Aksharathalukal

രണഭൂവിൽ നിന്നും... (25)

\"പ്രിയാ...\"

ദിവസങ്ങൾക്കു ശേഷം അവന്റെ ശബ്ദം കാതുകളിൽ വന്നു വീഴുമ്പോൾ അത് വരെ തോന്നാത്തൊരു വികാരം ഉള്ളിൽ നിറയുന്നത് പോലെ തോന്നി ഭാനുവിന്... മുൻപുണ്ടായിരുന്ന പരിഭ്രമവും വെപ്രാളവുമൊക്കെ തിരികെ വന്നെങ്കിലും അതിന്റെ നിറം മാറിയത് പോലെ...അതിന്റെ അർത്ഥം മാറിയത് പോലെ...

എന്താണതിന് കാരണം? അവളാലോചിച്ചു...
അവന്റെ ജീവിതത്തിൽ സംഭവിച്ചതൊക്കെ അറിഞ്ഞിട്ടുള്ള സഹതാപമാണോ... അതോ കുടുംബത്തിനെയും സുഹൃത്തുക്കളെയും ജീവനെക്കാളധികം സ്നേഹിക്കുന്ന ഒരാളോടുള്ള ബഹുമാനമോ ... അതോ അതിബുദ്ധിശാലിയായ ഒരാളോടുള്ള ആരാധനയോ.... അതോ.. അതോ മറ്റെന്തെങ്കിലുമോ...

\"ഹലോ.. പ്രിയാ കേൾക്കുന്നില്ലേ..ഹലോ\"
അവൻ വിളിച്ചു കൊണ്ടിരുന്നു...
\"ആ.. മ്മ്.. കേ.. കേൾക്കുന്നുണ്ട്...\"
അവൾ ഞെട്ടി ഉത്തരം നൽകി...
\"ഞാൻ വരുന്നു പ്രിയാ.. ഉടനെ... ഒപ്പം നിനക്കൊരു സമ്മാനവുമുണ്ടാകും..In fact.. ഒന്നല്ല.. പലത്....See you soon \"
കോൾ കട്ടായി...

ഫോൺ മാറ്റി വയ്ക്കുമ്പോഴേക്കും പുറകിൽ നിന്നും ചിരാഗിന്റെ വിളി കേട്ടു... തിരിഞ്ഞ് നോക്കുമ്പോൾ ചിരാഗിനൊപ്പം മറ്റൊരാളുണ്ട്.. പ്രായമുള്ളൊരാൾ..
\"ഭാനു.. ഇതാരാണെന്ന് മനസ്സിലായോ? \"
ഇല്ലെന്നവൾ തലയാട്ടി...
\"ഇതാണ് മൈ ഗ്രേറ്റ്‌ ഫാദർ ഡോക്ടർ അരവിന്ദ്...\"
അദ്ദേഹത്തെ നോക്കി ഒരു പുഞ്ചിരിയോടെ ഭാനു കൈകൂപ്പി..
അദ്ദേഹം തിരിച്ചും..
\"മോൾക്കിഷ്ടപ്പെട്ടോ ഇവിടെയൊക്കെ?\"
ഭാനുവിന്റെ നെറുകിൽ മെല്ലെ തലോടിക്കൊണ്ട് അദ്ദേഹം ചോദിച്ചു..
\"മ്മ്..\"
അവൾ ചിരിയോടെ തന്നെ മൂളി..
\"മിടുക്കിയാണെന്നറിയാം.. അങ്ങനെ തന്നെയാകട്ടെ ഇനിയങ്ങോട്ടും.. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറയാൻ മടിക്കണ്ട... കേട്ടോ..\"
ഭാനു ചിരിയോടെ തലയാട്ടുമ്പോൾ ഉള്ളിലൊരു നിറവുണ്ടായിരുന്നു...
ജീവിതത്തിൽ നഷ്ടപ്പെട്ട് പോയ ചിലത് മടങ്ങിയെത്തുന്നത് പോലെ...

\"ജിത്തുവിന്റെ സെലക്ഷൻ തെറ്റിയിട്ടില്ല.. ആള് ചെറുതാണെങ്കിലും അവളുടെ കണ്ണുകളിലെ അഗ്നി വലുതാണ്...\"
തിരികെ ചിരാഗിനൊപ്പം പുറത്തേക്ക് നടക്കുമ്പോൾ അരവിന്ദ് അവന്റെ ചെവിയിൽ പറഞ്ഞു...അത്‌ ശരി വച്ചു ചിരിച്ചു കൊണ്ട് ചിരാഗ് അച്ഛനോടൊപ്പം പുറത്തേക്ക് പോയി....

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

രണ്ട് മൂന്ന് ദിവസങ്ങൾ പിന്നെയും കടന്നു പോയി... മുത്തശ്ശിയും ഇപ്പോൾ മുൻപത്തേതിലും സന്തോഷവതിയാണ്... ഭാനുവിനോടുള്ള പെരുമാറ്റവും നന്നേ മയപ്പെട്ടിരിക്കുന്നു... മോഹിനിയുടെ കൂടെ സംസാരിച്ചിരിക്കുകയും ചിരിക്കുകയുമൊക്കെ ചെയ്യുന്നു... ശത്രുക്കൾ ഒടുങ്ങിയെന്ന വിശ്വാസത്തിൽ ജീവിതത്തെ മൂടി നിന്ന കാർമേഘമൊഴിഞ്ഞു വാനം തെളിഞ്ഞത് പോൽ എല്ലാവരുടെയും ഉള്ളം തണുത്തു കഴിഞ്ഞിരിക്കുന്നു...

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

ഉച്ചയ്ക്ക് ഉമ്മറക്കോലായിലിരുന്ന് പതിവ് പോലെ തന്റെ ഡയറിയിൽ കുത്തിക്കുറിക്കുകയാണ് ഭാനു...
മുറ്റത്തൊരു കാർ വന്നു നിന്നത് കണ്ടാണവൾ എഴുന്നേറ്റ് നിന്നത്....

കാറിൽ നിന്നുമിറങ്ങുന്ന അഞ്ജലിയെ കണ്ട് ഭാനു നന്നായിട്ടൊന്ന് ചിരിച്ചു.. ഭാനുവിനെ നോക്കി ചിരിച്ചിട്ട് അഞ്ജലി അകത്തേക്ക് കൈ നീട്ടുന്നുണ്ടായിരുന്നു... അഞ്ജലിയുടെ കയ്യിൽ പിടിച്ച് പുറത്തേക്കിറങ്ങുന്നയാളെ കണ്ട് ഭാനു സ്ഥബ്ധയായി നിന്നു...
\"അമ്മ!!!\"
അവളുടെ ചുണ്ടുകൾ ഉരുവിട്ടു...

പഴയ ഭവാനിയായിരുന്നില്ല അത്‌...മുഖത്ത് വിളർച്ചയൊക്കെ മാറി രക്തപ്രസാദം വന്നിട്ടുണ്ട്.. പാറിപ്പറന്ന മുടി എണ്ണയിട്ടൊതുക്കി ചീകി കെട്ടി വച്ചിട്ടുണ്ട്... സാദാ കോട്ടൺ സാരിയാണ് ഉടുത്തിരിക്കുന്നതെങ്കിലും അത്‌ പുതിയതാണ്...

അടുത്ത നിമിഷം അവൾ അമ്മയുടെ അടുത്തേക്ക് പാഞ്ഞിരുന്നു... ഭവാനിയുടെ കണ്ണുകളും മകളെ കണ്ട സന്തോഷത്തിൽ നിറഞ്ഞു വന്നു... ഭാനു പാഞ്ഞു ചെന്ന് അമ്മയെ പുണർന്നു കഴിഞ്ഞു അപ്പോഴേക്കും... ഭവാനി നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ മകളെ തലോടിക്കൊണ്ടിരുന്നു... കുറച്ച് നിമിഷങ്ങൾ അങ്ങനെ കടന്നു പോയി...

\"അതേ.. വേറെയും ചിലരുണ്ട് ട്ടോ ഭാനു ഇവിടെ.. ഞങ്ങളേം ഒന്ന് മൈൻഡ് ചെയ്യാം...\"
ഭാനുവിനെ തന്നെ ഉറ്റു നോക്കി നിന്നിരുന്ന ജിത്തുവിനെ പാളി നോക്കി കിച്ചു പറയുമ്പോഴാണ് ചുറ്റും മറ്റ് പലരുമുണ്ടെന്ന് ഭാനു ഓർത്തത്... പരിചയമില്ലാത്ത ആ പുരുഷ സ്വരം കേട്ടിടത്തേക്ക് നോക്കുമ്പോഴാണ് തന്നെ തന്നെ നോക്കിക്കൊണ്ട് കണ്ണിൽ തനിക്കന്യമായൊരു ഭാവം നിറച്ചു നിൽക്കുന്ന ജിത്തുവിനെ ഭാനു കാണുന്നത്....

ദിവസങ്ങൾക്കു ശേഷം അവനെ കാണുമ്പോൾ വിടർന്നു പോയ തന്റെ കണ്ണുകൾ ഒളിപ്പിക്കാൻ അവൾക്ക് കഴിഞ്ഞില്ല... ആ കാഴ്ചയിൽ ജിത്തുവിന്റെ മിഴികളിലെ തിളക്കം കൂടുതലായത് പോലെ തോന്നിയപ്പോൾ അവൾ വേഗം പിടച്ചിലോടെ കണ്ണുകൾ വെട്ടിച്ചു മാറ്റി കിച്ചുവിനെ നോക്കി...വീടിനുള്ളിൽ നിന്നും ചിരാഗ് അപ്പോഴേക്കും ഇറങ്ങി വന്ന് ഭാനുവിനടുത്തു നിന്നിരുന്നു...

കിച്ചു അവൾക്കടുത്തേക്ക് നീങ്ങി നിന്നു...
\"എന്നെ മനസ്സിലായോ?\"
ഭാനു ചിരാഗിനെയും ജിത്തുവിനെയും അഞ്ജലിയെയും കിച്ചുവിനെയും മാറി മാറി നോക്കി...
\"മ്മ്.. കിച്ചു \"
അവൾ പറഞ്ഞു...
\"മ്മ്.. മ്മ്.. കിച്ചുവല്ല.. കിച്ചുവേട്ടൻ \"
പറഞ്ഞു കൊണ്ട് അവൻ ഭാനുവിന് ഇപ്പുറം ചെന്നു നിന്നു....
ഭാനുവിന് അദ്‌ഭുതമാണ് തോന്നിയത്.. ഒരേ രക്തത്തിൽ പിറന്നവരും ഉറ്റവരെന്ന് കരുതിയവരും പോലും ചവിട്ടിത്താഴ്ത്തിയ തന്നെ ദിവസങ്ങളുടെ മാത്രം പരിചയമുള്ളവരും കണ്ടിട്ടേ ഇല്ലാത്തവരും സ്വന്തമായി കാണുന്നു.. പുതിയ സ്ഥാനങ്ങൾ നൽകുന്നു... സന്തോഷിക്കാൻ അവൾക്ക് കഴിഞ്ഞില്ല.. പകരം പേടി തോന്നി...

ഇന്നോ നാളെയോ അവരെയൊക്കെ വിട്ടു പോകേണ്ട... ഒരു ജോലിക്കാരി മാത്രമായ തന്നെ അവർ തങ്ങളിലേക്ക് വലിച്ചടുപ്പിക്കുന്നത്  തെറ്റാണെന്ന് തോന്നിയവൾക്ക്...
ഭാനുവിന്റെ പിടയ്ക്കുന്ന മിഴികളിൽ നിന്നും അവളെന്തോ കാര്യമായ ആലോചനയിലാണെന്ന് തോന്നി ജിത്തുവിന്.. അതെന്താകുമെന്നും ഒരു ഏകദേശ ധാരണ അവനുണ്ടായിരുന്നു....

ഇതെല്ലാം കാണുന്ന ഭവാനിക്കും മനസ്സിലൊരു ആശങ്ക തോന്നി.. ആരുമല്ലാഞ്ഞിട്ടും ഭാനുവിന് അവരൊക്കെ നൽകുന്ന അമിത പ്രാധാന്യം ആ അമ്മയെ എന്ത് കൊണ്ടോ അസ്വസ്ഥയാക്കി...

ഭാനുവിൽ നിന്നും നോട്ടം മാറ്റി ചിരാഗിന്റെ മുഖത്തേക്ക് നോക്കുമ്പോൾ തന്നെ തുറിച്ച് നോക്കുന്ന അവനെയാണ് ജിത്തു കണ്ടത്... ആദ്യം ജിത്തുവിന്റെ മുഖത്തൊരു വളിച്ച ചിരി തെളിഞ്ഞു... പിന്നെ മുഖം കുനിച്ചിട്ട് അതേ ഭാവത്തോടെയവൻ തല ചൊറിഞ്ഞു...
ജിത്തുവിന്റെ ആദ്യമായി കാണുന്ന ആ ഭാവം നോക്കി അന്തം വിട്ടു നിന്നു പോയി ഭാനു... കാരണമറിയാൻ തന്റെ വലതു വശത്തേക്ക് നോക്കിയപ്പോഴാണ് ജിത്തുവിന് നേരെ നടന്നടുക്കുന്ന ചിരാഗിനെ ഭാനു കാണുന്നത്...

അവൾ കിച്ചുവിനെയും അഞ്ജലിയെയും നോക്കി.. അവരുടെ മുഖത്ത് ജിത്തുവിനെ നോക്കിയൊരു ആക്കിച്ചിരിയുള്ളത് പോലെ തോന്നി ഭാനുവിന്.. പടക്കം പൊട്ടുന്നത് പോലൊരു ശബ്ദം കേട്ട് നോക്കുമ്പോഴാണ് മുഖം ചെരിച്ച് നിൽക്കുന്ന ജിത്തുവിനെയും വലത് കൈ കുടയുന്ന ചിരാഗിനെയും കാണുന്നത്...
ഭാനു ഞെട്ടി കണ്ണ് മിഴിച്ച് കൈകൾ കൊണ്ടു വായ പൊത്തി...

കിച്ചു അവളെ തോളിലൂടെ ചേർത്തു പിടിച്ചു....
\"Don\'t worry... ഇത് ഞാനവന് കൊടുക്കാൻ വച്ചിരുന്നതാ.. പക്ഷേ എനിക്ക് ചീരൂന്റത്രയും ധൈര്യമില്ലാതായിപ്പോയി... ആ ചെക്കനെങ്ങാനും കൈ നീട്ടി തിരിച്ചടിച്ചാ ഞാൻ ബാക്കി കാണില്ല കൊച്ചേ...ചീരുവാകുമ്പോ കട്ടയ്ക്ക് നിന്നോളും.. Now I am happy... \"
കിച്ചു പറയുന്നത് കേട്ട് ഭാനു അവനെയൊന്ന് നോക്കി പേടിപ്പിച്ചു... കിച്ചു ഒന്നിളിച്ചു കാണിച്ചിട്ട് നേരെ നോക്കാൻ ഭാനുവിനോട് പറഞ്ഞു..

പക്ഷേ കിച്ചുവിന്റെ ഉള്ളിൽ സന്തോഷം തോന്നുന്നുണ്ടായിരുന്നു... ജിത്തുവിന്റെ ദേഹം നോവുമ്പോൾ അത്‌ ഭാനുവിനും വേദന നൽകുന്നുണ്ടെന്ന് അവന് മനസ്സിലായി....

\"ഹോ.. എന്റെ കൈ... നീയെന്താടാ ഇരുമ്പാണോ... അവന്റെ കോപ്പിലെയൊരു അജ്ഞാതവാസം... എന്നിട്ടോ.. അവന്മാര് കണ്ടം തുണ്ടം വെട്ടിയിട്ടിട്ട് പോയില്ലേ.. എന്തെങ്കിലും പറ്റിപ്പോയിരുന്നെങ്കിലോ...എന്നിട്ടിപ്പോ അവന്റെയൊരു ഇളി...\"
കൈ കുടഞ്ഞ് കൊണ്ട് നല്ല ഉച്ചത്തിൽ ജിത്തുവിനെ ചീത്തയും വിളിച്ച് ചിരാഗ് പിന്തിരിഞ്ഞു നടക്കാൻ തുടങ്ങി..

ഞൊടിയിടയിലാണ് ജിത്തു അവനെ പിടിച്ചു തിരിച്ച് നിർത്തി കെട്ടിപ്പുണർന്നത്.... ജിത്തുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു... ചിരാഗിന്റെയും... അത്‌ കണ്ടു നിൽക്കുന്ന കിച്ചുവിന്റെയും അഞ്ജലിയുടെയും ഒക്കെ കണ്ണ് നിറഞ്ഞു വന്നു.. അവർക്കിടയിലുള്ള ആളല്ലെങ്കിൽ കൂടി ഭാനുവിനും അവരുടെയൊക്കെ മാനസികാവസ്ഥ മനസ്സിലാവുന്നുണ്ടായിരുന്നു....

\"പേടിച്ചു പോയെടാ... നിന്നെ കൂടി നഷ്ടപ്പെട്ടെന്ന് കരുതി ഒരു നിമിഷത്തേക്കെങ്കിലും ഞങ്ങൾക്ക്‌ ശ്വാസം നിലച്ചു പോയെടാ..\"
ചിരാഗ് കരച്ചിലിന്റെ വക്കിലെത്തി...
അഞ്‌ജലിയും കിച്ചുവും പരസ്പരം നോക്കി... പിന്നെ അവരും നടന്നു ചെന്ന് ജിത്തുവിനെയും ചിരാഗിനെയും ഒന്നിച്ച് പുണർന്നു...

അതിമനോഹരമായിരുന്നു ആ കാഴ്ച... ചിലപ്പോഴെങ്കിലും രക്തത്താൽ ബന്ധിപ്പിക്കപ്പെടുന്ന സാഹോദര്യത്തെക്കാൾ കരുത്തുറ്റതാണ് സൗഹൃദമെന്ന ഹൃദയബന്ധം....

ആ കാഴ്ച കണ്ടുകൊണ്ടാണ് വീടിനകത്തു നിന്നും മുത്തശ്ശിയും ചിരാഗിന്റെ അച്ഛനമ്മമാരും ഇറങ്ങി വന്നത്... ജിത്തുവിനെ കണ്ട് ആ വൃദ്ധയുടെ കണ്ണുകൾ നിറഞ്ഞു വന്നു...
\"ജിത്തുമോനെ \"
വിറയലോടെ അവർ ജിത്തുവിനെ വിളിച്ചു...

അത്‌ കേട്ട് അടർന്ന് മാറി കണ്ണുകൾ തുടച്ച് ചെറുതായി മുടന്തിക്കൊണ്ട് ജിത്തു അവർക്കരികിൽ എത്തി...
\"മുത്തശ്ശി...\"
വിളിച്ചിട്ട് അവൻ അവരെ പുണർന്നു...
അടർന്ന് മാറിയവൻ മുത്തശ്ശിയുടെ കണ്ണുകൾ തുടച്ചു കൊടുത്തു....
\"ഇനിയും കരയല്ലേ മുത്തശ്ശി... ഇനിയൊരിക്കലും അനുവിനെയും കൊണ്ട് ഓരോ സ്ഥലത്തേക്ക് മുത്തശ്ശിയെ ഓടിക്കില്ല ഞാൻ ... ആരും ഇനി നമ്മളേ തേടി വരില്ല.... നമ്മൾ പോകുവാണ് നാളെ.. കൊല്ലത്തേക്ക്... മുത്തശ്ശിയുടെ വീട്ടിലേക്ക്....\"
അവരെ നെഞ്ചോട് ചേർത്ത് പിടിച്ചു കൊണ്ട് ജിത്തു പറഞ്ഞു..

അത് കേട്ട് മുത്തശ്ശിയുടെ മനസ്സിൽ ആശ്വാസം നിറഞ്ഞെങ്കിൽ ഭാനുവിന്റെ ഉള്ളിൽ ചോദ്യങ്ങളാണ് നിറഞ്ഞത്....
ചിരാഗിന്റെ ഉള്ളിൽ സങ്കടവും...

\"അകത്തേക്ക് വാ മക്കളെ \"
അരവിന്ദ് വിളിക്കുമ്പോൾ ഓരോരുത്തരായി അകത്തേക്ക് കയറി.. മോഹിനി ഭവാനിയെ കയ്യിൽ പിടിച്ച് അകത്തേക്ക് കൊണ്ടു പോയി...ഏറ്റവുമൊടുവിൽ കാറിൽ നിന്നും സാധനങ്ങളൊക്കെയെടുത്തു ചിരാഗും കിച്ചുവും...

അകത്തേക്ക് കയറിയ ജിത്തു മുത്തശ്ശിയെ കസേരയിലിരുത്തിയിട്ട് നേരെ പോയത് അനുവിന്റെ മുറിയിലേക്കാണ്.. പിറകെ അഞ്‌ജലിയും ചിരാഗും.. കിച്ചു പോയപ്പോൾ ഒപ്പം ഭാനുവിനെയും പിടിച്ചു വലിച്ചു കൊണ്ട് പോയി..

അനുവിനരികിലെ കസേരയിലിരുന്ന് ജിത്തു അവളുടെ നെറുകിൽ തലോടിക്കൊണ്ടിരുന്നു...
\"ഇനിയാരും വരില്ല മോളെ... നിനക്ക് തന്ന വാക്ക് ഏട്ടൻ പാലിച്ചു... നമുക്ക് നാളെ നമ്മുടെ വീട്ടിലേക്ക് പോകാം... മ്മ്?\"
അനു കണ്ണ് ചിമ്മി.. മനസ്സിലാവാതെ ജിത്തു ഭാനുവിനെ നോക്കി...
\"ശരിയെന്ന് പറഞ്ഞതാ \"
ഭാനു പറഞ്ഞു...

\"ആ മൂന്ന് പേർക്ക് വേണ്ടി ഇനിയാരെങ്കിലും വരുമോ ഡാ? \"
ആധിയോടെ കിച്ചു ചോദിച്ചു..
\"ആ മൂന്ന് പേർക്ക് വേണ്ടി വരില്ല...
പക്ഷേ!!!\"
ജിത്തു പറഞ്ഞു നിർത്തി എല്ലാവരെയുമൊന്ന് നോക്കി..

\"പക്ഷേ? \"
പുരികം ചുരുക്കി ചിരാഗ് ചോദിച്ചു...

\"പക്ഷേ.... അവർ മൂന്ന് പേരല്ല...
നാല് പേരാണ്!!!!\"

\"ഒരാളിപ്പോഴും സ്വതന്ത്രനാണ്!!!!!\"

ചാട്ടുളി പോലെ ആ വാക്കുകൾ ഓരോരുത്തരുടെയും കാതുകളിലേക്ക് പാഞ്ഞു കയറി...

⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️



രണഭൂവിൽ നിന്നും... (26)

രണഭൂവിൽ നിന്നും... (26)

4.7
2495

\"ഏ!!!!!\"എല്ലാവരും ഒന്നിച്ച് പറഞ്ഞപ്പോൾ അതൊരു അശരീരി പോലെ അവിടെ പ്രകമ്പനം കൊണ്ടു...\"നാലാമനോ? അതാരാ?\"കിച്ചു കണ്ണ് മിഴിച്ചു ചോദിച്ചു...ബാക്കിയുള്ളവരുടെയും കണ്ണുകൾ മിഴിഞ്ഞു പോയിരുന്നു... ജിത്തു എല്ലാവരെയും മാറി മാറി നോക്കി.. ഏറ്റവും അവസാനം അവന്റെ കണ്ണുകൾ ഭാനുവിലാണ് ചെന്നു നിന്നത്...ഒരു നെടുവീർപ്പോടെ ജിത്തു ബാക്കിയുള്ളവരെ നോക്കി...\"അങ്ങനെയൊരാളുണ്ടെങ്കിൽ എന്ത് കൊണ്ട് പോലീസ് റെക്കോർഡ്സിലും ഫിംഗർ പ്രിന്റ്സിലുമൊന്നും അയാളുടെ രേഖകൾ വന്നില്ല.. പോലീസിന് മാത്രമല്ലല്ലോ... നമുക്കും അങ്ങനെയൊരാളെ കുറിച്ചുള്ള തെളിവുകൾ കിട്ടിയില്ലല്ലോ...\"ചിരാഗ് ചോദിച്ചു...\"ചീരു സമാധാനപ്പ