലും ശരിക്ക് വരുന്നുണ്ടായിരുന്നില്ല....

ബെഡ്‌റൂമിൽ ഫാനിൽ തൂങ്ങി നിൽക്കുന്ന ശിവരാജ് അങ്കിളിന്റെ ശരീരം.. താഴെ ബെഡ്‌ഡിൽ ഇടം കയ്യിലെ ഞെരമ്പ് മുറിച്ച നിലയിൽ ലക്ഷ്മിയാന്റി.... ബെഡ്‌ഡിന് താഴെ മുഴുവൻ ചോരയായിരുന്നു....
അമ്മയുടെ കാൽക്കൽ നിശ്ചലനായി ഇരിക്കുകയാണ് ജിത്തു....

കിച്ചു ഒന്നും കാണാനാകാതെ കണ്ണ് പൂട്ടിക്കളഞ്ഞു.... പക്ഷേ ഒരു ഞെരക്കം പോലെ തോന്നിയിട്ടാണ് അവൻ കണ്ണ് തുറന്ന് നോക്കിയത്... അപ്പോഴാണ് ലക്ഷ്മിയാന്റിയുടെ കൺപോളകൾ അനങ്ങുന്നത് കണ്ടത്... കിച്ചു ജിത്തുവിനെ കുലുക്കി വിളിച്ച് കാര്യം പറഞ്ഞു...
\"അമ്മാ.. \"എന്നും അലറിവിളിച്ചവൻ ആന്റിയുടെ തലയെടുത്തു മടിയിൽ വച്ചു....ആന്റി മെല്ലെ മെല്ലെ കണ്ണുകൾ തുറന്നു... അത്‌ വീണ്ടും വീണ്ടും അടഞ്ഞു പോകുന്നുണ്ടായിരുന്നു....\"

കിച്ചു പറഞ്ഞു കേട്ട ആ നിമിഷങ്ങളിലേക്ക് ചിരാഗും ഒരു നിമിഷം സഞ്ചരിച്ചു...

\"മോ.. മോൻ.. മോനേ... കൊ.. കൊന്നതാ.. നി.. നിന്റച്ഛനെ... ലോ.. കി.. യെ.. കൊന്നത്... പോ.. പോലെ.... എൻ.. എന്നെ.. യും... വി.. വിട.. രുത്.. ഒരാ.. ളെ.. പോ.. ലും...അ.. അവ.. ര്.. ന... ര.. കിക്ക.. ണം..വാ.. വാക്ക്.. താ...\"
ജിത്തു പൊട്ടിപ്പൊട്ടിക്കരഞ്ഞു കൊണ്ട് അമ്മയുടെ നിവർത്തി പിടിച്ച കൈപ്പത്തിയിൽ തന്റെ കൈപ്പത്തി ചേർത്തു വച്ചു....
\"അ.. അനു.. മോ.. ളെ.. നോ... ക്ക ണം...അ.. മ്മ.. കൂ.. ടെ.. ഉണ്ട്... നി.. നിന്റെ... വാ.. ക്ക്‌.. പൂ.. ർ.. ത്തി.. യായിട്ടേ.. ഞാൻ... പോ.. കൂ....\"
ജിത്തുവിന്റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് അവന്റെ കയ്യിൽ മുറുക്കിപ്പിടിച്ചു കൊണ്ട്...അവന്റെ അമ്മയുടെ ജീവൻ ശരീരത്തിൽ നിന്നും വിട്ടകന്നു പോയി....

ചിരാഗ് കുനിഞ്ഞു മുഖം പൊത്തിയിരുന്നു പോയി.... ഭാനുവിന്റെ വിതുമ്പലുകൾ ഒരു കരച്ചിലിലേക്ക് എത്തിയിരുന്നു.... ഉറക്കെ നിലവിളിക്കാൻ പാകത്തിന് ആ കരച്ചിലിന് ആക്കം കൂടിക്കൊണ്ടിരുന്നു....
ജിത്തു അനുഭവിച്ച് കൂട്ടിയ വേദനകൾക്ക് മുൻപിൽ തന്റെയിന്നോളമുള്ള യാതനകളും വേദനകളും ഒന്നുമല്ലായിരുന്നുവെന്ന് ഒരുവേള തോന്നിപ്പോയി ഭാനുവിന്....

കരഞ്ഞു കൊണ്ട് തന്നെയവൾ ചിരാഗിന്റെ തോളിൽ കയ്യമർത്തി വച്ചു... അവൻ മുഖമുയർത്തി തുടച്ചിട്ട് നേരെയിരുന്നു.....

\"ഒരു വലിയ അലറിക്കരച്ചിലോടെ ജിത്തു ബോധം മറഞ്ഞു വീണു പോയി... പാവം കിച്ചു... അവനും എന്ത് ചെയ്യണമെന്നറിയാതെയായി പോയി... അവന്റെ അച്ഛനെയാണ് അവനാദ്യം വിളിച്ചത്... പിന്നെ എന്നെ... അഞ്ചുവിനെ... പെട്ടെന്ന് ലോകിയുടെ അച്ഛനമ്മമാരെ കുറിച്ചവൻ ഓർത്തു..അവർക്കെന്തെങ്കിലും അപകടം പറ്റിയോ എന്ന് ഭയന്നു... ഓടിപ്പോയി അവരുടെ വീട്ടിൽ നോക്കുമ്പോൾ വാതിൽ പുറത്ത് നിന്നും പൂട്ടിയിട്ടുണ്ട്... അവന് ആശ്വാസമായി...

കുറെ സമയം കഴിഞ്ഞ് ജിത്തുവിന് ബോധം വരുമ്പോഴേക്കും ഞാനും അഞ്ചുവുമൊക്കെ എത്തിയിരുന്നു.... ശിവരാജ് അങ്കിളിന്റെയും ആന്റിയുടെയും ബോഡി ഉമ്മറത്ത് വെള്ളയിൽ പൊതിഞ്ഞ് കിടത്തിയിരുന്നു...പോലീസ് വന്നെങ്കിലും സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ ആത്മഹത്യയെന്ന് വിധിയെഴുതി അവർ പോയി...ജിത്തു കരഞ്ഞില്ല... ഒരു തുള്ളി കണ്ണുനീർ അവന്റെ കണ്ണിൽ നിറഞ്ഞില്ല.. വീണ്ടും അവന്റെ മനസ്സ് താളം തെറ്റി തുടങ്ങിയോ എന്ന് ഞങ്ങൾ സംശയിച്ചു... പക്ഷേ മുൻപത്തെ പോലെയായിരുന്നില്ല... അവൻ വളരെ നോർമലായാണ് എല്ലാവരോടും സംസാരിച്ചത്... കർമ്മങ്ങൾ എല്ലാം വേണ്ട വിധത്തിൽ അവൻ നിർവഹിച്ചു..

എല്ലാം കഴിഞ്ഞ് വീട്ടിലെത്തിയ അവന് ഒരു കോൾ വന്നു...അത്‌ കഴിഞ്ഞ് അവനാദ്യം വിളിച്ചത് ലിനീഷേട്ടനെയാണ്... എത്രയും പെട്ടെന്ന് ദർശനങ്കിളിനെയും സാവിത്രിയാന്റിയെയും അവിടെ നിന്ന് അവർക്കടുത്തേക്ക് കൊണ്ട് പോകണമെന്നവൻ ആവശ്യപ്പെട്ടു..കാരണം പറഞ്ഞില്ല.. ലിനീഷേട്ടൻ ചോദിച്ചിട്ടുമുണ്ടാകില്ല...

അഞ്ചുവിനോട് ഹോസ്പിറ്റലിൽ വിളിച്ച് അനു സേഫ് ആണോയെന്ന് അന്വേഷിക്കാൻ പറഞ്ഞു... അവൾ വിളിച്ചു ചോദിച്ചപ്പോൾ അനുവിന് കുഴപ്പമൊന്നുമില്ലെന്നറിഞ്ഞു.. അടുത്ത നിമിഷം അവൻ അഞ്ചുവിനോട് ആവശ്യപ്പെട്ടത് അനുമോളെ ഹോസ്പിറ്റലല്ലാതെ മറ്റെവിടേക്കെങ്കിലും ഷിഫ്റ്റ്‌ ചെയ്യാൻ കഴിയുമോ എന്നാണ്..

അത്‌ സാധിക്കുമെന്നും ഹോസ്പിറ്റലിലേതു പോലെ അവളെ ശുശ്രൂഷിക്കാൻ ഒരാൾ ഉണ്ടായാൽ മതിയെന്നും പറഞ്ഞപ്പോൾ ജിത്തു അത്‌ തീരുമാനിച്ചു... അഞ്ചുവിന്റെ സഹായത്തോടെ അനുവിനെ എറണാകുളത്തേക്ക് മാറ്റാനുള്ള ഏർപ്പാട് ചെയ്തു...അഞ്ചുവിന്റെ സുഹൃത്ത് വഴി ഒരു ഹോം നഴ്സിനെ ഏർപ്പാടാക്കി.. പക്ഷേ അനുവിനെയും ഹോം നഴ്സിനെയും മാത്രമായി താമസിപ്പിക്കാൻ പറ്റാത്തത് കൊണ്ട് ആര് അവർക്കൊപ്പം നിൽക്കുമെന്ന ആലോചന വന്നു..

അന്നാണ് ലക്ഷ്മിയാന്റിയുടെ അമ്മ... ഭാർഗവിയമ്മ.. നമ്മുടെ മുത്തശ്ശി.. അവൾക്കൊപ്പം നിൽക്കാമെന്ന് സമ്മതിച്ചത്...അന്നേവരെ ആ തറവാടിന്റെ പടി കടന്നിട്ടില്ലാത്ത മുത്തശ്ശി  എന്തിനും തയ്യാറായി മുന്നോട്ട് വന്നു.. പേരക്കുട്ടികൾക്ക് വേണ്ടി....

അന്ന് തന്നെ എനിക്കും അഞ്ചുവിനും കിച്ചുവിനും മുത്തശ്ശിക്കും അവൻ പുതിയ ഫോണുകളും അതിലിടാൻ പുതിയ സിമ്മുകളും എടുത്തു തന്നു...അത്യാവശ്യമുള്ള കോൺടാക്ട്സ് ഇമ്പോർട്ട് ചെയ്തിട്ട് പഴയ ഫോണുകൾ സ്വിച്ച് ഓഫ്‌ ചെയ്ത് സിമ്മുകൾ ഉപേക്ഷിക്കണമെന്നവൻ ഞങ്ങൾക്ക് നിർദേശം നൽകി... അത്യാവശ്യമുള്ള കോളുകൾ മാത്രം ചെയ്യാനും സോഷ്യൽ മീഡിയ ഉപയോഗം തൽക്കാലത്തേക്ക് നിർത്തി വയ്ക്കാനും അവൻ ആവശ്യപ്പെട്ടു....

ഞങ്ങളെയൊക്കെ സേഫ് ആക്കാനാകും അതെന്ന് ഞങ്ങൾക്ക് മനസ്സിലായി.. അവന്റെ മനസ്സിലെന്തോ വലിയൊരു പ്ലാനുണ്ടെന്നും...ചോദിക്കാൻ ഞങ്ങൾക്കാർക്കും നാവനങ്ങിയില്ല.... അവൻ പറയുന്നത് അനുസരിക്കുകയാവും നല്ലതെന്ന് ഞങ്ങൾക്ക് തോന്നി...അനുസരിക്കുകയും ചെയ്തു...

എങ്കിലും മനസ്സ് സമ്മതിക്കാതെ അവനൊപ്പം എന്തിനും കൂടാമെന്ന് ഞാനും കിച്ചുവും പറഞ്ഞപ്പോൾ അവൻ ഞങ്ങളെ കെട്ടിപ്പിടിക്കുകയാണ് ചെയ്തത്.. കൂടെ ഒരപേക്ഷയും.. അവനെ പിന്തുടരുതെന്ന്.. ഇനിയുമൊരു നഷ്ടം കൂടി അവന് താങ്ങാനാവില്ലെന്ന്.... പിന്നെയൊന്നും പറയാൻ ഞങ്ങൾക്കുമായില്ല.. അത്ര ദൈന്യമായിരുന്നു അവന്റെ കണ്ണുകളിലെ വേദന.. 

ഞങ്ങളെയൊക്കെ തിരികെ പറഞ്ഞയച്ചിട്ട് അനുവിനെയും മുത്തശ്ശിയെയും ഹോം നഴ്സിനെയും എറണാകുളത്തെ ഒരു വാടക വീട്ടിലാക്കി അവൻ പോയി.. അതിന് ശേഷം ഇടയ്ക്കുള്ള രണ്ടോ മൂന്നോ മിനിറ്റിന്റെ ഫോൺ കോൾ അല്ലാതെ അവൻ ഞങ്ങളെയൊന്നും കോൺടാക്ട് ചെയ്തില്ല.അതും പല പല നമ്പറുകളിൽ നിന്ന്...ഞങ്ങൾക്കാർക്കും അറിയില്ലായിരുന്നു അവനെവിടെയാണ് താമസിക്കുന്നതെന്ന്...

പക്ഷേ അനുവിനെയും മുത്തശ്ശിയെയും അവൻ വീടുകൾ പല തവണ മാറ്റി താമസിപ്പിച്ചു..ഹോം നഴ്സുകൾ മാറി മാറി വന്നു..അതെങ്ങനെയാണെന്നും അറിയില്ല...കാരണവുമറിയില്ല... ഒരിക്കൽ ഞാൻ ചോദിച്ചപ്പോൾ വാശിയോടെയവൻ പറഞ്ഞു.. അനുവിനെ കൂടി നഷ്ടപ്പെടുത്തില്ലെന്ന് ... അവർ പുറകേ ഉണ്ടെന്ന്...എങ്ങനെയും ഒരു വർഷം പിടിച്ചു നിന്നെ മതിയാകുവെന്ന്...

മൂന്ന് മാസം മുൻപാണ് കണ്ണൂരിലെ നിങ്ങൾ താമസിച്ചിരുന്ന വാടകവീട്ടിൽ അവരെ അവൻ താമസിപ്പിച്ചത്... അന്ന് പക്ഷേ വളരെ ടെൻസ്ഡ് ആയിട്ടാണ് അഞ്ചുവിനെ വിളിച്ചവൻ ആ വീട് വേണമെന്ന് പറഞ്ഞതത്രേ... അവൾക്കും വീട്ടിൽ നിന്നുള്ള പ്രഷർ കാരണം നേരിട്ടൊന്നും ചെയ്യാനാവില്ലായിരുന്നു... അവളുടെ പപ്പയറിയാതെയാണ് അവളാ വീട് തരപ്പെടുത്തി കൊടുത്തത്.... ഇടയ്ക്ക് പാത്തും പതുങ്ങിയും അവൾ അനുവിനെ പോയി പരിശോധിച്ചു കൊണ്ടിരുന്നു...

അവൾ പറഞ്ഞാണ് ഞാനറിയുന്നത് ജിത്തു ആഴ്ചയിലൊരിക്കൽ അവിടെ വന്നു പോകാറുണ്ടെന്ന്.. അതും ആരുടേയും കണ്ണിൽ പെടാതെ നടന്നും ബസ്സിലും ഓട്ടോയിലും ട്രെയിനിലുമൊക്കെ...അഞ്ചുവിന്റെ ഫ്രണ്ടിന്റെ പേരിലുള്ള പഴയൊരു ബൈക്ക് അവിടെ കൊണ്ട് വച്ചിരുന്നു...അയാളുടെയായിരുന്നത്രെ ആ വീട്...അതവൻ ഉപയോഗിച്ചിട്ടേ ഇല്ല...പെട്രോൾ പമ്പിൽ പോലും തന്റെ മുഖം ഓർമ്മിക്കപ്പെടരുതെന്ന് കരുതിയാകും... \"

എല്ലാം കേട്ട് കൊണ്ടിരിക്കുന്ന ഭാനുവിനിപ്പോൾ ആ വീട്ടിൽ കഴിഞ്ഞിരുന്ന ദിവസങ്ങളിൽ കാണുകയും കേൾക്കുകയും അനുഭവിക്കുകയും ചെയ്ത പലതും മനസ്സിലായി തുടങ്ങിയിരുന്നു....

\"എത്രയൊക്കെ സൂക്ഷിച്ചിട്ടും ഒരു മാസം മുൻപ് അവന്റെ ഒളിച്ചു കളി അവർ കണ്ട് പിടിച്ചു ഭാനു... രാത്രി താമസസ്ഥലത്തേക്ക് പോകും വഴി ഒരു കൂട്ടം ഗുണ്ടകൾ ചേർന്നവനെ നടു റോഡിലിട്ട് വെട്ടി...\"
ചിരാഗ് നോവോടെ പറയുമ്പോൾ ഭാനു ഇരുന്നിടത്തു നിന്നും അറിയാതെ എഴുന്നേറ്റ് നിന്ന് പോയിരുന്നു.. കണ്ണുകൾ ഒഴുകുന്നത് പോലുമറിയാതെ...

അവളെ ഒന്ന് നോക്കിയിട്ട് ചിരാഗും എഴുന്നേറ്റു...
\"അവൻ പറയുന്നത് ശരിയാണ് ഭാനു.. അവന്റെയമ്മ അവനോടൊപ്പമുണ്ട്.. അല്ലെങ്കിൽ ദൈവദൂതനെപ്പോലെ വന്ന ആരോ അന്ന് അവനെ രക്ഷിച്ചു കൊണ്ടു പോകില്ലായിരുന്നു... വേണ്ട വൈദ്യസഹായമൊക്കെ കൊടുത്ത് അവനെ സംരക്ഷിക്കില്ലായിരുന്നു....\"

ചിരാഗ് ഭാനുവിനെ നോക്കി...
\"അവന്റെ അമ്മ അവനൊപ്പമുള്ളത് കൊണ്ടാണ് ഭാനു നീയാ വീട്ടിലെത്തിയത്... ഒന്നനങ്ങാൻ പോലും കഴിയാതെ കിടക്കുമ്പോഴും ജിത്തുവിന്റെ ഏക ആശ്വാസം ശത്രുക്കൾക്ക് അനുവിനടുത്ത് എത്താനുള്ള വഴികളൊക്കെയും തന്നെ അവൻ അടച്ചിരുന്നുവെന്ന വിശ്വാസമാണ്...

പക്ഷെ അതും വെറും വിശ്വാസമായിരുന്നെന്ന് അവൻ തിരിച്ചറിഞ്ഞത് ശത്രുക്കൾ ആ വീട്ടുപടിക്കലോളം എത്തിയെന്നറിഞ്ഞപ്പോഴാണ്... അതറിഞ്ഞ ആ ഒരു നിമിഷമെങ്കിലും അവന്റെ ശ്വാസം നിന്ന് പോയിരിക്കാം...

പക്ഷേ അന്ന്!!
അന്ന് നീ കാണിച്ച ആ ധൈര്യമുണ്ടല്ലോ ഭാനു...അവന്റെ നിലച്ചു പോയ ആ ശ്വാസവും ജീവിതവും തിരിച്ചു പിടിച്ചത്.. നീയാണ്....നിന്റെ ധൈര്യമാണ്....
ഇന്ന്.. അവന്റെ അമ്മയോളം തന്നെ പ്രാധാന്യമുണ്ട് നിനക്ക് അവന്റെ ജീവിതത്തിൽ....കാരണമെന്താണെന്നറിയുമോ... അന്നേവരെ ശത്രുക്കളുടെ നീക്കം മുൻകൂട്ടി മനസ്സിലാക്കി അനുവിനെയും മുത്തശ്ശിയെയും രക്ഷപ്പെടുത്തി കൊണ്ട് പോകാൻ അവനുണ്ടായിരുന്നു അവർക്കൊപ്പം.. അവന്റെ ബുദ്ധിയും അറിവുമുണ്ടായിരുന്നു....

ഇതെല്ലാം നഷ്ടപ്പെട്ട് തീർത്തും നിസ്സഹായനായി തീർന്നപ്പോൾ അറിഞ്ഞോ അറിയാതെയോ അവന് വേണ്ടിയാ കർമം ചെയ്തത് നീയാണ്...ആ ഒരഞ്ചു നിമിഷത്തിലെ നിന്റെ ധൈര്യത്തിന്റെ വില നിനക്കറിയില്ലെങ്കിലും അവനറിയാം... നന്നായിട്ടറിയാം.. ഇനിയവൻ വരുമ്പോൾ നിനക്ക് പുതുമയുള്ള പലതും കാണാനും കേൾക്കാനുമുണ്ടാകും....എനിക്കും നിനക്കുമറിയാത്ത പല ചോദ്യങ്ങൾക്കുമുള്ള ഉത്തരവും... അത്രയേ എനിക്കിപ്പോൾ പറയാനാകൂ...

പക്ഷേ അതിന് മുൻപ്... അനുവിനെ തേടി അവർ ഇവിടെയെത്തുന്നതിനു മുൻപ് അവന് ചെയ്തു തീർക്കാൻ ഒരുപാടുണ്ട്.. എന്റെ ചിന്ത ശരിയാണെങ്കിൽ അവനതിന് തുടക്കം കുറിച്ചിട്ടുണ്ടാകും...

വിവരവും വിദ്യാഭ്യാസവും കാഴ്ചപ്പാടുകളുമുള്ള കുട്ടിയല്ലേ നീ... നീ പറയ്‌ ഭാനു.. അവനെന്താണ് ചെയ്യേണ്ടതെന്ന്... ആ നികൃഷ്ടജീവികളെ എന്താണ് ചെയ്യേണ്ടതെന്ന്...? \"
തന്നെ നോക്കി ചിരാഗ് ചോദിക്കുമ്പോൾ അവൾ കണ്ണുകൾ അമർത്തി തുടച്ചു...

കണ്ണീർ നനവുണ്ടെങ്കിലും അവളുടെ കണ്ണുകളിലൊരു അഗ്നി ജ്വലിക്കുന്നത് ചിരാഗിന് കാണാമായിരുന്നു... അവൾ കാണാതെ അവൻ തന്റെ മൊബൈലെടുത്ത് ഓണാക്കി പിറകിലേക്ക് പിടിച്ചു... അതിൽ ഓഡിയോ റെക്കോർഡിങ് ഓണായിരുന്നു....

\"കൊല്ലണം... ആ അമ്മ പറഞ്ഞത് പോലെ നരകിച്ചു തീരണമാ ദുഷ്ടജന്മങ്ങൾ... ജീവനുള്ള ശരീരത്തിലെ ഓരോ അണുവും തീ പടർന്നെരിയുന്നതറിഞ്ഞു നീറി നീറി തീരണം!!!!\"

ഇടിമുഴക്കം പോലെയായിരുന്നു അവളുടെ വാക്കുകൾ....

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

അങ്ങകലെയൊരു വനമേഖലയിൽ അയാളുടെ അലറിക്കരച്ചിലുകൾ കേൾക്കാൻ വൃക്ഷങ്ങളും പൊന്തക്കാടുകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ... ശരീരമാകെ വരഞ്ഞ മുറിവുകളിൽ നിന്നും രക്‌തമൊലിച്ചാ മനുഷ്യരൂപം ഒരിറ്റു ജീവന് വേണ്ടി പിടഞ്ഞു കൊണ്ടിരുന്നു....

കുറച്ച് മാറിയൊരു മരത്തിൽ ചാരിയവൻ  നിന്നിരുന്നു.. ശരീരത്തിലെ ഉണങ്ങിത്തുടങ്ങിയ മുറിവുകളിൽ മെല്ലെ തഴുകിക്കൊണ്ട്..

തന്റെ മൊബൈലിൽ ഒരു നോട്ടിഫിക്കേഷൻ വന്നതറിഞ്ഞവൻ അതെടുത്തു നോക്കുമ്പോൾ പ്രതീക്ഷിച്ചത് പോലെ \"ചീരു \"വിന്റെ മെസേജ്.ഒരു ഓഡിയോ മെസ്സേജ്..... അവന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു....

മുന്നിലെ ആ നിലവിളികൾക്കിടയിലും കേൾക്കുന്ന ആ മെസ്സേജിലെ തന്റെ പ്രിയപ്പെട്ടവളുടെ വാക്കുകൾ അവന്റെ കണ്ണുകളിൽ പകയോടൊപ്പം മറ്റൊരു ഭാവം കൂടി കൊണ്ടു വന്നു...

ഒരു മുടന്തോടെ വലം കാൽ വലിച്ചു വലിച്ചവൻ ആ രൂപത്തിന് മുൻപിൽ ചെന്നു നിന്നു.. അയാളുടെ കണ്ണുകൾ ഭയത്താൽ ഉരുണ്ടു വീർത്തു... തന്റെ മരണം കണ്മുന്നിലയാൾ കണ്ടു...

\"എന്റെ ലോകിക്ക് \"
അത്രയും പറഞ്ഞു കൊണ്ടവൻ ഗ്ലൗസിട്ട കൈകളാൽ ഒരു തീപ്പൊട്ടിക്കൊള്ളിയുരച്ചാ രൂപത്തിന് നേരെയെറിഞ്ഞു....തീപ്പെട്ടി താഴെയും ...

പിന്നെ വലം കാൽ വലിച്ചു വലിച്ചവൻ തിരികെ തന്റെ പഴയ സ്ഥാനത്തു പോയി നിന്നു....അഗ്നി വിഴുങ്ങുന്ന ആ രൂപത്തിൽ നിന്നും ആദ്യമാദ്യം നിലവിളിയാണുയർന്നതെങ്കിൽ പിന്നെ പുക മാത്രം...

ആ മനുഷ്യനൊരു ചാരമാകുന്നത് വരെ അവനാ മരത്തിൽ ചാരി നിന്നു.. ഒടുവിൽ ഉറക്കെയൊരു പൊട്ടിച്ചിരിയിൽ അവൻ തന്റെ ആദ്യത്തെ വിജയം ആഘോഷിച്ചു...

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

\"പ്രശസ്ത ക്രിമിനൽ ലോയറും തിരുവനന്തപുരത്തെ അറിയപ്പെടുന്ന സ്വർണവ്യാപാരിയുമായ അഡ്വക്കേറ്റ് ജയപ്രകാശിന്റെ മകൻ അരുൺ കുമാറിനെ തേക്കടി വനമേഖലയിൽ നിന്നും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി ... പെട്രോളൊഴിച്ച് തീകൊളുത്തിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്... പൂർണമായും കത്തിയമർന്ന മൃതദ്ദേഹത്തിനടുത്തു നിന്നും  ആത്മഹത്യാകുറിപ്പും കണ്ടെത്തിയിട്ടുണ്ട്.. കൂടാതെ..ചെയ്തു പോയൊരു തെറ്റ് വല്ലാതെ വേട്ടയാടുന്നുവെന്നും മനസ്സിന്റെ താളം തെറ്റുന്നുവെന്നും പറഞ്ഞു കൊണ്ട് സുഹൃത്തുക്കൾക്ക് ഇന്ന് രാവിലെ അരുൺ കുമാർ അയച്ച മെസ്സേജും പോലീസിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്... അരുണിന് ഏറ്റവും ഇഷ്ടപ്പെട്ട ടൂറിസ്റ്റ് സ്പോട്ടിൽ തന്നെയാണ് സംഭവം നടന്നിരിക്കുന്നതെന്നും സുഹൃത്തുക്കൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്....\"

രാത്രി ടിവിയിൽ വാർത്ത ‌കണ്ട ചിരാഗിന്റെയും ഭാനുവിന്റെയും ചുണ്ടിൽ വിരിഞ്ഞ ചിരിക്ക് ഒരു പ്രത്യേക തിളക്കമുണ്ടായിരുന്നു...
പരസ്പരം നോക്കിയ അവരുടെ കണ്ണുകൾ തിളങ്ങിയിരുന്നു... വന്യമായി...

\"പുലി വേട്ട തുടങ്ങിക്കഴിഞ്ഞു ഭാനു...
നമുക്കിനിയെന്നുമൊരു സന്തോഷവാർത്ത കേൾക്കാനുണ്ടാകും....\"

ചിരാഗിന്റെ വാക്കുകളിൽ ഭാനുവും ചിരിച്ചു... അകത്തെ മുറിയിലെ കട്ടിലിൽ കിടക്കുന്നവളെ നോക്കിക്കൊണ്ട്.....

⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️



രണഭൂവിൽ നിന്നും... (24)

രണഭൂവിൽ നിന്നും... (24)

4.7
2675

പിറ്റേന്ന്  ഭാനു അനുവിനോട് കൊച്ചു വാർത്തമാനവുമൊക്കെ പറഞ്ഞിരിക്കുകയാണ്... സാധാരണ വർത്തമാനം പോലെയവൾ അരുൺ കുമാറിന്റെ ആത്മഹത്യയെ കുറിച്ച് അനുവിനോട് പറഞ്ഞിരിക്കുന്നു.. ആ നേരം ഒഴുകിയിറങ്ങിയ അനുവിന്റെ കണ്ണുനീർ കണ്ട് ഭാനുവിന് സങ്കടമല്ല... ആശ്വാസമാണ് തോന്നിയത്... ജിത്തുവിനെ കുറിച്ചോർത്ത് അഭിമാനവും.... പക്ഷേ അവൾ ജിത്തുവിന് പറ്റിയ അപകടത്തേക്കുറിച്ചൊന്നും തന്നെ അനുവിനോട് പറഞ്ഞിട്ടില്ല...ഇനി അനുവിന്റെ ജീവിതത്തിൽ സന്തോഷം മാത്രം മതിയെന്നൊരു വാശി തോന്നി ഭാനുവിന്...ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് ഭാനു വർത്തമാനം നിർത്തിയത്.. കോൾ അറ്റൻഡ് ചെയ്ത് ചെവിയിൽ വച്ചപ്പോൾ ചി